
വി എസ് : പോരാളിയും പഠിതാവും
PHOTOS: PRASOON KIRAN
രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളാണ് വി എസ് അച്യുതാനന്ദൻ. അദ്ദേഹം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരിക്കെ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ആയി പ്രവർത്തിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ വി എസിനെ കുറിച്ച് പറയുന്നു.
മികച്ച ശ്രോതാവും ക്ഷമാശീലനായ വിദ്യാര്‍ഥിയുമാണ് അദ്ദേഹം, അതാണ് വി.എസ്സിന്റെ വിജയരഹസ്യങ്ങളിലൊന്നെന്ന് തോന്നിയിട്ടുണ്ട്. ദാരിദ്ര്യം കാരണം പ്രൈമറി ക്ലാസിനപ്പുറം സ്‌കൂളിൽ പോകാനായില്ലെങ്കിലും തൊണ്ണൂറു വയസ്സിലെത്തിയപ്പോഴും വിവരണങ്ങള്‍ സശ്രദ്ധം കേട്ട് നോട്ട് കുറിച്ചെടുക്കുന്ന വി.എസ്. വിസ്മയിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷനേതാവായിരുന്നപ്പോഴും തിരക്കോടുതിരക്കാണെങ്കിലും സാമൂഹ്യ-രാഷ്ട്രീയ-പരിസ്ഥിതി മേഖലകളിലെ പുതിയ പ്രശ്‌നങ്ങള്‍ ശ്രദ്ധയിലെത്തിയാൽ അതിന്റെ വേരും വിസ്താരവും പൂര്‍ണമായി അറിഞ്ഞേപറ്റൂ. പലപല യോഗങ്ങള്‍ക്ക് സമയം നിശ്ചയിച്ചറിയിച്ചിട്ടുള്ളതിനാൽ വി.എസിന്റെ ഈ വിദ്യാര്‍ഥിത്വം ഒപ്പം പ്രവര്‍ത്തിക്കുന്നവരെ വല്ലാത്ത സമ്മര്‍ദത്തിലാക്കും. 'ക്ലാസുകള്‍' നടക്കുന്നതിനിടെ പലതവണ എത്തിനോക്കിയും മുരടനക്കിയും ചിലപ്പോള്‍ ദേഹത്തു തൊട്ടുതന്നെയും അക്ഷമ പ്രകടിപ്പിക്കുമ്പോള്‍ വി.എസ്. നീരസപ്പെടുന്ന അനുഭവങ്ങളും ഏറെ. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെങ്കിൽ മറ്റെല്ലാം മറന്ന് അതിൽ ശ്രദ്ധിച്ച് മുഴുകുന്നതാണ് പതിവ്. മൂന്നാര്‍, അന്യ സംസ്ഥാന ലോട്ടറി തുടങ്ങി നിരവധി വിഷയങ്ങളിൽ നോട്ടുകുറിച്ചെടുത്ത് കാര്യങ്ങള്‍ മുഴുവന്‍ ഹൃദിസ്ഥമാക്കുന്ന സവിശേഷമായ വി.എസ്. ശൈലി നേരിൽ കണ്ടതാണ്.
പുതിയ പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കുക, തുടങ്ങിവെച്ച സമരങ്ങള്‍ എന്തുവിലകൊടുത്തും ലക്ഷ്യത്തിലെത്തിക്കുന്നതുവരെ തുടരുക, സ്വാഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുക തുടങ്ങി പല കാര്യങ്ങള്‍ ഇക്കാര്യത്തിൽ പറയാനുണ്ട്. അതില്‍ ചിലതെല്ലാം ആപേക്ഷികമാണ്. അഭിപ്രായസ്ഥൈര്യം രാഷ്ട്രീയത്തിൽ എപ്പോഴും ഗുണമാകണമെന്നില്ല.

