
‘വര്‍ക്ക് ഫ്രം ഹോം’ രണ്ടാണ്ടുകള്‍ പിന്നിടുമ്പോള്‍
PHOTO: WIKI COMMONS
ആരോഗ്യ രംഗത്തിനപ്പുറം, ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൂര വ്യാപകമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു കൊണ്ടാണ് കോവിഡ് മഹാമാരി അതിന്റെ മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നത്. ഈ മാറ്റങ്ങളെ പലമേഖലകളും പല വിധത്തിലാണ് അതിജീവിക്കുന്നത്. തൊഴില്‍ സങ്കല്പങ്ങളും തൊഴിലിടങ്ങളും പുനര്‍നിര്‍വചിക്കപ്പെടുകയാണ്. തൊഴിലിടങ്ങള്‍ വീടകങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ടും ഓണ്‍ലൈന്‍ ഡിജിറ്റല്‍ സാങ്കേതികത ഉപയോഗപ്പെടുത്തികൊണ്ടും സേവന, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള മേഖലകള്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനോടൊപ്പം പുതിയ സാധ്യതകള്‍ തേടുകയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍, വര്‍ക്ക് ഫ്രം ഹോം(വീട്ടിലിരുന്ന് ജോലി ചെയ്യുക) എന്ന തൊഴില്‍ രീതി കോവിഡ് സാഹചര്യത്തില്‍ ആണ് കൂടുതല്‍ അനിവാര്യവും, പ്രസക്തവും, മറ്റ് തൊഴിലിടങ്ങളിലേക്ക് വ്യാപകവും ആകുന്നത്. എങ്കിലും ഐടി മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം നിശ്ചിതവും നിര്‍ദ്ദിഷ്ടവുമായ രീതികളില്‍ കോവിഡിന് മുൻപ് തന്നെ പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. ഐടി മേഖലയിലെ തൊഴില്‍ വഴക്ക സാധ്യത (flexibility at work) ക്രമത്തെ നിര്‍ണയിക്കുന്ന പല ഘടകങ്ങളില്‍ ഒന്നായി വീടിലിരുന്നു ജോലി ചെയ്യുന്നതിനെ കണക്കാക്കപ്പെടുന്നു. കോവിഡിന് മുൻപ് വര്‍ക്ക് ഫ്രം ഹോം തൊഴിലിടത്തിലെ വഴക്കസാധ്യതയെ (flexibility) നിര്‍ണയിക്കുന്ന ഘടകം ആയിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍, ഒരു തെരഞ്ഞെടുപ്പിന് സാധ്യത ഇല്ലാത്ത വിധം, നിര്‍ബന്ധിതമായും വീട്ടിലിരുന്നു ജോലി ചെയ്യേണ്ടി വരുന്ന ഒരു സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിലെ വര്‍ക്ക് ഫ്രം ഹോമിനെ കേവലം വഴക്കസാധ്യതയുടെ ഭാഗമായി മാത്രം കാണാതെ, കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തില്‍, ഈ തൊഴില്‍ക്രമം സമൂഹത്തില്‍ എന്ത് മാറ്റമാണ് കൊണ്ട് വരുന്നത്, എങ്ങനെയാണ് ഇതിനോട് തൊഴിലാളികള്‍ സമരസപ്പെടുന്നത്, പലതരം ഇന്റെര്‍സെക്ഷന്‍സ് (intersections) എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, ലിംഗ ബന്ധങ്ങളില്‍ ഇതിന്റെ സ്വധീനം എന്താണ് തുടങ്ങിയ അന്വേഷണങ്ങള്‍ പ്രസക്തമാണ്.
