TMJ
searchnav-menu
post-thumbnail

Outlook

ഹിമാചൽ വിജയം കൊണ്ട് മറയ്ക്കാനാകില്ല കോൺഗ്രസിന് ഗുജറാത്തിലെ പരാജയം

09 Dec 2022   |   1 min Read
ടി ജെ ശ്രീലാൽ

തിരഞ്ഞെടുപ്പ് വിജയം, അത് ചെറിയ സംസ്ഥാനത്തായാലും വലിയ സംസ്ഥാനത്തായാലും വിജയം തന്നെയാണ്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നേടിയ വിജയത്തെ കുറച്ച് കാണുന്നുമില്ല. പക്ഷെ ആ വിജയം കൊണ്ട് കോൺഗ്രസിന് ഗുജറാത്തിലേറ്റ തോൽവി മറയ്ക്കാനാകില്ല. ഗുജറാത്തിൽ ഏറ്റത് കനത്ത തിരിച്ചടിയാണ് എന്നത് കൊണ്ട് മാത്രമല്ല ഇങ്ങനെ വിലയിരുത്തുന്നത്. അത് കോൺഗ്രസ് പാർട്ടിയുടെ നിലനിൽപിനെ കൂടി ബാധിക്കുന്നതാണ് എന്നത് കൊണ്ടാണ്. കഴിഞ്ഞ ഇരുപത്തിയേഴ് വർഷമായി തുടർച്ചയായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്. ഇതിൽ ഒരു വ്യാഴവട്ടത്തിലധികം മുഖ്യമന്ത്രിയായിരുന്നത് നരേന്ദ്രമോദിയുമാണ്. 2014ൽ പ്രധാനമന്ത്രിയായപ്പോഴാണ് നരേന്ദ്രമോദി മുഖ്യമന്ത്രി പദം ഒഴിഞ്ഞത്. എന്നാൽ തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലും ബിജെപി വോട്ട് ചോദിച്ചത് മോദിയുടെ പേരിൽ തന്നെയാണ്. ഈ നടന്ന തിരഞ്ഞെടുപ്പിലും അതിൽ മാറ്റമുണ്ടായില്ല. അതായത് കഴിഞ്ഞ 21 വർഷമായി ഗുജറാത്തിൽ ബിജെപി വോട്ട് ചോദിക്കുന്നത് നരേന്ദ്ര മോദിയുടെ പേരിലാണ്. ഈ കാലയളവിൽ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി ജയിച്ച് അധികാരത്തിലെത്തി. നരേന്ദ്രമോദിയുടെ പേരിൽ ബിജെപി വോട്ട് ചോദിച്ചപ്പോഴെല്ലാം ഗുജറാത്തിലെ ജനം അവരെ അധികാരത്തിലെത്തിച്ചു എന്ന് സാരം. ഇങ്ങനെയുള്ള ഗുജറാത്തിലാണ് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. അത് നൽകുന്ന സന്ദേശം കോൺഗ്രസിന് ഒട്ടും ഗുണം ചെയ്യുന്നതല്ല. മറുഭാഗത്ത് കോൺഗ്രസിനെ പിന്തള്ളി വിജയിച്ചു എന്ന് മാത്രമല്ല അവരെ തകർത്ത് ചരിത്ര പരാജയത്തിലേക്ക് തള്ളിവിടാൻ മോദിക്ക് കഴിയുകയും ചെയ്തു. 21 വർഷം ശ്രമിച്ചിട്ടും ഒരു സംസ്ഥാനത്ത് പോലും മോദിയെ നേരിടാൻ കഴിഞ്ഞില്ലെന്ന്  മാത്രമല്ല നേരിട്ട് സ്വയം നശിക്കുകയും ചെയ്ത കോൺഗ്രസിന് എങ്ങനെ ദേശീയതലത്തിൽ മോദിയെ  നേരിടാനാകും  എന്ന ചോദ്യം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് പരാജയം ഉയർത്തുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യുന്നത് പ്രതിപക്ഷ ഐക്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ ശ്രമത്തെ കൂടിയാണ്. ജോഡോ യാത്ര കഴിഞ്ഞ് പുതിയ പ്രതിഛായയുമായി എത്തുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മുന്നിൽ ഉയരുന്ന ചോദ്യവും ഇതാണ്.

