TMJ
searchnav-menu
post-thumbnail

Outlook

ബുള്‍ഡോസര്‍ രാജിലെ ഭരണഘടനാ വിരുദ്ധത

13 Jun 2022   |   1 min Read
കെ പി സേതുനാഥ്

'നിയമരഹിത നിയമത്തിന്റെ' ലംഘനം ന്യായമാണെന്നായിരുന്നു ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ അഭിപ്രായം. അടിയന്തരാവസ്ഥയെ സാധൂകരിക്കുന്നതിനായി ചേര്‍ന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് നിയമരഹിത നിയമം (Lawless Law) എന്ന വീക്ഷണം ഇഎംഎസ്സ് മുന്നോട്ടു വയ്ക്കുന്നത്. അടിയന്തരാവസ്ഥയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട ആഭ്യന്തര സുരക്ഷ നിയമം (മിസ), ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍ (ഡിഐആര്‍), മാധ്യമങ്ങള്‍ക്കെതിരായ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ എന്നിവയെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടായിരുന്നു നിയമരഹിത നിയമങ്ങളെ പറ്റിയുള്ള വീക്ഷണം അദ്ദേഹം അവതരിപ്പിച്ചത്. പ്രശസ്ത നിയമ പണ്ഡിതനായ ഗൗതം ഭാട്ടിയയുടെ ഭരണഘടനവിരുദ്ധ തത്വമെന്ന ആശയം 1975 ല്‍ ഇഎംഎസ്സ് നടത്തിയ നിയമരഹിത നിയമമെന്ന പ്രയോഗത്തെ ഓര്‍മ്മപ്പെടുത്തുന്നു.

ഭരണഘടനപരമായ അവകാശങ്ങളും, പരിരക്ഷകളും ആസൂത്രണ മികവോടെ ഇല്ലാതാവുന്നതിന്റെ മറ്റൊരു പതിപ്പായി ബുള്‍ഡോസര്‍ രാജ് മാറിയ സാഹചര്യത്തെ നിര്‍വചിക്കുന്നതിന് വേണ്ടിയാണ് 'ഭരണഘടനവിരുദ്ധ' സിന്താന്തമെന്ന സങ്കല്‍പ്പനം ഭാട്ടിയ മുന്നോട്ടു വയ്ക്കുന്നത്. നമ്മുടെ നിയമ-നീതിന്യായ സംവിധാനത്തിന് അത്ര പരിചിതമല്ല ഭരണഘടനാവിരുദ്ധമായ സ്ഥിതിവിശേഷം (Unconstitutional State of Affairs') എന്ന സിദ്ധാന്തം. ലാറ്റിനമേരിക്കയിലാണ് അതിന്റെ ഉറവിടം. കൊളംബിയയില്‍ തുടങ്ങി ബ്രസീലില്‍ വരെ അതിന്റെ പ്രയോഗം എത്തിനില്‍ക്കുന്നതായി ഭാട്ടിയ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാവിരുദ്ധത പീലി വിടര്‍ത്തിയാടുന്നതിന്റെ ഉദാഹരണമായി ഇപ്പോഴത്തെ ബുള്‍ഡോസര്‍ രാജിന്റെ പ്രയോഗത്തെ അദ്ദേഹം വിലയിരുത്തുന്നു. പാര്‍പ്പിടങ്ങളും, വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും ഇടിച്ചു നിരത്തുന്ന രീതി പല സംസ്ഥാനങ്ങളിലും സമീപകാലത്തായി ദിവസേന അരങ്ങേറുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗമാണ് ബുള്‍ഡോസര്‍ രാജിന്റെ പ്രധാന ഇരകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ - മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ -കെട്ടിട നിര്‍മ്മാണ നിയമങ്ങളുടെ ലംഘനം അല്ലെങ്കില്‍ നിയമ വിരുദ്ധ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ ഉന്നയിച്ചുള്ള പൊളിച്ചടുക്കല്‍ ഇപ്പോള്‍ നിമിഷ വേഗത്തില്‍ നടപ്പിലാക്കപ്പെടുന്നു.

ഭരണഘടന വിരുദ്ധതയെന്ന സങ്കല്‍പ്പനത്തെ എങ്ങനെയാണ് നിര്‍വചിക്കാനാവുക. മൗലികാവകാശങ്ങള്‍ ആസൂത്രിതമായും വ്യാപകമായും ലംഘിക്കപ്പെടുന്ന തരത്തില്‍ പൊതുനയങ്ങള്‍ നടപ്പിലാക്കുന്നതിന് തടയിടാന്‍ സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ-ഭരണനിര്‍വഹണ ബ്രാഞ്ചുകള്‍ പരാജയപ്പെടുന്നതായി തിരിച്ചറിയുന്ന ഭരണഘടന കോടതിയാണ് (Constitutional Court) ഇവിടെ നിര്‍ണ്ണായകം.

