TMJ
searchnav-menu
post-thumbnail

Outlook

എൻഡിടിവി അദാനിക്ക് നൽകാനുള്ള അംബാനിയുടെ പ്രേരണ എന്താവും?

24 Aug 2022   |   1 min Read
കെ പി സേതുനാഥ്

ടെലിവിഷൻ വാർത്തകളുടെയും, വീക്ഷണങ്ങളുടെയും മേഖലയിലെ ഇന്ത്യയിലെ പ്രഥമ സ്വകാര്യ സംരഭമായ എൻഡിടിവി (ന്യൂഡൽഹി ടെലിവിഷൻ) എന്ന മാധ്യമസ്ഥാപനത്തെ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന്റെ കേളികൊട്ടുകളാണ് ചൊവ്വാഴ്ച മുതൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വർത്തമാനം. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദൂരദർശനിൽ 1980 ന്റെ രണ്ടാം പകുതിയിൽ 'വേൾഡ് ദിസ് വീക്ക്' എന്ന പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടാണ് എൻഡിടിവിയും പ്രണോയ് റോയിയും ഇന്ത്യൻ ടെലിവിഷൻ മേഖലയിലെ നിത്യസാന്നിദ്ധ്യമായി മാറുന്നത്. എൻഡിടിവിയുടെ സ്ഥാപകരായ രാധിക റോയി, പ്രണോയ് റോയി എന്നിവരുടെ പേരിലുള്ള ആർആർപിആർ എന്ന സ്ഥാപനത്തിന്റെ പക്കലുണ്ടായിരുന്ന എൻഡിടിവിയുടെ 29 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന്റെ മാധ്യമ സംരഭമായ എഎംജി മീഡിയ നെറ്റ്വർക്ക് എന്ന സ്ഥാപനം ഏറ്റെടുത്തതാണ് ഇപ്പോഴത്തെ വാർത്തകളുടെ പ്രചോദനം. അദാനി ഏറ്റെടുക്കുന്നതോടെ മാധ്യമ സ്വാതന്ത്ര്യത്തിന് സംഭവിക്കുന്ന ആപത്തിനെക്കുറിച്ചുള്ള നെഞ്ചത്തടികളും നിലവിളികളും മാറ്റിവച്ചാൽ വൻകിട മൂലധനത്തിന്റെ ക്രയവിക്രയങ്ങളുടെ മേഖലയിൽ അരങ്ങേറുന്ന ചടുലമായ മാറ്റങ്ങളുടെ സ്വഭാവത്തെ പറ്റി ചെറുതായെങ്കിലും ഒരു ധാരണ രൂപീകരിക്കുവാൻ ഈ ഡീലിന്റെ പിന്നാമ്പുറ കഥകൾ സഹായിക്കും. എൻഡിടിവി പോലുള്ള ഒരു ബ്രാൻഡ് അദാനിയുടെ കൈവശമെത്താൻ മുകേഷ് അംബാനിയുടെ റിലയൻസ് സാമ്രാജ്യം എളുപ്പത്തിൽ അനുവദിച്ചതിന്റെ പൊരുളാവും പിന്നാമ്പുറ കഥകളിലെ ഒരു പ്രധാന ചേരുവയെന്ന കാര്യത്തിൽ സംശയമില്ല.

എൻഡിടിവി അദാനിയിലെത്തുമെന്ന ഇപ്പോഴത്തെ ഭീതിയുടെ വേരുകൾ പാകുന്നത് 2009 ലാണ്. പക്ഷെ അപ്പോൾ അദാനിയെന്ന പേര് കോർപ്പറേറ്റ് വൃത്തങ്ങളിൽ അത്ര പരിചിതമല്ലായിരുന്നു. എൻഡിടിവിയുടെ 29 ശതമാനം ഓഹരികൾ കൈവശമുണ്ടായിരുന്ന രാധിക റോയി, പ്രണോയ് റോയി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വിശ്വപ്രധാൻ കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 403.85 കോടി രൂപ 2009 ൽ വായ്പയായി നൽകുന്നതിലാണ് ഇപ്പോൾ അദാനിയിലെത്തി നിൽക്കുന്ന കഥയുടെ തുടക്കം. ധനകാര്യ ഇടപാടുകളുടെ ജാർഗണിൽ പറഞ്ഞാൽ അൺസെക്യുർഡ് ലോൺ. അതായത് പ്രത്യേകിച്ച് ഈടുകളൊന്നും ഇല്ലാതെ നൽകിയ വായ്പയെന്നു പറയാം. പക്ഷെ ഒരു ഉപാധിയുണ്ടായിരുന്നു. അതായത് ആർആർപിആറിന്റെ 99.9 ശതമാനം ഓഹരികളും കൈകാര്യം ചെയ്യുന്നതിനുള്ള നിയമപരമായ അവകാശം വിശ്വപ്രധാനിൽ നിക്ഷിപ്തമായിരുന്നു. ആരായിരുന്നു ഈ വിശ്വപ്രധാനു പിന്നിൽ. വിശ്വപ്രധാൻ പണം സമാഹരിച്ചത് ഷിനാനോ റീട്ടൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു സ്ഥാപനത്തിൽ നിന്നായിരുന്നു. ഷിനാനോയുടെ പണം റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ്സ് ആന്റ് ഹോൾഡിംഗ്സ് ലിമിറ്റഡ് (ആർഎഐഐഎച്ച്എൽ) എന്ന സ്ഥാപനവും. സാക്ഷാൽ മുകേഷ് അംബാനിയുടെ റിലയലൻസ് ഇൻഡസ്ട്രീസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാണ് ആർഐഐഎച്ച്എൽ. 2009 ൽ ആർആർപിആർ എടുത്ത 403.85 കോടി രൂപയുടെ വായ്പ രാധിക-പ്രണോയ് റോയിമാർ ഇതുവരെ മടക്കി നൽകിയിട്ടില്ല. വായ്പ നൽകിയ വിശ്വപ്രധാൻ ആർആർപിആറിന്റെ ഓഹരികൾ മറ്റൊരാൾക്ക് കൈമാറിയതിനെ നിയമപരമായി ചോദ്യം ചെയ്യാനാവില്ല. അതിനുള്ള അവകാശം അവർക്കുള്ളതിനാൽ അത് സംബന്ധിച്ച വലിയ വർത്തമാനങ്ങൾക്ക് പ്രസക്തിയില്ല.

