വിഴിഞ്ഞം സമരം; ശശി തരൂരിന് എവിടെയാണ് തെറ്റു പറ്റിയത് ?
PHOTO: WIKI COMMONS
കോണ്‍ഗ്രസ്സ് നേതാവും കഴിഞ്ഞ ഒരു ദശകത്തിലധികമായി ലോകസഭയില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ ശശി തരൂര്‍ വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന് അഭിപ്രായപ്പെടുന്ന ലേഖനം മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയിരുന്നു. പദ്ധതിക്കെതിരെ തദ്ദേശവാസികളായ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ മൂര്‍ദ്ധന്യത്തില്‍ പ്രത്യക്ഷപ്പെട്ട ഈ ലേഖനത്തില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് കേരളത്തിന്റെ തീരദേശ-മത്സ്യമേഖലയെ പറ്റി ആഴത്തില്‍ പഠിച്ചിട്ടുള്ള വ്യക്തികളില്‍ പ്രമുഖനായ എ.ജെ വിജയന്‍ വിശദീകരിക്കുന്നു. കേരളത്തിന്റെ തെക്കന്‍ മേഖലയിലെ തീരദേശങ്ങള്‍ക്ക് അപരിഹാര്യമായ വിനാശം സൃഷ്ടിക്കുന്നതാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന തുറമുഖ പദ്ധതിയെന്ന് കാര്യകാരണസഹിതം അദ്ദേഹം വെളിപ്പെടുത്തുന്നു.
തിരുവനന്തപുരം പാര്‍ലമെന്റ് അംഗം കൂടിയായ ഡോ. ശശി തരൂര്‍ ഒരേ സമയം മത്സ്യത്തൊഴിലാളികളുടെ സമരം ന്യായമാണെന്നും എന്നാല്‍ അദാനിയുടെ വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതി വമ്പന്‍ വികസനമാണെന്നും വാദിക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികളും അവരുടെ ആത്മീയ നേതാക്കളും ''കുറ്റപ്പെടുത്തുന്നു'', തുറമുഖ നിര്‍മ്മാണം തിരയടിയുടെ ക്രമം തെറ്റിക്കുന്നുവെന്ന് അവര്‍ ''പരാതിപ്പെടുന്നു'' എന്നീ പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
തന്റെ മണ്ഡലത്തിലെ തീരപ്രദേശത്ത് '64 ച.കി.മീ ഭൂപ്രദേശം തീരശോഷണം മൂലമുള്ള കടലാക്രമണത്തില്‍ കടല്‍ വിഴുങ്ങി' യെന്ന് സമ്മതിക്കുന്ന തരൂര്‍, അതിന്റെ കാരണമെന്തെന്ന കാര്യത്തില്‍ കുറ്റകരമായ മൗനമാണ് പാലിക്കുന്നതെന്ന് പറയാതെ വയ്യ. ചുഴലിക്കൊടുങ്കാറ്റ് തുടങ്ങിയ കാലാവസ്ഥാ പ്രശ്‌നങ്ങള്‍കൊണ്ടാണ് തീരശോഷണം ഉണ്ടായിട്ടുള്ളതെന്ന മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഭരണാധികാരികളുടെ വാദത്തെക്കുറിച്ച് അദ്ദേഹം യാതൊന്നും പരാമര്‍ശിക്കുന്നതേയില്ല. അതേ സമയം ഇത്രയും തീരം ഇല്ലാതായതിന് തുറമുഖ നിര്‍മ്മാണവുമായി ബന്ധമുണ്ടെന്ന സമരക്കാരുടെ വാദത്തെ അദ്ദേഹം പിന്താങ്ങുന്നുമില്ല. ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നില്ലെങ്കിലും പാര്‍ലമെന്റില്‍ ഈ പ്രശ്‌നം ഉന്നയിക്കുമ്പൊഴെല്ലാം ഈ തീരശോഷണത്തെ പ്രകൃതി ദുരന്തമായി കണ്ട് സഹായിക്കണമെന്നാണ് അദ്ദേഹം എല്ലായ്‌പൊഴും ആവശ്യപ്പെട്ടിരുന്നത്.
