ഉത്തര്‍പ്രദേശില്‍ അടിപതറുന്ന ബിജെപി
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അടി പതറുമോ? ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ഏറ്റവും ആകാംക്ഷയുളവാക്കുന്ന ചോദ്യം അതാണ്. മൂന്നു മാസത്തിന് മുമ്പുവരെ അങ്ങനെയൊരു ചോദ്യം ഒരു പക്ഷെ മുഖ്യധാരയിലെ രാഷ്ട്രീയപണ്ഡിതരുടെ പരിഗണനയില്‍ ഇല്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വ്യക്തി പ്രഭാവങ്ങളും, സംഘപരിവാറിന്റെ സംഘടനശക്തിയും കണക്കിലെടുക്കുമ്പോള്‍ ബിജെപി അനായാസം ജയിക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നവംബറില്‍ പ്രധാനമന്ത്രി മോഡി നിര്‍ബന്ധിതനായതോടെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം അത്ര സുഗമമാവില്ലെന്ന വര്‍ത്തമാനങ്ങള്‍ അവിടവിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയെങ്കിലും മാധ്യമ വ്യവഹാരങ്ങളില്‍ ബിജെപിയുടെ സംഘശക്തി തന്നെയാവും തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുകയെന്നതായിരുന്നു പ്രധാന പ്രതിപാദ്യ വിഷയം. ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും കാണാനാവില്ല. നേരത്തെ കരുതിയതു പോലെ അനായസമാവില്ലെങ്കിലും ബിജെപി തന്നെയാവും അധികാരത്തിലെത്തുകയെന്നാണ് ഇപ്പോഴും പൊതുവേയുള്ള അനുമാനം. ഒറ്റ നോട്ടത്തില്‍ അത് ശരിയാണെന്നു തോന്നുന്നതില്‍ തെറ്റ് പറയാനുമാവില്ല. പ്രതിപക്ഷം മൂന്നായി വിഘടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ - അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ്സ് - ബിജെപി സ്വന്തം വോട്ട് ബാങ്ക് സുരക്ഷിതമാക്കിയാല്‍ വിജയം അവര്‍ക്കൊപ്പമാവും എന്നുള്ള വിലയിരുത്തല്‍ തള്ളിക്കളയാനാവില്ല. എന്നാലും തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പിഴക്കുമോയെന്ന ആകാംക്ഷ ചെറുതല്ല. യുപിയിലെ തെരഞ്ഞെടുപ്പു ഫലം ഉത്തര്‍പ്രദേശിന്റെ അതിരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന ചിന്തയാണ് ആകാംക്ഷയുടെ ഉറവിടം. യുപിയിലെ ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി കണക്കാക്കപ്പെടുന്നു. 80 ലോകസഭ സീറ്റുകളുള്ള സംസ്ഥാനമെന്ന നിലയില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷി ആരാവുമെന്ന കാര്യത്തില്‍ നിര്‍ണ്ണായക സ്ഥാനം ഉത്തര്‍പ്രദേശിനുണ്ട്. 2014ലെയും, 2019ലെയും ബിജെപിയുടെ വിജയത്തില്‍ ഉത്തര്‍പ്രദേശ് നിര്‍ണ്ണായകമായിരുന്നു. യുപിയിലെ 80 ലോകസഭ സീറ്റുകളില്‍ 2014 ല്‍ 71 ഉം 2019 ല്‍ 62 ഉം നേടിയതാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഒറ്റ കക്ഷിയായി അധികാരത്തിലെത്തുവാന്‍ ബിജെപിയെ പ്രാപ്തമാക്കിയ സുപ്രധാന ഘടകം.
