TMJ
searchnav-menu
post-thumbnail

Outlook

പ്രശാന്ത് കിഷോർ ഉന്നം വെക്കുന്നതെന്താണ് ?

05 May 2022   |   1 min Read
ജുനൈദ് ടി പി തെന്നല

PHOTO: WIKI COMMONS

ന്ത്യൻ രാഷ്ട്രീയത്തിൽ പത്ത് വയസ്സ് മാത്രം പ്രായമുള്ള പേരാണ് പ്രശാന്ത് കിഷോറിന്റേത്. പക്ഷെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ദേശീയ മാധ്യമങ്ങളുടെ ട്രെന്റിംഗ് ടാഗ് ലൈനിൽ ആ പേര് മുന്നിൽ തന്നെയുണ്ട്. അത്രമാത്രം പ്രാധാന്യത്തോടുകൂടി പ്രശാന്ത് കിഷോർ ചർച്ച ചെയ്യപ്പെടുന്നതിൽ ഐപാക്ക് എന്ന പൊളിറ്റിക്കൽ എഞ്ചിനീയറിംഗ് ഏജൻസിയുടെ ചരിത്രം മാത്രമല്ല റഫറൻസാവുന്നത്. കിഷോർ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടി ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലുണ്ട്.

2014 ൽ നരേന്ദ്രമോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രിയെ ഒരു പാൻ ഇന്ത്യന്‍ ഫെയിമാക്കി ഉയർത്തുന്നതിലും അതുവഴി ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്ത് കുടിയിരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോർ. അലക്സാണ്ടർക്ക് അരിസ്റ്റോട്ടിലും ചന്ദ്രഗുപ്തന് ചാണക്യനും പോലെ മോദി എന്ന ബ്രാന്റിന്റെ സൃഷ്ടിപ്പിൽ കിഷോറിന്റെ പങ്ക് ചെറുതായിരുന്നില്ല. അക്കാലത്ത് മോദിക്കെതിരെ ഉയർന്നു വന്ന ചായവാല എന്ന പരിഹാസത്തെ തന്നെ ചായ്പെ ചർച്ച എന്ന സർഗാത്മക രാഷ്ട്രീയ ചിന്തയിലേക്ക് മാറ്റി പണിത ബുദ്ധിയും പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ കൃത്യമായി ഉപയോഗപ്പെടുത്തിയ ഡിജിറ്റൽ പ്രചരണ രീതിയും അടക്കം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ തന്നെ അടിമുടി പരിഷ്കരിച്ച് പൊളിറ്റിക്കല്‍ എഞ്ചിനീയർ എന്ന മേൽവിലാസത്തിൽ നിന്ന് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്ന രാഷ്ട്രീയ നേതാവിലേക്കുള്ള സഞ്ചാരപഥത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റിലാണ് കിഷോർ നിൽകുന്നത്.

2015 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നീതീഷ് കുമാറിനൊപ്പം ചേർന്ന് പാർട്ടിയുടെ വൈസ് പ്രസിഡന്റുമായി മാറി. വർഷങ്ങളുടെ ശത്രുത ഉപേക്ഷിച്ച് അന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു 243 അംഗ സഭയിൽ ജെഡിയു-ആർജെഡി സംഖ്യം 178 സീറ്റുകൾ വരെ നേടി.

