TMJ
searchnav-menu
post-thumbnail

Outlook

തിരക്കാഴ്ചയിൽ തെളിയാത്ത ജീവിതക്കാഴ്ചകൾ

18 Oct 2022   |   2 min Read
സിവിക് ജോൺ

PHOTO: WIKI COMMONS

തൊട്ടു മുൻപത്തെ ലക്കത്തിൽ ബിഗ് ഫിഷ് എന്ന ചിത്രത്തെക്കുറിച്ചാണ് എഴുതിയത്. ഇത്തവണ അതിനോട് സാമ്യമുള്ള ഒരു ഇന്ത്യൻ ചലച്ചിത്രമാണ്. ദൃശ്യങ്ങളിലും പ്രമേയത്തിലും സദൃശമെങ്കിലും ആ ചലച്ചിത്രം കൂടുതൽ താദാത്മ്യപ്പെടുന്നത് മറ്റൊരു ഹ്രസ്വചിത്രവുമായാണ്.

ഇന്ത്യൻ സാംസ്കാരിക ലോകത്തെ അതികായനായിരുന്ന സത്യജിത് റേ എഴുതിയ പികൂസ് ഡയറി എന്ന ഒരു ചെറുകഥയുണ്ട്. പിന്നീട് ഫ്രഞ്ച് ടെലിവിഷന് വേണ്ടി അദ്ദേഹം തന്നെ അതൊരു ഹ്രസ്വചിത്രമായി അണിയിച്ചൊരുക്കി. അപർണ സെൻ അടക്കമുള്ള പ്രമുഖർ അണിനിരന്ന ആ ഹ്രസ്വചിത്രം വളരെ നിരൂപകപ്രശംസ നേടിയിരുന്നു. പികൂ എന്ന ആ ഹ്രസ്വചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് 2015 ൽ പികു എന്ന പേരിൽ ഒരു ബോളിവുഡ് ചിത്രം ഒരുങ്ങിയത്. ബിഗ് ഫിഷിനും 12 വർഷങ്ങൾക്ക് ശേഷം.

അമിതാഭ് ബച്ചനും ദീപിക പദുക്കോണും ഇർഫാൻ ഖാനും പ്രധാനവേഷത്തിൽ അഭിനയിച്ച പികു എന്ന ചിത്രം ഏറെ പ്രിയപ്പെട്ട ഒന്നാണ്. ഒരർത്ഥത്തിൽ നോക്കിയാൽ പികുവും ബിഗ് ഫിഷും തമ്മിൽ ചെറുതല്ലാത്ത സാമ്യങ്ങൾ കാണാം. പ്രായമായി വരുന്ന ഒരു പിതാവും അയാളുടെ ശാഠ്യങ്ങളും അയാൾ ശീലിച്ചു പോരുന്ന ചിന്താരീതികളും കൊണ്ട് നിസ്സഹായരാവുകയും എന്നാൽ ഓരോ നിമിഷവും അതിനോട് സമരസപ്പെട്ട് നിൽക്കുകയും ചെയ്യുന്ന മക്കളും ഈ ചലച്ചിത്രങ്ങളിൽ പൊതുവായുള്ള ഒന്നാണ്. രണ്ടിടത്തും പ്രധാനകഥാപാത്രങ്ങൾ നിരന്തരം ആവർത്തിക്കുന്ന ഒരു കാര്യമുണ്ട്. "എന്റെ മരണം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം, അതുകൊണ്ട് അതിനെക്കുറിച്ച് നിങ്ങളാരും വേവലാതിപ്പെടേണ്ട" എന്ന്. ജീവിതം തങ്ങൾ നിശ്ചയിച്ച പ്രകാരം തന്നെ ജീവിച്ചു തീർക്കണം എന്നുള്ള വാശിയും നിർബന്ധബുദ്ധിയും അവരിരുവരിലും പൊതുവായുണ്ട്.

സത്യജിത് റേയുടെ ഹ്രസ്വചിത്രം

പാത്രനിർമ്മിതിയിലും ബിഗ് ഫിഷും പികുവും സാമ്യം പുലർത്തുന്നുണ്ട്. ഭാസ്കർ ബാനർജിയുടെയും എഡ്‌വേഡ് ബ്ലൂമിന്റെയും ഡോക്ടർമാർ ഇത്തരത്തിൽ സാമ്യത തോന്നിക്കുന്ന കഥാപാത്രങ്ങളാണ്. ഒരർത്ഥത്തിൽ ആ പ്രധാന കഥാപാത്രങ്ങളുടെ മനഃസാക്ഷിസൂക്ഷിപ്പുകാർ കൂടിയാണ് ആ ഭിഷഗ്വരർ. ബിഗ് ഫിഷിൽ ഡോക്ടർ ബെന്നെറ്റ് ആണെങ്കിൽ പികുവിൽ അത് രഘുബീർ യാദവിന്റെ ഡോക്ടർ ശ്രീവാസ്തവ ആണ്‌. രണ്ടുപേരും അവരുടെ ശാഠ്യങ്ങളെല്ലാം പൂർണമായ അർത്ഥത്തിൽ മനസ്സിലാക്കി അതിനോട് ചേർന്ന് പോകുന്നു. മറ്റുള്ളവർ അവരെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുമ്പോഴും അവരുടെ ഭിഷഗ്വരർ അവരെ പൂർണമായി മനസ്സിലാക്കുന്നു. തങ്ങളുടെ രോഗികളുടെ ആശങ്കകൾ ആകുലതകൾ എല്ലാം അവരിൽ സുഭദ്രമായിരുന്നു.

പികൂസ് ഡയറി എന്ന സത്യജിത് റേയുടെ കഥയിലെ ആ കുട്ടിയെയും ഗൃഹാന്തരീക്ഷവും പിന്നീട് മറ്റൊരു തലത്തിൽ പികുവിൽ നമുക്ക് കാണാം. ഒരുവേള ഒരു സ്പിരിച്വൽ സക്സസർ എന്ന് പോലും പറയാവുന്ന രീതിയിൽ വളരെ സൂക്ഷ്മമായി പികുവിൽ പികൂസ് ഡയറി എന്ന കഥയുടെ ഭാവതലങ്ങൾ സന്നിവേശിക്കപ്പെട്ടിരിക്കുന്നു. റേ എഴുതിയ കഥയിൽ പികുവിന്റെ അമ്മയും മുത്തശ്ശനും ആണ് പ്രധാനമായും കടന്നുവരിക. അച്ഛൻ ഓഫീസിൽ പോകുന്നു തിരിച്ചുവരുന്നു എന്ന ചില്ലറ വാചകങ്ങൾ ഒഴിച്ചാൽ പികുവിന്റെ അച്ഛനെ കുറിച്ച് കാര്യമായി പരാമർശങ്ങളില്ല കഥയിൽ. കഥ രൂപപ്പെടുത്തിയിരിക്കുന്നത് ഒരു സ്കൂൾ കുട്ടിയുടെ ഡയറി രൂപത്തിലാണ്. എഴുതാൻ പഠിച്ചു തുടങ്ങുന്ന ഒരു കുട്ടി വരുത്താവുന്ന എല്ലാവിധ അക്ഷരത്തെറ്റുകളും അതേപടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു രചനാശൈലിയാണ് കഥയുടേത്. അത് ഒരേ സമയം നമുക്ക് മുമ്പിൽ ഒരു രചനാവൈഭവമായും, ബോധപൂർവ്വമല്ലാതെ വരുന്ന തെറ്റുകൾ എന്ന നിലയിൽ വളരെ കൗശലപൂർവ്വം വാചകങ്ങൾക്ക് പുതിയ മാനങ്ങളും അർത്ഥങ്ങളും നൽകാൻ ഇടവരുത്തുന്ന ഒരു സങ്കേതമായും പരിണമിക്കുന്നു. ചെറുകഥയിൽ വളരെ കയ്യടക്കത്തോടെ സ്പർശിച്ചുപോകുന്ന പികുവിന്റെ സഹോദരന്റെ സമരജീവിതത്തെക്കുറിച്ച് - നക്സൽ കലാപത്തിന്റെ, തൊഴിൽ സമരങ്ങളുടെ വലിയ പടയൊരുക്കങ്ങളെക്കുറിച്ച്, അല്ലെങ്കിൽ അച്ഛനും അമ്മയും തമ്മിൽ തുടർന്ന് പോരുന്ന ശീതസമരങ്ങളെക്കുറിച്ചെല്ലാം ഹ്രസ്വചിത്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും പരാമർശമുണ്ട്.

