യുക്രൈന്‍ യുദ്ധവും പ്രതാപം നഷ്ടപ്പെടുന്ന ഡോളറും
റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആഗോള ഭൗമരാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പുനക്രമീകരണങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലുകള്‍ക്കൊപ്പം സജീവമായ മറ്റൊരു വിഷയമാണ് അമേരിക്കന്‍ ഡോളറിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും. ലോകത്തിന്റെ റിസര്‍വ് കറന്‍സിയെന്ന (കരുതല്‍ നാണയം) ഡോളറിന്റെ പദവി എത്രകാലം നിലനില്‍ക്കുമെന്ന ചര്‍ച്ചകള്‍ പ്രത്യക്ഷമായും, പരോക്ഷമായും ഇപ്പോള്‍ സജീവമാവുന്നു. ആഗോള മുതലാളിത്തത്തിന്റെ ജിഹ്വയെന്നു കരുതപ്പെടുന്ന ഫൈനാന്‍ഷ്യല്‍ ടൈംസ് പോലും റിസര്‍വ് കറന്‍സിയെന്ന നിലയില്‍ ഡോളര്‍ അപ്രമാദിത്വത്തിന്റെ ഭാവിയെ പറ്റി വ്യാകുലപ്പെടുന്നു. യുക്രൈന്‍ അധിനിവേശത്തിനുള്ള ശിക്ഷയായി റഷ്യയുടെ മേല്‍ അമേരിക്കയും, സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധം ഡോളര്‍ ആധിപത്യം ദുര്‍ബലമാക്കുന്നതിനും താരതമ്യേന ശിഥിലീകൃതമായ (fragmented) ധനസംവിധാനം നിലവില്‍ വരുന്നതിന് വഴിയൊരുക്കുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ഒന്നാം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീത ഗോപിനാഥിനെ ഉദ്ധരിച്ചുകൊണ്ട് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാറുന്ന സാഹചര്യങ്ങളിലും ആഗോള കറന്‍സിയെന്ന നിലയില്‍ ഡോളര്‍ പ്രമുഖസ്ഥാനത്ത് തുടരുമെങ്കിലും ചെറിയ തോതിലെങ്കിലും ശിഥിലീകരണം സാധ്യമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ഉപദേശക കൂടിയായ ഗീത ഗോപിനാഥിന്റെ അഭിപ്രായം.
ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുന്ന രാജ്യങ്ങളുടെ മേല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും, അവയുടെ വിദേശനാണയ ശേഖരം മരവിപ്പിക്കുകയും, പിടിച്ചെടുക്കുകയും ചെയ്യുന്ന അമേരിക്കയുടെ നടപടി ഡോളര്‍ സുരക്ഷിതമായ നിക്ഷേപ ആസ്തിയല്ലെന്ന ധാരണ ശക്തിപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ടെന്ന് അമേരിക്കന്‍ സാമ്പത്തിക പണ്ഡിതനായ മൈക്കേല്‍ ഹഡ്‌സണ്‍ അഭിപ്രായപ്പെടുന്നു. രണ്ടാം ലോക യുദ്ധത്തിനു ശേഷം ഡോളറിന്റെ മേധാവിത്തം ഉറപ്പിക്കുന്ന തരത്തില്‍ ആഗോള ധനസംവിധാനം രൂപപ്പെട്ടതിന്റെ നാള്‍വഴികള്‍ വിശകലനം ചെയ്യുന്ന 'സൂപ്പര്‍ ഇംമ്പീരിയലിസ'മെന്ന കൃതിയുടെ കര്‍ത്താവായ ഹഡ്‌സണ്‍ മറ്റുള്ള രാജ്യങ്ങളുടെ മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന അമേരിക്കന്‍ നടപടിയെ കാല്‍പ്പാദത്തില്‍ സ്വയം വെടിവെക്കുന്നതിന് തുല്യമാണെന്നു വിലയിരുത്തുന്നു. അമേരിക്കന്‍ നയകര്‍ത്താക്കളുടെ ഈയൊരു സമീപനത്തിന്റെ ഫലമായി വിചാരിച്ചതിനേക്കാള്‍ വേഗതയില്‍ ഡോളര്‍ മേധാവിത്തത്തിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കുമെന്ന് അദ്ദേഹം പറയുന്നു.
