TMJ
searchnav-menu
post-thumbnail

Outlook

കോടതികള്‍ എന്ത് ചെയ്തു?

16 Jan 2023   |   1 min Read
Chander Uday Singh

livelaw.in ല്‍ പ്രസിദ്ധീകരിച്ച 'ലവ് ജിഹാദ് നിയമങ്ങളുടെ മിഥ്യാലോകം' എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം

ഹിമാചല്‍ പ്രദേശിലെ കാര്യം

2012 ഓഗസ്റ്റ് 30 ന് ഉത്തരേന്ത്യയില്‍ നിന്നും സുബോധത്തോടെയുള്ള ഒരു കോടതിവിധിയുണ്ടായി. ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പൗരന്മാര്‍ മതം മാറുന്നതിന് മുമ്പ് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്ന നിയമം തെറ്റാണെന്ന് കോടതി വിധിച്ചു. 2006 ലെ ഹിമാചല്‍ പ്രദേശ് ഫ്രീഡം ഓഫ് റിലിജിയണ്‍ നിയമവും 2007 ലെ ചട്ടങ്ങളും പ്രകാരം, മതം മാറുന്നവര്‍ പോലീസ് പരിശോധന നേരിടേണ്ടി വരുന്നത് വലിയ സ്വകാര്യതാ ലംഘനമാണെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. നിയമത്തിലെ നാലാം വകുപ്പ്, ചട്ടങ്ങളിലെ 3, 5 വകുപ്പുകള്‍ എന്നിവ ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം വകുപ്പിന് വുരുദ്ധമാണെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. വിധിയുടെ 41-ാം പാരഗ്രാഫില്‍ ജസ്റ്റിസ് ഗുപ്ത ഇങ്ങനെയെഴുതി; 'നിയമം വരുന്നതിന് മുമ്പോ വന്നതിന് ശേഷമോ മതം മാറ്റം കാരണം സംസ്ഥാനത്ത് എന്തെങ്കിലും സാമൂഹ്യ പ്രശ്‌നമുണ്ടായി എന്നതിന് യാതൊരു തെളിവും സര്‍ക്കാര്‍ ഹാജരാക്കിയിട്ടില്ല. ഈ നിയപ്രകാരം ഇതുവരെ ഒരേയൊരു കേസ് മാത്രമേ ഫയല്‍ ചെയ്തിട്ടുള്ളൂ എന്നതാണ് വസ്തുത.'

ഹാദിയയുടെ കേസ്

തീവ്ര വര്‍ഗ്ഗീയതയുടെ വക്താക്കള്‍ സത്യത്തെ അംഗീകരിക്കില്ല എന്നതാണ് വസ്തുത. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം കേരളാ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജ് ജസ്റ്റിസ് കെ ടി ശങ്കരന്‍ നിര്‍ത്തിയ ഇടത്തുനിന്ന് കാര്യങ്ങള്‍ തുടങ്ങുകയുണ്ടായി. ഹോമിയോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയായിരുന്ന അഖിലയുടെ കേസായിരുന്നു ഇത്തവണത്തെ വിഷയം. അവര്‍ ഇസ്ലാം മതം സ്വീകരിക്കുകയും ഹാദിയ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. അതൊടൊപ്പം മാതാപിതാക്കളുടെ അംഗീകാരം തേടാതെ ഷഫിന്‍ ജഹാന്‍ എന്ന വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്തു. ഹാദിയയുടെ പിതാവ് അശോകന്‍ തന്റെ മകളെ ഇസ്ലാമിക് സ്‌റ്റേറ്റ് തെറ്റിദ്ധരിപ്പിച്ചു തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഹാദിയയെ കോടതിയില്‍ ഹാജരാക്കുകയും മാതാപിതാക്കളുടെ കൂടെ വിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുകയും ചെയ്തു. കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, ഹാദിയ മൂന്ന് വര്‍ഷമായി രഹസ്യമായി ഇസ്ലാം മതം അനുസരിച്ച് ജീവിക്കുകയായിരുന്നു എന്ന് കണ്ടെത്തി. അതിനുശേഷമാണ് ആ 23 കാരി മതം മാറിയതെന്നും, അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്നും കോടതിയില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ജനുവരി 25ന് അശോകന്റെ ഹര്‍ജി ബെഞ്ച് തള്ളി.

