TMJ
searchnav-menu
post-thumbnail

Outlook

ആരുടെ മരണത്തിലാണ് നാം ദുഃഖിക്കേണ്ടത്

05 Mar 2022   |   1 min Read
K P Sethunath

PHOTO: TYLER HICKS

ഓരോ മരണവും ദു:ഖമാണ്. പക്ഷെ ദുഃഖിക്കേണ്ട മരണം ആരുടേതാണെന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്ന ജിയോപൊളിറ്റിക്‌സിന്റെ തന്ത്രസമുച്ചയങ്ങളില്‍ ഓരോ മരണവും ജീവിതത്തിന്റെ നിരാലംബത (1) വിളംബരം ചെയ്യുന്ന ഡാറ്റ എന്‍ട്രി മാത്രമാവുന്നു. എല്ലാ മരണവും ഒരു പോലെ ദുഃഖകരമായി അനുഭവപ്പെടേണ്ടതില്ലെന്ന ധാര്‍മികത അതിന്റെ എല്ലാ അശ്ലീലതയോടും കൂടി മനുഷ്യരുടെ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. യുദ്ധത്തിന്റെ നന്മ-തിന്മകളെക്കുറിച്ചുള്ള ധര്‍മ്മസംഹിതകളുടെ പ്രധാന ദൗത്യം ദുഃഖത്തിന്റെ ഈ വേര്‍തിരിവിനെ സ്ഥാനപ്പെടുത്തുകയായിരുന്നു. വാമൊഴികളിലും, വരമൊഴികളിലും അവ സുലഭം. ഘടോല്‍ക്കചന്റെ മരണം ആഘോഷിക്കാന്‍ പറഞ്ഞ അവതാരപുരുഷന്‍ അതിന്റെ ഉത്തമോദാഹരണം. മനുഷ്യരുടെ പ്രജ്ഞാമണ്ഡലത്തെയാകെ ചില പ്രത്യേക ഗണങ്ങളില്‍ മാത്രമായി തളച്ചിടുന്ന പ്രചാരണയന്ത്രങ്ങള്‍ ജീവിതത്തിന്റെയും, മരണത്തിന്റെയും ധര്‍മ്മസംഹിതകള്‍ രൂപപ്പെടുത്തുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ആരുടെ മരണത്തിലാണ് നാം ദുഃഖിക്കുകയെന്ന / ദുഃഖിക്കാനാവുകയെന്ന ചോദ്യം നമുക്കായി മുന്‍കൂര്‍ പ്രോഗ്രാം ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. യുക്രൈനില്‍ ഇപ്പോള്‍ റഷ്യ നടത്തുന്ന യുദ്ധവും അതിന്റെ മറ്റൊരു സാക്ഷ്യപത്രമാണ്. ലോകത്തിലെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മേഖലകളിലെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന ശാക്തിക ചേരികളുടെ വിശ്വസ്ത സേവകരായി അതാതു ചേരികളിലെ മാധ്യമങ്ങള്‍ പെരുമാറുന്നതും യുദ്ധവേളകളില്‍ സ്വന്തം ചേരിയോടുള്ള മാധ്യമങ്ങളുടെ വിധേയത്വം പരമകാഷ്ഠയിലെത്തുന്നതും പുതിയ കാര്യമല്ല. വിധേയത്വത്തെ സ്വതന്ത്രവും, നിഷ്പക്ഷവുമായ മാധ്യമ പ്രവര്‍ത്തനമായി അവതരിപ്പിക്കുന്ന രീതി തിരിച്ചറിയേണ്ടത് രാഷ്ട്രീയമായ ജാഗ്രതയുടെ അനിവാര്യതയായി മാറുന്ന സാഹചര്യം യുക്രൈനിലെ യുദ്ധം ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു.

സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാഥമിക ഘടകം വാര്‍ത്തകള്‍ക്ക് വേണ്ട അടിസ്ഥാനപരമായ വിവരങ്ങള്‍ക്കായി ആശ്രയിക്കുന്ന സ്രോതസ്സാണ്. വ്യാജ വാര്‍ത്തകള്‍ നാട്ടുനടപ്പായതോടെ വിവരങ്ങള്‍ക്കായി ആശ്രയിക്കുന്ന സ്രോതസ്സിന്റെ വിശ്വാസ്യത വാര്‍ത്തകളുടെ ആധികാരികതയുടെ അളവുകോലാകുന്നു. യുക്രൈനിലെ യുദ്ധമേഖലയില്‍ നിന്നുളള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രാഥമിക സ്രോതസ്സുകള്‍ ഇല്ലാത്ത കേരളത്തിലെ മാധ്യമങ്ങള്‍ വിവരങ്ങള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്നത് ആഗോള വാര്‍ത്ത മാധ്യമ ശൃംഖലകളെയാണ്. ആഗോള മാധ്യമ ശൃംഖലകളുടെ കുത്തക പാശ്ചാത്യ രാജ്യങ്ങള്‍ക്കാണ്. അമേരിക്കയാണ് അതില്‍ മുന്‍പന്തിയില്‍. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ എതിര്‍ ചേരിയിലുള്ള അമേരിക്കന്‍-യൂറോപ്യന്‍ ശാക്തിക ചേരിയുടെ വീക്ഷണങ്ങളും, അഭിപ്രായങ്ങളുമാണ് പാശ്ചാത്യ മാധ്യമ ശൃംഖലകളുടെ ഉള്ളടക്കം. യുക്രൈനിലെ സ്ഥിതിഗതികളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കും വീക്ഷണങ്ങള്‍ക്കും പ്രധാനമായും പാശ്ചാത്യ മാധ്യമ ശൃംഖലകളെ ആശ്രയിക്കുന്ന കേരളത്തിലെ മാധ്യമങ്ങളിലും ഈ പക്ഷപാതം ദൃശ്യമാണ്. പ്രമുഖ മലയാള ദിനപത്രങ്ങളിലെ യുദ്ധവാര്‍ത്തകള്‍ വായിക്കുന്ന ആര്‍ക്കും ഇക്കാര്യം വ്യക്തമായും ബോധ്യപ്പെടും.

യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന്റെ അതേ കാലയളവില്‍ സമാനമായ നിലയിലുള്ള ഹീനമായ മൂന്നു സൈനിക നടപടികള്‍ മറ്റു മൂന്നിടങ്ങളില്‍ അരങ്ങേറി. അവയെ പറ്റി മിക്കവാറും ഒരു വാര്‍ത്തയും പാശ്ചാത്യ മാധ്യമ ശൃംഖലകളില്‍ കാണാനാവില്ല.

യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന്റെ അതേ കാലയളവില്‍ സമാനമായ നിലയിലുള്ള ഹീനമായ മൂന്നു സൈനിക നടപടികള്‍ മറ്റു മൂന്നിടങ്ങളില്‍ അരങ്ങേറി. അവയെ പറ്റി മിക്കവാറും ഒരു വാര്‍ത്തയും പാശ്ചാത്യ മാധ്യമ ശൃംഖലകളില്‍ കാണാനാവില്ല. പാശ്ചാത്യ മാധ്യമങ്ങളെ ആശ്രയിക്കുന്ന മലയാള മാധ്യമങ്ങളിലും അവയെ പറ്റി ഒന്നും കാണാനാവില്ല. യമനിലെ ഹൂതി കലാപകാരികള്‍ക്കെതിരെ സൗദി അറേബ്യയും, സിറിയക്കെതിരെ ഇസ്രായേലും, സോമാലിയയില്‍ അമേരിക്കയുമാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുന്നതെന്നു മിന്റ് പ്രസ്സ് ന്യൂസിലെ എഴുത്തുകാരനും ഗവേഷകനുമായ അലന്‍ മക്‌ലിയോഡ് (2) ഒരു വിശകലനത്തില്‍ വെളിപ്പെടുത്തുന്നു. ഫെബ്രുവരി 21-27 കാലയളവില്‍ അമേരിക്കയിലെ ഫോക്‌സ് ന്യൂസ്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, സിഎന്‍എന്‍, എംഎസ്സ്എന്‍ബിസി തുടങ്ങിയ പ്രമുഖ മാധ്യമങ്ങള്‍ യുക്രൈന്‍ അധിനിവേശത്തെ പറ്റി വ്യത്യസ്തങ്ങളായ 1,300 വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ ഇസ്രായേല്‍ സിറിയയില്‍ നടത്തിയ ആക്രമണത്തെ പറ്റി രണ്ടു വാര്‍ത്തകളും, സോമാലിയയിലെ അമേരിക്കന്‍ ആക്രമണത്തെ പറ്റി ഒരു വാര്‍ത്തയും മാത്രമാണ് പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യമനിലെ സൗദി ആക്രമണത്തെ പറ്റി ഒരു വാര്‍ത്തയും ഈ മാധ്യമങ്ങളില്‍ കാണാനാവില്ല.

