TMJ
searchnav-menu
post-thumbnail

Outlook

യുക്രൈന്‍ യുദ്ധം; ന്യൂയോര്‍ക്ക് ടൈംസും അമേരിക്കന്‍ നയമാറ്റങ്ങളും

27 May 2022   |   1 min Read
കെ പി സേതുനാഥ്

ആഗോള ഭൗമ രാഷ്ട്രീയത്തിലെ (ജിയോപൊളിറ്റിക്‌സില്‍) പഴയതും പുതിയതുമായ ശാക്തികബന്ധങ്ങളുടെ പടയൊരുക്കങ്ങളെ പറ്റിയുള്ള കുഴലൂത്തുകളോടെ യുക്രൈന്‍ യുദ്ധം മൂന്നു മാസം പിന്നിട്ടിരിക്കുന്നു. യുദ്ധമുന്നണിയിലെ സാഹചര്യങ്ങളെ പറ്റി വസ്തുതാപരമായി വിലയിരുത്താനുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമാണെങ്കിലും അമേരിക്കന്‍ പക്ഷപാതികളും, റഷ്യന്‍ പക്ഷപാതികളും അവിരാമം തുടരുന്ന നുണകളെ അടിസ്ഥാനമാക്കിയുള്ള വാര്‍ത്തകള്‍ക്കും, വിശകലനങ്ങള്‍ക്കും ഇപ്പോഴും പഞ്ഞമില്ല. നിറം പിടിപ്പിച്ച വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ അധികം ശ്രദ്ധിക്കാതെ പോയ ഒന്നാണ് അമേരിക്കന്‍ നയരൂപീകരണങ്ങളുടെ ജിഹ്വകളിലൊന്നായ ന്യൂയോര്‍ക്ക് ടൈംസില്‍ മെയ് 11 നും, 19 നും പ്രത്യക്ഷപ്പെട്ട വിശകലനങ്ങളെന്ന് അടുത്തകാലം വരെ മസാച്യുസെറ്റ്സ് സര്‍വകലാശാലയില്‍ ഫിസിയോളജി-ന്യൂറോ സയന്‍സ് പ്രൊഫസറായിരുന്ന ജോണ്‍ വി വാല്‍ഷ് വിലയിരുത്തുന്നു. സമാധാനം, ആരോഗ്യപരിപാലനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എഴുതുന്ന വ്യക്തിയാണ് വാല്‍ഷ്.

യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്കന്‍ തന്ത്രങ്ങള്‍ വേണ്ടതുപോലെ ഫലിക്കുന്നില്ലെന്നും തിരുത്തലുകള്‍ അനിവാര്യമാണെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസിലെ വിലയിരുത്തലുകള്‍ എന്നാണ് വാല്‍ഷിന്റെ അഭിപ്രായം. യുക്രൈനിലെ സ്ഥിതിഗതികളെപ്പറ്റി മെയ് 11ന് പ്രസിദ്ധീകരിച്ച വിശകലനത്തില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ വേണ്ടതുപോലെ പരിരക്ഷിക്കപ്പെടുന്നില്ലെന്ന് സൂചനകള്‍ വ്യക്തമായിരുന്നുവെങ്കില്‍ 19ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ 'റഷ്യയുടെ മേല്‍ സമ്പൂര്‍ണ്ണ വിജയം' അസാദ്ധ്യമാണെന്നും യുക്രൈന്‍ 'യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വിലയിരുത്തല്‍' നടത്തി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികള്‍ തേടണമെന്നും നിര്‍ദ്ദേശിക്കുന്നതായിരുന്നു. ടൈംസിന്റെ സമ്പൂര്‍ണ്ണ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പേരിലാണ് ഈ വിലയിരുത്തലെന്നതാണ് ശ്രദ്ധേയം. അതിലെ പ്രധാന വാചകമിതാണ്. 'അമേരിക്കയും, അതിന്റെ സഖ്യകക്ഷികളും റഷ്യക്കും, യുക്രൈനും ഒരുപോലെ നല്‍കേണ്ട സന്ദേശം: എത്ര സമയമെടുത്താലും യുക്രൈന്‍ സ്വതന്ത്രമായിരിക്കണം. ഇതായിരുന്നു മാര്‍ച്ചില്‍ ഈ ബോര്‍ഡിന്റെ വാദം. ആ ലക്ഷ്യത്തില്‍ മാറ്റമില്ലെങ്കിലും, അവസാന വിശകലനത്തില്‍, ചര്‍ച്ചകള്‍ വഴിയുള്ള സമാധാനത്തിനായി കഠിനമായ ചില തീരുമാനങ്ങള്‍ യുക്രൈന് എടുക്കേണ്ടി വരുമെങ്കിലും, റഷ്യയുമായി ഇപ്പോള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധം അമേരിക്കയുടെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല.'