ഭരണ നിര്‍വഹണത്തിന്റെ ദൗത്യം പ്രതികാരവാഞ്ഛ, ശിക്ഷയും മാത്രമായി ചുരുങ്ങുന്ന പൊളിച്ചടുക്കല്‍ ഒരു നയമെന്ന നിലയില്‍ രൂപപ്പെട്ടതിന്റെ നാള്‍വഴികളെ ഭാട്ടിയ ഇങ്ങനെ വിശദീകരിയ്ക്കുന്നു. ഏതെങ്കിലും ഒരു പ്രദേശത്ത് ഉണ്ടാവുന്ന പ്രതിഷേധം അക്രമാസക്തമാവുന്നു. അധികം താമസിയാതെ ചില വ്യക്തികളെ പ്രതിഷേധത്തിന്റെ 'മുഖ്യ ആസൂത്രകരായി' പൊലീസ് തിരിച്ചറിയുന്നു. അതിന് തൊട്ടു പിന്നാലെ ഈ വ്യക്തികളുടെ പാര്‍പ്പിടങ്ങള്‍ അല്ലെങ്കില്‍ വാണിജ്യ സ്ഥാപനങ്ങള്‍ നിയമ വിരുദ്ധമായി നിര്‍മ്മിച്ചവയാണെന്ന് ബന്ധപ്പെട്ട മുനിസിപ്പല്‍ അധികൃതര്‍ പ്രഖ്യാപിക്കുന്നു. മിക്കവാറും അവരുടെ പേരില്‍ മുന്‍കൂട്ടി നോട്ടീസുകള്‍ നല്‍കിയതിന്റെ രേഖകളും ഹാജരാക്കപ്പെടുന്നു. പിന്നീടുള്ള കര്‍മ്മം ബുള്‍ഡോസര്‍ പൂര്‍ത്തിയാക്കുന്നു. എല്ലാത്തിനും കൂടി വേണ്ടി വരുന്ന സമയം 24 മണിക്കൂര്‍ മാത്രം. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന ബുള്‍ഡോസര്‍ രാജിന്റെ പ്രയോഗം രാജ്യവാപക ശ്രദ്ധ നേടിയിരുന്നു.

ഭരണഘടന വിരുദ്ധതയെന്നെ സിദ്ധാന്തം ഉപയോഗപ്പെടുത്താന്‍ എന്തുകൊണ്ടും അര്‍ഹതപ്പെട്ട വിഷയമായി പൊളിച്ചടുക്കലിനെ കാണാനാവുമെന്ന് ഭാട്ടിയ പറയുന്നു. അതിനു വേണ്ടി കോടതികള്‍ അവയുടെ സമീപനം പുനപരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെന്ന നിലയില്‍ ഈ വിഷയം ഇതുവരെ കൈകാര്യം ചെയ്ത സമീപനം ഉപേക്ഷിക്കണമെന്നും ഘടനാപരമായ വീഴ്ചയായി ഇടിച്ചു നിരത്തലിനെ കോടതികള്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറയുന്നു. ഭരണഘടന വിരുദ്ധതയെന്ന സങ്കല്‍പ്പനത്തെ എങ്ങനെയാണ് നിര്‍വചിക്കാനാവുക. മൗലികാവകാശങ്ങള്‍ ആസൂത്രിതമായും വ്യാപകമായും ലംഘിക്കപ്പെടുന്ന തരത്തില്‍ പൊതുനയങ്ങള്‍ നടപ്പിലാക്കുന്നതിന് തടയിടാന്‍ സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ-ഭരണനിര്‍വഹണ ബ്രാഞ്ചുകള്‍ പരാജയപ്പെടുന്നതായി തിരിച്ചറിയുന്ന ഭരണഘടന കോടതിയാണ് (Constitutional Court) ഇവിടെ നിര്‍ണ്ണായകം. ആസൂത്രിതവും, വ്യാപകവുമായി നടപ്പിലാക്കപ്പെടുന്ന ലംഘനങ്ങളുടെ ഘടനപരമായ കാരണങ്ങള്‍ കണ്ടെത്തി നിയമപരമായ പരിഹാരങ്ങള്‍ക്കായി ഇടപെടുന്നതിനും ഭരണഘടനാക്രമം പുനസ്ഥാപിക്കുവാനും ഭരണഘടന കോടതികള്‍ക്ക് വഴിയൊരുക്കുന്നതാണ് ഭരണഘടനാ വിരുദ്ധതയെന്ന സിദ്ധാന്തം.

