TMJ
searchnav-menu
post-thumbnail

Outlook

ടി ജെ ചന്ദ്രചൂഡൻ; ദേശീയ രാഷ്ട്രീയത്തിലെ ഇടത് മുഖം

31 Oct 2022   |   1 min Read
എന്‍ കെ പ്രേമചന്ദ്രന്‍

PHOTO: WIKI COMMONS

പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രസ്ഥാനത്തെ ആര്‍ജ്ജവത്തോടെ നയിച്ച കരുത്തനായ നേതാവായിരുന്നു പ്രൊഫസര്‍ ടി ജെ ചന്ദ്രചൂഡന്‍. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴും ദേശീയതലത്തില്‍ അഖിലേന്ത്യാ സെക്രട്ടറി ആയിരിക്കുന്ന ഘട്ടത്തിലും രാഷ്ട്രീയവും സംഘടനാപരവുമായ നിരവധിയായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ആ ഘട്ടത്തിലൊക്കെ തികഞ്ഞ സമചിത്തതയോടെയും ആത്മസംയമനത്തോടെയും സങ്കീര്‍ണമായ വിഷയങ്ങളെയൊക്കെ വിലയിരുത്തുന്നതില്‍, അതിജീവിക്കുന്നതില്‍ ഒക്കെ അനിതരസാധാരണമായ നേതൃപാടവം, മികവ് പ്രകടിപ്പിച്ചിട്ടുള്ള ഒരു നേതാവായിരുന്നു ടി ജെ ചന്ദ്രചൂഡന്‍. അദ്ദേഹം സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലാണ്, 1999ല്‍ പാര്‍ട്ടിയില്‍ നിര്‍ഭാഗ്യകരമായ ഭിന്നിപ്പ് ഉണ്ടാകുന്നത്. പാര്‍ട്ടിയുടെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ ആ ഭിന്നിപ്പ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിച്ചു. പക്ഷെ അതിനെയൊക്കെ അതിജീവിച്ച് പ്രസ്ഥാനത്തെ കെട്ടുറപ്പോടെ നിലനിര്‍ത്തുന്നതില്‍ കാണിച്ച സംഘടനാപാടവവും രാഷ്ട്രീയനേതൃശേഷിയും അനിതരസാധാരണമായിരുന്നു എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. പരമ്പരാഗതമായി പാര്‍ട്ടി മത്സരിച്ചിരുന്ന കൊല്ലം ലോക്‌സഭാസീറ്റ് സിപിഎം ഏകപക്ഷീയമായി എടുത്തപ്പോള്‍, കൊല്ലം, ഹരിപ്പാട് നിയമസഭാ സീറ്റുകള്‍ വിവിധ ഘട്ടങ്ങളിലായി എടുക്കുമ്പോഴൊക്കെ അതിശക്തമായി പ്രതികരിക്കുകയും പ്രതികരിക്കുന്നതോടൊപ്പം ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാനുള്ള നിലപാടുകള്‍ക്കെതിരെ കര്‍ക്കശമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുന്നതിലും അല്‍പ്പം പോലും സങ്കോചം അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.

ഇടത് ജനാധിപത്യമുന്നണിയുടെ അവിഭാജ്യഘടകമായി പ്രവര്‍ത്തിക്കുന്ന കാലത്തും മുന്നണിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നയവ്യതിയാനങ്ങളെ, ഇടത് നയവ്യതിയാനങ്ങളെ തുറന്നെതിര്‍ക്കുന്നതില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. ഇടത് നയങ്ങളില്‍ മുറുകെ പിടിച്ച് കൊണ്ടുള്ള ശക്തമായ നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ പേരില്‍ പലപ്പോഴും മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കക്ഷിയില്‍ നിന്ന്, സിപിഎമ്മില്‍ നിന്ന് തന്നെ നിശിതമായ വിമര്‍ശത്തിന് പാത്രീഭൂതനാകേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. ഐഎന്‍എല്‍, ഡിഐസി തുടങ്ങിയ പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്നതിന്റെ തുടക്കം കുറിച്ചപ്പോള്‍ തന്നെ അതിനെതിരെ നിശിതമായ വിമര്‍ശത്തിന് രംഗത്ത് വന്ന സഖാവ് ചന്ദ്രചൂഡന്റെ നിശിതമായ നിലപാട് ഒരു പരിധി വരെ അവരുടെയെല്ലാം മുന്നണി പ്രവേശത്തിന് പോലും പ്രതിരോധമായി എന്നതാണ് വസ്തുത. ഇങ്ങനെ ഇടത്പക്ഷ നയവ്യതിയാനത്തോട് ഒരിക്കല്‍പോലും സന്ധി ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയമൂല്യങ്ങള്‍ മുറുകെപ്പിടിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന ഒരു നേതാവായിരുന്നു അദ്ദേഹം എന്നത് ദീര്‍ഘകാലത്തെ അനുഭവങ്ങള്‍ കൊണ്ട് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