ഷഫിന്‍ ജഹാന്‍, ഹാദിയ അശോകന്‍

എന്നാല്‍, കേസ് തള്ളിയത് വകവെക്കാതെ, അശോകന്‍ ഈ വിഷയത്തോട് അനുകൂലമായി പെരുമാറാന്‍ സാധ്യതയുള്ള മറ്റൊരു ബെഞ്ച് കണ്ടെത്തി. ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു അത്. അപ്പുണ്ണി നമ്പ്യാര്‍ എന്ന വ്യക്തി, മകള്‍ ആതിരയുടെ കാര്യത്തില്‍ നല്‍കിയ സമാനമായ കേസില്‍ ഈ ബെഞ്ച് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിര്‍ബന്ധിത വിവാഹം, മതം മാറ്റം, സിറിയയിലേക്കോ ഐഎസ്ഐഎസ്സിലേക്കോ ഉള്ള മനുഷ്യക്കടത്ത് എന്നീ വാക്കുകളുടെ അലങ്കാരത്തോടെ, പയറ്റിത്തെളിഞ്ഞ 'ലവ് ജിഹാദ്' ആരോപണ കലാപരിപാടിയായിരുന്നു അശോകന്‍ നല്‍കിയ പുതിയ ഹര്‍ജി. ഇത്തരം ആരോപണങ്ങളെല്ലാം തന്നെ 2009-13 കാലഘട്ടത്തിലെ കോടതി നീരീക്ഷണത്തിലുള്ള പോലീസ് അന്വേഷണത്തിലൂടെ നേരത്തേ തന്നെ പൊളിഞ്ഞ വാദങ്ങളാണ്.

ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്റെയും കെ എബ്രഹാം മാത്യുവിന്റെയും 2017 മെയ് 24 ലെ വിധി പൂര്‍ണ്ണമായും ഭാവന അടിസ്ഥാനമാക്കിയുള്ളതാണ്. ഏറെ ദുഷ്‌കീര്‍ത്തി നേടിയ ആ വിധിയില്‍ അവര്‍ രണ്ടുപേരും, 'ലവ് ജിഹാദ്', മനുഷ്യക്കടത്ത് എന്നൊക്കെ എഴുതി പൊലിപ്പിക്കുകയുണ്ടായി. മാത്രമല്ല, താന്‍ സ്വയം സ്വീകരിച്ച മാര്‍ഗ്ഗത്തില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ കേണപേക്ഷിച്ചിട്ടും ബെഞ്ച് ചെവിക്കൊണ്ടില്ല. നിയമതത്വങ്ങളുടെ നഗ്നമായ ലംഘനമാണ് പിന്നീട് ജസ്റ്റിസ് സുരേന്ദ്ര മോഹന്റെ ഭാഗത്ത് നിന്നുണ്ടായത്. 24 വയസ്സുള്ള ആ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിക്ക് തന്റെ ജീവിത പങ്കാളിയെ സ്വയം തെരഞ്ഞെടുക്കാനുള്ള അവകാശമില്ലെന്ന് അദ്ദേഹം വിധിയെഴുതി. മകളുടെ വിവാഹം നടത്താനുള്ള അവകാശം മാതാപിതാക്കള്‍ക്ക് മാത്രമാണെന്ന് പറഞ്ഞുകൊണ്ട് ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം റദ്ദ് ചെയ്തതായി അദ്ദേഹം പ്രഖ്യാപിച്ചു.

2018 ഏപ്രില്‍ 9 ന് അതീവ പ്രാധാന്യമുള്ള അന്തിമ വിധിയും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്റെ വിധിയെ സുപ്രീം കോടതി തള്ളി. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് സ്വന്തം ജീവിത പങ്കാളിയെയും മത വിശ്വാസത്തെയും തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം, സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നതിനുള്ള അവകാശവും കോടതി അടിവരയിട്ടു പ്രഖ്യാപിച്ചു.