വർക്ക് ഫ്രം ഹോം വ്യവഹാരം പരിശോധിക്കുമ്പോൾ
കോവിഡിനും ലോക്ക്ഡൗണിനും മുൻപ് തന്നെ വർക്ക് ഫ്രം ഹോം തൊഴിൽ രീതി പ്രയോഗത്തിൽ ഉണ്ടായിരുന്നു എങ്കിലും ചില അക്കാദമിക ലേഖനങ്ങള്‍ ഒഴിച്ചാല്‍, കേരള പൊതുമണ്ഡലത്തിൽ ഇതെക്കുറിച്ചുള്ള ഒരു വ്യവഹാരം കാര്യമായി രൂപപ്പെട്ടു വരുന്നത് കോവിഡ് പശ്ചാത്തലത്തിലാണ്. അക്കാദമിക ലേഖനങ്ങള്‍ പരിശോധിക്കുമ്പോള്‍ വര്‍ക്ക് ഫ്രം ഹോമിന്റെ ഗുണങ്ങള്‍ ദോഷങ്ങള്‍ തുടങ്ങിയ ദ്വന്ദങ്ങള്‍ക്കപ്പുറം ഒരു ആലോചന അധികം കണ്ടു വരുന്നില്ല. കോവിഡ് പൂര്‍വ കാലത്ത്, അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു തൊഴില്‍ ക്രമീകരണം എന്നതിനപ്പുറം, അന്താരാഷ്ട്ര തലത്തിൽ പോലും കാര്യക്ഷമമായ ഒരു ബദൽ തൊഴിൽ സംവിധാനമായി ഇതിനെ കണക്കാക്കിയിരുന്നില്ല എന്ന് കാണാൻ കഴിയും. എന്നാൽ കോവിഡ് മഹാമാരിയും തുടര്‍ന്നുള്ള ലോക്ക് ഡൗണും നിർബന്ധിത വർക്ക് ഫ്രം ഹോം സാഹചര്യത്തിലേക്ക് തൊഴിൽ മേഖലയെ തള്ളി വിടുന്ന ഒരവസ്ഥയാണ് ഉണ്ടാക്കിയത്.
ഇന്ത്യയുടെ ജിഡിപി യിലേക്ക് 8 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഐ ടി മേഖലയുടെ 90 ശതമാനം ജോലികളും കോവിഡ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം ആക്കിയതായി കാണാൻ കഴിയും (എക്കണോമിക് ടൈംസ്, മെയ്, 2020, ബിസിനെസ് സ്റ്റാന്‍ഡേര്‍ഡ്, ഫെബ് 2021). റിപ്പോർട്ടുകൾ പ്രകാരം 4.5 ദശലക്ഷം തൊഴിലാളികളാണ് ഇന്ത്യയിലെ IT മേഖലയിൽ വർക്ക് ഫ്രം ഹോമിൽ കഴിഞ്ഞ 18 മാസങ്ങളായി തൊഴിലെടുക്കുന്നത്. ഇന്ത്യയിലെ വമ്പൻ ഐ ടി കമ്പനികളായ ടിസിഎസ് , വിപ്രോ, ഇന്‍ഫോസിസ്, തുടങ്ങിയവ വർക്ക് ഫ്രം ഹോം ക്രമീകരണത്തിൽ തുടരുക അല്ലെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസം മാത്രം ഓഫീസിൽ വന്ന് തൊഴിലെടുക്കുക, ബാക്കി ദിവസങ്ങൾ വർക്ക് ഫ്രം ഹോം തുടരുക എന്ന ഹൈബ്രിഡ് മോഡൽ എന്നിവയിലേക്കാണ് ശ്രദ്ധ ചെലുത്തുന്നത്. നാസ്കോമിന്റെ (NASSCOM) പഠനപ്രകാരം 2022 ജനുവരി മുതൽ അൻപത് ശതമാനത്തിൽ കൂടുതൽ തൊഴിൽ ശക്തി ഓഫീസിലേക്ക് മടങ്ങി വന്നേക്കും എന്നതായിരുന്നു. 2022 ജനുവരിയോട് കൂടി പല കമ്പനികളും തങ്ങളുടെ തൊഴിലാളികളെ തിരിച്ചു വിളിക്കണം എന്ന് പദ്ധതി ഇട്ടിരുന്നു എങ്കിലും ഒമൈക്രോണിന്റെ കടന്ന് വരവ് ആ തീരുമാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
54 % ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നത്, വീട്ടിലെ എല്ലാ ജോലികളും തങ്ങള്‍ക്ക് ചെയ്യേണ്ടി വരുന്നു എന്നാണ്. ഇത്തരത്തില്‍ വീടിനുള്ളിലെ എല്ലാ തൊഴിലും ചെയ്തതിന് ശേഷം വരുമാന ദായകമായ തൊഴില്‍ വീടിലിരുന്നു തന്നെ ചെയ്യേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ എടുക്കുന്ന ഇരട്ട ഭാരത്തെ അദൃശ്യവല്‍ക്കരിച്ചുകൊണ്ടുള്ള, വിവാഹം, മാതൃത്വം തുടങ്ങിയ ചട്ടക്കൂടുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തെ മറച്ചുപിടിക്കുന്ന തരം റിപ്പോര്‍ട്ടിങ്ങും വ്യവഹാരം നിര്‍മിക്കലും പുനപരിശോധിക്കേണ്ടതുണ്ട്.