രാധിക & പ്രണോയ് | PHoto: wiki commons

എൻഡിടിവിയുടെ 29 ശതമാനം ഓഹരികൾ അതിന്റെ സ്ഥാപകരായ രാധിക, പ്രണോയി റോയിമാർ 2009 ൽ തന്നെ 400 കോടിയിലധികം രൂപക്ക് വിറ്റുവെന്നു പറയുന്നതാവും ശരി. റോയി ദമ്പതിമാരുടെ കൈവശം എൻഡിടിവിയുടെ 62 ശതമാനത്തോളം ഓഹരികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ കൈവശമെത്തിയിട്ടുള്ള 29 ശതമാനം ഓഹരികൾ കഴിച്ചാൽ 32 ശതമാനം ഓഹരികൾ ഇപ്പോഴും റോയി ദമ്പതികളുടെ പക്കലാണ്. പക്ഷെ 29 ശതമാനം കൈക്കലാക്കിയ അദാനി ഗ്രൂപ്പ് എൻഡിടിവിയുടെ 26 ശതമാനം ഓഹരികൾ കൂടി തുറന്ന വിപണിയിൽ നിന്നും സമാഹരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കമ്പനിയുടെ ഭൂരിപക്ഷ ഉടമസ്ഥാവകാശം അദാനിയിലെത്തുവാൻ അധികം കാലതാമസമുണ്ടാവില്ലെന്നു കരുതേണ്ടിയിരിക്കുന്നു. റോയിമാരുടെ പക്കലുള്ള 62 ശതമാനം ഓഹരികൾ കഴിഞ്ഞാൽ ബാക്കി വരുന്ന 38 ശതമാനത്തോളം മറ്റുള്ളവരുടെ പക്കലാണ്. അതിൽ മൗറീഷ്യസ് ആസ്ഥാനമായുള്ള LTS Investment Fund ന്റെയും, Viskas India EIF Fund ന്റെയും കൈവശം യഥാക്രമം 9.75 ഉം, 4.42 ശതമാനം വീതം ഓഹരികൾ ലഭ്യമാണ്. അതിൽ LTS Fund ഇന്ത്യയിൽ 13 കമ്പനികളിലായി നിക്ഷേപിച്ചിട്ടുള്ള 19,328 കോടി രൂപയിൽ 18,916.7 കോടി രൂപയും അദാനി ഗ്രൂപ്പിന്റെ നാലു കമ്പനികളിലാണെന്ന കാര്യം ശ്രദ്ധേയമാണ്. അതായത് LTS ന്റെ പക്കലുള്ള 9.75 ശതമാനം ഓഹരി കൈക്കലാക്കിയാൽ തന്നെ എൻഡിടിവിയുടെ ഏകദേശം 39 ശതമാനം ഓഹരികളും സ്വന്തമാവുന്ന അദാനി ഏറ്റവും വലിയ ഓഹരി ഉടമയാകും. ജൂലൈ ആദ്യവാരത്തിൽ ശരാശരി 160 രൂപയുണ്ടായിരുന്ന എൻഡിടിവിയുടെ ഓഹരിവില കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ 300 രൂപ കഴിഞ്ഞതിന്റെ പൊരുൾ അദാനിയുടെ വരവോടെ വ്യക്തമായി. 'എല്ലാ പന്നികളും തുല്യരല്ലെന്ന'' ഓർവെല്ലിന്റെ യുക്തി ഭംഗിയായി ഓപ്പറേറ്റു ചെയ്യുന്ന സ്ഥലം വിപണിയാണെന്നു മനസ്സിലാക്കിയാൽ ഓഹരിയിലെ ഈ കയറ്റത്തിന്റെ രഹസ്യവും മനസ്സിലാവും. ചൊവ്വാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോൾ സ്റ്റോക് എക്സ്ചേയ്ഞ്ചിൽ 376.55 രൂപക്ക് ക്ലോസ്സ് ചെയ്ത എൻഡിടിവിയുടെ ഓഹരി ഒന്നിന് ഓപ്പൺ ഓഫറായി 294 രൂപ അദാനി ഗ്രൂപ്പ് മുന്നോട്ടു വച്ചതിന്റെ പിന്നിൽ സെബിയുടെ ചില നിബന്ധനകളാണെന്ന് വിപണിയിലെ വിദഗ്ധർ വിശദീകരീക്കുന്നു. എൻഡിടിവിയുടെ ഓഹരി 388 രൂപ നിരക്കിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഗൗതം അദാനിക്ക് വേണ്ടി വഴിമാറുവാൻ മുകേഷ് അംബാനി നിർബന്ധിതനായോയെന്ന ചോദ്യം കൊച്ചു വർത്തമാനങ്ങളിൽ മാത്രമായി ഒതുങ്ങുന്നതല്ല. ഇന്ത്യൻ ഭരണവർഗ്ഗങ്ങളിലെ വിവിധ അധികാര ബ്ലോക്കുകൾ തമ്മിലുള്ള മത്സരങ്ങളുടെയും ഒത്തുതീർപ്പുകളുടെയും വിശാലതയിലാവും ഈ ചോദ്യത്തിന്റെ ഉത്തരം.

