TMJ
searchnav-menu
post-thumbnail

Outlook

"തളരരുത് എന്ന് അന്നും പറഞ്ഞു"

04 Oct 2022   |   1 min Read
പി എം മനോജ്‌

PHOTOS: PRASOON KIRAN

സൗമ്യതയുടെ ആൾരൂപം തന്നെയായിരുന്നു കോടിയേരി. പക്ഷെ, പാർട്ടി ആക്രമണം നേരിടുമ്പോൾ കോടിയേരിയിൽ സൗമ്യതയുണ്ടാകില്ല. പതിനേഴാം വയസ്സിൽ പാർട്ടി അംഗത്വം ലഭിച്ചപ്പോഴത്തെ അതേ അളവിൽ വികാരവിക്ഷോഭം ആ മുഖത്ത് തെളിയും. തല്ലു കൊള്ളാനും കൊല്ലപ്പെടാനുമുള്ളവരാണ് കമ്യൂണിസ്റ്റുകാർ എന്നു കരുതിയവർക്കായി മയമുള്ള വാക്കുകളൊന്നും കോടിയേരി കരുതി വെച്ചിരുന്നില്ല. പാർട്ടിയെ കൊത്തി വലിക്കാനൊരുമ്പെട്ടു നിൽക്കുന്ന മാധ്യമങ്ങൾക്കും ആ കമ്മ്യൂണിസ്റ്റിൽ നിന്ന് ലഭിച്ചത് അവരുടെ ഇരുട്ടുകയറിയ കർണ്ണപടത്തിലേക്ക് തുളച്ചു പായുന്ന മറുപടികളായിരുന്നു. "ഞങ്ങൾ എന്നും ചെങ്കൊടി താഴ്ത്തിക്കെട്ടാനും കരിങ്കൊടി നെഞ്ചിൽ കുത്താനുമുള്ളവരല്ല" എന്ന കോടിയേരിയുടെ ഓർമ്മപ്പെടുത്തൽ സി പി ഐ (എം) പ്രവർത്തകരുടെ മാംസത്തിലേക്ക് തുടരെത്തുടരെ ആഴ്ന്നിറങ്ങിയ വർഗീയതയുടെ ആയുധങ്ങളെ ലക്ഷ്യമിട്ടായിരുന്നു.

ഒരു കാലഘട്ടത്തിന്റെ കരുത്തായി ജ്വലിച്ച സമരജീവിതമാണ് പയ്യാമ്പലത്തെ കാറ്റിനെയും കടലിരമ്പത്തെയും അതിനെ വെല്ലുന്ന മനുഷ്യ മഹാസാഗരത്തിന്റെ വികാരത്തെയും സാക്ഷിയാക്കി എരിഞ്ഞടങ്ങിയത്. കോടിയേരിയുടെ ജീവിതത്തെ എങ്ങനെയാണ് നിർവ്വചിക്കുക? കിടന്നുകൊണ്ട് ടൗൺ ഹാളിലെത്തിയെ പുഷ്പന്റെ ചെരിഞ്ഞുള്ള നോട്ടത്തിൽ ആ നിർവ്വചനം ഉണ്ട്. പയ്യാമ്പലത്തെ അനുശോചന യോഗത്തിൽ പാതി മുറിഞ്ഞുപോയ പിണറായിയുടെ വാക്കുകളിലുണ്ട്.

ഞാനടക്കമുള്ളവരുടെ ഹൈസ്‌കൂൾ കാലത്ത് തലശ്ശേരിയിലെ സമര നേതാവിന്റെ സാഹസികമായ പോരാട്ടവും ധീരതയും കേട്ടറിഞ്ഞുള്ള ആവേശമായിരുന്നു. ആർ എസ് എസ്സിനോട് നേരിട്ട് ഏറ്റുമുട്ടി തളരാതെ മുന്നോട്ടു നീങ്ങിയ എസ് എഫ് ഐ നേതാവിനോട് അകന്നു നിന്ന് കൊണ്ടുള്ള ആരാധന. ആ പ്രസംഗം കേട്ട് കേട്ടിരിക്കുമ്പോൾ തിളച്ചു കയറിയ ആവേശം. അടിയന്തരാവസ്ഥക്കാലത്ത് വാർത്തകളൊന്നും എവിടെയും വായിച്ചറിയാനാകുമായിരുന്നില്ല. കോടിയേരി ബാലകൃഷ്ണനെ പോലീസ് പിടിച്ചുകൊണ്ടുപോയതും പീഡിപ്പിച്ചതും കേട്ടറിവ്. എസ് എഫ് ഐയിൽ സജീവമാകാനും ഒട്ടും ഭയപ്പാടില്ലാതെ സമര രംഗത്തു നിൽക്കാനും പകർന്നു കിട്ടിയ പ്രചോദനം ആ കേട്ടറിവ് തന്നെയായിരുന്നു. പിന്നീട്, എൺപതുകളുടെ പാതിയിലാണ്, ബാലകൃഷ്‌ണേട്ടനുമായി അടുത്തു പരിചയപ്പെടുന്നത്. ആ പരിചയം പക്ഷെ ഒട്ടും പുതിയതായിരുന്നില്ല. 1987 ലെ നിയമസഭയിൽ ഭരണ പക്ഷത്തെ രണ്ട് യുവ അംഗങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയനായി നിലകൊണ്ടത്. കോടിയേരിയും ഗോപി കോട്ടമുറിക്കലും. രണ്ടു പേരെയും എപ്പോഴും ഒരുമിച്ചേ കാണൂ.