വളരെ ബുദ്ധിമതിയായ ഒരു സ്ത്രീയായിരുന്നിട്ടും സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോയി എന്നതാണ് പികുവിന്റെ അമ്മയോട് അച്ഛനുള്ള ഏക പരാതി. അത് അയാൾ എല്ലാക്കാലത്തും പ്രകടിപ്പിച്ചുപോരുകയും ചെയ്യുന്നു. ഒരാളെ മുറിവേൽപ്പിക്കുന്ന രീതിയിൽ ഇങ്ങനെ സംസാരിക്കുന്നത്- അതും ആളുടെ മരണശേഷം - എന്തിനാണെന്ന് പലവട്ടം അവരുടെ സഹോദരിയും മറ്റു ബന്ധുക്കളും ചോദിക്കുന്നുണ്ട്.

ചലച്ചിത്രത്തിന്റെ ആദ്യപകുതിയിലെങ്കിലും കൽക്കത്ത ഭാസ്കറിന് തന്റെ മധുരോദാരമായ പൂർവ്വകാലത്തിന്റെ ഓർമയാണ്. ആരെയും ആദ്യമാത്രയിൽത്തന്നെ അളക്കാൻ ശ്രമിക്കുന്ന ഭാസ്കർ ബാനർജി പക്ഷെ ബംഗാളികളോട് എന്നും പ്രത്യേക മമത വെച്ച് പുലർത്തുന്നുണ്ട്. Are you sure you're not a Bengali ? എന്ന് തന്നിൽ മതിപ്പുളവാക്കുന്നവരോട് ചോദിക്കാൻ മാത്രം ഉൾച്ചേർന്നിരിക്കുന്നു അയാളിൽ കൽക്കത്ത. എന്നാൽ കൽക്കത്തയിലെ തറവാട് വിൽക്കാനാണ് പികു ആലോചിക്കുന്നത്. അതിന് വിസമ്മതിക്കുന്ന ഭാസ്കർ കൽക്കത്തയിലേക്ക് സഞ്ചരിക്കാൻ ഒരുങ്ങുകയാണ്. പിതാവിനെ ഒറ്റക്ക് അത്ര ദൂരം യാത്ര ചെയ്യാൻ വിടാതെ പികുവും അയാൾക്കൊപ്പം പോകാനൊരുങ്ങുന്നു. തന്റെ ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി, റോഡ് മാർഗമല്ലാതെ മറ്റൊരു യാത്രയ്ക്കും ഭാസ്കർ സമ്മതിക്കുന്നില്ല. എന്നാൽ പികുവിന്റെ മുൻകോപം അറിയാവുന്ന ടാക്സി ഡ്രൈവർമാർ പികുവിനൊപ്പം ഒരു ദീർഘദൂരയാത്രയ്ക്ക് വിസമ്മതിക്കുന്നു. ഒടുവിൽ ടാക്സി കമ്പനിയുടെ ഉടമയായ റാണ തന്നെ അവരെ കൽക്കത്തയിലേക്ക് എത്തിക്കാനുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയാണ്.

പികു എന്ന ചലച്ചിത്രത്തിൽ ഒരിക്കലും നമ്മൾ കാണാത്ത ഒരാൾ പികുവിന്റെ അമ്മയാണ്. എന്നാൽ പികുവിന്റെ സംഭാഷണങ്ങളിൽ- അച്ഛനുമായുള്ള, മറ്റ് ബന്ധുക്കളുമായുള്ള, അല്ലെങ്കിൽ സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളിലെല്ലാം- അമ്മ നിറസാന്നിദ്ധ്യമാണ്. വളരെ ബുദ്ധിമതിയായ ഒരു സ്ത്രീയായിരുന്നിട്ടും സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോയി എന്നതാണ് പികുവിന്റെ അമ്മയോട് അച്ഛനുള്ള ഏക പരാതി. അത് അയാൾ എല്ലാക്കാലത്തും പ്രകടിപ്പിച്ചുപോരുകയും ചെയ്യുന്നു. ഒരാളെ മുറിവേൽപ്പിക്കുന്ന രീതിയിൽ ഇങ്ങനെ സംസാരിക്കുന്നത്- അതും ആളുടെ മരണശേഷം - എന്തിനാണെന്ന് പലവട്ടം അവരുടെ സഹോദരിയും മറ്റു ബന്ധുക്കളും ചോദിക്കുന്നുണ്ട്. "അവർ എന്റെ ഭാര്യയായിരുന്നു ഞാൻ അവരെ സ്നേഹിച്ചിരുന്നു" എന്നതാണ് അയാളുടെ മറുപടി. സ്നേഹം എന്നതിന്റെ നിർവചനം ഇങ്ങനെ ഓരോ മാത്രയിലും മുറിവേൽപ്പിക്കാൻ മാത്രമുള്ളതാണോ എന്ന സ്ഥായിയായ ചോദ്യമാണ് ആ കാഴ്ച ബാക്കിയാക്കുന്നത്.

ഷൂജിതിന്റെ ചിത്രത്തിൽ പികുവിന്റെ അമ്മ ഒരിക്കൽ പോലും പ്രത്യക്ഷപ്പെടാത്തത് യാദൃശ്ചികം എന്ന് തോന്നുന്നില്ല. പരസ്പരപൂരകങ്ങളായ രണ്ട് കാഴ്ചകൾ എന്ന രീതിയിലാണ് പികു എന്ന ഷൂജിത് സിർകാർ ചിത്രവും സത്യജിത് റേയുടെ ഹ്രസ്വചിത്രവും പ്രവർത്തിക്കുന്നത്. ഒരേസമയം തെളിഞ്ഞും മറഞ്ഞും പരസ്പരം മായാരൂപികളാകുന്ന കഥാപാത്രങ്ങളാണ് ഇരുചിത്രങ്ങളിലും പികുവിന്റെ മാതാപിതാക്കൾ. പികുവിൽ ഇടയ്ക്കിടെ നാം കാണുന്ന, ഭാര്യയോടുള്ള ഭാസ്കറിന്റെ രോഷപ്രകടനങ്ങളെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ പികൂസ് ഡയറി എന്ന സത്യജിത് റേ കഥയിലെ അച്ഛൻ കഥാപാത്രത്തിന്റെ കാഴ്ചപ്പാടുകളാണോ എന്ന് സംശയം തോന്നാം.

