ടൂം ഓഫ് സാൻഡ് : 2022 ലെ പ്രിയ പുസ്തകം
ഗീതാഞ്ജലി ശ്രീ യുടെ 'ടൂം ഓഫ് സാൻഡ്' എന്ന നോവലിന്റെ വായന നൽകിയ അനുഭൂതി പങ്കുവെക്കുകയാണ് ലേഖകൻ.
സമഗ്രതയും സൂക്ഷ്മതയും ഒത്തുചേർന്നുള്ള ആധികാരിക പ്രയാണങ്ങളാണ് പുതിയകാല നോവലുകൾ എന്ന് പൊതുവിൽ പറയാറുണ്ട്. അവ ജീവിതത്തിന്റെ സങ്കീർണ്ണതകൾ കാണിച്ചുതരുന്നു. അറിവും സ്വാതന്ത്ര്യവും കൂടിക്കൂടി വരുമ്പോഴും മനുഷ്യജീവിതം കൂടുതൽ കൂടുതൽ സങ്കീർണ്ണമാവുകയാണ്. അതിനെ തരണം ചെയ്യുവാനുള്ള സർഗ്ഗാത്മക പരീക്ഷണങ്ങളാണ് എന്നത്തേയും പോലെ ഇന്നും സാഹിത്യം നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയകാലത്തിന്റെ സങ്കീർണ്ണതകൾ എഴുത്തിന്റെ സ്വഭാവത്തിൽ സ്വാധീനം ചെലുത്തുകയും അതിന്റെ രൂപഭാവങ്ങളിൽ കാതലായ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. നോവലെന്ന സാഹിത്യരൂപത്തിൽ വന്ന മാറ്റങ്ങളിലാണ് ഇക്കാര്യങ്ങളെല്ലാം സ്പഷ്ടമായി പ്രതിഫലിച്ചു കാണുന്നത്. ആധുനിക നോവൽ ആധുനിക ജീവിതത്തിന്റെ സങ്കീർണ്ണതകളെ കാണിച്ചുതരുന്നു എന്നർത്ഥം. അവയെ ഉൾക്കൊള്ളാൻ ആധുനികമായ ഒരു വായനാ സംസ്കാരവും ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. വായന ഒരു ലളിത വിനോദമല്ലെന്ന് വായനക്കാർ അറിഞ്ഞിരിക്കണം. ആധുനിക വായന ആവശ്യപ്പെടുന്ന, പുതിയകാല ജീവിതത്തിന്റെ സങ്കീർണ്ണതകൾ വരച്ചുകാട്ടുന്ന സമഗ്രവും സൂക്ഷ്മവുമായ ഒരാഖ്യാനമാണ് ഈ വർഷത്തെ ബുക്കർ അന്തരാഷ്ട്ര പുരസ്കാരം നേടിയ ഗീതാജ്ഞലി ശ്രീയുടെ 'ടും ഓഫ് സാൻഡ്' എന്ന നോവൽ. ഈ വർഷത്തിലെ എന്റെ വായനയിൽ ഇതിനോളം കിടപിടിക്കുന്ന മറ്റൊരു രചനയും ഉണ്ടായിരുന്നില്ല. ഇന്ത്യക്കാരിയായ ഈ എഴുത്തുകാരിയിലേക്ക് നമ്മുടെയൊക്കെ ശ്രദ്ധയെത്താൻ അവർ ഇത്തരമൊരു അന്തരാഷ്ട്ര പുരസ്കാരം നേടേണ്ടിവന്നു എന്ന കുറ്റബോധം എന്നിലെ വായനക്കാരനുണ്ട്.