തരൂര്‍ കേന്ദ്രത്തില്‍ മനുഷ്യ വിഭവശേഷി ഉപമന്ത്രി ആയിരിക്കെ, പരിസ്ഥിതി മന്ത്രി ആയിരുന്ന ഡോ. ജയറാം രമേഷ് ആമുഖം എഴുതി ''കേരളത്തിലെ തീര രേഖാ മാറ്റങ്ങള്‍'' എന്ന തലക്കെട്ടില്‍ ഒരു പഠന റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2012 ല്‍ പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം ഉള്‍പ്പടെ, കേരളത്തില്‍ തീരശോഷണം എന്തുകൊണ്ട് ഉണ്ടാകുന്നു എന്നാണ് ഈ 6 പേജ് മാത്രമുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആമുഖത്തിലെ ജയറാം രമേശിന്റെ രണ്ട് വാചകങ്ങള്‍ ഇങ്ങനെയാണ്, ''ഇന്ത്യയിലെ കടല്‍ത്തീരങ്ങള്‍ നിരവധി മനുഷ്യ ഇടപെടലുകള്‍ മൂലം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. തീരത്തെ മാറ്റങ്ങളില്‍ മിക്കതിനും കാരണം തീരത്ത് നിര്‍മ്മിച്ചിട്ടുള്ള ഘടനകളാണ്''
ഈ പഠന റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം ജില്ലയിലാണ് തീരശോഷണം ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ''പഠനത്തിലെ വിവരങ്ങളുടെയും ഡാറ്റയുടെയും അടിസ്ഥാനത്തില്‍ തീരശോഷണമുള്ള കേരളത്തിലെ തീരങ്ങളില്‍ ഇനിമേല്‍ നിര്‍മ്മാണങ്ങള്‍ നടത്തുന്നതിന് മുമ്പ് ശരിയായ മുന്‍കരുതലുകള്‍ എടുത്തിരിക്കണം''.
ഈ പഠന റിപ്പോര്‍ട്ടിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം, നിര്‍മ്മാണങ്ങള്‍ നടക്കുന്ന തീരങ്ങളില്‍ ഒരു വശത്ത് തീരശോഷണം നടക്കുമ്പോള്‍ മറുവശത്ത് തീരംവയ്പ് സംഭവിക്കുന്നത് ചൂണ്ടിക്കാണിക്കുന്നു എന്നതാണ്. ശശി തരൂരിന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോവളം നിയമസഭാ നിയോജക മണ്ഡലത്തിലെ അടിമലത്തുറ മുതല്‍ പൂവാര്‍ വരെയുള്ള തീരത്ത് ഈ കൃത്രിമ തീരം വയ്പ് പ്രതിഭാസം സംഭവിക്കുന്നത് അദ്ദേഹം ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്.
ഇതിലൂടെ വ്യക്തമാകുന്നത് ഡോ. ജയറാം രമേശും പരിസ്ഥിതി മന്ത്രാലയത്തിന്റെ പഠനവും നേരത്തേ വ്യക്തമാക്കിയ കാര്യങ്ങള്‍ മാത്രമാണ് സമരക്കാരും അവരുടെ ആത്മീയ നേതാക്കളും ആവര്‍ത്തിക്കുന്നതെന്നാണ്. അതുകൊണ്ട് ആ വാദം ശാസ്ത്രീയമെന്ന് മാത്രമല്ല വസ്തുതകളുടെയും അനുഭവങ്ങളുടെയും പിന്‍ബലവും അതിനുണ്ട്.