photo: Wiki commons

'മൗലികാവകാശങ്ങളുടെ വ്യാപകവും, ആസൂത്രിതവുമായ ലംഘനമെന്നതാണ്' ഭരണഘടനാ വിരുദ്ധതയെ നിര്‍ണ്ണയിക്കുന്നതിന്റെ സുപ്രധാന മാനദണ്ഡം. ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കുവാന്‍ പറ്റിയ ഉപകരണമെന്ന നിലയില്‍ ഈ സങ്കല്‍പ്പനത്തെ സുപ്രീം കോടതി പ്രയോജനപ്പെടുത്തണമെന്നാണ് ഭാട്ടിയയുടെ വാദം. സുപ്രീം കോടതിക്ക് മാത്രമാവും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫലപ്രദമായി ഇടപെടാനാവുകയെന്നും അദ്ദേഹം പറയുന്നു. പൊളിച്ചടുക്കലിനെ ഒറ്റപ്പെട്ട നിലയില്‍ കൈകാര്യം ചെയ്യുന്ന രീതി ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്തുകൊണ്ട് ഫലപ്രദമാവില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. അക്രമങ്ങള്‍ക്ക് ഉത്തരവാദികളായ വ്യക്തികളെ തിരിച്ചറിയുന്നതും, കുറ്റും ചാര്‍ത്തുന്നതും നിയമവിരുദ്ധമായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതും തമ്മില്‍ ബന്ധമില്ലെന്ന വാദങ്ങളെ സാധൂകരിക്കുന്നതാവും അത്തരമൊരു സമീപനം. ഒറ്റപ്പെട്ട നിലയില്‍ അവയെ കൈകാര്യം ചെയ്യുന്ന രീതി ചരടില്‍ കോര്‍ത്തിണക്കിയതുപോലെ പരസ്പര ബന്ധിതമായി അരങ്ങേറുന്ന സംഭവങ്ങളുടെ കണ്ണികളെ വേര്‍പെടുത്താന്‍ മാത്രമാവും ഉപകരിക്കുക. അക്രമികളെ പൊലീസ് തിരിച്ചറിയുക, മുനിസിപ്പല്‍ അധികൃതര്‍ അനധികൃത നിര്‍മ്മാണം തിരിച്ചറിയുക, പൊളിച്ചു മാറ്റുക - 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ഈ മൂന്നു കാര്യങ്ങളും ഒറ്റ ടെംപ്ലേറ്റിന്റെ വിവിധവശങ്ങളാണെന്ന തിരിച്ചറിവാണ് ഭരണഘടന വിരുദ്ധതയെന്ന സിദ്ധാന്തത്തെ അനിവാര്യമാക്കുന്ന നിര്‍ണ്ണായക ഘടകം.

തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭരണഘടന വിരുദ്ധതയെന്ന സ്ഥിതിവിശേഷം തിരിച്ചറിഞ്ഞതുകൊണ്ടു മാത്രം പരിഹാരമുണ്ടാവില്ല. ഇടക്കാല ഉത്തരവിലൂടെ ഇത്തരത്തിലുള്ള നടപടികള്‍ അനിശ്ചിതമായി നിര്‍ത്തിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിക്ക് കഴിയുമെന്ന് ഭാട്ടിയ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെട്ട കേസ്സായി പരിമിതപ്പെടുത്തുന്നതിന് പകരം മൊത്തം ബാധകമാകുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിലൂടെ മാത്രമെ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിന് തടയിടാനാവുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. കൊളോണിയല്‍ ഭരണകൂടം വ്യാപകമായി പ്രയോഗിച്ചിരുന്ന കൂട്ടശിക്ഷ (Collective Punishment) വിധിക്കലിന്റെ പുതിയ പതിപ്പുകളായും പൊളിച്ചടുക്കലിനെ കാണാനാവും. കറുത്ത മാസ്‌ക്കും, കുപ്പായവും കണ്ടാല്‍ ഹാലിളകുന്ന പൊലീസ് സംവിധാനത്തില്‍ നിന്നും ബുള്‍ഡോസര്‍ രാജിലേക്ക് പുരോഗമിക്കുവാന്‍ അധികകാലം വേണ്ടിവരില്ലെന്നും ഭരണഘടന വിരുദ്ധതയെന്ന സങ്കല്‍പ്പനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

Leave a comment