അതിലും മതിവരാതെ ഷഫിന്‍ ജഹാന് എതിരായ കേസിലെ അന്വേഷണം കേരള ഡിജിപി തന്നെ ഏറ്റെടുക്കണം എന്നും ആതിരയുടെ കേസും ഇതുമായി ചേര്‍ത്ത് അന്വേഷിക്കണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. വിധിയില്‍ പറയുന്ന സംഘടനകളുടെ പ്രവര്‍ത്തങ്ങള്‍ വിശദമായി അന്വേഷിക്കാനും കുറ്റക്കാരെ കണ്ടെത്താനും ഡിജിപിക്ക് നിര്‍ദ്ദേശമുണ്ടായി. മാത്രമല്ല ഷഫിന്‍ ജഹാനെ അറസ്സ് ചെയ്യാത്തതിന് കേസ്സ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും ഡിജിപിയോട് ബെഞ്ച് ആവശ്യപ്പെടുകയുണ്ടായി. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്‍ വിധിയില്‍ എഴുതിയ അത്യന്തം തീവ്ര സ്വഭാവമുള്ള ആക്ഷേപങ്ങള്‍ സുപ്രീം കോടതി പോലും ആദ്യഘട്ടത്തില്‍ വിശ്വാസത്തിലെടുത്തു. ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദ് ചെയ്ത നിയമവിരുദ്ധമായ കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോഴായിരുന്നു അത്. 2017 ഓഗസ്റ്റിലെ ഉത്തരവുകളിലൂടെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണം എന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. കേരള ഡിജിപി നടത്തുന്ന അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും എന്‍ഐഎ നിയമത്തിന്റെ 6-ാം വകുപ്പ് പ്രകാരം ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതി, വിധിയില്‍ എഴുതി നിരത്തിയ നുണകള്‍ സുപ്രീം കോടതിയെ വലിയ രീതിയില്‍തന്നെ സ്വാധീനിച്ചിരുന്നു. അതുകൊണ്ട് എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഹാദിയയെ സുരക്ഷിത കേന്ദ്രത്തിലാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.

ഒടുവില്‍, 2017 നവംബര്‍ 27ന് ഹാദിയയെ കോടതിയില്‍ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബെഞ്ച് ചോദിച്ചറിഞ്ഞു. അതോടെ, ജീവിതകാര്യങ്ങളില്‍ സ്വയം തീരുമാനമെടുത്ത വിദ്യാഭ്യാസവും പക്വതയുമുള്ള വ്യക്തിയാണ് ഹാദിയ എന്ന് കോടതിക്ക് ബോധ്യമായി. ഹാദിയയെ സേലത്തെ ഹോമിയോപ്പതി കോളജില്‍ പുനഃപ്രവേശിപ്പിക്കാനും, മറ്റേതൊരു വിദ്യാര്‍ത്ഥിക്കുമുള്ള സ്വാതന്ത്ര്യം അനുഭവിച്ച് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനും അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. 2018 മാര്‍ച്ച് 8 നാണ് ഷഫിന്‍ ജഹാന്‍ ഫയല്‍ ചെയ്ത കേസിലെ വാദങ്ങള്‍ അവസാനിച്ചത്. അന്ന് ലഘുവായൊരു ഉത്തരവും കോടതിയില്‍ നിന്ന് ഉണ്ടായി. അതിലൂടെ, ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. മാത്രമല്ല, ജീവിതവും ഭാവി തീരുമാനങ്ങളും സ്വയം കൈക്കൊണ്ട് മുന്നോട്ടുപോകാനുള്ള ഹാദിയയുടെ സ്വാതന്ത്ര്യത്തെ സുപ്രീം കോടതി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തിലെ അന്വേഷണം എന്‍ഐഎയ്ക്ക് തുടരാമെന്നും കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.