സമ്മേളന വേദിയിലേക്ക് റെഡ് വളണ്ടിയര്‍ വേഷം ധരിച്ച കുട്ടി കൊടിയേരിക്ക് ഉപഹാരം നല്‍കുന്നു.

സഭയിലെ പ്രസ്സ് ഗാലറിക്കരികിലേക്കു ഇരുവരും വരും. വെറുതെ തമാശ പറയുക മാത്രമല്ല, അന്നത്തെ പ്രധാന വിഷയങ്ങൾ പറഞ്ഞുതരികയും ചെയ്യും. പത്രപ്രവർത്തനം തുടങ്ങിയ കാലത്തെ അമൂല്യമായ സഹായം തന്നെയായിരുന്നു അത്. ആ സമയത്ത് ഒരു ദിവസമാണ്, എം വി ആർ എന്നെ പരസ്യമായി ശകാരിച്ചത്. അന്ന് കണ്ണൂരിൽ പാണ്ഡ്യാല ഷാജി എന്ന സി എം പി പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. ഞാനും ഷാജിയും ഒന്നിച്ച് എസ്.എഫ്. ഐയിലുണ്ടായിരുന്നവരാണ്. ഷാജി മംഗലാപുരത്ത് ചികിത്സയിൽ. എം വി ആർ സഭയിൽ നിന്ന് പുറത്തേക്കു പോകുമ്പോൾ എന്റെ മുഖം കണ്ണിൽ പെട്ടു. ശബ്ദമുയർത്തി വഴക്ക്-"നീയൊക്കെ അവനെ കൊല്ലാക്കൊല ചെയ്തില്ലേ" എന്നൊക്കെ. ആർ. ബാലകൃഷ്ണപിള്ള കൂടെയുണ്ടായിരുന്നു. അദ്ദേഹം എം വി ആറിനെ തള്ളി മുന്നോട്ടു കൊണ്ടുപോയി. കോടിയേരി ഇത് കാണുന്നുണ്ട്. അദ്ദേഹം പതുക്കെ അടുത്തേക്ക് വന്നു. എന്നെ പുറത്തേക്കു വിളിച്ച്, സഭയ്ക്ക് പുറത്തെ കോഫീ ഹൗസിൽ കൊണ്ടുപോയി കാര്യങ്ങൾ തിരക്കി. എല്ലാം പറഞ്ഞപ്പോൾ ഞാൻ വിതുമ്പുന്നു. കയ്യിൽ പിടിച്ച് "ഷാജിക്ക് തല്ലു കിട്ടിയതിന് നിങ്ങൾ എന്ത് പിഴച്ചു; അതൊന്നും സാരമാക്കേണ്ട" എന്ന ആശ്വാസ വാക്കുകൾ.