വൈരനിര്യാതന ബുദ്ധിയുള്ള നേതാവായിരുന്നോ അദ്ദേഹം, വെട്ടിനിരത്തൽ നയമായിരുന്നോ അദ്ദേഹത്തിന്, എന്നീ ചോദ്യങ്ങൾക്ക് അദ്ദേഹം ഒരു പോരാളിയാണ് എന്നതാകും എന്റെ മറുപടി. എന്തിനെയാണോ എതിര്‍ക്കുന്നത് അത് കഴിയാവുന്നത്ര തുടരും. വൈരനിര്യാതനമുള്ളതായി അറിയില്ല. അദ്ദേഹം സെക്രട്ടറിയായിരിക്കെ എം.വി.രാഘവനെ പുറത്താക്കിയതാണ് അത്തരമൊരു വ്യാഖ്യാനത്തിന് കാരണമായത്. എം.വി.രാഘവനെ പുറത്താക്കിയത് ഇ.എം.എസ്. ജനറൽ സെക്രട്ടറിയായ കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശാനുസരണമാണ്. അത് നടപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതും ഇ.എം.എസ്സും ബി.ടി.ആറും ബാസവപുന്നയ്യയുമടങ്ങിയ പി.ബി.യുമാണ്. അതിനാകട്ടെ കാരണം വ്യക്തിപരമല്ല അടവുനയവുമായി ബന്ധപ്പെട്ടതാണ്. മുസ്ലിം ലീഗുമായുള്ള ബന്ധമാണ് പ്രശ്‌നം. വി.എസ് അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും ഒരുക്കമായിരുന്നില്ല. അടവുപരമായി എക്കാലത്തും ഒരേ നിലപാടെടുക്കുകയെന്നത് ശരിയാണോ എന്ന് പൊതുവിൽ ചോദിച്ചാൽ അല്ല എന്നാണുത്തരം പറയേണ്ടിവരുക. പക്ഷേ വി.എസ്. അടവുനയത്തിൽ വല്ലാത്ത പിടിവാശിക്കാരനായിരുന്നു. അത് വൈരനിര്യാതനത്തിന്റെ തലത്തിലെത്തിയെന്നത് ആരോപണവും വ്യാഖ്യാനവുമാണെന്ന് തോന്നുന്നു. വി.എസിനെ വെട്ടിനിരത്തലിന്റെ ആളായി ചിത്രീകരിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കാറുണ്ട്. വാസ്തവത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ പരിസ്ഥിതി സമരത്തെയാണ് വെട്ടിനിരത്തൽ സമരമായി സ്ഥാപിത താല്പര്യക്കാര്‍ ദുര്‍വ്യാഖ്യാനിച്ചത്. നെൽപ്പാടങ്ങള്‍ തരിശിടുന്നതിനും നികത്തി റിയൽ എസ്റ്റേറ്റ് താല്പര്യാര്‍ഥം അതിന് മുന്നോടിയായി നാണ്യവിളകളിറക്കുന്നതിനും എതിരായിരുന്നു കര്‍ഷകതൊഴിലാളി യൂണിയന്‍ നടത്തിയ സമരം. അതിന് നേതൃത്വം നൽകിയതാണ് വി.എസിനെ ആക്ഷേപിക്കാനിടയാക്കിയത്. ഒമ്പത് ലക്ഷത്തോളം ഹെക്ടര്‍ നെല്ല് കൃഷിയുണ്ടായിരുന്ന സംസ്ഥാനത്ത് വയൽ വിസ്തീര്‍ണം രണ്ടരലക്ഷം ഹെക്ടറിലും കുറഞ്ഞ അവസ്ഥയിലാണ് ആ സമരം നടത്തിയത്. അത് ജലസംരക്ഷണ സമരം കൂടിയായിരുന്നു. ആക്ഷേപങ്ങള്‍ വകവെച്ചില്ല. എന്നുമാത്രമല്ല അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനകംതന്നെ നെൽപാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനെതിരായ നിയമം കൊണ്ടുവന്നു. നെല്ല് താങ്ങുവില നൽകി സംഭരിക്കുന്ന പദ്ധതിയും നെൽകൃഷിക്ക് പലിശരഹിത വായ്പ നൽകുന്ന പദ്ധതിയും നടപ്പാക്കി. ഇതെല്ലാം മറച്ചുവെക്കാനാണ് അദ്ദേഹം നേതാവെന്ന നിലയിൽ എതിരാളികളെ വെട്ടിനിരത്തുന്നയാളാണെന്ന വ്യാഖ്യാനം.