സത്യജിത് റേയുടെ ഹ്രസ്വചിത്രത്തിൽ തന്റെ രഹസ്യബന്ധം മക്കളിൽ നിന്നും ഭർത്താവിൽ നിന്നും ഒളിപ്പിക്കുന്ന ഭാര്യയെ കാണാം. പികുവിന് പടം വരയ്ക്കാനുള്ള വർണ്ണ പെൻസിലും നോട്ടുബുക്കും വാങ്ങിവരുന്ന കാമുകനുണ്ട് അവിടെ. പികുവിന്റെ ബാലസഹജമായ കൗതുകത്തെ ചൂഷണം ചെയ്തുകൊണ്ട് കുറച്ചു സമയത്തേക്കെങ്കിലും പികുവിന്റെ അമ്മയുമായി സ്വകാര്യനിമിഷങ്ങൾ ചിലവഴിക്കുകയാണ്, അതിനായി പികുവിനെ അകറ്റിനിർത്തുകയാണ് ഹിതേഷ് എന്ന കാമുകന്റെ ലക്ഷ്യം. അമ്മയും അയാളും തമ്മിൽ അസ്വാരസ്യങ്ങളുണ്ടാകുന്നുണ്ട്. പിന്നീട് പരിഹാരമെന്നോണം അവർ രതിയിൽ ഏർപ്പെടുകയാണ്. ആ സമയം പികുവിന്റെ ശയ്യാവലംബിയായ മുത്തശ്ശൻ മരണപ്പെടുന്നു. എന്നാൽ സമാശ്വാസകരമായ രതിയുടെ ആലസ്യത്തിൽ അവർ അത് അറിയുന്നതേയില്ല.

വളരെ ബുദ്ധിമതിയും കാര്യപ്രാപ്തയുമായിരുന്ന തന്റെ ഭാര്യ വിവാഹശേഷം ആ കഴിവുകളൊന്നും പരിപോഷിപ്പിക്കാതെ തന്റെ പരിചരണത്തിനായി അവരുടെ ജീവിതം ബലി കൊടുത്തു എന്ന് അയാൾ പറയുക തെല്ല് അവജ്ഞയോടെയാണ്.

ഷൂജിത്തിന്റെ കാഴ്ചയിൽ പികുവിന്റെ ലൈംഗികജീവിതം നിരന്തരം പരാമർശവിധേയമാവുന്നുണ്ട്. വിവാഹപൂർവ ലൈംഗികത നിഷിദ്ധമായി കണ്ടുവരുന്ന ഒരു സമൂഹത്തിൽ അതിനെക്കുറിച്ചു സ്വാഭാവികമായ സംഭാഷണങ്ങളുണ്ടാവുന്നത് അഭിനന്ദനാർഹമാകിലും സൂക്ഷ്മദൃഷ്ടിയിൽ റേയുടെ ഹ്രസ്വചിത്രത്തെ ചലച്ചിത്രത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള സമർഥമായ ശ്രമമാണതെന്ന് കാണാൻ സാധിക്കും.

ദീപിക പദുക്കോൺ അവതരിപ്പിക്കുന്ന പികു എന്ന കഥാപാത്രം സാമ്പത്തിക സ്വാതന്ത്ര്യമുള്ള ഒരു യുവതിയാണ് എന്നിരിക്കിലും രോഗങ്ങളോടുള്ള പിതാവിന്റെ മല്ലയുദ്ധങ്ങളാണ് പികുവിന്റെ ജീവിതത്തിന്റെ ഭാഗധേയങ്ങൾ നിർണയിക്കുന്നത് എന്ന് കാണാം. പികു ഒരു പുരുഷനെ ഡേറ്റ് ചെയ്യുന്നതും കല്യാണം കഴിക്കുന്നതും ഒന്നും ഭാസ്കർ ഇഷ്ടപ്പെടുന്നില്ല. കാരണം കല്യാണം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം എടുക്കാവുന്ന ഏറ്റവും മോശം തീരുമാനങ്ങളിൽ ഒന്നാണ് എന്നാണ് അച്ഛൻ പറയുക. അതിനുദാഹരണമായി എടുത്തുകാണിക്കുന്നത് തന്റെ സ്വന്തം വൈവാഹികജീവിതം തന്നെയാണ്. വളരെ ബുദ്ധിമതിയും കാര്യപ്രാപ്തയുമായിരുന്ന തന്റെ ഭാര്യ വിവാഹശേഷം ആ കഴിവുകളൊന്നും പരിപോഷിപ്പിക്കാതെ തന്റെ പരിചരണത്തിനായി അവരുടെ ജീവിതം ബലി കൊടുത്തു എന്ന് അയാൾ പറയുക തെല്ല് അവജ്ഞയോടെയാണ്.

സംവിധായകൻ ഷൂജിത് സിർകാർ അഭിനേതാക്കൾക്കൊപ്പം | photo: facebook

മലബന്ധമാണ് ഭാസ്കർ ബാനർജിയെ അലട്ടുന്ന പ്രശ്നം. ലോകത്തിലെ ഏതൊരു പ്രശ്നവും തന്റെ മലബന്ധവുമായി ബന്ധിപ്പിക്കാനുള്ള അപാരമായ കഴിവ് അദ്ദേഹത്തെ മറ്റ് വൃദ്ധന്മാരിൽ നിന്നും വേറിട്ടു നിർത്തുന്നു. അല്ലെങ്കിൽ എങ്ങനെയാണ് ഒരു ഡിന്നർ ഡേറ്റിനു പോയിരിക്കുന്ന മകളെ വിളിച്ച് മലശോധനാവിവരങ്ങൾ കൃത്യമായി നിറവ്യത്യാസമടക്കം വിസ്തരിച്ച് പറയാൻ സാധിക്കുക. വാർദ്ധക്യത്തിൽ താൻ ഒറ്റപ്പെടുമെന്ന്, പികു ഒരു കല്യാണം കഴിച്ചാൽ ചിലപ്പോൾ അവരുടെ ജീവിതത്തിൽ തനിക്കുള്ള പ്രാധാന്യം നഷ്ടപ്പെടുമെന്ന് ഒരുവേള അയാൾ ഭയക്കുന്നുണ്ടാവാം.

പക്ഷെ തീർത്തും അപ്രതീക്ഷിതമായാണ് അയാളുടെ പരിചിതവലയത്തിൽ എങ്ങും ഇല്ലാതിരുന്ന ഒരാൾ പികുവിൽ മതിപ്പുളവാക്കി തുടങ്ങുന്നത്. റാണാ ചൗധരി... കൽക്കത്തയിലേക്കുള്ള ദീർഘദൂരയാത്രയിൽ അവരുടെ സാരഥി. ഭാസ്കറിന്റെ വിചിത്രമായ വാശികളും ശാഠ്യങ്ങളും റാണയെ അമ്പരപ്പിക്കുന്നുണ്ട്. പക്ഷേ ഇവയ്‌ക്കെല്ലാം അപ്പുറം യാത്രയിൽ അവർ തമ്മിൽ ഒരു വൈകാരികമായ അടുപ്പം രൂപപ്പെടുന്നു. കൊൽക്കത്തയിൽ നിന്നും തിരികെ ദില്ലിയിലേക്ക് മടങ്ങും മുൻപ് 'തറവാട് വിൽക്കേണ്ടതില്ല, ഒരാൾക്ക് എപ്പോഴും തിരികെ മടങ്ങുവാൻ തന്റെ വേരുകൾ എപ്പോഴും ബാക്കിയായിരിക്കണമെന്ന്' വളരെ ആർദ്രമായി പികുവിനെ ബോധിപ്പിക്കുവാൻ റാണയ്ക്ക് സാധിക്കുന്നു. 