തെരഞ്ഞെടുപ്പു വിലയിരുത്തിലിന്റെ പതിവ് ശീലങ്ങളെ മറികടക്കുന്ന സീമ ചിഷ്തിയുടെ ലേഖനം ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ കക്ഷികളുടെ ശാക്തിക ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കുവാന്‍ സഹായിക്കുന്നതിന്റെ പശ്ചാത്തലമിതാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വന്നതിനുശേഷമുള്ള തലമുറ മാറ്റവും അനുദിനം സാമ്പത്തികമായി പാപ്പരാവുന്ന സംസ്ഥാനത്തിന്റെ ധനസ്ഥിതിയും വിശദീകരിച്ചുകൊണ്ടാണ് ഉത്തര്‍പ്രദേശിലെ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തെ ചിഷ്തി മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത്. മണ്ഡല്‍ കമ്മീഷന്റെ ഗുണഫലം അനുഭവിച്ച പിന്നോക്ക സമുദായങ്ങളിലെ പുതിയ തലമുറയിലെ യുവത്വം കൂടുതല്‍ സ്ഥായിയായ നേട്ടങ്ങളും വളര്‍ച്ചയും പ്രതീക്ഷിക്കുക സ്വാഭാവികമായിരുന്നു. എന്നാല്‍ 2010 മുതലുള്ള സാമ്പത്തിക പ്രതിസന്ധി അവരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയിരുന്നു. അതിനെ തുടര്‍ന്നുള്ള നിരാശയുടെ ഗ്യാപ്പിലാണ് നരേന്ദ്ര മോഡിയില്‍ ഒരു രക്ഷകനെ അവര്‍ കണ്ടെത്തുന്നത്. ഉത്തര്‍പ്രദേശിലെ 18-25 പ്രായത്തിലുള്ളവരില്‍ 68 ശതമാനവും 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍ അതില്‍ 34.4 ശതമാനവും ലഭിച്ചത് ബിജെപിക്കായിരുന്നു. മോഡിയുടെ പാര്‍ട്ടിയായ ബിജെപിക്ക് സംസ്ഥാനത്ത് ലഭിച്ച ശരാശരി വോട്ടിനേക്കാള്‍ 3 ശതമാനം കൂടുതലായിരുന്നു 18-25 പ്രായത്തില്‍ നിന്നുള്ളവരില്‍ ലഭിച്ച വോട്ടുകള്‍. 'സാമൂഹ്യ നീതി' - എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി ലഭിച്ച ഭൗതിക നേട്ടങ്ങള്‍ നിലനില്‍ക്കുമ്പോഴും എല്ലാവരും കാവിക്കൊടിയുടെ കീഴില്‍ അണിനിരക്കണമെന്ന മോഡിയുടെ വൈകരിക വാഗ്ദാനം ഈ വിഭാഗത്തെ സ്വാധീനിച്ചതായി ചിഷ്തി വിലയിരുത്തുന്നു.
സെമിന്ദാരി സമ്പ്രദായത്തില്‍ നിന്നും ഗണ്യമായ പരിഷ്‌ക്കാരങ്ങളൊന്നും ഇതുവരെ നടപ്പില്‍ വരാത്ത ഭൂവുടമ ബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ സാമൂഹികമായ ചലനത്മകത പരിമിതമാണെന്ന അവരുടെ നിരീക്ഷണവും ശ്രദ്ധേയമാണ്. കേരളത്തില്‍ ശ്രീനാരായണ ഗുരു, തമിഴ്‌നാട്ടില്‍ പെരിയാര്‍, മഹാരാഷ്ട്രയില്‍ ജ്യോതിബ ഭൂലെ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയതു പോലുള്ള സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടായിട്ടില്ല. ഭൂവുടമസ്ഥതയിലെ ജാതിയിലധിഷ്ഠിതമായ നാടുവാഴിത്ത ബന്ധങ്ങള്‍ കാര്‍ഷിക മേഖലയെ മുരടപ്പില്‍ കുരുക്കിയിടുമ്പോള്‍ മറ്റുള്ള സാമ്പത്തിക മേഖലയിലെ തകര്‍ച്ച ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുന്നു. 2016 ലെ നോട്ടു നിരോധനം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ ദുരിതം പതിന്മടങ്ങാക്കി. ഉത്തര്‍പ്രദേശിലെ തൊഴില്‍ വിപണിയില്‍ പുതുതായി പ്രവേശിച്ചവരുടെ എണ്ണം കഴിഞ്ഞ 5 വര്‍ഷത്തിനുളളില്‍ 2 കോടിയായി ഉയര്‍ന്നപ്പോള്‍ തൊഴില്‍രഹിതരായവരുടെ എണ്ണം 16 ലക്ഷം കൂടി. 2012 നു ശേഷമുള്ള 10 വര്‍ഷത്തെ കാലയളവില്‍ യുവജന തൊഴിലില്ലായ്മ 5 മടങ്ങായി വര്‍ദ്ധിച്ചതും കണക്കില്‍പ്പെടുന്നു. 2017 മുതല്‍ 2021 വരെയുള്ള യോഗി വാഴ്ചയുടെ കാലഘട്ടത്തില്‍ സംസ്ഥാനത്തെ മൊത്തം ആഭ്യന്തരോല്‍പ്പദാന വളര്‍ച്ച 1.95 ശതമാനം എന്ന നിരക്കിലായിരുന്നു. ദാരിദ്ര്യം, ശിശുമരണം, പോഷകാഹാരക്കുറവ്, മലിനീകരണം തുടങ്ങിയ ഏതു മേഖലയെടുത്താലും ഏറ്റവും താഴത്തെ തട്ടിലാവും ഉത്തര്‍പ്രദേശിന്റെ സ്ഥാനം. സാമ്പത്തികമായ ഈ പിന്നോക്കാവസ്ഥ ജാതിയുടെ സമവാക്യങ്ങളില്‍ മാത്രമായി തളച്ചിടാനാവില്ലെന്ന സൂചനയാണ് രാഷ്ട്രീയ സഖ്യങ്ങളില്‍ പ്രകടമാവുന്ന ചേരിമാറ്റങ്ങളെന്നു കരുതാവുന്നതാണ്.
