ഒറ്റുപറ്റം വിഴിഞ്ഞത്തോട് ചെയ്യുന്നത്
ഇന്ത്യയുടെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ അട്ടിമറിക്കാൻ പുരോഹിതർക്കിടയിലെ ഒരുവിഭാഗം നിഷ്കളങ്ക മത്സ്യത്തൊഴിലാളി സമൂഹത്തെ മുൻനിർത്തി നടത്തുന്ന കലാപശ്രമമാണ് പദ്ധതി പ്രദേശത്ത് നടന്നത്. 2011 ലെ ഉമ്മൻ ചാണ്ടി സർക്കാരാണ് Adani Ports and Special Economic Zone Limited (APSEZ) മായി കരാറിലേർപ്പെടുന്നത്. ഡി പി ആർ അടക്കമുള്ളവ തയ്യാറാക്കിയതും അതേ ഗവൺമെന്റാണ്. അക്രമ സമരത്തിന് നേതൃത്വം നൽകുന്ന ഇതേ പുരോഹിതരാണ് പദ്ധതിക്കനുകൂലമായി പ്രസ്തുത കാലയളവിൽ നിലപാടെടുത്തുപോന്നത്. ലത്തീൻ അതിരൂപത മേലധ്യക്ഷൻ സൂസപാക്യം ഇത് സംബന്ധിച്ച് നടത്തിയ പ്രതികരണങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പൊതു - സ്വകാര്യ പങ്കാളിത്തത്തിന് (PPP) 4089 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം 818 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതം 817 കോടി രൂപയുമാണ്. കരാർ കമ്പനിയായ അദാനി 2454 കോടി രൂപയുടെ ചെലവ് വഹിക്കുന്നു. ഇതുകൂടാതെ ബ്രേക്ക് വാട്ടർ (പുലിമുട്ട്) ഉൾപ്പെടെയുള്ള ഫണ്ടഡ് പ്രവൃത്തികൾക്ക് 1463 കോടി രൂപ സർക്കാർ ചെലവഴിക്കുന്നുണ്ട്.
വികസനത്തെ അക്രമങ്ങളാൽ തടഞ്ഞുനിർത്താനാകുമോ?
പദ്ധതി കമ്മീഷൻ ചെയ്യാൻ ചുരുങ്ങിയ സമയം മാത്രം ബാക്കി നിൽക്കേ നിഗൂഢ ശക്തികളിൽ നിന്നും അച്ചാരം പറ്റി ളോഹയിട്ട ന്യൂനപക്ഷം ക്രിമിനലുകൾ നടത്തിയ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുള്ള ആസൂത്രിത നീക്കങ്ങൾ അപലപനീയമാണ്. അക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 3000 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാരകായുധങ്ങളുമായി സംഘടിക്കൽ, സ്റ്റേഷൻ ആക്രമണം, വധശ്രമം, പൊലീസുകാരെ തടഞ്ഞുവയ്‌ക്കൽ, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഞായറാഴ്‌ച രാത്രിയിലെ ആക്രമണത്തിൽ 40 പൊലീസുകാർക്കാണ് പരിക്കേറ്റത്. ആറുപേരുടെ നില ഗുരുതരമാണ്. നാല് പൊലീസ് ജീപ്പ്, പൊലീസ് വാൻ, രണ്ടു ബസ് എന്നിവ തകർത്തു. എസ്‌എച്ച്‌ഒയുടെ ഓഫീസ്, ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ കെട്ടിടം, ഇൻവെസ്റ്റിഗേറ്റീവ് ഓഫീസ്, പ്രധാന ഓഫീസ് എന്നിവയ്‌ക്കു നേരെയും ആക്രമണമുണ്ടായി. വയർലെസ് സെറ്റുകളും ഉപകരണങ്ങളും നശിപ്പിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സമീപത്തെ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട രണ്ടു ബസിന്റെ ചില്ലുകളും ജീവനക്കാരുടെ വിശ്രമമുറികളുടെ 15 ഗ്ലാസും അടിച്ചുതകർത്തു. ഇതിൽ 7.10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. കലാപത്തിന് ആളുകളെ കൂട്ടാൻ അനൗൺസ്‌മെന്റ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ആസൂത്രിത ആക്രമണത്തിന്റെ തെളിവായാണ് ഇതിനെ പൊലീസ് കാണുന്നത്. ആക്രമണത്തിനു മുമ്പേ സ്റ്റേഷന് പുറത്തെയും കടകളിലെയും സിസിടിവി തിരിച്ചുവയ്‌ക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ദൃശ്യം പകർത്തിയ മാധ്യമ പ്രവർത്തകർക്കും പരിക്കുണ്ട്. ആംബുലൻസുകൾ അക്രമികൾ തടഞ്ഞിട്ടതിന്റെ ഭാഗമായി പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനാകാത്ത സ്ഥിതിയുണ്ടായി. വൈദികരുടെ നേതൃത്വത്തിലാണ് കലാപം നടന്നതെന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കുന്നു.
കർത്താവേ, ഇവരോട് പൊറുക്കരുതേ!
പദ്ധതി പ്രദേശത്തെ മുല്ലൂരിൽ വിഴിഞ്ഞം പദ്ധതിക്കനുകൂലമായി സമരം ചെയ്യുന്ന ജനകീയ സമരസമിതിയുടെ പന്തലിലേക്ക് അക്രമമഴിച്ചുവിടുകയും നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്ത കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടാണ് പൊലീസ് സ്റ്റേഷൻ ഗ്രിൽ തകർത്ത് കടന്നാക്രമണം നടത്തിയത്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലെ തുറമുഖ വിരുദ്ധ സമരസമിതി 2022 നവംബർ 22 ന് തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ തടയില്ലെന്ന് ഹൈക്കോടതിക്ക് ഉറപ്പും സത്യവാങ്മൂലവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുതലപ്പൊഴിയിൽ നിന്നും തുറമുഖ നിർമ്മാണത്തിനാവശ്യമായ പാറയുമായി പദ്ധതി പ്രദേശമായ മുല്ലൂരിലേക്ക് ഇരുപത്തിയേഴ് ലോറികൾ എത്തിച്ചേർന്നത്. അതോടെ അടിമലത്തുറയിലെ പള്ളിയിൽനിന്ന് ലോറികൾ തടഞ്ഞ് സമരസന്നദ്ധരാകാൻ അറിയിപ്പുണ്ടായി. തുടർന്നാണ് അഞ്ഞൂറോളം വരുന്ന ഇടവകക്കാർ സമരവേദിയിലെത്തി ലോറി തടഞ്ഞ് ഗ്ലാസുകൾ എറിഞ്ഞുപൊട്ടിച്ചത്. ഹൈക്കോടതിക്ക് നൽകിയ ഉറപ്പുകൾ ലംഘിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് 50 വൈദികർക്കും കണ്ടാലറിയാവുന്ന 1000 പേർക്കുമെതിരെ പൊലീസ് കേസെടുത്തു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒന്നാം പ്രതിയും, സഹായ മെത്രാൻ ആർ ക്രിസ്തു ദാസ്, വികാരി ജനറൽ യൂജിൻ പെരേര എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. ഹൈക്കോടതി നിർദേശവും സർക്കാർ അനുമതിയും ലഭ്യമായതിന്റെ ഭാഗമായാണ് അദാനി പോർട്ട്‌സ് അധികൃതർ തുറമുഖ നിർമ്മാണത്തതിനാവശ്യമായ കല്ലുകൾ പദ്ധതിപ്രദേശത്ത് എത്തിക്കാൻ തീരുമാനിച്ചത്. എന്നാൽ ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ച് ആളപായമുണ്ടാക്കുന്നതിനുള്ള കുത്സിത നീക്കമായിരുന്നു ആസൂത്രിത അതിക്രമത്തിനുപിന്നിൽ.
