TMJ
searchnav-menu
post-thumbnail

Outlook

കാല്‍പ്പനിക പരിസ്ഥിതിവാദമല്ല വേണ്ടത്, യുക്തിസഹമായ പാരിസ്ഥിതിക പ്രതിരോധം

05 Jun 2022   |   1 min Read
രഞ്ജിത്ത് കല്യാണി

PHOTO: WIKI COMMONS

സൈലന്റ് വാലി മുതല്‍ കീഴാറ്റൂര്‍ വരെ നീളുന്ന പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ സുദീര്‍ഘമായ അനുഭവത്തെ സമൂഹമെന്ന നിലയില്‍ കേരളവും, മലയാളികളും ഉള്‍ക്കൊണ്ടതിന്റെയും, സ്വാംശീകരിച്ചതിന്റെയും നാള്‍വഴികള്‍ സമഗ്രമായി ഇനിയും രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. വികസന വാദികളും, വികസന വിരോധികളുമെന്ന ദ്വന്ദ്വത്തിലാണ് പൊതുമണ്ഡലത്തില്‍ ഇപ്പോഴും പരിസ്ഥിതി വിഷയം അവതരിപ്പിക്കപ്പെടുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. വളരെ ചുരുക്കം ചില ഇടപെടലുകള്‍ മാറ്റി നിര്‍ത്തിയാല്‍ പൊതുവെയുള്ള അതിന്റെ സ്വഭാവം പഴിചാരലുകളുടേതായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് രഞ്ജിത്ത് കല്യാണിയുടെ പംക്തിയുടെ പ്രസക്തി. ‘പാരിസ്ഥിതിക പ്രതിസന്ധിയും, പരിസ്ഥിതിവാദ പ്രതിസന്ധിയും’ എന്ന പരിപ്രേക്ഷ്യത്തിലാണ് മുംബൈ IIT-യില്‍ പാരിസ്ഥിതിക സാമൂഹ്യശാസ്ത്രത്തില്‍ (Environmental Sociology) ഗവേഷകനായ രഞ്ജിത്ത് ഈ വിഷയത്തെ അഭിസംബോധന ചെയ്യുന്നത്. ലോക പരിസ്ഥിതിദിനത്തില്‍ തുടക്കമിടുന്ന ഈ വ്യത്യസ്ഥമായ എഴുത്ത് പരമ്പര കേരളത്തിലെ പരിസ്ഥിതി സംവാദങ്ങളില്‍ ഗുണപരമായ ഇടപെടലുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുമെന്നത് തീര്‍ച്ചയാണ്.

ഒന്നാം ഭാഗം: പാരിസ്ഥിതിക പ്രതിസന്ധിയും പരിസ്ഥിതിവാദ പ്രതിസന്ധിയും

മുന്‍വർഷങ്ങളെപ്പോലെത്തന്നെ ഈ ജൂൺ അഞ്ചും ലോകമാകമാനം പരിസ്ഥിതിദിനമായി ആചരിക്കുകയാണ്. ഇത്തവണ മറ്റൊരു പ്രത്യേകതകൂടി ഉണ്ട്, പരിസ്ഥിതി ദിനം എന്ന ആശയത്തിനും 70 കളിലും 80 കളിലും ലോകമാകെ വലിയ ചലനമുണ്ടാക്കിയ സ്റ്റോക്ക്ഹോം പരിസ്ഥിതി സമ്മേളനത്തിനും 50 വയസ്സായിരിക്കുന്നു. ആദ്യകാലങ്ങളിൽ സ്റ്റോക്ഹോം സമ്മേളനം ലോകത്താകമാനം ചെലുത്തിയ സ്വാധിനം വലുതായിരുന്നു. കേരളത്തിൽ പോലും സൈലന്റ്‌വാലി സമരം പോലെ ഐതിഹാസികമായ ഒരു പരിസ്ഥിതി മുന്നേറ്റം രൂപപ്പെടുത്തുന്നതിൽ സ്റ്റോക്ഹോം സമ്മേളനത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. വർഷങ്ങൾ കഴിയും തോറും ഈ ദിവസത്തിന് ഗുണഭോക്താക്കൾ ഏറിവരുന്നുണ്ട്. എന്നാൽ, ഈ വർദ്ധനവ് പരിസ്ഥിതിയെ സംബന്ധിച്ച കാതലായ പുതിയ തിരിച്ചറിവുകളിലേക്കോ പാരിസ്ഥിതിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനുവേണ്ട സമൂലമായ സാമൂഹ്യമാറ്റത്തിലേക്കോ ലോകത്തെ നയിക്കുന്നില്ല എന്നുകാണാം.