റിസര്‍വ് കറന്‍സിയെന്ന നിലയില്‍ ഡോളറിന് സംഭവിക്കുന്ന ശോഷണത്തെ പറ്റി അടുത്തിടെ പ്രസിദ്ധീകരിച്ച ഐഎംഎഫി-ന്റെ ഒരു പഠനവും വിശദീകരിക്കുന്നു. 1999ല്‍ ലോകരാജ്യങ്ങളുടെ വിദേശ നാണയ ശേഖരത്തിന്റെ 71 ശതമാനവും അമേരിക്കന്‍ ഡോളറില്‍ ആയിരുന്നുവെങ്കില്‍ 2021ല്‍ അത് 59 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ 12 ശതമാനത്തിന്റെ ഇടിവുണ്ടായെന്നു സാരം. വിദേശ നാണയ ശേഖരത്തില്‍ ഡോളറിന് സംഭവിച്ച ക്ഷീണത്തിന്റെ ഗുണഫലം അനുഭവിക്കുന്നത് യൂറോ പോലുള്ള കറന്‍സികള്‍ അല്ലെന്നും പഠനം വെളിപ്പെടുത്തുന്നു. വിദേശ നാണയ ശേഖരത്തിനായി സാധാരണഗതിയില്‍ ഉപയോഗിച്ചിരുന്ന ബിഗ് ഫോര്‍ എന്നറിയപ്പെട്ടിരുന്ന കറന്‍സികളായ - അമേരിക്കന്‍ ഡോളര്‍, യൂറോ, ജപ്പാന്‍ യെന്‍, ബ്രിട്ടീഷ് പൗണ്ട് എന്നിവക്ക് പകരം ആസ്‌ത്രേലിയന്‍ ഡോളര്‍, കനേഡിയന്‍ ഡോളര്‍, ചൈനയുടെ റെന്‍മിന്‍ബി, കൊറിയയുടെ വണ്‍, സ്വീഡന്റെ ക്രോണര്‍ എന്നിവയാണ് നേട്ടം കൈവരിച്ചവയെന്നു പഠനം വ്യക്തമാക്കുന്നു. അമേരിക്കന്‍ ഡോളറില്‍ വിദേശ നാണയ ശേഖരം സ്വരൂപിക്കുകയെന്ന പ്രവണത ക്രമേണ ദുര്‍ബലപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള സാഹചര്യം ആഗോളതലത്തിലുള്ള കറന്‍സി വ്യവഹാരങ്ങളെ ഏതെല്ലാം വിധത്തില്‍ സ്വാധീനിക്കുമെന്ന വിലയിരുത്തലുകള്‍ പ്രസക്തമാവുക.
സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിനായി റഷ്യ സ്വീകരിച്ച രണ്ട് നടപടികള്‍ ഇത്തരുണത്തില്‍ ശ്രദ്ധയര്‍ഹിക്കുന്നു. ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് റഷ്യ കയറ്റുമതി ചെയ്യുന്ന എണ്ണ-പ്രകൃതി വാതകത്തിന്റെ വില റൂബിളിലാക്കിയതും, റൂബിളിന്റെ മൂല്യം സ്വര്‍ണ്ണവുമായി ബന്ധിപ്പിച്ചതുമാണ് റഷ്യന്‍ നടപടികള്‍. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 5,000 റൂബിള്‍ എന്ന നിരക്കിലാണ് റൂബിള്‍-സ്വര്‍ണ്ണ ബന്ധം. അതായത് ഒരു ട്രോയി ഔണ്‍സ് (32 ഗ്രാം) സ്വര്‍ണ്ണത്തിന്റെ റഷ്യയിലെ വില 160,000 റൂബിള്‍. നിലവിലുള്ള റൂബിള്‍-ഡോളര്‍ വിനിമയ നിരക്കു പ്രകാരം ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് റഷ്യയില്‍ 1,600 അമേരിക്കന്‍ ഡോളര്‍ നല്‍കേണ്ടി വരും. അമേരിക്കയിലെ വില ട്രോയ് ഔണ്‍സിന് 1,928 ഡോളറാണ്. റൂബിളിന്റെ മൂല്യം സ്വര്‍ണ്ണവുമായി ബന്ധിപ്പിച്ചതിലൂടെ റൂബിളിനെ വഴിയാധാരമാക്കാമെന്ന അമേരിക്കന്‍ പദ്ധതിക്ക് തടയിടാനാവുമെന്നാണ് റഷ്യയുടെ കണക്കു കൂട്ടല്‍.
