വിഷലിപ്തമായ വിദ്വേഷ പ്രസംഗങ്ങൾ
ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. നമ്മള്‍ എവിടെയാണ് എത്തി നില്‍ക്കുന്നത്? മതത്തെ നാം എന്താണ് ചെയ്യുന്നത്? സുപ്രീം കോടതിയില്‍ ജസ്റ്റിസ് കെഎം ജോസഫ് നടത്തിയ നിരീക്ഷണങ്ങള്‍ ആണ് ഇവ. വിഷം വമിക്കുന്ന വിദ്വേഷപ്രസംഗങ്ങള്‍ സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്ന വേളയിലാണ് ജസ്റ്റിസ് ജോസഫ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. രാഷ്ട്രീയ നേതാക്കളെന്നോ മതപുരോഹിതരെന്നോ വ്യത്യാസമില്ലാതെ അന്യമത വിരോധത്തില്‍ ഊന്നി, എന്ത് ഹീനതയും വിളിച്ചു പറയുന്ന ഒരു കൂട്ടര്‍ രാജ്യമാകെ ഉയര്‍ന്നു വന്നിരിക്കുന്നു. മതസ്പര്‍ധ വളര്‍ത്തിയും കലാപങ്ങള്‍ക്ക് ഭീഷണികള്‍ മുഴക്കിയും ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തികളും ദിവസേന പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് വര്‍ഗീയ കലാപങ്ങളുടെയും മതഭ്രാന്തിന്റെയും തീരാത്ത നോവുകള്‍ ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയാനാവുന്നതല്ലെന്ന സത്യം തിരിച്ചറിയേണ്ടത്.
ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1)(a )അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ പൗരര്‍ക്ക് നല്‍കുമ്പോഴും മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്താതെ അവ പ്രകടിപ്പിക്കണമെന്നുള്ള കടമയും ജനങ്ങളില്‍ നിക്ഷിപ്തമാണ്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാകട്ടെ ഇവയൊന്നും കണ്ട ഭാവം നടിക്കാതെ കൂടുതല്‍ വിദ്വേഷപ്രസംഗങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ബിജെപി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശം രാജ്യത്താകെ തീ പടര്‍ത്തിയിരുന്നു. നിരവധി പരാതികളുയര്‍ന്നിട്ടും ഡല്‍ഹി പോലീസ് നുപുറിനെ അറസ്റ്റ് ചെയ്യാതിരുന്നതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. അതിനെത്തുടര്‍ന്നുണ്ടായ കൊലപാതകത്തോടെ രാജ്യത്തോട് മാപ്പ് പറയാന്‍ നുപുര്‍ ശര്‍മ്മ തയാറാകണമെന്നും വികാരം ആളിക്കത്തിക്കുന്ന പാര്‍ട്ടി വക്താക്കള്‍ക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ നല്‍കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി കോടതി ഇടപെട്ടിരുന്നു.
വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളെ നിയന്ത്രിക്കുന്നതിനെപ്പറ്റിയുള്ള സുപ്രീം കോടതി ഉത്തരവ് ചര്‍ച്ചയാവുന്ന സാഹചര്യമിതാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളോട് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പരാതികള്‍ കൂടാതെ സ്വമേധയാ കേസെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാഹോദര്യം നിലനില്‍ക്കുന്നതില്‍ മതസൗഹാര്‍ദം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് പരാമര്‍ശം നടത്തിയത്. പ്രത്യേക സമുദായത്തെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് ഡല്‍ഹി എംപിയും ബിജെപി നേതാവുമായ പര്‍വേശ് വര്‍മ പ്രസംഗിച്ചതും, ഹരിദ്വാറില്‍ ധര്‍മ സന്‍സദ് മതസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍ നടന്നത്. ഇത്തരത്തില്‍ സമാന സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ വിദ്വേഷപ്രസംഗം നടത്തുന്ന എല്ലാ വ്യക്തികളെയും മതത്തിന്റെയോ മറ്റ് സ്വാധീനങ്ങളുടെയോ പങ്ക് നോക്കാതെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വ്യക്തമാക്കി. ഐപിസി 153 എ, 153 ബി, 505, 295 എ എന്നീ വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