കോൺഗ്രസിനെ തകർത്തത് ആം ആദ്മിയോ

ആം ആദ്മി എന്നാൽ സാധാരണക്കാരൻ എന്നാണ് അർത്ഥം. എല്ലാ അർത്ഥത്തിലും സാധാരണക്കാരൻ തന്നെയാണ് ഗുജറാത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയത്. ഇതിൽ ഒരു പങ്ക് ആം ആദ്മി പാർട്ടിക്കുമുണ്ട് എന്നതിൽ സംശയമില്ല. കോൺഗ്രസിനെ നിഷ്പ്രഭരാക്കി അവരുടെ സ്ഥാനം ഏറ്റെടുത്താണ് ആം ആദ്മി പാർട്ടി രാഷ്ട്രീയത്തിൽ സജീവമായത് തന്നെ. അതുകൊണ്ട് ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ സാന്നിധ്യമാണ് കോൺഗ്രസിനെ തകർത്തെറിഞ്ഞതെന്ന് ആരോപിക്കുന്നതിൽ രാഷ്ട്രീയമായ കഴമ്പില്ല. വേരറ്റുപോയ സംസ്ഥാനങ്ങളിൽ പോലും സഖ്യത്തിന് തയ്യാറാകാത്ത കോൺഗ്രസിന് ഇത്തരത്തിൽ പരാതി പറയാൻ എന്താണ് അവകാശം. കഴിഞ്ഞ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ എന്തേ കോൺഗ്രസ് ഈ പ്രതിപക്ഷസഖ്യത്തെ കുറിച്ച് ചർച്ചയ്ക്ക് പോലും തയ്യാറായില്ല. അന്ന് പറഞ്ഞ ന്യായം മത്സരിച്ച് പാർട്ടിയുടെ ശക്തി വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നാണ്. അതു തന്നെയാണ് ഇത്തവണ ഗുജറാത്തിൽ ആം ആദ്മിയും ചെയ്തത്. അങ്ങനെയുള്ളപ്പോൾ ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീം ആണെന്ന ആരോപണം ഉന്നയിക്കുന്നത് സ്വന്തം കഴിവ് കേട് മറച്ചു പിടിക്കാനുള്ള ശ്രമമായിട്ട് മാത്രമേ കാണാനാകൂ. ഗുജറാത്തിൽ തുടക്കം മുതൽ കോൺഗ്രസിന് അടിതെറ്റിയിരുന്നു. മോദിയുടെ വിജയതേര് അട്ടിമറിക്കാൻ ഗുജറാത്തിനെക്കാൾ നല്ല തട്ടകം വേറെയില്ല. ഗുജറാത്തിൽ മോദിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ മറ്റെവിടേയും അതിന് സാധിക്കും. അതുപോലെ തന്നെ മറ്റെവിടെ തോറ്റാലും ഗുജറാത്തിൽ തകർപ്പൻ ജയം നേടിയാൽ മറ്റു വീഴ്ചകൾ മറികടക്കാൻ മോദിക്ക് എളുപ്പവുമാണ്. ഈ തിരഞ്ഞെടുപ്പ് തന്നെ അത് തെളിയിക്കുകയും ചെയ്തു.

