കൂട്ടക്കൊല സാധ്യതയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്
അന്തസ്സുള്ള മനുഷ്യ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതിലെ സുപ്രധാന ഘടകങ്ങളായ ദാരിദ്ര്യം, അസമത്വം, ആരോഗ്യം, ശിശു മരണം, സ്ത്രീകളോടുള്ള വിവേചനം തുടങ്ങിയവയില്‍ ഏതു സൂചികയെടുത്താലും ഇന്ത്യയുടെ സ്ഥാനം നിര്‍ഭാഗ്യവശാല്‍ വളരെ പരിതാപകരമാണ്. കൂട്ടക്കൊലകള്‍ അരങ്ങേറാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലും പരിതാപകരമായ നിലയില്‍ തുടരുകയാണ്. അമേരിക്കയിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ ഭാഗമായ വംശഹത്യ തടയുന്നതിനുള്ള Simon-Skjodt Centre പുറത്തിറക്കുന്ന മുന്നറിയിപ്പ് റിപ്പോര്‍ട്ടില്‍ കൂട്ടക്കൊലക്ക് സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണ്. ബദ്ധവൈരികളായ പാകിസ്ഥാനാണ് ഒന്നാം സ്ഥാനം. 2021-22 വര്‍ഷത്തെ സാധ്യതകളുടെ പട്ടികയിലാണ് പാകിസ്ഥാനും, ഇന്ത്യയും ഒന്നും, രണ്ടും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. 30 രാജ്യങ്ങളുടെ പട്ടികയിലാണ് ഒന്നും, രണ്ടും സ്ഥാനങ്ങള്‍. പ്രത്യേക വിഭാഗത്തിലുളള ജനവിഭാഗത്തെ ലക്ഷ്യമാക്കി ഭരണകൂടമോ, ഭരണകൂടേതര ശക്തികളോ നടത്തുന്ന ആക്രമണത്തില്‍ ആയിരമോ അതിലധികമോ പേര്‍ കൊല്ലപ്പെടാനുള്ള സാധ്യതയാണ് കൂട്ടക്കൊലയായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡം. 2014 മുതലാണ് കൂട്ടക്കൊലയുടെ ആപത്തിന് സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക മുന്‍കൂറായ മുന്നറിയിപ്പായി പ്രസിദ്ധീകരിയ്ക്കുന്ന സംവിധാനം ഹോളോകോസ്റ്റ് മ്യൂസിയം തുടങ്ങുന്നത്. തുടക്കം മുതല്‍ ഇന്ത്യ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നുവെങ്കിലും പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത് 2021-22 വര്‍ഷത്തിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയുടെ സ്ഥാനം പട്ടികയില്‍ കുത്തനെ ഉയരുകയാണ്. 2019-20 വര്‍ഷത്തില്‍ കൂട്ടക്കൊലയുടെ അപകട സാധ്യത 7 ശതമാനമായിരുന്നുവെങ്കില്‍ 2021-22 വര്‍ഷത്തില്‍ അപകട സാധ്യത 14.4 ശതമാനമായി ഉയര്‍ന്നു. ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പാകിസ്ഥാനില്‍ കൂട്ടക്കൊല നടക്കാനുള്ള അപകട സാധ്യത 15.2 ശതമാനമാണ്.