മഹാമാരി കാലത്തെ വര്‍ക്ക് ഫ്രം ഹോം വ്യവഹാരം മനസിലാക്കുന്നതിനായി 2019 മുതല്‍ 2022 കാലഘട്ടം വരെയുള്ള തൊഴില്‍, ബിസിനെസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ വാർത്ത പോര്‍ടലുകളില്‍ വന്ന വര്‍ക്ക് ഫ്രം ഹോം വാര്‍ത്തകള്‍/റിപ്പോര്‍ട്ടുകള്‍ ആണ് പരിശോധിച്ചത്. ചില ലേഖനങ്ങളുടെ തലക്കെട്ടുകള്‍ പരിശോധിക്കുന്നത് വര്‍ക്ക് ഫ്രം ഹോമുമായി നിലനില്‍ക്കുന്ന വ്യവഹാരം കൂടുതല്‍ വ്യക്തതയോടെ മനസിലാക്കാന്‍ ഉപകരിച്ചേക്കാം.
1. മഹാമാരി ആണെങ്കിലും അല്ലെങ്കിലും വര്‍ക്ക് ഫ്രം ഹോം എന്നത് ഒരു പുതിയ നിയമമാകുമ്പോള്‍ (എക്കണോമിക് ടൈംസ്, ജൂണ്‍ 2021).
2. വര്‍ക്ക് ഫ്രം ഹോം 2022: എന്തുകൊണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ അവരുടെ തൊഴിലിടങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല (ഇന്ത്യ ടുഡെ, ജനുവരി 2022)
3. ടെക് മേഖലയിലെ 38 ശതമാനം ഇന്ത്യന്‍ സ്ത്രീകളും താല്പര്യപ്പെടുന്നത് വര്‍ക്ക് ഫ്രം ഹോം (ബിസിനെസ് സ്റ്റാഡേര്‍ഡ്, ജനുവരി 2021)
4. വിവാഹിതരായ സ്ത്രീകളെ തൊഴിലേലേക്ക് മടങ്ങാന്‍ സഹായിക്കുന്ന വര്‍ക്ക് ഫ്രം ഹോം (മാര്‍ച്ച് 2021)
വര്‍ക്ക് ഫ്രം ഹോമിന്റെ സാധ്യതകള്‍, അതിന്റെ ഗുണങ്ങള്‍ക്ക് മുന്‍ഗണന നൽകി, എന്നാല്‍ ചില പ്രശ്നങ്ങള്‍ ഏതൊരു തൊഴില്‍ ക്രമീകരണത്തിലും ഉള്ളതു പോലെ വര്‍ക് ഫ്രം ഹോമിലും ഉണ്ട് എന്ന തരത്തിലുള്ള ഉപരിപ്ലവമായ റിപ്പോർട്ടിങ്ങാണ് കാണാന്‍ സാധിക്കുന്നത്. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ചും വിവാഹിതരായ, അമ്മമാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറ്റവും ഗുണപ്രദമായ തൊഴില്‍ക്രമം എന്ന നിലയില്‍ ഇതിനെ അടയാളപ്പെടുത്തുന്നു. ബിസിനെസ്സ് സ്റ്റാഡേര്‍ഡ്, ജനുവരി 2021 റിപ്പോര്‍ട്ടിലെ തലക്കെട്ടില്‍ 38 ശതമാനം സ്ത്രീകള്‍ വര്‍ക്ക് ഫ്രം