കേരളഘടകം വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചപ്പോള്‍, പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരിക്കെ തന്നെ അതിനെ പിന്തുണക്കുകയും ആ നിലപാടിനെ പരോക്ഷമായി സാധൂകരിക്കുകയും ചെയ്യുമ്പോഴും കേന്ദ്രനേതൃത്വവുമായി സംസ്ഥാന ഘടകത്തിനുള്ള ബന്ധം വിച്ഛേദിക്കാതെ അതൊരു സമവായത്തിലൂടെ സൗഹൃദത്തിലൂടെ മുന്നോട്ട് കൊണ്ട് പോവുകയാണ് അദ്ദേഹം ചെയ്തത്. അത് അനിതരസാധാരണമായ മികവും നയതന്ത്രഞ്ജതയുമായിരുന്നു.

പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയിലെത്തുമ്പോഴും അവിടെയും ആ നേതൃപാടവം പ്രകടിപ്പിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച യുപിഎ-ഇടതുപക്ഷ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു അദ്ദേഹം. ശ്രീ പ്രണബ് മുഖര്‍ജി ആയിരുന്നു അതിന്റെ കണ്‍വീനര്‍. ആ കാലയളവില്‍ നിരവധി പുരോഗമനപരവും ജനക്ഷേമകരവുമായ പദ്ധതികള്‍ ഇതര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല, യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഇന്തോ അമേരിക്കന്‍ ആണവ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് വിശകലനം ചെയ്ത് അവതരിപ്പിക്കുമായിരുന്നു അദ്ദേഹം. ആ കരാര്‍ ഇന്ത്യയുടെ പരമാധികാരത്തിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ച് അദ്ദേഹം നടത്തിയിട്ടുള്ള വിശകലനങ്ങള്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായി. അതുമായി ബന്ധപ്പെട്ട് പൊതുനിലപാട് സ്വീകരിക്കുന്നതില്‍ ഇടതുപക്ഷനേതൃത്വത്തിന് തന്നെ പ്രധാന പ്രേരകശക്തിയായി പ്രൊഫസര്‍ ചന്ദ്രചൂഡന്‍ മാറിയെന്നതും ഈ അവസരത്തില്‍ ഓര്‍മ്മിക്കട്ടെ. തുടര്‍ന്ന യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണമായതും ഇന്തോ അമേരിക്കന്‍ ആണവ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാട് തന്നെയായിരുന്നു. ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാന്‍ സാധിക്കുന്നത്, ഇടതുപക്ഷ മൂല്യങ്ങളില്‍ മുറുകെ പിടിച്ച് , ഇടത് രാഷ്ട്രീയത്തിന്റെ സത്ത ഉള്‍ക്കൊണ്ട് കൊണ്ട് ആദര്‍ശാധിഷ്ടിതമായിട്ടുള്ള നിലപാടുകളിലൂടെ ഇടത്പക്ഷ രാഷ്ട്രീയത്തിന്റെ മുഖമായി മാറിയ നേതാവായിരുന്നു ടി ജെ ചന്ദ്രചൂഡന്‍. അങ്ങനെ മുഖമായി നിന്ന ടി ജെ ചന്ദ്രചൂഡന്‍ തന്നെ പില്‍ക്കാലത്ത് എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ആര്‍ എസ് പി മാറുന്ന നീക്കത്തെ പിന്തുണച്ചു എന്നുള്ളതും ഏറ്റവും ശ്രദ്ധേയമായ സംഗതികളില്‍ ഒന്നാണ്. കേരളഘടകം വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചപ്പോള്‍, പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരിക്കെ തന്നെ അതിനെ പിന്തുണക്കുകയും ആ നിലപാടിനെ പരോക്ഷമായി സാധൂകരിക്കുകയും ചെയ്യുമ്പോഴും കേന്ദ്രനേതൃത്വവുമായി സംസ്ഥാന ഘടകത്തിനുള്ള ബന്ധം വിച്ഛേദിക്കാതെ അതൊരു സമവായത്തിലൂടെ സൗഹൃദത്തിലൂടെ മുന്നോട്ട് കൊണ്ട് പോവുകയാണ് അദ്ദേഹം ചെയ്തത്. അത് അനിതരസാധാരണമായ മികവും നയതന്ത്രഞ്ജതയുമായിരുന്നു. ഇന്ന് കോണ്‍ഗ്രസ്സുമായുള്ള രാഷ്ട്രീയബാന്ധവം ദേശീയതലത്തില്‍ തന്നെ സാധൂകരിക്കപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുള്ള പശ്ചാത്തലത്തില്‍ പ്രൊഫസര്‍ ചന്ദ്രചൂഡന്‍ അന്ന് നയതന്ത്രഞ്ജതയോടെ സ്വീകരിച്ച ആ നിലപാട് കൂടുതല്‍ സാധൂകരിക്കപ്പെടുകയാണ്. വര്‍ത്തമാനകാലരാഷ്ട്രീയം പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നത് അതാണ്.

