TMJ
searchnav-menu
post-thumbnail

Outlook

സാമ്രാജ്യത്വത്തിനും, ക്രോണിക്യാപിറ്റലിസത്തിനുമിടയിലെ യുക്രൈന്‍

17 Feb 2022   |   1 min Read
K P Sethunath

'ബുധനാഴ്ചക്കകം റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തണം. അല്ലെങ്കില്‍ റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തും' റഷ്യയില്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി പ്രചാരത്തിലുള്ള പ്രധാന ഫലിതം ഇതായിരുന്നു. യുക്രൈനില്‍ ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന അമേരിക്കന്‍ പ്രചാരണത്തിന്റെ പൊള്ളത്തരം ഒരു പക്ഷെ ഈ ഫലിതത്തില്‍ കാണാനാവും. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും, റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമീര്‍ പുച്ചിനും ശനിയാഴ്ച്ച നടത്തിയ ഒരു മണിക്കൂറിലധികം നീണ്ട ടെലിഫോണ്‍ സംഭാഷണത്തോടെ യുദ്ധഭീതി തല്‍ക്കാലമെങ്കിലും ഒഴിഞ്ഞ സ്ഥിതിയാണ്. എന്നാല്‍ യുക്രൈനെ ചുറ്റിയുള്ള പ്രതിസന്ധി ഇടക്കിടെ യുദ്ധസമാന നിലയില്‍ എത്തുന്ന വിപത്ത് സമീപഭാവിയില്‍ അവസാനിക്കുമെന്നു തോന്നുന്നില്ല. അമേരിക്കയുടെ വന്‍ശക്തി മേധാവിത്തത്തിന്റെ ജിയോപൊളിറ്റിക്കല്‍ (ഭൗമരാഷ്ട്രീയ) താല്‍പ്പര്യങ്ങളും, കണക്കുകൂട്ടലുകളുമായി കെട്ടുപിണഞ്ഞ വിഷയമെന്ന നിലയില്‍ ഇത്തരം വിപത്തുകള്‍ പെട്ടെന്നു അവസാനിക്കുന്നതല്ല. ഇപ്പോഴത്തെ കൊമ്പുകോര്‍ക്കലില്‍ ഇതുവരെ വിജയി പുച്ചിന്‍ ആണെന്ന വിലയിരുത്തലിന്റെ സാഹചര്യത്തില്‍ അമേരിക്കന്‍ നയരൂപീകരണമെന്ന രാവണന്‍കോട്ടയില്‍ തമ്പടിച്ചിട്ടുള്ള യുദ്ധഭ്രാന്തന്മാര്‍ അടങ്ങിയിരിക്കുമെന്നും കരുതാനാവില്ല.