അംബാനിയുടെ നിയന്ത്രണത്തിലുള്ള ഷെൽ കമ്പനിയായ വിശ്വപ്രധാൻ എൻഡിടിവി പോലുള്ള ഒരു സ്ഥാപനത്തിന്റെ നിയന്ത്രണം അദാനിക്ക് താലത്തിൽ വച്ചുനീട്ടിയതിന്റെ കാരണം എന്താവുമെന്ന ചോദ്യമാണ് പരമപ്രധാനം. അംബാനി, അദാനി ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരം രൂക്ഷമാകുന്നുവെന്ന കോർപ്പറേറ്റു കൊച്ചുവർത്തമാനങ്ങളുടെ മൂർദ്ധന്യത്തിലാണ് ഈ കൈമാറ്റമെന്നതാണ് ശ്രദ്ധേയം. ഗൗതം അദാനിക്ക് വേണ്ടി വഴിമാറുവാൻ മുകേഷ് അംബാനി നിർബന്ധിതനായോയെന്ന ചോദ്യം കൊച്ചു വർത്തമാനങ്ങളിൽ മാത്രമായി ഒതുങ്ങുന്നതല്ല. ഇന്ത്യൻ ഭരണവർഗ്ഗങ്ങളിലെ വിവിധ അധികാര ബ്ലോക്കുകൾ തമ്മിലുള്ള മത്സരങ്ങളുടെയും ഒത്തുതീർപ്പുകളുടെയും വിശാലതയിലാവും ഈ ചോദ്യത്തിന്റെ ഉത്തരം. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയാനാവാതെ അഥവാ തിരിച്ചറിഞ്ഞാൽ തന്നെ അതിനെ തടയാൻ ഒന്നും ചെയ്യാനാകാതെ നിസ്സഹായതയോടെ നോക്കി നിൽക്കേണ്ട അവസ്ഥയിലായ ഇന്ത്യയിലെ ഏറ്റവുമധികം വിശ്വാസ്യതയാർജ്ജിച്ച ടെലിവിഷൻ മാധ്യമ സ്ഥാപനത്തിന്റെ ദുര്യോഗമെന്ന വിധിവൈപരീത്യത്തെ എങ്ങനെയാണ് മനസ്സിലാക്കുകയെന്ന ചോദ്യവും മർമ്മപ്രധാനമാണ്. കടബാധ്യത താങ്ങാവുന്നതിലും അധികമായ അപകടകരമായ സ്ഥിതിയിലാണ് അദാനി ഗ്രൂപ്പെന്ന ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് എൻഡിടിവിക്കായി അദാനി പിടിമുറുക്കുന്നതിന്റെ വാർത്ത പുറത്തുവന്നത്. ഫിച്ച് ഗ്രൂപ്പിന്റെ ഭാഗമായ ക്രെഡിറ്റ് സൈറ്റ്സ് ആണ് അദാനി ഗ്രൂപ്പിന്റെ പെരുകുന്ന കടബാധ്യതയെക്കുറിച്ചുള്ള ഉത്കണ്ഠകൾ പ്രകടപ്പിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. വിഴിഞ്ഞത്തിന്റെ വികസനം അദാനിയിലൂടെ എന്നു പെരുമ്പറയടിക്കുന്ന കേരളത്തിലെ വികസനവാദികൾ ഈ റിപ്പോർട്ട് വായിച്ചാൽ ശേഷം ചിന്ത്യമെന്ന ജാതകമെഴുത്തുകാരുടെ സ്ഥിതിയിലെത്തുമെന്ന അവസ്ഥയിലാവുമെന്നു പറഞ്ഞാൽ തെറ്റില്ലെന്നു തോന്നുന്നു.

Leave a comment