TMJ
searchnav-menu
post-thumbnail

Outlook

യുക്രൈൻ യുദ്ധം, സാർവ്വദേശീയ സാഹചര്യങ്ങളും ഇടതു പ്രതികരണങ്ങളും

31 Mar 2022   |   1 min Read
Dr. K M Seethi

ഭാവിയെ രൂപപ്പെടുത്തുകയും എല്ലാം എല്ലാ കാലത്തേയ്ക്കുമായി പരിഹരിക്കുകയുമല്ല നമ്മുടെ ജോലി എന്ന് ബോധ്യപ്പെട്ടാൽ പിന്നെ ഉടനെ നാം ചെയ്യേണ്ടതെന്താണെന്നു കൂടുതൽ വ്യക്തമാവും: നിലനിൽക്കുന്നതെല്ലാറ്റിനേയും നിഷ്‌ക്കരുണം വിമർശിക്കുക. ഈ ഉദ്യമം അതെത്തിച്ചേരുന്ന സന്ദർഭങ്ങളെ ഭയക്കില്ല. നിലവിലുള്ളതും ഭാവിയിൽ രൂപപ്പെടാൻ ഇടയുള്ളതുമായ അധികാര ശക്തികളുമായി ഉണ്ടായേക്കാവുന്ന പോരാട്ടങ്ങളെ അത്രപോലും ഭയക്കില്ല. രണ്ടർത്ഥത്തിലും ഈ വിമർശനം നിഷ്‌ക്കരുണമായിരിക്കും” (കാൾ മാർക്സ് 1843).

ചില ചരിത്ര സന്ദർഭങ്ങളിലുണ്ടാകുന്ന സാർവ്വദേശീയ മാറ്റങ്ങൾ, സംഭവവികാസങ്ങൾ വളരെ പെട്ടെന്നുള്ളതും ഗൗരവമേറിയതുമാകയാൽ അതിനെ വേണ്ടവിധം മനസ്സിലാക്കാൻ പോയിട്ടു അതുമായി പൊരുത്തപ്പെടാനോ അതിനെക്കുറിച്ചു എന്തെങ്കിലും സാമാന്യ ധാരണ ഉണ്ടാക്കാനോ പോലും നമ്മൾ ബുദ്ധിമുട്ടാറുണ്ട്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും തകർച്ചയുടെ പശ്ചാത്തലത്തിൽ വിഖ്യാത ബ്രിട്ടീഷ് മാർക്സിസ്റ്റ് ചരിത്രകാരൻ എറിക് ഹോബ്‌സ്‌ബോം ന്യൂ ലെഫ്റ്റ് റിവ്യൂയിൽ (മാർച്ച്-ഏപ്രിൽ 1992) പ്രസിദ്ധീകരിച്ച ഒരു പ്രഭാഷണം തുടങ്ങുന്നത് ഇങ്ങനെയാണ്. അതെ, ഹോബ്‌സ്‌ബോം പറഞ്ഞ സന്ദർഭങ്ങൾ വീണ്ടും മുപ്പതു വർഷങ്ങൾക്കു ശേഷം സംജാതമായിരിക്കുന്നു. ഒരു നൂറ്റാണ്ടു മുമ്പ് ഒന്നാം ലോകയുദ്ധത്തോടൊപ്പം പിറന്ന 'സ്പാനിഷ് ഫ്ലൂ' എന്ന മഹാമാരിപോലെ മറ്റൊരു മഹാമാരിക്കാലത്ത് യൂറോപ്പ്യൻ ഭൗമരാഷ്ട്രീയമണ്ഡലത്തിൽ മറ്റൊരു ദീർഘകാല യുദ്ധം ആസന്നമായോ എന്ന് ഏവരും ഭയക്കുന്ന സന്ദർഭം. യുക്രൈൻ യുദ്ധം റഷ്യ എത്രനാൾ കൊണ്ടുപോകുമെന്ന് ആർക്കുമറിയില്ല. എന്നാൽ അതുണ്ടാക്കുന്ന ദൂരവ്യാപകഫലങ്ങൾ സർവ്വവ്യാപിയായിരിക്കും. ലോകത്തിലെ ആർക്കും അതിൽ നിന്നും മാറിനില്‍ക്കാൻ സാധിക്കില്ല.

ഈ ചരിത്ര സാഹചര്യങ്ങളെ എപ്രകാരമാണ് ലോകം നോക്കികാണുന്നത്? ഈ സംഭവവികാസങ്ങളെ എങ്ങനെയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വിലയിരുത്തുന്നത്? ഇത് മനസ്സിലാക്കാൻ ഹോബ്‌സ്‌ബോം സംസാരിച്ച കാലഘട്ടത്തിലേയ്ക്ക് പോയി തിരിച്ചു വരേണ്ടിയിരിക്കുന്നു.

ശീതയുദ്ധാനന്തര ലോകം

1991-നു ശേഷം ലോകം ശീതയുദ്ധാനന്തര കാലഘട്ടത്തിലേയ്ക്ക് പ്രവേശിച്ചതായി പ്രഖ്യാപനങ്ങൾ വന്നതോടൊപ്പം പശ്ചിമേഷ്യൻ മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ യുദ്ധം ആരംഭിച്ചു. സദ്ദാം ഹുസ്സൈൻ സൈനികമായി കുവൈറ്റിൽ 'വിതച്ചത്' അമേരിക്ക ആഗോളാടിസ്ഥാനത്തിൽ 'കൊയ്തു' എന്ന് പറഞ്ഞാൽ മതി. ഒരു 'പുതിയ ആഗോള ക്രമം' പ്രഖ്യാപിച്ച ജോർജ് ബുഷ് (സീനിയർ), അമേരിക്കയുടെ 'ഏകലോകധ്രുവ' സിദ്ധാന്തങ്ങൾക്ക് രാജ്യാന്തര ‘സമ്മതി’ നേടി നിരവധി രാഷ്ട്രീയ- സൈനിക-നയതന്ത്ര നീക്കങ്ങൾ നടത്തി.