ബാലകൃഷ്‌ണേട്ടൻ "നിങ്ങൾ" എന്നാണ് അഭിസംബോധന ചെയ്യുക. മലബാർ മേഖലയിൽ ബഹുമാന ദ്യോതകമായ സംബോധനയാണത്. ആ നാളുകളിൽ, മന്ത്രിയായിരുന്ന കെ പങ്കജാക്ഷനെ സഭയിൽ ലീഗ് അംഗം പി.കെ. കുഞ്ഞാലിക്കുട്ടി "നിങ്ങൾ" എന്ന് സംബോധന ചെയ്തു. അത് വലിയ അവഹേളനമായി തോന്നിയ പങ്കജാക്ഷൻ ക്ഷോഭം കൊണ്ടു. ഒടുവിൽ മുഖ്യമന്ത്രി നായനാർ ഇടപെട്ടാണ്, "നിങ്ങൾ" വിളി താങ്കൾ, അങ്ങ് എന്നതെല്ലാം പോലെ ആദരവോടെയുള്ളതാണെന്ന് ബോധ്യപ്പെടുത്തിയത്. ബാലകൃഷ്‌ണേട്ടൻ "നീ" എന്ന് വിളിച്ചു കേൾക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അത് പറയുകയും ചെയ്തു. പക്ഷെ "നിങ്ങൾ" എന്നെ വിളിക്കൂ. എന്നെ മാത്രമല്ല, പ്രായത്തിൽ കുറഞ്ഞവരായാലും എല്ലാവരെയും.

കണ്ണൂരിൽ നിരന്തരം സംഘർഷങ്ങൾ ഉണ്ടാകുന്ന കാലം. ഒരു ദിവസം വന്ന വാർത്ത ഒരു ചെറുപ്പക്കാരനെ വഴിയിൽ കെ. സുധാകരന്റെ സംഘം വെടിവെച്ചു കൊന്നു എന്നതായിരുന്നു. പെട്ടെന്ന് വിശ്വസിക്കാനായില്ല. സമാധാന ജാഥ നടത്തുന്ന സുധാകരനും സംഘവും മട്ടന്നൂരിനടുത്ത് അങ്ങനെയൊരു കൊലപാതകം നടത്തുമോ? വിവരങ്ങൾ ഒന്നും വ്യക്തമല്ല. അന്ന് സംസ്ഥാന വാർത്തകൾ കൈകാര്യം ചെയ്യുന്നത് തിരുവന്തപുരത്താണ്. കണ്ണൂർ ഡി സി ഓഫീസിലേക്ക് വിളിച്ചു. ഫോൺ എടുത്തത് സഖാവ് പാച്ചേനി. ഞാൻ കുറെ ചോദ്യങ്ങൾ ഉന്നയിച്ചു. സഖാവ് നാൽപ്പാടി വാസു മരിച്ചു കിടക്കുന്ന സമയത്ത്, വാർത്തയിൽ വ്യക്തത വരുത്താൻ കുറെയേറെ ചോദ്യങ്ങൾ ആയപ്പോൾ ആ മുതിർന്ന സഖാവിന് സഹിക്കാനായില്ല. ക്ഷോഭിച്ചു. ഫോൺ കട്ട് ചെയ്തു. പിന്നീട് ദേശാഭിമാനിയിലേക്ക് കോടിയേരിയുടെ വിളി. നടന്ന സംഭവങ്ങൾ ഒന്നൊന്നായി വിവരിക്കുന്നു. കണ്ണൂരിന് പുറത്ത് അവിശ്വസനീയമായേക്കാവുന്ന ക്രൂര സംഭവമാണ് നാൽപ്പാടി വാസു വധം എന്ന് കോടിയേരിക്ക് ബോധ്യമുണ്ടായിരുന്നു. വഴിയിൽ നിൽക്കുകയായിരുന്ന ആളെ ഒരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊല്ലുന്നത് കേട്ടുകേൾവിയില്ലാത്ത മൃഗീയതയാണ് എന്ന ബോധ്യവും.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവസാനദിവസം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കൂടെ കേഡര്‍മാരുടെ സല്യൂട്ട് സ്വീകരിക്കുന്നു.

