TMJ
searchnav-menu
post-thumbnail

Outlook

യാഥാസ്ഥിതികത്വത്തിന്റെ കിരീടവും ചെങ്കോലും ചാൾസിലേക്ക്

10 Sep 2022   |   1 min Read
തോമസ് കൊമരിക്കൽ

ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവുമധികം കാലം രാഷ്ട്രത്തലപ്പത്തിരുന്ന രാജ്ഞി എന്ന വിശേഷണവുമായാണ് ക്വീൻ എലിസബത്ത് II മരണപ്പെടുന്നത്. 1952 ൽ ജോർജ് VI രാജാവിന്റെ മരണത്തെത്തുടർന്നാണ് എലിസബത്ത്, രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തെത്തിയത്. കെനിയയിലെ സഗാനയിൽവെച്ച് തലയിലേറിയ രാജ്ഞിപ്പട്ടം, സ്‌കോട്ട്‌ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറൽ എസ്റ്റേറ്റിലെ മരണക്കിടക്കയിൽ അവസാനിച്ചു.

ലോകമാകെ വലിയ മാറ്റങ്ങളിലൂടെ കടന്നുപോയ കാലത്താണ് രണ്ടാം എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ 'ഹെർ മെജസ്റ്റി' ആയി രാജകീയാധികാരം കൈയ്യാളിയത്. 1952 ഫെബ്രുവരി ആറ് മുതൽ 2022 സെപ്റ്റംബർ എട്ടുവരെയുള്ള എഴുപത് വർഷക്കാലം മനുഷ്യജീവിതത്തിന്റെ ചുറ്റുപാടുകൾ മാറിമറിഞ്ഞു. ബ്രിട്ടന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടനില്‍ കൊളോണിയൽ അധീശത്വം പ്രത്യക്ഷത്തിൽ എങ്കിലും ഇല്ലാതായി. പുത്തൻ ദേശീയ പതാകകൾ കോളോണിയൽ സൗധങ്ങളിൽ പാറുകയും ബ്രിട്ടൻ കൊടിയ കൊളോണിയൽ ചൂഷണങ്ങളുടെ മുഖ്യപ്രതിയായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പരമാധികാര സ്ഥാനം ഇന്നും ബ്രിട്ടീഷ് ക്രൗണിൽ നിക്ഷിപ്തമാണ്. ഇവയുൾപ്പെടെ 53 രാജ്യങ്ങൾ അംഗങ്ങളായ കോമൺവെൽത്ത് ഓഫ് നേഷൻസ് എന്ന അന്താരാഷ്ട്ര സംഘടന ബ്രിട്ടന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതാപകാല ദൃശ്യത്തിന്റെ വെറുമൊരു നിഴൽ മാത്രമാണ് ഇവയെല്ലാം.

രണ്ടാം ലോകമഹായുദ്ധാനന്തരം, അന്താരാഷ്ട്ര തലത്തിൽ, ലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമെന്ന സ്ഥാനത്തുനിന്ന് ബ്രിട്ടൻ പടിയിറങ്ങിയ നാളുകളിലാണ് എലിസബത്ത് അധികാരമേൽക്കുന്നത്. അന്ന് വെറും ഇരുപത്തിയാറ് വയസ്സ് മാത്രമായിരുന്നു അവരുടെ പ്രായം. 1936 ജനുവരി 20ന് ആണ് ജോർജ് അഞ്ചാമൻ രാജാവിന്റെ മൂത്തമകൻ, എഡ്വേർഡ് എട്ടാമൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച് രാജാവാകുന്നത്. എന്നാൽ അമേരിക്കൻ പൗരയും രണ്ടുതവണ വിവാഹമോചിതയുമായ വാല്ലിസ് സിംപ്‌സൺ എന്ന യുവതിയുമായി പ്രണയബന്ധത്തിലായിരുന്നു രാജാവ്. ബ്രിട്ടീഷ് രാജകുടുംബവും രാജ്യത്തിന്റെ ഔദ്യോഗിക സഭയായ ചർച്ച് ഓഫ് ഇംഗ്ലണ്ടും ഈ വിവാഹത്തെ നഖശിഖാന്തം എതിർത്തതോടെ, എഡ്വേർഡ് എട്ടാമൻ അധികാരമേറ്റ വർഷം തന്നെ സ്വമേധയാ സിംഹാസനം ഉപേക്ഷിച്ചു. ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായുണ്ടായ ഈ സംഭവപരമ്പരയാണ് എലിസബത്തിന് എഴുപത് വർഷത്തെ രാജാധികാരം സമ്മാനിച്ചത്.

