TMJ
searchnav-menu
post-thumbnail

Outlook

പ്രവചനങ്ങള്‍ക്ക് പിടിതരാത്ത ആഗോള സമ്പദ്ഘടന

10 Jan 2023   |   1 min Read
തോമസ് കൊമരിക്കൽ

ഗോള സാമ്പത്തിക രംഗം 2023 നെ അത്ര പ്രതീക്ഷയോടെയല്ല വരവേല്‍ക്കുന്നത്. സാമ്പത്തിക മാന്ദ്യം അനിവാര്യമാണെന്ന വീക്ഷണം ഭൂരിഭാഗം വിശകലന വിദഗ്ദ്ധരും പുലര്‍ത്തുന്നു. എന്നാല്‍ അതിന്റെ രൂപഭാവങ്ങള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ തീര്‍ച്ചയില്ല. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) അധ്യക്ഷ ക്രിസ്റ്റലീന ജോര്‍ജ്ജീവയാണ് മാന്ദ്യത്തെക്കുറിച്ചുള്ള ആകുലതകള്‍ ഏറ്റവും ഒടുവിലായി പങ്കുവയ്ക്കുന്നത്. ലോകത്താകമാനം സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നും അമേരിക്കയും ചൈനയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പടെയുള്ള സാമ്പത്തിക ശക്തികള്‍ വളര്‍ച്ചയുടെ കാര്യത്തില്‍ പിന്നോക്കം പോകുമെന്ന വാദങ്ങള്‍ ശക്തമായി നിലനില്‍ക്കുമ്പോഴും ഈ രാജ്യങ്ങളിലെ ധന വിപണികള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ അല്ല എന്ന നിലയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിന്റെ പരമ്പരാഗത നിഗമനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും പിടികിട്ടാത്ത തരത്തിലാണ് വിപണികളിലെ സംഭവ വികാസങ്ങള്‍. സാധാരണ ഗതിയില്‍ മാന്ദ്യത്തിന്റെ പേരു പറഞ്ഞാല്‍തന്നെ താഴേക്ക് പോകുന്ന ഓഹരി കമ്പോളങ്ങളില്‍ ഇപ്പോള്‍ മാന്ദ്യം പ്രത്യേകിച്ച് ചലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ല എന്ന സ്ഥിതിയാണ്.

ആഗോള-പ്രാദേശിക തലങ്ങളിലുള്ള സംഭവ വികാസങ്ങള്‍ 2022 ല്‍ സാമ്പത്തിക രംഗത്തെ പല രീതിയില്‍ ബാധിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ 2023 ല്‍ ഏത് രീതിയിലാകും സാമ്പത്തിക രംഗം മാറിമറിയുകയെന്ന കാര്യത്തില്‍ ഭിന്ന അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. യുക്രെയിന്‍ യുദ്ധം പരിസമാപ്തിയിലെത്തിയാല്‍ ലോകം സാമ്പത്തിക വളര്‍ച്ചയിലേക്ക് നീങ്ങുമെന്നും മറിച്ച് കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ സാമ്പത്തിക രംഗം കൂപ്പുകുത്തുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സാമ്പത്തിക ശാസ്ത്രത്തിന്റെ അവസാന വാക്കായി സ്വയം അവരോധിക്കുന്ന പാശ്ചാത്യ വിശകലന വിദഗ്ദ്ധര്‍ക്കൊന്നും സമ്പദ്ഘടന ഏതു രീതിയില്‍ മുന്നോട്ടു പോവുമെന്ന കാര്യത്തില്‍ ഉറച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