ഒരു അന്താരാഷ്ട്രവ്യാപാരക്രമം ലോകവ്യാപാര സംഘടനയിലൂടെ (1995) ഉറപ്പാക്കിയും, സ്വതന്ത്രവ്യാപാരക്കരാറുകൾ രാജ്യങ്ങളുമായും, മേഖലാ സഖ്യങ്ങളുമായി ഉണ്ടാക്കിയും, നവലിബറൽ പരിഷ്‌ക്കാരങ്ങൾ (വാഷിംഗ്‌ടൺ കൻസസിലൂടെ) വിവിധ രാജ്യങ്ങളിൽ നടപ്പാക്കിയും, അമേരിക്ക നേതൃത്വം കൊടുത്ത പാശ്ചാത്യശക്തികൾ 'ഏകലോകധ്രുവ' ശാക്തിക സമുച്ചയം പറഞ്ഞും പറയാതെയും കൊണ്ടാടി. റഷ്യ ഉൾപ്പടെയുള്ള മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങൾ ഈ പുതിയ ശാക്തിക സമുച്ചയത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായി. ലിബറൽ ജനാധിപത്യത്തിന്റെ 'അന്തിമ വിജയം' ആഘോഷിച്ച ('ചരിത്രത്തിന്റെ അന്ത്യം' കുറിച്ച) ഫ്രാൻസിസ് ഫുകുയാമയും 'നാഗരികതകളുടെ സംഘട്ടനം' പ്രഖ്യാപിച്ച സാമുവൽ പി. ഹണ്ടിങ്ങ്ടണും ഒരു കൂട്ടം നിയോ-ക്ലാസിക്കൽ റിയലിസ്റ്റിക്കുകളും എല്ലാം ഈ ശാക്തിക സമുച്ചയത്തെ പ്രത്യക്ഷത്തിലും പരോക്ഷമായും സാധൂകരിച്ചുകൊണ്ടിരുന്നു. പേരിനെങ്കിലും സോഷ്യലിസ്റ്റ് പുറംചട്ട തുടർന്നും അണിഞ്ഞുനടന്ന ചൈന 'പുതിയ ലോകക്രമ'ത്തിന്റെ താളം തെറ്റിക്കാതെ ആഗോള മുതലാളിത്ത സമ്പദ് വ്യവസ്ഥ വെച്ച് നീട്ടിയ എല്ലാ അവസരങ്ങളും മുതലെടുത്തു. മിശ്രസമ്പദ് വ്യവസ്ഥയിൽ നിന്നും തുറന്ന കമ്പോളത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണം 'അനായാസ'മാക്കിയത് എൺപതുകളുടെ അന്ത്യത്തിൽ രൂപപ്പെട്ട രാജ്യത്തിൻറെ ഗുരുതരമായ 'അടവുശിഷ്ട പ്രതിസന്ധി'യായിരുന്നു. ഓരോ പ്രതിസന്ധിയെയും അവസരമാക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ ആന്തരിക നിയമങ്ങൾ ഒന്നര ദശകം കൊണ്ട് ലോകമാസകലം പടർന്ന് പന്തലിച്ചു.

നവലിബറലിസം അങ്ങനെ ലോകശാക്തിക സമുച്ചയത്തിന്റെ നിഴലിലും വെളിച്ചത്തിലും കൂടി സർവ്വവ്യാപിയായി. ലോകമാസകലം തിരിച്ചടികൾ നേരിട്ട ഇടതുപക്ഷപ്രസ്ഥാനങ്ങൾ പലതരത്തിലുള്ള തന്ത്രങ്ങളിലൂടെയും പ്രതിരോധങ്ങളിലൂടെയും അതിജീവനത്തിനു ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ഇടതുപക്ഷപാർട്ടികൾ 'അതിജീവന' തന്ത്രങ്ങൾ ആവിഷ്കരിച്ചത് സാർവദേശീയ രംഗത്തേയും ആഭ്യന്തരരംഗത്തെയും വെല്ലുവിളികളെ അതാതു പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ചു വ്യാഖ്യാനിച്ചും പുനരാവിഷ്കരിച്ചും കൊണ്ടാണ്. ഇതിൽ വൈരുധ്യങ്ങളോ വൈഷമ്യങ്ങളോ അവർക്കുണ്ടായിട്ടുമില്ല.

റഷ്യ യുക്രൈനിൽ യുദ്ധം തുടങ്ങുന്നതിനു ഏറെ നാളുകൾക്കു മുമ്പ് തന്നെ ഇത് സംബന്ധിച്ച സംഘർഷങ്ങളും തർക്കങ്ങളും രാജ്യാന്തര തലത്തിൽ തുടങ്ങിയിരുന്നു.  വ്ലാഡിമർ പുടിൻ അധികാരം ഏറ്റെടുക്കുന്ന ഘട്ടത്തിൽ തന്നെ ഇതിനുള്ള സൂചനകൾ കണ്ടിരുന്നു. അധികാരരാഷ്ട്രീയത്തിൽ രണ്ടു പതിറ്റാണ്ടിലേറെക്കാലം ക്രെംലിനിൽ നിലയുറപ്പിച്ച പുടിൻ മുൻ സോവിയറ്റ് യൂണിയനിലെ കെ.ജി.ബി. ഉദ്യോസ്ഥനായിരുന്നു.

ഗാട്ടുകരാറിനെയും പുതിയ ബൗദ്ധികസ്വത്തവകാശ വ്യവസ്ഥയെയും, നവസാമ്പത്തിക നയം നടപ്പാക്കികൊണ്ടിരുന്ന കോൺഗ്രസ് സർക്കാരിനെയും തൊണ്ണൂറുകളിൽ എതിർത്തുകൊണ്ടിരുന്ന ഇടതുപക്ഷം, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിലപാടുകളിൽ അയവു വരുത്തുന്നത് കാണാനാകും. നവലിബറൽ നയത്തിന് തുടക്കമിട്ട കോൺഗ്രസ് നേതൃത്വം കൊടുത്ത യു.പി.എ സർക്കാരിന് പിന്തുണകൊടുക്കുന്നതും അവർ അവതരിപ്പിച്ച ഇന്ത്യൻ പേറ്റൻറ് നിയമത്തിനു അനുകൂലമായി പാർലമെൻറിൽ നിലപാടെടുക്കുന്നതും ഇത്തരത്തിലുള്ള പുനർചിന്തനങ്ങൾക്ക് ശേഷമാണ്. ഫാസിസത്തിന്റെ കടന്നുവരവ് തടയുന്നതിനും പേറ്റൻറ് നിയമത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായ വകുപ്പുകൾ ഉൾപ്പെടുത്തുന്നതിനും വേണ്ടിയാണിതെന്നു ഇടതുപക്ഷം വാദിച്ചു. എന്നാൽ പേറ്റന്റ് നിയമത്തിനു അനുകൂലമായ അടവുനയം സ്വീകരിച്ചത് ആത്യന്തികമായി ഇന്ത്യയ്ക്ക് ദോഷം ചെയ്തെന്നു പിന്നീട് പല ഇടതുപക്ഷ ബുദ്ധിജീവികളും നേതാക്കളും സമ്മതിച്ചു. ഇന്ത്യയുടെ ആരോഗ്യ-മരുന്ന് വ്യവസായമേഖലയിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് അവർ തിരിച്ചറിയുന്നുണ്ട്.