യുക്രൈന്‍ വിഷയത്തില്‍ അഥവാ രമ്യമായ ഒത്തുതീര്‍പ്പ് കണ്ടെത്തുന്നതില്‍ ബൈഡന്‍ വിജയിച്ചാലും രാഷ്ട്രീയമായി അതിന്റെ മേന്മ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ഭരണകൂടത്തിന് കഴിയുമോയെന്ന കാര്യത്തിലും ഉറപ്പില്ല. ഭിന്നങ്ങളായ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ പൂണ്ടു വാഴുന്നയിടമാണ് അമേരിക്കന്‍ നയരൂപീകരണമെന്ന സവിശേഷതയാണ് അതിനുള്ള കാരണം. അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായ ജാക്ക് സള്ളിവന്‍ വെള്ളിയാഴ്ച നടത്തിയ പരാമര്‍ശങ്ങള്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ നല്ല ഉദാഹരണമാണ്. ലോകമാകെ അങ്കലാപ്പ് സൃഷ്ടിച്ച സള്ളിവന്റെ പരാമര്‍ശങ്ങളില്‍ നിന്നും ഭിന്നമായ സാഹചര്യമാണ് ബൈഡന്‍-പുച്ചിന്‍ ടെലിഫോണ്‍ വര്‍ത്തമാനത്തില്‍ തെളിഞ്ഞതെന്ന് അന്താരാഷ്ട്ര നയതന്ത്രബന്ധങ്ങളുടെ രീതിശാസ്ത്രങ്ങളില്‍ പരിണിതപ്രജ്ഞരായ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധം പടിവാതിലില്‍ എത്തിയെന്ന ധാരണയാണ് സള്ളിവന്റെ പരാമര്‍ശങ്ങളില്‍ നിഴലിച്ചതെങ്കില്‍ ബൈഡന്‍-പുച്ചിന്‍ സംഭാഷണത്തിന്റെ ഭാവം അതായിരുന്നില്ല. യുക്രൈനില്‍ അധിനിവേശം നടത്തുന്ന പക്ഷം ഉപരോധമടക്കമുള്ള കടുത്ത നടപടികള്‍ റഷ്യക്കെതിരെ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ ഒരു മണിക്കൂര്‍ പുച്ചിനുമായി ഫോണില്‍ വര്‍ത്തമാനം പറയേണ്ടതില്ലെന്ന നയതന്ത്രജ്ഞനും എഴുത്തുകാരനുമായ എം കെ ഭദ്രകുമാറിന്റെ നിരീക്ഷണം അതിവേഗം മാറിമറിഞ്ഞ നയതന്ത്ര ഭാഷ്യങ്ങളുടെ സ്വഭാവം വെളിപ്പെടുത്തുന്നു. അമേരിക്കന്‍ ഭരണ നേതൃത്വത്തിലെ വിവിധ അധികാര ബ്ലോക്കുകളുടെ പ്രതിനിധികള്‍ അവരവര്‍ സേവിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക-സൈനിക താല്‍പ്പര്യങ്ങളുടെ പേരില്‍ യുദ്ധഭീഷണി മുഴക്കുന്നത് മനസ്സിലാക്കാം. പക്ഷെ യുദ്ധത്തിന്റെ മൊത്ത വില്‍പ്പനക്കാരായി മാധ്യമങ്ങള്‍ മാറിയതിനെ എങ്ങനെയാണ് വിലയിരുത്തുക. അതും സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ കാവല്‍ മാലാഖകളെന്നു സ്വയം വിശേിഷിപ്പിക്കുന്ന ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പ്രമുഖ പത്രങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്ത രീതി. 'യുദ്ധത്തിനായി മാധ്യമങ്ങള്‍ കോപ്പു കൂട്ടുന്നതിനേക്കാള്‍ ജൂഗുപ്‌സാവഹമായി മറ്റൊന്നുമില്ലെന്ന' എഡ്വേര്‍ഡ് സ്‌നൈഡന്റെ ട്വീറ്റ് അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങളുടെ കാപട്യത്തെയും ഇരട്ടത്താപ്പിനെയും ലക്ഷ്യം വെയ്ക്കുന്നു.