ദേശാഭിമാനി കണ്ണൂർ എഡിഷൻ തുടങ്ങുമ്പോൾ കോടിയേരി ജില്ലാ സെക്രട്ടറി. ഞങ്ങൾ ആദ്യ ടീം നവംബറിൽ തന്നെ കണ്ണൂരിലെത്തി. അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ എഡിറ്റോറിയൽ നേതൃത്വം. പി. ശശിയുടെ നേതൃത്വത്തിൽ യൂണിറ്റ് തുടങ്ങാനുള്ള തിരക്കിട്ട പ്രവർത്തനം. എല്ലാറ്റിനും മുന്നിൽ നിന്ന് നയിക്കാൻ കോടിയേരി. കെ. ബാലകൃഷ്ണനും (അന്ന് ദേശാഭിമാനി കണ്ണൂർ ബ്യൂറോ ) ഞാനും ഇടയ്ക്കിടെ കോടിയേരിയെ ചെന്ന് കാണും. ഏതു സംശയത്തിനും അപ്പോൾ തന്നെ മറുപടി കിട്ടും. സപ്ലിമെന്റിൽ എന്തൊക്കെ വേണം, ആരെയൊക്കെ കാണണം എന്നെല്ലാം അദ്ദേഹം തന്നെ പറഞ്ഞു തരും. പത്രം ട്രയൽ അടിച്ചു തുടങ്ങിയിട്ടില്ല. ജനുവരി മുപ്പതിനാണ് ഉദ്ഘാടനം. ഇരുപത്തിയാറിനു പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചു. കെ വി സുധീഷിന്റെ കൊലപാതകം. തളർന്നു പോയി ഞങ്ങൾ. സുധീഷിന്റെ വാർത്തയുമായി ദേശാഭിമാനിയുടെ കണ്ണൂർ എഡിഷന്റെ പ്രത്യേക പത്രം പുറത്തിറങ്ങണം എന്ന ശക്തമായ നിർദേശം കോടിയേരിയുടേതായിരുന്നു. ആദ്യം ആ പ്രസ്സിൽ മഷി പുരണ്ട് ജനങ്ങളിൽ എത്തിയ പത്രം സുധീഷിനെ വെട്ടിക്കൊന്ന വാർത്തയുമായി.

അന്ന്, എന്തെഴുതണം, എങ്ങനെ എഴുതണം എന്നറിയാതെ വാക്കുകൾ കിട്ടാതെ, പ്രിയ സുധീഷിനെ ഒന്നിൽ കൂടുതൽ തവണ നോക്കാനാവാതെ ഇരുന്നു പോയ ഞങ്ങളെ സമാധാനിപ്പിക്കാനും കോടിയേരി സമയം കണ്ടെത്തി. കെ. ബാലകൃഷ്ണൻ നന്നായി റിപ്പോർട്ട് ചെയ്തു. പക്ഷെ എനിക്ക് വാക്കുകൾ പുറത്തു വരുന്നില്ല. വേദന കടിച്ചിറക്കി നിസ്സഹായനായി നിൽക്കുന്നത് കണ്ട്, അടുത്തേക്ക് വന്നു മുതുകിൽ ഒന്ന് തട്ടി- "നിങ്ങളൊക്കെ യുവ സഖാക്കളല്ലേ, ഇങ്ങനെ തളരാമോ" എന്ന ചോദ്യം. പത്രത്തിൽ വരേണ്ട കാര്യങ്ങളെക്കുറിച്ച് രണ്ടോ മൂന്നോ വാചകത്തിൽ നിർദേശവും. അത് മതിയായിരുന്നു കുരുങ്ങിക്കിടന്ന വാക്കുകൾക്ക് അടർന്നു വീഴാനുള്ള ഇന്ധനം.

സുധീഷും ഞാനുമായുണ്ടായ അടുപ്പം കോടിയേരിക്ക് നന്നായറിയാമായിരുന്നു. ആ ഘട്ടത്തിൽ ആർ.എസ്.എസ്. കണ്ണൂർ ജില്ലയിൽ, പ്രത്യേകിച്ച് കൂത്തുപറമ്പ് മേഖലയിൽ പിടിമുറുക്കാൻ സർവ്വ സന്നാഹവും ഉപയോഗിക്കുന്ന അനുഭവങ്ങൾ തുടരെത്തുടരെ. മിക്ക ദിവസവും പാർട്ടി ഓഫിസിലേക്ക് വിളിപ്പിക്കും. കെ ബാലകൃഷ്ണനും ഞാനും പോകും. ഞാൻ സബ്ബ് എഡിറ്ററാണ്. റിപ്പോർട്ടറല്ല. എന്നാലും എന്നെയും വിളിക്കും. ആർ എസ് എസ് രാഷ്ട്രീയത്തിനും നരമേധത്തിനുമെതിരെ ദേശാഭിമാനിയിൽ തുടർച്ചയായി എഴുതാനുണ്ടായ ഒരു പ്രചോദനം ആ വിളികളാണ്. പരീക്ഷണ കാലമായിരുന്നു അത്. ഭരണകൂടം അതിന്റെ എല്ലാ ആയുധങ്ങളുമെടുത്ത് സി പി ഐ (എം)ന് നേരെ പ്രയോഗിക്കുന്നു. ആർ എസ് എസ് കണ്ണൂർ ജില്ലയെ ദത്തെടുക്കുന്നു. ടാഡ പോലുള്ള കരിനിയമങ്ങൾ പ്രയോഗിക്കപ്പെടുന്നു. വന്ദ്യവയോധികനായ എം.ഓ. പദ്മനാഭൻ അടക്കമുള്ള പാർട്ടി നേതാക്കൾ തുറുങ്കിലടയ്ക്കപ്പെടുന്നു. ജില്ലയിലെ പാർട്ടിയെ നയിക്കുന്നത് കൊടിയേരിയാണ്. ഒരു നിമിഷം പോലും ജാഗ്രത കൈവിടാതെയുള്ള നേതൃത്വം.