അതുപോലെ മാറിയ ലോകസാഹചര്യങ്ങളിൽ വിദേശസാങ്കേതികവിദ്യയേയും വിദേശമൂലധനത്തെയും സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഇടതുപക്ഷ പാർട്ടികൾക്ക് മുൻനിലപാടുകളിൽ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ടിവന്നതും ഈ കാലഘട്ടത്തിൽ തന്നെ. വിദേശനിക്ഷേപം ആകർഷിക്കാനായി ഉന്നതതല ബിസിനസ് സംഗമങ്ങൾ ഇന്ത്യക്കകത്തും പുറത്തും സംഘടിപ്പിക്കുന്നതിൽ വലതുപക്ഷ പാർട്ടികളോടൊപ്പം ഇടതുപക്ഷവും ശ്രദ്ധ ചെലുത്താൻ തുടങ്ങി. ഏഷ്യൻ വികസന ബാങ്ക്, ലോകബാങ്ക്, അന്താരാഷ്ട്രനാണയനിധി തുടങ്ങിയ രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളെക്കുറിച്ചുള്ള നിലപാടുകളിലും കാതലായ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഇതിൽ പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യമോ വൈഷമ്യമോ കാണാൻ ശ്രമിച്ചിട്ടുമില്ല. രാഷ്ട്രീയ അതിജീവനത്തിന് അത്തരം നിബന്ധനകളോ കടുംപിടുത്തങ്ങളോ പാടില്ല എന്ന തിരിച്ചറിവും ഇക്കാലയളവിൽ വന്നുതുടങ്ങി. ആഗോളമുതലാളിത്ത സമ്പദ്ഘടനയ്ക്കുള്ളിൽ ഒറ്റതിരിഞ്ഞുള്ള പോരാട്ടത്തിന് പകരം, പ്രായോഗികമായി പ്രതിരോധത്തിന് ഐക്യപ്പെടേണ്ട മേഖലകൾ കണ്ടെത്തിയും വികസനത്തിന് മുൻതൂക്കം നൽകിയും അധികാരരാഷ്ട്രീയം ഉപേക്ഷിക്കാതെയും മുന്നോട്ടുപോകാൻ ഇടതുപക്ഷം നിർബന്ധിക്കപ്പെടുകയായിരുന്നു. ദേശീയ-സാർവദേശീയ വിഷയങ്ങളിൽ സ്വാഭാവികമായും ഇടതുപാർട്ടികളുടെ നിലപാടുകൾ ഇപ്പറഞ്ഞ പ്രായോഗിക പരിഗണനകൾക്കകത്താണ് രൂപപ്പെടുത്തിയിരുന്നത്. റഷ്യയുടെ യുക്രൈൻ ആക്രമണത്തോടുള്ള പ്രതികരണങ്ങളിലും ഇത് കാണാനാകും.

ചോദ്യം ചെയ്യാനാവാത്ത നേതൃത്വമാണ് തന്റെതെന്ന് സ്വയം കരുതുന്ന ഒരു പ്രസിഡന്റ് ആണ് പുടിൻ. ഇപ്പോഴത്തെ പ്രശ്നങ്ങളുടെയൊക്കെ കാരണം ലെനിനും പിൻഗാമികളുമാണെന്നു തുറന്നടിക്കാൻ അദ്ദേഹം മടിച്ചില്ല. യുദ്ധപ്രഖ്യാപനത്തിനു പിന്നാലെ നടത്തിയ പത്രസമ്മേളനത്തിൽ പുടിൻ ഇത് വ്യക്തമാക്കി.

യുക്രൈൻ യുദ്ധവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും

റഷ്യ യുക്രൈനിൽ യുദ്ധം തുടങ്ങുന്നതിനു ഏറെ നാളുകൾക്കു മുമ്പ് തന്നെ ഇത് സംബന്ധിച്ച സംഘർഷങ്ങളും തർക്കങ്ങളും രാജ്യാന്തര തലത്തിൽ തുടങ്ങിയിരുന്നു. വ്ലാഡിമർ പുടിൻ അധികാരം ഏറ്റെടുക്കുന്ന ഘട്ടത്തിൽ തന്നെ ഇതിനുള്ള സൂചനകൾ കണ്ടിരുന്നു. അധികാരരാഷ്ട്രീയത്തിൽ രണ്ടു പതിറ്റാണ്ടിലേറെക്കാലം ക്രെംലിനിൽ നിലയുറപ്പിച്ച പുടിൻ മുൻ സോവിയറ്റ് യൂണിയനിലെ കെ.ജി.ബി. ഉദ്യോസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ തന്റെ എതിരാളികളെ നേരത്തെ തിരിച്ചറിയാനും നേരിടാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

പുടിന്റെ നേതൃത്വത്തിൽ നടക്കുന്ന റഷ്യയുടെ സൈനിക നീക്കങ്ങൾ തങ്ങളുടെ ഭൗമരാഷ്ട്രീയ സ്വാധീന മേഖലകളിൽ ഉറപ്പാക്കുന്ന ശാക്തിക-ആധിപത്യ പ്രവണതകളുടെ തുടർച്ച തന്നെയാണ്. പാശ്ചാത്യ രാജ്യങ്ങളും ഇത് തന്നെയാണ് ചെയ്യുന്നത് എന്ന് പുടിന് അറിയാം. പുതിയ കാലഘട്ടത്തിൽ റഷ്യയ്ക്ക് അതിന്റെ ഇമ്പീരിയൽ പാരമ്പര്യം നഷ്ടമാകുന്നത് സഹിക്കാൻ ആകില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി പുടിൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും ഇത് തിരിച്ചുപിടിക്കാനാണ്.

