പ്രളയം പ്രവചിക്കുന്ന അശാസ്ത്രീയതയുടെ സ്വന്തം ലേഖകര്‍
REPRESENTATIONAL IMAGE | PHOTO: CODASTORY
'കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയം-കുസാറ്റ് ശാസ്ത്രസംഘത്തിന്റെ പഠനം' എന്ന വാർത്ത ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രമുഖ ചാനലുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ പ്രളയങ്ങൾ സൃഷ്ടിച്ച സാമൂഹിക-പാരിസ്ഥിതിക-സാമ്പത്തിക ആഘാതത്തിൽ നിന്നും കരകേറി കൊണ്ടിരിക്കുന്ന, നിലവിൽ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെയും (cyclonic circulation) ന്യൂനമർദ്ദപാത്തിയുടെയും (trough) സ്വാധീനത്തിൽ വ്യാപകമായി മഴപ്പെയ്ത്ത് അനുഭവിക്കുന്ന മലയാളികളുടെ ഇടയിൽ കൂടുതൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന തെറ്റായ ആ വാർത്ത പെട്ടെന്ന് 'വൈറൽ' ആവുകയും ചെയ്തു. സെൻസേഷണലിസത്തിനു മുന്നിൽ ശാസ്ത്രീയതയെ പിന്തള്ളുന്ന മാധ്യമസമ്പ്രദായത്തിന്റെ മറ്റൊരു ഉദാഹരണം.
എന്താണ് കുസാറ്റിലെ ശാസ്ത്രസംഘത്തിന്റെ കണ്ടെത്തൽ?
ആഗോളതാപനത്തിന്റെ ഫലമായി സമുദ്രോപരിതല താപനില ശരാശരിയിലും കൂടുകയും പലയിടങ്ങളിലും അടിക്കടി തീവ്രമഴപ്പെയ്ത്ത് സംഭവിക്കുകയും ചെയ്യുന്നുണ്ട്. 2019 ൽ കേരളത്തിൽ മൺസൂൺ സമയത്ത് ഉണ്ടായ ലഘുമേഘവിസ്ഫോടനവും (വളരെ പെട്ടെന്നുള്ള, കുറഞ്ഞ സമയം നീണ്ടുനിൽക്കുന്ന അതിതീവ്രമായ മഴപ്പെയ്ത്ത്) തുടർന്നുണ്ടായ പ്രളയവും നമ്മൾ കണ്ടതാണ്. ആഗോളതലത്തിലും പ്രാദേശികതലത്തിലും പ്രാധാന്യമുള്ള ഈ സാഹചര്യത്തെ മുൻനിർത്തി കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ ഡോ. എസ്. അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ ഫലമാണ് എ. വി. ശ്രീനാഥ് പ്രഥമലേഖകൻ ആയിക്കൊണ്ടുള്ള റിപ്പോർട്ടായി npj Climate and Atmospheric Science ജേർണലിൽ പ്രസിദ്ധീകരിച്ചത്.
1980-1999, 2000-2019 കാലഘട്ടങ്ങളിലെ കേരളതീരം ഉൾപ്പെടുന്ന ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ മഴമേഘങ്ങളുടെ സ്വഭാവമാണ് ഇവർ പഠിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് വലിയ വ്യാപ്തിയിൽ മഴക്ക് കാരണമായേക്കാവുന്ന മേഘങ്ങൾ ആണ് കൂമ്പാരമഴമേഘങ്ങൾ അഥവാ cumulonimbus clouds. 2000ത്തിനു ശേഷം മൺസൂൺ സമയങ്ങളിൽ കേരളതീരത്ത് കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം വർധിച്ചു വരുന്നതായാണ് പഠനത്തിൽ തെളിഞ്ഞത്. ആഗോളതാപനത്തിന്റെ ഫലമായി അറബിക്കടൽ ചൂട് പിടിക്കുന്നതും ഇന്ത്യയിൽ മൺസൂൺ കാറ്റുകൾ ശക്തിയാർജ്ജിക്കുന്നതും എല്ലാം ഈ പ്രതിഭാസത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ ആയിരിക്കാം എന്ന് പഠനം സൂചിപ്പിക്കുന്നു. ഇത്തരം മഴമേഘങ്ങളുടെ വർധിച്ചു വരുന്ന സാന്നിധ്യം ലഘുമേഘവിസ്ഫോടനം പോലുള്ള അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയും പഠനം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ ഈ വർഷം കേരളത്തിൽ അത്തരം മേഘവിസ്ഫോടനം സംഭവിക്കുമെന്നോ അത് മിന്നൽ പ്രളയത്തിലേക്ക് നയിക്കുമെന്നോ പഠനത്തിൽ എവിടെയും പറയുന്നില്ല യഥാർത്ഥത്തിൽ, സാങ്കേതികമായി, അത്തരം ഒരു പ്രവചനം ഇത്രനാൾ മുൻപേ നടത്താൻ സാധിക്കുകയുമില്ല.
