TMJ
searchnav-menu
post-thumbnail

Outlook

ട്വിറ്റർ; യുഎസ്സ് വലത് പക്ഷത്തിന് മസ്‌കിന്റെ സമ്മാനം

28 Oct 2022   |   1 min Read
തോമസ് കൊമരിക്കൽ

PHOTO: TWITTER

ഫോർബ്സ്, ബ്ലൂംബർഗ്ഗ് ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ ലോകത്തെ ഏറ്റവും ധനികനെന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ഇലോൺ മസ്‌ക്. സമൂഹ മാധ്യമങ്ങളിലും മറ്റും താരപരിവേഷമുള്ള മസ്‌ക്, ഇപ്പോൾ ട്വിറ്റർ ഏറ്റെടുത്തിരിക്കുകയാണ്. ടെസ്ല, സ്പേസ് എക്സ് തുടങ്ങിയ സ്ഥാപനങ്ങൾ സ്വന്തമായുള്ള മസ്‌ക് ഇതോടെ സിലിക്കൺ വാലി ഒളിഗാർക്കുകളുടെ ബിഗ് ടെക്ക് ലോകത്തും നിറസാന്നിധ്യമാവുന്നു. 44 ബില്യൺ യുഎസ് ഡോളർ വിലയ്ക്കാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകർ ട്വിറ്ററിനെ സ്വന്തമാക്കുന്നത്. ടെസ്ലയിലെ സ്വന്തം ഓഹരി വിറ്റ് സ്വരുക്കൂട്ടിയ പണവും അതോടൊപ്പം നിക്ഷേപകരും ബാങ്കുകളും നൽകിയ പണവും ഉപയോഗിച്ചാണ് ഭീമമായ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുന്നത്. ആറു മാസക്കാലമായി മുന്നോട്ടും പിന്നോട്ടും എന്ന മട്ടിൽ തങ്ങി നിന്ന ശേഷമാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നത്.

ട്വിറ്ററിന്റെ നടത്തിപ്പിനെക്കുറിച്ച് നിരന്തരം വിമർശനമുന്നയിച്ചിരുന്ന ചരിത്രം മസ്‌കിനുണ്ട്. കഴിഞ്ഞ വർഷം അവസാനം മുതൽ ട്വിറ്റർ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ട്വിറ്ററിന്റെ ഓഹരികൾ വാങ്ങിക്കൂട്ടുകയായിരുന്നു മസ്‌ക്. ഈ വർഷം മാർച്ച് മാസത്തോടെ, താൻ ട്വിറ്ററിന്റെ 9% ഓഹരികൾ സ്വന്തമാക്കിയെന്ന കാര്യം അയാൾ വെളിപ്പെടുത്തി. ഇതോടെ മസ്‌ക്, കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമസ്ഥൻ ആയിത്തീർന്നു. അതിന് ശേഷം ഡയറക്റ്റർ ബോർഡിൽ അംഗവുമായി. ഏപ്രിൽ 14ന്, 44 ബില്യൺ ഡോളറിന് കമ്പനി വാങ്ങാമെന്ന് മസ്‌ക് പ്രഖ്യാപിക്കുകയായിരുന്നു.
ഏതാണ്ട് അതേ സമയത്ത് തന്നെയാണ് ശ്രീലങ്ക വിദേശ കടം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതും. ഏകദേശം 50 ബില്യൺ ഡോളർ ആയിരുന്നു രാജ്യത്തിന്റെ കട ബാധ്യത. രണ്ടു കോടിയിലധികം ജനങ്ങൾ താമസിക്കുന്ന ദക്ഷിണ ഏഷ്യൻ രാജ്യത്തിന്റെ ആകെ വിദേശ കടത്തിന് അടുത്തുള്ള തുകയ്ക്കാണ് യുഎസ്സിലെ കോർപ്പറേറ്റ്-ടെക്ക് ഒളിഗാർക്കുകളുടെ സാമ്പത്തിക ഇടപാടുകൾ എന്ന വസ്തുത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