ഹോം താല്‍പര്യപ്പെടുന്നു എന്നു പറയുമ്പോള്‍ തന്നെ വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു ഏതാണ്ട് 76% സ്ത്രീകള്‍ക്കും കോവിഡ് മൂലമുള്ള വര്‍ക്ക് ഫ്രം ഹോം അവരുടെ തൊഴില്‍ജീവിതത്തിലെ പുരോഗതിയെ പിന്നോട്ടടിച്ചു എന്നാണ്. 54 % ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നത്, വീട്ടിലെ എല്ലാ ജോലികളും തങ്ങള്‍ക്ക് ചെയ്യേണ്ടി വരുന്നു എന്നാണ്. ഇത്തരത്തില്‍ വീടിനുള്ളിലെ എല്ലാ തൊഴിലും ചെയ്തതിന് ശേഷം വരുമാന ദായകമായ തൊഴില്‍ വീടിലിരുന്നു തന്നെ ചെയ്യേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ എടുക്കുന്ന ഇരട്ട ഭാരത്തെ അദൃശ്യവല്‍ക്കരിച്ചുകൊണ്ടുള്ള, വിവാഹം, മാതൃത്വം തുടങ്ങിയ ചട്ടക്കൂടുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തെ മറച്ചുപിടിക്കുന്ന തരം റിപ്പോര്‍ട്ടിങ്ങും വ്യവഹാരം നിര്‍മിക്കലും പുനപരിശോധിക്കേണ്ടതുണ്ട്. തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാവിനും ഒരുപോലെ ഉപകാരപ്പെടുന്നു എന്ന വിധത്തില്‍ അടയാളപ്പെടുത്തുന്ന ഈ തൊഴില്‍ക്രമത്തില്‍ യാത്രയ്ക്ക് വേണ്ടി ചെലവാക്കുന്ന സമയ ലാഭം, വേഷവിധാനത്തിനും ഗ്രൂമിങ്ങിനും വേണ്ടിയുള്ള സമയം ലാഭിക്കല്‍, ഇന്ധന ലാഭം, കൂടുതല്‍ സമയം വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയുക എന്നിവ തൊഴിലാളിയുടെ ഭാഗത്തുനിന്നുള്ള മെച്ചങ്ങളായി കണക്കാക്കുന്നു. ഇനി, തൊഴില്‍ ദാതാവിന്റെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഇന്‍ഫ്രാസ്ട്രക്ച്ച്റല്‍ ചെലവ്, സെക്യൂരിറ്റി, കോമണ്‍ സ്പേസ് മാനേജ് ചെയ്യുന്നതിനുള്ള ചെലവുകള്‍ ലാഭിക്കുക, കുറഞ്ഞ അന്തരീക്ഷ മലിനീകരണം തുടങ്ങിയ രീതിയില്‍ പോകുന്നു ഗുണഫലങ്ങളെക്കുറിച്ചുളള വാദങ്ങൾ.

വ്യവഹാരത്തിനപ്പുറം/ വ്യവഹാരങ്ങള്‍ കാണാതെ പോകുന്നത്?
വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ഐടി തൊഴിലാളികള്‍ എന്നതിനെ ഒരു ഏകശിലാരൂപമായി കാണാതെ ഐടി തൊഴിലാളികളില്‍ തന്നെ വ്യത്യസ്തങ്ങളായ ജാതി, ലിംഗം, വാസസ്ഥലം, കുടുംബഘടന, സാങ്കേതികത പ്രാപ്യമാക്കാനുള്ള ചുറ്റുപാട് എന്നിവയ്ക്കുള്ളില്‍ ഇവരുടെ വര്‍ക്ക് ഫ്രം ഹോം അനുഭവങ്ങള്‍ എങ്ങനെ വ്യത്യസ്തങ്ങളാകുന്നു എന്ന് ഇന്റെര്‍സെക്ഷണല്‍ ലെന്‍സ് ഉപയോഗിച്ച് മനസിലാക്കേണ്ടതുണ്ട്. വ്യത്യസ്ത അധികാര ഘടനകള്‍ എങ്ങനെ പരസ്പരം മുറിച്ച് കടക്കുന്നു എന്നും മനസിലാക്കപ്പടണം. ഉദാഹരണമായി, ഞാൻ ഫീൽഡ് വർക്കിന്റെ ഭാഗമായിചെയ്ത ഇന്റെര്‍വ്യൂവില്‍ വര്‍ക്ക് ഫ്രം ഹോം അനുഭവങ്ങള്‍ പങ്ക് വെച്ച ഒറ്റയ്ക്ക് കഴിയുന്ന ബാംഗ്ലൂര്‍ മലയാളി സ്ത്രീയുടെ അനുഭവത്തില്‍ നിന്നും തികച്ചും വ്യത്യതമായിരുന്നു പത്തനംതിട്ട സ്വദേശിനിയായ വിവാഹിതയും അമ്മയുമായ ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥയുടെ അനുഭവം. ആദ്യത്തെ സ്ത്രീയ്ക്ക് വര്‍ക്ക് ഫ്രം ഹോം ആസ്വാദ്യകരവും ദിവസേനയുള്ള യാത്രയില്‍ നിന്നുള്ള മോചനവും ആയപ്പോള്‍ രണ്ടാമത്തെ സ്ത്രീയ്ക്ക് വര്‍ക്ക് ഫ്രം ഹോം എന്നത് വീടുജോലിയുടെ അധിക ഭാരത്തിന്റെയും, തൊഴിലില്‍ വേണ്ടത്ര ശ്രദ്ധപതിപ്പിക്കാന്‍ കഴിയാത്തതിന്റെയും തൊഴിലിടത്തിലെ ബന്ധങ്ങള്‍ നഷ്ടപ്പെടുന്നതിന്റെയും ആകെത്തുകയാണ്.
വര്‍ക്ക് ഫ്രം ഹോം സ്ത്രീ തൊഴിലാളികളോട് ചെയ്യുന്നതെന്ത്?
സ്ത്രീ തൊഴിലാളികള്‍ക്ക് ഏറ്റവും ഗുണപ്രദം എന്ന നിലയില്‍ കൂടിയാണ് വര്‍ക്ക് ഫ്രം ഹോം വ്യവഹാരങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ചും, ജോലി സ്ഥലത്തെ ദൂരം കാരണം തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്നവര്‍, വിവാഹം, മാതൃത്വം തുടങ്ങിയ സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദം കാരണം തൊഴിലെടുക്കാന്‍ കഴിയാതെ വരുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ വേതനം ലഭിക്കുന്ന തൊഴിലെടുക്കാന്‍ ഒരു സുവര്‍ണ്ണാവസരമായി വര്‍ക്ക് ഫ്രം ഹോമിനെ അടയാളപ്പെടുത്തുന്നു . ചരിത്രം പരിശോധിച്ചാല്‍, കേരളത്തിലെ മധ്യവര്‍ഗ സ്ത്രീകളുടെ തൊഴില്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമായിരുന്നില്ല എന്നു മാത്രമല്ല, പൊതുവിടങ്ങളിലേക്ക് കടക്കുന്ന സ്ത്രീകള്‍ എന്ന നിലയില്‍ സമയവും സ്ഥലവുമായി ബന്ധപ്പെട്ട് ഒട്ടനവധി നിയന്ത്രണങ്ങള്‍ ഇവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു എന്നും കാണാം ( ദേവിക , ബിനീത തമ്പി (2011) . ഇന്നും ജോലിസ്ഥലവും വീടും തമ്മിലുള്ള അകലം സ്ത്രീകളുടെ തൊഴില്‍ തെരഞ്ഞെടുപ്പില്‍ ഒരു പ്രധാന ഘടകം ആയി പ്രവര്‍ത്തിക്കുന്നു (സെബാസ്റ്റ്യന്‍, 2008) . ഇത്തരം ഒരു ചരിത്ര പശ്ചാത്തലത്തില്‍ വീട്ടില്‍ നിന്നും അധിക ദൂരം സഞ്ചരിച്ച്, തൊഴിലെടുക്കാന്‍ ‘അനുവാദ’മില്ലാതെ തൊഴില്‍ നഷ്ടപ്പെടുത്തേണ്ടി വരുന്ന സ്ത്രീകള്‍, മാതൃത്വം എന്ന വേതനമില്ലാത്ത തൊഴില്‍ കാരണം വേതനം ലഭിക്കുന്ന പുറത്തെ ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകള്‍, വിവാഹം, മതം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് പുറത്തു പോയി ജോലി ചെയ്യാന്‍ കഴിയാത്ത സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് ഒരു സുവര്‍ണ്ണാവസരമായി വര്‍ക്ക് ഫ്രം ഹോമിനെ അടയാളപ്പെടുത്തുന്നത് അത്യന്തം അപകടകരമാണ്. ഇത് സമൂഹത്തില്‍ നിലനില്‍ക്കുന്ന പിതൃ മേധാവിത്ത ചട്ടക്കൂടിനെ യാതൊരു തരത്തിലും ചോദ്യം ചെയ്യുന്നില്ല എന്നു മാത്രവുമല്ല, സ്ത്രീയുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്ന പിതൃമേധാവിത്തത്തിലൂന്നിയ കുടുംബം, വിവാഹം, മാതൃത്വം തുടങ്ങിയ വ്യവസ്ഥാപിത സ്ഥാപനങ്ങളെ സഹായിക്കുന്ന വിധം സ്ത്രീകളെ വീടകങ്ങളിലേക്ക് തളച്ചിടാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ തൊഴില്‍ എന്നത് കേവലം പണം മാത്രമല്ല എന്നും അത് നല്‍കുന്ന സോഷ്യല്‍ കള്‍ച്ചറല്‍ ക്യാപിറ്റല്‍ ചെറുതല്ല എന്നും മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇപ്പൊഴും സ്ത്രീകള്‍ക്ക് പുറത്തു പോകണം എങ്കില്‍ ജോലി , പഠനം അല്ലെങ്കില്‍ ആരാധനാലയം തുടങ്ങി എണ്ണപ്പെട്ട മതിയായ കാരണം വേണ്ടി വരുന്ന സാഹചര്യത്തില്‍ ജോലി എന്നത് പല സ്ത്രീകള്‍ക്കും ചലനാത്മകതയ്ക്കും സാമൂഹ്യ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും ഒരുപാധികൂടിയാണ്. വര്‍ക്ക് ഫ്രം ഹോം വന്നതിനു ശേഷം അത് വലിയ തോതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ട്.
പഠനത്തിന്റെ ഭാഗമായി നടത്തിയ ഇന്റെര്‍വ്യുവില്‍ ടെക്നോപാര്‍കിലെ ജീവനക്കാരിയായ ഉദ്യോഗസ്ഥ പറയുന്നത് ശ്രദ്ധിക്കൂ, “വര്‍ക്ക് ഫ്രം ഹോമിന് മുൻപും വീട്ടിലെ പണികള്‍ എന്റെ ഉത്തരവാദിത്തം തന്നെ ആയിരുന്നു. മുൻപ് തൊഴിലിടത്തിലേക്ക് നിശ്ചിത സമയത്ത് എത്തിച്ചേരണം എന്നതിനാല്‍ കാര്യങ്ങള്‍ക്ക് കൂടുതൽ ക്രമം ഉണ്ടായിരുന്നു. ടൈം മാനേജ്മെന്റ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സാധിക്കുന്നില്ല. എപ്പോഴും വീട്ടില്‍തന്നെ ഉണ്ടായിരിക്കുന്നതുകൊണ്ട്, എന്നെക്കൊണ്ടുളള ആവശ്യങ്ങളും കൂടുതലാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ചും; പിന്നെ കുട്ടികളെ നോക്കല്‍ അമ്മമാരുടെ പണിയാണെന്നാണല്ലൊവെപ്പ്. മുൻപ് ഓഫീസിലുള്ള നേരം ജോലിക്കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയായിരുന്നു. അതുകൊണ്ടു തന്നെ അത് നേരാംവണ്ണം ചെയ്യാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജോലി സ്ഥലം വീട്ടിലേക്ക് മാറിയതോടെ അത് സാധിക്കുന്നില്ല. കൂടുതല്‍ സമ്മർദ്ദമാണ്”.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും സ്ത്രീകള്‍ക്കെതിയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നത് വീട് എന്ന ഇടം സ്ത്രീകള്‍ക്ക് എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യം ശക്തമായി ഉന്നയിക്കുന്നു. ഇത്തരത്തിൽ നോക്കുമ്പോൾ തൊഴില്‍ ഇടം, വീടിനുള്ളില്‍ തളച്ചിടപ്പെടുന്ന സ്ത്രീകള്‍ക്ക് ബന്ധങ്ങള്‍ ഉണ്ടാക്കുവാനും, സാമൂഹ്യ മൂലധനം നേടിയെടുക്കാനുമുള്ള ഒരു ഉപാധിയാണ്