ചുറ്റുമുള്ള ജീവിതങ്ങളെ ദുസ്സഹമാക്കാതെ ജീവിതം ആസ്വദിച്ചു ജീവിക്കൂ എന്ന് ഭാസ്കറിനെ ഉപദേശിക്കാനും റാണ മറക്കുന്നില്ല. ആ ഉപദേശം ശിരസ്സാവഹിക്കുന്ന ഭാസ്കർ- ഏതു ഭക്ഷണം കഴിക്കണം മലബന്ധത്താൽ ബാധിക്കപ്പെടാതിരിക്കാൻ എന്ന് വർഷങ്ങളോളം സങ്കടപ്പെട്ടിരുന്നയാൾ-ഒരു നിമിഷം അയാൾക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ തീരുമാനിക്കുകയാണ്. കൊൽക്കത്ത നഗരത്തിന്റെ ഓരോ തെരുവുകളിലൂടെയും, താൻ വളർന്ന തന്റെ യൗവനം ചെലവഴിച്ച ഓരോ തെരുവുകളിലൂടെയും അയാൾ സൈക്കിളുമായി സഞ്ചരിക്കുന്നു. ആ സമയം വീട്ടിൽ അയാളെ കാണാതെ പികു ആശങ്കപ്പെടുന്നുണ്ട്. എന്നാൽ ജീവിതം ആസ്വദിക്കാൻ തീരുമാനിച്ച ഭാസ്കർ, മരണത്തെക്കുറിച്ചുള്ള യാതൊരു ആശങ്കയും ഇല്ലാതെ അവസാനനിമിഷങ്ങൾ അത്യന്തം സന്തോഷവാനായി ചിലവഴിക്കുകയാണ്. ഒടുവിൽ കിലോമീറ്ററുകൾ നീളുന്ന സൈക്കിൾ സവാരി കഴിഞ്ഞ് തിരിച്ചെത്തുന്ന ഭാസ്കറിന്റെ മുഖത്ത് ആത്മസംതൃപ്തിയുടെ ഒരു നിറചിരി ഉണ്ട്.

പരസ്യമേഖലയിലെ അതികായനായ Swapan Seth എഴുതിയ 'This is all I have to say' എന്ന ഒരു പുസ്തകമുണ്ട്. ഓരോ വിഷയങ്ങളിലായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അതിനെ സാധൂകരിക്കുന്ന ജീവിതാനുഭവങ്ങളും കുറിച്ചിട്ടുള്ള ഒരു ചെറുപുസ്തകം.

അന്നേദിവസം, ചിത്രത്തിന്റെ രണ്ടുമണിക്കൂർ ദൈർഘ്യത്തിൽ ആദ്യമായി തടസ്സങ്ങളോ പ്രശ്നങ്ങളോ ഇല്ലാതെ ഒരു സുഖശോധന ലഭിച്ച സന്തോഷത്തിൽ പുറത്തുവരുന്ന ഭാസ്കറിന്റെ കഥാപാത്രത്തെ കാണാം. അന്ന് രാത്രിയിൽ തന്നെ ഉറക്കത്തിൽ യാതൊരുവിധ വേദനകളും അറിയാതെ ഒരു സുഖമരണത്തിന് കീഴടങ്ങി അയാൾ യാത്രയാവുകയാണ്. ജീവിതം അതിന്റെ സ്വാഭാവികമായ ഗതി തുടരുന്നു. അയാളുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും കുടുംബവുമെല്ലാം അയാളെ ഓർമ്മിക്കുന്നു. പികു റാണയോടൊപ്പം തന്റെ ജീവിതം ആരംഭിക്കുന്നു.
ഗഹനമായ ഒരാശയത്തെ തീർത്തും സരളമായ രീതിയിൽ ആവിഷ്കരിക്കുകയാണ് ചിത്രം.

പരസ്യമേഖലയിലെ അതികായനായ Swapan Seth എഴുതിയ 'This is all I have to say' എന്ന ഒരു പുസ്തകമുണ്ട്. ഓരോ വിഷയങ്ങളിലായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അതിനെ സാധൂകരിക്കുന്ന ജീവിതാനുഭവങ്ങളും കുറിച്ചിട്ടുള്ള ഒരു ചെറുപുസ്തകം. ഒരു സമയം കഴിയുന്നതും ജീവിതത്തിൽ മാതാപിതാക്കൾക്കുള്ള സ്ഥാനം പതിയെ കുറഞ്ഞുവരുന്നതും അവർ പതിയെ പഴഞ്ചനാവുന്നെന്ന് തോന്നുന്നതുമെല്ലാം വിശദമായി അയാൾ എഴുതിയിട്ടുണ്ട്. Give them relevance… Significance… That's the only oxygen they need എന്ന് എഴുതുന്ന സ്വപനെ ഓർമയുണ്ട്. അതുകൊണ്ട് തന്നെ പിതാവിന്റെ എല്ലാ ദുഃശ്ശാഠ്യങ്ങൾക്കും ഒപ്പം നിൽക്കുന്ന, അയാളെ നിരുപാധികം സ്നേഹിക്കുന്ന മകളെ പികുവിൽ കാണുമ്പോൾ എന്റെ മനസ് വല്ലാതെ നിറയുന്നത്.

സിനിമയിൽ നിന്നുള്ള രംഗം

2015 ൽ പുറത്തിറങ്ങിയ പികു നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയിരുന്നു. നിരവധി അവാർഡുകളും ചിത്രം സ്വന്തമാക്കുകയുണ്ടായി. സ്വന്തമായി ഒരു വ്യക്തിത്വം രൂപപ്പെടുന്നതാണ് ഏറ്റവും പ്രധാനമെന്നും മറ്റുള്ളവരുടെ പേരിൽ അറിയപ്പെടുന്നത് സ്വന്തം വ്യക്തിത്വവികാസത്തെ തടസ്സപ്പെടുത്തുമെന്നും പറയുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിൽ. അവരെ അവതരിപ്പിച്ചിരിക്കുന്ന അഭിനേതാക്കൾ വളരെ പ്രശസ്തരായ രണ്ട് പിതാക്കന്മാരുടെ മക്കളാണ്. താന്താങ്ങളുടെ മേഖലയിൽ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ടുപിതാക്കന്മാർ. ഒരാൾ സമകാലീന ഹിന്ദി സാഹിത്യത്തിലെ അറിയപ്പെടുന്ന ഒരു കവി. മറ്റൊരാൾ ബാഡ്മിൻറൺ എന്ന കായികയിനത്തിൽ ഇന്ത്യയിലെ ആദ്യകാല അതികായരിൽ ഒരാൾ.