പ്രളയം പ്രവചിക്കാനാവുമോ?
ലഭ്യമായ അന്തരീക്ഷവിവരങ്ങൾ ഉപയോഗിച്ച് ഗണിതസമവാക്യങ്ങളുടെ സഹായത്തോടെ വരും ദിവസങ്ങളിൽ അന്തരീക്ഷാവസ്ഥയിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കാം എന്നതിന്റെ കംപ്യൂട്ടർ മാതൃകകൾ (models) ഉണ്ടാക്കിയാണ് ദിനാന്തരീക്ഷപ്രവചനം (weather forecast) നടത്തുന്നത്. ഇന്ത്യയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (IMD അഥവാ Indian Meteorological Department) നേതൃത്വത്തിൽ ആണ് പ്രധാനമായും ദിനാന്തരീക്ഷസ്ഥിതിയുടെ പ്രവചനവും വിശകലനവും നടക്കുന്നത്. സാങ്കേതിക വിദ്യയുടെ പുരോഗതി ദിനാന്തരീക്ഷപ്രവചനത്തിൽ വലിയ മുന്നേറ്റങ്ങൾ വരുത്തിയിട്ടുണ്ട് വിശേഷിച്ചും ഇന്ത്യയിലെ അന്തരീക്ഷപഠന സംവിധാനങ്ങൾ. സമീപകാലത്ത് ഇന്ത്യയുടെ തീരങ്ങളിൽ വീശിയടിച്ച സൈക്ലോണുകളുടെ പാതകളും തീവ്രമഴപ്പെയ്ത്തുകളും എല്ലാം ഒരുവിധം കൃത്യമായി പ്രവചിക്കാനും മുൻകരുതലുകൾ എടുക്കാനും നമുക്ക് സാധിച്ചിരുന്നു. കാലാവസ്ഥാ പ്രവചനത്തെ കുറിച്ചുള്ള പഴഞ്ചൻ തമാശകൾ അപ്രസക്തവും ഔട്ട്ഡേറ്റഡും ആയിരിക്കുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും വലിയ മഴപ്പെയ്ത്തുകൾ പോലെയുള്ള സംഭവങ്ങൾ പരമാവധി രണ്ട് ആഴ്ചകൾ മുമ്പേയാണ് കൃത്യമായി പ്രവചിക്കാൻ സാധിക്കുകയുള്ളു. അതിലും മുൻപ് നടത്തുന്ന പ്രവചനങ്ങൾ യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്ന അന്താരീക്ഷാവസ്ഥയിൽ നിന്നും വ്യത്യസ്തമാകാനാണ് സാധ്യത കൂടുതൽ. അതൊരിക്കലും നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകേടുകൊണ്ടല്ല മറിച്ച് അന്തരീക്ഷത്തിന്റെ അസ്ഥിരതയും ലോലതയും (sensitivity) കാരണമാണ്. അന്തരീക്ഷത്തിൽ സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങൾ പോലും നമ്മൾ സൃഷ്ടിക്കുന്ന കംപ്യൂട്ടർ മാതൃകകളിൽ നിന്നും തീർത്തും വിഭിന്നമായ അന്തരീക്ഷാവസ്ഥയിലേക്ക് നയിക്കാം എന്നതാണ് ഈ പരിമിതിയുടെ കാരണം. ഒരു ചിത്രശലഭത്തിന്റെ ചിറകടി പോലും അന്തരീക്ഷാവസ്ഥയെ വലിയ രീതിയിൽ മാറ്റിയേക്കാം എന്ന അല്പം ആലങ്കാരികമായ അർത്ഥത്തിൽ ബട്ടർഫ്ളൈ ഇഫക്ട് (butterfly effect) എന്ന് ഈ പ്രതിഭാസത്തെ വിളിക്കാറുണ്ട്. ഇതിനു പുറമെ കമ്പ്യൂട്ടർ മാതൃകകൾ ഉണ്ടാക്കാനായി ശേഖരിക്കുന്ന അന്തരീക്ഷവിവരങ്ങളിലും, ഉപയോഗിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമുകളിലും സഹജവും സ്വാഭാവികവുമായി ഉണ്ടാകുന്ന ചെറിയ കൃത്യതക്കുറവുകളും പ്രവചനത്തിന്റെ കൃത്യതയെ ബാധിച്ചേക്കാം. ദീർഘകാലം മുൻപേ ശാസ്ത്രീയമായി പ്രവചിക്കാൻ സാധിക്കുന്നത് വലിയൊരു പ്രദേശത്തിന്റെ ശരാശരി അന്തരീക്ഷാവസ്ഥ മാത്രമാണ്. മേഘവിസ്ഫോടനം പോലെയുള്ള പ്രതിഭാസങ്ങൾ വളരെ ചെറിയൊരു പ്രദേശത്തു മാത്രം സംഭവിക്കുന്ന തീവ്രപ്രതിഭാസമാണ്. ഇത്തരം പ്രതിഭാസങ്ങൾ രണ്ട് ആഴ്ചകൾക്ക് മുന്നേ പ്രവചിക്കുക ഏതാണ്ട് അസാധ്യമാണ് എന്ന് തന്നെ വേണം പറയാൻ. കേരളത്തിൽ വരാനിരിക്കുന്ന കാലവർഷസമയത്ത് മേഘവിസ്ഫോടനമോ പ്രളയമോ ഉണ്ടാകുമെന്ന് ഇപ്പോൾ കൃത്യമായി പ്രവചിക്കുവാൻ സാധിക്കുകയില്ലെന്നു ചുരുക്കം.