ചോദ്യം ചെയ്യാനാവാത്ത നേതൃത്വമാണ് തന്റെതെന്ന് സ്വയം കരുതുന്ന ഒരു പ്രസിഡന്റ് ആണ് പുടിൻ. ഇപ്പോഴത്തെ പ്രശ്നങ്ങളുടെയൊക്കെ കാരണം ലെനിനും പിൻഗാമികളുമാണെന്നു തുറന്നടിക്കാൻ അദ്ദേഹം മടിച്ചില്ല. യുദ്ധപ്രഖ്യാപനത്തിനു പിന്നാലെ നടത്തിയ പത്രസമ്മേളനത്തിൽ പുടിൻ ഇത് വ്യക്തമാക്കി. അക്കാലങ്ങളിൽ യുക്രൈൻ തുടങ്ങിയ റിപ്പബ്ലിക്കുകൾക്കു നൽകിയ സ്വയംഭരണാവകാശവും വേറിട്ടുപോകാനുള്ള ഭരണഘടനാവകാശവും നൽകിയതിലൂടെ ലെനിനും കൂട്ടാളികളും റഷ്യയുടെ പാൻ-യുറേഷ്യൻ മോഹങ്ങൾക്ക് തടയിട്ടു എന്ന് പുടിൻ സൂചിപ്പിച്ചു. ലെനിൻ ചെയ്ത തെറ്റ് താൻ തിരുത്തുകയാണ് എന്ന് പറഞ്ഞാൽ അത് ഇമ്പീരിയൽ റഷ്യയുടെ പുനഃസ്ഥാപനം തന്നെയാണ്. 2008-ൽ ജോർജിയയിൽ രണ്ടു വിഘടിത റിപ്പബ്ലിക്കുകളെ അംഗീകരിച്ചുകൊണ്ടാണ് പുടിൻ ഈ 'തെറ്റുതിരുത്തൽ' തുടങ്ങിയത്. യുക്രൈയിനിൽ അത് തുടർന്നു എന്നേ ഉള്ളൂ. 2014-ൽ ക്രൈമിയ പിടിച്ചെടുക്കുന്നത് ഇതിന്റെ ഭാഗമായാണ്.

യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലെ രണ്ടു കിഴക്കൻ പ്രവിശ്യകളിലുള്ള (ഡോണെസ്ക്, ലൂഹാന്‍സ്‌ക്) റഷ്യൻ വംശജരായ വിഘടിത ഗ്രൂപ്പുകൾക്ക് സഹായം കൊടുത്തുകൊണ്ടും പിന്നീട് അവരെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ചുകൊണ്ടും റഷ്യ രാജ്യത്തെ യുക്രൈനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. യുക്രെയിനിലെ വംശീയവെറിയും ഭാഷാ ആധിപത്യവും നവനാസി വളർച്ചയും കാണിച്ചുകൊണ്ടാണ് പുടിൻ സൈനിക നടപടികളിലേക്ക് നീങ്ങിയത്. ഇത് കള്ള പ്രചാരണമാണെന്നു പറഞ്ഞ് അമേരിക്കയും സഖ്യകക്ഷികളും മറുപ്രചാരണങ്ങളും നടത്തി. സ്വയംപ്രഖ്യാപിത റിപ്പബ്ളിക്കുകളായ ഡോണെസ്ക്, ലൂഹാന്‍സ്‌ക് പ്രവിശ്യകള്‍ സ്വതന്ത്ര രാജ്യമായിരിക്കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചതോടെ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി പാശ്ചാത്യ രാജ്യങ്ങൾ വിലയിരുത്തി. ദീർഘനാളായി പ്രതീക്ഷിച്ചിരുന്ന റഷ്യൻ ആക്രമണം ഇതോടെ യാഥാർഥ്യമായി. സൈനിക ആക്രമണം തുടങ്ങുന്നത് തന്നെ ഡോണ്‍ബാസ് റിപ്പബ്ളിക്കുകൾ ആവശ്യപ്പെട്ട പ്രകാരമെന്നു കൂടി പുടിൻ പറഞ്ഞതോടെ നേരത്തെ ഹങ്കറിയിലും ചെക്കോസ്ലോവാക്യയിലും അഫ്ഘാനിസ്ഥാനിലും സോവിയറ്റ് യൂണിയൻ ചെയ്തതിന്റെ ബാക്കിയായി.

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ നാറ്റോ സഖ്യം യൂറോപ്പിന്റെ കിഴക്കൻ മേഖലയിലേയ്ക്ക് അതിന്റെ സ്വാധീനവും ശക്തിയും വർധിപ്പിക്കാൻ തുടങ്ങിയത് റഷ്യയ്ക്ക് ഭീഷണിയും അങ്കലാപ്പും ഉണ്ടാക്കി. ബാൾട്ടിക്‌ റിപ്പബ്ലിക്കുകളായ എസ്റ്റോണിയയും, ലാറ്റ് വിയയും ലിത്വാനിയയും നാറ്റോയിൽ അംഗമായതോടെ ഈ ആശങ്കയ്ക്ക് പുതിയ മാനങ്ങൾ വന്നു. സ്വാഭാവികമായും ജോർജിയായും യുക്രൈയിനും കൂടി നാറ്റോ സഖ്യത്തിൽ ചേർന്നാൽ റഷ്യൻ ഇമ്പീരിയൽ താൽപ്പര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നു പുടിനും കൂട്ടരും മനസ്സിലാക്കി.