വിദേശ നാണയ ശേഖരത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഡോളറിനോടുള്ള വിരക്തി. രാജ്യാന്തര വാണിജ്യ ഇടപാടുകളില്‍ നിന്നും ഡോളറിനെ ഒഴിവാക്കുന്നതിനെ പറ്റിയുള്ള ചിന്തകള്‍ സജീവമാണ്. അന്താരാഷ്ട്ര വാണിജ്യത്തിന്റെ സിംഹഭാഗവും ഇപ്പോള്‍ ഡോളറിലാണെന്ന കാര്യം പറയേണ്ടതില്ല. പ്രത്യേകിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍. സൗദി അറേബ്യയും ചൈനയുമായുള്ള എണ്ണ വ്യാപാരം ചൈനീസ് കറന്‍സിയായ യുവാനില്‍ നടത്തുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ അന്താരാഷ്ട്ര വാണിജ്യത്തില്‍ ഡോളറിന് പകരക്കാരനെ അന്വേഷിക്കുന്ന നീക്കങ്ങള്‍ക്ക് വേഗത പകരുന്നതാണ്. എണ്ണ വ്യാപാരം യുവാനിലാക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ഇരു രാജ്യങ്ങളും ആക്കം കൂട്ടിയെന്നു മാര്‍ച്ച് 15ന് വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വെളിപ്പെടുത്തി. ലോകത്തില്‍ ഏറ്റവുമധികം അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ മാത്രമല്ല സൗദി അറേബ്യയുടെ ചുവടുമാറ്റത്തിന്റെ പ്രസക്തി. ഡോളറിന്റെ മൂല്യത്തെ സ്വര്‍ണ്ണവമായി ബന്ധിപ്പിച്ചിരുന്ന ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് 1971ല്‍ അമേരിക്ക പൊടുന്നനെ അവസാനിപ്പിച്ചിട്ടും ഡോളറിന്റെ അപ്രമാദിത്വം തുടരാന്‍ സഹായിച്ച പ്രധാനഘടകം പശ്ചിമേഷ്യയിലെ പ്രമുഖ പെട്രോളിയം ഉല്‍പ്പാദക രാജ്യങ്ങള്‍ കയറ്റുമതിയുടെ കറന്‍സിയായി ഡോളറിനെ നിശ്ചയിച്ചതും, കയറ്റുമതി വരുമാനം ഡോളറില്‍ നിക്ഷേപിച്ചതുമാണ്. പെട്രോ ഡോളര്‍ എന്ന പ്രയോഗം ഭാഷയായതിന്റെ അടിസ്ഥാനം അതായിരുന്നു. സൗദി അറേബ്യ ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. സൗദിയുടെ മുഴുവന്‍ എണ്ണക്കയറ്റുമതിയും ഡോളറിലാണ്. അമേരിക്കയും, സൗദിയും ഇക്കാര്യത്തില്‍ 1974ല്‍ എത്തിയ ധാരണ പ്രകാരം എണ്ണ വില ഡോളറില്‍ നിജപ്പെടുത്തുന്നതിന് പകരമായി സൗദിയുടെ സുരക്ഷ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കുകയായിരുന്നു. ഏതാണ്ട് അര നൂറ്റാണ്ട് പഴക്കമുള്ള ഈ ധാരണ ചൈന-സൗദി ചര്‍ച്ചകളോടെ സമ്മര്‍ദ്ദത്തിലാവുന്നു. .
ഡോളര്‍ മേധാവിത്തത്തിന് ഇളക്കം തട്ടിയെങ്കിലും ഡോളറിന് പകരം വെക്കാവുന്ന കറന്‍സികളൊന്നും ഇപ്പോഴും ലഭ്യമല്ലെന്ന് മറ്റൊരു സാമ്പത്തിക പണ്ഡിതനായ മൈക്കല്‍ റോബര്‍ട്‌സ് അഭിപ്രായപ്പെടുന്നു. ഡോളറിന്റെ അപ്രമാദിത്തം കറന്‍സിയെന്ന നിലയില്‍ മാത്രമല്ല. അമേരിക്കയുടെ നേതൃത്വത്തില്‍ നില നില്‍ക്കുന്ന ശാക്തിക ചേരി ആഗോള രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌ക്കാരിക മേഖലകളില്‍ പുലര്‍ത്തുന്ന അധീശത്വത്തിന്റെ പ്രതിഫലനം കൂടിയാണ് ഡോളറിന്റെ പ്രതാപം. അപ്പോള്‍ ഡോളര്‍ ദുര്‍ബലമാവുന്നുവെന്നു പറഞ്ഞാല്‍ അമേരിക്കന്‍ ശാക്തിക ചേരി ദുര്‍ബലമാവുന്നു എന്നാണ് കരുതാനാവുക. സാമ്രാജ്യത്വവും നിയോ-കൊളോണിയലിസവും സൈനിക അധിനിവേശങ്ങളും കെട്ടുപിണയുന്ന മറ്റൊരു ഭൂമിശാസ്ത്രത്തിന്റെ വിഷയമാണ് അതിന്റെ കാര്യകാരണങ്ങള്‍ എന്നതിനാല്‍ ഇവിടെ പറയുന്നില്ല.