വിഴിഞ്ഞം; സമുദ്രമേഖല ജൈവസമ്പത്തിൽ ഗുരുതര ശോഷണം
PHOTOS: PRASOON KIRAN
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ കേരളത്തിലെ മത്സ്യത്തൊഴിലാളികളും അല്ലാത്തവരുമായ ഒരു വിഭാഗം ജനങ്ങള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് സമുദ്ര ജീവികളുടെ സംരക്ഷണത്തിനും ആവാസവ്യവസ്ഥയുടെ പരിരക്ഷണത്തിനും ആഗോളതലത്തില്‍ ഉടമ്പടി തയ്യാറാക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന ശ്രമം പരാജയപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിശ്രമത്തിന്റെ വിവരണത്തിലേക്ക് കടക്കുന്നതിന് മുന്‍പ് വിഴിഞ്ഞം പദ്ധതി ഉയര്‍ത്തുന്ന പാരിസ്ഥിതിക വിഷയങ്ങള്‍ ഹ്രസ്വമായി സൂചിപ്പിക്കാം. വിഴിഞ്ഞം പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ മാത്രം പ്രശ്‌നമായി ഈ വിഷയത്തെ ചുരുക്കാനാവില്ല. കേരളത്തിലെ ജനങ്ങളെ ഒട്ടാകെ ബാധിക്കുന്ന, കടലിന്റെ ആവാസവ്യവസ്ഥയെ താറുമാറാക്കുന്ന ഒന്നായി പദ്ധതി മാറുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനായുള്ള ഡ്രെഡ്ജിംഗ് ജോലികള്‍ സൃഷ്ടിച്ച വിനാശങ്ങള്‍ സൂചനയായെടുത്താല്‍ ആശങ്കകള്‍ ഒട്ടും തന്നെ തള്ളിക്കളയാനാവില്ല. കടല്‍ചിപ്പികള്‍ ഉള്‍പ്പടെയുള്ള ജലജീവികളുടെ ആവാസവ്യവസ്ഥ ഇല്ലാതാകുന്നതാണ് പ്രത്യക്ഷത്തിലുള്ള ഏറ്റവും വലിയ പാര്‍ശ്വഫലം. കല്ലുമ്മക്കായ എന്ന് അറിയപ്പെടുന്ന കക്ക വിഴിഞ്ഞത്തെ കടല്‍ത്തീരത്തുനിന്ന് അപ്രത്യക്ഷമാവുകയാണ്. ഇതോടെ അവ ശേഖരിച്ച് വിറ്റിരുന്ന ജനങ്ങളുടെ ജോലിയും ഇല്ലാതായിരിക്കുന്നു. പ്രദേശത്തെ പാറക്കെട്ടുകളേയും നശിപ്പിക്കുന്ന വിധത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഈ പാറക്കൂട്ടങ്ങള്‍ നിരവധി ജലജീവികളുടെ ആവാസവ്യവസ്ഥയാണ്. പ്രദേശത്തുനിന്ന് 147 ഇനം ജീവി വര്‍ഗങ്ങളെ വ്യത്യസ്ത പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍, 32 തരം കടല്‍പ്പായലുകള്‍, 11 തരം സ്‌പോഞ്ചുകള്‍, 31 തരം കടല്‍ച്ചിപ്പികള്‍, 12 തരം ഞണ്ടുകള്‍, 12 തരം ചെമ്മീനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
എന്നാല്‍ പദ്ധതി നടത്തിപ്പുകാര്‍ പറയുന്നത് ഈ ചിപ്പികളും അതിന്റെ ആവാസവ്യവസ്ഥയും കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാലു കിലോമീറ്റര്‍ നീളത്തിലുള്ള കടല്‍ഭിത്തിയില്‍ ഉണ്ടായി വരുമെന്നാണ്. 