അമേരിക്കയും സഖ്യകക്ഷികളും ഈ വഴിക്കു ചില നീക്കങ്ങൾ കൂടി നടത്തിയതോടെ പുടിൻ കൂടുതൽ സമ്മർദ്ദത്തിലായി. എല്ലാ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികൾക്കുള്ളിലും സുരക്ഷാകാര്യങ്ങൾക്കു പുടിൻ കൂടുതൽ സമയം കണ്ടെത്തുകയായിരുന്നു. യൂറേഷ്യയും കരിങ്കടലും തന്ത്രപ്രധാനമായ മേഖലയാണ് റഷ്യയ്ക്ക്. റഷ്യയുടെ ഊർജ്ജ-സൈനിക വ്യാപാരത്തിന്റെ സുരക്ഷിത വഴികളാണ് ഈ മേഖലയിലൂടെ കടന്നുപോകുന്നത്. റഷ്യയും മറ്റു പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾ തമ്മിലും ഉള്ള ബന്ധങ്ങളിൽ കുറച്ചുകാലമായി വന്ന മാറ്റങ്ങൾ അമേരിക്കയും മറ്റു നാറ്റോ സഖ്യകക്ഷികളും ആശങ്കയോടെയാണ് കണ്ടത്. പ്രത്യേകിച്ചും ഊർജ്ജമേഖലയിലെ റഷ്യയുടെ വളർച്ചയും വ്യാപനവും. ഇത് ഡോളറിന്റെ വളർച്ചയെ തടയുകയും യൂറോയെ രാജ്യാന്തര കറൻസിയായി ഉയർത്തുകയും ചെയ്യുമോ എന്ന ഭീഷണി അമേരിക്കയ്ക്ക് സ്വാഭാവികമായും ഉണ്ട്. യൂറോപ്പിന്റെ തന്നെ ഊർജ്ജാവശ്യങ്ങളിൽ റഷ്യയ്ക്ക് ചെയ്യാൻ കഴിയുന്ന കാര്യം അമേരിക്കയ്ക്ക് സാധിക്കില്ല എന്ന ബോധ്യം ഇക്കാലത്തു ജർമനിക്കും ഫ്രാൻസിനും ഉണ്ടായി. ഇപ്പോൾ നിർത്തിവച്ചിരിക്കുന്ന നോർഡ് 2 പൈപ്പ്‌ലൈൻ ഇതിന്റെ പ്രതീകമാണ്. റഷ്യയുടെ ഫ്രാൻസും ജർമനിയുമായുള്ള പുതിയ ബന്ധങ്ങൾ തകർക്കേണ്ടത് അമേരിക്കയുടെയും നാറ്റോ സഖ്യരാജ്യങ്ങളുടെയും താല്പര്യങ്ങളാണ്.

അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ സാമ്പത്തിക-വ്യാപാരകാര്യങ്ങളിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ റഷ്യക്ക് യൂറോപ്പിൽ വീണ്ടുമൊരു ആധിപത്യത്തിന് വഴിയൊരുക്കുമോ എന്ന ഭീഷണി അമേരിക്കയ്ക്ക് ഉണ്ടായിരുന്നു എന്നതാണ് സത്യം. അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധം മോശമാകുകയും റഷ്യയും യൂറോപ്പും കൂടുതൽ അടുക്കുകയും ചെയ്താൽ അത് അമേരിക്കയുടെ ഭൗമരാഷ്ട്രീയ തന്ത്രങ്ങൾക്ക് തിരിച്ചടിയാകും എന്ന് അവർക്കു ബോധ്യമുണ്ട്. ഇതിലൂടെ ചൈന പുതിയ ആധിപത്യ മേഖലകൾ വികസിപ്പിക്കുമെന്നും അമേരിക്ക കരുതുന്നു. ഇന്തോ-പസിഫിക് മേഖലയിലേക്ക് അമേരിക്ക കൂടുതൽ ശ്രദ്ധകൊടുക്കാൻ തുടങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. യൂക്രെയിൻ പ്രതിസന്ധി ആ അർത്ഥത്തിൽ അമേരിക്കയ്ക്ക് വലിയ ‘അവസര’ മായിരുന്നു നൽകിയത്. റഷ്യയെ യൂറോപ്പിന്റെ തന്ത്രപ്രധാനമായ വലയത്തിൽ നിന്നും അകറ്റിനിർത്താൻ യുക്രൈനെ അമേരിക്ക നന്നായി ഉപയോഗിക്കുകയും ചെയ്തു.

യുക്രൈയ്ൻ യുദ്ധം നൽകിയ പാഠം മറ്റൊന്നുമല്ല. പ്രത്യയശാസ്ത്രങ്ങൾക്കപ്പുറത്തേയ്‌ക്ക്‌ ഭൗമരാഷ്ട്രീയം മാറിക്കൊണ്ടിരിക്കുന്നു, ലോകത്തെ മാറ്റികൊണ്ടിരിക്കുന്നു. മുൻ നൂറ്റാണ്ടുകളിലേതുപോലെ യൂറോപ്പ് അതിന്റെ കേന്ദ്രസ്ഥാനത്തു വീണ്ടുമെത്തിയിരിക്കുന്നു. സാമ്പത്തിക-വ്യാപാര മേഖലയിൽ യൂറോപ്യൻ യൂണിയൻ സഹകരണത്തിന്റെ ഒരു പുതിയ യുഗം തുറന്നിട്ടതു ഇപ്പോൾ വഴിയിലായി. യൂറോപ്പിൽ ഇനിയൊരു യുദ്ധം ഉണ്ടാകില്ലെന്ന വാദഗതികൾ യുക്രൈൻ പ്രതിസന്ധി തകർത്തുകളഞ്ഞു. യൂറോപ്പിന്റെ അരക്ഷിതാവസ്ഥ ഇന്ന് ലോകത്തിന്റെ അരക്ഷിതാവസ്ഥയായി മാറി.