ഭർത്താവിന്റെ മരണത്തെത്തുടർന്ന് ജീവിതത്തോട് വിരക്തി കാണിച്ചു തുടങ്ങിയ വൃദ്ധയായ ഒരമ്മയുടെ കഥയിൽ തുടങ്ങി മുന്നേറുന്ന ഈ നോവലിന് പ്രധാനമായും മൂന്നു ഭാഗങ്ങളുണ്ട്. വേറിട്ട ഈ മൂന്നു ഭാഗങ്ങളിലൂടെ മനുഷ്യാവസ്ഥയുടെ വ്യത്യസ്ത മുഖങ്ങൾ കോറിയിടുകയാണ് നോവലിസ്റ്റ്. എല്ലാറ്റിൽനിന്നുമുള്ള ഒരു പിൻവലിയലിനാണ് മാ എന്നറിയപ്പെട്ട ആ സ്ത്രീ ശ്രമിച്ചത്. ഭർത്താവിന്റെ മരണം അവരെ മാറ്റിമറിക്കുകയായിരുന്നു. കിടന്നിരുന്ന കട്ടിലിൽ നിന്ന് എഴുന്നേൽക്കുവാൻ പോലും അവർ തയ്യാറായില്ല. മകനും ഭാര്യയും കൊച്ചുമകനും ചേർന്നതായിരുന്നു അവരുടെ കുടുംബം. അമ്മയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ അവരെല്ലാം കഴിവതും ശ്രമിക്കുന്നുണ്ട്. പക്ഷേ, മാ അതിനു തയ്യാറാവുന്നില്ല. ആ പിൻവലിയലും ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണോ? അവരൊരു പുതിയ ജീവിതത്തിനായി മനസ്സിനെയും ശരീരത്തേയും പാകപ്പെടുത്തുകയായിരുന്നുവോ? അതുവരെ തുടർന്നു പോന്ന ജീവിതത്തിന്റെ അതിർവരമ്പുകളെ ഭേദിക്കുവാനുള്ള ഒരു തയ്യാറെടുപ്പായി ഇതിനെ മനസ്സിലാക്കേണ്ടതുണ്ടോ? നോവലിന്റെ ആഖ്യാനം മുന്നേറുന്തോറും വായനക്കാരിൽ ഇത്തരം സന്ദേഹങ്ങൾ തീർച്ചയായും കടന്നുവരും. ആഖ്യാനത്തിന്റെ മുന്നോട്ടുപോക്കിനനുസരിച്ച് സ്വന്തം വായനയിൽ ആവശ്യാനുസരണം പുതുക്കലുകൾ നടത്താൻ വായനക്കാരൻ നിർബന്ധിതനാവുകയാണ്. ഇതാണ് ഇപ്പോഴത്തെ നോവലുകൾ വായനക്കാരിൽ നിന്നും ആവശ്യപ്പെടുന്ന നവീനമായ ഒരു വെല്ലുവിളി. പ്രമേയത്തിനപ്പുറം അതു കൈകാര്യം ചെയ്യുന്ന ആഖ്യാനരീതിയാണ് ഈ ഒരു മാറ്റത്തിന് ദിശാബോധം നൽകുന്നത്. ഈ നോവലിന്റെ മുഖ്യ സവിശേഷതയും ഇതു തന്നെയാണ്. എളുപ്പമൊന്നും പിടിതരാത്ത ഒരാഖ്യാന രീതി. എന്നാലത് കൊതിപ്പിക്കുന്നുമുണ്ട്.
ദിവസങ്ങളായി വിരക്തിയിൽ കഴിഞ്ഞിരുന്ന ആ അമ്മ ഒരു ദിവസം പെട്ടന്ന് വീട്ടിൽ നിന്നും അപ്രത്യക്ഷയാവുന്നു. വെറുമൊരു ഊന്നുവടിയുടെ സഹായത്തോടെ അവർ വീടുവിട്ടു പോവുകയായിരുന്നു. മറ്റെല്ലാവരും ഞെട്ടലോടെയാണ് ഇത് മനസ്സിലാക്കുന്നത്. യഥാർത്ഥത്തിൽ അവർ വിരക്തിയുടെ അതിരുകൾ ഭേദിക്കുകയായിരുന്നു. വൈകാതെ അവരെ കണ്ടെത്തുകയും തുടർന്നവർ മകന്റെ വീട്ടിൽ നിന്നും മാറി മകളോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്യുകയാണ്. മകൾ വിവാഹിതയല്ലെങ്കിലും ഒരു സഹജീവിതം നയിക്കുകയായിരുന്നു. ഇവിടെ ഒരു ചോദ്യം ഉയർന്നു വരാം. എന്തുകൊണ്ട് അവർ മകന്റെ സംരക്ഷണത്തിൽ നിന്നും മാറുവാൻ തീരുമാനിച്ചു എന്ന ചോദ്യം. അതുവരെ മകനുമായുണ്ടായിരുന്ന ആത്മബന്ധം നമ്മൾ അറിഞ്ഞതാണ്. ജോലിയിൽ നിന്നും വിരമിച്ച് അമ്മയോടൊപ്പം ജീവിതം ചിലവഴിക്കാൻ മകൻ തയ്യാറെടുക്കുകയായിരുന്നു. എന്നിട്ടും?