അവരുടെ മക്കൾ രണ്ടുപേരും പിതാക്കളുടെ പാതയിൽ നിന്നും തീർത്തും വിഭിന്നമായ മറ്റു മേഖലകളിൽ അവരുടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചവർ. ഒരാൾ ഇന്ത്യ കണ്ട ഏറ്റവും വലിയ ചലച്ചിത്രതാരം. പിതാവിന്റെ ശോഭ മങ്ങിയ കാവ്യജീവിതത്തിൽ നിന്നും വെള്ളിത്തിരയുടെ മിന്നും വെളിച്ചം വർഷങ്ങളോളം അനുഭവിച്ചു പോരുന്ന ഒരാൾ. തനിക്ക് മുൻപേ വന്നവരും ഒപ്പം വന്നവരും ശേഷം വന്നവരും അപ്രസക്തരാവുമ്പോഴും ഈ വാർദ്ധക്യത്തിലും ഏറ്റവും വിപണിമൂല്യമുള്ള താരവും, വൈവിധ്യപൂർണ്ണമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന അഭിനേതാവുമാകുന്നു അയാൾ. മിന്നിത്തെളിഞ്ഞ് വളരെ വേഗം മാഞ്ഞുപോകുന്ന നായികമാർക്കിടയിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തൊരു അഭിനേത്രിയാണ് ദീപിക. ഒരു കാഴ്ചവസ്തു എന്നതിനപ്പുറം, തന്റെ പ്രകടനമികവിനാൽ കഥാപാത്രങ്ങൾക്ക് പുതിയ മാനങ്ങൾ നൽകാൻ കഴിവുള്ള നടി. അവരിരുവരുടെയും പേരിന് പുറകിൽ ബച്ചൻ എന്നും പദുക്കോൺ എന്നും അവരുടെ പ്രശസ്തരായ പിതാക്കന്മാരുടെ പേര് ചേർന്നിട്ടുണ്ട്. പ്രശസ്തരായ ശേഷവും ആ പേര് വളരെ സ്നേഹപൂർവ്വം അനുഭാവപൂർവ്വം ഒപ്പം ചേർക്കുന്നുണ്ട് അവർ. എന്നാൽ അവരുടെ ഒപ്പം അഭിനയിച്ച ഇപ്പോൾ നമുക്കൊപ്പമില്ലാത്ത ഒരാളെ കുറിച്ച് ഓർമിച്ചെഴുതുക എന്നതുകൂടിയാണ് ഈ ലേഖനത്തിന്റെ ഉദ്യമം.

ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതിൽ എഴുത്തുകാരൻ കൂടിയായ സംവിധായകൻ എത്രത്തോളം ശ്രദ്ധപതിപ്പിക്കുന്നു എന്നും ഗൗരവതരമായ ചലച്ചിത്ര നിർമ്മാണം എത്രത്തോളം വൈവിദ്ധ്യമാനങ്ങൾ ഉള്ള ഒന്നാണ് എന്നും വ്യക്തമാക്കുന്ന ഭാഗങ്ങളാണ് പുസ്തകത്തിൽ.

രാജസ്ഥാനിൽ നിന്നും ദില്ലിയിലെത്തി അവിടെ നിന്നും പതിയെ ലോകം മുഴുവനും പ്രശസ്തനായ അഭിനേതാവ്. ഒരു ഘട്ടത്തിനുശേഷം തന്റെ പേരിൽ നിന്നും ഖാൻ എന്ന അവസാന ഭാഗം ഒഴിവാക്കി ഇർഫാൻ എന്ന ഒറ്റ പേരിൽ സ്വയം അറിയപ്പെടാൻ ആഗ്രഹിച്ചിരുന്ന ഒരു മനുഷ്യൻ. വളരെ അപൂർവ്വമായ ഒരു അർബുദ ബാധയാൽ അൻപത്തിമൂന്നാം വയസ്സിൽ അന്തരിക്കുമ്പോൾ അയാൾക്ക് മുന്നിൽ അഭിനയിക്കാൻ കഥാപാത്രങ്ങളും ജീവിച്ചു തീർക്കാൻ ആയുസ്സും ഒരുപാട് ബാക്കിയായിരുന്നു. ഇർഫാനൊപ്പം നിരൂപകപ്രശംസ നേടിയ രണ്ട് ചിത്രങ്ങൾ ഒരുക്കിയ അനൂപ് സിംഗ് എഴുതിയ ഇർഫാൻ- ഡയലോഗ്സ് വിത്ത് ദി വിൻഡ് എന്ന് പുസ്തകത്തെക്കൂടി ഓർമ്മിക്കാതെ ഈ ലേഖനം പൂർണ്ണമാകില്ല.

ക്വിസ്സ, സോങ്ങ് ഓഫ് സ്കോർപിയൺസ് എന്നീ ചിത്രങ്ങൾ ഇർഫാനൊപ്പം ഒരുക്കിയിരുന്നു അനൂപ് സിംഗ്. ആ രണ്ട് ചിത്രങ്ങളുടെയും എഴുത്തും ചിത്രീകരണ വിശേഷങ്ങളും കഥാപാത്രമായി മാറുവാൻ ഇർഫാൻ നടത്തുന്ന പരിശ്രമങ്ങളും എല്ലാം പുസ്തകത്തിൽ വളരെ വിശദമായി അനൂപ് എഴുതുന്നുണ്ട്. ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതിൽ എഴുത്തുകാരൻ കൂടിയായ സംവിധായകൻ എത്രത്തോളം ശ്രദ്ധപതിപ്പിക്കുന്നു എന്നും ഗൗരവതരമായ ചലച്ചിത്ര നിർമ്മാണം എത്രത്തോളം വൈവിദ്ധ്യമാനങ്ങൾ ഉള്ള ഒന്നാണ് എന്നും വ്യക്തമാക്കുന്ന ഭാഗങ്ങളാണ് പുസ്തകത്തിൽ.

സ്വാഭാവികം എന്ന് തോന്നിക്കുന്ന ഒരു ചലനം പോലും ഒരു കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങൾ കൂടി അറിഞ്ഞുള്ളതാവണമെന്ന്, അതിനെ പൂർണമായും ഉൾക്കൊണ്ട് കാഴ്ചക്കാരിലേക്ക് പ്രതിഫലിപ്പിക്കുന്നതാകണമെന്നുള്ള അനൂപിന്റെ കാഴ്ചപ്പാടും അതിനെ നിർണയിക്കുന്ന ബാഹ്യഘടകങ്ങളും എല്ലാം ഈ പുസ്തകത്തിൽ വിഷയമാകുന്നു. ഒരു സീൻ ഷൂട്ട് ചെയ്യുന്നതിൽ കഥാപാത്രം കാലുറപ്പിച്ചു നിൽക്കുന്ന ഭൂപ്രകൃതി അടക്കം എങ്ങനെ സഹായിക്കുന്നുവെന്ന്, കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെ ഫലപ്രദമായി തിരശ്ശീലയിലേക്ക് സന്നിവേശിപ്പിക്കാൻ അയാൾ നിൽക്കുന്ന ഭൂപ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എങ്ങനെ സഹായിക്കുന്നുവെന്ന്, അവയെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ഒരു നടൻ കഥാപാത്രമായി പരിവർത്തനം ചെയ്യപ്പെടുമ്പോൾ അത് കാഴ്ചക്കാരിലും ഒപ്പമുള്ള സഹപ്രവർത്തകരിലും ഉളവാക്കുന്ന സവിശേഷമായ അനുഭൂതിയെക്കുറിച്ചെല്ലാം അനൂപ് വാചാലനാകുന്നുണ്ട്.