ഗുജറാത്ത്‌ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന പ്രധാനമന്തി നരേന്ദ്ര മോഡി | photo : PTI

ദേശീയ അധ്യക്ഷൻ ജെ.പി.നഢയുടെ തട്ടകമായ ഹിമാചൽ പ്രദേശിൽ അധികാരം നഷ്ടപ്പെട്ടിട്ടും ഗുജറാത്തിലെ റെക്കോർഡ് വിജയം ബിജെപിയുടെ ആത്മവീര്യം വർധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും ഇത്തവണത്തെ നിർണ്ണായക തിരഞ്ഞെടുപ്പിന് എന്ത് തയ്യാറെടുപ്പാണ് കോൺഗ്രസ് നടത്തിയത്. പ്രാദേശിക നേതൃത്വത്തിന് പ്രചാരണം നടത്താനും തന്ത്രങ്ങൾ മെനയാനും വിട്ടുകൊടുത്ത് ഹൈക്കമാന്‍ഡ്‌ നേതാക്കൾ എല്ലാം ജോഡോ യാത്രയിലായിരുന്നു. ജോഡോ യാത്രയാകട്ടെ ഗുജറാത്തിന്റെ അയൽപക്കത്തേക്ക് പോലും ആ നാളുകളിൽ പോയതുമില്ല. ഇതിനെല്ലാം അവസാനം നടത്തിയ നിശബ്ദ പ്രചാരണമെന്ന പുത്തൻ  തന്ത്രമാകട്ടെ എട്ടുനിലയിൽ തകർന്നടിയുകയും ചെയ്തു. ശബ്ദമുണ്ടാക്കിയിട്ട് കോൺഗ്രസിനെ കേൾക്കാനാളില്ലാത്തപ്പോഴാണ് നിശബ്ദ പ്രചാരണമെന്ന് ജനം പുശ്ചിച്ച് തള്ളുകയും ചെയ്തു. എന്തായാലും ഒരു കാര്യത്തിൽ ഹൈക്കമാന്‍ഡിനും രാഹുൽ ബ്രിഗേഡിനും ആശ്വസിക്കാം. ഈ വൻവീഴ്ചയ്ക്ക് എന്തായാലും രാഹുൽഗാന്ധിയെ ആരും കുറ്റം പറയില്ലല്ലോയെന്ന്. അതും ശരിയാണ്. നിലവിൽ ഗുജറാത്തിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി അവിടെ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയെങ്കിലും വലിയ വ്യത്യാസമൊന്നുമുണ്ടാകില്ലായിരുന്നു.

അതുകൊണ്ട് തന്നെ ആ പഴികേൾക്കുന്നതിൽ നിന്നെങ്കിലും രക്ഷപ്പെടാനായി എന്ന് ഇപ്പൊൾ രാഹുലിന്റെ കൈപിടിച്ച് നടത്തിക്കുന്നവർക്ക് ആശ്വസിക്കാം. ഈ ആശ്വാസത്തിൽ എഐസിസിയിൽ സ്വന്തം കസേര ഉറപ്പിക്കാൻ അടുത്ത തന്ത്രം മെനയുമ്പോൾ ഇവർ മറക്കാതിരിക്കേണ്ട ഒരു കാര്യമുണ്ട്. ഗുജറാത്തിൽ പ്രതിപക്ഷനേതൃസ്ഥാനം അവകാശപ്പെടാനുള്ള എംഎൽഎമാരെ പോലും ഇത്തവണ ജയിപ്പിക്കാനായില്ലെന്ന്.

കോൺഗ്രസിന് പകരക്കാരായി ബിജെപിയെ നേരിടാനെത്തിയ ആംആദ്മി പാർട്ടിയെ രണ്ട് കൈയ്യും നീട്ടിയാണ് ഗുജറാത്തിലെ മുസ്ലീം ദളിത് വിഭാഗങ്ങൾ സ്വീകരിച്ചത്. ഏതാണ്ട് മൂന്ന് മാസം മുമ്പ് നടത്തിയ സർവ്വേകളിൽ മുസ്ലീം ന്യൂനപക്ഷങ്ങളിൽ അൻപത് ശതമാനത്തിലേറെ ആംആദ്മി പാർട്ടിക്കൊപ്പമായിരുന്നു. എന്നാൽ കെജ്രിവാൾ തന്നെ നടത്തിയ ചില പ്രസ്താവനകൾ ഇതെല്ലാം തലകീഴായ് മറിച്ചു.