യുദ്ധം ഒരു മാസം പിന്നിട്ടു കഴിഞ്ഞപ്പോൾ വിനാശകരമായ തലത്തിലേക്ക് കാര്യങ്ങൾ മാറുകയാണ്. മൂന്നര ദശലക്ഷം യുക്രൈൻ പൗരന്മാരെ അഭയാർത്ഥികളാക്കിയ റഷ്യൻ ആക്രമണം പതിനായിരങ്ങളെ കൊന്നൊടുക്കി. അതിൽ സ്ത്രീകളും കുട്ടികളും വൃദ്ധരും സൈനികരും എല്ലാം ഉണ്ട്. രാജ്യന്തര ഏജൻസികൾ പറയുന്ന കണക്കുകളും, യുക്രൈൻ, റഷ്യൻ സർക്കാരുകൾ പറയുന്ന കണക്കുകളും വ്യത്യസ്തമാണ്. ഇരുപതു ലക്ഷം പേരെങ്കിലും ഇപ്പോൾ ആഭ്യന്തര അഭയാർഥികളായിട്ടുണ്ട്. നശിപ്പിച്ച കെട്ടിടങ്ങളിൽ സൈനിക കേന്ദ്രങ്ങൾ മാത്രമല്ല ഉള്ളത്. സ്‌കൂളുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങി ഫാക്ടറികളും കച്ചവടസ്ഥാപനങ്ങളും എല്ലാം ഇതിൽപ്പെടും. ആണവനിലയങ്ങൾക്കു നേരെയും ഉണ്ടായ ആക്രമണങ്ങൾ ലോകമെങ്ങും ഭീതി പരത്തി. യുക്രൈൻ ആക്രമണത്തെ തുടർന്ന് റഷ്യയ്ക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ശക്തമാക്കിയതും നാറ്റോ സഖ്യം യുക്രൈയിനെ നേരിട്ടും അല്ലാതെയും സഹായിക്കാൻ തുടങ്ങിയതും പുടിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. വിനാശകാരിയായ ആയുധങ്ങൾ വേണ്ടിവന്നാൽ ഉപയോഗിക്കാൻ മടിക്കില്ലെന്ന പുടിന്റെ നിരുത്തരവാദപരമായ പ്രസ്താവനകളും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ആണവപ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽപ്പെടുത്തികൊണ്ടു പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുടിൻ നിർദേശം നൽകിയതും ഇതിന്റെയെല്ലാം അശുഭസൂചനകളാണ്.
ആണവായുധങ്ങളെയും രാസ-ജൈവായുധങ്ങളെയും സംബന്ധിച്ച അന്താരാഷ്ട ഉടമ്പടികളും പ്രഖ്യാപനങ്ങളും അപ്രസക്തമാക്കികൊണ്ടു ലോകത്തെ വെല്ലുവിളിക്കാമെന്ന റഷ്യയുടെ ധാഷ്ട്ര്യം ഏവരെയും ഭീതിതരാക്കുന്നു. റഷ്യയ്ക്ക് ഇന്ന് അയ്യായിരത്തോളം ആണവായുധങ്ങൾ ഉണ്ട്. അതിൽ നൂറുകണക്കിന് ആയുധങ്ങൾ ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിച്ചിട്ടുള്ള തന്ത്രപരമായ സ്വഭാവമുള്ളതാണ്. സോവിയറ്റ് യൂണിയന്റെ കാലത്ത് യുക്രൈനിൽ ആണവായുധങ്ങളുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നു. യുക്രൈൻ സ്വതന്ത്രമായതോടെ ഇത് റഷ്യയ്ക്ക് കൈമാറേണ്ടി വന്നു. എന്നാൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു ആണവായുധങ്ങൾ നിർമിക്കാൻ യുക്രൈന് ഇന്ന് വേണമെങ്കിൽ കഴിയും.

റഷ്യയും യുക്രൈനും പല പ്രാവശ്യം വിവിധയിടങ്ങളിൽ വെച്ച് ചർച്ചകൾ നടത്തിയിരുന്നു. യുക്രൈനിൽ നിന്നും വ്യക്തമായി ഉറപ്പൊന്നും കിട്ടാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന സൂചനയാണ് പുടിൻ നൽകുന്നത്. തുർക്കിയുടെ തന്ത്രപ്രധാന നഗരമായ ഇസ്താൻബുളിൽ നടക്കുന്ന ചർച്ചയും ഏതു വഴിക്കു നീങ്ങുമെന്ന് പറയാറായിട്ടില്ല. യുക്രൈൻ സ്വയം നിക്ഷപക്ഷരാഷ്ട്രമായി പ്രഖ്യാപിക്കുകയും നാറ്റോയിൽ ചേരില്ലെന്നു വ്യക്തമായി ഉറപ്പുകൊടുക്കുകയും ഡോൻബാസ് റിപ്പബ്ലിക്കുകളെ സ്വതന്ത്രമേഖലയായി അംഗീകരിക്കുകയും ചെയ്‌താൽ യുക്രൈന് സമാധാനം തിരിച്ചു വരുമെന്ന റഷ്യൻ വാഗ്‌ദാനം അത്ര സന്തോഷകരമായല്ല സെലൻസ്കിയും ജോ ബൈഡനും കാണുന്നത്. അതുകൊണ്ടുതന്നെ ചർച്ചകൾക്ക് ഉടൻ പരിഹാരം കാണുമെന്ന വിശ്വാസം പലർക്കും ഇല്ല. യുദ്ധം അവസാനിപ്പിക്കാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാമെന്ന പുടിന്റെ നിലപാടിൽ നാറ്റോയ്ക്കും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങൾക്കും അങ്ങേയറ്റത്തെ അരിശം ഉണ്ട്.
ഇതിനിടയിൽ ഉപരോധങ്ങൾ റഷ്യയെ ഗുരുതരമായി ബാധിച്ചു തുടങ്ങി. യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയിൽ നിന്നും എണ്ണ-പ്രകൃതി വാതകം ഇറക്കുമതി ചെയ്യാൻ തുടങ്ങിയാൽ റഷ്യയ്ക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യയെയോ ചൈനയെയോ കൊണ്ട് കൂടുതൽ എണ്ണ-പ്രകൃതി വാതകം വാങ്ങിപ്പിച്ച് ഇതിനുള്ള മറുപടി നൽകാനും റഷ്യയ്ക്ക് ആവില്ല. കാരണം ഇന്ത്യയും ചൈനയും അന്താരാഷ്ട്ര വിപണിയിൽ ഇടപെടുന്നതു പാശ്ചാത്യ ധനകാര്യ സ്ഥാപനങ്ങളിൽ കൂടിയും, അവരുടെ ബാങ്കിങ്-പേയ്മെന്റ് സംവിധാനങ്ങളിൽ കൂടിയുമാണ്. ആഗോള കമ്പോളത്തിലൂടെ തുടർന്നും ഇടപെട്ടാലെ സാമ്പത്തികമായി പിടിച്ചു നില്ക്കാൻ കഴിയൂ എന്ന സത്യം റഷ്യൻ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന മുതലാളിമാർക്കുമുണ്ട്.