ലോകമെമ്പാടുമുള്ള ജനസമൂഹങ്ങൾ കടുത്ത പാരിസ്ഥിതിക പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു എന്നകാര്യത്തിൽ അഭൂതപൂർവമായ അഭിപ്രായ ഐക്യങ്ങൾ ഉണ്ടാകുന്ന കാലമാണിത്. ശാസ്ത്രീയ പഠനങ്ങൾ മുമ്പത്തേതിനേക്കാൾ ഇക്കാര്യം ശരിവെക്കുന്നു. ശാസ്ത്രേതരമായ, സാധാരണക്കാരുടെ ഐന്ദ്രിയ അനുഭവങ്ങൾ ഇത് ശരിവെക്കുന്നു. ലോകത്താകെ പൊതുമണ്ഡലങ്ങളിൽ ഈ ചർച്ചകൾ നടക്കുന്നു. പരിസ്ഥിതി പ്രതിസന്ധിയെ കുറിച്ചുള്ള ഈ അഭിപ്രായ ഐക്യങ്ങൾ പക്ഷെ പരിസ്ഥിതിവാദത്തെ (environmentalism) ക്കുറിച്ചുള്ള ചർച്ചകളിൽ കാണുന്നില്ല. ലോകം കടുത്ത പാരിസ്ഥിതിക വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുമ്പോഴും 1970 കളിൽ രൂപം കൊള്ളുന്ന പരിസ്ഥിതിവാദവും പ്രസ്ഥാനങ്ങളും വലിയ ബഹുജന മുന്നേറ്റങ്ങളായോ മറ്റേതെങ്കിലും തരത്തിൽ സ്വാധീനശക്തിയായോ വളർന്നിട്ടില്ല എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണാം. എന്നുമാത്രമല്ല, മുൻപ് ഉണ്ടായിരുന്നതിനേക്കാൾ പാരിസ്ഥിതിക-വിരുദ്ധ മുന്നേറ്റങ്ങൾ കൂടുകയും ചെയ്യുന്നുണ്ട്. സ്‌റ്റോക്ഹോമിന്റെ പ്രധാന ശേഷിപ്പായി ഇന്ന് അവശേഷിക്കുന്ന ഒരു കാര്യം വൻതോതിൽ പ്രകൃതിചൂഷണം നടത്തുന്നവർക്ക് പോലും അനായാസകരമായി ആചരിക്കാവുന്ന ഈ പരിസ്ഥിതിദിനവും അതുമായി ബന്ധപ്പെട്ട ഒരുതരം മാമൂൽ പരിസ്ഥിതി വാദവുമാണ്.