അതു മറ്റൊരു സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു. മകൾ സ്വതന്ത്രയായി ജീവിക്കുന്ന ഒരുവളായിരുന്നു. അത്തരമൊരു ജീവിതത്തോട് ആ അമ്മയ്ക്ക് പ്രത്യേകമായ പ്രതിപത്തിയുണ്ടായിരുന്നുവോ? തുടർന്നുള്ള സംഭവങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നു വേണം ധരിക്കാൻ. ചില അതിരുകൾ ലംഘിക്കുവാൻ അവരുടെ ഓർമ്മകൾ അവരെ നിർബന്ധിക്കുന്നുണ്ടായിരുന്നു. അമ്മയും മകളും ചേർന്ന് അവിടെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കുകയാണ്. വൃദ്ധയായ ആ മാതാവ് തികച്ചും പുതിയൊരാളായി മാറുന്നു. അമ്മ മകളായും മകൾ അമ്മയായും മാറിയതുപോലെ എന്നാണ് നോവലിസ്റ്റ് ഈ മാറ്റത്തെ സൂചിപ്പിക്കുന്നത്. അമ്മ പുതിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. അവർക്ക് സ്ഥിരം സന്ദർശകരുണ്ടായിത്തുടങ്ങി. കൂട്ടത്തിൽ റോസി ബുവ എന്ന ഒരു ട്രാൻസ്ജെൻഡർ വന്നു തുടങ്ങി. റോസി പെട്ടന്ന് അമ്മയുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. നോവൽ മുന്നേറുമ്പോൾ ആ അടുപ്പത്തിനും ഇതുവരെ നമ്മളറിഞ്ഞിരുന്നില്ലാത്ത ചില മാനങ്ങളുണ്ടെന്ന് വായനക്കാർ തിരിച്ചറിയുന്നു. റോസി കൊച്ചുകുട്ടിയായിരുന്നപ്പോൾ മുതൽ അമ്മയെ അറിയുമായിരുന്നു. റോസിയും മാ യും ചേർന്ന് പാകിസ്ഥാനിലേക്ക് പോകാൻ തീരുമാനിക്കുന്നു. റോസിയാണ് ആ ആഗ്രഹം മാ യിൽ രൂഢമൂലമാക്കിയത്. ഇവിടെ വെച്ച് നോവൽ മറ്റൊരു തലത്തിലേക്ക് കടക്കുകയായി. നോവലിലെ ഓരോ തലങ്ങളും തീർത്തും വ്യത്യസ്തമായ അനുഭൂതികളാണ് വായനക്കാർക്ക് പകർന്നു കൊടുക്കുന്നത്.
