TMJ
searchnav-menu
post-thumbnail

Outlook

കാലാവസ്ഥ വ്യതിയാനവും, മദ്യവര്‍ജ്ജനവും

15 Nov 2021   |   1 min Read
കെ പി സേതുനാഥ്

സിഒപി26 ഗ്ലാസ്‌ഗോയില്‍ ഉപചാരം ചൊല്ലി പിരിയുമ്പോള്‍ ബീയര്‍ ഗ്ലാസ്സുമായി നില്‍ക്കുന്ന ഗ്രെഗ് ടെയിലറെന്ന സിഡ്‌നി നിവാസിയുടെ പരിഹാസത്തിന് (1) ചീയേഴ്സ് പറയാതെ വയ്യ. 2050-ല്‍ മദ്യപാനം നിര്‍ത്തുമെന്ന 73-കാരനായ ടെയിലറുടെ പ്രഖ്യാപനം ഗ്ലാസ്‌ഗോ ഉച്ചകോടിയുമായി ബന്ധപ്പെട്ട ഉശിരുള്ള കറുത്ത ഫലിതമായിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണമായ കാര്‍ബണ്‍ പുറന്തള്ളലിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും, പുറകോട്ടടിക്കുന്നതിനും ആവശ്യമായ വ്യക്തവും, സമയബന്ധിതവുമായ നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ടു വയ്ക്കാത്ത ഗ്ലാസ്‌ഗോയിലെ അഴകൊഴമ്പന്‍ വര്‍ത്തമാനങ്ങളെ ശരിക്കും ട്രോളുന്നതിനായി ടെയിലറുടെ പരിഹാസം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്തുന്നു. ഗ്ലാസ്‌ഗോ ഉച്ചകോടി തുടങ്ങുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പുള്ള ടെയിലറുടെ പ്രഖ്യാപനം ഉച്ചകോടി ആര്‍ഭാടങ്ങളുടെ ഫലശൂന്യതയെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്നു. കാലാവസ്ഥ വ്യതിയാനം ഭൂമിയിലെ ആവാസവ്യവസ്ഥക്ക് നേരെ ഉയര്‍ത്തുന്ന ഭീഷണി നേരിടുവാന്‍ പര്യാപ്തമായ തീരുമാനങ്ങള്‍ ഉച്ചകോടികളിലെ വചനസദസ്സുകളിലും അത്താഴ വിരുന്നുകളിലും ഉണ്ടാവില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിലെ പരിഹാസം. അടുത്ത 29 കൊല്ലം ഇപ്പോഴത്തെ നിലയില്‍ മദ്യപാനം തുടരുമെന്നും തനിക്ക് 101 വയസ്സാവുന്ന 2049-ല്‍ കുടിയുടെ അളവില്‍ ക്രമേണ കുറവ് വരുത്തുമെന്നുമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. 'ഇരുട്ടി വെളുക്കുമ്പോള്‍ മദ്യം തീര്‍ത്തും ഒഴിവാക്കുക യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. അതിനു വേണ്ടിയുള്ള, സ്ഥിരതയാര്‍ന്ന, ഘട്ടം ഘട്ടമായ, സമീപനപ്രകാരം അടുത്ത രണ്ട് ദശകങ്ങളിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവില്ല,' ടെയിലര്‍ പറയുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ അവസാനിപ്പിക്കുന്നതിനുള്ള ഒഴിവുകഴിവുകളുടെ ഭാഷയുടെ യുക്തി പിന്തുടരുന്ന ടെയിലര്‍ ഇത്രയും കൂടെ പറഞ്ഞു. അര്‍ഹമായ മദ്യ ക്രെഡിറ്റ് (കാര്‍ബണ്‍ ക്രെഡിറ്റ്!) -- അതായത് കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ മദ്യപിക്കാതിരുന്ന ദിവസങ്ങള്‍ കൂടി കണക്കിലെടുത്താല്‍ -- മദ്യപാനം പൂര്‍ണ്ണമായും അവസാനിപ്പിക്കുവാന്‍ വീണ്ടും 10 കൊല്ലം കൂടി തനിക്ക് ബാക്കിയുണ്ടാവുമെന്ന ഗണിതം. 