പാര്‍ട്ടിയിലെ വിഭാഗീയതയിൽ കേന്ദ്രസ്ഥാനത്തുനിന്ന നേതാവെന്ന നിലയിൽ മാത്രം അദ്ദേഹം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും എന്ന് പറയുന്നത് തെറ്റാണ്. അങ്ങനെ വ്യാഖ്യാനിക്കുന്നത് ശരിയല്ലതാനും. വിഭാഗീയതയുണ്ടായിരുന്നുവെന്നത് സത്യം. പക്ഷേ പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കാനാണ് കഴിവിന്റെ പരമാവധി ശ്രമിച്ചത്. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അദ്ദേഹം നേതൃത്വം നൽകിയ പോരാട്ടങ്ങള്‍ പാര്‍ട്ടിക്ക് ഏറെ ഗുണംചെയ്തു. വിഭാഗീയത ചില ഘട്ടങ്ങളിലുണ്ടായ പ്രശ്‌നമാണ്. അതാണ് മുഖ്യമെന്ന് വ്യഖ്യാനിക്കുന്നത് വാസ്തവത്തിന് നിരക്കുന്നതല്ല. വിഭാഗീയതയിൽ ഒരുഭാഗത്ത് നിന്നുവെന്നതല്ല, ഇടതുപക്ഷത്തിന്റെ പൊതുനേതാവായി പ്രവര്‍ത്തിച്ചുവെന്നതാണ് വി.എസിന്റെ ചരിത്രപരമായ സ്ഥാനം.
ആഴ്ചപ്പതിപ്പ് കണ്ടതും വി.എസ്. പ്രത്യേക അവസ്ഥയിലായി. ഒന്നുമുരിയാടാതെ കുറെ നേരം ആഴ്ചപ്പതിപ്പിലൂടെ കടന്നുപോയി. പിന്നീട് അതിലെ പ്രധാനഭാഗങ്ങള്‍ ഉച്ചത്തിൽ വായിപ്പിച്ചു.
പാടം നികത്തലിനെതിരായ നിയമം കൊണ്ടുവന്ന കാര്യം പറഞ്ഞില്ലേ. അതേപോലെ എന്‍ഡോസള്‍ഫാന്‍ വിഷയമടക്കമുള്ള പ്രശ്‌നങ്ങളിലും നടപടിയുണ്ടായി. വി.എസ്. മന്ത്രിസഭ അധികാരമേറ്റശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനത്തിലാണെന്ന് തോന്നുന്നു എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ ഒരു ചോദ്യത്തിന് നൽകിയ മറുപടി വലിയ വിവാദമായി. സഭയ്ക്കകത്ത് പറഞ്ഞ മറുപടിയല്ല, രേഖാമൂലം നൽകിയ മറുപടിയാണ്. എന്‍ഡോസള്‍ഫാന്‍ വര്‍ഷിച്ചതിന്റെ ഫലമായി എത്രപേര്‍ മരിച്ചതായാണ് കണക്ക് എന്നോ മറ്റോ ആയിരുന്നു ചോദ്യം. എന്‍ഡോസള്‍ഫാന്‍ മൂലം മരണമൊന്നും സംഭവിച്ചിട്ടില്ല എന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ 'ആധികാരിക'മായി നൽകിയ മറുപടി മുല്ലക്കര അംഗീകരിച്ച് നൽകുകയായിരുന്നു. അടുത്താഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വന്നപ്പോഴാണ് വലിയ കോളിളക്കം തന്നെയുണ്ടായത്. അച്യുതാന്ദനറിയുമോ എന്ന് തുടങ്ങുന്ന ചോദ്യവുമായി എം.എ റഹ്‌മാന്റെ കവര്‍ സ്‌റ്റോറി. ഹൃദയ സ്പർശിയായ മുഖചിത്രവും. നാലഞ്ച് വര്‍ഷം മുമ്പ് മാതൃഭൂമിയിലൂടെയും സന്നദ്ധപ്രവര്‍ത്തകരിലൂടെയും എന്‍ഡോസള്‍ഫാന്‍ പ്രശ്നം മനസ്സിലാക്കി എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയിൽ പോയി വിവരങ്ങള്‍ ശേഖരിച്ച് വി.എസ്. നിയമസഭയില്‍ അവതരിപ്പിച്ചതിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലായിരുന്നു അത്. ആഴ്ചപ്പതിപ്പ് കണ്ടതും വി.എസ്. പ്രത്യേക അവസ്ഥയിലായി. ഒന്നുമുരിയാടാതെ കുറെ നേരം ആഴ്ചപ്പതിപ്പിലൂടെ കടന്നുപോയി. പിന്നീട് അതിലെ പ്രധാനഭാഗങ്ങള്‍ ഉച്ചത്തിൽ വായിപ്പിച്ചു. പിന്നെ എം.എ. റഹ്‌മാനെ ഫോണില്‍ വിളിച്ച് ഞാനൊന്നും മറന്നിട്ടില്ല എന്നുമാത്രം പറഞ്ഞു. മുല്ലക്കരയെ വിളിപ്പിച്ച് ചർച്ച നടത്തി. നിയമസഭയിൽ നൽകിയ ഉത്തരം തിരുത്തി നൽകാന്‍ തീരുമാനമായി.. തെറ്റായ ഉത്തരം നൽകിയ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരോട് മന്ത്രി തിരുത്താന്‍ നിര്‍ദേശിച്ചു.