തെറ്റാത്ത കണക്കും പിഴക്കാത്ത ചുവടുകളും

ഒരു പതിറ്റാണ്ടോട് അടുക്കുന്ന പ്രശാന്ത് കിഷോറിന്റെ കരിയർ തുടങ്ങുന്നത്. 2012 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലാണ് നരേന്ദ്രമോദിയുടെ വിജയത്തോടെ പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ തന്ത്രജ്ഞനും ജന്മമെടുക്കുകയായിരുന്നു. 2013 ൽ അദ്ദേഹം 'സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ്' (സിഎജി) സ്ഥാപിച്ചു. ഇത് ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ പ്രവർത്തന സമിതിയായിരുന്നു. മീഡിയ & പബ്ലിസിറ്റി കമ്പനി രൂപത്തിലായിരുന്നു പ്രവര്‍ത്തനം. ചായ് പെ ചർച്ച ചർച്ചകൾ, 3 ഡി റാലികൾ, റൺ ഫോർ യൂണിറ്റി, സോഷ്യൽ മീഡിയ ക്യാമ്പെയ്ൻ എന്നിവയുൾപ്പെടെ നരേന്ദ്ര മോദിക്കായി നൂതനമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കി. മോദി അധികാരത്തില്‍ വന്നതോടെ അദ്ദേഹം മോദിയുമായി പിരിഞ്ഞു പുതിയ ഇടം കണ്ടെത്തുകയായിരുന്നു. CAG പിന്നീട് I-PAC അഥവാ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മറ്റി എന്ന പേരിൽ അടിമുടി രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപീകരിക്കുന്ന കോർപ്പറേറ്റ് കമ്പനിയായി മാറി. 2015 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നീതീഷ് കുമാറിനൊപ്പം ചേർന്ന് പാർട്ടിയുടെ വൈസ് പ്രസിഡന്റുമായി മാറി. വർഷങ്ങളുടെ ശത്രുത ഉപേക്ഷിച്ച് അന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു 243 അംഗ സഭയിൽ ജെഡിയു-ആർജെഡി സംഖ്യം 178 സീറ്റുകൾ വരെ നേടി. അതോടെ പ്രശാന്ത് കിഷോർ സൂപ്പർ പവറിലേക്ക് ഉയരുകയായിരുന്നു. എന്നാൽ പൌരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പാർട്ടി വിടുകയും ചെയ്തു. 2017 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ അമരീന്ദർ സിംഗിനെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തില്‍ എത്തിക്കുന്നതിലും 2019 ൽ ആന്ധ്രയിൽ ചരിത്രത്തില്‍ ആദ്യമായി വൈഎസ്ആർ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിലും കിഷോറിന്റെ ഐപാക്കിന്റെ തന്ത്രങ്ങള്‍ നിർണായകമായി, 2019 ൽ മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയും 2020 ൽ അരവിന്ദ് കെജ്രിവാളിന് വേണ്ടിയും 2021 അസംബ്ലി തെരഞ്ഞെടുപ്പിൽ ഒരേ സമയം സ്റ്റാലിനിന്റെയും മമതയുടെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ രൂപപ്പെടുത്തി അവരെ അധികാരത്തിലെത്തിക്കുന്നതിലും നിർണായക സാന്നിധ്യമായി. 2017 ൽ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി ഇറങ്ങിയപ്പോള്‍ മാത്രമാണ് അടി തെറ്റിയത് ആ ദൗത്യം തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പൊലെ ഒന്നായിരുന്നതിനാൽ യുപിയിലെ പരാജയം കിഷോറിന്റെ കരിയറിന്റെ നിറം കെടുത്തിയിരുന്നില്ല.

Photo: facebook

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാല്‍ താൻ ഈ പണി അവസാനിപ്പിക്കും എന്ന് വരെ പറഞ്ഞായിരുന്നു മമതക്ക് വേണ്ടി ജോലി തുടങ്ങിയത്. സർക്കാർ സംവിധാനങ്ങളെയും പാർട്ടി മെഷിനറിയും ഒരേ പോലെ ബിജെപി ഉപയോഗപ്പെടുത്തുമ്പോഴും മമതയെ തന്നെ അധികാരത്തിലെത്തിക്കുമെന്ന് ഉറച്ച ആത്മവിശ്വാസം പ്രശാന്ത് കിഷോറിനുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തോടു കൂടി മമതയുടെ വിശ്വസ്തനായി കിഷോർ മാറി. മറ്റു പാർട്ടികളിൽ നിന്ന് ടിഎംസിയിലേക്ക് പുതിയ നേതാക്കളെ കൊണ്ടു വരുന്നതിലും കിഷോർ ഇടനിലക്കാരനായി മാറി. അതോടെ കൂടുതൽ നേതാക്കൾ കൊഴിഞ്ഞു പോയ കോൺഗ്രസിന് അദ്ദേഹം ചാരനുമായി മാറി. പക്ഷേ കിഷോർ പലപ്പോഴും കോൺഗ്രസിനൊപ്പം ചേരാൻ ശ്രമിക്കുകയും ഗാന്ധി കുടുംബവുമായി ചർച്ചകൾ നടത്താനും ശ്രമിച്ചുകൊണ്ടിരുന്നു.