'സീറോ ആല്‍ക്കഹോളില്‍' (സീറോ എമിഷണ്‍!) എത്താന്‍ 2060 വരെ സമയം ലഭിക്കുമെന്നും ഈ അസുലഭാവസരം ശരിക്കും ആഘോഷിക്കുന്നതിനായി രണ്ടാമത്തെ ബീയര്‍ ഫ്രിഡ്ജ് കൂടി വാങ്ങിയെന്നു പറയുന്ന ടെയിലര്‍ അതിനെ 'ക്യാപ്ച്ചര്‍ ആന്റ് സ്റ്റോറേജ്' രീതിയെന്നും വിശേഷിപ്പിച്ചു. ടെയിലറുടെ പ്രഖ്യാപനത്തിലെ കറുത്ത ഫലിതം മാറ്റി നിര്‍ത്തിയാല്‍ ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ ബാക്കിപത്രം എന്താണെന്ന ചോദ്യത്തെ എങ്ങനെയാവും നമുക്ക് നേരിടാനാവുക. ദുരന്ത മുതലാളിത്തം (ഡിസാസ്റ്റര്‍ ക്യാപിറ്റലിസം) എന്നു നവോമി ക്ലെയിന്‍ വിശേഷിപ്പിച്ച സംവിധാനം കെട്ടിലും, മട്ടിലും രക്ഷക വേഷത്തില്‍ അവതരിക്കുന്നതിന്റെ ലക്ഷണമൊത്ത വേദിയായി ഗ്ലാസ്‌ഗോ ഉച്ചകോടിയെ വിലയിരുത്തുന്നതാകും ഉചിതം.

കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ തീവ്രത വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുന്നതിനുള്ള സാധ്യതകള്‍ തെളിമയോടെ വ്യക്തമായ സാഹചര്യത്തിലായിരുന്നു ഗ്ലാസ്‌ഗോയിലെ ഉച്ചകോടി. കാട്ടുതീ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കടലേറ്റം, വൈറസ് ബാധയുടെ മഹാമാരി തുടങ്ങിയ ഒരോ ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യക്ഷവും, പരോക്ഷവുമായ തിക്തഫലങ്ങളാണെന്നതില്‍ വ്യക്തത കൈവന്നതിനെക്കുറിച്ചുള്ള അറിവുകളും വേണ്ടത്ര ലഭ്യമായിരുന്നു. ഭൂമിയിലെ ഇപ്പോഴത്തെ ആവാസവ്യവസ്ഥ ദുരന്തത്തിന്റെ പടിവാതിലിലാണെന്ന അടിയന്തിര സാഹചര്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെ വെളിച്ചത്തില്‍ അവയെ നേരിടുന്നതിനുള്ള രചനാത്മകമായ നിര്‍ദ്ദേശങ്ങളും, തീരുമാനങ്ങളുംഉണ്ടായില്ലെന്നു മാത്രമല്ല അത്തരമൊരു ദുരവസ്ഥയ്ക്ക് കാരണക്കാരായ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യഗ്രത മറനീക്കി പുറത്തു വരുന്ന വേദികളാണ് ഉച്ചകോടികളെന്ന വസ്തുതയും ഗ്ലാസ്‌ഗോയില്‍ വ്യക്തമായിരുന്നു. ആഗോളതലത്തില്‍ അരങ്ങേറുന്ന ഉച്ചകോടി മാമാങ്കങ്ങളുടെ പൊതുസ്വഭാവം അറിയുന്നവരെ സംബന്ധിച്ചിടത്തോളം അതില്‍ അത്ഭുതകരമായി ഒന്നുമുണ്ടാവില്ല. കൂട്ടുകുടുംബ സംവിധാനത്തില്‍ എല്ലാവര്‍ക്കും അവകാശപ്പെട്ട ആസ്തികള്‍ സ്വന്തം നിലയില്‍ വിറ്റഴിച്ച് ധാടിയിലും, മോടിയിലും കല്യാണവും, പതിനാറടയിന്തരവും മറ്റും നടത്തി പ്രതാപം കാണിച്ചിരുന്ന