ആ ദിവസം ഒരു യോഗത്തിൽ പങ്കെടുക്കാന്‍ കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി.ബാലകൃഷ്ണന്‍ സെക്രട്ടറിയറ്റിലെത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ വിളിപ്പിച്ച് എന്‍ഡോസള്‍ഫാന്‍ വിഷയത്തിൽ ഇടപെടാന്‍ നിര്‍ദേശിച്ചു. അടുത്താഴ്ച താന്‍ കാസര്‍ക്കോട്ടെത്തും. ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറുമുണ്ടാകും. എന്‍ഡോസള്‍ഫാന്‍ ഇരകളായി എത്ര പേര്‍ മരിച്ചെന്ന കണക്കെടുക്കണം എന്നെല്ലാം നിര്‍ദേശിച്ചു. നാലുദിവസത്തിനകം ഉദ്യോഗസ്ഥരെയെല്ലാം വിളിച്ച് നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഒരാഴ്ചക്കകം കാസര്‍ക്കോട്ടെത്തി എന്‍ഡോസള്‍ഫാന്‍ ബാധിതമേഖല സന്ദര്‍ശിച്ചു. നൂറ്റമ്പതോളം പേര്‍ മരിച്ചെന്നായിരുന്നു കണക്ക്. ഒരു മാസത്തിനകം വീണ്ടും കാസര്‍ക്കോട്ടെത്തി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം നൽകി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസംഘടനകളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ച് പുനരധിവാസ നടപടികള്‍ക്ക് രൂപരേഖ തയ്യാറാക്കി. ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ അക്കാര്യത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. സൗജന്യറേഷനും 11 പഞ്ചായത്തുകളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം, രോഗികളെ പരിചരിക്കുന്നവര്‍ക്ക് അലവന്‍സ് എന്നിങ്ങനെയെല്ലാം പ്രഖ്യാപിച്ചു. മാത്രമല്ല എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഭരണകൂടമാണെന്ന് വ്യക്തമാക്കി. ജനീവയിൽ കീടനാശിനികള്‍ സംബന്ധിച്ച സാര്‍വദേശീയ സമ്മേളനം ചേരുന്ന ദിവസം എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി വി.എസും മന്ത്രിമാരും ജനപ്രതിനിധികളും നിരാഹാരസത്യാഗ്രഹം നടത്തി. ഇതിനെല്ലാം ശേഷമാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കൂടുതൽ പരിഗണനയും പരിചരണവും ലഭിക്കാന്‍ തുടങ്ങിയത്. തുടര്‍ന്നുവന്ന സര്‍ക്കാരുകള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നൽകി. അതെല്ലാം വി.എസിന്റെ ഇടപെടൽ കൊണ്ട് മാത്രമല്ല. ജനകീയ സമരങ്ങളെയും മാധ്യമങ്ങളുടെ ഇടപെടലിനെയും തുടര്‍ന്നാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പാണ് എന്‍ഡോസള്‍ഫാന്‍ വിഷയം ക്യാമ്പയിനായി ഏറ്റെടുത്തത്. മധുരാജിന്റെ ഫോട്ടോകളോടെ എം.എ. റഹിമാന്‍, അംബികാസുതന്‍ മാങ്ങാട് എന്നിവർ എഴുതിയ ദീര്‍ഘ ലേഖനങ്ങള്‍. ശ്രീ പഡ്‌റെയും ഡോ.വൈ.എസ്.മോഹന്‍കുമാറും ലീലാകുമാരിയമ്മയും ഏതാനും പ്രാദേശിക സംഘടനകളും ആദ്യം പുറത്തറിയിച്ച സംഭവം ആദ്യഘട്ടത്തിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തില്ല. വി.എസ്. ഇടപെട്ട ശേഷമാണ് പ്രശ്‌നത്തിന് ചൂടുപിടിച്ചത്. മുഖ്യമന്ത്രിയായപ്പോള്‍ അത് മറക്കുകയല്ല, ശക്തമായ നടപടികള്‍ക്ക് തുടക്കം കുറിക്കുകയാണ് ചെയ്തത്. ഇത് ഒരുദാഹരണം മാത്രം.
(ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയില്‍ നിന്നും തയ്യാറാക്കിയത്)