തൊഴിലിടം വീടകങ്ങളിലേക്ക് വ്യാപിപ്പിക്കപ്പെടുമ്പോള്‍
തൊഴിലിടം വീടകങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി അതുവരെ ഉണ്ടായിരുന്ന കുടുംബത്തിന്റെ പ്രവര്‍ത്തനത്തെ അത് ബാധിച്ചിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. ഇത്തരം ഒരു പുതിയ സാഹചര്യത്തില്‍ കുടുംബ ഉത്തരവാദിത്തങ്ങളുടെ പങ്കുവയ്ക്കലില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടായിട്ടുണ്ടോ? ആരുടെ മേലാണ് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിക്ഷിപ്തമായിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്.
ഇന്ത്യയുടെ, കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തില്‍ വീടകത്തിനുള്ള സമയം, തൊഴിലിടത്തിനുള്ള സമയം, ഇടം എന്നിവ കൃത്യമായി വിഭജിക്കപ്പെട്ടിട്ടുണ്ട്. വീടിന് പുറത്തുള്ള പണിയെ വരുമാന ദായകമായും ദൃശ്യതയുള്ളതുമായി കണക്കാക്കുമ്പോള്‍ വീടിനകത്തെ അദ്ധ്വാനത്തെ തൊഴിലായി കണക്കാക്കുന്നില്ല. അതുകൊണ്ട് കൂടിയാണ്, ഒരു സ്ത്രീയുടെ വീടകത്തെ മുഴുവന്‍ അധ്വാനത്തെയും അദൃശ്യവല്‍ക്കരിച്ച് അതിനെ വീട്ടമ്മ എന്ന തസ്തികയില്‍ ഒതുക്കുന്നത്. തൊഴില്‍ ടെന്‍ഷന്റെയും വര്‍ക്ക് പ്രഷറിന്റെയും ഇടമായും വീട് വിശ്രമത്തിന്റെയും വിനോദത്തിന്റെയും ഇടമായും ആണ്‍ കാഴ്ചയില്‍ കണ്ട് പോരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും സ്ത്രീകള്‍ക്കെതിയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നത് വീട് എന്ന ഇടം സ്ത്രീകള്‍ക്ക് എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യം ശക്തമായി ഉന്നയിക്കുന്നു. ഇത്തരത്തിൽ നോക്കുമ്പോൾ തൊഴില്‍ ഇടം, വീടിനുള്ളില്‍ തളച്ചിടപ്പെടുന്ന സ്ത്രീകള്‍ക്ക് ബന്ധങ്ങള്‍ ഉണ്ടാക്കുവാനും, സാമൂഹ്യ മൂലധനം നേടിയെടുക്കാനുമുള്ള ഒരു ഉപാധിയാണ്. മാത്രവുമല്ല ജോലികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ചെയ്യാനും ദൈനംദിന കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ വിഭജനം സഹായകരമായിരുന്നു. വീട് തന്നെ തൊഴിലിടം ആകുമ്പോള്‍ വീട്ടിലെയും തൊഴിലിടത്തിലെയും കാര്യങ്ങള്‍ ഒരേ സമയം കൈകാര്യം ചെയ്യേണ്ടുന്ന ഉത്തരവാദിത്തം സ്ത്രീകളില്‍ വന്നു ചേരുന്നു. വീട്ടില്‍ തന്നെ ആയത് കാരണം കുട്ടികള്‍ക്കും വീടിലുള്ള മറ്റുള്ളവര്‍ക്കും കൂടുതല്‍ ശ്രദ്ധ, പരിചരണം തുടങ്ങിയവ സ്ത്രീകളില്‍ നിക്ഷിപ്തമാകുന്നു .
തൊഴിലിടത്തില്‍ നിശ്ചിത സമയവും ഇടവും ഉണ്ടായിരുന്ന സമയത്ത് 8 മണിക്കൂര്‍ തൊഴില്‍ എന്ന സര്‍വലോക തൊഴില്‍ നിയമം സാധ്യമായിരുന്നു. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം വന്നതോടെ വീട്ടിലായത് കാരണം തന്നെ തൊഴിലാളി ഏത് സമയവും ഡെസ്കില്‍ ലഭ്യമാകുക എന്നത് ഒരു അലിഖിത നിയമമായിരിക്കുന്നു. രാവിലെ 8 മണി മുതല്‍ 6 മണി വരെയും പിന്നെ 9 മണി മുതല്‍ 12 മണി വരെയും ഉള്ള തൊഴില്‍ സമയങ്ങള്‍ കൂടാതെ പാതിരാത്രി വിളി വന്നാല്‍ പോലും വിളിപ്പുറത്തുണ്ടാകേണ്ടി വരുന്ന അവസ്ഥയുള്ള തൊഴിലാളികളും ഈ മേഖലയില്‍ ഉണ്ട്.
ഇനിയെന്ത്?
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മഹാമാരി കഴിഞ്ഞാലും വര്‍ക്ക് ഫ്രം ഹോം എന്നത് ചില മാറ്റങ്ങളോടെ ഒരു തൊഴില്‍ ക്രമമായി തുടരും എന്നത് തന്നെയാണ്. ടിസിഎസ് മുന്നോട്ട് വയ്ക്കുന്ന 25/25 മോഡല്‍ അനുസരിച്ച് 2025 ഓട് കൂടി മൊത്തം തൊഴില്‍ ശക്തിയുടെ 25 % മാത്രമേ ഓഫീസില്‍ നിന്ന് തൊഴിലെടുക്കുകയുള്ളൂ. ഇങ്ങനെ ക്രമാനുഗതമായി ഒരു ഹൈബ്രിഡ് മോഡല്‍ തൊഴില്‍ക്രമം വരന്‍പോകുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് തലത്തില്‍ ഒരു വര്‍ക്ക് ഫ്രം ഹോം നയം ഉണ്ടാകുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നുണ്ട്. നാസ്കോം തുടങ്ങിയ സംഘടനകള്‍ ഈ വിഷയത്തില്‍ പഠനം നടത്തി വരുന്നു. വര്‍ക്ക് ഫ്രം ഹോമിന് ഒരു നിയമ ചട്ടക്കൂട് ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രതലത്തില്‍ തുടങ്ങിക്കഴിഞ്ഞു. തൊഴില്‍ സമയം ചിട്ടപ്പെടുത്തുക, ഇന്റെര്‍നെറ്റ്, വൈദ്യുതി ചെലവുകള്‍ക്ക് വ്യവസ്ഥ ഉണ്ടാക്കുക എന്നിവ നയരൂപീകരണത്തില്‍ പരിഗണിക്കുന്നു. എന്നാല്‍ സാമൂഹ്യപരമായി വളരെയധികം സ്വധീനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു പുതിയ തൊഴില്‍ക്രമവും അതുമായി ബന്ധപ്പെട്ട നയരൂപീകരണവും നടത്തുമ്പോള്‍ മേല്പറഞ്ഞ വിഷയങ്ങളെയും കാഴ്ചകളെയും ഗൗരവപരമായി എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.