photo: wiki commons

ഈ വൈരുദ്ധ്യത്തെപ്പറ്റി ആലോചിക്കുന്നതുപോയിട്ട് ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കാൻപോലും മെനക്കെടുന്നില്ല എന്നത് മുഖ്യധാരാ പരിസ്ഥിതിപ്രവർത്തകർ ലോകത്താകമാനം നേരിടുന്ന ഒരു വിമർശനമാണ്. ആഗോള താപനം ഉൾപ്പെടെയുള്ള അപകടങ്ങൾ നേരിടാൻ സജ്ജമാണോ സ്റ്റോക്ക്ഹോം മുന്നോട്ടുവച്ച മുഖ്യധാരാ പരിസ്ഥിതിവാദം? പാരിസ്ഥിതിക പ്രതിസന്ധിക്ക് കാരണമാകുന്ന അടിസ്ഥാന പ്രശ്നങ്ങളെ മനസ്സിലാക്കാനോ പുതിയ ഒരു ലോകക്രമം വിഭാവനം ചെയ്യാനോ പരിസ്ഥിതി വാദത്തിനു കഴിഞ്ഞിട്ടുണ്ടോ?

ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പരിസ്ഥിതിവാദത്തിനുള്ള പരിമിതികൾ അതിന്റെ മൗലികവും ഭവശാസ്ത്രപരമായ (ontological) പോരായ്മയാണോ അതോ സാങ്കേതികവും പ്രായോഗികവുമായ ഒരു പ്രശ്നമാണോ? പരിസ്ഥിതിവാദം ചരിത്രപരതയുടെ വീക്ഷണകോണുകളോട് പലപ്പോഴും നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്? പരിസ്ഥിതിവാദം സംബന്ധിച്ച സൈദ്ധാന്തികമുരടിപ്പുകൾ എന്തുകൊണ്ട് ഉണ്ടാകുന്നു? പരിസ്ഥിതി എന്നാൽ എന്താണ്? ആ സങ്കല്പം എങ്ങനെ ഉണ്ടായി? എന്തൊക്കെയാണ് അതിന്റെ ഭൗതിക-ഭൗമിക-ജൈവിക-സാമൂഹിക വിവക്ഷകൾ ? അതിന്റെ ആന്തരിക നിർമ്മിതി ചരിത്രപരമാണോ ? എന്താണ് പ്രകൃതി? പ്രകൃതി, പരിസ്ഥിതി, എക്കോളജി, തുടങ്ങിയവ സങ്കൽപ്പങ്ങൾ മുന്നോട്ടു വയ്ക്കുന്ന സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ പരിസരങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇത്തരത്തിൽ പരിസ്ഥിതിയെയും പാരിസ്ഥിതികതയെയും സംബന്ധിച്ച അടിസ്ഥാന സങ്കൽപ്പനങ്ങളുടെ രൂപീകരണങ്ങളിലേക്കും അതിലൂടെ രൂപപ്പെടുന്ന ചില പ്രശ്നങ്ങളിലേക്കുമുള്ള സമൂഹപഠന (sociological) അന്വേഷണങ്ങളായിട്ടാണ് ഈ പംക്തി ആലോചിക്കുന്നത്.

പരിസ്ഥിതിവാദം എന്നത് പ്രാപഞ്ചികവും ഏകശിലാരൂപിയുമായ ഒരു സങ്കല്പനം ആയല്ലാതെ പലതരം സന്ദർഭങ്ങളിൽ പലരീതിയിൽ രൂപപ്പെടുന്ന ഒന്നായി പരിഗണിക്കുന്ന സമീപനരീതികളാണ് സമൂഹപഠിതാക്കൾ പൊതുവെ സ്വീകരിക്കുന്നത്. ഈ പക്തിയും അത്തരം ഒരു സമീപനമാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, അമേരിക്കൻ ഐക്യ നാടുകളിൽ രൂപമെടുത്ത പരിസ്ഥിതിവാദം പോലെയല്ല അത് ലാറ്റിൻ അമേരിക്കയിലോ മറ്റു ദക്ഷിണാർദ്ധ സമൂഹങ്ങളിലോ രൂപപ്പെടുന്നത്. ഇത്തരത്തിൽ ഒരു അനന്യത ഇന്ത്യയിലും ദൃശ്യമാണ്.