നിയമം പറയുന്നത്
വാക്കുകള്‍, ചിഹ്നങ്ങള്‍, ചിത്രങ്ങള്‍, അത്തരം സൂചനകള്‍ എന്നിവയിലൂടെ സമൂഹത്തിലെ വിവിധ ജാതി-മത-ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ പൊരുത്തക്കേട് സൃഷ്ടിക്കുക, സാമൂഹിക ഐക്യവും സമാധാനവും നശിപ്പിക്കുക, ഒരു പ്രത്യേക മതവിഭാഗത്തിലെ സായുധ സംഘത്തെ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി പ്രേരിപ്പിക്കുക എന്നീ മൂന്ന് കാര്യങ്ങളും ഇന്ത്യന്‍ പീനല്‍ കോഡ് ഐപിസി 153 എ പ്രകാരം കുറ്റകരമാണ്. ഇപ്രകാരം കുറ്റം ചെയ്യുന്ന വ്യക്തിക്ക് പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുന്നതാണ്. ഒരു മതകേന്ദ്രത്തില്‍ വച്ചാണ് ഈ മൂന്ന് കാര്യങ്ങളിലൊന്ന് നടക്കുന്നതെന്ന് തെളിഞ്ഞാല്‍ ജയില്‍ ശിക്ഷ അഞ്ച് വര്‍ഷം വരെയാകാം.
ഐപിസി 153 ബി അനുസരിച്ച് സംസാരത്തിലൂടെയോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ, ദൃശ്യമായ പ്രതിനിധാനങ്ങളിലൂടെയോ രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിന് വിള്ളലുണ്ടാക്കിയാല്‍ അവര്‍ കുറ്റക്കാരാണ്. എതെങ്കിലും വ്യക്തികള്‍ക്ക് മതപരം, വംശീയം, ഭാഷ, പ്രാദേശിക വിഭാഗം, എന്നീ കാരണങ്ങളാല്‍ പൗരന്‍മാര്‍ എന്ന നിലയിലുള്ള അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതും കുറ്റകരമാണ്. മതപരം, വംശീയം, പ്രാദേശിക വിഭാഗം എന്നീ തലങ്ങളില്‍ വിദ്വേഷം പ്രകടിപ്പിക്കുന്ന എഴുത്തുകള്‍ പ്രസിദ്ധീകരിക്കുന്നതും ഈ വകുപ്പ് കുറ്റമായി കണക്കാക്കുന്നു. ഇപ്രകാരം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുന്നതായിരിക്കും. ഏതെങ്കിലും ആരാധനാലയത്തിലോ മതപരമായ ചടങ്ങുകള്‍ക്കിടയിലോ വച്ച് മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ ചെയ്തെന്ന് തെളിഞ്ഞാല്‍ ജയില്‍ ശിക്ഷ അഞ്ച് വര്‍ഷം വരെ നീളുന്നതായിരിക്കും.
ആരെങ്കിലും ഏതെങ്കിലും പ്രസ്താവനയോ കിംവദന്തിയോ റിപ്പോര്‍ട്ട് ഉണ്ടാക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ഐപിസി 505 പ്രകാരം മൂന്ന് വര്‍ഷം വരെ തടവോ പിഴയോ, ഇവ രണ്ടും ഒന്നിച്ചോ ലഭിക്കുന്നതാണ്.
സെക്ഷന്‍ 295 പരിശോധിച്ചാല്‍ ഏതെങ്കിലും മതചിഹ്നത്തെയോ, വിശുദ്ധമായി കാണുന്ന മതകാര്യങ്ങളെയോ, മനഃപൂര്‍വം അവഹേളിക്കുകയോ, നശിപ്പിക്കുകയോ, കളങ്കം വരുത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. കുറ്റം ചെയ്യുന്ന വ്യക്തിക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയോ, പിഴയോ, തടവും പിഴയും ഒന്നിച്ചും ലഭിക്കാം.
വാക്കുകള്‍ പ്രവര്‍ത്തികള്‍ എന്നിവകൊണ്ട് ഒരു മതത്തെയോ മതവികാരത്തെയോ വ്രണപ്പെടുത്തുന്നത് സെക്ഷന്‍ 295 എ പ്രകാരം ശിക്ഷാര്‍ഹമാണ്. കുറ്റം ചെയ്ത പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ, ഇവ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്നതാണ്. കൂടാതെ ഇവയെല്ലാം ജാമ്യമില്ലാ വകുപ്പുകളാണ്.