വാട്ടർലൂ
ഈ വിധം അനൈതികവും അധാർമ്മികവുമായ നീക്കത്തിലൂടെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി ലക്ഷ്യം വെച്ചത് വർഗ്ഗീയ കലാപമല്ലാതെ മറ്റൊന്നല്ല. അതോടെ തീരപ്രദേശത്തുനിലനിൽക്കുന്ന ശാന്തിയും സമാധാനവും അട്ടിമറിച്ച് ജനജീവിതം ദുസ്സഹമാക്കാമെന്നവർ ദിവാസ്വപ്നം കണ്ടു. സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമവും സമചിത്തതതയോടുമുള്ള ഇടപെടലുകളാണ് ഗൂഡാലോചനക്കാരുടെ വാട്ടർലൂ. വിഴിഞ്ഞം പദ്ധതിക്കെതിരായ വർഗ്ഗീയവും വിഭാഗീയവുമായ മുതലെടുപ്പുകളെ ഒരുനിലയിലും സർക്കാർ അംഗീകരിക്കില്ല എന്നതിന്റെ കൃത്യമായ പ്രതിഫലനമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
"വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരം നാടിന്റെ മുന്നോട്ടുപോക്കിനെ തടയലാണ്. ഏതു വേഷത്തിൽ വന്നാലും സമ്മതിച്ചുകൊടുക്കില്ല. സർക്കാരിനെ വിരട്ടിക്കളയാമെന്നു കരുതേണ്ട. എന്താണോ ദേശീയപാതയുടെയും ഗെയ്‌ൽ പൈപ്പ് ലൈനിന്റെയും ഇടമൺ - കൊച്ചി പവർ ഹൈവേയുടെയും കാര്യത്തിൽ സംഭവിച്ചത് അതുതന്നെ ഇവിടെയും സംഭവിക്കും. അതിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ല. പദ്ധതി നിർത്തിവയ്‌ക്കണമെന്ന അഭിപ്രായം പ്രദേശത്തില്ല. എല്ലാ രാഷ്ട്രീയ പാർടികളും സംഘടനകളും പദ്ധതി ആവശ്യമാണെന്ന് പറയുന്നു. സമരസമിതി ഉന്നയിച്ച ഏഴുകാര്യത്തിൽ ആറും അംഗീകരിച്ചു. സമരക്കാരിൽ മുതിർന്ന ചിലർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ തീരശോഷണം ഉണ്ടോയെന്നു പഠിക്കാൻ വിദഗ്‌ധസമിതിയെ നിയോഗിക്കാമെന്നും അറിയിച്ചു. സർക്കാരിന് മറ്റൊന്നും ചെയ്യാനാകില്ല. സത്യപ്രതിജ്ഞചെയ്‌ത് അധികാരമേറ്റ മന്ത്രിയുടെ പേര് അബ്ദുറഹിമാൻ എന്നതായതിനാൽ രാജ്യദ്രോഹിയെന്ന് ഒരാൾക്ക് പറയാൻ കഴിയുന്നു. എന്താണ് ഇളക്കിവിടാൻ നോക്കുന്ന വികാരം. നാടിന്റെ പൊതുവായ വികസനകാര്യങ്ങളിൽ തടസ്സമുണ്ടാക്കാൻ നിക്ഷിപ്‌ത താൽപ്പര്യക്കാർ എക്കാലത്തും രംഗത്തുവന്നിട്ടുണ്ട്. അവരെല്ലാം ഇവിടെ ഒത്തുചേർന്ന് വലിയ ഗൂഢാലോചനയുമായി വരുന്നു. ശാന്തിയും സമാധാനവുമുള്ള കേരളത്തിന്റെ അന്തരീക്ഷത്തിൽ മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന 2016 ൽ തന്നെ പദ്ധതി മുന്നോട്ടുപോയിരുന്നു. പുതിയ സർക്കാർ വരുമ്പോൾ പദ്ധതി ഉപേക്ഷിച്ചാൽ സംസ്ഥാനത്തിന്റെ വിശ്വാസ്യതയ്‌ക്ക് ഇടിവുവരും. അത് സംസ്ഥാനതാൽപ്പര്യത്തിന് വിഘാതമാകുമെന്നതിനാൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയതാണ്. നാടിന് ആവശ്യമുള്ള പദ്ധതിയെ ഏതെങ്കിലും കൂട്ടർ എതിർത്താൽ അതിന് സർക്കാർ വഴങ്ങില്ല. നാടിനോടും വരുംതലമുറയോടും താൽപ്പര്യമുള്ള എല്ലാവരും അതിനെ പിന്തുണയ്‌ക്കും. വിഴിഞ്ഞത്ത് പൊലീസുകാരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ അക്രമ സമരത്തെ സമചിത്തത കൈവിടാതെ ഉത്തരവാദിത്വത്തോടെ നേരിട്ട സേനാംഗങ്ങളെ അഭിനന്ദിക്കുന്നതായും" അദ്ദേഹം പറഞ്ഞു.
ആവശ്യങ്ങൾ ഏഴ് ; ആറും പരിഹരിക്കപ്പെട്ടവ.
ഏഴാമത്തേത് വിഴിഞ്ഞം പദ്ധതി നിർത്തിവെയ്ക്കണമെന്നത്!
ഏഴിന ആവശ്യങ്ങൾ മുൻനിർത്തിയാണ് ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിലെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കഴിഞ്ഞ മൂന്നുമാസങ്ങളിലായി തുറമുഖനിർമ്മാണം തടസ്സപ്പെടുത്തി അക്രമ സമരം നടത്തിവരുന്നത്. ബന്ധപ്പെട്ടവർ ഉന്നയിച്ച ആവശ്യങ്ങളിൽ ആറും സംസ്ഥാനസർക്കാർ അംഗീകരിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഏഴാമത്തേത് തുറമുഖനിർമ്മാണം നിർത്തി വെയ്ക്കുക എന്നതാണ്. പ്രസ്തുത ആവശ്യം ഒരുനിലയിലും അംഗീകരിക്കാനാകില്ല എന്നത് സംസ്ഥാന സർക്കാർ അസന്ദിഗ്ദ്ധം വ്യക്തമാക്കിയിട്ടുണ്ട്. തീരശോഷണത്തിന് കാരണം തുറമുഖനിർമ്മാണമാണോ എന്നതറിയുന്നതിന് നിർമ്മാണം നിർത്തിവെക്കാതെ തന്നെ പഠനം നടത്തുന്നതിനായി സർക്കാർ വിദഗ്‌ധസമിതിക്ക് രൂപം നൽകിയിട്ടുമുണ്ട്.
യുക്തിരഹിത സമരത്തിന്റെ അർത്ഥശൂന്യ മീമാംസ
2022 ഓഗസ്റ്റ് മാസം 16 മുതല്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കവാടം ഉപരോധിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി നടത്തിവരുന്ന രാപ്പകല്‍ അക്രമസമരം മുന്നോട്ടുവെക്കുന്ന ഏഴിന ആവശ്യങ്ങളും അവയുമായി ബന്ധപ്പെട്ട നിജസ്ഥിതിയും ചുവടെ.