representational image : wiki commons

2018 ഏപ്രില്‍ 9 ന് അതീവ പ്രാധാന്യമുള്ള അന്തിമ വിധിയും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്റെ വിധിയെ സുപ്രീം കോടതി തള്ളി. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് സ്വന്തം ജീവിത പങ്കാളിയെയും മത വിശ്വാസത്തെയും തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം, സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നതിനുള്ള അവകാശവും കോടതി അടിവരയിട്ടു പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം കണ്‍വീല്‍ക്കര്‍, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് എന്നിവരാണ് ബെഞ്ചില്‍ ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ വിധിയോട് ജസ്റ്റിസ് കണ്‍വീല്‍ക്കര്‍ യോജിക്കുകയും ജസ്റ്റിസ് ചന്ദ്രചൂഢ് അനുകൂലമായിത്തന്നെ മറ്റൊരു വിധി രചിക്കുകയും ചെയ്തു. രണ്ടു വിധികളും മതവിശ്വാസവും വിവാഹവും വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണെന്നും സ്വകാര്യതയ്ക്കായുള്ള അവകാശം അതിനെ സംരക്ഷിക്കുന്നുണ്ടെന്നും ശക്തമായ ഭാഷയില്‍ തന്നെ എഴുതി. മാത്രല്ല, മാതാപിതാക്കള്‍ ഉള്‍പ്പടെ മൂന്നാമതൊരാള്‍ക്ക് അക്കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമായി പ്രഖ്യാപിച്ചു. സുപ്രീം കോടതി മുമ്പ് പറഞ്ഞ പ്രകാരമുള്ള അന്വേഷണവുമായി മുന്നോട്ടുപോകാന്‍ എന്‍ഐഎയ്ക്ക് അനുവാദമുണ്ടെങ്കിലും ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹ ജീവിതത്തില്‍ ഇടപെടാന്‍ അവര്‍ക്ക് അനുവാദമില്ലെന്ന് കോടതി വിലക്കുകയും ചെയ്തു. ഈ അവസാന നിര്‍ദ്ദേശം വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് യുവാക്കളുടെ ജീവിതം ഏതാണ്ട് താറുമാറാക്കിയ 'ലവ് ജിഹാദ്' എന്ന വികൃതമായ നുണയെ പൊളിക്കുന്നതില്‍ അത് ഏറെ സഹായകമായി.

വീണ്ടും വീണ്ടും തലപൊക്കുന്ന ഭൂതം

2017 ഓഗസ്റ്റിലെ സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് കേരളാ ഡിജിപിയില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ അന്വേഷണം ആരംഭിച്ചത്. ഒട്ടും സമയം പാഴാക്കാതെ തന്നെ അവര്‍ അന്വേഷണം ഏറ്റെടുക്കുകയും വിശാലമായ രീതിയില്‍ തന്നെ കേസ് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, 'ലവ് ജിഹാദുമായി' ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രാദേശിക-അന്തര്‍ദേശീയ ഗൂഢാലോചനയും ഇല്ല എന്ന കണ്ടെത്തലില്‍ എന്‍ഐഎ എത്തിച്ചേര്‍ന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ലോക് സഭയിലും പിന്നീട് വ്യക്തമാക്കുകയുണ്ടായി. 2020 ഫെബ്രുവരി 4 ന് സഭയില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നിന്ന് ഒരു 'ലവ് ജിഹാദ്' കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി ഹാദിയയെ സ്വതന്ത്ര്യയായി വിട്ടയയ്ക്കുന്നതിന് ഒരാഴ്ച മുമ്പ് മാത്രമാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഒരു 'അഭിപ്രായ പ്രകടനം' ഉണ്ടാകുന്നത്. മധ്യ പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് സമാനമായി ഉത്തരാഖണ്ഡും മതം മാറ്റ വിരുദ്ധ നിയമം നിര്‍മ്മിക്കണം എന്നായിരുന്നു കോടതിയുടെ 'അഭിപ്രായം'. മുസ്ലിം പുരുഷന്റെയൊപ്പം ഒളിച്ചോടിയ ഹിന്ദു പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ കേസില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇങ്ങനെ പറഞ്ഞത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എങ്കിലും, 'ലവ് ജിഹാദ്' എന്ന നുണയെ കോടതികള്‍ തന്നെ വീണ്ടും വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നതായാണ് കാണുന്നത്. സുപ്രീം കോടതി ഹാദിയയെ സ്വതന്ത്ര്യയായി വിട്ടയയ്ക്കുന്നതിന് ഒരാഴ്ച മുമ്പ് മാത്രമാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഒരു 'അഭിപ്രായ പ്രകടനം' ഉണ്ടാകുന്നത്. മധ്യ പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് സമാനമായി ഉത്തരാഖണ്ഡും മതം മാറ്റ വിരുദ്ധ നിയമം നിര്‍മ്മിക്കണം എന്നായിരുന്നു കോടതിയുടെ 'അഭിപ്രായം'. മുസ്ലിം പുരുഷന്റെയൊപ്പം ഒളിച്ചോടിയ ഹിന്ദു പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ കേസില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ആ കേസില്‍ പുരുഷന്‍ ഹിന്ദു മതം സ്വീകരിക്കുകയാണ് ചെയ്തിരുന്നത്. ആ ഹര്‍ജിയുടെ ആവശ്യകത തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്ന വേളയിലാണ് കോടതി ഈ അഭിപ്രായം പ്രകടിപ്പിക്കുന്നത്. കാരണം, ഹര്‍ജിയില്‍ വാദം കേട്ട് തുടങ്ങുമ്പോള്‍ തന്നെ തനിക്ക് മാതാപിതാക്കളുടെ കൂടെ പോകണമെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാരിനോട് ഇന്ന നിയമം നിര്‍മ്മിക്കണം എന്ന് പറയാനുള്ള അധികാരം കോടതിക്കില്ല എന്ന കാര്യം ജസ്റ്റിസ് രാജീവ് ശര്‍മ്മയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം വെറും അഭിപ്രായ പ്രകടനത്തില്‍ ഒതുക്കിയത്. "ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി, മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയൺ നിയമത്തിന്റെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു" എന്നായിരുന്നു ജഡ്ജിയുടെ വാക്കുകള്‍.