യുക്രൈനിന്റെ കാര്യത്തില്‍ അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങള്‍ സ്വീകരിച്ച സംഘടിതമായി യുദ്ധവിരുദ്ധ നിലപാട് സ്വാഗതാര്‍ഹമാണെങ്കിലും മറ്റുള്ള സൈനികാക്രമണങ്ങളുടെ കാര്യത്തില്‍ ആ സമീപനം കാണാനാവില്ലെന്ന് ഫെയര്‍ ആന്റ് ആക്കുറസി ഇന്‍ റിപ്പോര്‍ട്ടിംഗ് (ഫെയര്‍) എന്ന മാധ്യമ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥാപകനായ ജെഫ് കോഹന്‍ അഭിപ്രായപ്പെടുന്നു. യുക്രൈനില്‍ നിന്നുള്ള വാര്‍ത്തകളുടെ എണ്ണവും യെമനില്‍ നിന്നുള്ളതിന്റെ എണ്ണവും തമ്മില്‍ ഒരു താരതമ്യം നടത്തിയാല്‍ ഇക്കാര്യം വ്യക്തമാവും. അമേരിക്കയിലെ പ്രമുഖരായ ഈ 5 മാധ്യമ ശൃംഖലകള്‍ മൊത്തമായി യുക്രൈനെ പറ്റി 1,298 വാര്‍ത്തകള്‍ പഠന വിധേയമായ ആഴ്ച്ചയില്‍ നല്‍കിയിരുന്നു. അതായത് ശരാശരി ഒരു മണിക്കൂറില്‍ ഒരു പുതിയ വാര്‍ത്ത അവ നല്‍കിയിരുന്നു. മറ്റുള്ള മൂന്നു സൈനികാക്രമണങ്ങളുടെ കവറേജ് ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ആരുടെ മരണത്തിലാണ് നാം ദു:ഖിക്കേണ്ടതെന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതിന്റെ രീതിശാസ്ത്രം വെളിപ്പെടുക. സോമാലിയയിലെ ആക്രമണം ന്യൂയോര്‍ക്ക് ടൈസില്‍ മാത്രമാണ് പരാമര്‍ശിക്കപ്പെട്ടതെങ്കില്‍ സിറിയയിലെ ആക്രമണം വാഷിംഗ്ടണ്‍ പോസ്റ്റില്‍ മാത്രം പ്രത്യക്ഷപ്പെട്ടു. ഫോക്‌സ് ന്യൂസ്, സിഎന്‍എന്‍, എംഎസ്സ്എന്‍ബിസി തുടങ്ങിയവ അങ്ങനെയൊരു സംഭവം നടന്നതായി പോലും തിരിച്ചറിഞ്ഞില്ല.