മാധ്യമപ്രവർത്തനവും ശാസ്ത്രബോധവും
കുസാറ്റിൽ നിന്നും വന്ന പഠനത്തെ മാധ്യമങ്ങൾ വളച്ചൊടിച്ച് വാർത്തയാക്കുമ്പോൾ പ്രസ്തുത പഠനഫലത്തിനു കൃത്യമായി കിട്ടേണ്ട ദൃശ്യതയാണ് ഒരു തരത്തിൽ നഷ്ടമാവുന്നത്. ആഗോളതാപനവും കാലാവസ്ഥാമാറ്റവും പാഠപുസ്തകങ്ങളിൽ ഒതുങ്ങാതെ നമ്മുടെ വീട്ടുമുറ്റത്ത് പ്രകടമാവുകയാണ് നീളുന്ന വേനലിന്റെയും പെട്ടെന്നുള്ള തീവ്രമഴപ്പെയ്ത്തിന്റെയുമെല്ലാം രൂപത്തിൽ. കണിക്കൊന്ന കാലം തെറ്റി പൂക്കുന്ന ആവലാതിക്കഥകൾ അവസാനിപ്പിച്ച് കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള ശാസ്ത്രീയപഠനങ്ങൾ ചർച്ച ചെയ്യുകയും അതിനെ അഭിസംബോധന ചെയ്യാനും വരുതിയിലാക്കാനും ഉള്ള പ്രവർത്തനങ്ങൾ പ്രയോഗത്തിൽ വരുത്തുകയും ചെയ്യേണ്ട സമയം ആണ് ഇത്. അതിനു ഇത്തരം ശാസ്ത്രീയപഠനങ്ങൾ കൃത്യമായി എന്നാൽ ലളിതരൂപത്തിൽ ജനങ്ങളിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ്.
ഇതിനു മുൻപും 'പ്രളയം വരാൻ പോകുന്നു' എന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. ഇത്തവണ ശാസ്ത്രപഠനത്തിന്റെ പിൻബലം ഉണ്ടെന്ന് കൂടി തലക്കെട്ടിൽ കൊടുക്കുന്നതോടെ കൂടുതൽ പേരിലേക്ക് വാർത്ത ചൂടോടെ ചെന്നെത്തും എന്ന് മാധ്യമങ്ങൾ കരുതി, അത് സംഭവിക്കുകയും ചെയ്തു. ആഴ്ചകൾക്ക് മുൻപ് ഹീരാ രത്തൻ മനേക് അന്തരിച്ച വാർത്ത വലിയ രീതിയിൽ റിപ്പോർട്ട് ചെയ്ത മിക്ക മുഖ്യധാരാമാധ്യമങ്ങളും ഭക്ഷണം ഉപേക്ഷിച്ച് സൗരോർജ്ജം സ്വീകരിച്ച് ജീവിച്ച താപസൻ എന്നാണു വാർത്തയുടെ തലവാചകത്തിൽ തന്നെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കണ്ണിലൂടെ സൗരോർജ്ജം മാത്രം സ്വീകരിച്ച് ജീവിക്കാൻ മനുഷ്യന് ഒരിക്കലും സാധിക്കില്ലായെന്ന ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയുടെ സാമാന്യബോധമോ ശാസ്ത്രബോധമോ പോലും പ്രകടിപ്പിക്കാത്ത മാധ്യമപ്രവർത്തനത്തിന്റെ ദുരന്തരൂപം. കൊറോണ വൈറസ് സംഹാരതാണ്ഡവം ആടുന്ന സമയത്ത് വാക്സിനേഷൻ സംബന്ധിച്ച് ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ എത്തിക്കേണ്ട മാധ്യമങ്ങളിൽ പലതും വാക്സിൻ സംബന്ധിച്ച അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ഇതെല്ലാം അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന, നിഷ്കളങ്കമായ അബദ്ധങ്ങൾ ആണെന്ന് കരുതാനാവില്ല.