അതിനുമപ്പുറം, തന്റെ ചലച്ചിത്രങ്ങളിലെ നായകൻ എന്നതിൽ ഉപരിയായി ഇർഫാൻ എന്ന വ്യക്തിയുമായി രൂപപ്പെട്ട ആഴത്തിലുള്ള സൗഹൃദത്തിന്റെ ഓർമ്മയാണ് അയാൾക്ക് ഈ പുസ്തകം. ആദ്യത്തെ തിരക്കഥാചർച്ചയ്ക്കായി അയാളുടെ വീട്ടിലെത്തിയത് മുതൽ പിന്നീട് വർഷങ്ങൾ നീണ്ട കൊടുക്കൽവാങ്ങലുകളിൽ അവർക്കിടയിൽ രൂപപ്പെട്ട സവിശേഷമായ ആഴമേറിയ സൗഹൃദം... ക്യാൻസർ ബാധ സ്ഥിരീകരിച്ച ശേഷം ഇർഫാൻ അത് വെളിപ്പെടുത്തിയ ചുരുക്കം ചിലരിൽ ഒരാൾ അനൂപ് ആയിരുന്നു. 

പലപ്പോഴായി അവർ തമ്മിൽ നടന്നിരുന്ന സംഭാഷണങ്ങളെക്കുറിച്ച് അയാൾ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. "Even after his death, I have rarely felt that our conversations had come to a halt. There is something about a voice, even more than the face, that stays. It is a hum in the mind, a song. Sometimes the hum of the wind, the grate as you close a door, the call of a bird brings it reverberating back. His voice remains as a possibility all around me, any vibrating object can initiate the conversation again".

രോഗബാധ സ്ഥിരീകരിച്ച ശേഷമുള്ള സംഭാഷണങ്ങൾ, അയാൾ ചികിത്സ തേടിയിരുന്ന ആശുപത്രിയിൽ സന്ദർശകനായി എത്തുമ്പോൾ പലപ്പോഴും ഇനി ചെയ്യാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് സംസാരിച്ച വിവരങ്ങൾ, പിന്നീട് സംഭാഷണങ്ങളിൽ പതിയെ ജീവിതത്തെക്കാൾ കൂടുതൽ മരണം വിഷയമാകുന്നത്... എല്ലാം അനൂപ് എഴുതുന്നുണ്ട്. വാക്കുകളിൽ സങ്കടം ഒളിഞ്ഞിരിക്കുമ്പോഴും അവയൊരിക്കലും അതിരുവിട്ടൊരു ഉയർന്ന നിലവിളിയാകുന്നില്ല. ഓരോ വരിയിലും അങ്ങേയറ്റം യുക്തിസഹമായി എന്നാൽ വൈകാരികത ഒട്ടും ചോർന്നുപോകാതെ അയാൾ അന്വേഷിക്കുന്നുണ്ട് തന്റെ സുഹൃത്തിനെ.

"Here, then, is Irrfan as I saw him, but also as I imagined him. And my words here perhaps come to me and come together as they do because I know that I can no longer pick up the phone and call him. Somewhere in the words, in the pictures and evocations they create when they come together, something in the sounds of the words, I do feel at moments that, yes, there, that was the gesture, the tone, the phrase. But yes, a 'but' remains. That's another grief: this testimony, this witness report, if you like, constantly slips into doubt. What remains is the exhilaration of the time we spent together. There is no doubt about that'. എന്നാണ് അയാൾ പറയുന്നത്.

ഒരു നടന്റേതായി ആയിരക്കണക്കിന് ദൃശ്യങ്ങളുണ്ടാവും പൊതുസഞ്ചയത്തിൽ. എങ്കിലും അവയോരോന്നും ഓരോരുത്തരിലും ഉണർത്തുന്ന ഓർമ്മകൾ വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ ഒരാൾ എഴുതുന്ന ചിത്രം ഒരിക്കലും മറ്റൊരാളെ സംബന്ധിച്ചിടത്തോളം പൂർണമായി തോന്നുകയില്ല.

ഒരു മനുഷ്യൻ ഓരോ ഓർമ്മയിലും വ്യത്യസ്തനായിരിക്കും. തങ്ങളുടെ അനുഭവങ്ങളെ മുൻനിർത്തിയാവും ഓരോരുത്തരും അയാളെ ഓർത്തെടുക്കുക. ഓരോരുത്തർക്കും ഒരു മനുഷ്യൻ പരിചിതനാകുന്നത് വ്യത്യസ്ത രീതികളിലാവുന്നത് കൊണ്ട് തന്നെ അയാളെ കൃത്യമായ ഒരു ചട്ടക്കൂടിലേക്ക് ക്രമപ്പെടുത്താൻ കഴിയില്ല. ചിലപ്പോൾ ഓർമ്മകൾ പോലും രൂപം മാറാറുണ്ടല്ലോ. കാലക്രമേണ നമ്മൾ ഒരാളെക്കുറിച്ച് ഓർത്തെടുക്കുന്ന വിവരങ്ങൾ പോലും മാറിപ്പോകും. ഒരാൾ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം, അയാളുടെ മുഖത്തെ ചുളിവുകൾ, പ്രകാശത്തിൽ തിളങ്ങുന്ന അയാളുടെ കണ്ണുകൾ, എല്ലാം സാവകാശം നമ്മുടെ ഓർമ്മയിൽ നിന്നും മറയും .

ഒരു നടന്റേതായി ആയിരക്കണക്കിന് ദൃശ്യങ്ങളുണ്ടാവും പൊതുസഞ്ചയത്തിൽ. എങ്കിലും അവയോരോന്നും ഓരോരുത്തരിലും ഉണർത്തുന്ന ഓർമ്മകൾ വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ ഒരാൾ എഴുതുന്ന ചിത്രം ഒരിക്കലും മറ്റൊരാളെ സംബന്ധിച്ചിടത്തോളം പൂർണമായി തോന്നുകയില്ല. അത് തിരിച്ചറിയുന്നത് കൊണ്ടാവണം 'For anyone reading these words, then, they can say as I do when I hear or read another person's evocation of Irrfan or when I watch any of his films today: But, no, that's not him and that's not him. Perhaps that's all, finally, we can say of Irrfan: Not that, not that. He lived his life as a question and enjoyed and celebrated answers that continued to puzzle him. എന്ന് അനൂപ് എഴുതുന്നത്.

രോഗകാലത്ത് ഇർഫാനെ സന്ദർശിച്ചപ്പോൾ അയാളോട് ഒരു കഥ പറഞ്ഞത് ഓർത്തെടുക്കുന്നുണ്ട് അനൂപ് ഈ പുസ്തകത്തിൽ. സോങ് ഓഫ് സ്കോർപ്പിയൺസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലൊക്കേഷൻ അന്വേഷിച്ചു നടത്തിയ ഒരു യാത്രയായിരുന്നു അനൂപ് പറഞ്ഞ കഥ. അവർ അവിടെ ഷൂട്ട് ചെയ്തില്ല. എന്നിരുന്നാലും അത് വളരെ സവിശേഷതയുള്ള ഒരു ഭൂപ്രകൃതി ആയിരുന്നു. വർഷങ്ങൾ നീണ്ട അഗ്നിപർവ്വത സ്ഫോടനങ്ങളാൽ രൂപപ്പെട്ട മണ്ണായിരുന്നു അവിടുത്തേത്. കറുത്തിരുണ്ട കുന്നുകളും സവിശേഷമായ ആകൃതിയുള്ള ചെറിയ കറുത്തകല്ലുകളും എല്ലായിടത്തും ഉണ്ടായിരുന്നു. ചിലതിന് പക്ഷികളുടെ രൂപം, ചിലതിന് മൃഗങ്ങളുടെ, ചിലതിന് ഭീകരരൂപികളുടെ.