സോവിയറ്റു ചേരിയുടെ തകര്‍ച്ചയോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്ക നടത്തിയ എണ്ണമറ്റ സൈനികാധിനിവേശങ്ങളെ പൂര്‍ണ്ണമായും പിന്തുണച്ച അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങള്‍ യുക്രൈന്‍ യുദ്ധത്തില്‍ സ്വീകരിക്കുന്ന യുദ്ധ-വിരുദ്ധ ആഖ്യാനങ്ങളും, യുദ്ധത്തിന്റെ കെടുതികളെ കുറിച്ചുള്ള വിലയിരുത്തലുകളും അമേരിക്കയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമാണ്. ഈ നിലപാട് മറ്റുള്ള യുദ്ധങ്ങളുടെ കാര്യത്തിലും സംഭവിക്കുകയാണെങ്കില്‍ ലോകത്തിന്റെ ഗതി തന്നെ മാറുന്നതിന് അത് സഹായിക്കുമെന്ന് മക്‌ലോയിഡിന്റെ വിലയിരുത്തല്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. യുക്രൈന്‍ സര്‍വവ്യാപിയായി നിറഞ്ഞു നില്‍ക്കുമ്പോള്‍ യെമന്‍ എങ്ങനെ അദൃശ്യമാക്കപ്പെടുന്നു എന്നുകൂടി നാം മനസ്സിലാക്കണം. അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയുടെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മാനവിക പ്രതിസന്ധിയാണ് (ഹ്യൂമനിറ്റേറിയന്‍ ക്രൈസിസ്) യെമന്‍ നേരിടുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശം നടന്ന ഫെബ്രുവരി 24 ന് യമനില്‍ 37 വ്യോമാക്രമണങ്ങളാണ് സൗദി അറേബ്യ നടത്തിയത്. ജനവാസ കേന്ദ്രങ്ങളിലും, പട്ടണങ്ങളിലുമെല്ലാം നടത്തിയ ഈ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും, അതിലുമധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഫെബ്രുവരി 25 ല്‍ നടത്തിയ രൂക്ഷമായ ഷെല്ലാക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ജനുവരിയില്‍ ഒരു കെട്ടിടത്തില്‍ നടത്തിയ ലേസര്‍ നിയന്ത്രിത ബോംബാക്രമണത്തില്‍ 91 പേരാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 24-25 ദിവസങ്ങളില്‍ സൗദി സഖ്യ സേനകള്‍ 147 തവണ വിവിധയിടങ്ങളിലായി വെടിനിര്‍ത്തല്‍ കരാറിന്റെ വ്യവസ്ഥകള്‍ ലംഘിച്ചു. ഇതൊന്നും തന്നെ മേല്‍പ്പറഞ്ഞ അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത ആയില്ല. യെമനില്‍ യുദ്ധം തുടങ്ങിയ 2014 മുതലുള്ള 8 വര്‍ഷക്കാലയളവില്‍ എംഎസ്എന്‍ബിസി നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാര്‍ത്തകള്‍ ഒരാഴ്ച്ചയില്‍ അവര്‍ യുക്രൈനായി നല്‍കി.

മാധ്യമങ്ങളിലെ ദൃശ്യവിരുന്നുകളുടെ ധാരാളിത്തം നിരന്തരം അദൃശ്യമാക്കുന്ന ഭൂപടങ്ങളിലെ മനുഷ്യരെക്കുറിച്ചുള്ള ആകുലതകളാവും ദുഃഖിക്കേണ്ട മരണം ആരുടേതാവണമെന്ന മുന്‍നിശ്ചയങ്ങളെ മറികടക്കാനുള്ള വഴിയെന്ന് യുക്രൈനിലെ യുദ്ധവും ഓര്‍മ്മപ്പെടുത്തുന്നു.