ഈ രാഷ്ട്രീയ പോരാട്ടങ്ങളെക്കാൾ, സയൻസിക പ്രവർത്തനങ്ങൾ മുന്നിട്ടുനിന്ന സയലന്റ് വാലി സമരത്തിന് അമിത പ്രാധാന്യം കിട്ടുന്നത്തിന്റെ സോഷ്യോളജിക്കൽ വശങ്ങൾ മനസ്സിലാക്കുകയും അതിനോട് എൻഗേജ് ചെയ്യുകയും ചെയ്യുക എന്നത് ഗൗരവമായ പാരിസ്ഥിതിക ആലോചനകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം ആലോചനകൾക്കോ അപഗ്രഥനങ്ങൾക്കോ സഹായകമായ ചട്ടക്കൂടുകളോ ഉപകരണങ്ങളോ വിജ്ഞാനം പോലുമോ പരിസ്ഥിതിക ചർച്ചകളിൽ സാധാരണയായി കടന്നുവരാറില്ല.

കേരളീയ പശ്ചാത്തലത്തില്‍ സൈലന്റ് വാലിയെ മുന്‍നിര്‍ത്തുമ്പോള്‍

സൈലന്റ് വാലി സമരത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരും ശാസ്ത്ര പ്രചാരകരും മറ്റു പ്രവർത്തകരുമാണ് പരിസ്ഥിതി എന്ന സങ്കൽപത്തെയും പാരിസ്ഥിതിക എന്ന നാമവിശേഷണത്തെയും മലയാളികൾക്ക് പരിചയപെടുത്തുന്നത്. 1970 കളുടെ അവസാന പാദം മുതൽ 'പാരിസ്ഥിതിക' എന്ന നാമ വിശേഷണത്തിൽ ആരംഭിക്കുന്ന പ്രമേയങ്ങളെ സംബന്ധിച്ചുള്ള ആലോചനകൾ കേരളത്തിൽ ധാരാളമായി നടന്നുവരുന്നുണ്ട്. വിവിധങ്ങളായ- ചിലപ്പോഴൊക്കെ പരസ്പര വിരുദ്ധവുമായ- പരിസ്ഥിതി സംബന്ധമായ ആലോചനകളെയും മുന്നേറ്റങ്ങളെയും സൈലന്റ് വാലി സമരത്തിന്റെ ലേബൽ ഒട്ടിച്ചോ അല്ലെങ്കിൽ ആ സമരത്തെ ഒരു ഫ്രെയിം ഓഫ് റഫറൻസ് ആക്കിയോ മാത്രം അവതരിപ്പിക്കുക എന്നത് ഈ ചർച്ചകളുടെ ഒരു പൊതുസ്വഭാവമാണ്. അക്കാദമികമായ പഠനങ്ങളിലും ആക്ടിവിസ്റ്റ് ചർച്ചകളിലും ഒരുപോലെ സൈലന്റ് വാലിയുടെ നെടുനായകത്വം കാണാം.

തീർച്ചയായും സൈലന്റ് വാലി സമരത്തിന് പലതരത്തിലുള്ള പ്രസക്തികൾ ഉണ്ട്. ആ അർത്ഥത്തിൽ ആ സമരം പരിഗണിക്കപ്പെടേണ്ടതും ബഹുമാനിക്കപ്പെടേണ്ടതും ആണ്. എന്നാൽ ഇന്ന് കാണുന്ന അതിരുകവിഞ്ഞ ഈ സൈലന്റ് വാലി അഭിനിവേശം എന്നത് വിമർശനാത്മകമായി മനസ്സിലാക്കേണ്ടതാണ്. ഇത് നിരുപദ്രവകരവും കാല്പനികവുമായ ഒരു ഭൂതകാല വിജയത്തെ അഘോഷിക്കുന്നതിന്റെ പ്രശ്നമല്ല മറിച്ച് പരിസ്ഥിതിവാദത്തിന്റെ പൊളിറ്റിക്കൽ ഫിലോസഫിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ്. അതായത്, സൈലന്റ് വാലി സമരത്തിന്റെ അനുകരണങ്ങൾ അല്ലാത്ത പാരിസ്ഥിതിക ധാരകളോടുള്ള അവഗണന, പാരിസ്ഥിതിക ചർച്ചകളുടെ ശാസ്ത്രവൽക്കരണത്തിനുള്ള (scientization) അമിത പ്രാധാന്യം എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ.