കോൺഗ്രസിലൂടെ കിഷോർ ആഗ്രഹിച്ചത്

മോദിയെ താഴെ ഇറക്കാൻ ഒരു പാൻ ഇന്ത്യന്‍ ലെവലിലുള്ള നേതാവിനെ സംഭാവന ചെയ്യാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടാവണം മാത്രവുമല്ല ഇന്ത്യ മൊത്തം സംഘടനാ ബലമുളള കോൺഗ്രസിനൊപ്പം അത് അനായാസം നേടാനാവുന്നതുമാണ്. മോദിയെ മാറ്റി ഇന്ദ്രപ്രസ്ഥത്തിൽ പുതിയ അധികാര കേന്ദ്രം സൃഷ്ടിച്ചാൽ അത് സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് പ്രശാന്ത് കിഷോറിനെ ഉയർത്തുകയും ചെയ്യും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സൃഷ്ടിയും സംഹാരവും ഒരാളിലേക്ക് മാറുമ്പോള്‍ നേതാക്കൾക്കും പാർട്ടിക്കും മുകളിലുള്ള വലിയ ആരാധനാ വൃന്ദമുള്ള യഥാര്‍ഥ കിങ് മേക്കർ പദവിയിലേക്കാവും കിഷോർ സ്വഭാവികമായി ഉയർത്തപ്പെടുക. അത് കൊണ്ടാണ് കോൺഗ്രസുമായി ഉണ്ടായ ചർച്ചകളിലൊക്കെയും പാർട്ടിയെ നിയന്ത്രിക്കാൻ പാകത്തിലുള്ള ഒരു അധികാര സ്ഥാനം അയാള്‍ ആവശ്യപ്പെട്ടതും. രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്താൻ കിഷോറിന് താത്പര്യമില്ലെന്ന ഗോസിപ്പുകൾ പ്രചരിച്ചതും ഈ വസ്തുതകള്‍ മുന്നിലുള്ളത് കൊണ്ടാണ്. രാഹുൽ കുറേ കൂടി ഫ്ലെക്സിബിളായ വ്യക്തിയാണ്. എന്നാല്‍ പ്രിയങ്ക അങ്ങനെയല്ല അതുകൊണ്ടാണ് പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടു വരാൻ കിഷോർ ആഗ്രഹിച്ചതും. കിഷോർ ലക്ഷ്യം വെക്കുന്നത് കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക എന്നത് മാത്രമാവില്ല സ്വയം ഒരു അധികാരം കേന്ദ്രമായി മാറുക എന്നത് തന്നെയാവും. ഒരുപക്ഷേ ഭാവിയില്‍ പ്രധാനമന്ത്രി പദത്തിലേക്കും അദ്ദേഹത്തിന് നോട്ടമുണ്ടെന്ന് സംശയിച്ചാല്‍ അത് തെറ്റായിരിക്കില്ല. പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടത് പ്രകാരം ഒരു അധികാര സ്ഥാനം അയാളിൽ വന്ന് ചേർന്നാൽ പാർട്ടിയുടെ ജനാധിപത്യ സംഘടനാ സംവിധാനത്തിൽ അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കോൺഗ്രസ് ഒരു കോർപ്പറേറ്റ് കമ്പനി പോലെ പ്രവര്‍ത്തിക്കേണ്ടി വരുമെന്നും ചില നേതാക്കൾ ആശങ്കപ്പെട്ടിരുന്നു. ഇത് തന്നെയാണ് സത്യത്തില്‍ സംഭവിക്കാൻ സാധ്യതയുള്ളതും. കോൺഗ്രസിനെ പോലെ ഒരു ജനാധിപത്യ പാർട്ടി കോർപ്പറേറ്റ് വത്കരിക്കപ്പെടുന്നത് രാജ്യം വലിയ അപകടം വിളിച്ചു വരുത്തുന്നതിന് സമാനമാണ്. ബിജെപി രാജ്യത്തിന് എങ്ങനെയാണോ ബാധ്യതയായി മാറിയത് അതിനേക്കാൾ ഭീകരമായിരിക്കും ഫലം. ജനകീയ ജനാധിപത്യത്തിന്‍റെ എല്ലാ സാധ്യതകളും ഒറ്റയടിക്ക് റദ്ദ് ചെയ്യപ്പെടുന്നത് കോൺഗ്രസ് പാർട്ടിയുടെ ജനാധിപത്യ ശരീരത്തെ തൂക്കിലേറ്റുന്നതിന് സമമായിരിക്കും. കിഷോറിൽ നിന്ന് ഉപദേശവും സഹായവും സ്വീകരിക്കുക എന്നതിനപ്പുറം ഒരു അധികാര കേന്ദ്രമാക്കി കിഷോറിനെ കൊണ്ടു വരുന്നതിൽ രാഷ്ട്രീയമായ ശരികേടുകളുണ്ട്.