പാകിസ്ഥാൻ യാത്രയുടെ ആവശ്യം മക്കൾക്കും കൊച്ചുമക്കൾക്കും പിടിക്കുന്നില്ല. അമ്മയെ ലോകത്ത് മറ്റെവിടേക്കും കൊണ്ടുപോവാൻ അവരൊരുക്കമായിരുന്നു. പക്ഷേ, ആ അമ്മയ്ക്ക് മറ്റെവിടേക്കും പോകേണ്ടതില്ലായിരുന്നു. അമ്മയുടെ പാകിസ്ഥാൻ ബന്ധവും അവിടെയെത്തിയശേഷമുള്ള ജീവിതവുമാണ് പിന്നീട് നോവലിനെ മുന്നോട്ടു കൊണ്ടുപോവുന്നത്. ഇന്ത്യ-പാക് വിഭജനത്തിനു മുമ്പ് അവർ പാകിസ്ഥാനിലായിരുന്നു. അവരുടെ ബാല്യ - കൗമാരങ്ങൾ അവിടെയാണ് കഴിച്ചുകൂട്ടിയത്. നോവലിന്റെ ഈ ഭാഗത്ത് അവരുടെ പുതിയൊരു ജീവിതചിത്രം ചുരുളഴിഞ്ഞു വരികയാണ്. അന്നവർ ചന്ദ്രപ്രഭ ദേവിയായിരുന്നു. പാകിസ്ഥാനിലേക്കുള്ള മടക്കയാത്ര അൻവറിന്റെ ഓർമ്മകളിലേക്കുള്ള യാത്രകൂടിയായിരുന്നു. അൻവർ അവരുടെ ആദ്യ ഭർത്താവായിരുന്നു. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ അവർക്ക് ആ ഭർത്താവിനെ നഷ്ടമായി. അൻവറുമൊത്തുള്ള ജീവിതത്തിലെ സ്വപ്നങ്ങൾ ചിതറിപ്പോയി. കാലങ്ങൾക്കിപ്പുറവും വിഭജനത്തിന്റെ മുറിവ് അവരുടെ ഓർമ്മകളിൽ ഉറങ്ങിക്കിടന്നിരുന്നു. അതാണ് അവരെ ഈ യാത്രയ്ക്കു പ്രേരിപ്പിച്ചത്. ഇന്ത്യയിലെത്തിയതിനു ശേഷം നടത്തിയ വിവാഹത്തിനോ, അതിലൂടെ നേടിയ മക്കളും കൊച്ചുമക്കളുമടങ്ങിയ കുടുംബ ജീവിതത്തിനോ ആദ്യകാല ഓർമ്മകളെ ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ യാത്രയിൽ അവർക്ക് ഭൂമിശാസ്ത്രപരമായ അതിർത്തിക്കപ്പുറം മറ്റു പല അതിർത്തികളും കടക്കേണ്ടതായുണ്ട്. നോവലിസ്റ്റ് അതിനായി തന്റെ കഥാപാത്രത്തെ തയ്യാറെടുപ്പിക്കുകയാണ് ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. അവരുടെ ഉള്ളിലെ ഇഷ്ടങ്ങളെ തുറന്നിടാൻ അവസരം കാത്തിരിക്കുകയായിരുന്നു നോവലിസ്റ്റ്. വാർദ്ധക്യത്തിലും മങ്ങലേൽക്കാതെ ആ ആഗ്രഹങ്ങൾ അവരിൽ പ്രചോദനമായി നിലകൊണ്ടു. മനുഷ്യമനസ്സിന്റെ ആഴങ്ങളെ കാണാനാണ് ഈ ഭാഗത്ത് ഗീതാഞ്ജലി ശ്രീ ശ്രമിക്കുന്നത്.
ഈ ഭാഗത്ത് ഇത് വിഭജനത്തിന്റെ മികച്ചൊരാഖ്യാനമായി വികാസം കൊള്ളുകയാണ്. വിഭജനം എന്നതിന്റെ വിവിധ മുഖങ്ങളെയാണ് ഈ നോവൽ കാണിച്ചുതരുന്നത്. ഭൂമിശാസ്ത്രപരമായ ഒന്ന് മാത്രമല്ല വിഭജനം എന്ന തിരിച്ചറിവിലേക്കാണ് നോവൽ വായനക്കാരെ നയിക്കുന്നത്. മനുഷ്യജീവിതത്തിലെ പലതരം വിഭജനാനുഭവങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നതിലും നോവലിസ്റ്റ് വിജയം കണ്ടിരിക്കുന്നു. പല തലത്തിൽ വിഭജനത്തെ നോക്കിക്കണ്ട് ഇത് വിഭജനത്തെപ്പറ്റിയുള്ള സമഗ്ര സ്പർശിയായ ഒരു കൃതിയായി മാറുകയാണ്. അതിർത്തികൾ നിർമ്മിക്കപ്പെടുന്നത് വേർതിരിക്കാൻ മാത്രമല്ല; അവ ലംഘിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകാൻ വേണ്ടി കൂടിയാണ്. പാകിസ്ഥാൻ യാത്രയ്ക്കിടയിൽ വാഗാ ബോർഡറിൽ വെച്ച് അമ്മ പറയുന്ന ഒരു വാചകമുണ്ട്. "ഞാനിവിടേക്ക് വന്നയാളല്ല; ഇവിടം വിട്ടയാളാണ്". അതിർത്തികളോട് സംസാരിക്കുമ്പോൾ ഇതു നമ്മുടെയൊക്കെ മനസ്സിലുണ്ടാവണം. മനസ്സിലെ അതിർത്തികളെ ലംഘിക്കുന്നതിന്റെ ശക്തമായ ഒരു ചിത്രമാണ് ഇവിടെ നമ്മൾ കാണുന്നത്. പ്രതിബന്ധങ്ങൾ മറികടക്കുവാനുള്ളവയാണ് എന്നുകൂടി ഈ ഭാഗം ഓർമ്മിപ്പിക്കുന്നു. ആധുനിക ജീവിതത്തിന്റെ പ്രതിബന്ധങ്ങളെ മറികടക്കുവാൻ സഹായിക്കുന്നവയാണ് ഇത്തരം ആഖ്യാനങ്ങൾ.