photo: wiki commons

മസ്‌കിന്റെ ട്വീറ്റുകളും മറ്റും വളരെ ലാഘവത്തോടെയാണ് ട്വിറ്റർ ഇടപാടിനെയടക്കം പൊതു മദ്ധ്യത്തിൽ അവതരിപ്പിക്കുന്നത്. മുതലാളിത്ത സമ്പദ്ഘടനയും അതിലെ വ്യവഹാരങ്ങളും ഇത്രയധികം ലളിതമാണോ എന്ന് തോന്നിപ്പിക്കും വിധമാണ് മസ്‌ക്കിന്റെ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ. കോർപ്പറേറ്റ് ഗവർണൻസ് പാഠപുസ്തകങ്ങളിലെ സുതാര്യത അഥവാ ട്രാൻസ്പരൻസി എന്ന ആശയം ഇത്രയധികം പിൻപറ്റുന്ന മറ്റൊരാളുണ്ടോ എന്ന് ചിലപ്പോൾ തോന്നിപ്പോകും. ഇതുപോലുള്ള കാരണങ്ങൾകൊണ്ട് ഒട്ടനവധി ആരാധകരെയും സമ്പാദിച്ചിട്ടുണ്ട് മസ്‌ക്. ഒരുപാട് യുവാക്കൾ മസ്‌കിനെ ആദർശ പുരുഷനായും വളർച്ചയ്ക്കുള്ള പ്രചോദനം എന്ന രീതിയിലും കണ്ടു വരുന്നുണ്ട്. എന്നാൽ, മൂലധന ഇടപാടുകളുടെയും ബിസിനസ് രീതികളെയും ഉപരിപ്ലവമായ വിധത്തിൽ അവതരിപ്പിക്കുക മാത്രമാണ് മസ്‌ക് ചെയ്യുന്നത്. ട്വിറ്റർ ഏറ്റെടുക്കൽ തന്നെ ഉദാഹരണമായി എടുക്കാം. മസ്‌കിന്റെ സ്വകാര്യ ധനം മുതൽ, സൗദി, ഖത്തർ രാജ കുടുംബാംഗങ്ങൾ, അന്താരാഷ്ട്ര ബാങ്കുകൾ വരെ ഇടപാടിൽ പങ്കാളികളാണ്. ഇത് മറച്ചുവെച്ചാണ് അയാളുടെ സമൂഹ മാധ്യമങ്ങളിലെ ഹീറോയിസം അരങ്ങേറുന്നത്.

ഏറ്റെടുക്കൽ നടപടി പൂർത്തിയായ ഉടൻ തന്നെ കമ്പനിയുടെ തലപ്പത്ത് വൻ അഴിച്ചു പണിക്ക് തുടക്കമിട്ടിരിക്കുകയാണ് മസ്‌ക്. സിഇഒ പരാഗ് അഗ്രവാൾ, സിഎഫ്ഒ നെഡ് സെഗൽ, നിയമ വിഭാഗം മേധാവി വിജയാ ഗെഡ്ഡെ എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതായിരുന്നു മസ്‌കിന്റെ ആദ്യ നടപടി. അതിനെ തുടർന്ന് 'പക്ഷി സ്വതന്ത്രയായി' എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. ട്വിറ്ററിന്റെ ഔദ്യോഗിക ചിഹ്നമായ പക്ഷിയെയാണ് മസ്‌ക് ഉദ്ദേശിച്ചത്.

ഇപ്പോൾ കമ്പനിയുടെ തലപ്പത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടവരും, ട്വിറ്ററിന്റെ സ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസിയും രാഷ്ട്രീയപരമായി ലിബറൽ കാഴ്ചപ്പാടുള്ളയാളാണ്. അതുകൊണ്ട് തന്നെ അമേരിക്കൻ വലതു പക്ഷത്തിന് ഇവർ അപ്രിയരാണ്. ട്വിറ്ററിന്റെ കോർപ്പറേറ്റ് നേതൃത്വത്തിന് ഇടതുപക്ഷത്തോട് ചായ്വുണ്ടെന്ന് വാദിക്കുന്ന ട്വീറ്റുകളുമായി മസ്‌ക് തന്നെ രംഗത്ത് വന്നിട്ടുള്ളതുമാണ്. ഏറെ കാലമായി യുഎസ്സിലും ലോകമെമ്പാടുമുള്ള വലതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവർ ട്വിറ്റർ നേതൃത്വത്തെ കണ്ണിലെ കരടായാണ് കാണുന്നത്. സമ്മർദ്ദങ്ങളെ തുടർന്ന് വംശീയത, വിദ്വേഷം എന്നിവയ്ക്കെതിരെ ട്വിറ്റർ നടപടിയെടുക്കാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ വഷളായത്. 2021 ജനുവരിയിൽ മുൻ യുഎസ്സ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തിരുന്നു. ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷവും താൻ തന്നെയാണ് പ്രസിഡന്റ് എന്നാണ് ട്രംപ് വാദിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നും മറ്റുമുള്ള ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ചു. ജനുവരി 6ന് യുഎസ്സ് ജനപ്രതിനിധി സഭയിലേക്ക് ആയുധധാരികളായ ട്രംപ് അനുകൂലികൾ ഇരച്ചുകയറി അക്രമം അഴിച്ചു വിടുകയും ചെയ്തു. ഇതേ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളെല്ലാം ട്രംപിനെ വിലക്കാൻ നിർബന്ധിതരായി. ഡൊണാൾഡ് ട്രംപിനെ ആജീവനാന്തം വിലക്കിയിരിക്കുകയാണ് ട്വിറ്റർ. ഇപ്പോൾ 'ട്രൂത്ത് സോഷ്യൽ' എന്ന സ്വന്തം സാമൂഹ്യ മാധ്യമമാണ് ട്രംപ് ഉപയോഗിക്കുന്നത്. താൻ ട്വിറ്റർ ഏറ്റെടുത്താൽ ഡൊണാൾഡ് ട്രംപിനെ നിരോധിച്ച നടപടി പിൻവലിക്കുമെന്ന് മസ്‌ക് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ട്വിറ്റർ നേരത്തെ മുതൽ 'രാജ്യദ്രോഹി' ആണ്. 2018ലാണ് സംഭവങ്ങളുടെ തുടക്കം. ജാക്ക് ഡോർസി ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ 'Smash Brahminical Patriarchy' എന്നെഴുതിയ പോസ്റ്റർ പിടിച്ചു നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ചു.