കോമാളി വേഷങ്ങളുടെ പുതിയ കാലത്തെ പതിപ്പുകളാണ് ലോക നേതാക്കളെന്ന പേരില്‍ ഇത്തരം വേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. അവരില്‍ പ്രതീക്ഷ അര്‍പ്പിക്കരുതെന്ന സന്ദേശത്തിന്റെ രീതിശാസ്ത്രം കലര്‍പ്പില്ലാതെ മനസ്സിലാക്കുന്നതിനുള്ള അവസരമെന്നതിനുപരി സിഒപി26-നും അതുപോലുള്ള മാമാങ്കങ്ങള്‍ക്കും വലിയ പ്രസക്തി ഒരിക്കലും ഉണ്ടായിട്ടില്ല. ഐക്യരാഷ്ട്ര സഭ പോലെയുള്ള ഔപചാരിക സംവിധാനങ്ങള്‍ ആഗോള മൂലധനത്തിന്റെ അനുസരണയുള്ള കങ്കാണിമാര്‍ (ഫസിലിറ്റേറ്റര്‍) മാത്രമായി പരിവര്‍ത്തനപ്പെടുന്ന പ്രക്രിയ മനസ്സിലാക്കുവാനും അവ സഹായകമാണ്. അത്തരമൊരു വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കാലാവസ്ഥ അടിയന്തിരാവസ്ഥയുടെ തീവ്രത വേണ്ടവിധം പരിഗണിക്കുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായില്ലെന്ന വിലയിരുത്തലുകള്‍ പൂര്‍ണ്ണമായും ശരിയാണെന്നു പറയാനാവില്ല. കാലാവസ്ഥ വ്യതിയാനം ഒരു വലിയ നിക്ഷേപ അവസരമാണെന്നു തിരിച്ചറിയുന്ന സ്വകാര്യ മൂലധന ശക്തികള്‍ക്ക് ആവശ്യമായ പശ്ചാത്തലമൊരുക്കുകയെന്ന ജന്മദൗത്യം ഭംഗിയായി നിറവേറ്റുന്നതില്‍ ഉച്ചകോടി വലിയ വിജയമായിരുന്നു. സര്‍ക്കാരുകളുടെ മുന്‍കൈയില്‍ പൊതുസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി, അതായത് പരോക്ഷമായെങ്കിലും ജനങ്ങളുടെ പങ്കാളിത്തമുള്ള പരിഹാര പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പകരം സ്വകാര്യമൂലധനത്തിന്റെ അപ്രമാദിത്തം ഉറപ്പിക്കുന്ന നയരൂപീകരണ പ്രക്രിയ വേണ്ട നിലയില്‍ നിറവേറിയെന്ന് വ്യക്തമാക്കുന്നതാണ് ഗ്ലാസ്‌ഗോയില്‍ നിന്നും ഇതുവരെ ലഭ്യമായ വിവരങ്ങള്‍.

ഫോസ്സില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ഊര്‍ജ്ജ ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സംവിധാനത്തിന്റെ സമൂല പരിവര്‍ത്തനമാണ് കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുന്നതിനുള്ള ശ്വാശ്വത പരിഹാരമെന്ന കാര്യം വ്യക്തമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തത്തെ നേരിടുന്നതിനുള്ള ആദ്യപടി കാര്‍ബണ്‍ പുറന്തള്ളലിനെ പിടിച്ചുകെട്ടുകയാണ്. അതിനായി കുറുക്കു വഴികള്‍ ഇല്ല. ഫോസ്സില്‍ ഇന്ധനങ്ങളിലുളള ആശ്രിതത്വം എത്രയും വേഗം അവസാനിപ്പിക്കുകയും പുനരുപയോഗ സ്രോതസ്സുകളെ മുഖ്യ ഊര്‍ജ്ജദായനികളാക്കി മാറ്റുകയും ചെയ്യുകയാണ് അതിനായുള്ള സ്ഥായിയായ മാര്‍ഗ്ഗം. അക്കാര്യം അസാദ്ധ്യവുമല്ല. സാമ്പത്തികമായും, സാങ്കേതികമായുംതികച്ചും സാധ്യമായ കാര്യം. സാധ്യത രണ്ടു തരത്തിലാണ്. നിലവിലുള്ള സ്വകാര്യ മൂലധനത്തിന്റെ ഏകാധിപത്യത്തിന് ഒരു തരത്തിലും കോട്ടം തട്ടാത്ത വിധം ഭൂമിയിലെ ആവാസ വ്യവസ്ഥ നേരിടുന്ന ദുരന്തത്തെ വന്‍നിക്ഷേപ അവസരമായി ഉപയോഗപ്പെടുത്തുകയാണ് ഒരു മാര്‍ഗ്ഗം. അല്ലെങ്കില്‍ സ്വകാര്യ മൂലധനത്തിന്റെ ഏകാധിപത്യത്തെ ഉന്മൂലനം ചെയ്യുന്ന വിപ്ലവകരമായ മാറ്റം ഉറപ്പാക്കുന്ന സാമൂഹ്യ പരിവര്‍ത്തനം നടപ്പില്‍ വരുത്തുക. ആദ്യം പറഞ്ഞ മാര്‍ഗ്ഗത്തിന് വഴിയൊരുക്കുന്ന ഉച്ചകോടി മാമാങ്കങ്ങളുടെ ദൗത്യം സിഒപി26 ഭംഗിയായി നിറവേറ്റിയെന്നാണ് ഉച്ചകോടിയുമായി ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. ലോകത്തിലെ വന്‍കിട ബാങ്കുകളുടെയും, ധനകാര്യസ്ഥാപനങ്ങളുടെയും കാര്‍മികത്വത്തില്‍ ആഗോള സമ്പദ്ഘടനയെ കാര്‍ബണ്‍ പുറന്തളളലിന്റെ കാര്യത്തില്‍ 'നെറ്റ് സീറോ' നിലവാരത്തില്‍ എത്തിക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങളെ അന്തര്‍ദേശീയ-പ്രാദേശിക തലങ്ങളില്‍ പ്രാപ്തമാക്കുന്നതിനുള്ള പദ്ധതി ഗ്ലാസ്‌ഗോയില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഗ്ലാസ്‌ഗോ ഫൈനാന്‍ഷ്യല്‍ അലയന്‍സ് ഫോര്‍ നെറ്റ് സീറോ (GFANZ) എന്ന ഈ പ്രസ്ഥാനത്തിന്റെ ബീജാവാപം ഏപ്രിലില്‍ നടന്നിരുന്നു. കാലാവസ്ഥ വ്യതിയാന വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ പ്രത്യേക പ്രതിനിധി ജോണ്‍ കെറി, അമേരിക്കന്‍ ധന സെക്രട്ടറി ജാനറ്റ് യെല്ലന്‍, ക്ലൈമറ്റ് ആക്ഷന് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി മാര്‍ക്ക് കാര്‍ണി, ശതകോടീശ്വരനായ മൈക്കേല്‍ ബ്ലൂംബര്‍ഗ് എന്നിവരാണ് GFANZ-ന്റെ ചുക്കാന്‍ പിടിക്കുന്നവര്‍. ആഗോള മൂലധന-ധന വിപണിയുടെ അലകും പിടിയും നിര്‍ണ്ണയിക്കുന്ന ഒരു പറ്റം ഉപവിഭാഗങ്ങളും GFANZ-ന്റെ പ്രധാനഭാഗമാണ്. നെറ്റ് സീറോ അസറ്റ് മാനേജേര്‍സ് ഇനിഷ്യേറ്റീവ്, നെറ്റ് സീറോ അസറ്റ് ഓണര്‍ അലയന്‍സ്, നെറ്റ് സീറോ ബാങ്കിംഗ് അലയന്‍സ് എന്നിവയാണ് ഇപ്പറഞ്ഞ കൂട്ടരിലെ പ്രധാന വേഷങ്ങള്‍. സ്വകാര്യ ബാങ്കിംഗ് മേഖലയുടെയും, സ്വകാര്യ നിക്ഷേപക സ്ഥാപനങ്ങളിലെയും പ്രമുഖര്‍ അവയില്‍ അണിനിരക്കുന്നു. സിറ്റി ബാങ്ക്, ബ്ലാക് റോക്ക്, ബാങ്ക് ഓഫ് അമേരിക്ക, എച്ച്എസ്സ്ബിസി തുടങ്ങിയവയുടെ തലവന്മാര്‍ക്ക് പുറമെ ലണ്ടന്‍ സ്റ്റോക് എക്‌സചേഞ്ച് സിഇഒ ഡേവിഡ് ഷ്വിമ്മര്‍, ഡേവിഡ് റോക്ക്‌ഫെല്ലര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റിയുടെ അധ്യക്ഷനായ നില്ലി ഗില്‍ബേര്‍ട് എന്നിവരാണ് ഈ സംരംഭത്തിലെ മറ്റുള്ള പ്രധാന വ്യക്തിത്വങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ അനുഗ്രഹ്രത്തോടെ രൂപമെടുത്ത GFANZ സിഒപി26-ലെ പ്രധാന സംഘടനകളിലൊന്നായിരുന്നു. ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ മൂന്നാം ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുന്നതിനായി 130 ട്രില്യണ്‍ ഡോളറിന്റെ സ്വകാര്യ മൂലധന നിക്ഷേപം വികസ്വര രാജ്യങ്ങളിലും, ഉയര്‍ന്നു വരുന്ന രാജ്യങ്ങളിലുമായി നടത്തുമെന്ന് GFANZ വെളിപ്പെടുത്തുന്നു. (1-ട്രില്യണ്‍ സമം 1000 ബില്യണ്‍. 1-ബില്യണ്‍ 100 കോടി). നെറ്റ് സീറോ ലക്ഷ്യത്തിനായി വാഗ്ദാനം ചെയ്തിട്ടുള്ള ഇത്രയും വമ്പിച്ച സ്വകാര്യ മൂലധനം യഥാവിധി ഒരോ രാജ്യങ്ങള്‍ക്കും സുഗമമായി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതിന്റെ മേല്‍നോട്ടത്തിന് പുറമെ ലോക ബാങ്കും, ഐഎംഎഫ് അടക്കമുള്ളവയെ പുതിയ സംവിധാനത്തിലേക്ക് ആഗിരണം ചെയ്യുന്നതിനുള്ള പദ്ധതികളും GFANZ വിഭാവന ചെയ്യുന്നു.

GFANZ-ന്റെ വക്താക്കള്‍ അവകാശപ്പെടുന്ന നിക്ഷേപത്തിന്റെ കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന വിമര്‍ശനം ഇതിനകം പുറത്തു വന്നിട്ടുണ്ട്. കൂടുതല്‍ വിശദമായ പരിശോധന അര്‍ഹിക്കുന്ന പ്രസ്തുത വിമര്‍ശനങ്ങള്‍ ഈ കുറിപ്പിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ല. ഒരു കാര്യം ഉറപ്പാണ്. നെറ്റ് സീറോ ലക്ഷ്യത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍, പ്രത്യേകിച്ചും ധനകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുള്ളവ, ഒട്ടും വിശ്വസനീയമല്ല. സിഒപി26-ന്‍റെ നെറ്റ് സീറോ പ്രതിജ്ഞയില്‍ ഒപ്പുവെച്ച 93 ബാങ്കുകള്‍ ഫോസ്സില്‍ ഇന്ധന കമ്പനികളുടെ പദ്ധതികളിലായി 2020-ല്‍ മാത്രം 575 ബില്യണ്‍ ഡോളറിന്റെ ധനസഹായം നടത്തിയതായി റിവര്‍ആക്ഷന്‍ നെറ്റ് വര്‍ക്ക് എന്ന പരിസ്ഥിതി സംഘടന ആരോപിക്കുന്നു. ഫോസ്സില്‍ ഇന്ധന മേഖലയുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ആഗോള ധനവിപണിയിലെ പ്രമുഖര്‍ നെറ്റ് സീറോയെന്ന പ്രതിജ്ഞയുമായി ഇറങ്ങിയതിന്റെ പിന്നില്‍ സ്വന്തം നിക്ഷേപ താല്‍പ്പര്യങ്ങള്‍ മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ അമേരിക്കന്‍ നിക്ഷേപക ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ 2019-ലെ റിപോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം 50 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപ അവസരമാണ് കാലാവസ്ഥ വ്യതിയാനം. അടുത്ത 30 വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഈ നിക്ഷേപാവസരം. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍, ഗതാഗതം, കാര്‍ബണ്‍ ക്യാപ്ച്ചര്‍ ആന്റ് സ്റ്റോറേജ്, ജൈവ ഇന്ധനം തുടങ്ങിയവയാണ് നിക്ഷേപത്തിന്റെ മേഖലകള്‍. ലോകത്തെ മൊത്തം ജിഡിപി-യുടെ 2.5 ശതമാനം വരുന്ന ഈ തുകയുടെ നിക്ഷേപം അത്ര വലിയ സാമ്പത്തിക ബാധ്യതയല്ലെന്നു മൈക്കേല്‍ റോബര്‍ട്‌സിനെ പോലുള്ള സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. സ്വകാര്യ മൂലധനത്തിന്റെ ലാഭകരമായ നിക്ഷേപത്തിന് പകരം സര്‍ക്കാരുകള്‍ നേരിട്ട് നിക്ഷേപം നടത്തുകയാണെങ്കില്‍ ഈ തുക സമാഹരിക്കുന്നതിന് വലിയ പ്രയാസം ഉണ്ടാകില്ലെന്നും റോബര്‍ട്‌സ് ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഗ്ലാസ്ഗോയില്‍ സംസാരിക്കുന്നു.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ (CO2) സാന്നിദ്ധ്യം സഹസ്രാബ്ദങ്ങളോളം 275-285 പിപിഎം (പാര്‍ട്ടിക്കള്‍ പെര്‍ മില്യണ്‍) എന്ന നിരക്കിലായിരുന്നു. വ്യവസായ വിപ്ലവത്തിനു ശേഷം 1910-ല്‍ 300-പിപിഎം ആയി ഉയര്‍ന്ന CO2 സാന്നിദ്ധ്യം 2020-ല്‍ 412 പിപിഎം ആയി. 2015-ല്‍ പാരീസില്‍ ഒപ്പുവെച്ച കാലാവസ്ഥ ഉടമ്പടിയുടെ ലക്ഷ്യം നിറവേറ്റണമെങ്കില്‍ കൊല്ലം തോറും 53.5 ബില്യണ്‍ ടണ്‍ വീതം CO2 അന്തരീക്ഷത്തില്‍ നിന്നും ഒഴിവാക്കണം. അടുത്ത 30 വര്‍ഷം ഈ പ്രക്രിയ തുടരണം. ഒപ്പം പുതിയ കാര്‍ബണ്‍ പുറന്തള്ളല്‍ സീറോ ലെവലില്‍ എത്തിക്കണം. സാമ്പത്തികമായും, സാങ്കേതികമായുംസാധ്യമായ ഇക്കാര്യം സ്വകാര്യ മൂലധനത്തിന്റെ ലാഭം മാത്രം ലക്ഷ്യമാക്കുന്ന മുതലാളിത്ത സമ്പദ്ഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നടപ്പിലാക്കുവാന്‍ പറ്റുമെന്നു കരുതാനാവില്ല. ജനങ്ങളുടെ ജീവനും സ്വത്തും സംക്ഷിക്കുമെന്നു ഉറപ്പു പറയുന്ന ദേശരാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തില്‍ നിരന്തരം ആവര്‍ത്തിക്കുന്ന നുണകളുടെ ചരിത്രം തരുന്ന സന്ദേശം അതാണ്. ജനങ്ങളുടെ ജീവനും സ്വത്തും നേരിടുന്ന ആപത്തിനെ പറ്റി വ്യക്തമായ ബോധമുണ്ടായിരുന്ന ഭരണകൂടങ്ങളെ പറ്റിയുള്ള വിവരണങ്ങള്‍ അത് വെളിപ്പെടുത്തുന്നു. (2) ചരിത്രം തിരുത്താനുള്ള ശേഷി ജനങ്ങള്‍ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയാണ് ഗ്ലാസ്‌ഗോ നല്‍കുന്ന പാഠം.
.
1: The Shovel: October 26, 2021
2: James Gustave Speth: They Knew: The US Federal Government's Fifty-Year Role in Causing The Climate Crissi

Leave a comment