കോടതിയുടെ ഈ അഭിപ്രായം കണക്കിലെടുത്താണെന്ന് തോന്നുന്നു, 2018 മേയ് 14 ന് ഉത്തരാഖണ്ഡ് ഫ്രീഡം ഓഫ് റിലിജിയണ്‍ ആക്റ്റ് എന്ന നിയമം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. [നിയമത്തിന്റെ] ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യത്തില്‍ സ്ഥിരമായി കാണുന്ന വാക്കുകള്‍ തന്നെ ഉള്‍പ്പെട്ടിരുന്നു. 'വളരെ വലിയ രീതിയില്‍, ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന മതം മാറ്റം', 'മറ്റു മതങ്ങളിലെ അവശ വിഭാഗങ്ങളെ മതം മാറ്റാന്‍ ലക്ഷ്യമിടുന്ന കപട സാമൂഹ്യ സംഘടനകള്‍', 'പറ്റിക്കപ്പെടാന്‍ സാധ്യതയുള്ളവരെ പല കാര്യങ്ങള്‍ കാട്ടി ആകര്‍ഷിച്ചും, അന്യായമായ സ്വാധീനം ചെലുത്തിയും നടക്കുന്ന മതം മാറ്റം', 'നിര്‍ബന്ധിത മത പരിവര്‍ത്തനം' എന്നിവയാണ് അതില്‍ പറയുന്ന കാര്യങ്ങള്‍. ബില്ല് അവതരിപ്പിക്കുമ്പോള്‍ നാലാം പാരഗ്രാഫില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നിയമ നിര്‍മ്മാണ സഭയുടെ നിലവാരത്തിന് ചേരാത്ത കാര്യങ്ങളായിരുന്നു. "ആളുകളെ മതം മാറ്റി സ്വന്തം മതത്തിലുള്ളവരുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെ ആളുകള്‍ പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്യുകയും മതം മാറ്റുകയും ചെയ്യുന്ന സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. വിവാഹത്തിന് വേണ്ടി മാത്രമായി മതം മാറുകയും വിവാഹശേഷം പെണ്‍കുട്ടിയെ മറ്റ് മതത്തിലേക്ക് മാറ്റുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്." ഈ പ്രസ്താവനയുടെ ബാക്കിഭാഗവും ആശ്ചര്യപ്പെടുത്തുന്നതാണ്. ഷഫിന്‍ Vs അശോകന്‍ എന്ന കേസിലും അമന്‍ ബേഗ് Vs സ്‌റ്റേറ്റ് ഓഫ് മധ്യപ്രദേശ് എന്ന കേസിലും ഈ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍, ഷഫിന്‍ ജഹാന്‍ Vs അശോകന്‍ (ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ്) എന്ന കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മനഃപൂര്‍വ്വമോ അല്ലാതെയോ ഈ പ്രസ്താവനയുടെ ഭാഗമായി ഉള്‍പ്പെടുത്തിയില്ല.

(തുടരും)

livelaw.in ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ : തോമസ് കൊമരിക്കല്‍

Leave a comment