ഐക്യരാഷ്ട്ര സഭയുടെ കണക്കെടുപ്പില്‍ 2021 വരെ 377,000 പേരാണ് യെമനില്‍ കൊല്ലപ്പെട്ടത്. അമേരിക്ക പ്രത്യക്ഷത്തില്‍ തന്നെ ഈ യുദ്ധത്തില്‍ പങ്കാളിയാണ്. കഴിഞ്ഞ 7 കൊല്ലത്തിനിടയില്‍ 28 ബില്യണ്‍ ഡോളറിന്റെ (1 ബില്യണ്‍ = 100 കോടി) ആയുധങ്ങള്‍ സൗദി അറേബ്യക്ക് മാത്രമായി അമേരിക്ക വിറ്റു. പരിശീലനം, നയതന്ത്രമേഖലയിലടക്കമുള്ള മറ്റു പിന്തുണകള്‍ വേറെയും. യെമന്‍ യുദ്ധം അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ഭാഷ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. സൗദി അറേബ്യക്കും സഖ്യ കക്ഷികള്‍ക്കുമെതിരെ യെമന്‍ ആക്രമണം നടത്തുന്നു എന്നാണ് അവയുടെ പൊതുരീതിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിലെ ഒരു ലേഖനം സാമ്പിളായി മക്‌ലോയിഡ് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ മാധ്യമങ്ങളുടെ ഇതേ സമീപനം സോമാലിയയിലെ, സിറിയയിലെ ആക്രമണങ്ങളിലും കാണാനാവും. കൊളോണിയല്‍ ആധിപത്യത്തിന്റെയും, വംശീയതയുടെയും ഭാഷ നാട്യങ്ങളില്ലാതെ പാശ്ചാത്യ മാധ്യമങ്ങളില്‍ മറനീക്കി പുറത്തുവരുന്നതിന്റെ ആവര്‍ത്തനം യുക്രൈന്‍ യുദ്ധകാലത്തെ പ്രധാന സംഭവങ്ങളിലൊന്നാണ്. ബിബിസി മുതല്‍ എന്‍ബിസി ന്യൂസ് വരെയുള്ള എട്ടോളം പാശ്ചാത്യ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ട പച്ചയായ വംശീയത ഇതിനകം ലോകശ്രദ്ധ നേടി. കറുത്തവരും, ഇരുണ്ടവരുമായ അഫ്ഗാനികള്‍, ഇറാഖികള്‍, യെമനികള്‍, സോമാലികള്‍ എന്നിവരെപ്പോലെ കൊല്ലപ്പെടേണ്ടവരല്ല വെളുത്തു തുടുത്ത യുക്രൈനികള്‍ എന്നു പച്ചക്കു പറയുകയായിരുന്നു ഈ മാധ്യമങ്ങള്‍. മുതലാളിത്ത-സാമ്രാജ്യത്വമെന്ന സാമ്പത്തിക-രാഷ്ട്രീയ സംവിധാനം അവസാനിക്കാത്ത യുദ്ധങ്ങളുടെ (പെര്‍മനന്റ് വാര്‍) ഘട്ടത്തിലെത്തുമ്പോള്‍ ദുഃഖത്തിന്റെ തേങ്ങലും, വിതുമ്പലും കൊല്ലപ്പെടുന്നവരുടെ കമ്പോള മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന തിരിച്ചറിവാണ് മാധ്യമങ്ങളില്‍ തെളിയുന്ന യുക്രൈന്‍ യുദ്ധം. മാധ്യമങ്ങളിലെ ദൃശ്യവിരുന്നുകളുടെ ധാരാളിത്തം നിരന്തരം അദൃശ്യമാക്കുന്ന ഭൂപടങ്ങളിലെ മനുഷ്യരെക്കുറിച്ചുള്ള ആകുലതകളാവും ദുഃഖിക്കേണ്ട മരണം ആരുടേതാവണമെന്ന മുന്‍നിശ്ചയങ്ങളെ മറികടക്കാനുള്ള വഴിയെന്ന് യുക്രൈനിലെ യുദ്ധവും ഓര്‍മ്മപ്പെടുത്തുന്നു.

1: ജൂഡിത് ബട്‌ലര്‍: Precarious Life: The Powers of Mouring and Violence

2: അലന്‍ മക്‌ലിയോഡ് എഴുതിയ It's Different, They're White: Media Ignores Conflicts Around the World to Focus on Ukraine എന്ന പഠനത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

Leave a comment