1 . പോർട്ട് നിര്‍മ്മാണം നിര്‍ത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം. തുറമുഖ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുൻപുതന്നെ നിർമ്മാണ അനുമതിക്കാവശ്യമായ ശാസ്ത്രീയ പഠനങ്ങൾ ഒന്നാകെ തന്നെ പൂർത്തീകരിച്ചിരുന്നു. പ്രസ്തുത പഠനങ്ങൾ പ്രകാരം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി വടക്ക് - തെക്ക് തീരപ്രദേശങ്ങളിൽ തീരശോഷണം സംഭവിക്കുകയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒപ്പം നിര്‍മ്മാണ വേളയില്‍ NGT യുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച വിദഗ്ദ്ധ സമിതികൾ തുറമുഖത്തിന്റെ വടക്ക് - തെക്ക് ഭാഗങ്ങളിൽ 20 കി.മീ. വീതം തീരവ്യത്യാനം സംബന്ധിച്ച് നിരന്തരം പഠനം നടത്തി അവലോകനം ചെയ്തുവരുന്നുണ്ട്. 6 മാസക്കാലയളവിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് NGT അവലോകനം ചെയ്തുവരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരശോഷണം സംഭവിക്കുന്നതായി നാളിതുവരെയുള്ള പഠനങ്ങളിലൊന്നും തെളിഞ്ഞിട്ടില്ല. എന്നിരുന്നാലും തീരശോഷണം സംബന്ധിച്ച് പഠിക്കാന്‍ നാലംഗ Expert Committee യെ 06/10/2022 ലെ G.O (Rt) No. 631/2022/F&PD പ്രകാരം സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2 . വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലികമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ വാടക നല്‍കി താമസ സൗകര്യം ഒരുക്കണം. കടലാക്രമണത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ വാടകയ്ക്ക് വീടെടുത്ത് മാറി താമസിക്കുന്നതിന് 01/09/2022 ലെ സ.ഉ (കൈ)നം. 7/2022/DMD പ്രകാരം 5500/- രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഷയത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധമില്ല.
3. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി ഒരു മത്സ്യത്തൊഴിലാളി കുടുംബത്തെപ്പോലും കുടിയൊഴിപ്പിച്ചിട്ടില്ല. ഒപ്പം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരശോഷണം സംഭവിക്കുകയോ അതിന്റെ ഭാഗമായി വീടും സ്ഥലവും നഷ്ടമാവുകയോ ചെയ്തതായി ഇതുവരേയും കണ്ടെത്തിയിട്ടില്ല. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് മുട്ടത്തറ വില്ലേജില്‍ ക്ഷീര വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 17.43 ഏക്കര്‍ ഭൂമിയില്‍ നിന്നും 8 ഏക്കര്‍ സ്ഥലം 12/10/2022 ലെ സ.ഉ (സാധാ)നം. 4132/2022/RD പ്രകാരം സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. ഈ വിഷയത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധമില്ല.
4. മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് മോഡല്‍ സബ്‌സിഡി നല്‍കണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി സൂചിത വിഷയത്തിന് ബന്ധമില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ മണ്ണെണ്ണ ലഭ്യമാക്കണം, അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണയുടെ ലഭ്യത ഉറപ്പാക്കണം, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ മത്സ്യഫെഡിന് മണ്ണെണ്ണയുടെ മൊത്ത വിതരണത്തിനായുള്ള ഡീലര്‍ഷിപ്പ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യബന്ധന വകുപ്പ് മന്ത്രി 2022 ആഗസ്റ്റ് 17, 18 തിയ്യതികളില്‍ കേന്ദ്ര മത്സ്യബന്ധന വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി നിവേദനം നല്‍കിയിരുന്നു. മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സംസ്ഥാന സർക്കാർ ശക്തിയായ സമ്മർദ്ദം ചെലുത്തി വരുന്നു. മണ്ണെണ്ണയ്ക്ക് സബ്‌സിഡി നല്‍കുന്ന വിഷയം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഈ വിഷയത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധമില്ല.
5. കാലാവസ്ഥ മുന്നറിയിപ്പ് കാരണം ജോലിക്ക് പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി സൂചിത ആവശ്യത്തിനും ബന്ധമില്ല. കാലാവസ്ഥ മുന്നറിയിപ്പിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായുള്ള സാദ്ധ്യത പരിശോധിച്ച് റിപ്പോർട്ട് സമര്‍പ്പിക്കുന്നതിന് ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധമില്ല.
6. മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണം. സൂചിത വിഷയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ടതല്ല. മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബറില്‍ ഇടയ്ക്കിടെയുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് ശാസ്ത്രീയമായി പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി പൂനെ ആസ്ഥാനമായുള്ള CWPRS നെ 22/10/2022 ലെ സ.ഉ (സാധാ)നം. 660/2022/F&P പ്രകാരം സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
7. തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി സൂചിത വിഷയത്തിനും പ്രത്യേക ബന്ധമില്ല. ഒരു പൊതു ആവശ്യമെന്ന നിലയിൽ തീരശോഷണം തടയുന്നതിന് കേരളത്തിലുടനീളമുള്ള തീരപ്രദേശത്ത് ജലസേചനം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ സമഗ്ര പഠനം നടത്തും. തീര സംരക്ഷണത്തിനും തീര പരിപോഷണത്തിനും പരീക്ഷണാടിസ്ഥാനത്തില്‍ പൂന്തുറ ഭാഗത്ത് നടപ്പിലാക്കി വരുന്ന ജിയോ ട്യൂബ് ഉപയോഗിച്ചുള്ള ഓഫ് ഷോര്‍ വാട്ടര്‍ പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തി കൂടുതല്‍ തീരപ്രദേശങ്ങളിൽ ഇത് നടപ്പിലാക്കും.
വസ്തുതകൾ ഇതായിരിക്കെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് വികസനവിരുദ്ധരുടെ കൺസോർഷ്യം ഏകപക്ഷീയമായി അതിക്രമങ്ങൾ തുടരുമ്പോഴും എൽ ഡി എഫ് സർക്കാർ നിശ്ചയദാർഢ്യത്തോടെ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രം
വിഴിഞ്ഞം തുറമുഖത്തിന് ചരിത്രത്തിൽ സുപ്രധാനമായൊരു ഇടമുണ്ട്. കേരള സർവ്വകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനങ്ങളിൽ എ ഡി 620 കളിൽ വിഴിഞ്ഞം ഒരു പ്രധാന തുറമുഖമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. പുരാതന റോമിലെയും മെസപ്പൊട്ടോമിയയിലേയും സഞ്ചാരികളും വിഴിഞ്ഞത്തെ സംബന്ധിച്ച് പരാമർശങ്ങൾ നടത്തുന്നുണ്ട്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട സഞ്ചാരരേഖയായ 'പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീ' യിൽ ചെങ്കടൽ വഴി ഉത്തരപൂർവ്വാഫ്രിക്കൻ തീരങ്ങളിലേക്കും ഇന്ത്യൻ തീരപ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരത്തെയും അവിടങ്ങളിലെ കച്ചവടസാദ്ധ്യതകളെയും സംബന്ധിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത രേഖയുടെ രചയിതാവിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിലെ കച്ചവടകേന്ദ്രങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമെല്ലാം സഞ്ചാരരേഖ ദിശകാട്ടുന്നു. പ്രസ്തുത രേഖയിലും വിഴിഞ്ഞത്തെ സംബന്ധിച്ച പരാമർശങ്ങളുണ്ട്.