wiki commons

അമേരിക്കന്‍ മാധ്യമങ്ങളുടെ ഭരണകൂട സേവയും പക്ഷപാതങ്ങളും വളരെക്കാലമായി മോണിട്ടര്‍ ചെയ്യുന്ന എഴുത്തുകാരനും, ഗവേഷകനുമായ അലന്‍ മക്ലിയോഡ് ഫെബ്രുവരി 4 ന് മിന്റ്പ്രസ്സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ യുക്രൈന്‍ വിഷയത്തില്‍ യുദ്ധത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന സമീപനം ഈ മൂന്നു പത്രങ്ങളും സ്വീകരിച്ചതിന്റെ സമീപകാല ചരിത്രം വിശദീകരിയ്ക്കുന്നു. യുക്രൈന്‍ വിഷയത്തില്‍ ഈ മൂന്നു പത്രങ്ങളും പ്രസിദ്ധീകരിച്ച 90 ശതമാനം ഉള്ളടക്കങ്ങളും യുദ്ധത്തെ അനുകൂലിക്കുന്നതായിരുന്നു. യുദ്ധത്തിന്റെ കാരണക്കാർ റഷ്യ മാത്രമാണെന്നു സ്ഥാപിക്കുന്നതായിരുന്നു അവയുടെ പൊതു സമീപനം. എഴുത്തുകാരില്‍ നല്ലൊരുപങ്കും അമേരിക്കന്‍ സൈനികവ്യവസായ സമുച്ചയവുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രത്യക്ഷത്തില്‍ ബന്ധമുള്ളവരായിരുന്നു. മേഖലയില്‍ യുദ്ധസമാനമായ സ്ഥിതി പടര്‍ത്തുന്നതില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) പങ്കിനെയും യുക്രൈനിലെ ഭരണസഖ്യത്തിലെ നിയോ-നാസികളുമായുളള അമേരിക്കയുടെ ബന്ധങ്ങളെയും കണ്ടില്ലെന്നു നടിക്കുന്ന സമീപനം 90 ശതമാനം എഴുത്തുകളിലും നിറഞ്ഞു നിന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശവും അത് യൂറോപ്പിന് ഉയര്‍ത്തുന്ന ഭീഷണിയും ഇപ്പോൾ മാത്രം സംഭവിക്കുന്നതല്ലെന്ന് മക്ലിയോഡ് ചൂണ്ടിക്കാട്ടുന്നു. ഇടക്കിടെയുള്ള ഹാലിളക്കം (പീരിയോഡിക് ഹിസ്റ്റീരിയ) എന്ന് അദ്ദേഹം വിളിക്കുന്ന ഈ പ്രവണത 2015 മുതല്‍ മിക്കവാറും എല്ലാ വര്‍ഷങ്ങളിലും അരങ്ങേറുന്നു.

യുക്രൈനുമായുള്ള 1200 മൈല്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍ സൈനിക വിന്യാസങ്ങള്‍ നടത്തുന്ന വാര്‍ത്തകള്‍ പാശ്ചാത്യ ഗവണ്‍മെന്റുകളുടെയും, മാധ്യമങ്ങളുടെയും ഇഷ്ടവിഷയമാണ്. ഒരു ലക്ഷം സൈനികരുടെ കണക്കാണ് മിക്കവാറും യുദ്ധസന്നാഹ വാര്‍ത്തകളുടെ ഉള്ളടക്കം. യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ വന്‍തോതിലുള്ള സൈനിക നീക്കം നടത്തുന്നതായി 2015 ല്‍ റോയിട്ടേര്‍സും, ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016 ല്‍ യുദ്ധം ഉടനെയുണ്ടാവുമെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളായിരുന്നു. ഗാര്‍ഡിയന്‍ പത്രത്തിന്റെ ഭാഷയില്‍ റഷ്യ 330,000 പട്ടാളത്തെ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്നായിരുന്നു. അടുത്ത വര്‍ഷം വോള്‍ സ്ട്രീറ്റിന്റെ ഊഴമായിരുന്നു. അതിര്‍ത്തിയില്‍ പതിനായിരക്കണക്കിന് പട്ടാളത്തെ റഷ്യ വിന്യസിക്കുകയാണെന്നായിരുന്നു വാര്‍ത്ത. ന്യൂയോര്‍ക്ക് ടൈംസിന്റെ കണക്കില്‍ അത് ഒരു ലക്ഷം പട്ടാളക്കാരെ വിന്യസിച്ചു എന്നായിരുന്നു. 2018ലും, 19ലും സമാനമായ വാര്‍ത്തകള്‍ ഈ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും മുന്‍കാല ഹാലിളക്കം തുലോം വ്യത്യസ്തമായിരുന്നു. ഇപ്പോഴത്തേതു പോലെ ആഴ്ചകള്‍ നിറഞ്ഞുനില്‍ക്കുന്നതിനു പകരം മിക്കവാറും 2-3 ദിവസങ്ങള്‍ക്കുള്ളിൽ അപ്രത്യക്ഷമാകുന്നതായിരുന്നു അവയുടെ പൊതു സ്വഭാവം.