2013ല്‍ കേരള യുണിവേഴ്സിറ്റിയിലെ അക്വാട്ടിക്ക് ബയോളജി & ഫിഷറീസ് വിഭാഗം തലവനായ ബിജു കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തില്‍ കടലിലെ പാറകളില്‍ നിന്ന് 128 ജീവി വര്‍ഗങ്ങളെ കണ്ടെത്തുകയുണ്ടായി. എന്നാല്‍, 40 വര്‍ഷം മുമ്പ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനായി കെട്ടിയ കടല്‍ഭിത്തികളില്‍നിന്ന് 73 ജീവി വര്‍ഗങ്ങളെ മാത്രമാണ് കണ്ടെത്താനായത്. 40-50 കിലോ കക്ക കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 4-5 കിലോ മാത്രമാണ് ലഭിക്കുന്നതെന്ന വിഴിഞ്ഞം പ്രദേശത്തുള്ളവരുടെ വാദം ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വിഴിഞ്ഞത്ത് കക്കകള്‍ സമൃദ്ധമാകാനുള്ള കാരണം തീരത്തോട് ചേര്‍ന്നുള്ള ആഴമേറിയ കടലിന്റെ സവിശേഷത മൂലമാണ്. മറ്റ് കടല്‍ത്തീരങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിൽ ലവണാംശം കുറഞ്ഞതിനാൽ, കക്കകളുടെ വ്യാപനം കൂടുതലാണ്. പാറക്കെട്ടുകളില്‍ ജീവിക്കുന്ന കക്കകള്‍ മുട്ടയിട്ടതിന് ശേഷം അതിന്റെ ലാര്‍വകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഒഴുകി നടക്കുന്ന കടല്‍പ്പുറ്റുകളും പായലുകളും ഫില്‍റ്റര്‍ ചെയ്ത് കഴിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഡ്രെഡ്ജിംഗ് ആരംഭിച്ചതോടെ കടല്‍വെള്ളം സദാസമയവും കലങ്ങുന്നതിനാല്‍ ചെളി അടിയുകയും കക്ക കോളനികള്‍ നശിക്കുകയും ചെയ്യുന്നു. ഓഖി ദുരന്തത്തെത്തുടര്‍ന്ന് നിരവധി കക്ക കോളനികള്‍ നശിച്ചിരുന്നു. 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ജൈവവൈവിധ്യ ആക്ഷന്‍ പ്ലാനില്‍ സമുദ്ര ആവാസ വ്യവസ്ഥയുടെ നാശത്തിന് കാരണങ്ങളിലൊന്നായി ഡ്രെഡ്ജിംഗിനെ സൂചിപ്പിക്കുന്നുണ്ട്. പോര്‍ട്ട് നിര്‍മ്മാണം മൂലം കക്ക നിക്ഷേപം കുറഞ്ഞ മുള്ളൂര്‍, അടിമലത്തുറ പ്രദേശങ്ങളില്‍ നിന്ന് കക്ക വാരുന്നതിനായി നിരവധിപേര്‍ കോവളം മേഖലയിലേയ്ക്ക് എത്തുന്നത് അവിടത്തെ കക്കകളുടെ നിലനില്പിനെയും ബാധിക്കുന്നു. ഇത്തരത്തില്‍ കേരളത്തിന്റെ കടല്‍ ആവാസവ്യവസ്ഥയ്ക്ക് ദിനംപ്രതി ആഘാതമേറ്റുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ-സ്വകാര്യ താല്‍പര്യങ്ങള്‍ മാറ്റി നിര്‍ത്തി പാരിസ്ഥിതിക സവിശേഷതകളിലേക്ക് ശ്രദ്ധ തിരിക്കേണ്ടതുണ്ട് എന്നാണ് ഈ വസ്തുതകള്‍ ഓര്‍മ്മിപ്പിക്കുന്നത്.
വിഴിഞ്ഞം എന്ന പ്രദേശത്തു മാത്രം കണ്ടുവരുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളുടെ ലഘു വിവരണമാണ് മുകളില്‍ പറഞ്ഞത്. വിഴിഞ്ഞത്തിന് സമാനമായി ആഗോളതലത്തില്‍ അരങ്ങേറുന്ന പദ്ധതികള്‍ മൊത്തം പരിസ്ഥിതിയില്‍ വരുത്തുന്നതും വരുത്താവുന്നതുമായ വിനാശങ്ങളെ പറ്റി ആലോചിക്കുന്നതിന് പ്രേരിപ്പിക്കുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തനം.