മേല്‍പ്പറയുന്ന ശാസ്ത്രീയ വസ്തുതകളുടെ നേരെ കണ്ണടയ്ക്കുന്ന ശശി തരൂരിന്റെ മറ്റൊരു വാദം തീരശോഷണം തടയാന്‍ കടല്‍ഭിത്തികളും പുലിമുട്ടുകളും നിര്‍മ്മിക്കണമെന്നാണ്. അതായത് തീരശോഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന നടപടികള്‍ കോടികള്‍ മുടക്കി സര്‍ക്കാര്‍ ചെയ്യണമത്രെ. ഇത് തികച്ചും അശാസ്ത്രീയമാണെന്ന് മാത്രമല്ല, ജില്ലയിലെ ആയിരക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മീന്‍പിടുത്ത തൊഴിലിന് വലിയ തടസ്സവുമാണ്. ഇത് മനസ്സിലാക്കണമെങ്കില്‍ തരൂര്‍ പൂന്തുറ, ബീമാപള്ളി തുടങ്ങിയ, വിഴിഞ്ഞത്തിന് വടക്കുള്ള തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചാല്‍ മാത്രം മതിയാകും. ഈ അനുഭവം മറ്റെല്ലാ തീരങ്ങളിലേക്കും ബാധിക്കാതിരിക്കാനാണ് അദാനിയുടെ പുതിയ വന്‍കിട നിര്‍മ്മാണത്തെ സമരം ചെയ്യുന്ന തീരദേശ സമൂഹം ശക്തിയായി എതിര്‍ക്കുന്നത്.
വിഴിഞ്ഞത്തെ അദാനിയുടെ വാണിജ്യ തുറമുഖം രാജ്യ പുരോഗതിക്ക് വലിയ ആവശ്യമാണെന്നും കേരളത്തിന് വരും ദശകങ്ങളില്‍ വലിയ വരുമാന സ്രോതസ്സ് ആകുമെന്നും തരൂര്‍ പറയുന്നതിന് തുറമുഖം സംബന്ധിച്ച യാതൊരു ഔദ്യോഗിക പഠന രേഖകളുടെയും പിന്‍ബലം ഇല്ലെന്നതാണ് സത്യം. കഴിഞ്ഞ 11 വര്‍ഷമായി കേരളത്തിലെ വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കുന്നതും അതിന്റെ പ്രവര്‍ത്തന ശേഷിയുടെ 30 ശതമാനത്തിലെറെ ഇതുവരെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലെന്നും ശശി തരൂരിന് അറിയില്ലെന്നുണ്ടോ? വല്ലാര്‍പാടം തുറമുഖത്തെ കുറിച്ച് പറയാതെ കൊളംബോയും സിംഗപ്പൂരും മാത്രം തരൂര്‍ ഉദ്ധരിക്കുന്നത് മനപൂര്‍വമാണ്. 2015 ല്‍ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വിഴിഞ്ഞം തുറമുഖ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഇനിയെങ്കിലും തരൂര്‍ വായിച്ചു നോക്കുന്നത് നന്നായിരിക്കും.
ഈ തുറമുഖ പദ്ധതിക്കായി പദ്ധതി നടത്തിപ്പുകാരന്റെ (അദാനി) മുതല്‍മുടക്കില്‍ (4089 കോടി) 40 ശതമാനം ഗ്രാന്റ് നല്‍കുന്നെങ്കില്‍ പോലും നടത്തിപ്പുകാരന് പോര്‍ട്ട് ലാഭകരമാവില്ലെന്നും, അതിനാല്‍ അവരുടെ നഷ്ടം നികത്താന്‍ 3360 കോടി രൂപയുടെ വമ്പന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പോര്‍ട്ടിനൊപ്പം ആവശ്യമാണെന്നും ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല, നടത്തിപ്പുകാരന് റിയല്‍ എസ്റ്റേറ്റ് നടപ്പാക്കാനുള്ള തുക സമാഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പോര്‍ട്ട് പദ്ധതിക്ക് വേണ്ടി 548 കോടി രൂപാ പൊന്നുംവില നല്‍കി വാങ്ങിയ ഭൂമി ഉള്‍പ്പടെ എല്ലാ പദ്ധതി സ്വത്തുക്കളും പണയപ്പെടുത്തി വായ്പ എടുക്കാനുള്ള വ്യവസ്ഥയും എഴുതിച്ചേര്‍ത്തത് തരൂര്‍ കൂടി ഉള്‍പ്പെട്ട വി.