പരാഗ് അഗ്രവാൾ, ജാക്ക് ഡോർസി | photo: twitter

ഇന്ത്യയിലും, കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കാനുള്ള സർക്കാർ ഉത്തരവുകൾക്ക് എതിരെ കമ്പനി കർണാടക ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. എന്നാൽ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ട്വിറ്റർ നേരത്തെ മുതൽ 'രാജ്യദ്രോഹി' ആണ്. 2018ലാണ് സംഭവങ്ങളുടെ തുടക്കം. ജാക്ക് ഡോർസി ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ 'Smash Brahminical Patriarchy' എന്നെഴുതിയ പോസ്റ്റർ പിടിച്ചു നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ചു. ഇപ്പോൾ പുറത്താക്കപ്പെട്ട വിജയാ ഗെഡ്ഡെയും, പ്രമുഖ മാധ്യമ പ്രവർത്തക ബർഖാ ദത്തും ഡോർസിക്കൊപ്പം ചിത്രത്തിലുണ്ടായിരുന്നു. ഈ ചരിത്രം ട്വിറ്ററിനുള്ളതുകൊണ്ടാവാം ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി ആകുമ്പോൾ ഇന്ത്യയിലുണ്ടായ തരത്തിലുള്ള വൈകാരിക പ്രകടനങ്ങൾ പരാഗ് അഗ്രവാളിന്റെയും വിജയ ഗെഡ്ഡെയുടെയും പുറത്തുപോക്കിന്റെ കാര്യത്തിൽ കാണാത്തത്. മാത്രമല്ല, സംഘ് പരിവാർ അനുകൂല ഓൺലൈൻ മാധ്യമങ്ങൾ ഇവരെ പുറത്താക്കിയ ഇലോൺ മസ്‌കിനെയാണ് വീരനായി വാഴ്ത്തുന്നത്.

വിദ്വേഷ പ്രസംഗവും വംശീയ വാക് പ്രയോഗങ്ങളും 'ഫ്രീ സ്പീച്ചിന്റെ' ഭാഗമാണ് എന്നാണ് യുഎസ്സിലെ വലതുപക്ഷം കാലങ്ങളായി വാദിക്കുന്നത്. എന്നാൽ, കുറച്ചു നാളുകളായി 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പോലുള്ള പ്രതിഷേധങ്ങൾ മൂലം വന്നു ചേരുന്ന നിയന്ത്രണങ്ങൾ അവരെ അലോസരപ്പെടുത്തുന്നുണ്ട്. അമേരിക്കൻ മൂലധനത്തിനും അതിന്റെ അടിത്തറയായ വൈറ്റ് കൺസർവേറ്റിവ് രാഷ്ട്രീയത്തിനും എതിരെ ചെറുവിരൽ അനക്കിയ ബിഗ് ടെക്ക് സ്ഥാപനത്തെ ഇപ്പോൾ മസ്‌കിന്റെ പണം മെരുക്കിയിരിക്കുകയാണ്. കുറച്ചുനാൾ മുൻപ് ഇന്ത്യയിലെ എൻഡിടിവി ഏറ്റെടുക്കാനുള്ള നീക്കം അദാനി ഗ്രൂപ്പ് നടത്തുകയുണ്ടായി. മസ്‌കിന്റെ ട്വിറ്റർ ഏറ്റെടുക്കലിന് സമാനമായി, ആദ്യം രഹസ്യമായി ഓഹരികൾ വാങ്ങിക്കൂട്ടിയ ശേഷം ബാക്കിയുള്ളവയും ഓപ്പൺ ഓഫറിലൂടെ സ്വന്തമാക്കാനുള്ള നീക്കമാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി നടത്തുന്നത്. ചില നിയമ കുരുക്കുകളിൽ തട്ടി അദാനിയുടെ നീക്കം തൽക്കാലത്തേക്ക് തടസ്സം നേരിടുകയാണ് ഇപ്പോൾ. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ ഏറ്റവുമധികം വെറുക്കുന്ന മാധ്യമങ്ങളിലൊന്നാണ് എൻഡി ടിവി, നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് ഗൗതം അദാനി. ലോകമെമ്പാടും വെറുപ്പും വിദ്വേഷവും വിതറുന്ന രാഷ്ട്രീയ ആശയങ്ങൾക്ക് മൂലധന ശക്തികൾ കുടപിടിക്കുന്ന പ്രതിഭാസത്തിന്റെ ദൃഷ്ടാന്തങ്ങളാവുകയാണ് ഈ രണ്ട് സംഭവങ്ങളും.

Leave a comment