പാശ്ചാത്യ മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന ആഖ്യാനങ്ങള്‍ അതുപോലെ പിന്തുടരുന്നതിന്റെ ഫലമായി 'റഷ്യയുടെ നാറ്റോ ഫോബിയ എന്നു തീരും' എന്ന തലക്കെട്ട് മലയാള മാധ്യമങ്ങളില്‍ വളരെ സ്വാഭാവികമായ ഒന്നായി മാറുന്നു.

എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതായിരുന്നില്ല. ആഴ്ചകളോളം ന്യൂയോര്‍ക്ക് ടൈംസിലും, വാഷിംഗ്ടണ്‍ പോസ്റ്റിലും, വോള്‍ സ്ട്രീറ്റ് ജേര്‍ണലിലും റഷ്യ ഉടനടി യുക്രൈനെ ആക്രമിക്കുമെന്ന വാര്‍ത്തകളും, വിശകലനങ്ങളും നിറഞ്ഞു നിന്നു. ജനുവരി 7 മുതല്‍ 28 വരെ ഈ മൂന്നു പത്രങ്ങളിലെയും വാര്‍ത്തകളും, വിശകലനങ്ങളും പരിശോധനക്ക് വിധേയമാക്കിയ മക്ലിയോഡിന്റെ കണ്ടെത്തലുകള്‍ ഇവയാണ്. ഇക്കാലയളവില്‍ യുക്രൈന്‍ വിഷയത്തില്‍ മൂന്നു പത്രങ്ങളും കൂടി 91 വീക്ഷണങ്ങള്‍ പ്രസിദ്ധീകരിച്ചു. NYT-15, വാപോ-49, WSJ- 27 എന്നിവയായിരുന്നു ഒരോന്നിലെയും കണക്കുകള്‍. പ്രസിദ്ധീകരിച്ച 91 ലേഖനങ്ങളില്‍ 87 ഉം റഷ്യ ആക്രമണകാരിയെന്നു അടിവരയിടുകയും NATO യുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകളെ പറ്റി നിശ്ശബ്ദത പുലര്‍ത്തുകയും ചെയ്തപ്പോള്‍ നാലു ലേഖനങ്ങള്‍ പ്രത്യേകിച്ച് ഒരു കൂട്ടരെയും ആക്രമണകാരിയായി പേരെടുത്തു പറഞ്ഞില്ല. ആഗോളതലത്തില്‍ വാര്‍ത്ത വിതരണ ശൃംഖലകളുടെ കുത്തക കൈവശമുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആഖ്യാനങ്ങള്‍ ലോകമാകെ നിറയുന്ന സാഹചര്യത്തില്‍ ഒരു സംഭവത്തിന്റെ നിജസ്ഥിതി അറിയണമെങ്കില്‍ ഗവേഷണ താല്‍പ്പര്യത്തോടെ ആ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നിലയിലാണ്.

പാശ്ചാത്യ മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന ആഖ്യാനങ്ങള്‍ അതുപോലെ പിന്തുടരുന്നതിന്റെ ഫലമായി 'റഷ്യയുടെ നാറ്റോ ഫോബിയ എന്നു തീരും' എന്ന തലക്കെട്ട് മലയാള മാധ്യമങ്ങളില്‍ വളരെ സ്വാഭാവികമായ ഒന്നായി മാറുന്നു. നാറ്റോ സൈനിക സഖ്യം പഴയ സോവിയറ്റു യൂണിയനെയും, ഇപ്പോഴത്തെ റഷ്യയെയും മുഖ്യ ശത്രുവായി കാണുന്ന സൈനിക സഖ്യമാണെന്നും അതിന്റെ വ്യാപനം റഷ്യയെ സംബന്ധിച്ചിടത്തോളം ജീവന്മരണ വിഷയമാണെന്നും ഉള്ള വസ്തുത പാശ്ചാത്യ മാധ്യമ ആഖ്യാനങ്ങളില്‍ ഒരിക്കലും കാണാനാവില്ല. എന്നു മാത്രമല്ല, രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള കഴിഞ്ഞ 77 വര്‍ഷത്തെ ചരിത്രത്തില്‍ അമേരിക്കയും സഖ്യകക്ഷികളും നേരിട്ടും, അല്ലാതെയും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നടത്തിയ അധിനിവേശങ്ങളും, ഇടപെടലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പഴയ സോവിയറ്റു യൂണിയനും, ഇപ്പോഴത്തെ റഷ്യയും നിരുപദ്രവകാരികളായിരുന്നു എന്ന കാര്യവും പാശ്ചാത്യ മാധ്യമ ആഖ്യാനങ്ങളില്‍ ഇടം പിടിക്കാറില്ല.