ഏതാണ്ട് സൈലന്റ് വാലി സമരകാലത്ത് തന്നെയാണ് പെരിയാറിലെയും ചാലിയാറിലെയും മലിനീകരണത്തിനെതിരെ തദ്ദേശീയ ജനതയുടെ നേതൃത്വത്തിൽ സമരങ്ങൾ ആരംഭിക്കുന്നത്. ഈ രാഷ്ട്രീയ പോരാട്ടങ്ങളെക്കാൾ, സയൻസിക പ്രവർത്തനങ്ങൾ മുന്നിട്ടുനിന്ന സൈലന്റ് വാലി സമരത്തിന് അമിത പ്രാധാന്യം കിട്ടുന്നത്തിന്റെ സോഷ്യോളജിക്കൽ വശങ്ങൾ മനസ്സിലാക്കുകയും അതിനോട് എൻഗേജ് ചെയ്യുകയും ചെയ്യുക എന്നത് ഗൗരവമായ പാരിസ്ഥിതിക ആലോചനകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം ആലോചനകൾക്കോ അപഗ്രഥനങ്ങൾക്കോ സഹായകമായ ചട്ടക്കൂടുകളോ ഉപകരണങ്ങളോ വിജ്ഞാനം പോലുമോ പരിസ്ഥിതിക ചർച്ചകളിൽ സാധാരണയായി കടന്നുവരാറില്ല. പാരിസ്ഥിതികവാദത്തിന്റെ ഇത്തരം പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ട് മാത്രമേ പരിസ്ഥിതി പ്രതിസന്ധിയെ അഭിമുഖീകരിക്കാനാകൂ. സയൻസികവും എക്കോളോജിക്കലും ആയ പ്രവർത്തനങ്ങൾക്കൊപ്പം സമൂഹപഠനപരമായ ആലോചനകൾകൂടി ചേർന്ന് മാത്രമേ അത് സാധ്യമാകൂ.

അനാവശ്യ കാല്പനികതകൾ മാറ്റിനിർത്തി കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനത്തെ നിശിതമായ വിലയിരുത്തലുകൾക്കും വിമർശനങ്ങൾക്കും വിധേയമാക്കുക എന്നത് പ്രാധാനമാണ്. ഇന്ത്യയിലും കേരളത്തിലും ഇക്കാലങ്ങളിൽ ഉണ്ടായ മറ്റു പാരിസ്ഥിതിക മുന്നേറ്റങ്ങളിൽ നിന്ന് എപ്രകാരമൊക്കെയാണ് സൈലന്റ് വാലി സമരം വ്യത്യസ്തമാകുന്നത്? ഈ വ്യത്യസ്തതകളുടെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങൾ എന്തൊക്കെയാണ്? ഒറ്റനോട്ടത്തിൽ പരസ്പര വിരുദ്ധങ്ങൾ ആണെന്ന് ത്വാതികമായി എങ്കിലും ആരോപിക്കാവുന്ന scientism, literary romantism, deep ecology തുടങ്ങിയ ധാരകൾക്ക് എങ്ങനെ സഹവർത്തിത്തത്തോടെ പ്രവർത്തിക്കാനായി? ഈ സമരത്തിൽ ഭാഗധേയം ഉണ്ടായിരുന്നത് ആർക്കാണ്? അവരുടെ ജാതി, വർഗ്ഗം, ലിംഗപദവി, തുടങ്ങിയ നിലകൾ അവരുടെ പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിച്ചു? ഈ സമരം പരിചയപ്പെടുത്തിയ പരിസ്ഥിതി എന്ന സങ്കൽപത്തിന്റെയും അതിന്റെ ഭൗതിക പ്രതിനിധാനങ്ങളുടെയും സ്വഭാവം എന്തൊക്കെയാണ് ?