representational image : wiki commons

പ്രവചനങ്ങള്‍ പിഴച്ച 2022

2022 ന്റെ പിറവിയെ സാമ്പത്തിക ലോകം വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. കോവിഡ്-19 മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികളും വളര്‍ച്ചാ മുരടിപ്പുമെല്ലാം ആ വര്‍ഷത്തില്‍ പരിഹരിക്കപ്പെടുമെന്ന് പ്രവചനങ്ങള്‍ വന്നിരുന്നു. ഭൂഗോളത്തില്‍ പല ഇടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന നിയോ ലിബറലിസത്തിന്റെ ഉല്‍പ്പാദന യന്ത്രങ്ങള്‍ 2022 ല്‍ വീണ്ടും ഒരേ താളത്തില്‍ ചലിച്ച് തുടങ്ങുമെന്നായിരുന്നു നിരീക്ഷകരുടെയെല്ലാം പ്രതീക്ഷ. എന്നാല്‍, പ്രതിസന്ധികള്‍ രൂപഭേദം സംഭവിച്ച് വീണ്ടും അവതരിച്ചതോടെ 2022 വളര്‍ച്ചയുടെ മാന്ത്രിക അക്കങ്ങള്‍ സമ്മാനിച്ചില്ലെന്ന് മാത്രമല്ല മുമ്പെങ്ങും കാണാത്ത തരം പ്രതിസന്ധികള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. കോവിഡിന് ശേഷം യുഎസ്സില്‍ ആരംഭിച്ച 'വേവ് ഓഫ് റെസിഗനേഷന്‍സ്' 2022 ലും തുടര്‍ന്നു. മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗത്തെ വളര്‍ച്ച പുനരാരംഭിച്ചിട്ടും ആളുകള്‍ കൂട്ടമായി തൊഴില്‍ ഉപേക്ഷിച്ചു. ജോലി രാജി വെക്കുന്നവരുടെ എണ്ണവും രാജ്യത്തെ തൊഴില്‍ അവസരങ്ങളുടെ എണ്ണവും ഒരേ സമയം മുമ്പെങ്ങും കാണാത്ത വിധം ഉയര്‍ന്നത് എല്ലാ മേഖലയിലുള്ളവരെയും അതിശയിപ്പിച്ചു.

കോവിഡ് മഹാമാരിക്ക് ശേഷം തൊഴിലാളികളുടെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് ഈ പ്രതിഭാസത്തിന് കാരണമായി വിദഗ്ദ്ധര്‍ കാണുന്നത്. രോഗവ്യാപനത്തിന്റെ കാലം, വ്യക്തികള്‍ മുന്‍ഗണന നല്‍കുന്ന കാര്യങ്ങളുടെ ക്രമത്തില്‍ മാറ്റം വരുത്തിയതായും കരുതപ്പെടുന്നു. തങ്ങള്‍ അതുവരെ ജോലി ചെയ്തുപോന്ന സാഹചര്യത്തേക്കാള്‍ വലുതാണ് മാനസിക ആരോഗ്യവും കുടുംബവും എന്ന തിരിച്ചറിവും ഇതിന് കാരണമാകാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതോടൊപ്പം, ഓഫീസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിലെയും വര്‍ക്ക് ഫ്രം ഹോം രീതി അവസാനിച്ചതിലെയും അപ്രീതിയും 2022 ലെ കൂട്ടരാജിക്ക് കാരണമായതായും റിപ്പോര്‍ട്ടുകള്‍ പറയുകയുണ്ടായി. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിച്ചതോടെ കമ്പനികള്‍ക്കും മറ്റും ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടി വന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

റഷ്യയെ സാമ്പത്തികമായി ആക്രമിക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ എണ്ണ, വാതകം എന്നിവയുടെ ഇറക്കുമതി ഗണ്യമായി കുറയ്ക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനമെടുത്തു. എന്നാല്‍, ഇത് യൂറോപ്യന്‍ രാജ്യങ്ങളെ തന്നെ വലിയ പ്രതിസന്ധിയിലാക്കുന്ന നീക്കമായി മാറി. റഷ്യന്‍ ഇന്ധനത്തിന്റെ അഭാവത്തില്‍ ആഗോളതലത്തില്‍ തന്നെ ഇന്ധന, വാതക വിലകള്‍ വലിയ രീതിയില്‍ ഉയര്‍ന്നു.