നമ്മുടെ മനസ്സിലെ ഇഷ്ടങ്ങൾ സമയവും സാഹചര്യവും ഒത്തുവരുമ്പോൾ അസ്വസ്ഥതകൾ സൃഷ്ടിച്ചു കൊണ്ട് നമ്മുടെ ജീവിതത്തിന്റെ മുൻനിരയിലേക്ക് കടന്നുവരും. ജീവിതാസ്തമയം വരെ അതു സംഭവിച്ചുകൊണ്ടിരിക്കും. അതൊരു വലിയ സത്യമാണ്. ആധുനിക മനുഷ്യൻ കൊണ്ടുനടക്കുന്ന ഈ സത്യദർശനത്തെ നോവലിസ്റ്റ് കാണിച്ചുതരുന്നു. ഇഷ്ടങ്ങൾ സാക്ഷാത്കരിക്കുക എന്നതിലേക്ക് ജീവിതത്തെ പരിമിതപ്പെടുത്താൻ നമുക്കൊന്നും മടിയില്ല.
ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഒരുമിച്ച് നോക്കിക്കാണുക എന്നത് അസാധ്യമാണ്. എന്നാൽ അത് കാണിച്ചു തരാനുള്ള തീവ്ര ശ്രമമാണ് ഈ നോവലിലൂടെ നോവലിസ്റ്റ് നടത്തുന്നത്. വാർദ്ധക്യത്തിന്റെ മുന്നിൽ നിന്ന് ജീവിതത്തിന്റെ ഇന്നകളിലേക്ക് പിൻതിരിഞ്ഞ് നോക്കി വിവിധ മാനങ്ങളെ കണ്ടെത്താനുള്ള ശ്രമം. വ്യക്തി, കുടുംബം. ബന്ധങ്ങൾ, വാർദ്ധക്യം, മാതൃത്വം, ഏകാന്തത, സംസ്കാരം, ഭാഷ, ചരിത്രം, ദേശം, ലോകം… ഇവയെല്ലാറ്റിനേയും മനസ്സിലാക്കിക്കൊണ്ടുള്ള ഒരു സഞ്ചാരം. നോവലിസ്റ്റിന്റെ ആശയലോകത്തിന്റെ സമഗ്രത ഇതിലൂടെ വെളിപ്പെടുന്നു. ഇന്ത്യൻ സ്ത്രീ നേരിടുന്ന പ്രതിസന്ധിയുടെ ആഴവും ഇതിലുണ്ട്. നമ്മുടെ സംസ്കാരത്തിലെ സ്ത്രീ-പുരുഷ ബന്ധത്തെയും ലിംഗബോധത്തെയും നോവൽ മൂല്യവിചാരത്തിന് വിധേയമാക്കുന്നുണ്ട്. ഇവയെല്ലാം ചേർന്ന മനുഷ്യാനുഭവമാണ് നമ്മളെല്ലാം ജീവിച്ചു തീർക്കുന്നത്. തിരിച്ചറിവിലൂടെ നേടിയെടുക്കാൻ കഴിയുന്ന സ്വാതന്ത്ര്യം മാത്രമാണ് മനുഷ്യരെ മോചനത്തിലേക്ക് നയിക്കുന്നത്. ഒടുക്കം ജീവിതവും മരണവും തമ്മിലുള്ള വേർതിരിവിൽ എല്ലാം അവസാനിക്കുന്നു. ആ അതിർത്തി വരെ മാത്രമല്ലേ നമുക്കൊക്കെ സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ളൂ. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അതിർത്തികളെപ്പറ്റിയുള്ള ഓരോർമ്മപ്പെടുത്തലായാണ് ഈ നോവൽ വായനക്കാരുടെ മനസ്സിൽ അവസാനിക്കുക.