photo: flickr

ദീർഘകാലത്തെ അടുത്തുള്ള ബന്ധവും സൗഹൃദവും അദ്ദേഹവുമായി എനിക്ക് ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത നിരവധി സങ്കീർണതകളുളള പ്രശ്‌നങ്ങളെപ്പോലും തലനാരിഴ കീറി വിശകലനം ചെയ്ത് പരിഹാരമാർഗം നിർദേശിക്കുന്നതിലുണ്ടായിരുന്ന അസാമാന്യമായ മികവും വൈദഗ്ധ്യവുമാണ്. ഞാൻ അഞ്ച് വർഷക്കാലം മന്ത്രിയായിരുന്ന സമയത്ത് ഭരണപരമായ പല പ്രശ്‌നങ്ങളുമുള്ളപ്പോഴൊക്കെ അദ്ദേത്തിന്റെ ഉപദേശനിർദേശങ്ങൾ തേടിയിട്ടുണ്ട്. ശരിയായ ദിശയിലൂടെ സഞ്ചരിക്കാൻ എനിക്ക് അവ സഹായകരമായിട്ടുണ്ട്. അങ്ങനെയൊക്കെ പരിശോധിക്കുമ്പോൾ നല്ല പൊളിറ്റിക്കൽ വിൽപവറുള്ള ,വിശകലനശക്തിയും ഭൗതികശേഷിയുമുള്ള ,ആഴത്തിൽ പഠിക്കുകയും വിഷയങ്ങൾ അവതരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന കഴിവും പ്രാവീണ്യവും ബുദ്ധിയും ശേഷിയുമൊക്കെയുള്ള, ആദർശാധിഷ്ഠിതമൂല്യജീവിതം നയിച്ചിരുന്ന ഒരു മഹത്തായ നേതാവിനെയാണ് ഞങ്ങൾക്ക് നഷ്ടമായിട്ടുള്ളത്. ആർ എസ് പി യെ സംബന്ധിച്ചിടത്തോളം ഈ വിയോഗം വലിയ ആഘാതമാണ്. കനത്ത നഷ്ടമാണ് പാർട്ടിയെ സംബന്ധിച്ചിടത്തോളം.

Leave a comment