photo: wiki commons

ഇത്തരം ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ പ്രധാനമായും രണ്ടു തരത്തിലുള്ള ആലോചനകൾ നടത്തേണ്ടതുണ്ട്. ഒന്ന് പരിസ്ഥിതി എന്ന സങ്കൽപ്പവുമായി ബന്ധപ്പെട്ട അടിസ്ഥാന സൈദ്ധാന്തിക പ്രശ്നങ്ങളെപ്പറ്റി ആണ്. രണ്ടാമത്തേത് കേരളത്തിന്റെ പശ്ചാത്തലത്തിലെ പരിസ്ഥിതിവാദവുമായി ബന്ധപ്പെട്ട പ്രത്യേകതകളെ പറ്റിയുള്ളതാണ്. ഈ രണ്ടു മേഖലകളെയും സമഗ്രമായി പരിശോധിച്ച് പരിസ്ഥിതി വാദത്തിന്റെ ചില കാലിക പ്രതിസന്ധികളെ അനാവരണം ചെയ്യാനാണ് ഈ പംക്തി ഉദ്ദേശിക്കുന്നത്.

കേരളത്തിലെ അടിസ്ഥാന പാരിസ്ഥിതിക അവബോധം സൈലന്റ് വാലി മുന്നോട്ടുവച്ച സയൻസികമായ സമീപനങ്ങളുടേതാണോ എന്ന മൗലികചോദ്യം ചോദിച്ചുകൊണ്ട് മാത്രമേ ഈ ചർച്ചകൾക്ക് മുന്നോട്ടു പോകുവാൻ ആകൂ. മേൽ സൂചിപ്പിച്ചതു പോലെ, സൈലന്റ് വാലി സമരത്തിന്റെ പ്രധാന ആന്തരിക ധാരകൾ സയൻസിന്റേയും കാല്പനിക സാഹിത്യത്തിന്റേതും ആയിരുന്നു എന്ന് കാണാം. എന്നാൽ ഈ സമരത്തിനുശേഷം കേരളത്തിൽ നടന്ന അനേകം പാരിസ്ഥിതിക മുന്നേറ്റങ്ങളിലൊന്നും ഈ ധാരകൾ കാര്യമായി ദർശിക്കാനാവില്ല. അവ സ്റ്റോക്ഹോം സമ്മേളനത്തിന്റെ ഊർജത്തിൽ നിന്നുണ്ടായതല്ല. മറിച്ച് അവ വിഭവങ്ങളുടെ അധികാരം, സാമൂഹിക നീതി, പാരിസ്ഥിതിക നീതി, അവകാശം, അതിജീവനം, ഉപജീവനം തുടങ്ങിയ ചോദ്യങ്ങളെ മുൻനിർത്തി രൂപമെടുത്തവയാണ്. ചരിത്രപരമായി പുറംതള്ളപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ ചെറുത്തുനിൽപ്പുകളുമായി കണ്ണിചേർന്നാണ് കേരളത്തിലെ പല മുന്നേറ്റങ്ങളും ഉണ്ടായിട്ടുള്ളത്. എന്നാൽ കേരളത്തിന്റെ മുഖ്യധാരാ പരിസ്ഥിതി പ്രവർത്തകർ, മാധ്യമങ്ങൾ, ബുദ്ധിജീവികൾ തുടങ്ങിയവർ ഈ ഒരു വശം അവതരിപ്പിച്ചുകാണാറില്ല. മറിച്ച് പരിസ്ഥിതി എന്നത് എക്കോളജിക്കൽ പ്രാധാന്യം, ജൈവ വൈവിധ്യം, ജൈവ-പ്രണയം (biophilia) , സൗന്ദര്യാത്മകത തുടങ്ങിയവ ആയാണ് അവതരിപ്പിക്കപ്പെടാറുള്ളത്.