കണക്കുകള്‍
2014 മുതലുള്ള ദേശീയ ക്രൈം റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ രാജ്യത്താകമാനം 336 വിദ്വേഷ പ്രസംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ അവയുടെ എണ്ണം ഒരു പടി ഉയര്‍ന്ന് 378 കേസുകളായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 2016ല്‍ 447 കേസുകളും 2017ല്‍ ഐപിസി 153 എ പ്രകാരം 934 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
1076 കേസുകള്‍ 2018ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2019ല്‍ അവ 1058 ആയി കുറഞ്ഞു. എന്നാല്‍ 2020ലെ റിപ്പോര്‍ട്ട് പ്രകാരം 1804 കേസുകളാണ് രേഖപ്പെടുത്തിയത്. അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത് 70% വര്‍ധനവാണ്. കോവിഡ് ലോക്ഡൗണ്‍ കാലങ്ങളിലും വിദ്വേഷപ്രസംഗങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ല എന്നതാണ് കണക്കുകളില്‍ നിന്ന് മനസിലാക്കുന്നത്.
2020ലെ എന്‍ സി ആര്‍ ബി കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ (303) രേഖപ്പടുത്തിയത് തമിഴ്നാട്ടിലാണ്. 243 കേസുകളോടെ ഉത്തര്‍പ്രദേശാണ് തൊട്ടുപുറകില്‍. 2019നെ അപേക്ഷിച്ച് ഏറെ വര്‍ധനവാണ് 2020ല്‍ രണ്ട് സംസ്ഥാനങ്ങിലും രേഖപ്പെടുത്തിയത്. തെലങ്കാനയും അന്ധ്രാപ്രദേശും കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് ക്രൈം റിക്കോര്‍ഡ്സില്‍ രേഖപ്പെടുത്താത്ത കേസുകള്‍ നിരവധിയാണെന്നാണ് നിഗമനം.
പോലീസ് രേഖകളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും നീതി നടപ്പാക്കാത്ത കേസുകളുടെ എണ്ണവും വര്‍ഷം തോറും വര്‍ധിക്കുന്നതായി കാണപ്പെടുന്നു. എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം 2020ന്റെ ആരംഭത്തില്‍ 1217 കേസുകളാണ് ഇത്തരത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനാവാതെ മുടങ്ങിക്കിടന്നത്. 2016ല്‍ ഇത്തരത്തില്‍ നീതി നടപ്പിലാകാത്ത കേസുകള്‍ 57% ആയിരുന്നെങ്കില്‍ 2020ഓടെ 64.2% കേസുകളായി ഉയര്‍ന്നു. പോലീസ് ചാര്‍ജ്ഷീറ്റ് നല്‍കിയ ശേഷം കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ 153 എ പ്രകാരം 2016ല്‍ 903 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2020ഓടെ 2736 കേസുകളാണ് കോടതി വിധി കാത്തിരുന്നത്.
ഇടമൊരുക്കി സമൂഹ മാധ്യമങ്ങള്‍
സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ സമീപകാലത്തായി വര്‍ധിക്കുന്നുവെന്ന വസ്തുത തള്ളിക്കളയാനാവില്ല. രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തെ മാനിച്ച് പുറത്ത് പറയാന്‍ മടിച്ച വിഷ ചിന്തകള്‍ നവമാധ്യമങ്ങളിലൂടെ പുറന്തള്ളുകയാണ്. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിനുള്ള സുരക്ഷിത താവളമായി അവ മാറുമ്പോഴും വിദ്വേഷം പുലര്‍ത്തുന്ന സംസാരങ്ങള്‍ക്കും വേദിയൊരുക്കുന്നു. വാമൊഴിയായി സംഭവിച്ചിരുന്ന വര്‍ഗീയ ധ്രുവീകരണം ഇപ്പോള്‍ ഓണ്‍ലൈനിലൂടെയും സംഭവിക്കുന്നു.
2022 ഏപ്രിലില്‍ ഫേസ്ബുക്കിലെ വിദ്വേഷപ്രസംഗത്തില്‍ 37.82% വര്‍ധനയും ഇന്‍സ്റ്റഗ്രാമില്‍ 86% കുതിച്ചുചാട്ടവും ഉണ്ടായാതായും മെറ്റ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ 53,200 വിദ്വേഷ പ്രസംഗങ്ങള്‍ ഫേസ്ബുക്കിലൂടെ കണ്ടെത്തി. ഈ കണക്ക് മാര്‍ച്ചില്‍ കണ്ടെത്തിയ 38,600 എന്ന കണക്കുമായി താരതമ്യം ചെയ്താല്‍ 37.82% കൂടുതലാണ്. ഇന്‍സ്റ്റഗ്രാമില്‍ 77,000 വിദ്വേഷ പോസ്റ്റുകളാണ് ഏപ്രിലില്‍ കണ്ടെത്തിയത്. എന്നാല്‍ മാര്‍ച്ചില്‍ 41,300 പോസ്റ്റുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മതവികാരം വ്രണപ്പെടുത്തിയതിനും വിശ്വാസത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തിയതിനും ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ രത്തന്‍ ലാല്‍ സമീപകാലത്ത് അറസ്റ്റിലായിരുന്നു. വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ അടുത്തിടെ നടത്തിയ വിവാദമായ വീഡിയോ സര്‍വേയ്ക്കിടെ കണ്ടെത്തിയ വസ്തുവിനെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത് വിവാദമായി. അദ്ദേഹത്തിന്റെ ട്വീറ്റ് മതവികാരം വ്രണപ്പെടുത്തിയെന്നും ഒരു മതവിഭാഗത്തെ എതിര്‍ക്കുന്നതായും വലതുപക്ഷ സംഘടനകള്‍ ആരോപിച്ചു.എന്നാല്‍ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം ട്വീറ്റ് വെറും ആക്ഷേപഹാസ്യം എന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഇത്തരത്തില്‍ നിരവധി കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അവയൊക്കെ കൃത്യമായി കണ്ടെത്തി തടയുന്നതിലെ ബുദ്ധിമുട്ടുകള്‍ സമൂഹത്തിന് ഭീഷണിയാകുകയാണ്.
വിദ്വേഷം കേരളത്തില്‍
വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന് കുട്ടികളെ തിരഞ്ഞെടുക്കുന്ന പുതിയ സമീപനം കേരളത്തില്‍ കാണാന്‍ കഴിഞ്ഞതും ഇത്തരം കുറ്റകൃത്യങ്ങള്‍ മുളയിലെ നുള്ളിക്കളയേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നതാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമാകുന്ന വാഗ്വാദങ്ങള്‍ പിന്നീട് ആക്ഷേപങ്ങളിലേയ്ക്കും വ്യക്തിഹത്യകളിലേയ്ക്കും നീണ്ടുപോകുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അവ തുടര്‍ന്നുകൊണ്ട് പോകുന്നതും അംഗീകരിക്കാനാവാത്ത വസ്തുതയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മതവികാരം വൃണപ്പെടുത്തുന്ന പ്രവണത കേരളത്തിലും സജീവമാകുന്നു. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം അനുവദിച്ചുകൊണ്ട് വന്ന വിധി മുതല്‍ നാര്‍ക്കോര്‍ട്ടിക് ജിഹാദ് പരാമര്‍ശം വരെ കേരളത്തിലെ വിദ്വേഷ പ്രസംഗങ്ങള്‍ക്കും ഭിന്ന അഭിപ്രായങ്ങള്‍ക്കും തിരികൊളുത്തി. ഇതിലൂടെ മതസൗഹാര്‍ദ കേരളമെന്ന് വര്‍ഷങ്ങളായി വിശ്വസിച്ച് വന്നിരുന്ന ആശയത്തിന് വിള്ളല്‍ വീണിട്ടുണ്ട്. ഇത്തരത്തില്‍ വിഷലിപ്തമായ പ്രസംഗങ്ങളും പ്രചാരണങ്ങളും അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ കേരളത്തിലും രാജ്യത്താകെയും സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.