ഭരണമാറ്റത്തിന്റെ മൂര്‍ദ്ധന്യത്തില്‍ റഷ്യയുടെ പ്രധാന നാവികത്താവള ആസ്ഥാനമായ സെബസ്റ്റപ്പോള്‍ സ്ഥിതി ചെയ്യുന്ന ക്രിമിയയുടെ നിയന്ത്രണം പൂര്‍ണ്ണമായും റഷ്യ ഏറ്റെടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു.

ഈയൊരു പൊതു പശ്ചാത്തലത്തിലാണ് യുക്രൈനിലെ സംഭവവികാസങ്ങളെ വിലയിരുത്താനാവുക. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ യുക്രൈനിലെ ഇപ്പോഴത്തെ സംഭവങ്ങളുടെ വേരുകള്‍ 2014 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന ഭരണമാറ്റത്തിലാണ്. അന്നത്തെ പ്രസിഡണ്ട് വിക്ടര്‍ യാനക്കോവിച്ചിനെ പുറത്താക്കിയ പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ അധികാരത്തിലെത്തിയ അമേരിക്ക-പാശ്ചാത്യ അനുകൂല യുക്രൈന്‍ ഭരണകൂടം റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശത്രുതാപരമായ നിലയിലേക്ക് വളര്‍ത്തിയതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ദൃശ്യമായ സംഘര്‍ഷാവസ്ഥ. ഭരണമാറ്റത്തിന്റെ മൂര്‍ദ്ധന്യത്തില്‍ റഷ്യയുടെ പ്രധാന നാവികത്താവള ആസ്ഥാനമായ സെബസ്റ്റപ്പോള്‍ സ്ഥിതി ചെയ്യുന്ന ക്രിമിയയുടെ നിയന്ത്രണം പൂര്‍ണ്ണമായും റഷ്യ ഏറ്റെടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു. അതോടൊപ്പം റഷ്യന്‍ വംശജര്‍ ഭൂരിപക്ഷമുള്ള കിഴക്കന്‍ യുക്രൈന്‍ പ്രദേശങ്ങളായ ഡോണ്‍ടെസ്‌ക്, ലുഹാന്‍സ്‌ക് എന്നിവയിലെ റഷ്യന്‍ അനുകൂല വികാരം യുക്രൈന്‍ വംശജരും, റഷ്യന്‍ വംശജരും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കി. അത് ഇപ്പോഴും തുടരുന്നു. യുക്രൈനിലെ സുപ്രധാന വ്യവസായങ്ങള്‍ ഈ മേഖലയിലാണ്. നാറ്റോ സഖ്യത്തില്‍ ചേരുന്നതിനുള്ള യുക്രൈനിലെ പുതിയ ഭരണകൂടത്തിന്റെ കരുനീക്കങ്ങള്‍ റഷ്യയുടെ ജാഗ്രത വര്‍ദ്ധിപ്പിച്ചു. 2001 മുതല്‍ അഫ്ഗാനിസ്താനിലും, ഇറാഖിലുമായി കെട്ടിയിടപ്പെട്ട അമേരിക്കയുടെ ആഗോള സൈനിക മേധാവിത്ത താല്‍പ്പര്യങ്ങളെ നിര്‍ണ്ണയിക്കുന്ന ഭൗമ-രാഷ്ട്രീയ തന്ത്രവിചാരങ്ങളില്‍ ചൈനയും, റഷ്യയും മുഖ്യ ശത്രുക്കളായി ഇതേ കാലയളവില്‍ രൂപപ്പെടുന്നു. ചൈന-റഷ്യ സഖ്യത്തിനെതിരായ അമേരിക്കയുടെ വിശാല താല്‍പ്പര്യത്തിന്റെ സുപ്രധാന ചേരുവയായി യുക്രൈന്‍ മാറുന്നതിന്റെ പശ്ചാത്തലമിതാണ്.