സമുദ്ര ജീവികളെയും അവയുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനാ തലത്തില്‍ ഉടമ്പടി രൂപീകരിക്കാനുള്ള ശ്രമം അഞ്ചാം തവണയാണ് പരാജയപ്പെടുന്നത്. സമുദ്രങ്ങളിലെ മൂന്നില്‍ രണ്ട് ഭാഗവും രാജ്യപരിധികളില്‍നിന്ന് മാറി പുറംകടലായി പരിഗണിക്കപ്പെടുന്നു. അതില്‍, 1.2% മാത്രമേ സംരക്ഷിക്കപ്പെട്ടിട്ടുളളു. അന്താരാഷ്ട്ര തലത്തില്‍, സമുദ്ര സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങള്‍ ആദ്യമായി ഒന്നിച്ചുചേര്‍ന്നത് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1982ല്‍ ആയിരുന്നു. അന്നത്തെ ഉടമ്പടി, ഒരു രാജ്യത്തിന്റെയും അധികാര പരിധിയില്‍ വരാത്ത പുറംകടലില്‍ എല്ലാ രാജ്യങ്ങള്‍ക്കും മത്സ്യ ബന്ധനത്തിനും കപ്പല്‍ ഗതാഗതത്തിനും ഗവേഷണത്തിനുമുള്ള അവകാശം ഉറപ്പാക്കി. എന്നാല്‍ സംരക്ഷിത മേഖലയ്ക്ക് പുറമെയുള്ള സമുദ്രത്തിലെ ജീവജാലങ്ങള്‍, കാലാവസ്ഥാ വ്യതിയാനം മൂലവും അനിയന്ത്രിത മത്സ്യബന്ധനവും, ചരക്ക് കപ്പല്‍ സഞ്ചാരംകൊണ്ടും നിലനില്‍പ്പ് തന്നെ ഭീഷണിയിലായ നിലയിലാണുള്ളത്.
ഐക്യരാഷ്ട്ര സംഘടന പ്രധാനമായും നാലു മേഖലകളിലാണ് നിയമ നടപടികള്‍ പ്രാബല്യത്തിലാക്കാന്‍ ഉദ്ദേശിക്കുന്നത്. സംരക്ഷിത മേഖല വ്യാപിപ്പിക്കുക, പരിസ്ഥിതി ആഘാതങ്ങള്‍ വിലയിരുത്തുന്നത് മെച്ചപ്പെടുത്തുക, വികസ്വര രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുക. അതോടൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍സ്, വ്യാവസായിക പ്രക്രിയകള്‍, എന്നിവപോലെ സമൂഹത്തിന് നേട്ടം ഉണ്ടാക്കാന്‍ കഴിയുന്ന മേഖലകളിലേക്ക് സമുദ്ര വിഭവങ്ങളില്‍നിന്നുള്ള ജൈവ വസ്തുക്കള്‍ പങ്കുവയ്ക്കുക. ഏതാണ്ട് എഴുപതില്‍പരം രാജ്യങ്ങള്‍ നടപടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ രാജ്യാന്തര സമുദ്രത്തിലെ 30% എങ്കിലും സംരക്ഷിക്കപ്പെടണമെന്നും, അതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെയും കടല്‍ ജീവികളുടെ തിരോധാനത്തെയും ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നുമാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, മത്സ്യബന്ധനത്തിന്റെ പരിധി നിശ്ചയിക്കുന്നതിലും വികസ്വര രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ വിഷയത്തിലും രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതിനാല്‍ ഉടമ്പടിയില്‍ ഇനിയും മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു.
നിയമങ്ങള്‍ എത്ര തന്നെ മാറ്റിയാലും മത്സ്യബന്ധനം, ചരക്കുകപ്പല്‍ ഗതാഗതം, ആഴക്കടല്‍ ഖനനം എന്നിവയ്ക്ക് പരിധി നിശ്ചയിക്കേണ്ടി വരും എന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ആഴക്കടല്‍ ഖനനത്തിന്റെ കാര്യമെടുത്താല്‍ ചൈന, യുകെ, ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ വികസിത രാജ്യങ്ങള്‍, ഏതാണ്ട് 200 മീറ്റര്‍ ആഴത്തില്‍ ഖനനം ചെയ്ത് ധാതുലവണങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുമതി കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. കൊബാള്‍ട്ട്, സള്‍ഫൈഡ് തുടങ്ങിയവയുടെ വലിയ ശേഖരം കടലിന്റെ അടിത്തട്ടില്‍നിന്ന് ലഭ്യമാവുന്നു. ഇവ മുഖ്യമായും ഇലക്ട്രോണിക്‌സിനും മറ്റ് സാങ്കേതിക വിദ്യകള്‍ക്കുമായി ഉപയോഗിക്കുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ പഠനം പറയുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആഴക്കടലിലെ ജീവികളെ കാര്യമായിത്തന്നെ ബാധിക്കുന്നുവെന്നാണ്. എന്നാല്‍ 2022 മാര്‍ച്ച് വരെ ഇന്റര്‍നാഷണല്‍ സീബെഡ് അതോറിറ്റി ആഴക്കടലിലെ ധാതുലവണങ്ങള്‍ കണ്ടെത്തുന്നതിനായി 31 കരാറുകളാണ് ക്ഷണിച്ചിരിക്കുന്നത്.