പണ്ടേക്കുപണ്ടേ തുറമുഖ നഗരം
കേരളത്തിലെ ഒന്നാമത്തെ രാജവംശമായി കണക്കാക്കപ്പെടുന്ന ആയ് രാജ വംശത്തിന്റെ രാജാക്കന്മാരുടെ തുറമുഖനഗരവും വിഴിഞ്ഞം, സൈനികകേന്ദ്രവുമായിരുന്നു വിഴിഞ്ഞം. പിന്നീട് വിഴിഞ്ഞം ചോള രാജാക്കന്മാരിൽ രാജരാജ ചോളന്റെ കൈവശമെത്തി. അക്കാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ ഇത് പോലുള്ള ഒരു തുറമുഖം അവിഭാജ്യഘടകമായിരുന്നു. അതിനായി അന്നത്തെ തമിഴ് ഭരണാധികാരികളും കേരള ഭരണാധികാരികളും പല വട്ടം ഏറ്റുമുട്ടിയിരുന്നു. രാജരാജ ചോളന്റെ രാജ്യമായപ്പോൾ അദ്ദേഹം ഈ നഗരത്തിന് 'രാജേന്ദ്ര ചോള പട്ടണം' എന്ന് നാമകരണം ചെയ്തു. പിന്നീട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതാംകൂറിന്റെയും ഭാഗമായി വിഴിഞ്ഞം. തുറമുഖത്തിന്റെ അവകാശത്തിനായി ഏഴാം നൂറ്റാണ്ടിൽ ഈ തീരത്തുവച്ച് ചോള - പാണ്ട്യ യുദ്ധം നടന്നു. പ്രാചീനമായ വിഴിഞ്ഞം ഗുഹാക്ഷേത്രങ്ങൾ ഇന്നും കാടുപിടിച്ച് കിടക്കുന്നുണ്ട്. ചൈന, ഇറാൻ, തുർക്കി, പേർഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിഴിഞ്ഞത്തേക്ക് വ്യാപാര കപ്പലുകൾ വന്നെത്തിയതിന്റെ തെളിവുകളും ലഭ്യമായിട്ടുണ്ട്. ഡച്ച്, ബ്രിട്ടീഷ് വ്യാപാര സംബന്ധമായ തെളിവുകളും വിഴിഞ്ഞത്തിന്റെ അതിപ്രാചീനമായ പ്രസക്തിയും പ്രസിദ്ധിയും വിളംബരം ചെയ്യുന്നു.
എന്തുകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി
തുറമുഖ വികസനത്തിന് അനന്തമായ സാധ്യതകൾ പകർന്നു നൽകുന്ന പ്രകൃതിദത്തമായ ഏകയിടം ഇന്ത്യയിൽ വിഴിഞ്ഞമാണ്. ഏറ്റവുമധികം കേവ് ഭാരമുള്ള കപ്പലുകൾക്കുപോലും അനായാസം നങ്കൂരമിടാൻ ആകുന്നവിധം 18 മുതൽ 20 മീറ്റർ വരെയാണ് തീരത്തിന്റെ ആഴം. അതുകൊണ്ടുതന്നെ പ്രതിവർഷം തുറമുഖ പരിപാലനത്തിന്റെ ഭാഗമായി നടപ്പിലാക്കേണ്ട ഭാരിച്ച ചെലവ് വരുന്ന മണ്ണ് നീക്കലിൽ നിന്നും പരിപൂർണ്ണമായും ഒഴിവാക്കാനാകുന്നു. യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കിഴക്ക് പടിഞ്ഞാറ് അന്തർദേശീയ കപ്പൽ ചാലിൽ നിന്നും 10 നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ = 1.8 കി. മി) ദൂരം മാത്രമാണ് വിഴിഞ്ഞത്തേക്കുള്ളത്. കപ്പൽ ചാലിൽ നിന്നും തുറമുഖത്തേക്കും തിരിച്ചുമുള്ള സഞ്ചാര സമയം കുറഞ്ഞ അളവിൽ മാത്രം മതിയെന്നതാണ് പ്രധാന സവിശേഷതകളിൽ ഒന്ന്. കേവലം മണിക്കൂറിനുള്ളിൽ തന്നെ എത്ര വലിയ കപ്പലുകൾക്കും തുറമുഖത്തുനിന്നും കപ്പൽ ചാലിലിലേക്ക് പ്രവേശിക്കുന്നതിനാകും. പ്രതിവർഷം സൂയസ് കനാലിലൂടെ സഞ്ചരിക്കുന്ന ഇരുപതിനായിരം വരുന്ന കപ്പലുകളിൽ അൻപത് ശതമാനമെങ്കിലും പ്രസ്തുത മേഖലയിൽ നങ്കൂരമിടുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതോടെ ഇന്ത്യയുടെ വ്യാവസായിക വാണിജ്യ രംഗങ്ങളിലെ വമ്പൻ കുതിച്ചുചാട്ടത്തിന് വിഴിഞ്ഞം നേതൃത്വമാകും.
ദേശീയപാത 66 ൽ നിന്നും രണ്ടു മീറ്റർ മാത്രം അകലത്തിലാണ് വിഴിഞ്ഞം തുറമുഖമെങ്കിൽ റെയിൽ പാതയിൽ നിന്നുള്ള ദൂരം 10.07 കിലോ മീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോ മീറ്റർ മാത്രവുമാണ്. വാണിജ്യ - വ്യവസായ മേഖലകളുടെ സമഗ്ര വികസനത്തിന് അത്യന്താപേക്ഷിതമായ റോഡ് - റെയിൽ - വ്യോമഗതാഗത കണക്റ്റിവിറ്റി പരിപൂർണ്ണമായും അനുകൂലമായ സാഹചര്യമാണ് വിഴിഞ്ഞത്തുള്ളത്. സംസ്ഥാന തലസ്ഥാനമെന്ന നിലയിലെ തിരുവനന്തപുരത്തിന്റെ പ്രത്യേകതകളും ടെക്‌നോ പാർക്ക് അടക്കമുള്ള വിവരസാങ്കേതിക രംഗത്തെ കുതിച്ചു കയറ്റങ്ങളും വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരുത്തു പകരും.
സൂചിത സാഹചര്യങ്ങളെ സൂക്ഷ്‌മപഠനങ്ങൾക്കുവിധേയമാക്കുന്ന സി. പി. ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം വിഷയത്തിൽ പാർട്ടിയുടെ നിലപാട് അസന്ദിഗ്ദ്ധം വ്യക്തമാക്കുന്ന ഒന്നാണ്. 'നവകേരളം കെട്ടിപ്പടുക്കുക' എന്നതാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സി.പി. ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞുവെക്കുന്നു. "ആ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന് വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പൂർത്തീകരണം അനിവാര്യമാണ്. കേരളത്തിന്റെ പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയുടെ വികസന സ്വപ്നത്തിന് ചിറക് നൽകുന്ന പദ്ധതികളിൽ ഒന്നാണിത്. എതാണ്ട് 80 ശതമാനം പണിയും പൂർത്തിയായ ഘട്ടത്തിൽ അതിനെതിരെ സമരവുമായി രംഗത്ത് വരുന്നവരുടെ താൽപ്പര്യം എന്താണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും കേരളീയർക്കുണ്ട്. എങ്കിലും ബന്ധപ്പെട്ടവരുടെ ആശങ്കകളും ആവലാതികളും പരിഹരിക്കുന്നതിന് ഇനിയും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. തുറമുഖ നിർമാണം നിർത്തിവയ്‌ക്കണം എന്നതൊഴികെയുള്ള എല്ലാ വിഷയവും പരിഹരിക്കാൻ സർക്കാർ ആത്മാര്‍ത്ഥമായി പ്രവർത്തിക്കുമെന്ന ഉറപ്പും ഇതിനകം നൽകിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും കലാപനീക്കത്തിലൂടെ പദ്ധതി തടയാനാണ് സമരസമിതിയും അതിനു നേതൃത്വം നൽകുന്നവരും ശ്രമിക്കുന്നതെങ്കിൽ അതിനു വഴങ്ങാൻ കഴിയില്ലെന്ന് വിനയപൂർവ്വം അറിയിക്കട്ടെ"യെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.
ട്രാൻസ്ഷിപ്പ്മെന്റ് എന്നാൽ എന്ത്.
ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾ പ്രസക്തമാകുന്നതെങ്ങനെ.
തുറമുഖങ്ങളിൽ നങ്കൂരമിടുന്ന വലിയ കപ്പലുകളിൽ നിന്നും ചെറുകപ്പലുകൾ ഉപയോഗപ്പെടുത്തി ലക്ഷ്യസ്ഥാനത്തിനടുത്തുള്ള തുറമുഖങ്ങളിൽ ചരക്ക് എത്തിച്ചുള്ള ക്രയവിക്രയങ്ങളെയാണ് ട്രാൻസ്ഷിപ്പ്മെന്റ് എന്നുവിളിക്കുന്നത്. ഇന്ത്യയിൽ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം നിലവിലില്ലാത്തതിനാൽ അയൽ രാജ്യങ്ങളിലെ തുറമുഖങ്ങളായ കൊളംബോ, സിങ്കപ്പൂർ, സലാല എന്നിവിടങ്ങളെ ആശ്രയിച്ചാണ് ട്രാൻസ്ഷിപ്പ്മെന്റ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി 2500 കോടിയോളം രൂപയുടെ പ്രതിവർഷ നഷ്ടം സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിന്റെ അഭാവത്തിൽ കയറ്റിറക്കുമതി മേഖലകളിലെ സംരംഭകർക്ക് പ്രതി കണ്ടെയ്നറിനുമേൽ 8000 - 10000 രൂപ വരെ അധിക ചെലവ് വഹിക്കേണ്ടി വരുന്നു. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ട്രാൻസ്ഷിപ്പ്മെന്റ് ഇനത്തിൽ ഇന്ത്യയ്ക്ക് നഷ്ടമാകുന്ന ഭീമമായ തുക തിരിച്ചുപിടിക്കുന്നതിനാകുന്നു. സാർവ്വദേശീയമായി ചരക്കുഗതാഗതം ഏറ്റവുമധികം നടക്കുന്ന ഉപാധി സമുദ്രങ്ങളാണ്. സിങ്കപ്പൂർ, ദുബായ് അടക്കമുള്ള രാജ്യങ്ങളുടെ പ്രതിശീർഷ വരുമാന വർദ്ധന പരിശോധിച്ചാൽ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടുകളുടെ സാധ്യതയും സാന്നിധ്യവും സുവ്യക്തമാകും. ഇന്ത്യയുടെ അയൽ രാഷ്ട്രമായ ശ്രീലങ്കയ്ക്ക് രണ്ട് ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടുകളുണ്ട്. പ്രസ്തുത പോർട്ടുകൾ കൈകാര്യം ചെയ്യുന്ന കണ്ടെയ്‌നറുകളിൽ ഭൂരിഭാഗവും ഇന്ത്യൻ കണ്ടെയ്‌നർ ഗതാഗതത്തിന്റെ ഭാഗഭാക്കാണ്. കേന്ദ്ര സർക്കാരിന്റെ മാരിടൈം ഇന്ത്യാ വിഷൻ 2030 (MARITIME INDIA VISION 2030 - SagarMala) മാർഗ്ഗരേഖയിൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മുന്തിയ മുൻഗണനയാണ് നൽകിയിട്ടുള്ളത്. മൂന്ന് കൊല്ലങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കണമെന്ന് മാർഗ്ഗരേഖ നിഷ്കർഷിക്കുന്നു.
അനുമതികളെ സംബന്ധിച്ച് തന്നെ; തീരശോഷണത്തെക്കുറിച്ചും
2004 - 12 കാലയളവുകളിൽ നടത്തപ്പെട്ട വിവിധ സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് (DPR). ഇതിന്റെ ഭാഗമായാണ് തുറമുഖവുമായി ബന്ധപ്പെട്ട നിർമ്മാണ ഘടകങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും മാസ്റ്റർപ്ലാനിന് അന്തിമ രൂപം നൽകുകയും ചെയ്തത്. പ്രസ്തുത DPR ന്റെ അടിസ്ഥാനത്തിലാണ് തുറമുഖ നിർമ്മാണ അനുമതിക്കാവശ്യമായ പാരിസ്ഥിതികാഘാത പഠനം നടന്നത്. പഠനം പ്രധാനമായും ഊന്നൽ നൽകിയത് തുറമുഖ നിർമ്മാണം സമീപ പ്രദേശങ്ങളുടെ തീരശോഷണത്തിന് കാരണമാകുമോ എന്നത് സംബന്ധിച്ചായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭാഗമായ Expert Appraisal Committee യുടെ അടക്കം വിശദമായ പരിശോധനയ്ക്ക് വിധേയമായ പഠനമാണ് പൂർത്തീകരിക്കപ്പെട്ടത്. തുറമുഖ നിർമ്മാണം സമീപ പ്രദേശങ്ങളിൽ ഒരുനിലയിലുമുള്ള തീരശോഷണത്തിനും കാരണമാകുന്നില്ല എന്നതായിരുന്നു പഠനത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ 2014 ജനുവരിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതികാനുമതി നൽകി. അതേത്തുടർന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ ദാർഘാസിലൂടെ സ്വകാര്യ പങ്കാളിയെ കണ്ടെത്തി പദ്ധതിയാരംഭിക്കുന്നത്. 2006 - 2011 കാലയളവിലെ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ ഭരണകാലയളവിലാണ് തുറമുഖനിർമ്മാണം സംബന്ധിച്ച ടെണ്ടർ പ്രവർത്തനങ്ങൾ സജീവമാകുന്നത്. എം വിജയകുമാർ ആയിരുന്നു തുറമുഖ വകുപ്പ് മന്ത്രി. ടെൻഡർ ലഭ്യമായത് ചൈനീസ് കമ്പനിക്കായിരുന്നതിനാൽ കേന്ദ്രസർക്കാർ ബന്ധപ്പെട്ടവർക്കുള്ള നിർമ്മാണാനുവാദം നിരസിക്കുകയായിരുന്നു.
തടസ്സവാദങ്ങൾക്ക് സംഭവിച്ചത്
2014 - 16 കാലയളവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ലഭ്യമായ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതി, ദേശീയ ഹരിത ട്രിബ്യുണൽ എന്നിവകൾക്കു മുമ്പാകെ അപ്പീലുകൾ സമർപ്പിക്കപ്പെട്ടത്. അപ്പീലുകളും തടസ്സവാദങ്ങളും എൻ ജി റ്റി യുടെ സാങ്കേതിക സമിതി ഉൾപ്പെട്ട പ്രിൻസിപ്പൽ ബെഞ്ച് സവിസ്തരം കേൾക്കുകയും ബന്ധപ്പെട്ടവ പ്രസക്തമല്ലെന്ന് കണ്ട് നിരസിക്കുകയായിരുന്നു. ഇതോടൊപ്പം തുറമുഖ നിർമ്മാണവുമായി മുന്നോട്ട് പോകുന്നതിനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് 2016 സെപ്തംബറിൽ എൻ ജി റ്റി പുറപ്പെടുവിക്കുകയും ചെയ്തു. പ്രസ്തുത ഉത്തരവിൽ പദ്ധതി പ്രദേശത്തിന്റെ 10 കി മി ദൂരപരിധിയിലെ തീരങ്ങളിലെ വ്യതിയാനം സൂക്ഷ്മമമായി നിരീക്ഷിക്കണമെന്നും (High resolution ഉപഗ്രഹ ചിത്രങ്ങളും ബീച്ച് സർവേയും അടിസ്ഥാനപ്പെടുത്തുന്ന പഠനം) തുറമുഖ പദ്ധതിയുടെ ഭാഗമായി സമീപ തീരങ്ങളിൽ തീരശോഷണം സംഭവിക്കുന്നു എന്ന് കണ്ടെത്തുകയാണെങ്കിൽ ബന്ധപ്പെട്ടവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ NGT യുടെ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. പ്രസ്തുത നിബന്ധനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കപ്പെടുന്നു എന്നുറപ്പുവരുത്തുന്നതിനായി ശാസ്ത്രജ്ഞർ, വിഷയ വിദഗ്ധർ എന്നിവരുൾക്കൊള്ളുന്ന വിദഗ്ധ സമിതിയെയും തീര നിരീക്ഷണ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
NGT Expert Committee രാജ്യത്തെ പ്രമുഖ റിസർച്ച്/ സയന്റിഫിക്ക്/ റഗുലേറ്ററി സ്ഥാപനങ്ങളായ INCOIS, NCSCM, CMFRI, NRSA, NHO, CPCB എന്നിവിടങ്ങളിലെ സീനിയർ ശാസ്ത്രജ്ഞന്മാർ ഉൾക്കൊള്ളുന്ന ഏഴ് അംഗ സമിതിയാണിത്.