രാഷ്ട്രങ്ങൾക്കുള്ളിലും സാർവദേശീയതലത്തിലും ആസൂത്രിതവും ചിട്ടയായിട്ടുള്ളതുമായ പ്രവർത്തനങ്ങളിലൂടെയും എല്ലാ ശക്തിദുർഗങ്ങൾക്കെതിരായി പോരാടിയും മാത്രമേ ലോകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന് വർഷങ്ങൾക്കു മുമ്പ് എറിക് ഹോബ്‌സ്‌ബോം പറഞ്ഞതിന്റെ പ്രസക്തി ഇന്നും കുറഞ്ഞിട്ടില്ല. സ്വാതന്ത്ര്യത്തിന്റെയും യുക്തിബോധത്തിന്റെയും സംസ്കാരങ്ങളിൽ വിശ്വസിക്കുന്നവർ ഇത്തരം ബഹുജനപ്രവർത്തനം ഏറ്റെടുക്കുന്നില്ലെങ്കിൽ ഈ മൂല്യങ്ങളിൽ യാതൊരു പ്രതിബദ്ധതയുമില്ലാത്തവർ അതേറ്റെടുക്കും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

യുദ്ധവും ഇടതുപക്ഷവും

യുക്രൈൻ യുദ്ധത്തോടുള്ള രാജ്യങ്ങളുടെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതികരണങ്ങൾ ഇതിനോടകം ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞു. റഷ്യ മുൻ സോഷ്യലിസ്റ്റ് രാജ്യമായ സോവിയറ്റ് യൂണിയന്റെ പിൻഗാമി എന്ന നിലയ്ക്കാണ് പല പ്രതികരണങ്ങളും വരുന്നത്. പ്രത്യേകിച്ച് ഈ വിഷയത്തിൽ റഷ്യയോടൊപ്പം നിൽക്കുന്ന ഒരു പ്രധാന രാജ്യം ചൈന എന്നുള്ളത് കൊണ്ട്. ചൈന സോഷ്യലിസത്തിന് വേണ്ടി നിലനിൽക്കുന്നു എന്ന് ശക്തമായി വാദിക്കുന്നവർ ഇപ്പോഴും ഉണ്ട് (പാശ്ചാത്യ രാജ്യങ്ങൾക്കു പോലും അങ്ങനെയൊരു തോന്നൽ ഇല്ല എന്നതാണു സത്യം). അപ്പോൾ ചൈന-റഷ്യ-ഇറാൻ അച്ചുതണ്ട് ഒരു പുതിയ ശാക്തികസമവാക്യത്തിന്റെ പ്രതീകമായി കരുതുന്നവർ ഉണ്ടാകുന്നതു സ്വാഭാവികം.

മുഖ്യ എതിരാളിയാണെങ്കിലും പ്രധാന പ്രതിപക്ഷമായ റഷ്യൻ കമ്മ്യൂണിസ്റ് പാർട്ടി യുക്രൈൻ യുദ്ധത്തിൽ പുടിനോടൊപ്പമാണ്. ആഭ്യന്തര പ്രതിഷേധങ്ങളെ അമർച്ച ചെയ്യാൻ പുതിയ നിയമനങ്ങൾ പുടിൻ കൊണ്ടുവന്നു എന്നത് മാത്രമല്ല കാരണം. മുൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിൻഗാമിയായ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊതുവായുള്ള അവസ്ഥ ഇതാണ്. എന്നാൽ പാർട്ടിയിൽ നിന്നും വിമത ശബ്ദങ്ങൾ ഉണ്ടാകുന്നുണ്ട്. സൈബീരിയയിൽ നിന്നുള്ള ഡ്യൂമയിലെ അംഗം മർകേവ് യുദ്ധത്തിൽ സ്വീകരിച്ച നിലപാട് വളരെ വ്യത്യസ്തമായിരുന്നു. പുടിൻ യുക്രൈനിലുള്ള റഷ്യൻ വംശജരുടെ പേര് പറഞ്ഞ് കാര്യങ്ങളെ സ്വന്തം താല്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായി അദ്ദേഹം തുറന്നടിച്ചു. പാശ്ചാത്യശക്തികളുടെ ഇരട്ടത്താപ്പ് നയം തന്നെയാണ് പുടിനും സ്വീകരിച്ചിരിക്കുന്നതെന്നു മർകേവ് ചൂണ്ടിക്കാട്ടി. മർകേവ് കൂടാതെ മറ്റൊരംഗം കൂടി (സ്‌മോളിൻ ) പുടിനെ വിമർശിക്കുന്നുണ്ട്. ഇതിന്റെയെല്ലാം മുഖ്യകാരണം സോവിയറ്റ് യൂണിയന്റെ തകർച്ചയിൽ നിന്നും തുടങ്ങുന്നതാണെന്നു പറഞ്ഞ അദ്ദേഹം പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽ നിന്നും മാറിയാണ് സഞ്ചരിക്കുന്നത്. എന്നാൽ താരതമേന്യ ചെറിയ പാർട്ടിയായ റഷ്യൻ കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടി റഷ്യൻ, അമേരിക്കൻ യൂറോപ്യൻ നേതൃത്വങ്ങളെ ഒരു പോലെ വിമർശിച്ചു. ഡോൺബോസിലെയും, റഷ്യയിലെയും മറ്റു യുക്രൈൻ മേഖലകളിലെയും തൊഴിലാളി ജനതയെ ഇവരെല്ലാവരും കൂടി തീർത്തും അവഗണിക്കുകയാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. പുടിന്റെ ഡോൺബോസിലെ 'മാനുഷികമായ ആശങ്കകൾ' വെറുമൊരു പുകമറയാണെന്ന് വർക്കേഴ്സ് പാർട്ടി വിമർശിച്ചു. നാറ്റോ രാജ്യങ്ങളെയും യൂറോപ്യൻ രാജ്യങ്ങളെയും വിഭജിക്കുന്നതിനു പകരം യുദ്ധം അവരെ ഒരുമിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് പാർട്ടി പറഞ്ഞു.

ബ്രിട്ടീഷ്, പോർച്ചുഗീസ്, ഗ്രീക്ക് കനേഡിയൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ റഷ്യയെയും നാറ്റോയെയും ഒരു പോലെ വിമർശിച്ചു. തൊഴിലാളി വർഗ്ഗ താല്പര്യങ്ങളെല്ലാം ഇവരെല്ലാവരും കൂടി ഹനിക്കുകയാണെന്നു കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചൂണ്ടിക്കാട്ടി. ചൈന ഔദ്യോഗികമായി റഷ്യയോട് നിൽക്കുമ്പോഴും ഒരുകൂട്ടം ചൈനീസ് ചരിത്രകാരന്മാർ റഷ്യയുടെ പടനീക്കത്തെ നിശിതമായി വിമർശിച്ചു. യുദ്ധം ഉടൻ അവസാനിപ്പിച്ചു ചർച്ചകൾക്ക് റഷ്യ സന്നദ്ധമാകണമെന്നു അവർ ആവശ്യപ്പെട്ടു. അമേരിക്കയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്താവന പുറപ്പെടുവിച്ചു. നാറ്റോയുടെ വ്യാപനം റഷ്യയ്‌ക്ക് തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടാക്കുന്നെന്നും വിഷയത്തിലെ അമേരിക്കയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും പറഞ്ഞു. നാറ്റോയുടെ വിപുലീകരണം വേണ്ട, സൈനിക വിന്യാസം വേണ്ട, യുക്രൈനെതിരെ യുദ്ധം വേണ്ട, റഷ്യയ്‌‌ക്കെതിരെ യുദ്ധം വേണ്ട എന്നാണ് തങ്ങളുടെ നിലപാടെന്നും അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്‌താവനയില്‍ പറഞ്ഞു.