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ യുക്രൈന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന നയം അമേരിക്ക ഉപേക്ഷിക്കണമെന്ന അമേരിക്കന്‍ നയരൂപീകരണത്തിലും, പൊതുജനാഭിപ്രായ രൂപീകരണത്തിലും പ്രമുഖസ്ഥാനം വഹിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ വീക്ഷണം ഒരു നയം മാറ്റത്തിന്റെ ലക്ഷണമായി കാണാവുന്നതാണെന്ന് വാല്‍ഷ് അഭിപ്രായപ്പെടുന്നു. അമേരിക്കന്‍ നയരൂപീകരണ സംവിധാനത്തിനുള്ളിലെ പുനര്‍വിചിന്തനത്തിന്റെയും, ഭിന്ന വീക്ഷണങ്ങളുടെയും പ്രതിഫലനമായും അതിനെ കാണാവുന്നതാണെന്നും അദ്ദേഹം പറയുന്നു. യുദ്ധത്തില്‍ റഷ്യക്കെതിരെ യുക്രൈന്‍ പൂര്‍ണ്ണ വിജയം കൈവരിക്കുമെന്ന പ്രതീക്ഷ പ്രത്യേകിച്ചും 2014 മുതല്‍ റഷ്യ കൈവശപ്പെടുത്തിയ സ്ഥലങ്ങളെല്ലാം തിരിച്ചുപിടിക്കുന്ന തരത്തിലുള്ള വിജയം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും ടൈംസ് പച്ചക്ക് പറയുന്നു. ചുരുക്കത്തില്‍ ക്രിമിയയും, ഡോണ്‍ബാസുമടക്കം റഷ്യയുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ മറക്കുന്നതാവും യുക്രൈന് കരണീയമെന്നാണ് അതില്‍ നിന്നും മനസ്സിലാക്കാനാവുക. എന്താവും ടൈംസിന്റെ ഈ മനംമാറ്റത്തിന്റെ കാരണം. വാല്‍ഷിന്റെ അഭിപ്രായത്തില്‍ പാശ്ചാത്യ പ്രചാരണ സംവിധാനം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചിട്ടും റഷ്യയുടെ ആസന്ന തകര്‍ച്ചയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന ഗ്രൗണ്ട് സീറോയില്‍ നിന്നുള്ള വിവരങ്ങളാവും മാറ്റത്തിനുള്ള ഒരു പ്രധാന കാരണം. ലോകത്തിലെ 195 പ്രമുഖരാജ്യങ്ങളില്‍ ഇന്ത്യയും, ചൈനയുമടക്കമുള്ള 165 രാജ്യങ്ങളും റഷ്യക്കെതിരായ ഉപരോധത്തില്‍ പങ്കു ചേരാന്‍ വിസ്സമതിക്കുന്നതും പുനര്‍വിചിന്തനങ്ങള്‍ക്ക് കാരണമായേക്കാം. റഷ്യക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം, ഒരു പരിധി വരെ റഷ്യയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കാത്ത തരത്തില്‍ ആണെങ്കിലും, ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്ന വിലയിരുത്തലുകളും അമേരിക്കന്‍ നയങ്ങള്‍ക്ക് തിരിച്ചടിയായെന്നു കണക്കാക്കുന്നതില്‍ തെറ്റുണ്ടാവില്ല.

സൈനികമായും, സാമൂഹ്യമായും, സാമ്പത്തികമായും നിലംപരിശാക്കിയ രാജ്യങ്ങളായ ഇറാഖിലും, ലിബിയലുമെല്ലാം പരസ്പരം പോരടിക്കുന്ന സായുധസംഘങ്ങളെ കെട്ടഴിച്ചു വിടുന്നതുപോലെ എളുപ്പമാവില്ല അടിമുടി ന്യൂക്ലിയര്‍ ആയുധധാരിയായി നില്‍ക്കുന്ന റഷ്യയുടെ പിന്നാമ്പുറത്തുള്ള പരോക്ഷ യുദ്ധങ്ങള്‍.

ഇപ്പോഴത്തെ നിലപാടില്‍ നിന്നും പിന്മാറുകയാണെങ്കില്‍ എന്താവും അമേരിക്കയുടെ മുന്നിലുള്ള പ്ലാന്‍ ബി എന്ന ചോദ്യം അവഗണിക്കാനാവില്ല. പ്രത്യക്ഷത്തിലുള്ള യുദ്ധത്തിന് പകരം പരോക്ഷമായ ആക്രമണങ്ങളുടെ വേദിയായി മേഖലയെ പരിവര്‍ത്തനപ്പെടുത്തുകയെന്ന നയം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇറാഖ് മുതല്‍ ലിബിയ വരെയുള്ള മേഖലകളില്‍ നിലനില്‍ക്കുന്നതിന് സമാനമായ സാഹചര്യം യുക്രൈനിലും സൃഷ്ടിക്കുക അമേരിക്കയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള വിഷയമല്ല. എന്നാല്‍ തങ്ങളുടെ പിന്നാമ്പുറത്ത് അത്തരമൊരു സാഹചര്യം പുലരുവാന്‍ റഷ്യ അനുവദിക്കുമോയെന്ന ചോദ്യം അവഗണിക്കാനാവില്ല. സൈനികമായും, സാമൂഹ്യമായും, സാമ്പത്തികമായും നിലംപരിശാക്കിയ രാജ്യങ്ങളായ ഇറാഖിലും, ലിബിയലുമെല്ലാം പരസ്പരം പോരടിക്കുന്ന സായുധസംഘങ്ങളെ കെട്ടഴിച്ചു വിടുന്നതുപോലെ എളുപ്പമാവില്ല അടിമുടി ന്യൂക്ലിയര്‍ ആയുധധാരിയായി നില്‍ക്കുന്ന റഷ്യയുടെ പിന്നാമ്പുറത്തുള്ള പരോക്ഷ യുദ്ധങ്ങള്‍.