Shore Line Monitoring Cell NCESS നു പുറമേ സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളായ KCZMA, KSREC, KSPCB പരിസ്ഥിതി, ഹാർബർ എഞ്ചിനിയറിങ്, ഫിഷറീസ്, ടൂറിസം വകുപ്പുകൾ എന്നിവകളിലെ വിദഗ്ധർ ഉൾപ്പെടുന്ന 10 അംഗ സമിതിയാണിത്.
തീരശോഷണം ; NGT Expert Committee യുടെ കണ്ടെത്തൽ എന്ത്?
സൂചിത കമ്മിറ്റികൾ ആറുമാസക്കാലയളവിൽ പദ്ധതി പ്രദേശവും പ്രദേശത്തിന്റെ 20 കിലോമീറ്റർ തെക്ക് - വടക്ക് തീരപ്രദേശങ്ങളും സന്ദർശിച്ച് EC, CRZ അനുമതികളിലേയും NGT ഉത്തരവിലേയും നിബന്ധനകൾ പരിപാലിക്കപ്പെടുന്നുണ്ടോ എന്നത് സംബന്ധമായ അവലോകനം നടത്തുന്നു. ഇതോടൊപ്പം നിർമ്മാണ വേളയിൽ തീരവ്യതിയാനവുമായി ബന്ധപ്പെട്ട് നടത്തുന്ന നിരീക്ഷണങ്ങൾ, ശാസ്ത്രീയ പഠനങ്ങൾ എന്നിവ വിലയിരുത്തി NGT ക്ക് സമർപ്പിക്കുകയും ചെയ്യുന്നു. NGT നിയോഗിച്ച കമ്മിറ്റികളൊന്നും തന്നെ നാളിതുവരെ ബീമാപ്പള്ളി, വലിയതുറ, ശംഖുമുഖം തുടങ്ങിയ വടക്കൻ തീരങ്ങളിൽ സംഭവിച്ചുവരുന്ന തീരശോഷണം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടേയില്ല.
ആശങ്കകൾ അടിസ്ഥാനമില്ലാത്തത്
വിഴിഞ്ഞം തീരത്തിന്റെ സവിശേഷമായ ബഹുമതജീവിതവും സാമുദായിക ഐക്യവും പാരസ്പരികതയും അവലോകനം ചെയ്യുന്ന മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്കിന്റെ പ്രതികരണം വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിലൂന്നിയ ശ്രദ്ധേയ അക്കാദമിക പഠനമാണ്. വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല. കേരള സർക്കാരിന്റെ പദ്ധതിയാണ്. അദാനി നിർമ്മാണത്തിനും നിശ്ചിത കാലയളവിലെ നടത്തിപ്പിനും കരാർ എടുത്തിരിക്കുന്ന ആളാണ്. ആ കരാറിലെ പാകപ്പിഴകൾക്ക് യുഡിഎഫും ഇന്ന് സമരം ചെയ്യുന്നവരിൽ ചിലരുമാണ് ഉത്തരവാദികൾ. ഇന്ന് അക്രമാസക്ത സമരത്തിന് നേതൃത്വം നൽകുന്ന ക്രിസ്‌ത്യൻ പുരോഹിതർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. മത്സ്യത്തൊഴിലാളികളിൽ എല്ലാ മതസ്ഥരുമുണ്ട്. പദ്ധതിയുടെ വിശാല ഗുണഭോക്താക്കളുടെ കാര്യമെടുത്താൽ മറ്റു മതസ്ഥരായിരിക്കും ബഹുഭൂരിപക്ഷം. ഇത് കണക്കിലെടുക്കാതെ ഏകപക്ഷീയമായി തങ്ങൾ പറയുന്നിടത്ത് കാര്യങ്ങൾ നടക്കണം, അല്ലെങ്കിൽ അക്രമം ഉണ്ടാകും എന്നും മറ്റും ഭീഷണിപ്പെടുത്തുന്നതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ആലോചിച്ചിട്ടുണ്ടോ?. ദുർവാശി വിവേകത്തിന് ഇനിയെങ്കിലും വഴി മാറുമെന്ന് പ്രതീക്ഷിക്കട്ടെയെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്ന ഡോ. ടി എം തോമസ് ഐസക്ക് എന്തുകൊണ്ട് ഈ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ സർക്കാർ സന്നദ്ധമല്ല എന്നതിനെക്കുറിച്ചും കൃത്യതയോടെ വിശദീകരിക്കുന്നുണ്ട്. "മുഖ്യകാരണം പറഞ്ഞുകഴിഞ്ഞു. 6000 കോടി രൂപ ഇതിനകം ചെലവഴിച്ച് പദ്ധതി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിയുടെ വരും വരായ്കയെക്കുറിച്ച് ആലോചിക്കേണ്ടിയിരുന്ന ഘട്ടത്തിൽ ഇന്നത്തെ സമരക്കാർ പദ്ധതി വേഗം നടപ്പാക്കാൻ സമരം ചെയ്‌തവരാണ്. ഇങ്ങനെ ആർക്കെങ്കിലും ഉൾവിളി തോന്നുമ്പോൾ നിർത്തിവയ്‌ക്കേണ്ടതാണോ വികസന പദ്ധതികൾ " എന്ന യുക്തിസഹമായ ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
കേരള വികസനത്തിന് ഏറെ സഹായകമായ "വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള സമര നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായി എന്ന വാർത്ത അത്യന്തം ഗൗരവപൂർണ്ണമാണെന്ന്" എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. "ലോകത്തിന്റെ ചരക്ക് ഗതാഗതത്തിൽ തന്നെ നിർണ്ണായകമായ പങ്ക് വഹിക്കാൻ പറ്റുന്ന ഈ പദ്ധതിയെ അട്ടിമറിക്കാൻ പലവിധത്തിലുള്ള ശ്രമങ്ങളുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി ഇപ്പോഴും ഇത്തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് ഗൗരവപൂർണ്ണമാണ്. ഇതിന്റെ പിന്നിലുള്ള എല്ലാ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
തീവ്രവാദപ്പട്ടം ചാർത്തിക്കൊടുക്കുന്നവിധം; പാതിരി വക
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ഫിഷറീഷ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാനെതിരെ സമരസമിതി കൺവീനർ പാതിരി തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ അസഹിഷ്‌ണുതാ പരാമർശം ജനാധിപത്യവ്യവസ്ഥയുടെ സർവ്വസീമകളും അതിലംഘിക്കുന്നതാണ്. വി അബ്ദുറഹിമാൻ എന്ന പേരിൽ തന്നെ ഒരു 'തീവ്രവാദി' യുണ്ടെന്നതായിരുന്നു തിയോഡേഷ്യസ് ഡിക്രൂസിന്റെ അവഹേളനം. മന്ത്രിക്കെതിരായ പരാമർവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത എഫ് ഐ ആർ ൽ വർഗ്ഗീയ ധ്രുവീകരണത്തിലൂടെ പാതിരി കലാപത്തിന് ശ്രമിച്ചതായടക്കമുള്ള ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഭയപ്പെടുത്തലിന്റേയും വെറുപ്പിന്റേയും പ്രത്യയശാസ്ത്രമാണ് തിയോഡേഷ്യസ് ഡിക്രൂസിലൂടെ പുറത്തുവന്നിരിക്കുന്നത്. മുസ്ലിം ജനസാമാന്യത്തിനെതിരായ ലവ് ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് ആസൂത്രിത ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്നതിൽ സംഘപരിവാരം നടത്തിയ പരിശ്രമങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള ഇടപെടലാണ് ളോഹയിട്ട വർഗ്ഗീയവാദിയിൽ നിന്നുണ്ടായത്. ഇത് ഇതര മത വിദ്വേഷപ്രചരരായ 'കാസ'യുടെ (Christian Association And Alliance for Social Action) പ്രവർത്തനശൈലിയെ ഓർമ്മിപ്പിക്കുന്നു. സാമൂഹിക പുരോഗതിക്കും വികസനത്തിനും അഭിവൃദ്ധിക്കും വിലങ്ങുതടിയാകുന്ന ഇത്തരം അപകടകരങ്ങളായ സാമൂഹികവിരുദ്ധ പ്രവണതകളെ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.