പാരിസ്ഥിതികത എന്നത് പ്രാപഞ്ചികവും ഏകശിലാരൂപിയും ആയ ഒരു സങ്കല്പനം അല്ല അത് ചരിത്രപരമായ ഒന്നാണ് എന്ന് മനസ്സിലാക്കുന്ന ഒരാൾക്ക് മാത്രമേ ഈ സൈലന്റ് വാലി ഭാവുകത്വത്തെ ചോദ്യം ചെയ്യാനാകൂ. ഇത്തരത്തിലുള്ള ചോദ്യം ചെയ്യലുകളാണ് പാരിസ്ഥിതിക അവബോധങ്ങൾക്ക് പുതിയ ദിശാബോധം നൽകാറുള്ളത്. കേരളത്തിലെ അവസ്ഥയിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ആലോചിക്കേണ്ടത് എന്ന് തോന്നുന്നു. ഒന്നാമത്തേത് കേരളത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അനീതിയും പാരിസ്ഥിതിക അനീതിയും കണ്ണിചേർന്നുകിടക്കുന്നു എന്ന സമൂഹപഠനപരമായ വിവേകമാണ്. സാമൂഹികമായ അനീതിയുടെ പ്രശ്നം docile and innocent ആയ ആദിവാസിയുടെ പ്രശ്നമായി മാത്രമേ പരിസ്ഥിതി പ്രവർത്തകർക്ക് മനസ്സിലാക്കാൻ സാധിക്കാറുള്ളു.

സാമൂഹിക അനീതി അനുഭവിക്കുന്ന സമുദായങ്ങൾ പ്രകൃതിദുരന്തങ്ങളെ ആനുപാതികമല്ലാത്ത രീതിയിൽ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നതാണ് ഒന്നാമത്തെ ബന്ധം. സാമൂഹികമായ അനീതി അനുഭവിക്കുന്ന സമുദായങ്ങളുടെ അറിവും അധ്വാനവും രക്ഷാപ്രവർത്തനങ്ങളിലും ദുരന്ത ലഘൂകരണ പ്രക്രിയകളിലും വലിയരീതിയിൽ ഉപയോഗപ്പെടുന്നു എന്നതാണ് രണ്ടാമത്തെ ബന്ധം.

രണ്ടാമത്തേത്, ഒരു പുതിയ ആപത്ശങ്ക സമൂഹത്തിന്റെ (risk society) രൂപീകരണവുമായി ബന്ധപ്പെട്ടതാണ്. 2018ലെ പ്രളയം മുതൽ കേരളം അഭിമുഖീകരിക്കുന്ന കടുത്ത പ്രകൃതി ദുരന്തങ്ങൾ കേരളീയരെ ഒരു ആപത്ശങ്ക സമൂഹമായി പരിവർത്തനപ്പെടുത്തുന്നുണ്ട്. അതോടൊപ്പം ആപത്ശങ്കയിൽ അധിഷ്ഠിതമായ പരിസ്ഥിതിവാദങ്ങളും രൂപപ്പെടുന്നുണ്ട്. സൈലന്റ്‌വാലി ആരാധകർ പലപ്പോഴും ഈ ആപത്ശങ്ക പരിസ്ഥിതിവാദങ്ങൾക്കും ഉടമസ്ഥാവകാശം ഉന്നയിക്കാറുണ്ട്. "ഇതൊക്കെ ഞങ്ങളൊക്കെ മുൻപേ പറഞ്ഞതല്ലേ" എന്നമട്ടിൽ. വസ്തുനിഷ്ടമായി പരിശോധിക്കുമ്പോൾ ഈ അവകാശവാദങ്ങളിൽ വലിയകഴമ്പില്ല എന്ന് കാണാനാകും. മാത്രവുമല്ല, ഈ ആപത്ശങ്ക പരിസ്ഥിതിവാദങ്ങൾക്കും സാമൂഹ്യനീതിയുമായി അടുത്ത ബന്ധമുണ്ട് എന്നും കാണാനാകും. ഈ ബന്ധം രണ്ടു തരത്തിലാണ് പ്രധാനമായും കാണാനാകുന്നത്. ഒന്ന്, സാമൂഹിക അനീതി അനുഭവിക്കുന്ന സമുദായങ്ങൾ പ്രകൃതിദുരന്തങ്ങളെ ആനുപാതികമല്ലാത്ത രീതിയിൽ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നതാണ് ഒന്നാമത്തെ ബന്ധം. സാമൂഹികമായ അനീതി അനുഭവിക്കുന്ന സമുദായങ്ങളുടെ അറിവും അധ്വാനവും രക്ഷാപ്രവർത്തനങ്ങളിലും ദുരന്ത ലഘൂകരണ പ്രക്രിയകളിലും വലിയരീതിയിൽ ഉപയോഗപ്പെടുന്നു എന്നതാണ് രണ്ടാമത്തെ ബന്ധം.