യുദ്ധവാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഉള്‍പ്പേജുകളില്‍ ഒതുങ്ങിയെങ്കിലും പ്രകൃതിയും മനുഷ്യരും നേരിടുന്ന വ്യാവസായികാടിസ്ഥാനത്തിലെ ഉന്മൂലനത്തിന് (industrial scale slaughter) കാരണമായ യുദ്ധത്തിന്റെ പൈശാചികതകള്‍ ബാക്കിയാവുന്നു. റഷ്യന്‍ പരാജയത്തെക്കറിച്ചുള്ള അതിശയോക്തികളില്‍ അമേരിക്കന്‍ പക്ഷപാതികള്‍ അഭിരമിക്കുമ്പോള്‍ റഷ്യന്‍ അനുകൂലികള്‍ തങ്ങളുടെ മുന്നേറ്റങ്ങളെ പറ്റി പെരുമ്പറയടിക്കുന്നു. ഇതില്‍ രണ്ടിലും പെടാതെ യുക്രൈന്‍ യുദ്ധത്തിന്റെ ഇതുവരെയുള്ള ഗതി പിന്തുടരുന്നവര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഒട്ടും സുഖകരമല്ല. മനുഷ്യരാശിയുടെ അന്ത്യം കുറിക്കാന്‍ സാധ്യതയുള്ള സര്‍വ്വനാശത്തിന്റെ ആണവ യുദ്ധം വന്‍ശക്തികള്‍ തമ്മില്‍ പൊട്ടിപ്പുറപ്പെടുന്നതിനുള്ള അപകടസാധ്യത ഒട്ടും തള്ളിക്കളയാവുന്നതല്ലെന്നാണ് യുക്രൈന്‍ യുദ്ധം നല്‍കുന്ന പാഠമെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. പരിമിതമായ ആണവയുദ്ധ സാധ്യതകളെ പറ്റി യുദ്ധവ്യവസായത്തിന്റെ വിദഗ്ധര്‍ ധാര്‍മിക വ്യഥയേതുമില്ലാതെ തുറന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യം ഇപ്പോഴത്തെ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് ലോകവ്യാപകമായ ശ്രമമുണ്ടാവേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്നുവെന്ന് റിച്ചാര്‍ഡ് ഫാള്‍ക്കിനെ പോലുള്ളവര്‍ വാദിക്കുന്നു.

ലോകത്തിലെ വന്‍കിട ആയുധ-യുദ്ധോപകരണ നിര്‍മ്മാണ കമ്പനികള്‍ക്കും, അവരുടെ ഇടനിലക്കാര്‍ക്കും അവര്‍ക്കായി വിടുവേല ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും അല്ലാതെയുള്ളവര്‍ക്കെല്ലാം വിനാശം വിതക്കുന്ന ഒന്നാണ് യുദ്ധമെന്ന അസംബന്ധം. അതിനെ അവസാനിപ്പിക്കാനുള്ള പ്രതിബദ്ധത പുരോഗമനപരമായ രാഷ്ട്രീയത്തിന്റെ പ്രാഥമിക ഉപാധിയാകണമെന്ന പാഠവും യുക്രൈന്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. ലോകമാകെ തങ്ങളുടെ സ്വാധീനമേഖലകളായി പങ്കിട്ടെടുക്കാനുള്ള പഴയതും, പുതിയതമായി ശാക്തിക ചേരികളിലെ പ്രമാണിമാരുടെ ശ്രമങ്ങളുടെ ടെംപ്ലേറ്റ് കൊളോണിയല്‍ അധിനിവേശത്തിന്റെ കാലഘട്ടത്തിലേതു തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയങ്ങളൊന്നുമില്ല. കൊളോണിയല്‍ കാലഘട്ടം മുതല്‍ പാശ്ചാത്യ ശക്തികള്‍ വികസിപ്പിച്ച ആഗോളക്രമത്തിന്റെ മുദ്രകളായ വിഭവ ചൂഷണം, സാമ്രാജ്യത്വം, മുതലാളിത്തം, വന്‍ശക്തി മേധാവിത്തം, വംശീയത, പ്രകൃതി നശീകരണം എന്നിവ ലോകത്തിലെ ഭൂരിഭാഗം ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇപ്പോഴും തുടരുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന യുദ്ധമെന്ന അസംബന്ധത്തിന്റെ പൊരുള്‍ അവര്‍ തിരിച്ചറിയാത്തിടത്തോളം യൂക്രൈന്‍ എന്ന ദുരന്തങ്ങളുടെ ആവര്‍ത്തനം തടയാനാവില്ല.

Leave a comment