വിഴിഞ്ഞം - വിശ്വ ഹിന്ദു പരിഷത്ത് - 'സുവർണ്ണാവസരം'
ലത്തീൻ സഭയിലെ ഒരു വിഭാഗം പാതിരിമാർ വർഗ്ഗീയത ഊതിക്കത്തിച്ച് തീരദേശത്തെ അശാന്തിയിലാഴ്ത്തി നടത്തിവരുന്ന വിഴിഞ്ഞം തുറമുഖ വിരുദ്ധ പ്രൊപ്പഗണ്ടയ്ക്ക് സമാനമായി വിശ്വ ഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സമാനമായ ആസൂത്രണങ്ങളാണ് വിഴിഞ്ഞം കേന്ദ്രീകരിച്ച് നടന്നുവരുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയുടെ നേതൃത്വത്തിലാണ് പൊലീസ് വിലക്ക് ലംഘിച്ച് നിയമ വിരുദ്ധമായി സംഘം ചേർന്ന് പൊതു ഗതാഗതം തടസ്സപ്പെടുത്തി പദ്ധതിപ്രദേശത്തേക്ക് മാർച്ച് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കെ പി ശശി കലയെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 700 പേരെയും പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. വി എച്ച് പി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി അടക്കമുള്ളവരുടെ പ്രസ്തുത യോഗത്തിലെ സാന്നിധ്യം മതവർഗ്ഗീയത ആളിക്കത്തിച്ച് ധ്രുവീകരണം സാധ്യമാക്കുന്നതിനുള്ള കുത്സിത നീക്കങ്ങളുടെ ആദ്യ പടിയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വത്സൻ തില്ലങ്കേരി, കെ പി ശശി കല അടക്കമുള്ള ആർ എസ് എസ് നേതൃത്വം സംസ്ഥാനത്താകെ നിഷ്കളങ്ക വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് കലാപം സംഘടിപ്പിക്കാൻ നടത്തിയ നീക്കങ്ങളും പ്രബുദ്ധ കേരളം പ്രതിരോധിച്ചതുമെല്ലാം ചരിത്രമാണ്. മുൻ ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ശ്രീധരൻ പിള്ള പ്രസ്തുത സാഹചര്യത്തെ 'സുവർണ്ണാവസരമായാണ്' വിലയിരുത്തിയത്. ആവിധം വിഴിഞ്ഞത്തെ സമകാലീന സാഹചര്യങ്ങളെ വിഭജിച്ച് ഭരിക്കുന്നതിനുള്ള സുവർണ്ണാവസരമായി സംഘപരിവാരവും ബി ജെ പി യും ലക്ഷ്യം വെക്കുകയാണ്. ഏതുവിധേനയും സംഘർഷം സൃഷ്ടിച്ച് അക്രമവും അരാജകത്വവും വ്യാപിപ്പിച്ച് സമാധാനാന്തരീക്ഷം തകർക്കുകയും വികസനത്തെ / തുറമുഖ നിർമ്മാണത്തെ പിന്നോട്ടടിപ്പിക്കുക എന്നതാണ് ഇരു വർഗ്ഗീയതകളുടേയും പൊതുലക്ഷ്യം. കടൽ കലക്കി മീൻ പിടിക്കാനിറങ്ങുന്ന സ്ഥാപിത താൽപ്പര്യങ്ങളെ പൊതുസമൂഹം തിരിച്ചറിയുകയും ബഹിഷ്‌കരിക്കുകയും ചെയ്യുമെന്നതിൽ പക്ഷം രണ്ടില്ല.
വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ കൗൺസിൽ
വിഴിഞ്ഞം തുറമുഖനിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം മദർപോർട്ട് ആക്‌ഷൻ സമിതിയുടെ നേതൃത്വത്തിൽ തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ മാധ്യമ പ്രവർത്തകൻ ഏലിയാസ് ജോൺ നടത്തുന്ന നിരാഹാര സമരവും അതിനുള്ള കക്ഷിരാഷ്ട്രീയത്തിനതീതമായ പിന്തുണയും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമൂഹിക പ്രാധാന്യത്തെ വിളിച്ചോതുന്നതാണ്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരസമിതി നടത്തുന്ന സമരം അപ്രസക്തമായെന്ന് നിരാഹാരസമരം ഉദ്‌ഘാടനം ചെയ്ത് സി പി ഐ (എം) തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. "ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കഴിഞ്ഞതാണ്. തുറമുഖ നിർമാണം നിർത്തിവയ്‌ക്കാൻ കഴിയില്ലെന്ന് പുരോഹിതന്മാരെ അറിയിച്ചിരുന്നതാണ്. വിഴിഞ്ഞം തുറമുഖം വേണമെന്ന് ദേശസ്‌നേഹികളായ ആളുകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. വിഴിഞ്ഞം തുറമുഖപദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സമരം ഉദ്‌ഘാടനം ചെയ്‌തത് ബിഷപ്പാണ്. അന്ന് ആ യോഗത്തിൽ സിപിഐ എം പ്രതിനിധിയായി ജില്ലാ സെക്രട്ടറിയായ കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തിരുന്നു. പദ്ധതി നിർത്തിവയ്‌ക്കണമെന്ന് പറയുന്നതിൽ ദുരുദ്ദേശ്യമുണ്ട്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയാണ് പദ്ധതി നിർത്തണമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അവരുമായി ബന്ധപ്പെട്ട് പറഞ്ഞ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ലോകത്തെ വിവിധ മേഖലയിലുള്ള പ്രമാണിമാർക്ക് അത് അംഗീകരിക്കാനാകില്ല. അത്തരം ആളുകൾ ആരെങ്കിലും വിഴിഞ്ഞം സമരത്തിനു പിന്നിലുണ്ടോയെന്ന് സംശയമുണ്ടാക്കുന്നുണ്ടെന്നും" ആനാവൂർ പറഞ്ഞു. തുറമുഖത്തിന് എതിരായുള്ള സമരത്തിന് ഫണ്ട് വരുന്നുണ്ടെന്നും അത് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തുനൽകിയിട്ടുണ്ടെന്നും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻനായർ അഭിപ്രായപ്പെട്ടു.