ആഖ്യാനത്തിന്റെ ശക്തിയിലും ഭാഷയുടെ ഊർജ്ജത്തിലും നടത്തുന്ന ഒരു സർഗാത്മക പരീക്ഷണം കൂടിയാണ് 'ടൂം ഓഫ് സാൻഡ്'. ആഖ്യാനത്തിനിടയിൽ മറ്റുചില സാഹിത്യാനുഭവങ്ങൾ ഈ നോവലിൽ ഇടം നേടുകയും ചെയ്യുന്നുണ്ട്. ഇന്ത്യ-പാക് വിഭജനവുമായി ബന്ധപ്പെട്ട പ്രധാന രചനകളെല്ലാം തന്നെ നോവലിൽ കടന്നുവരുന്നുണ്ട്. അമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ട ഭാഗത്ത് മലയാളി എഴുത്തുകാരൻ സക്കറിയയുടെ ചില കഥകൾ ഗീതാഞ്ജലി ഉപയോഗപ്പെടുത്തുന്നുണ്ട്. കൃഷ്ണ സോബ്തിയുടെ നോവലും ഇവിടെ പരാമർശിക്കപ്പെടുന്നു. നോവലിന്റെ തുറന്ന ആകാശം എന്ന സങ്കല്പം ഇവിടെ അന്വർത്ഥമാവുന്നു. സാഹിത്യം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? അത് ജീവിതത്തെ ഓർമ്മപ്പെടുത്തലുകളോടെ അറിയലാണ്. ഇവിടെ ഒരു സ്ത്രീ സ്വന്തം ഓർമ്മകളിലൂടെ തന്റെ ജീവിതത്തെ കണ്ടെടുക്കുകയാണ്, വീണ്ടെടുക്കുകയാണ്. അതിനിടയിൽ മറ്റു പല ചെറിയ സഞ്ചാരങ്ങളും സാധ്യമാക്കുന്നുമുണ്ട്. ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഈ നോവലിലുണ്ട്. കഥാപാത്രങ്ങളായും അനുഭവങ്ങളായും. അങ്ങനെ സൃഷ്ടിക്കപ്പെട്ടവയാണ് ഇതിലെ കഥാപാത്രങ്ങൾ. അക്കൂട്ടത്തിൽ പക്ഷികളും ശലഭങ്ങളുമൊക്കെ ഉൾപ്പെടുന്നു.
പ്രമേയ സ്വീകാര്യത്തിലും അവതരണത്തിലും ആധുനിക നോവൽ പല പരീക്ഷണങ്ങളിലും ഏർപ്പെടുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങൾക്ക് വിധേയമായ രചനയാണ് 'ടൂം ഓഫ് സാൻഡ്'. ഭാഷയുടെ പ്രയോഗത്തിൽ വന്ന മാറ്റം ഇതിൽ പ്രധാനമാണ്. ഓരോ കാലവും പുതിയ പുതിയ സമസ്യകളെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. അതിനോടൊപ്പം അവയെ നേരിടാനായി പുതിയ പുതിയ വഴികളും കണ്ടെത്തേണ്ടി വരും. അങ്ങനെ മാത്രമേ സാഹിത്യത്തിന് പുതിയൊരവബോധം സൃഷ്ടിക്കുവാനൊക്കൂ. അതൊരു അയത്നലളിതമായ കർമ്മമല്ല. പുതിയ നോവലിസ്റ്റുകൾ ഏറ്റെടുത്ത വെല്ലുവിളിയാണിത്. അതിനായി പുതിയ ഭാവവും ഭാവനയും ഭാവുകത്വവും ഉണ്ടാവേണ്ടതുണ്ട്. ലളിതമായ ആത്മാവിഷ്ക്കാരത്തിലൂടെ സംഭവിക്കുന്ന ഒന്നല്ല അത്. "മനുഷ്യൻ പ്രപഞ്ചത്തിൽ ഉദ്ദേശങ്ങളില്ലാതെ എടുത്തെറിയപ്പെട്ടവനാണ്. അവന് സ്വന്തമായി ഒന്നുമില്ല. ഒരു ചരിത്രം പോലും " എന്നാണ് പണ്ട് ഡാനിഷ് ചിന്തകൻ കീർക്കഗോർ പറഞ്ഞു വെച്ചിട്ടുള്ളത്. ഗീതാഞ്ജലി ശ്രീയുടെ നോവൽ വായിച്ചു തീർന്നപ്പോൾ ഇതാണ് എനിക്കോർമ്മ വന്നത്. അത്തരം മനുഷ്യന് വേണ്ടതെല്ലാം കൊടുക്കാൻ സമൂഹത്തിന് കഴിഞ്ഞെന്നു വരില്ല. എന്നാൽ അതിനു വേണ്ടിയുള്ള സമരമാണ് എഴുത്തുകാർ ഭാവനയിലൂടെ ചെയ്തു കൊണ്ടിരിക്കുന്നത്. ആ സമരത്തിന് വായനക്കാരന്റെ പിന്തുണയുണ്ടാവണം.
വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ പുതിയ തരം ആഖ്യാനങ്ങൾ ചുറ്റിനും വന്നുകൊണ്ടിരിക്കുന്നു. ഭാവനയിലെ അനിശ്ചിതാവസ്ഥകൾ വായനയെ അമ്പരപ്പിക്കുന്നു. അവയിൽ ഭാഷയ്ക്കോ പ്രമേയത്തിനോ പ്രാധാന്യം എന്ന ചോദ്യം ഇപ്പോൾ അപ്രസക്തമായിക്കഴിഞ്ഞു. അതാണ് പുതിയ നോവലുകളുടെ സവിശേഷത. അവ ഭാഷകൊണ്ട് ആഖ്യാനത്തെ നിർമ്മിക്കുന്നു. ആഖ്യാനം ആവശ്യപ്പെടുന്ന ഭാഷയെ കണ്ടെത്തി അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണ് പുതിയകാല നോവൽ രചയിതാക്കൾ ഏറ്റെടുത്തിരിക്കുന്നത്. അവരുടെ പ്രതിനിധിയാണ് ഗീതാഞ്ജലി ശ്രീ. അത്തരത്തിലുള്ള മികച്ചൊരു നോവലാണ് 'ടൂം ഓഫ് സാൻഡ്'. നിരവധി കാര്യങ്ങൾ ഈ നോവൽ പറയുവാൻ ശ്രമിക്കുന്നുണ്ട്. ഇതിൽ പലതരത്തിലുള്ള ബന്ധങ്ങളെ നമുക്കനുഭിച്ചറിയാൻ സാധിക്കുന്നു. അനുഭവത്തിന്റെയും ധിഷണയുടെയും വ്യത്യസ്ത മാനങ്ങൾ ഇതിലുണ്ട്. സ്വാതന്ത്ര്യത്തിന്റെ ആഖ്യാനം നിർമ്മിക്കുവാൻ അവർ ശൈലിയിലും ഭാഷയിലും ഒരുപാട് സ്വാതന്ത്ര്യമെടുക്കുന്നുമുണ്ട്. അതുവഴി നമുക്ക് പരിചിതമല്ലാത്ത ഒരു സൗന്ദര്യ ഘടനയ്ക്ക് ജന്മം കൊടുത്തിരിക്കുന്നു. അന്വേഷണങ്ങളുടെ അനിശ്ചിതത്വത്തെ ഇത് ആഘോഷമാക്കുന്നു. വായനക്കാർ തുറന്ന മനസ്സോടെ ഏറ്റെടുത്ത് വായിച്ചാസ്വദിക്കേണ്ട ഒരു നോവലാണിത്. 2022 ലെ വായനയിൽ ഏറ്റവും മികച്ച നോവലായി ഞാനിതിനെ നിസ്സംശയം ചേർത്തു നിർത്തുന്നു.