മാധ്യമങ്ങൾ തങ്ങളുടെ പ്രൊപ്പഗാണ്ടകൾക്ക് അപ്പുറം, സെൻസേഷണലിസത്തിനും വ്യൂവർഷിപ്പിനും ഒപ്പം, അല്പം ശാസ്ത്രബോധത്തിനു കൂടെ പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ശാസ്ത്രബോധം അഥവാ ശാസ്ത്രീയ മനോവൃത്തി എല്ലാ ശാസ്ത്രവിഷയങ്ങളിലും ഉള്ള വൈദഗ്ധ്യം അല്ല, ശാസ്ത്രജ്ഞന്മാർക്കു മാത്രം കൈമുതലായിട്ടുള്ള കഴിവും അല്ല, മറിച്ച് ഏതൊരു വ്യക്തിയും സ്വായത്തമാക്കേണ്ട ചിന്താരീതിയാണ്. തങ്ങൾക്ക് പ്രാവീണ്യമില്ലാത്ത വിഷയങ്ങളിൽ വിദഗ്ധാഭിപ്രായം ആരായുക, സത്യാന്വേഷണം (fact check) നടത്തുക എന്നത് ശാസ്ത്രബോധത്തിന്റെ ഭാഗം തന്നെയാണ്. (മിന്നൽപ്രളയ വാർത്തയിൽ പ്രസ്തുത പഠനം നടത്തിയ ഗവേഷകരെ നേരിട്ട് ബന്ധപ്പെട്ട മാധ്യമങ്ങൾ കൂടി യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ 'ചൂടേറിയ' വാർത്ത വിറ്റഴിച്ചു എന്നതും യാഥാർഥ്യമാണ്). മാധ്യമപ്രവർത്തനത്തിന്റെയും അടിസ്ഥാനസത്തകളിൽ ഒന്ന് സത്യാന്വേഷണം തന്നെയാണ്. അവിടെയാണ് മാധ്യമപ്രവർത്തനത്തിലെ ശാസ്ത്രബോധത്തിന്റെ പ്രാധാന്യം ഏറുന്നത്. അതില്ലാതെ വരുമ്പോൾ താപസന്മാരും വ്യാജചികിത്സകരും ശാസ്ത്രലോകത്തെ വിദഗ്ധരായും അദ്ഭുതമനുഷ്യർ ആയും എല്ലാം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടും. അസുഖങ്ങളെയും വാക്സിനേഷനെയും കുറിച്ച് അന്ധവിശ്വാസങ്ങൾ പ്രചരിക്കും. പ്രളയം പോലെയുള്ള വിഷയങ്ങൾ സംബന്ധിച്ച് അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കപ്പെടും. ശാസ്ത്രബോധം വളർത്തുക എന്നത് ജനതയുടെ മൗലിക കർത്തവ്യമായി നിർദേശിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത്, ജനാധിപത്യത്തിന്റെ നാലാം നെടുംതൂൺ എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ ശാസ്ത്രബോധം പ്രചരിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിലും, ചുരുങ്ങിയത് സ്വന്തം പ്രവർത്തനങ്ങളിൽ എങ്കിലും ശാസ്ത്രീയമനോവൃത്തി മുറുകെ പിടിക്കേണ്ടത് അത്യാവശ്യമാണ്.
കുസാറ്റിൽ നിന്നും പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട്
1. Sreenath, A. V., Abhilash, S., Vijaykumar, P., & Mapes, B. E. (2022). West coast India’s rainfall is becoming more convective. npj Climate and Atmospheric Science, 5(1), 1-7. https://rdcu.be/cNPQ5