പ്രതികരണങ്ങൾ… പ്രതിഫലനങ്ങൾ
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ആശങ്കകൾ അടിസ്ഥാനമില്ലാത്തതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന ഉറച്ച പ്രഖ്യാപനമാണ് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നടത്തിയത്. വികസന കാര്യങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നാടിനു നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സംഘടിപ്പിച്ച വിദഗ്ധ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി നിർമാണം തുടങ്ങിയതുമുതൽ പ്രദേശവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും മുഴുവൻ ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്കെതിരായി ഇപ്പോൾ നടക്കുന്ന സമരത്തിലെ ഒട്ടുമിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്. തുറമുഖ നിർമാണം നിർത്തിവച്ചു പഠനം നടത്തുകയെന്നത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം കപ്പിനും ചുണ്ടിനുമിടയിൽ എത്തിനിൽക്കുമ്പോൾ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? മുഴുവൻ ജനങ്ങളെയും വസ്തുതകൾ ബോധ്യപ്പെടുത്താൻ സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിൽ ആസൂത്രിതനീക്കം വിഴിഞ്ഞം അക്രമത്തിനു പിന്നിൽ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സ്വാഭാവികമായ സംഘർഷമല്ല ഉണ്ടായത്. പൊലീസ് സ്‌റ്റേഷൻ കത്തിക്കണം എന്ന് ചില പുരോഹിതർ പറയുന്ന വീഡിയോകൾ കണ്ടിരുന്നു. ഈ രീതിയിലല്ല ഈ വിഷയത്തെ സമീപിക്കേണ്ടത്. വളരെ കർക്കശമായ സമീപനം സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോഴും സർക്കാർ തുറന്ന മനസ്സോടെയാണ് പ്രവർത്തിച്ചത്. പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിച്ചു. പൊലീസ് വളരെയധികം സംയമനം പാലിക്കുന്നുണ്ട്. വിഴിഞ്ഞം പദ്ധതി ഇന്ത്യയുടെ തന്നെ സാമ്പത്തിക വികസനത്തിൽ നിർണായകമാണ്. ഇതിനായി ആരെയും കുടിയൊഴിപ്പിച്ചിട്ടില്ല. കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്ക് കേരളത്തിൽ മറ്റെങ്ങുമില്ലാത്തതരത്തിലുള്ള വാടകനിരക്കാണ് നൽകിയിരിക്കുന്നത്. സർക്കാരിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് മുഖ്യമന്ത്രി മുൻകൈയെടുത്ത് കൈമാറി. അതിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണെന്നും രാജീവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കേരളീയർക്കുള്ള ഓണസമ്മാനമായി അടുത്ത വർഷം വിഴിഞ്ഞത്ത് കപ്പലടുക്കുമെന്നും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സംഘടിപ്പിച്ച സെമിനാറിലെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. "വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെയെന്ന്" മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. "പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും സമരം അടിച്ചമര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "വിഴിഞ്ഞത്ത് സമരത്തിന്റെ പേരില്‍ ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന്" മന്ത്രി ആന്റണി രാജു പറഞ്ഞു. "സര്‍ക്കാരും പൊലീസും ആത്മസംയമനം പാലിക്കുകയാണ്. ആത്മസംയമനം ദൗര്‍ഭല്യമായി കാണരുത്. സമാധാനം തകര്‍ക്കാന്‍ ആരും ശ്രമിക്കരുതെന്നും" മന്ത്രി ആവശ്യപ്പെട്ടു. "രാജ്യസ്‌നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാന്‍ കഴിയില്ലെന്ന്" മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. സമരക്കാര്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും കൂട്ടിച്ചേർത്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി കേരള സർക്കാർ രൂപം നൽകിയ സർക്കാർ അധീനതയിലെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആണ് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL). മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ വൈസ് ചെയർമാനും മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹിമാൻ, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ഡോ ശശി തരൂർ എം പി, ഡോ വി പി ജോയ് ഐ എ എസ്, ബിശ്വന്ത് സിൻഹ ഐ എ എസ്, ബിജുകെ ഐ എ എസ്, കെ ഗോപാലകൃഷ്ണൻ ഐ എ എസ് (മാനേജിംഗ് ഡയറക്ടർ), ഡോ ജയകുമാർ (സി ഇ ഒ) എന്നിവരടങ്ങുന്ന ഡയറക്ടർ ബോർഡാണ് VISL ന്റേത്. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട എല്ലാതരം ബാധ്യതകളും ചുമതലകളും വി ഐ എസ് എൽ ഇൽ നിക്ഷിപ്തമാണ്.
പ്രകടന പത്രിക വീൺവാക്കല്ല
കേരളത്തിന്റെ പൊതുവിലും തലസ്ഥാനത്തിന്റെ വിശേഷിച്ചും സമഗ്രവികസനത്തിനും പുരോഗതിക്കും പരമപ്രധാനമായ വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കാൻ 'ഓപ്പറേഷൻ പശ്ചിമഘട്ടം' എന്നപേരിൽ വമ്പൻ ഗൂഡാലോചന നടന്നതായി ഇന്റലിജെൻസ് കണ്ടെത്തിയിട്ടുണ്ട്. അനുദിനം പരാജയപ്പെടുന്ന സമരത്തെ ഏതുവിധേനയും ഉത്തേജിപ്പിക്കാൻ തീവ്ര - ഇടത് - മൗലികവാദ സ്വഭാവമുള്ള സംഘടനകളുടെ പൊതുവേദി രൂപീകരിച്ചാണ് അക്രമപ്രവർത്തനങ്ങൾക്ക് ഒരുവിഭാഗം പുരോഹിതന്മാർ നേതൃത്വം നൽകുന്നത്. നിരോധിക്കപ്പെട്ട തീവ്രവാദ സംഘങ്ങളിലെ അംഗങ്ങളും ഇവർക്കൊപ്പം കൈകോർത്തിരിക്കുന്നു. നിഷ്കളങ്കരായ സാമാന്യ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നും പരിപൂർണ്ണമായും ഒറ്റപ്പെട്ട വികസന വിരുദ്ധ സഖ്യം നിൽക്കക്കള്ളിയില്ലാതെ അക്രമത്തിന്റെ പാത തെരഞ്ഞെടുക്കുകയായിരുന്നു. തുറമുഖ വിരുദ്ധ സമരത്തിനെതിരെ വിശ്വാസികൾക്കിടയിൽ നിന്നുതന്നെ പ്രതിഷേധമുയർന്നുതുടങ്ങിയതും അക്രമകാരികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ബിഷപ്പിന് പരാതി നൽകി അൽമായർ തന്നെ രംഗത്തുവന്നിട്ടുണ്ട്. അക്രമസമര നേതൃത്വത്തിന് വിവിധ സ്രോതസ്സുകളിൽ നിന്നും ലഭ്യമാകുന്ന സാമ്പത്തിക പിന്തുണ സംബന്ധിച്ചും അന്വേഷണമാരംഭിച്ചിട്ടുണ്ട്. വികസന വിരുദ്ധരുടെ എതിർപ്പുകളെ മറികടന്ന് ഗെയിൽ, കൂടംകുളം - കൊച്ചി - ഇടമൺ പവർ ഹൈവേ, ദേശീയ പാതാ വികസനം അടക്കമുള്ളവ സമയബന്ധിതമായി സാധിതപ്രായമാക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന നേട്ടങ്ങളിൽ വിഴിഞ്ഞം തുറമുഖ പദ്ധതി സുപ്രധാന ഏടാകും. 'വേണം നമുക്കൊരു പുതു കേരളം' മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളമെന്ന എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക വെറും വീൺവാക്കല്ലെന്ന് വിഴിഞ്ഞം തെളിയിക്കുന്നു.