യുഎസ് സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ പഠനറിപ്പോര്‍ട്ട് പ്രകാരം 10% മുതല്‍ 15% കടല്‍ ജീവികളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ട്. ഇതില്‍ സ്രാവ്, തിരണ്ടി ഇനം മത്സ്യങ്ങളാണ് ഏറ്റവും കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്നത്. അനിയന്ത്രിത വേട്ടയാടല്‍ മാത്രമല്ല, പുറം കടലിലൂടെയുള്ള ചരക്കുകപ്പല്‍ ഗതാഗതവും മറ്റും ഇവയുടെ ആവാസവ്യവസ്ഥയില്‍ കോട്ടമുണ്ടാക്കുന്നു. ഈ സാഹചര്യം തുടര്‍ന്നാല്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ജീവി ഗണങ്ങള്‍, കണ്ടെത്തപ്പെടുന്നതിന് മുമ്പുതന്നെ ഇല്ലാതാകാനും സാധ്യതയുണ്ടെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നു.
സീ ഫ്‌ളോര്‍ മാപ്പിങ്
2030 ഓടെ സമുദ്ര അടിത്തട്ടിന്റെ മാപ്പിങ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ജപ്പാന്‍ ആസ്ഥാനമായുള്ള നിപ്പോണ്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടുന്ന ഒരു സംഘം. ഇതിലൂടെ അടിത്തട്ടിന്റെ ആകൃതിയും ആഴവും അളക്കുന്നതിനും, സമുദ്രചംക്രമണം, വേലിയേറ്റങ്ങള്‍ ബയോളജിക്കല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ എന്നിവയുള്‍പ്പടെ നിരവധി പ്രകൃതി പ്രതിഭാസങ്ങള്‍ മനസ്സിലാക്കുന്നതിനും സാധിക്കും. നാവിഗേഷന്‍, സുനാമി പ്രവചനം, എണ്ണ-വാതക പദ്ധതികള്‍ക്കായുള്ള പര്യവേക്ഷണം, മത്സ്യബന്ധന വിഭവങ്ങളുടെ ഉത്ഭവം എന്നിവയെക്കുറിച്ചുള്ള അറിവും ലഭിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങള്‍ അറിയുന്നതിനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അവയെക്കുറിച്ചുള്ള കൂടുതല്‍ അറിവ്, സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയും കാലാവസ്ഥയുടെ ഭാവി സ്വഭാവവും പ്രവചിക്കുന്നതിനും വിദഗ്ധരെ സഹായിക്കും. മാത്രമല്ല, ഐക്യരാഷ്ട്ര സഭയുടെ സമുദ്രവും സമുദ്രവിഭവങ്ങളും സംരക്ഷിക്കുകയെന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് ആഗോള സമുദ്ര അടിത്തട്ട് മാപ്പിങ് അത്യന്താപേക്ഷിതമാണ്.