ആംആദ്മി ലക്ഷ്യമിട്ടും നേടിയതും

ഗുജറാത്തിൽ ആംആദ്മി പാർട്ടി ലക്ഷ്യമിട്ടത് എന്ത്. ആ ലക്ഷ്യത്തിലേക്ക് എത്താൻ അവർക്കായോ. ഇല്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസിന് ദേശീയ ബദൽ. ഇതിനുള്ള ശ്രമമാണ് കഴിഞ്ഞ കുറേ നാളുകളായി ആം ആദ്മി ശ്രമിക്കുന്നത്. ഇങ്ങ് കേരളത്തിൽ പോലും ആം ആദ്മി പാർട്ടി സംഘടന കെട്ടി ഉയർത്താനുള്ള ശ്രമത്തിലാണ്. പ്രാദേശിക ബന്ധങ്ങളുണ്ടെങ്കിൽ കോൺഗ്രസിന് അത് മനസിലായിട്ടുമുണ്ടാകണം. ഡൽഹിയിൽ നിന്ന് വേര് പടർത്താൻ ആം ആദ്മി ആദ്യം ശ്രമിച്ചത് ഹരിയാനയിലേക്കാണ്. അവിടത്തെ ജാതി കുത്തക രാഷ്ട്രീയം ആം ആദ്മി വേര് വളരാൻ ഗുണം ചെയ്യില്ലെന്ന് കണ്ടതോടെയാണ് അഴിമതി വിരുദ്ധ പ്രതിഛായയുമായി പഞ്ചാബിലേക്ക് കടന്നത്. അവിടെ ഉൾപാർട്ടി ജനാധിപത്യം സ്ഥാപിക്കാൻ കൊണ്ട് പിടിച്ച് ശ്രമം നടത്തുകയായിരുന്ന കോൺഗ്രസ് ഹൈക്കമാന്‍ഡ്‌ ആ വളർച്ചയ്ക്ക് ആവശ്യമായ വെള്ളവും വളവും ആവോളം നൽകി. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ പിണക്കി റിബലാക്കിയതോടെ ആം ആദ്മിക്ക് കാര്യങ്ങൾ എളുപ്പമാവുകയും ചെയ്തു. പഞ്ചാബ് പിടിച്ച ആം ആദ്മി നേരെ പോയത് ഗുജറാത്തിലേക്കായിരുന്നു. ഏതാണ്ട് പത്തുമാസം മുമ്പാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നെ അഹമ്മദാബാദിൽ തുടക്കം കുറിച്ചത്. തുടർന്നങ്ങോട്ട് ആം ആദ്മി പാർട്ടി നടത്തിയ പ്രചാരണ പരിപാടികളൊന്നും ഗുജറാത്തിലെ കോൺഗ്രസ് പാർട്ടി അറിഞ്ഞില്ലെങ്കിൽ പിന്നെ ആരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.