എന്നാല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സഖ്യത്തിനുള്ളിലെ ആഭ്യന്തര വൈരുദ്ധ്യങ്ങളെ വിദഗ്ധമായി ഉപയോഗപ്പെടുത്തുന്ന സമീപനം ചൈനയും, റഷ്യയും സ്വീകരിച്ചതോടെ അമേരിക്കയുടെ ഏകപക്ഷീയതകള്‍ക്ക് പഴയതുപോലെ സ്വീകാര്യത ഇല്ലാതായി. യൂറോപ്യന്‍ യൂണിയനിലെ പ്രബല ശക്തികളായ ജര്‍മനിയും, ഫ്രാൻസും യുക്രൈന്‍ വിഷയത്തില്‍ സ്വീകരിച്ച സമീപനം അതിന്റെ തെളിവാണ്. നാറ്റോയുടെ യുക്രൈന്‍ ഇടപെടലിന് ജര്‍മനി ആയുധം നല്‍കില്ലെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ നാറ്റോ കലാഹരണപ്പെട്ട ഒന്നാണെന്ന സംശയം ഫ്രഞ്ച് പ്രസിഡണ്ട് മാക്രോണ്‍ പരസ്യമായി പ്രകടിപ്പിച്ചു. യൂറോപ്പിലെ പ്രബല ശക്തികളുടെ നിലപാട് അമേരിക്കയെ പിടിച്ചുലച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി വിക്ടോറിയ നുലാന്‍ഡ് യുക്രൈന്‍ നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ F*** EU എന്നു പറഞ്ഞതിന്റെ സാരം. അങ്ങനെ പറഞ്ഞതിനെക്കാള്‍ സംഭാഷണം ലീക്ക് ചെയ്തുവെന്നതാണ് അമേരിക്കയെ വിഷമിപ്പിക്കുന്നത്.