യുദ്ധത്തിന്റെ വര്‍ഷം

ഈ കൂട്ട രാജി പ്രതിഭാസം അമേരിക്കയില്‍ അരങ്ങേറുന്നതോടൊപ്പം തന്നെയാണ് റഷ്യ-യുക്രെയിന്‍ യുദ്ധം തുടങ്ങുന്നതും. ഫെബ്രുവരി 24 ന് റഷ്യന്‍ സൈന്യം യുക്രെയിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് കടന്നുകയറിയതോടെ, സാമ്പത്തിക വളര്‍ച്ചയുടെ വര്‍ഷമെന്ന നിലയില്‍ നിന്ന് യുദ്ധത്തിന്റെ വര്‍ഷമെന്നതിലേക്ക് 2022 മാറി. ക്രൂഡ് ഓയില്‍, പ്രകൃതി വാതകം എന്നീ ഇന്ധനങ്ങളുടെ കയറ്റുമതിയില്‍ രണ്ടാമത് നില്‍ക്കുന്ന രാജ്യമായിരുന്ന റഷ്യ. യുഎസ്സിന്റെയും നാറ്റോയുടെയും (North Atlantic Treaty Organisation) നേതൃത്വത്തിലുള്ള സൈനിക, രാഷ്ട്രീയ സഖ്യത്തിലേക്ക് ചേക്കേറാനുള്ള നീക്കം യുക്രെയിന്റെ ഭാഗത്ത് നിന്നുണ്ടായതാണ് റഷ്യയുമായുള്ള അവരുടെ പ്രശ്നങ്ങളുടെ പ്രധാന കാരണം. നാറ്റോയുടെ കിഴക്കോട്ടുള്ള വ്യാപനത്തിന് തടയിടുകയാണ് സൈനിക ഇടപെടലിലൂടെ തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും റഷ്യ വ്യക്തമാക്കുന്നു. പാശ്ചാത്യ ലോകവുമായുള്ള അടുപ്പത്തിന്റെ പേരില്‍ തുറന്ന യുദ്ധത്തെ നേരിടുന്ന യുക്രെയിനെ പരോക്ഷമായി സഹായിക്കുകയാണ് യുഎസ്സും മറ്റ് രാജ്യങ്ങളും ചെയ്യുന്നത്. അതിന്റെ ഭാഗമായി റഷ്യക്കെതിരെ കടുത്ത സാമ്പത്തിക വിലക്കുകള്‍ യുഎസ്സും യൂറോപ്യന്‍ യൂണിയനും മുന്നോട്ടുവെച്ചു.

എന്നാല്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ പ്രധാന സാമ്പത്തിക യന്ത്രമായ ജര്‍മ്മനി ഉള്‍പ്പടെ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെയാണ് വലിയ രീതിയില്‍ ആശ്രയിച്ചിരുന്നത്. റഷ്യയെ സാമ്പത്തികമായി ആക്രമിക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ എണ്ണ, വാതകം എന്നിവയുടെ ഇറക്കുമതി ഗണ്യമായി കുറയ്ക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനമെടുത്തു. എന്നാല്‍, ഇത് യൂറോപ്യന്‍ രാജ്യങ്ങളെ തന്നെ വലിയ പ്രതിസന്ധിയിലാക്കുന്ന നീക്കമായി മാറി. റഷ്യന്‍ ഇന്ധനത്തിന്റെ അഭാവത്തില്‍ ആഗോളതലത്തില്‍ തന്നെ ഇന്ധന, വാതക വിലകള്‍ വലിയ രീതിയില്‍ ഉയര്‍ന്നു. സാവധാനമെന്നോണം മറ്റ് അവശ്യ സാധനങ്ങളുടെ കാര്യത്തിലും വിലക്കയറ്റമുണ്ടായി. വിലക്കയറ്റം രൂക്ഷമായതോടെ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ പടിപടിയായി പലിശ നിരക്കുകള്‍ ഉയര്‍ത്തുന്ന സ്ഥിതി വിശേഷമുണ്ടായി. വിപണിയില്‍ പണത്തിന്റെ ലഭ്യത കുറയ്ക്കുന്നത് ലക്ഷ്യം വെച്ചാണ് കേന്ദ്ര ബാങ്കുകള്‍ പലിശ ഉയര്‍ത്തുന്നത്. എന്നാല്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുകയും സാമ്പത്തിക വളര്‍ച്ച കുറയ്ക്കാന്‍ കാരണമാകുകയും ചെയ്യും. സാമ്പത്തിക വളര്‍ച്ച കുറയുന്നത് സ്വാഭാവികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും. സാമ്പത്തിക ശാസ്ത്രത്തിന്റെ ചാക്രിക ചലനത്തെ നിയന്ത്രിക്കുന്ന പരമ്പരാഗതമായ നിയമങ്ങള്‍. എന്നാല്‍, വിലക്കയറ്റത്തെ നിയന്ത്രിച്ച് നിര്‍ത്താനും, മാന്ദ്യത്തെ പ്രവചിക്കാനുമെല്ലാം പ്രയോഗിക്കുന്ന പഴയ മാര്‍ഗ്ഗങ്ങളും പ്രവചന ശ്രമങ്ങളും വേണ്ട രീതിയില്‍ ഫലം കാണാത്ത കാഴ്ചയാണ് ഇപ്പോള്‍ ലോകമെങ്ങും കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ ഉടനീളം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ കൂട്ടി വിപണിയിലെ പണത്തിന്റെ അളവ് കുറയ്ക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ഇങ്ങനെ ഉയര്‍ന്നു നില്‍ക്കുന്ന പലിശ നിരക്കുകളുടെ അകമ്പടിയോടെയാണ് പുതുവര്‍ഷം പിറക്കുന്നത്.