അവയിൽ ആകൃഷ്ടനായ അനൂപ് ചില കല്ലുകൾ പെറുക്കിയെടുക്കാൻ ഒരുങ്ങവേ ദൂരത്തു നിന്നും ഒരു യുവാവ് അനൂപിനു നേരെ വരുന്നു. ഇവിടെ നിന്നും കല്ലെടുത്തു കൊണ്ടുപോകുന്നയാൾ ഒരു വർഷത്തിനുള്ളിൽ മരിക്കുമെന്ന് യുവാവ് അനൂപിനോട് പറയുന്നു. ശരിക്കും അങ്ങനെ സംഭവിക്കുമോ എന്ന് ചോദിക്കുന്ന അനൂപിനോട് "ഈ കല്ലുകൾ ശപിക്കപ്പെട്ടവയാണ്, ഇത് നിങ്ങളോട് പറയുക എന്നുള്ളത് എന്റെ കർത്തവ്യമാണ്" എന്ന് മാത്രം പറഞ്ഞുകൊണ്ട് യുവാവ് തൊട്ടടുത്തുള്ള അമ്പലത്തിലേക്ക് തിരികെ പോകുന്നു.

ഈ കഥ ഇർഫാനോട് പറയുമ്പോൾ ഇർഫാൻ ചോദിക്കുന്നത് നിങ്ങളന്ന് ആ കല്ലുകൾ എടുത്തുകൊണ്ടുപോയിരുന്നോ എന്നാണ്. ഇല്ലെന്ന് അനൂപ് ജാള്യതയോടെ പറയുമ്പോൾ ആർത്തുചിരിക്കുന്ന ഇർഫാനെ അനൂപ് വാക്കുകളാൽ വരച്ചിടുന്നു. ചിരിക്കൊടുവിൽ ഇർഫാൻ പറയുന്ന വാചകം ഒരു ചോദ്യം കൂടിയാണ്.
"It's strange what brings back memories, he said. I've left so many of my selves around, Anup Saab. What will people remember of me."

ഓരോ മനുഷ്യരും ഓരോ ജീവിതവും ഈ ചോദ്യത്തിനുത്തരം തേടിയാണ് യാത്ര തുടങ്ങുന്നത്, തുടരുന്നത്... ആ യാത്രയെ വളരെ ഗൗരവകരമായി പരിഗണിച്ചിരുന്നു ഇർഫാൻ. ആ അന്വേഷണം അവസാനം വരെയും തുടർന്നിരുന്നു. അതുകൊണ്ടാണ് മരണക്കിടക്കയിൽപോലും "The many faces of death, Anup Saab. They keep me entertained and I breathe better and I even forget the pain. The many faces of death. So many faces. Sometimes it's a light with some yellow and blue. Sometimes, blank. Many dreams. Many dreams. എന്ന് അയാൾക്ക് പറയാൻ സാധിക്കുന്നത്.

പ്രിയപ്പെട്ട ഒരാളുടെ മരണം ഒരു മനുഷ്യനെ എത്രത്തോളം തകർത്തു കളയും, അയാളുടെ ജീവിതത്തിന്റെ സ്വാഭാവികതയെ എങ്ങനെയെല്ലാം ബാധിക്കും എന്നെല്ലാം അനൂപ് എഴുതുന്നുണ്ട്. ഒരാൾ ആകസ്മികമായി ജീവിതത്തിൽ നിന്നും കൊഴിഞ്ഞുപോകുന്നത് വേദനാജനകമാവുമ്പോഴും അതിനേക്കാൾ എത്രയോ തീവ്രമാണ് സാവധാനം ഓരോരോ അണുവിലെയും ജീവാംശം വറ്റിവരണ്ട് ഒരാൾ ഇല്ലാതെയാവുന്ന കാഴ്ച.

ഇർഫാന്റെ മരണശേഷം പലരും അയാളെക്കുറിച്ച് എഴുതി. സംവിധായകനും എഴുത്തുകാരനുമായ ആനന്ദ് ഗാന്ധി ഇർഫാന്റെ മരണം എത്ര വലിയ നഷ്ടമാണെന്ന് ഓർത്തെടുത്തത് സവിശേഷമായ രീതിയിലാണ്. 2015 മുതൽ ഒരു ഡോക്യുമെന്ററി സീരീസ് ആനന്ദ് ചിത്രീകരിച്ചു പോന്നിരുന്നു. സാമൂഹ്യശാസ്ത്രപരമായ വലിയൊരു പരീക്ഷണം എന്ന നിലയിലാണ് ആനന്ദ് അതിനെ കണ്ടത്. ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യരെ ഒന്നിച്ചു ചേർത്തു ചില പൊതുവായ സൂചകങ്ങൾ മാത്രം നൽകി ഒരു സംഭാഷണം മുന്നോട്ടുകൊണ്ടുപോവുക എന്നതായിരുന്നു അതിന്റെ രീതി. ആ ഡോക്യൂമെന്ററി ആനന്ദ് എത്ര വർഷം കൊണ്ടാണ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത് എന്നത് ഇപ്പോഴും തീർച്ചയില്ല. ഇർഫാന്റെ മരണശേഷം ആനന്ദ് പോസ്റ്റ് ചെയ്തത് ആ ഡോക്യുമെന്ററിയിൽ നിന്നുള്ള റോ ഫുട്ടേജ് ആണ്. 2015 ലെ ദൃശ്യങ്ങളാണ് അതിൽ. ഒരുപക്ഷേ പികുവിന്റെയും സോങ് ഓഫ് സ്കോർപിയൺസിന്റെയും എല്ലാം ഷൂട്ടിംഗ് കാലയളവിൽ ചിത്രീകരിക്കപ്പെട്ടതാവണം അത്. ആശ ജഡേജയ്‌ക്കും സണ്ണി സിങ്ങിനും അനു ആഗക്കും ഒപ്പം വളരെ ഗഹനമായ വീക്ഷണങ്ങൾ പങ്കുവെക്കുന്ന ഇർഫാനെ നമുക്ക് കാണാൻ സാധിക്കും. മരണം, ജീവിതം, സമൂഹം, പരിണാമം, കല, വേർതിരിവുകൾ, പൂർണ്ണതയിലേക്കുള്ള പ്രയാണം, കച്ചവടവൽക്കരിക്കപ്പെടുന്ന ആത്മീയത എന്നിങ്ങനെ നിത്യസന്ദേഹങ്ങളുടെ അപരിമേയമായ സഞ്ചയമാണ് അയാളുടെ ഓരോ വാക്കുകളും. ചലച്ചിത്രങ്ങളിൽ നമ്മൾ പരിചയിച്ചുപോന്ന ഇർഫാനിൽ നിന്നും കാതങ്ങൾ അകലെയാണ് ആനന്ദ് നമുക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന ഇർഫാന്റെ ചിത്രം.

റോ ഫുട്ടേജ് ആയതിനാൽ തന്നെ എത്രത്തോളം സ്വാഭാവികമായാണ് ആ സംഭാഷണം ഓരോ വിഷയങ്ങളിലേക്കും തിരിയുന്നതെന്നു നമുക്ക് മനസിലാക്കാൻ കഴിയും. ആനന്ദിന്റെ സാമൂഹിക പരീക്ഷണത്തിന്റെ പ്രത്യേകത ഈ സംഭാഷണങ്ങളിൽ എല്ലാവരും ഒരേ സമയം പങ്കുചേരുന്നില്ല
എന്നതാണ്. ഓരോരുത്തരും സംഭാഷണമധ്യേയാണ് അതിൽ എത്തിചേരുന്നത്. പുതുതായി വരുന്ന ഒരാളെ എത്ര സ്വാഭാവികമായാണ് ഇർഫാൻ ആ സംഭാഷണത്തിന്റെ ഭാഗമാക്കുന്നതെന്ന്, അയാളെ കംഫർട്ടബിൾ ആക്കുന്നതെന്ന് കാണാം നമുക്ക്.