Wiki commons

യുക്രൈനിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായ നിലയിലാണ്. കഴിഞ്ഞ 12 വര്‍ഷമായി റിയല്‍ വേജില്‍ (നാണയപ്പെരുപ്പം കഴിച്ചുളള) ഉയര്‍ച്ച ഇല്ല. 2014 നു ശേഷം സ്ഥിതി ഗുരുതരമായി. സോവിയറ്റു യൂണിയന്റെ തകര്‍ച്ചയും അതിനെ തുടര്‍ന്ന് 'ഷോക്ക് തെറാപ്പി' എന്ന പേരില്‍ അറിയപ്പെടുന്ന മുതലാളിത്ത സാമ്പത്തിക പരിഷ്‌ക്കാരങ്ങളും ഏറ്റവുമധികം കഷ്ടത്തിലാക്കിയ രാജ്യം യുക്രൈനാണ്. യുക്രൈന്റെ ആഭ്യന്തരോപ്പാല്‍ദനം ഉതുവരെ 1990നു മുമ്പുള്ള സ്ഥിതി കൈവരിച്ചിട്ടില്ല. 1990-2017 കാലഘട്ടത്തില്‍ മൊത്തം വളര്‍ച്ച താഴോട്ടു പോയ 19 രാജ്യങ്ങളിലെ ഏറ്റവും താഴേക്കിടയിലുളള രാജ്യങ്ങളുടെ പട്ടികയിലാണ് അതിന്റെ സ്ഥാനം. 2014ലെ പ്രതിസന്ധിയില്‍ പൂര്‍ണ്ണമായും തകരാതിരുന്നതിനുള്ള കാരണങ്ങള്‍ റഷ്യയുടെ 3.3 ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടവ് മുടക്കിയതും കടുത്ത ചെലവുചുരുക്കല്‍ നിബന്ധനകളോടെ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള വായ്പയുമായിരുന്നു. നാണയ നിധിയുടെ ചെലവു ചുരുക്കല്‍ നിബന്ധനകള്‍ സാമ്പത്തിക സ്ഥിതി കൂടുതല്‍ ദുസ്സഹമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും, പെന്‍ഷനും വെട്ടിക്കുറച്ചതും, നികുതികള്‍ ഉയര്‍ത്തിയതും, പൊതു ചെലവുകള്‍ വെട്ടിക്കുറച്ചതുമായിരുന്നു ചെലവു ചുരുക്കലിന്റെ പ്രധാന ചേരുവകള്‍. സാമ്പത്തിക മേഖലയില്‍ ഈ നടപടികള്‍ കാര്യമായ മെച്ചമൊന്നും സൃഷ്ടിച്ചില്ല. ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ മേഖലക്ക് നല്‍കുന്നതായിരുന്നു അടുത്ത പടി. അതിന്റെ തന്നെ മറ്റൊരു രൂപമാണ് ഭൂമി വന്‍തോതില്‍ വിദേശികളും, സ്വദേശികളുമായ സ്വകാര്യ മേഖലക്ക് കൈമാറുകയെന്ന നയം.

ലോകത്ത് ലഭ്യമായ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണിന്റെ (ബ്ലാക് സോയില്‍) 25 ശതമാനവും യുക്രൈനിലാണെന്നു കണക്കാക്കപ്പെടുന്നു. വിദേശത്തു നിന്നുളള സ്വകാര്യ മൂലധനത്തിന് 42.7 ദശലക്ഷം ഹെക്ടര്‍ ഭൂമി (ഇറ്റലിയുടെ മൊത്തം വലുപ്പം) കൈമാറാനാവുന്ന നിയമപരമായ അനുമതികള്‍ 2024 ഓടെ പൂര്‍ത്തിയാവുമെന്നു കരുതുന്നു. ലോക ബാങ്കിന്റെ പിന്തുണ ഈ നീക്കത്തിന് പൂര്‍ണ്ണമാണ്. ചുരുക്കത്തില്‍ യുക്രൈനില്‍ ഇപ്പോഴത്തെ അധികാര സഖ്യത്തിലുള്ള പുത്തന്‍ ഒളിഗാര്‍ക്കുകളും, നിയോ-നാസികളും കൂട്ടരും രാജ്യത്തിന്റെ ശേഷിക്കുന്ന അവസാനത്തെ ആസ്തികളും വിറ്റഴിക്കുന്നതിന്റെ പണിപ്പുരയിലാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭൗമ-രാഷ്ട്രീയ താല്‍പ്പര്യങ്ങളും, റഷ്യന്‍ ക്രോണി ക്യാപിറ്റലിസത്തിന്റെ സ്വാര്‍ത്ഥതകളും തമ്മിലുള്ള വിലപേശലുകളുടെ വേദിയായി യുക്രൈന്‍ മാറിയതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ അടിസ്ഥാനമെന്ന സാമ്പത്തിക പണ്ഡിതനായ മൈക്കല്‍ റോബര്‍ട്‌സിന്റെ വിലയിരുത്തലാണ് യാഥാര്‍ത്ഥ്യവുമായി കൂടുതല്‍ പൊരുത്തപ്പെടുക. ഇപ്പോഴത്തെ മഞ്ഞുരുകല്‍ അതിനാല്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്നു പറയാനാവില്ല.

Leave a comment