എഡ്വേർഡ് എട്ടാമന്റെ ഒഴിവിൽ സഹോദരൻ ജോർജ് ആറാമൻ രാജാവായതോടെ എലിസബത്ത് കീരീടാവകാശിയായി. 1936 ഡിസംബർ 11ന് ജോർജ് ആറാമൻ അധികാരമേറ്റശേഷമുള്ള കാലമാണ് എലിസബത്തിനെ കിരീടത്തിനായി ഒരുക്കിയതെന്ന് പറയാം. പാരമ്പര്യത്തിലും ചിട്ടവട്ടങ്ങളിലും അധിഷ്ഠിതമായ തികച്ചും യാഥാസ്ഥികമായ ഘടനയാണ് രാജകുടുംബം പിന്തുടർന്ന് പോന്നത്.

മാറ്റങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയോ അവയെ ഇഷ്ടപ്പെടുകയോ ചെയ്ത വ്യക്തിയായിരുന്നില്ല എലിസബത്ത്. എന്നാൽ, അവയെ വേണ്ടവിധം ഉൾക്കൊണ്ട് രാജകുടുംബത്തിന്റെ സ്ഥാനവും പ്രസക്തിയും പുതിയ കാലത്തിനും സ്വീകാര്യമാവുന്ന നിലയിലേക്ക് മാറ്റിയെടുക്കാനുള്ള തന്ത്രപരമായ വൈദഗ്ധ്യം അവർക്കുണ്ടായി.

മാറ്റങ്ങളുടെ നൂറ്റാണ്ട്

രണ്ടാം ലോകമഹായുദ്ധത്തിൽ വിജയിച്ചെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബ്രിട്ടൻ. കോളനികളിൽ നിന്ന് തിടുക്കത്തിൽ പിന്മാറുകകൂടി ചെയ്തതോടെ ആഗോളതലത്തിൽ സാമ്പത്തിക-സൈനിക-രാഷ്ട്രീയ ശക്തിയെന്ന സ്ഥാനവും നഷ്ടമായി. അതോടൊപ്പം ആഭ്യന്തരമായും രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായി. തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുകയും ട്രേഡ് യൂണിയനുകൾ വലിയ സമ്മർദ്ദ ശക്തികളായി ഉയർന്നുവന്നു. ബ്രിട്ടൻ, പോലീസ് സ്റ്റേറ്റ് എന്ന ലേബലിൽനിന്ന് വെൽഫെയർ സ്റ്റേറ്റായി മാറാൻ ഒരുങ്ങുകയും ചെയ്തു. സർക്കാരിന്റെ ദൗത്യങ്ങൾ വിപുലമാവുകയും ജനക്ഷേമ പ്രവർത്തനങ്ങൾ അതിൽ മുഖ്യമാവുകയും ചെയ്തു.

എലിസബത്തിന്റെ അധികാരകാലം തുടങ്ങിയശേഷം പരമ്പരാഗതമായ സ്ഥാനമാനങ്ങൾ, ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ സ്വീകാര്യതയിൽ വലിയ കോട്ടമുണ്ടായി. വീട്ടകങ്ങളിൽ ടിവിയും ഫ്രിഡ്ജും വാക്വം ക്ലീനറുകളും സ്ഥാനംപിടിച്ചു. സാമ്പത്തിക വിജയവും പ്രശസ്തിയും നേടിയവർ സമൂഹത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായി. മാറ്റത്തിന്റെ കാറ്റ് കോട്ടകൾ ഭേദിച്ച് കൊട്ടാരത്തിനകത്തും കടന്നുകയറി. പ്രഭുകുടുംബങ്ങളിലെ യുവതികളെ രാജസദസ്സിൽ അവതരിപ്പിക്കുന്ന പരിപാടി അവസാനിപ്പിച്ചു. രാജകീയ വിരുന്നുകളിൽ പുതിയ മേഖലകളിൽനിന്നുള്ളവർ ക്ഷണിക്കപ്പെട്ട് തുടങ്ങി.

ലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും | photo: wiki commons

മാറ്റങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയോ അവയെ ഇഷ്ടപ്പെടുകയോ ചെയ്ത വ്യക്തിയായിരുന്നില്ല എലിസബത്ത്. എന്നാൽ, അവയെ വേണ്ടവിധം ഉൾക്കൊണ്ട് രാജകുടുംബത്തിന്റെ സ്ഥാനവും പ്രസക്തിയും പുതിയ കാലത്തിനും സ്വീകാര്യമാവുന്ന നിലയിലേക്ക് മാറ്റിയെടുക്കാനുള്ള തന്ത്രപരമായ വൈദഗ്ധ്യം അവർക്കുണ്ടായി. അനാവശ്യ കാര്യങ്ങളിൽ തീർത്തും ഇടപെടാതെയും ടിവിയുടെ സാധ്യതകളെ വേണ്ടവിധം ഉപയോഗിച്ചും അവർ ആധുനിക ബ്രിട്ടീഷ് സമൂഹത്തിലെ അദൃശ്യ സാന്നിധ്യമായി.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ബ്രിട്ടന്റെ സാമൂഹ്യ-സാമ്പത്തിക ക്രമങ്ങൾ മാറിമറിഞ്ഞപ്പോൾ, സ്വന്തം സ്ഥാനവും കുടുംബമഹിമയും സംരക്ഷിക്കുകയെന്ന ദൗത്യമാണ് രാജ്ഞിക്കുമേൽ വന്നുചേർന്നത്. രാജസ്ഥാനത്തെ പൊളിറ്റിക്കൽ എക്‌സിക്യൂട്ടിവിനെ സേവിക്കുന്ന ഒന്നെന്ന നിലയിൽ ഫലവത്തായി ഉപയോഗിക്കുന്നതിൽ എലിസബത്ത് വിജയിച്ചു. പൊതുസമൂഹത്തിലും മാധ്യമങ്ങൾക്കു മുന്നിലും തികച്ചും അച്ചടക്കപൂർണമായ സംസാരശൈലിയാണ് അവർ പിന്തുടർന്നുപോന്നത്. അതാത് കാലത്ത് അധികാരത്തിലിരുന്ന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ഒട്ടും തന്നെ തലവേദനയാവാതെ അവർ ശ്രദ്ധിച്ചു. സർക്കാരുകളാവട്ടെ നയതന്ത്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുള്ള പ്രതീകാത്മക സന്ദർശകയായി രാജ്ഞിയെ ഉപയോഗിക്കുകയും ചെയ്തു.

1960 കളിൽ രാജകൊട്ടാരത്തിൽ കറുത്ത വർഗക്കാരെ ജോലിക്ക് നിയമിക്കരുതെന്നുള്ള അലിഖിത നിയമമുണ്ടായിരുന്നെന്ന വാർത്ത പുറത്തുവന്നിട്ടുപോലും രാജ്ഞി മൗനംവരിച്ച് പോറലേൽക്കാതെ രക്ഷപ്പെട്ടു.

എലിസബത്തിന്റെ ബാലൻസിംഗ് ആക്റ്റ്

രാജകുടുംബത്തിന്റെയും മൊണാർക്കിയുടെയും ആവശ്യകതയെപ്പറ്റിയുള്ള ചർച്ചകളുയർന്ന കാലത്തുകൂടിയാണ് എലിസബത്ത് രാജ്ഞി ജീവിച്ചത്. അത്തരം വിവാദങ്ങളിലേക്ക് അബദ്ധത്തിൽപോലും തലവെക്കാതിരിക്കാൻ എലിസബത്ത് രാജ്ഞി അതീവ ശ്രദ്ധചെലുത്തി. ഡയാന രാജകുമാരിയുടെ മരണവും, മക്കളുടെ വിവാഹമോചനവുമെല്ലാം അങ്ങേയറ്റം അപ്രശസ്തി സമ്മാനിച്ച 1990 കളെയും അവർ ഇതേ വൈദഗ്ധ്യത്തോടെ നേരിട്ടു.