സമാനമായ ഒരു ചിത്രം അനൂപും പങ്കുവെക്കുന്നുണ്ട്. ക്വിസ്സയുടെ ഷൂട്ടിങ്ങിനായി ഒരു പഞ്ചാബിയുടെ വേഷത്തിൽ നിൽക്കുന്ന ഇർഫാനരികിലേക്ക് തങ്ങൾ പാചകം ചെയ്ത ഭക്ഷണവുമായി വരുന്ന രണ്ടു പഞ്ചാബി സ്ത്രീകളെക്കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. എത്രയോ സമയം തീർത്തും സാധാരണക്കാരായ രണ്ടു സ്ത്രീകളുമായി അവരിലൊരാളായി ഇഴുകിച്ചേർന്ന് സംസാരിക്കുന്ന ഇർഫാനെ, ഓരോ ഭക്ഷണത്തിലും അവർ ചേർത്തിട്ടുള്ള രുചിക്കൂട്ടിനെക്കുറിച്ച്, അത് ഓരോ ഭക്ഷണപദാർത്ഥത്തിലും ഉളവാക്കുന്ന സവിശേഷമായ രസനയെക്കുറിച്ച് സംസാരിക്കുന്ന, സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ ഗുരു നാനാക്കിന്റെ പ്രാർത്ഥനാഗീതങ്ങൾ അവർക്കൊപ്പം ആലപിക്കുന്ന ഇർഫാനെ അനൂപ് നമുക്ക് കാണിച്ചു തരുന്നു.

ഓരോ അനുഭവങ്ങളെയും ഏറ്റവും സാർത്ഥകമായി മാത്രം പരിഗണിച്ചിരുന്ന ഒരു മനുഷ്യൻ എന്നതാണ് ഈ കാഴ്ചകളിൽ നിന്നും നാം ഇർഫാനെക്കുറിച്ച് ഓർത്തെടുക്കേണ്ടത്. അങ്ങനെയുള്ള ഒരാളായതുകൊണ്ടാണ് കീമോതെറാപ്പി അതിന്റെ ഏറ്റവും ദുരിതപൂർണമായ കാലഘട്ടം സമ്മാനിക്കുമ്പോൾ പോലും സ്വന്തം മരണത്തെക്കുറിച്ച് അയാൾക്ക്
"I look at myself. Sometimes I'm scared. Not always, but sometimes. Angry also. Bitter. Furious. Sad. Sadness is the worst. What could be. What could have been. Now, I say to myself, keep looking, scared, sad, furious. Keep looking. Don't look away. This is you, still living. If this is not living, then what is?" എന്ന് പറയാൻ സാധിക്കുന്നത്.

പ്രിയപ്പെട്ട ഒരാളുടെ മരണം ഒരു മനുഷ്യനെ എത്രത്തോളം തകർത്തു കളയും, അയാളുടെ ജീവിതത്തിന്റെ സ്വാഭാവികതയെ എങ്ങനെയെല്ലാം ബാധിക്കും എന്നെല്ലാം അനൂപ് എഴുതുന്നുണ്ട്. ഒരാൾ ആകസ്മികമായി ജീവിതത്തിൽ നിന്നും കൊഴിഞ്ഞുപോകുന്നത് വേദനാജനകമാവുമ്പോഴും അതിനേക്കാൾ എത്രയോ തീവ്രമാണ് സാവധാനം ഓരോരോ അണുവിലെയും ജീവാംശം വറ്റിവരണ്ട് ഒരാൾ ഇല്ലാതെയാവുന്ന കാഴ്ച. അനുനിമിഷം നിങ്ങളുടെ പ്രിയപ്പെട്ട മുഖം മാഞ്ഞു മാഞ്ഞു പോകുന്നു എന്ന അറിവിൽ അസ്വസ്ഥനാകുന്ന അനൂപ് ഒരർത്ഥത്തിൽ നമ്മുടെ കൂടി പ്രതിരൂപമാണ്.

ഏറെക്കാലം നമ്മുടെ കാഴ്ച ആ മരണദൃശ്യത്തിൽ തന്നെയായിരിക്കും. അവിടെ നിന്നും ജീവിതത്തിലേക്ക് കൂടി ഒരു കണ്ണ് തുറന്നുവെയ്ക്കാൻ നമുക്ക് സാധിച്ചാൽ മാത്രമേ പ്രിയപ്പെട്ട ഒരാളുടെ വിടവാങ്ങലിന്റെ ആഘാതത്തിൽ നിന്നും നമുക്ക് തിരികെ എത്താൻ കഴിയുള്ളൂ. തീർച്ചയായും ഓരോരുത്തരിലും വ്യസനത്തിന്റെ കാലയളവ് വിഭിന്നമായിരിക്കും. പക്ഷേ കാലക്രമേണ ആ വ്യസനം മാഞ്ഞുപോവുക തന്നെ ചെയ്യും. ഒരിക്കൽ നമ്മളെ പ്രസാദാത്മകമായി നിർത്തിയിരുന്ന കാഴ്ച, പിന്നീട് വേദനാജനകമായി തീർന്നെന്നിരിക്കിലും, കാലക്രമേണ നാം വീണ്ടും ആ കാഴ്ചകളെ അഭിനന്ദിക്കാൻ ശീലിക്കും. സാധാരണമെന്ന് തോന്നിക്കുന്ന ചില കാഴ്ചകൾ പോലും ചിലപ്പോൾ അവരുടെ സ്മൃതികൾ ഉണർത്തും. അപ്പോൾ പക്ഷേ ഒരിക്കൽ നമുക്ക് അനുഭവപ്പെട്ട കൊടിയ വേദന അതിനകമ്പടി ആവണമെന്നില്ല.

അങ്ങനെയാണ് നമ്മൾ വീണ്ടും ജീവിതവുമായി സമരസപ്പെടുന്നുവെന്ന് നാം തിരിച്ചറിയുക. അതുവരെ കാണാതിരുന്ന ഒരു പുതിയ വെളിച്ചത്തിൽ നമ്മെ കടന്നു പോയവരുടെ ജീവിതം നാം കാണും. അവരുടെ സത്യവും മിഥ്യയും നമുക്ക് മുന്നിൽ തെളിയും. സാർത്ഥകമായ ഒരു ജീവിതവും കെട്ടുകാഴ്ചകളും തമ്മിലുള്ള അന്തരം തിരിച്ചറിയാൻ നമ്മൾ പ്രാപ്തരാവും. മരണശേഷവും വലിയൊരളവിൽ ജീവിതം ബാക്കിയാക്കുന്ന സുഹൃത്തിനെ കൂടുതൽ സ്നേഹത്തോടെ സ്വജീവിതത്തിലേക്ക് ചേർത്തു നിർത്താൻ നമ്മൾ ശീലിക്കും. ശേഷം അതിൽ നിന്നൊരു മോചനം എളുപ്പമല്ല. അത് സാധ്യവുമല്ല.

Leave a comment