ജയ് ഭീം കണ്ടിട്ടും എന്‍മകജെയിലെ കൃഷ്ണമോഹനെ കാണാത്തവര്‍
കാസര്‍ഗോഡ് എന്‍മകജെയിലെ കൃഷ്ണമോഹന ജഡാധാരി ദൈവസ്ഥാനത്തിന് മുന്‍പില്‍
'ജയ് ഭീം' എന്ന ഹിറ്റ് സിനിമയെ പറ്റിയല്ല ഈ കുറിപ്പ്. ജയ് ഭീമിനെ കുറിച്ചുളള വാഴ്ത്തുകള്‍ മലയാളത്തില്‍ തലങ്ങും വിലങ്ങും നിറയുമ്പോള്‍ കാസര്‍കോഡ് എന്‍മകജെയിലെ കൃഷ്ണമോഹന്റെ രോഷവും, രോദനവും കാണാനും, കേള്‍ക്കാനും പറ്റാത്ത വിധം അന്ധവും, ബധിരവുമായ ഒരു കേരള മാതൃക മറക്കാവുന്നതല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് അതിന്റെ ലക്ഷ്യം. എന്‍മകജെയിലെ ജഡാധാരി ദേവസ്ഥാനത്തെ ജാതി ഭ്രഷ്ടിനെക്കുറിച്ചുള്ള കൃഷ്ണമോഹന്റെ വെളിപ്പെടുത്തല്‍ മലബാര്‍ ജേര്‍ണല്‍ പുറംലോകത്തെ അറിയിച്ചിട്ട് ഒരു മാസത്തിലധികമായി. എന്‍ഡോസള്‍ഫാന്‍ വിഷബാധയേക്കാള്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള ജാതിയുടെ വിഷം തീണ്ടിയ ആചാരങ്ങള്‍ എന്‍മകജെയുടെ സാമൂഹ്യ ആരോഗ്യത്തെ ഇപ്പോഴും രോഗാതുരമാക്കുന്നതിന്റെ സാക്ഷ്യം പറച്ചിലുമായി 'നവോത്ഥാനകാലത്തെ ജാതിഭ്രഷ്ടുകള്‍' എന്ന പേരില്‍ 2021 സെപ്തംബര്‍ 29ന് കൃഷ്ണമോഹന്‍ മലബാര്‍ ജേര്‍ണലില്‍ പ്രത്യക്ഷമായി. കേരളത്തിലെ രാഷ്ട്രീയ പ്രമുഖര്‍, സാംസ്‌ക്കാരിക പ്രമുഖര്‍, ദളിതരും അല്ലാത്താവരുമായ ധിഷണാശാലികള്‍ തുടങ്ങിയവരൊന്നും ഇതുവരെ ഈയൊരു സംഭവം അറിഞ്ഞ ഭാവമില്ല. മലബാര്‍ ജേര്‍ണലില്‍ വാര്‍ത്ത പ്രത്യക്ഷമായതിനുശേഷം മറ്റു ചില മാധ്യമങ്ങളും വിഷയം ഉന്നയിച്ചതൊഴിച്ചാല്‍ ജഡാധാരിയിലെ വിഷലിപ്തത പഴയതുപോലെ തുടരുന്നു. ഇതുപോലെ ജാതി കേന്ദ്രിതമായ വിഷലിപ്തതകളുടെ നിരവധി ഉദാഹരണങ്ങള്‍ കേരളത്തിലെമ്പാടും ദൃശ്യമാണെന്ന കാര്യവും രഹസ്യമല്ല. അതാതിടങ്ങളിലെ ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങുന്ന ജാതി മര്‍ദ്ദനത്തിന്റെ മൈക്രോ കേന്ദ്രങ്ങളായി അവ നിലകൊള്ളുന്നു. വിളിപ്പാടകലെയുള്ള അത്തരം കാഴ്ചകളെയും, കേള്‍വികളെയും ബോധപൂര്‍വ്വം അല്ലെങ്കില്‍ അബോധപൂര്‍വ്വം അദൃശ്യവല്‍ക്കരിക്കാനുള്ള ഉപാധിയായി അയല്‍ദേശങ്ങളിലെ തിക്താനുഭവങ്ങളുടെ ഉദാത്തീകരണം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നതിനെ മനസ്സിലാക്കുന്നതിനുള്ള അവസരമായി ജയ് ഭീം-നെ കുറിച്ചുള്ള സങ്കീര്‍ത്തനങ്ങള്‍ എങ്ങനെ ഉപകരിക്കുമെന്ന വിഷയം വിശദമായ പരിശോധനയര്‍ഹിക്കുന്നു.
സിനിമയുടെ തലത്തില്‍ മാത്രമല്ല ഈ വിഷയം കൈകാര്യം ചെയ്യാനാവുക. ജയ് ഭീം സിനിമക്ക് നിദാനമായെന്ന് പറയപ്പെടുന്ന യഥാര്‍ത്ഥ സംഭവത്തില്‍ ഭാഗഭാക്കായ രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിന് ഒട്ടും അപരിചിതമല്ലെന്ന സാഹചര്യത്തിലാണ് കൃഷ്ണമോഹനെ കേള്‍ക്കാതെ പോവുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ചോദ്യചിഹ്നമാവുക. കേരളത്തിന്റെ പൊതുമനസ്സിനെ ഒട്ടും മഥിക്കാത്ത ആരാലും തിരിച്ചറിയപ്പെടാത്ത സാമൂഹ്യ മറവിയായി എന്‍മജകെ എന്തുകൊണ്ടാണ് നിലനില്‍ക്കുന്നത്? എന്താണ് അതിന്റെ ഭൗതിക പരിസരം? ജയ് ഭീമിന് ആര്‍പ്പു വിളിക്കുന്നതിനൊപ്പം ഈ ചോദ്യങ്ങളും അവയുടെ ശരിയായ തലങ്ങളില്‍ ഉയരേണ്ടതാണ്. മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ ദീപ മോഹനെന്ന ദളിത് ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ നിരാഹാര സമരം, തിരുവല്ലക്കടുത്ത ഒരു പ്രദേശത്തില്‍ ദളിതരെ വീടു വയ്ക്കാന്‍ അനുവദിക്കാത്ത സവര്‍ണ്ണ പ്രമാണിമാര്‍ തുടങ്ങിയവ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളാണെന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ ചോദ്യങ്ങളുടെ പ്രസക്തി.
പ്രശസ്ത മറാത്തി ദളിത് എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാലെ-യുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം നടത്തിയ ഒരു നിരീക്ഷണം ഈയവസരത്തില്‍ ഓര്‍മയില്‍ വരുന്നു. ആഗോളവല്‍ക്കരണത്തിന് എതിരായ സമരത്തില്‍ ദളിതര്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കെന്റക്കി ചിക്കണും, മക്‌ഡൊണാള്‍ഡ്‌സിനും എതിരെ സവര്‍ണ്ണര്‍ (വൈശ്യര്‍) നടത്തുന്ന സമരം ദളിതരെ ബാധിക്കുന്നതല്ലെന്ന ന്യായത്തിനേക്കാള്‍ അദ്ദേഹം ഊന്നല്‍ നല്‍കിയ കാര്യം മറ്റൊന്നായിരുന്നു. കെഎഫ്‌സി-യിലും, മക്‌ഡൊണാള്‍ഡ്‌സിലും പണം കൊടുത്താല്‍ ഭക്ഷണം കഴിക്കാനാവും. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ജാതി അവിടങ്ങളില്‍ ആരും ചോദിക്കില്ല. അതല്ല ഇന്ത്യയിലെ മറ്റു പല ഭക്ഷണശാലകളുടെയും സ്ഥിതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ആഗോളവല്‍ക്കരണത്തിനെതിരായ സമരത്തില്‍ ദളിതര്‍ക്ക് കാര്യമില്ലെന്ന ലിംബാലയെ-യുടെ നിലപാട് ലളിതവല്‍ക്കരണമായി തോന്നിയേക്കാം. പക്ഷേ പണ്ടേ പന്തിക്കു പുറത്തായ ദളിതരുടെ ആത്മരോഷത്തിന്റെ കനലുകള്‍ അതിലുണ്ടെന്ന കാര്യം ഒരു സവര്‍ണ്ണനും നിഷേധിക്കാനാവില്ല. തങ്ങളുടെ സാന്നിദ്ധ്യം പോലും തീണ്ടലായി കാണപ്പെടുന്ന മഹാദൈവങ്ങളുടെ അനുഗ്രഹവും, പ്രസാദവും തങ്ങള്‍ക്ക് ആവശ്യമില്ലെന്ന ബോധം കൃഷ്ണമോഹന്റെ തലമുറയില്‍ അങ്കുരിപ്പിക്കുവാന്‍ ഇതുവരെ കഴിയാതെ പോയ കേരളത്തിലെ കമ്യൂണിസം ഇനി എന്നാണാവോ അതിന്റെ മഹത്തായ വിപ്ലവം നടത്തുകയെന്ന ചോദ്യം അപ്പോള്‍ ബാക്കിയാവുന്നു. വിപ്ലവം നടന്നാലും ഇല്ലെങ്കിലും ഭരണഘടനപരമായ അവകാശം സാക്ഷാത്ക്കരിക്കുവാനുള്ള സഹായം ലഭിക്കുമോയെന്ന ചോദ്യമെങ്കിലും കേരളത്തില്‍ ഉയരേണ്ടതാണെന്ന ബോധ്യം ജയ് ഭീം വിളികളുടെ ആവേശം നിറഞ്ഞുനില്‍ക്കുന്ന നിമിഷങ്ങളില്‍ പ്രതീക്ഷിക്കാമോ?