ദീർഘക്ഷമയുടെ ഫലമെന്നോണം 1990 കൾക്ക് ശേഷം രാജകീയ സ്ഥാനത്തിന്റെ സ്വീകാര്യതയും പ്രശസ്തിയും വർധിച്ചു. അഴിമതിക്കറ പുരളാത്തതും മാറ്റങ്ങളുടെ കാലത്ത് രാജ്യത്തിന്റെ അധികാര പിന്തുടർച്ചയ്ക്ക് ആവശ്യമായതുമായ സ്ഥാനമായി ക്രൗൺ ആഘോഷിക്കപ്പെട്ടു. എത്രതന്നെ മാറ്റങ്ങൾ ആഞ്ഞടിച്ചാലും ബ്രിട്ടൻ ആത്യന്തികമായി ഒരു യാഥാസ്ഥിതിക രാഷ്ട്രമാണെന്ന രാജ്ഞിയുടെ വിവേകപരമായ ഉൾക്കാഴ്ച ശരിയാണെന്ന് തെളിഞ്ഞു. പഴമയുടെ തിരോധാനത്തെ ഭയക്കുന്ന ജനതയ്ക്ക് രാജകുടുംബത്തിലെ വിവാഹങ്ങളും ജനനങ്ങളുമെല്ലാം എത്രത്തോളം ആശ്വാസം നൽകുന്നുണ്ടെന്നും അവർ തിരിച്ചറിഞ്ഞു.

ബക്കിങ്ഹാം കൊട്ടാരം | photo: pixabay

രാജകുടുംബത്തിന് നേർക്ക് നീണ്ട ഓരോ കൂരമ്പുകളേയും നേരിടുന്നതിനേക്കാൾ അവയിൽനിന്ന് ഒളിച്ചിരിക്കുന്നതാണ് നല്ലതെന്ന സുവർണ നിയമം അവർ കൃത്യമായി മനസ്സിലാക്കിയിരുന്നു. ഇപ്പോഴത്തെ രാജാവായ ചാൾസിന്റെയും ഡയാനയുടെയും വിവാഹബന്ധം തകർന്നതും ചാൾസും കാമിലയും തമ്മിലുള്ള വിവാഹേതര ബന്ധവുമെല്ലാം രാജകുടുംബത്തെ കരിനിഴലിലാഴ്ത്തി. എലിസബത്തിന്റെ മറ്റൊരു മകനായ ആൻഡ്രൂവും കുപ്രസിദ്ധ അമേരിക്കൻ മനുഷ്യക്കടത്ത് കുറ്റവാളി ജെഫ്രെയ് എപ്സ്റ്റെയ്നും ഉൾപ്പെട്ട ബലാത്സംഗക്കേസ്സും രാജകുടുംബത്തിന് ദുഷ്‌കീർത്തിയുണ്ടാക്കി. എന്നാൽ, ഇവയൊന്നും തന്റെ സൽപ്പേരിന് കളങ്കം വരുത്താത്ത രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ എലിസബത്ത് മിടുക്കുകാട്ടി. 1960 കളിൽ രാജകൊട്ടാരത്തിൽ കറുത്ത വർഗക്കാരെ ജോലിക്ക് നിയമിക്കരുതെന്നുള്ള അലിഖിത നിയമമുണ്ടായിരുന്നെന്ന വാർത്ത പുറത്തുവന്നിട്ടുപോലും രാജ്ഞി മൗനംവരിച്ച് പോറലേൽക്കാതെ രക്ഷപ്പെട്ടു.

രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള 30 വർഷക്കാലം ഐറിഷ് സ്വാതന്ത്ര്യ പോരാളികൾക്കെതിരെ കടുത്ത അടിച്ചമർത്തൽ നടപടികളാണ് ബ്രീട്ടീഷ് സർക്കാർ അഴിച്ചുവിട്ടത്. 2011 ൽ റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് സന്ദർശിച്ച രാജ്ഞി, സ്വാതന്ത്ര്യ പോരാളികളുടെ സെമിത്തേരിയിൽ പുഷ്പചക്രം അർപ്പിക്കുകയും ശിരസ്സുനമിക്കുകയും ചെയ്തു. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ചില കാര്യങ്ങൾ വേറെ രീതിയിൽ ചെയ്യാമായിരുന്നു എന്നും, മറ്റു ചിലതിന്റെ ആവശ്യമേ ഇല്ലായിരുന്നു എന്നും രാജ്ഞി പ്രസംഗത്തിൽ കൂട്ടിച്ചേര്‍ത്തു. എലിസബത്ത് രാജ്ഞിയുടെ അധികാര കാലത്ത് ബ്രിട്ടീഷ് മൊണാർക്കിയുടെ ഭാഗത്തുനിന്നുണ്ടായ ചരിത്രപരമായ ഖേദപ്രകടനം ഒരുപക്ഷെ ഇതുമാത്രമായിരിക്കും. ചരിത്രത്തിൽ ബ്രിട്ടീഷ് സാമ്രാജ്യം ചെയ്തുകൂട്ടിയ അക്രമങ്ങളുടെയും അനീതികളുടെയും നീണ്ട നിര എലിസബത്ത് രാജ്ഞിയുടെ പരിഗണനയിൽ വന്നിട്ടില്ല എന്നുതന്നെ പറയാം. ബ്രിട്ടന്റെ ചാരത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പും, സ്വന്തം സ്ഥാനത്തിന്റെയും കുടുംബത്തിന്റെയും അതിജീവനവും മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതുമാത്രമാണ് അവരുടെ നേട്ടവും.

ചാൾസിനെ കാത്തിരിക്കുന്നത്

രാജ്ഞിയുടെ മരണംവരെ 'രാജകുമാരൻ' സ്ഥാനത്തിരുന്ന ചാൾസ് ഇപ്പോൾ ചാൾസ് മൂന്നാമൻ രാജാവാണ്. എഴുപത് വർഷത്തെ 'രാജ്ഞിയുടെ' അധികാരകാലം ഇനി 'രാജാവിന്റേത്' ആവും. രാജകുടുംബത്തിനും അതിന്റെ തലപ്പത്തിരിക്കുന്നവർക്കും ഒരിക്കലും പുരോഗമനവാദികളാകാൻ കഴിയില്ലെന്ന പാഠമാണ് എലിസബത്ത് ചാൾസിന് കൈമാറുന്നത്. പൊളിറ്റിക്കൽ എക്സിക്യുട്ടിവിനെ സേവിക്കുന്നതും, രാജ്യത്തെ ജനങ്ങൾക്ക് വൈകാരികമായ സംതൃപ്തി നൽകുന്നതുമാണ് രാജകുടുംബത്തിന്റെ പ്രധാന ദൗത്യങ്ങളെന്നും ചാൾസ് ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാവും. ചാൾസ് ഇപ്പോൾ പിന്തുടർന്നുപോരുന്ന പരിസ്ഥിതിവാദവും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രസംഗങ്ങളും യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുവന്ന്, അനുദിനം വലതുപക്ഷത്തേക്ക് നീങ്ങുന്ന ബ്രിട്ടന്റെ രാജാവെന്ന നിലയിൽ തുടരാനുള്ള സാധ്യതയും വളരെ കുറവാണ്. പൊതുമധ്യത്തിലും മാധ്യമങ്ങൾക്കു മുന്നിലും എലിസബത്ത് പാലിച്ച അച്ചടക്കം അതേപടി പകർത്തിയാൽ ചാൾസും കാലക്രമേണ നല്ല രാജാവായി വാഴ്ത്തപ്പെടും. എലിസബത്ത് രാജ്ഞി കൃത്യമായി മനസ്സിലാക്കിയതുപോലെ, വലിയ മാറ്റങ്ങളെ ഭയക്കുന്ന ജനത, രാജാവിന്റെ യാത്രകളും, രാജകുടുംബത്തിലെ ചടങ്ങുകളും കണ്ട് മനസ്സുനിറഞ്ഞ് കൈയ്യടിക്കുകയും ചെയ്യും.

Leave a comment