Photo: facebook

പുതിയ രാഷ്ട്രീയ നീക്കം

ഏപ്രില്‍ അവസാനവാരത്തിൽ കോൺഗ്രസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രശാന്ത് കിഷോർ ട്വിറ്ററിലൂടെ പുതിയ ഇന്നിംഗ്സിന് തുടക്കമിടുന്നതായി പ്രഖ്യാപിച്ചത്. നിലവിൽ 2023 ൽ നടക്കാനിരിക്കുന്ന തെലുങ്കാന തെരഞ്ഞെടുപ്പിൽ കെസിആറിന് വേണ്ടിയും കിഷോറിന്റെ ഐപാക്ക് തന്നെയാണ് തന്ത്രങ്ങൾ മെനയുന്നത് എന്നാല്‍ ഐപാക്കിന്റെ മേൽവിലാസത്തിൽ മാത്രം ഒതുങ്ങി നിൽക്കാൻ പ്രശാന്ത് കിഷോർ താത്പര്യപ്പെടുന്നില്ല എന്നത് കൊണ്ട് കൂടിയായിരുന്നു കോൺഗ്രസിനൊപ്പം ചേർന്ന് സജീവ രാഷ്ട്രീയത്തിലേക്ക് ഒരു കൈ ശ്രമിച്ചത്. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് ജൻ സുരാജ് എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ട്വിറ്ററിൽ കിഷോർ ഇങ്ങനെ കുറിക്കുന്നു. 'ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ 'റോളര്‍കോസ്റ്റര്‍' യാത്രയിലേക്ക് നയിച്ചു! ഞാൻ പേജ് മറിക്കുമ്പോൾ, യഥാർത്ഥ മാസ്റ്റേഴ്സിലേക്കും ജനങ്ങളിലേക്കും പോകാനുള്ള സമയമായി, "ജൻ സുരാജ്"-
Peoples Good Governance ലേക്കുള്ള പാതയും പ്രശ്നങ്ങളും നന്നായി മനസ്സിലാക്കുന്നു. തുടക്കം ബീഹാറിൽ നിന്നായിരിക്കും'

എന്താണ് ജൻ സുരാജ് എന്നത് സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ തന്നെയാണ് ദേശീയ മാധ്യമങ്ങള്‍ ഈ നീക്കത്തെ നോക്കി കാണുന്നത്. ഇനി അല്ലെങ്കില്‍ കൂടി രാഷ്ട്രീയ പാർട്ടിക്ക് മുന്നോടിയായുള്ള ഒരു മൂവ്മെന്റ് ആയിരിക്കാനാണ് സാധ്യത. ആംആദ്മി മോഡൽ ഒരു രാഷ്ട്രീയ പാർട്ടിയാവണം കിഷോർ ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് 3,000 കിലോമീറ്റർ കാൽനട ജാഥ ആരംഭിക്കുമെന്നും ഇപ്പോള്‍ കിഷോർ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ രാഷ്ട്രീയ ഉപദേശങ്ങൾ നൽകുന്ന പോലെ അത്ര സിംപിളല്ല രാഷ്ട്രീയ പ്രവേശനം എന്നാണ് ബീഹാറിലെ ബിജെപി നേതാവായ സുശീൽ കുമാർ മോദി അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ് ബീഹാർ. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് തീ കൊളുത്തിയ ജനതയാണ് ബീഹാറിലേത്. അത് കൊണ്ട് എന്ത് സംഭവിക്കുമെന്ന് കണ്ടറിയേണ്ടി വരും.

Leave a comment