കോൺഗ്രസിന് പകരക്കാരായി ബിജെപിയെ നേരിടാനെത്തിയ ആം ആദ്മി പാർട്ടിയെ രണ്ട് കൈയ്യും നീട്ടിയാണ് ഗുജറാത്തിലെ മുസ്ലീം ദളിത് വിഭാഗങ്ങൾ സ്വീകരിച്ചത്. ഏതാണ്ട് മൂന്ന് മാസം മുമ്പ് നടത്തിയ സർവ്വേകളിൽ മുസ്ലീം ന്യൂനപക്ഷങ്ങളിൽ അൻപത് ശതമാനത്തിലേറെ ആംആദ്മി പാർട്ടിക്കൊപ്പമായിരുന്നു. എന്നാൽ കെജ്രിവാൾ തന്നെ നടത്തിയ ചില പ്രസ്താവനകൾ ഇതെല്ലാം തലകീഴായ് മറിച്ചു. കറൻസി നോട്ടിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണമെന്ന കെജ്രിവാളിന്റെ നിർദ്ദേശവും, ഏകീകൃത വ്യക്തി നിയമത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചതും, ബിൽകിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട സർക്കാർ നടപടിയിൽ മൗനം പാലിച്ചതുമെല്ലാം ന്യൂനപക്ഷങ്ങളിൽ കടുത്ത ആശങ്കയാണുണ്ടാക്കിയത്. ഇതോടെ അവരിൽ ഭൂരിപക്ഷവും കോൺഗ്രസ് പാളയത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. ആം ആദ്മിയുടെ വരവ് കോൺഗ്രസിന് ദോഷം ചെയ്തെങ്കിലും അരവിന്ദ് കെജ്രിവാളിന്റെ ഈ മലക്കം മറിച്ചിൽ തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ കോൺഗ്രസിന് ചെറിയ ഗുണം ചെയ്തെന്ന് തന്നെയാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. ആ പ്രഖ്യാപനങ്ങൾ കെജ്രിവാൾ നടത്തിയിരുന്നെങ്കിൽ രണ്ടാം സ്ഥാനത്തെത്തിയ നിരവധി മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിക്ക് വിജയിക്കാനാകുമായിരുന്നു. അതുപോലെ തന്നെ ഇപ്പോൾ കോൺഗ്രസ് വിജയിച്ച പല മണ്ഡലങ്ങളിലും അവർക്ക് നഷ്ടമാകുകയും ചെയ്യുമായിരുന്നു. ഈ മണ്ഡലങ്ങളിലെല്ലാം നിർണ്ണായകമായത് മുസ്ലീം ദളിത് വിഭാഗങ്ങളുടെ വോട്ടുകളാണ്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ പ്രധാന പ്രതിപക്ഷമെങ്കിലുമാകാമായിരുന്ന അവസരമാണ് അവസരവാദ നിലപാടിലൂടെ കെജ്രിവാൾ നഷ്ടപ്പെടുത്തിയത്.

അരവിന്ദ് കെജ്രിവാള്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ | photo : twitter

കെജ്രിവാളിന്റെ ഇത്തരം മലക്കം മറിച്ചിലും മൃദു ഹിന്ദുത്വ നിലപാടും മുമ്പും അതിപ്രധാന വിഷയങ്ങളിൽ വ്യക്തമായിട്ടുള്ളതാണ്. പൗരത്വ രജിസ്റ്ററിനെതിരെ ദേശീയതലസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടർന്നപ്പോൾ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായിട്ടു കൂടി ബോധപൂർവ്വം മൗനം പാലിച്ചു ആംആദ്മി പാർട്ടിയും അരവിന്ദ് കെജ്രിവാളും. ഇതുപോലുള്ള മൗനം മറ്റു ചില അവസരങ്ങളിലും കെജ്രിവാൾ പാലിച്ചിട്ടുണ്ട്. ദേശീയ പാർട്ടി പദവിക്ക് വേണ്ടിയാണ് ഗുജറാത്തിൽ മത്സരിച്ചതെന്ന ഇപ്പോഴത്തെ വാദം ആ മൃദു സമീപനം തെറ്റായിപോയെന്ന തിരിച്ചറിവിന്റെ ഭാഗമായി മാത്രമാണ്. ദേശീയ പദവി നേടിയെടുക്കാനുള്ള ആറ് ശതമാനം വോട്ടും രണ്ട് നിയമസഭ സീറ്റ് വിജയവുമായിരുന്നു ലക്ഷ്യമെങ്കിൽ ഇതേ വാശിയോടെ ഹിമാചൽ പ്രദേശിൽ മത്സരിച്ചിരുന്നെങ്കിലും സാധിച്ചെടുക്കാൻ കഴിയുമായിരുന്നു. മോദിയെ തട്ടകത്തിൽ നേരിട്ട് പ്രതിപക്ഷ ഐക്യത്തിന്റെ നേതൃത്വത്തിന് അവകാശവാദം ഉന്നയിക്കാൻ തന്നെയായിരുന്നു കെജ്രിവാളിന്റെയും ലക്ഷ്യം. പക്ഷെ ഇടയ്ക്ക് പിഴച്ചു. അരവിന്ദ് കെജ്രിവാളിനെ പോലെ അതിബുദ്ധിമാനായ രാഷ്ട്രീയക്കാരന് നാക്ക് പിഴച്ചതാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