യാദവേതര പിന്നോക്ക സമുദായങ്ങളെയും, ജാട്ടവേതര ദളിത് സമുദായങ്ങളെയും കൂടെ നിര്‍ത്തിയതാണ് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയരഹസ്യം. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രധാന അടിത്തറ ജാട്ടവ് വിഭാഗത്തില്‍ വരുന്ന ദളിതരാണ്. ഇതില്‍ നിന്നും ഭിന്നമായ ദളിത് വിഭാഗങ്ങളെ കൂടെ കൂട്ടുന്നതില്‍ കൈവരിച്ച നേട്ടത്തിനൊപ്പം കാര്‍ഷിക മേഖലയിലെ നിര്‍ണ്ണായക ശക്തിയായ ജാഠ് സമുദായത്തിന്റെ പിന്തുണയും 2014 മുതല്‍ ബിജെപിക്കായിരുന്നു. മുലയാം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ പരമ്പരാഗത യാദവ-പിന്നോക്ക-മുസ്ലീം സഖ്യത്തിനെ മറികടക്കുന്ന മറ്റൊരു സാമൂഹ്യ സഖ്യം രൂപീകരിക്കുന്നതില്‍ കൈവരിച്ച വിജയമാണ് ഉത്തര്‍പ്രദേശിലെ മോഡി-ബിജെപി തരംഗത്തിന്റെ പിന്നിലെ ചാലകശക്തിയായി പ്രവര്‍ത്തിച്ച ഘടകം. യാദവേതര പിന്നോക്കക്കാരെ അടര്‍ത്തിയെടുത്തതായിരുന്നു അതില്‍ പ്രധാനം. ബിജെപിയുടെ കാര്‍മികത്വത്തില്‍ രൂപം കൊണ്ട ഈ സഖ്യത്തില്‍ നിന്നും പ്രധാനപ്പെട്ട മൂന്നു പിന്നോക്ക സമുദായ നേതാക്കള്‍ പുറത്തുപോയതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന പ്രധാനഘടകം. യോഗി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു പുറത്തു പോയ സ്വാമി പ്രസാദ് മൗര്യ, ദാരാസിംഗ് ചൗഹാന്‍, ധരംസിംഗ് സെയിനി എന്നിവരെല്ലാം അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലാണ്. യാദവ-പിന്നോക്ക-മുസ്ലീം സഖ്യമെന്ന സമാജ്‌വാദി പാര്‍ട്ടിയുടെ പഴയ ഫോര്‍മുല ആവര്‍ത്തിക്കുകയാണെങ്കില്‍ ബിജെപിയുടെ കണക്കുകള്‍ പിഴച്ചാല്‍ അതിശയിക്കാനില്ല. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ജാഠ് വിഭാഗത്തിന്റെ അസംതൃപ്തിയും എസ്.പിയെ സഹായിക്കുമെന്ന് കരുതുന്നു. യുപിയിലെ ജാഠുകളുടെ അനിഷേധ്യ നേതാവായിരുന്ന ചരണ്‍സിംഗിന്റെ പുത്രന്‍ അജിത് സിംഗിന്റെ മകന്‍ ജയന്ത് സിംഗ് ചൗധരി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ലോക്ദള്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടിയുമായി സഖ്യത്തിലാണ്. ബിജെപിക്ക് എതിരായ ശക്തമെന്നു തോന്നിപ്പിക്കുന്ന സഖ്യം രൂപീകരിക്കുന്നതില്‍ അഖിലേഷ് യാദവ് വിജയിച്ചുവെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. വോട്ടുകള്‍ സമാഹരിക്കുന്നതില്‍ അഖിലേഷിന്റെ സഖ്യം എത്രത്തോളം വിജയിക്കും എന്നതിനെ ആശ്രയിച്ചാവും ബിജെപിയുടെ വിജയസാധ്യതകള്‍.