ഗാഡ്ഗിൽ റിപ്പോർട്ടിനും കസ്തൂരിരംഗൻ റിപ്പോർട്ടിനും ശേഷം സൈലന്റ് വാലി ഭാവുകത്വത്തോടും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളോടും ഉണ്ടായി വരുന്ന വലിയ രീതിയിലുള്ള സംഘടിത വിയോജിപ്പുകളാണ് മൂന്നാമത്തെ പ്രശ്നം. ഈ വിയോജിപ്പുകളെ എങ്ങനെയാണ് മനസ്സിലാക്കുക? അവ പരിസ്ഥിതി വിരുദ്ധമാണോ, പുതിയൊരു പാരിസ്ഥിതികതയെ അവതരിപ്പിക്കുന്നതാണോ അതോ പരിസ്ഥിതികാനന്തരമായ ഒന്നാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

കേരളത്തിലെ പരിസ്ഥിതി ചർച്ചകളെ നയിക്കാറുള്ളത് ജീവശാസ്ത്രപരവും ഭൂമിശാസ്ത്രപരവും എക്കോളജിക്കലും ആയ വശങ്ങളാണ്. ഇത്തരം ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഇന്നുകാണുന്ന പരിസ്ഥിതിവാദത്തിന്റെ പ്രതിസന്ധി പോലുള്ള വിഷയങ്ങളെ മനസ്സിലാക്കാൻ ഇത്തരം ചർച്ചകൾക്ക് പരിമിതികൾ ഉണ്ട്. സമൂഹപഠനത്തിന്റെ ചട്ടക്കൂടുകൾ ഉപയോഗിച്ച് എങ്ങനെയാണ് ചില പുതിയ നോട്ടങ്ങളും വിശദീകരണങ്ങളും സാധ്യമാകുക എന്ന കാര്യമാണ് പ്രാഥമികമായി ഈ പംക്തി അന്വേഷിക്കുന്നത്. ഈ പംക്തിയുടെ ഉദ്ദേശ്യം സംക്ഷിപ്തമായി അവതരിപ്പിക്കാനാണ് ഈ ആമുഖത്തിൽ ശ്രമിച്ചിട്ടുള്ളത്. ഇതിലെ പല പരാമര്‍ശങ്ങള്‍ക്കുമുള്ള വിശദീകരണങ്ങൾ തുടർന്നുള്ള ഭാഗങ്ങളിൽ നൽകുന്നതാണ്. ഇതിലെ ഭൂരിഭാഗം ആശയങ്ങളും നിരീക്ഷണങ്ങളും ഈ ലേഖകന്റേതല്ല. തുടർന്നുള്ള ഭാഗങ്ങളിലെ വിശദീകരണങ്ങളിൽ ഗ്രന്ഥസൂചിയോ ടിപ്പണിയോ യഥോചിതം നൽകുന്നതാണ്.

Leave a comment