യുക്രൈൻ അധിനിവേശത്തില്‍ നിന്ന് പിന്മാറി റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇന്ത്യയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് യെച്ചൂരി നിര്‍ദ്ദേശിച്ചു. യുദ്ധം പ്രശ്‌ന പരിഹാരമല്ല. അതിനാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതിനായി നയന്ത്രതല പരിഹാരത്തിന് റഷ്യ തയ്യാറാവുകയാണ് വേണ്ടത്. നാറ്റോ അംഗത്വത്തിനുള്ള അവകാശവാദത്തില്‍ നിന്ന് പിന്മാറി നിഷ്‌പക്ഷ രാജ്യമായി തുടരാന്‍ യുക്രൈന്‍ തയ്യാറാകണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞത് യുദ്ധം ഭൗമ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നാണ്. ഇപ്പോഴത്തെ സ്ഥിതിഗതികൾ വഷളാക്കിയത് അമേരിക്കയും നാറ്റോയും കൂടിയാണ്. യൂറോപ്പിന്റെ കിഴക്കൻ മേഖലയിലേയ്ക്ക് നാറ്റോ വ്യാപിപ്പിക്കുന്നത് ലോകസമാധാനത്തിനു ഭീഷണിയാണ്. റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്നും ചർച്ചകളിലേക്ക് കാര്യങ്ങൾ കൊണ്ട് പോകണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.

മുഖ്യധാര ഇടതുപാർട്ടികൾ റഷ്യ പിന്മാറണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുമ്പോൾ പാശ്ചാത്യ രാജ്യങ്ങൾ ചെയ്തതു പോലെ റഷ്യയെ ഒറ്റതിരിഞ്ഞു കുറ്റപ്പെടുത്താൻ അവർ തയ്യാറാകാത്തത് സ്വാഭാവികം. ചരിത്രപരമായി സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയും ഇന്ത്യയുമായി നിലനിർത്തിയിരുന്ന സവിശേഷ (സാമ്പത്തിക-സുരക്ഷാ) ബന്ധങ്ങൾ ഈ നിലപാടുകളിൽ കാണാൻ കഴിയും. ഇന്ത്യയുടെ ഔദ്യോഗിക നിലപാടും ഇത് തന്നെയാണെന്നാണ് വിചിത്രമായി തോന്നേണ്ട കാര്യമില്ല. ഐക്യരാഷ്ട്ര സഭയിലും മനുഷ്യാവകാശ കൗൺസിലിലും ഇന്ത്യ ഇത് തന്നെയാണ് ചെയ്തത്. 'ദേശീയ താൽപ്പര്യ'ങ്ങൾ വരുമ്പോൾ ചുരുക്കത്തിൽ ഓരോരോ രാജ്യങ്ങൾക്കുള്ളിലും ഒരു പൊതുസമ്മതി രൂപപ്പെടുന്നത് മറ്റേതൊരു വിഷയത്തിലും പോലെ ഇവിടെയും കാണാം. എന്നാൽ യുക്രൈൻ ജനത യുദ്ധത്തിലൂടെ അനുഭവിക്കേണ്ടി വരുന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നങ്ങൾക്ക് ഇത്തരം 'ദേശീയ താൽപ്പര്യ'ങ്ങൾ വഴി പരിഹാരം കാണാനും കഴിയില്ല.

രാഷ്ട്രങ്ങൾക്കുള്ളിലും സാർവദേശീയതലത്തിലും ആസൂത്രിതവും ചിട്ടയായിട്ടുള്ളതുമായ പ്രവർത്തനങ്ങളിലൂടെയും എല്ലാ ശക്തിദുർഗങ്ങൾക്കെതിരായി പോരാടിയും മാത്രമേ ലോകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന് വർഷങ്ങൾക്കു മുമ്പ് എറിക് ഹോബ്‌സ്‌ബോം പറഞ്ഞതിന്റെ പ്രസക്തി ഇന്നും കുറഞ്ഞിട്ടില്ല. സ്വാതന്ത്ര്യത്തിന്റെയും യുക്തിബോധത്തിന്റെയും സംസ്കാരങ്ങളിൽ വിശ്വസിക്കുന്നവർ ഇത്തരം ബഹുജനപ്രവർത്തനം ഏറ്റെടുക്കുന്നില്ലെങ്കിൽ ഈ മൂല്യങ്ങളിൽ യാതൊരു പ്രതിബദ്ധതയുമില്ലാത്തവർ അതേറ്റെടുക്കും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഹോബ്‌സ്‌ബോം പറയുന്നു: "നിർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ ഈ കാലഘട്ടത്തിൽ അങ്ങേയറ്റം അപകടം നിറഞ്ഞ ഈ പ്രതിഭാസം ഏറ്റെടുക്കാൻ സാധ്യത വിദേശി വിദ്വേഷവും വാചാടോപവും കൊണ്ടുനടക്കുന്ന വലതുപക്ഷ ദേശീയഭരണകൂടങ്ങളാണ്. ഇവർ സോഷ്യലിസത്തോടും ലിബറലിസത്തോടും ഒരു പോലെ ശത്രുതയുള്ളവരാണ്."
അതെ എറിക് ഹോബ്‌സ്‌ബോമിന്റെ താക്കീതു എത്ര ശരിയായി.
ഇത് തന്നെയാണ് ഇടതുപക്ഷം ദേശരാഷ്ട്രങ്ങൾക്കുള്ളിലും സാർവദേശീയ രംഗത്തും തിരിച്ചറിഞ്ഞുകൊണ്ട് പ്രതികരിക്കേണ്ടത്, പ്രവർത്തിക്കേണ്ടത്.

കെ.എം. സീതി ഐ.സി.എസ്‌.എസ്‌.ആർ സീനിയർ ഫെല്ലോയും ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് (എം.ജി. സർവകലാശാല) ഡയറക്ടറുമാണ്.

Leave a comment