മായാവതിയുടെ ബിഎസ്പിയും കോണ്‍ഗ്രസ്സും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ എത്രത്തോളം ഫലപ്രദമാവുമെന്ന കാര്യവും തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തില്‍ മത്സരിച്ചപ്പോള്‍ ബിഎസ്പി 10 സീറ്റുകളില്‍ വിജയിക്കുകയും, 19 ശതമാനം വോട്ടു നേടുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അതേസമയം ഒറ്റ സീറ്റുപോലും മായാവതിയുടെ പാര്‍ട്ടിക്ക് നേടാനായില്ല. എന്നാല്‍ മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 22 ശതമാനം അവര്‍ നേടിയിരുന്നു. അഖിലേഷ് യാദവിന്റെ പാര്‍ട്ടി 47 സീറ്റും 21 ശതമാനം വോട്ടും 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയിരുന്നു. കോണ്‍ഗ്രസ്സിന്റെ സമ്പാദ്യം 7 സീറ്റുകളും 6.25 ശതമാനം വോട്ടുമായിരുന്നു. 40 ശതമാനം വോട്ടും 312 സീറ്റുകളും നേടിയ ബിജെപി അക്ഷരാര്‍ത്ഥത്തില്‍ ഉത്തര്‍പ്രദേശ് തൂത്തുവാരി. സഖ്യകക്ഷിയായിരുന്നു അപ്‌നാ ദള്‍ നേടിയ 9 സീറ്റുകളും, മറ്റുള്ള ചെറിയ കക്ഷികള്‍ നേടിയ സീറ്റുകളും കൂടി കണക്കിലെടുത്താല്‍ 403 അംഗ നിയമസഭയില്‍ ബിജെപിയുടെ ശക്തി 325 ആയിരുന്നു. ബിജെപിയുടെ 40 ശതമാനം വോട്ടു വിഹിതത്തില്‍ എത്രത്തോളം വിള്ളലുണ്ടാക്കാന്‍ അഖിലേഷ് യാദവിന് കഴിയുമെന്നതാണ് യുപിയുടെ തെരഞ്ഞെടുപ്പ് ഭാഗധേയം നിര്‍ണ്ണിയിക്കുന്ന സുപ്രധാന ഘടകം.
ബിജെപി ഒരുക്കിയ സാമൂഹ്യ സഖ്യത്തില്‍ കാര്യമായ വിള്ളലുകള്‍ സംഭവിക്കാന്‍ പര്യാപ്തമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുങ്ങിയെന്നാണ് ചിഷ്തിയുടെ ലേഖനം നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം ഏതു നിലയിലായാലും യുപിയില്‍ മാര്‍ച്ചില്‍ അധികാരത്തില്‍ വരുന്നവരെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ഭാരിച്ചതാവുമെന്നും അവര്‍ പറയുന്നു. യോഗിയുടെ ഭരണത്തെ ഒരു തവണകൂടി താങ്ങുന്നതിനുള്ള സഹനശേഷി ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ പ്രകടിപ്പിക്കുമോയെന്ന സംശയം അപ്പോഴും ബാക്കിയാവുന്നു. റിപ്പബ്ലിക് ദിനത്തിന്റെ തലേ രാത്രി പ്രയാഗ്‌രാജായി മാറിയ അലഹബാദിലെ ഹോസ്റ്റല്‍-ലോഡ്ജ് മുറികളില്‍ തങ്ങിയ ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ അവസ്ഥ നല്‍കുന്ന സൂചന അങ്ങനെയൊരു സംശയത്തെ അനിവാര്യമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ തങ്ങിയ മുറികള്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ പൊലീസും, റെയില്‍വേ സുരക്ഷ സേനയും തലങ്ങും, വിലങ്ങും അവരെ നിഷ്‌ക്കരുണം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ വ്യാഴാഴ്ച രാവിലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സ്ഥാനം പടിച്ചു. റിപ്പബ്ലിക്കിന്റെ വാഴ്ത്തുകള്‍ തെരുവുകള്‍ കീഴടക്കിയ ബുധനാഴ്ച വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ഒരു ദാക്ഷിണ്യവുമില്ലാതെ തല്ലിച്ചതക്കുന്നതിന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ കോലാഹലങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമോയെന്നു ഫലം വരുമ്പോള്‍ ഒരു പക്ഷെ വ്യക്തമാകും.