മുസ്ലീം മത വിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്ന പരസ്യമായ ആഹ്വാനങ്ങള്‍ പൊതുമണ്ഡലത്തില്‍ വ്യാപരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ടിനെ വിലയിരുത്തേണ്ടത്. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള വ്യവസ്ഥാപരമായ വിവേചനത്തിന്റെ തീവ്രത രൂക്ഷമായെന്നു വിലയിരുത്തുന്ന റിപ്പോര്‍ട്ട് ദളിത് ജനവിഭാഗങ്ങളുടെ നേരെയുള്ള സംഘടിതമായ ആക്രമണങ്ങളുടെ തോതും ഉയര്‍ന്നതായി രേഖപ്പെടുത്തുന്നു. സാധാരണ പൗരന്മാര്‍ക്ക് നേരെയുള്ള പോലീസിന്റെ ഹിംസയും, നിയമവിരുദ്ധ അറസ്റ്റുകളും മറ്റൊരു അപകട സൂചനയായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യ, സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള പരിമതികള്‍, കൂട്ടക്കൊലകളുടെ ചരിത്രം, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവയും ഇന്ത്യയുടെ സ്ഥാനം നിര്‍ണ്ണയിക്കപ്പെട്ടതിലെ ഘടകങ്ങളാണ്. ഭരണകൂടത്തിന്റെയും, ഭരണകൂടേതര ശക്തികളുടെയും ഭാഗത്തു നിന്നും നിലവില്‍ തിരിച്ചറിഞ്ഞ അപകട മേഖലകള്‍ അല്ലാതെ ഇതുവരെ പരിചിതമല്ലാത്ത മേഖലകളിലും കുഴപ്പങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതകളെപ്പറ്റിയും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
മുന്‍കൂര്‍ മുന്നറിയിപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങളും, രീതിശാസ്ത്രവും വിമര്‍ശനാതീതമല്ലെങ്കിലും വര്‍ത്തമാന കാലത്തെ ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതിഫലനം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന കാര്യം കണ്ടില്ലെന്നു നടിക്കാനാവില്ല. വെറുപ്പും, പകയും, വിദ്വേഷവും സംഘടിതമായ നിലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികളായി മാറിയ രാഷ്ട്രീയ സംഘടനകളും, മറ്റുള്ള സംഘടനകളും പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ഹരിദ്വാറില്‍ ചേര്‍ന്ന ധര്‍മ്മ സന്‍സദില്‍ വംശഹത്യക്ക് പരസ്യമായ ആഹ്വാനം നടത്തിയവരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന സംഘടിതമായ ആക്രമണം രാജ്യത്തിന്റെ ഏതെങ്കിലും കോണില്‍ ദിവസവും അരങ്ങേറുന്നു. മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നവ മാത്രമാണ് നമ്മുടെ ശ്രദ്ധയില്‍ വരുന്നത്. മാധ്യമങ്ങളില്‍ വരാതെ പോകുന്നതിന്റെ സ്ഥിതി എന്താണെന്നു പോലും അറിയാനാവാത്ത സ്ഥിതി വിശേഷമാണ്.
മുന്‍കൂര്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രധാന വിമര്‍ശനം അമേരിക്കയിലും, ഇസ്രായേലിലും നടക്കുന്ന സംഘടിതമായ വംശീയ അക്രമത്തിനെക്കുറിച്ച് അത് പുലര്‍ത്തുന്ന നിശ്ശബ്ദതയാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരും, ഇസ്രായേലില്‍ പാലസ്തീന്‍കാരും നേരിടുന്ന അക്രമത്തെ വംശഹത്യയായി വിലയിരുത്തണമെന്ന ആവശ്യം ലോകമാകെ ദിനം തോറും കൂടുതല്‍ സ്വീകാര്യത നേടുകയാണ്. ഹോളോകോസ്റ്റ് മ്യൂസിയംകാരുടെ പരിഗണനയില്‍ അവ എന്തുകൊണ്ട് പരിഗണന വിഷയമാവുന്നില്ല എന്ന ചോദ്യം അസ്ഥാനത്തല്ല. അമേരിക്കയും, ഇസ്രായേലും മാത്രമല്ല പാശ്ചാത്യലോകത്തെ പ്രമുഖ രാജ്യങ്ങളൊന്നും മുന്‍കൂര്‍ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടില്ല. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍ മാത്രമാണ് അപകട മുന്നറിയിപ്പിന്റെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളതെന്ന വിമര്‍ശനം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. ഇസ്രായേലിന് എതിരായ ഏതൊരു പരാമര്‍ശത്തെയും ജൂതവിരോധമാക്കി പരിവര്‍ത്തനപ്പെടുത്തുന്ന സയണിസ്റ്റ് വീക്ഷണമാണ് ഹോളകോസ്റ്റ് മ്യൂസിയത്തിന്റെ നടത്തിപ്പുകാര്‍ പുലര്‍ത്തുന്നതെന്ന വിമര്‍ശനവും തള്ളിക്കളയാവുന്നതല്ല. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പ്രസക്തമായിരിക്കുമ്പോള്‍ തന്നെ ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ചുള്ള കണ്ടെത്തലുകള്‍ അവഗണിക്കുന്നത് ആത്മഹത്യപരമായിരിക്കും. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അടിത്തറയെന്നു പറയുന്ന തെരഞ്ഞെടുപ്പുകള്‍ അന്യജനവിദ്വേഷം ആളിക്കത്തിക്കുവാന്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന നിമിത്തങ്ങളായി എന്നുകൂടി തിരിച്ചറിയുമ്പോഴാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ വിലയിരുത്താനാവുക.