റഷ്യ-യുക്രെയിന്‍ യുദ്ധം | photo : wiki commons

ബ്രിട്ടന്റെ വ്യഥ

യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാന്‍ ബ്രിട്ടന്‍ തീരുമാനിക്കുന്നത് 2016 ല്‍ ആണ്. എന്നാല്‍, ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനുമായുള്ള സാമ്പത്തിക ബന്ധത്തിന്റെ രൂപരേഖ പൂര്‍ത്തിയാക്കാനാവാതെ ഏറെ നാള്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗം അനിശ്ചിതത്വത്തില്‍ തുടര്‍ന്നു. 2022 ലാവട്ടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ അഴിച്ചു പണികള്‍ പ്രഖ്യാപിച്ച പ്രധാന മന്ത്രി ലിസ് ട്രസ്സിന് രാജിവെക്കേണ്ടി വന്നു. ഇത്തരത്തില്‍ ആകെ ഉലഞ്ഞു നിന്ന ബ്രിട്ടന് യുക്രെയിന്‍ യുദ്ധം കാരണം സംജാതമായ വിലക്കയറ്റം വലിയ തിരിച്ചടിയായി. വിലക്കയറ്റം സാധാരണ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കിയതോടെ ട്രേഡ് യൂണിയനുകള്‍ സമരങ്ങള്‍ തുടങ്ങി. ആരോഗ്യം, റെയില്‍, ഗതാഗതം, നാവികം എന്നീ മേഖലകളിലെ പണിമുടക്കുകള്‍ പുതുവര്‍ഷത്തിലും തുടരുകയാണ്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വേതനും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് യൂണിയനുകള്‍ സമരമുഖത്തുള്ളത്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ റിഷി സുനകിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍.

വളര്‍ച്ചയുടെ വര്‍ഷമായി ഏറെ പ്രവചിക്കപ്പെട്ട 2022 സാമ്പത്തിക പ്രതിസന്ധികളുടെ വര്‍ഷമായാണ് അവസാനിച്ചത് എന്ന് പറയാം. അതുകൊണ്ട് തന്നെ 2023 ലെ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര ബാങ്കുകളുടെ തുടരെ തുടരെയുള്ള നിരക്ക് വര്‍ദ്ധന ധന വിനിമയം കുറയ്ക്കുകയും, അതിന്റെ ഫലമെന്നോണം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കുറവ് വരികയും ചെയ്യും. ഈ സൂചനകള്‍ കൃത്യമായും വിരല്‍ ചൂണ്ടുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ്. എന്നാല്‍, ജനുവരി മാസത്തിലും പലിശ നിരക്ക് ഉയര്‍ത്താനുള്ള നീക്കത്തിലാണ് യുഎസ്സ് ഫെഡറല്‍ റിസര്‍വ്വ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തില്‍, ആഗോള സാമ്പത്തിക രംഗത്തെ സമ്മിശ്രമായ ദിശാ സൂചനകളുടെ പരീക്ഷണ വര്‍ഷമായാണ് 2023 നമ്മുടെ മുന്നിലുള്ളത്.

Leave a comment