ഐ.എസ്.എല്‍ ഭരണസമിതി ആയിരുന്നു. ഇങ്ങനെ ചെയ്യരുതെന്ന അതേ സമിതിയിലെ സാങ്കേതിക വിദഗ്ദ്ധന്റെ ഉപദേശം മറികടന്നാണ് ഈ വ്യവസ്ഥ എഴുതിച്ചേര്‍ത്തത്. ഗ്രാന്റായി കിട്ടുന്ന തുക ഉള്‍പ്പടെയാണ് അദാനി ചെലവിടുന്നതെങ്കില്‍, കേരള സര്‍ക്കാരാകട്ടെ ബ്രേക്ക്-വാട്ടര്‍ (1400 ലേറെ കോടി രൂപ), റോഡ്, റെയില്‍ കണക്ടിവിറ്റി എന്നീ ചെലവുകളും പൂര്‍ണ്ണമായി വഹിക്കുന്നു. ഇങ്ങനെ പദ്ധതിയുടെ ആകെ മുതല്‍മുടക്കിന്റെ (7500 കോടിയില്‍ കൂടുതല്‍) നാലില്‍ മൂന്ന് ഭാഗവും കേരള സര്‍ക്കാരാണ് വഹിക്കുന്നതെങ്കിലു, 15 വര്‍ഷം വരെ വരുമാനത്തിന്റെ ഒരു വിഹിതവും കേരള സര്‍ക്കാരിന് കിട്ടുകയില്ല. 16 വര്‍ഷം കഴിയുമ്പോഴാണ് 1 ശതമാനം കിട്ടിത്തുടങ്ങുന്നത്. ഇങ്ങനെയുള്ള കരാര്‍ വ്യവസ്ഥ അംഗീകരിക്കാന്‍ കൂട്ടുനിന്നശേഷം, ഈ പദ്ധതികൊണ്ട് കേരള സര്‍ക്കാരിന് വലിയ വരുമാനം കിട്ടുമെന്ന തരൂരിന്റെ വാദം വെറും വീമ്പ് പറച്ചിലാണ്.
തരൂര്‍ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം ശ്രീലങ്കയിലെ കൊളംബോ തുറമുഖം ചൈനയാണ് നിയന്ത്രിക്കുന്നതെന്നും ചൈനയുടെ നാവിക സബ്മറൈനുകള്‍ സ്ഥിരമായി അവിടെ വന്നു പോകുന്നത് നമ്മുടെ രാജ്യത്തിന് ഭീഷണിയാണെന്നും വിഴിഞ്ഞത്തെ അദാനി തുറമുഖം അതിനെ നേരിടാന്‍ ഉതകുമെന്നുമാണ്. ഇവിടെയും ശശി തരൂര്‍ മറച്ചുവയ്ക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, കൊളംബോയില്‍ ഒരു തുറമുഖ ടെര്‍മിനലിന്റെ നടത്തിപ്പുകാരനായി ഇന്ത്യാ ഗവണ്മെന്റിന്റെ പൂര്‍ണ്ണ പിന്തുണയോടെ അദാനി ചുമതലയേറ്റുകഴിഞ്ഞു എന്ന കാര്യം. അതും വിഴിഞ്ഞം പൊലെ ഒരു ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം. രണ്ട്, വിഴിഞ്ഞത്ത് നേവിക്ക് ബെര്‍ത്ത് നിര്‍മ്മിക്കാന്‍ നല്‍കാമെന്ന കേരള സര്‍ക്കാരിന്റെ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞതും, ഇക്കാര്യം വ്യക്തമാക്കി, നേവിയുടെ ബര്‍ത്ത് ഇല്ലാതെ വാണിജ്യ തുറമുഖം എന്ന നിലയില്‍ മാത്രം വിഴിഞ്ഞം തുറമുഖത്തിന് കരാര്‍ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നതുമാണ്. അതുകൊണ്ട് രാജ്യസ്‌നേഹം പറഞ്ഞ് സമരത്തെ തള്ളിപ്പറയാന്‍ ശ്രമിക്കുന്ന ശശി തരൂരിന്റെ നിലപാടും അപലപനീയമാണ്.