ഇന്ത്യയുടെ സമീപനം
അതിവിശാലമായ ആവാസവ്യവസ്ഥയും ജൈവ വൈവിധ്യവുംകൊണ്ട് സമ്പന്നമാണ് ഇന്ത്യന്‍ മഹാസമുദ്രം. 7,500 കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന കടല്‍ത്തീരം രാജ്യത്തിന്റെ വലിയ സാമ്പത്തിക സ്രോതസാണ്. കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 16 ലക്ഷത്തോളം മത്സ്യബന്ധനത്തൊഴിലാളികളുണ്ട്. കടലിനെയും കടല്‍ ഉല്‍പന്നങ്ങളെയും ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണമാവട്ടെ അതിന്റെ ഇരട്ടിയിലധികം വരും. അതിനാല്‍ത്തന്നെ രാജ്യത്തെ സംബന്ധിച്ചിടത്തോളം കടലിന്റെയും അതിലെ ആവാസവ്യവസ്ഥയുടെയും സംരക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 1976ലെ മാരിടൈം സോണ്‍സ് ഓഫ് ഇന്ത്യ ആക്റ്റ്, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രാബല്യത്തിലാക്കിയ നിയമങ്ങളിലൊന്നാണ്. കൂടാതെ കോസ്റ്റ് ഗാര്‍ഡ് ആക്റ്റ് 1978, സമുദ്ര മലിനീകരണ നിയന്ത്രണത്തിനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് അധികാരം നല്‍കുന്നു. ശാസ്ത്രീയമായും സാങ്കേതികമായും പരിസ്ഥിതി സൗഹാര്‍ദപരമായും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പങ്കാളിത്തം ആഗോള തലത്തില്‍ നടപ്പിലാക്കിയിട്ടുമുണ്ട്.
എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളും ആഴക്കടല്‍ ഖനനവും സമുദ്രത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചുവരികയാണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കെമിക്കലുകള്‍ എന്നിവകൊണ്ട് പൊറുതി മുട്ടുന്ന ലോകത്തിലെ പ്രധാന സമുദ്രങ്ങളിലൊന്നായി ഇന്ത്യന്‍ മഹാസമുദ്രം മാറിയിരിക്കുന്നു. വര്‍ഷംതോറും 15 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളില്‍ വന്നടിയുന്നുവെന്ന ലോക ബാങ്ക് റിപ്പോര്‍ട്ടുകള്‍ കാര്യത്തിന്റെ ഗൗരവം എടുത്തുകാട്ടുന്നതാണ്. ഇവ കടല്‍ ജീവികളുടെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് സാന്നിധ്യം കുറയ്ക്കുന്നതിനായി ലോക ബാങ്കിന്റെ സഹായത്തോടെ ഇന്ത്യ ഉള്‍പ്പെടുന്ന എട്ട് സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കടല്‍ വിഭവങ്ങള്‍ എട്ട് രാജ്യങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സാകയാല്‍ ഈ പ്രതിസന്ധിയെ ഒന്നിച്ച് നേരിടുന്നതിന് രാജ്യങ്ങള്‍ കൈകോര്‍ത്തിരിക്കുന്നു.
പ്ലാസ്റ്റിക് പ്രതിസന്ധിയോടൊപ്പം തന്നെ കടല്‍ വെള്ളത്തിന്റെ ഉയര്‍ന്ന താപനിലയും ഉയര്‍ന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് സാന്ദ്രതയും സമുദ്രങ്ങളെ കൂടുതല്‍ അമ്ലമയമുള്ളതാക്കുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ താപനില പത്ത് വര്‍ഷത്തിനിടെ 0.11 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്നിരിക്കുന്നത്. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടിയ തോതാണ്. 2050ഓടെ ഉപരിതല താപനില 0.60 ഡിഗ്രി സെല്‍ഷ്യസായി വര്‍ദ്ധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അടിക്കടി ഉണ്ടാകുന്ന സൈക്ലോണ്‍, ന്യുനമര്‍ദങ്ങള്‍ തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ രാജ്യത്താകമാനം ജനങ്ങള്‍ അനുഭവിക്കുന്ന ഈ സാഹചര്യമാണ് നിലവിലുള്ളത്. ഇതിനൊക്കെ പുറമെയാണ് വൻകിട പദ്ധതികളുടെ പ്രത്യാഘാതങ്ങള്‍. ഇത്തരം പദ്ധതികളും മലിനീകരണം പോലുള്ള കാര്യങ്ങളും കടലിലെ ജീവജാലങ്ങളെയും തീരദേശ ജനതയുടെ ഉപജീവനത്തെയും ബാധിക്കാതിരിക്കേണ്ടതിന് അന്താരാഷ്ട്ര തലത്തില്‍ത്തന്നെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടത്തേണ്ടതുണ്ട്.