കൂത്തുപറമ്പിൽ എസ് എഫ് ഐ ജില്ലാ സമ്മേളനം നടത്തുന്നത് പോലീസ് തടഞ്ഞു. പ്രതിനിധികളെയും നേതാക്കളെയും കൂട്ടത്തോടെ പിടിച്ചു കൊണ്ടു പോയി. അങ്ങനെ വിട്ടു കൊടുക്കില്ല എന്ന് തീരുമാനം. കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ എസ് എഫ് ഐ സമ്മേളനം. ഉദ്ഘാടനം പിണറായി വിജയൻ. സമ്മേളനത്തിന്റെ ആദ്യാവസാന സംവിധാനം കോടിയേരി നേരിട്ട്. ഭരണകൂട ഭീകരതയിൽ പേടിച്ചു സംഘടനാ പ്രവർത്തനം നിർത്തി വെക്കുന്നതിനേക്കാൾ അഭികാമ്യം മരണമാണെന്ന ധീര നിലപാട്. അപ്പോൾ സൗമ്യതയല്ല, എന്തിനെയും നേരിടാനുള്ള ചങ്കുറപ്പാണ് ആ മുഖത്തു നിഴലിച്ചിരുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുന്നു.

കൂത്തുപറമ്പ് വെടിവെപ്പ് നടക്കുന്നു. അന്ന് ടൗൺ ഹാളിനകത്തും പുറത്തും ഉണ്ടായിരുന്ന ദൃക്‌സാക്ഷികളിൽ ഒരാൾ ഞാനായിരുന്നു. വിവരമറിഞ്ഞ കണ്ണൂരിൽ നിന്ന് കോടിയേരി എത്തുന്നു. ദേശാഭിമാനിയിൽ നിന്ന് പി. ശശിയും അപ്പുക്കുട്ടനും കെ. ബാലകൃഷ്ണനും കൂടെയുണ്ട്. കൂത്തുപറമ്പ് പാർട്ടി ഓഫീസിലേക്ക് ആളെ വിട്ട് എന്നെ വിളിപ്പിക്കുന്നു. നിരത്തിൽ ചിതറിയ ചോരയും മനുഷ്യമാംസവും ചവിട്ടിപ്പോകാതെ, നിമിഷവേഗത്തിൽ ഓഫീസിലെത്തിയ എന്നോട് അനേകം ചോദ്യങ്ങൾ. അപ്പോൾ തന്നെ വാർത്താ സമ്മേളനം നടത്തണം. അതിനുള്ള വിവരങ്ങളാണ് നൽകേണ്ടത്. അന്ന് കണ്ടതും അനുഭവിച്ചതും ഇന്നും ഒന്നൊഴിയാതെ മനസ്സിലുണ്ട്. ഒരുകാര്യം പോലും വിടാതെ വിവരിച്ചു കൊടുത്തു. അടുത്തുണ്ടായിരുന്ന സഖാക്കൾ കൂട്ടിച്ചേർത്തു. വികാരനിർഭരമായ പത്രസമ്മേളനമായിരുന്നു അന്ന് കോടിയേരിയുടേത്.