കേന്ദ്രത്തില്‍ മനുഷ്യ വിഭവശേഷി ഉപമന്ത്രി ആയിരിക്കുമ്പോള്‍ 2013 സെപ്റ്റംബര്‍ 13 ന് ഇദ്ദേഹം പ്ലാനിംഗ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന മോണ്ടെക് സിംഗ് അലുവാലിയക്ക് അയച്ച ഇമെയില്‍ കത്ത് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയിരുന്ന കെ.എം. ചന്ദ്രശേഖറിന് അയച്ചുകൊടുക്കുകയും, അദ്ദേഹം അത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയക്കുകയും ചെയ്തിരുന്നു. അതില്‍ അദ്ദേഹം പറയുന്നത്, തന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം (ബുള്‍ഡോസറുകള്‍ ജനുവരിയില്‍ ഇറങ്ങിയിരിക്കണം) ഏതു വിധേനയും തുടങ്ങണമെന്നാണ്. പരിസ്ഥിതി മന്ത്രാലയത്തില്‍ താന്‍ ഇടപെട്ട് വിദഗ്ധ സമിതി യോഗം നേരത്തേ ആക്കുന്നതില്‍ വിജയിച്ചെന്നും അന്തിമ പരിസ്ഥിതി അനുമതി ഒക്ടോബറില്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഇടപെട്ടതെന്നും തരൂര്‍ പറയുന്നുണ്ട്.
പദ്ധതിയുടെ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ പഠിച്ച് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതിക്കുള്ള സ്വാതന്ത്ര്യത്തില്‍ പോലും അന്ന് തരൂര്‍ അവിഹിതമായി കൈകടത്തല്‍ നടത്തിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇതെല്ലാം വ്യക്തമാക്കുന്നത് വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന സര്‍ക്കാരിന് യാതൊരു ലാഭവും ലഭിക്കാത്ത വിധത്തില്‍ അദാനിക്ക് അടിയറവ് വയ്ക്കുന്നതില്‍ മാത്രമല്ല, ഇപ്പോള്‍ സമരക്കാര്‍ ഉന്നയിക്കുന്ന തീരശോഷണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഗണിക്കാതെ പരിസ്ഥിതി അനുമതി നല്‍കുന്നതിലും ശശി തരൂര്‍ ഇടപെട്ടിട്ടുണ്ട് എന്നാണ്. ഇപ്പോള്‍ സമരം ചെയ്യുന്ന തീരദേശ സമൂഹത്തിനായി അദ്ദേഹം ഒഴുക്കുന്നത് മുതലക്കണ്ണീര്‍ മാത്രമാണ്. പദ്ധതി വൈകിയതിന് അദാനിയുടെ മേല്‍ സംസ്ഥാന സര്‍ക്കാര്‍ പിഴ ചുമത്തിയതിനെ കുറ്റപ്പെടുത്തുന്നതിലൂടെ അദ്ദേഹം യഥാര്‍ത്ഥത്തില്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും വ്യക്തമാകുന്നുണ്ട്.
ഇപ്പോള്‍ നടക്കുന്ന സമരം, വികസനവും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളും തമ്മില്‍ പൊരുത്തപ്പെട്ടു പോയില്ലെങ്കിലുള്ള വെല്ലുവിളി ഓര്‍മ്മിപ്പിക്കുന്നു എന്നാണ് തരൂര്‍ പറയുന്നത്. അദാനി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി വികസനമല്ലെന്നും ഉപജീവനം നടത്തി ജീവിക്കാനുള്ള ആയിരക്കണക്കിന് മനുഷ്യരുടെ അവകാശങ്ങളുടെ നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും തീരദേശ വാസികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാല്‍ തരൂര്‍ ഇക്കാര്യം തിരിച്ചറിയുന്നില്ലെന്ന് നടിക്കുകയാണ്.