ഗുജറാത്തിലെ വിജയവും ഹിമാചലിലെ പരാജയവും

ഗുജറാത്തിലും, ഹിമാചൽ പ്രദേശിലും, ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലും ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത് അധികാരത്തിലിരിക്കുമ്പോഴാണ്. ഈ മൂന്ന് തിരഞ്ഞെടുപ്പുകളിൽ ഗുജറാത്തിൽ മാത്രമാണ് ബിജെപിക്ക് അധികാരം നിലനിര്‍ത്താനായത്. ഗുജറാത്തിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. ഈ വിജയം രാജ്യമാകെ ബിജെപി ആഘോഷിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമൊക്കെ  ആ ആഘോഷത്തിന്റെ മുന്നിൽ തന്നെയുണ്ടായിരുന്നു താനും. ഗുജറാത്തിലെ വിജയാഘോഷം കൊണ്ട് ബിജെപി മായ്ക്കാൻ ശ്രമിക്കുന്നത് ഹിമാചൽ പ്രദേശിലേയും ഡൽഹി എംസിഡിയിലേയും തിരഞ്ഞെടുപ്പ് പരാജയങ്ങൾ കൂടിയാണ്. രണ്ട് തിരഞ്ഞെടുപ്പുകളിലേറ്റ പരാജയം മറച്ചു പിടിക്കാൻ കഴിയുന്ന വിജയം തന്നെയാണ് ഗുജറാത്തിൽ നേടിയത്. രാഷ്ട്രീയ തുലാസിൽ ഗുജറാത്തിലെ വിജയത്തിന് തന്നെയാണ് കൂടുതൽ പ്രാധാന്യവും. പക്ഷെ അപ്പോഴും ചില സത്യം ലോകത്തിന് മുന്നിൽ തുറന്നിടുന്നതാണ് ഹിമാചൽ പ്രദേശിലേയും ഡൽഹി എംസിഡിയിലേയും പരാജയങ്ങൾ. പരാജയപ്പെടുത്താൻ കഴിയാത്ത പാർട്ടിയല്ല ബിജെപി എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട സത്യം. അധികാരത്തിലിരുന്ന ബിജെപിയെയാണ് രണ്ട് തിരഞ്ഞെടുപ്പുകളിലും തോൽപിച്ചത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസും ഡൽഹിയിൽ ആംആദ്മി പാർട്ടിയുമാണ് അവരെ പരാജയപ്പെടുത്തിയത്. ഈ മൂന്ന് തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു പ്രധാന പ്രചാരകൻ.

തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ | photo : pti

ഗുജറാത്തിൽ വിജയം കണ്ട അതേ പ്രചാരണരീതി മറ്റ് രണ്ടിടങ്ങളിലും ഫലം കണ്ടില്ല. അത് എന്ത് കൊണ്ടാണെന്ന് ബിജെപിയും  പ്രതിപക്ഷ പാർട്ടികളും ചിന്തിക്കണം. മോദിയും അദ്ദേഹമുയർത്തിയ ദേശീയ വിഷയങ്ങളും ഗുജറാത്തിൽ ബിജെപിക്ക് വിജയം നേടികൊടുത്തു. എന്നാൽ മോദിയുടെ അതേ തന്ത്രം ഹിമാചൽ പ്രദേശിൽ ഫലിച്ചില്ല. അവിടെ മോദിയുടെ പ്രചാരണത്തെ കോൺഗ്രസ് നേരിട്ടത് പ്രാദേശിക വിഷയങ്ങളുയർത്തിയായിരുന്നു. നേരിട്ട് ബാധിക്കുന്ന പ്രാദേശിക വിഷയങ്ങൾക്ക് വോട്ടർമാർ കൂടുതൽ പ്രാധാന്യം നൽകി. അവരുടെ ദൈനംദിന പ്രശ്നങ്ങൾ ചൂണ്ടികാട്ടി പരിഹാരം നിർദ്ദേശിച്ച കോൺഗ്രസിനെ ഹിമാചൽ പ്രദേശിൽ ജനങ്ങൾ തിരഞ്ഞെടുത്തു. ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിലും ഇത് തന്നെയാണ് സംഭവിച്ചത്. മൊഹല്ല ക്ളിനിക്കുകളും കുടിവെള്ളവും വൈദ്യുതിയും നൽകിയ ആം ആദ്മി പാർട്ടിയെ അവർ മുനിസിപ്പൽ കോർപ്പറേഷനും ഏൽപ്പിച്ചു. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ തട്ടകത്തിൽ നടന്ന തിരഞ്ഞെടുപ്പിലേറ്റ പരാജയം ബിജെപിയെ ആശങ്കപ്പെടുത്തുന്നതിന് മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. ബിജെപി ഇത്രയേറെ വിമത പ്രതിസന്ധി നേരിട്ട തിരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഒരുപക്ഷെ ഉണ്ടായിട്ടുണ്ടാകില്ല. ദേശീയ അധ്യക്ഷനും, ആഭ്യന്തരമന്ത്രി അമിത്ഷായും നേരിട്ടിറങ്ങിയിട്ടും ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല അതേ പ്രതിസന്ധി പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുമെന്നതാണ് മറ്റൊരു ആശങ്ക. കോൺഗ്രസിൽ നിന്നും മറ്റു പാർട്ടികളിലും നിന്നെത്തുന്നവർക്ക് സീറ്റ് നൽകുകയും കാലങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തഴയുകയും ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധമാണ് ബിജെപിയിൽ വിമത നീക്കങ്ങൾക്ക് തുടക്കമിട്ടതെങ്കിലും പിന്നീട് സീറ്റ് കിട്ടാത്തവർ പോലും വിമതരായി രംഗത്തിറങ്ങി. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് വലുതും ചെറുതുമായ ഒൻപത് സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതിന് മുമ്പ് വിമത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം.

ഇനിയങ്ങോട്ട്

ഗുജറാത്തിലെ  നാണംകെട്ട തോൽവിക്ക് ആംആദ്മി പാർട്ടിയെ ചാരി ന്യായീകരണം കണ്ടെത്താനാണ് ഹൈക്കമാന്‍ഡ്‌ നേതൃത്വം ശ്രമിക്കുന്നത്. എത്രനാൾ ഈ ന്യായീകരണങ്ങളിൽ കടിച്ചു തൂങ്ങാനാകും. ഒൻപത് നിയമസഭകളിലേക്കാണ് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇപ്പോൾ കൈയ്യിലുള്ള രാജസ്ഥാനും ഛത്തീസ്ഗഡും അതിൽപെടും. അവിടെയും ആംആദ്മി പാർട്ടിയോ അതുപോലെ മറ്റേതെങ്കിലും പാർട്ടിയോ പ്രതിപക്ഷ നിരയിൽ മത്സരിക്കാനുണ്ടാകും. അവിടേയും ഇതേ തന്ത്രങ്ങളും ന്യായങ്ങളും തന്നെ തുടർന്നാൽ 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു സംസ്ഥാനത്തും അധികാരത്തിലുണ്ടാകില്ല എന്ന് കോൺഗ്രസ് നേതൃത്വം മറക്കരുത്. അത് ഇല്ലാതാക്കുന്നത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാമ്പത്തിക ക്ഷമത കൂടിയാണ്. ഗുജറാത്തിലെ റെക്കോർഡ് വിജയം ബിജെപിക്ക് നൽകുന്നത് ആവേശം മാത്രമല്ല ആശ്വാസം കൂടിയാണ്. ഈ നിലയിലാണെങ്കിൽ അടുത്തെങ്ങും പ്രതിപക്ഷ ഐക്യമുണ്ടാകില്ലെന്ന് ആശ്വാസം.

Leave a comment