പാർട്ടി നേരിട്ട ഓരോ വെല്ലുവിളിയും അതിജീവിക്കുന്നതിന് കഴിഞ്ഞ നാല് പതിറ്റാണ്ടിൽ കോടിയേരി നൽകിയ സംഭാവനകളും നേതൃത്വവും നേരിട്ടറിഞ്ഞിട്ടുണ്ട്. ലാവലിൻ കേസ് യു ഡി എഫ് നിയമസഭയിൽ കൊണ്ടുവന്നത് പൊടുന്നനെയായിരുന്നു. ആ കരാറിന്റെ തുടക്കം ജി. കാർത്തികേയനിൽ നിന്നാണ്. സഭയിൽ ചർച്ചക്കെടുത്താൽ കോൺഗ്രസ്സിന് തിരിച്ചടി കിട്ടും. അത്തരമൊരു നീക്കം വേണ്ടതില്ല എന്ന് അവർക്കിടയിൽ തീരുമാനമായി. അന്ന് രാത്രി എടുത്ത ആറ് തീരുമാനം, ദേശാഭിമാനിയിൽ ഞാൻ റിപ്പോർട്ട് ചെയ്തു- ചർച്ച ഭയന്ന് കോൺഗ്രസ്സ് പിന്മാറി എന്ന്. പക്ഷെ പുലരുമ്പോഴേക്കും ആ തീരുമാനം അവർ മാറ്റിയിരുന്നു. പിറ്റേന്ന് സഭയിൽ ചർച്ച. സ. പിണറായിയെ വ്യക്തിപരമായി അധിക്ഷേപിച്ചും കുടുംബാംഗങ്ങളെ വലിച്ചിഴച്ചും പി.ടി. തോമസിന്റെ പ്രസംഗം. അസ്വാഭാവികവും മ്ലേച്ഛവുമായ ആക്രമണം. ദേശാഭിമാനി വാർത്ത കൊടുത്തത് കൊണ്ടാണ് വിഷയം ചർച്ചയ്‌ക്കെടുത്തതെന്ന് ചിലരെല്ലാം പറഞ്ഞു. ഞാൻ വല്ലാതെ വിഷമിച്ചു. സ. പിണറായിയോട് പറഞ്ഞപ്പോൾ, അതൊക്കെ അവർ ഇന്നലെ രാത്രി തന്നെ തീരുമാനിച്ചതാണ് എന്നായിരുന്നു മറുപടി. വൈകീട്ട് കോടിയേരി വിളിച്ചു-എം എൽ എ ഹോസ്റ്റലിൽ ചെല്ലാൻ പറഞ്ഞു. ചെന്നത് ആശങ്കയോടെയാണ്. പക്ഷെ ഊഷ്മളമായിരുന്നു സ്വീകരണം. ഒട്ടും വിഷമിക്കേണ്ട, ശരിയായ കാര്യം തന്നെയാണ് ചെയ്തത് എന്ന് ആശ്വസിപ്പിക്കാൻ.

കേരളത്തിലെ സി പി ഐ എമ്മിനെ അവസാനിപ്പിക്കാൻ ആർ എസ് എസ് തീരുമാനമെടുത്തത് ഒരു തവണയല്ല. കേരളത്തിൽ സ്വയം സേവകരെ കൊന്നൊടുക്കുകയാണ് എന്ന് ദേശവ്യാപക പ്രചാരണം. അമിത് ഷാ നേരിട്ട് കേരളത്തിലെത്തിയുള്ള ജാഥ. പാർട്ടി സെക്രട്ടറി ഒരു ദിവസം വിളിപ്പിക്കുന്നു, ഈ വ്യാജ പ്രചാരണം തുറന്നു കാട്ടുന്ന കാര്യങ്ങൾ ഉടനെ ചെയ്യണം എന്ന നിർദേശം. അതിൽ നിന്നാണ്, രാജ്യതലസ്ഥാനത്തടക്കം കാണിച്ച "കലി" എന്ന ചിത്ര പ്രദർശനവും ആർ എസ് എസിനെ തുറന്നു കാട്ടി വ്യാജപ്രചാരണങ്ങൾ തകർത്തുകൊണ്ടുള്ള ദേശാഭിമാനിയുടെ തുടർച്ചയായ ഇടപെടലും ഉണ്ടായത്.

ഒരു സാധാരണ പാർട്ടി പ്രവർത്തകന് ഈ കാലഘട്ടത്തിൽ കോടിയേരി എന്ന നേതാവുമായി വേണ്ടിവന്ന ഏതാനും ചില ഇടപെടലുകൾ മാത്രമാണ് ഇവിടെ ഓർത്തെടുത്തത്. അതിന്റെ തീവ്രതയും വൈകാരികതയും എത്രമാത്രമെന്ന് സ്വയം തിരിച്ചറിഞ്ഞത്, തലശ്ശേരി ടൗൺ ഹാളിൽ ആ മൃതദേഹത്തിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോഴാണ്. കെട്ടിക്കിടക്കുന്ന വേദനയുടെ ആഴം സ്വയം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.


 

 

 

 

 

 

 

 

 

 

 

Leave a comment