ഈ തെരുവ് നായകളെ എന്ത് ചെയ്യും?
PHOTO : PRASOON KIRAN
പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ അഭിരാമിയാണ് തെരുവുനായ ആക്രമണത്തിന്റെ ഏറ്റവും പുതിയ ഇര. ഓഗസ്റ്റ് 14 ന് രാവിലെ പാല്‍ വാങ്ങാനായി സ്വന്തം വീട്ടില്‍നിന്ന് പുറത്തിറങ്ങിയതായിരുന്ന ആ പന്ത്രണ്ട് വയസ്സുകാരി. മുഖത്തടക്കം നായയുടെ കടിയേറ്റ കുട്ടിയ്ക്ക് അതേ ദിവസംതന്നെ പ്രതിരോധ മരുന്നും സീറവും കുത്തിവെച്ചു. അതിനുശേഷം മൂന്ന് ഡോസ് കുത്തിവെപ്പ് എടുക്കുകയും സെപ്റ്റംബര്‍ പത്തിന് നാലാമത്തേത് നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ചയോടെ അഭിരാമിയുടെ നില വഷളാവുകയും കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെടുകയുമാണ് ഉണ്ടായത്.
അഭിരാമിയിലും പേവിഷ ബാധ സ്ഥിരീകരിച്ചതോടെ, 2022 ല്‍ ഇക്കാരണംകൊണ്ട് കേരളത്തിലുണ്ടാവുന്ന മരണങ്ങള്‍ 21 ആയി. 2021 ല്‍ പതിനൊന്ന് പേരും 2020 ല്‍ അഞ്ചുപേരുമാണ് പേവിഷ ബാധമൂലം മരിച്ചത്. എന്തുകൊണ്ട് ഈ വര്‍ഷം പേവിഷ ബാധയുമായി ബന്ധപ്പെട്ട് ഇത്രയധികം മരണങ്ങള്‍ ഉണ്ടാവുന്നുവെന്ന് വ്യക്തമല്ല. പെരുകുന്ന നായകളുടെ എണ്ണവും, മുറിവുണ്ടായയുടന്‍ ലഭിക്കേണ്ട പ്രഥമ ശുശ്രൂഷയേക്കുറിച്ച് ശരിയായ അവബോധമില്ലാത്തതുമൊക്കെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു. വാക്‌സിനുകളുടെ ഗുണനിലവാരവും സംശയിക്കപ്പെടുന്നുണ്ട്. വിശദമായ പഠനങ്ങള്‍ക്കുശേഷമേ ഇക്കാര്യങ്ങള്‍ ഉറപ്പിച്ചു പറയാന്‍ സാധിക്കുകയുള്ളൂ.
കഴിഞ്ഞയാഴ്ച നിയമസഭയിലും തെരുവുനായ വിഷയം വലിയ ചര്‍ച്ചയായി. വാക്‌സിനുകളുടെ നിലവാരത്തില്‍ തെല്ലും സംശയമില്ലെന്ന് വാദിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ മുഖ്യമന്ത്രി തിരുത്തുകയും, അക്കാര്യം വിശദമായി പഠിക്കേണ്ടതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഉയരുന്ന മരണനിരക്കും കാരണങ്ങളും പഠിക്കുന്നതിന് ആരോഗ്യ വിദഗ്ധരുടെ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുമുണ്ട്. കേരളത്തിലെ തെരുവുനായശല്യം സുപ്രീം കോടതിക്ക് മുന്നിലും എത്തിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഈ മാസം ഒമ്പതിന് വാദം കേള്‍ക്കും.
മരണങ്ങള്‍ ഉയരുമ്പോഴും സംവിധാനങ്ങള്‍ നിശ്ചലം
ആദ്യമായല്ല തെരുവുമായ വിഷയം വലിയ ചര്‍ച്ചയാവുന്നത്. എന്നാല്‍, ഉയര്‍ന്ന മരണ നിരക്കും വാക്‌സിന്‍ എടുത്തവരുടെ മരണവും മൂലം ഇപ്പോഴത്തെ വാര്‍ത്തകള്‍ക്ക് ഗൗരവമേറുന്നു. ഒറ്റനോട്ടത്തില്‍ത്തന്നെ ഈ വര്‍ഷത്തെ മരണനിരക്ക് കൂടുതല്‍ ശ്രദ്ധ ക്ഷണിക്കുന്നതാണ്. അതുകൊണ്ടുതന്നെ, പതിവില്‍നിന്ന് മാറി റാബീസ് വാക്‌സിനിലേക്കും ആരോഗ്യ സംവിധാനങ്ങളുടെ സമീപനങ്ങളിലേക്കും ഇത്തവണ ചര്‍ച്ചകള്‍ നീളുന്നു. വാക്‌സിന്‍ എടുത്തവരില്‍പോലും വൈറസ് ബാധ ശക്തമാവുകയും മരണപ്പെടുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. ഇതോടൊപ്പം, ചര്‍ച്ചകളിലേക്ക് കടന്നുവരാത്ത, എന്നാല്‍ വളരെ പ്രസക്തമായൊരു കാര്യമാണ് തെരുവുനായശല്യം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരുത്തുന്ന വീഴ്ച.
തെരുവുനായകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്തെന്നോ ഇപ്പോഴും വലിയ പിടിയില്ലാത്ത അവസ്ഥയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. തെരുവുനായകളെ കൊല്ലുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. 1960 ല്‍ പാര്‍ലമെന്റ് പാസാക്കിയ മൃഗസംരക്ഷണ നിയമത്തിന്റെ 11-ാം വകുപ്പ് പ്രകാരം, മൃഗങ്ങളോടുള്ള ക്രൂരതകള്‍ ശിക്ഷാര്‍ഹമാക്കിയിരിക്കുന്നു. പട്ടികളെ വന്ധ്യംകരിച്ച് പ്രജനനം തടയുകയെന്ന രീതീയാണ് രാജ്യത്ത് നിലവിലുള്ളത്. ആഗോള തലത്തില്‍ത്തന്നെ തെരുവുനായകളെ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല രീതിയായി ഇത് കരുതപ്പെടുന്നു. പേവിഷ ബാധയ്ക്ക് കാരണമാവുന്ന റാബീസ് വൈറസിനെ തടയുന്നതിനുള്ള ഏറ്റവും മനുഷ്യത്വപരമായ മാര്‍ഗമായാണ് വന്ധ്യംകരണം ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുന്നത്.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതോടൊപ്പം റാബീസ് വാക്‌സിനും നല്‍കി തിരികെ അയക്കുകയാണ് ഇപ്പോള്‍ തുടര്‍ന്നുവരുന്ന രീതി. 2001 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച അനിമല്‍ ബര്‍ത്ത് കണ്ട്രോള്‍ (ഡോഗ്‌സ്) ചട്ടങ്ങളാണ് ഇതിനുള്ള അനുമതി നല്‍കുന്നത്. 2004 ല്‍ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ റിപ്പോര്‍ട്ട് സീരീസ് 931 ഉം മുന്നോട്ടുവെക്കുന്നത് ഈ രീതി തന്നെയാണ്. വന്ധ്യംകരണവും പ്രതിരോധ കുത്തിവെപ്പുമാണ് റാബീസ് വൈറസിനെ ചെറുക്കുന്നതിനുള്ള ഏറ്റവും ശാസ്ത്രീയമായ മാര്‍ഗമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് വിജയകരമായി നടപ്പാക്കുന്നതിന് വലിയ വെല്ലുവിളികളുണ്ട്. മാലിന്യ നിര്‍മാര്‍ജനം തികച്ചും അശാസ്ത്രീയമായ നിലയിലാണ് രാജ്യത്ത് പല ഭാഗങ്ങളിലുമുള്ളത്. പലയിടങ്ങളില്‍ തുറസ്സായ പ്രദേശങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നായ്ക്കള്‍ ഭക്ഷണം തേടി അലഞ്ഞുതിരിഞ്ഞ് അവിടേക്കെത്തുന്നതിന് ഇടയാക്കുന്നു. വന്ധ്യംകരണത്തോടൊപ്പം, നായകള്‍ അലഞ്ഞുതിരിയുന്നത് ഒഴിവാക്കുന്നതും, ആവാസ വ്യവസ്ഥ നിയന്ത്രിക്കുന്നതും അവയുടെ എണ്ണം കുറയ്ക്കുന്നതില്‍ പങ്കുവഹിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം.
തദ്ദേശ സ്ഥാപനങ്ങളുടെ നിസ്സഹായത
അനിമല്‍ ബര്‍ത്ത് കണ്ട്രോള്‍ (ഡോഗ്‌സ്) ചട്ടങ്ങള്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് വന്ധ്യംകരണത്തിന്റെയും പ്രതിരോധ കുത്തിവെപ്പിന്റെയും പ്രധാന ചുമതല. ഈ ചട്ടങ്ങള്‍ പറയുന്നതനുസരിച്ചേ തെരുവുനായ്ക്കളെ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. ഗുരുതര രോഗങ്ങളോ മുറിവുകളോ ഉള്ളവയെ മാത്രമേ കൊല്ലാന്‍ സാധിക്കുകയുള്ളൂ. അതും ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ച്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് താങ്ങാവുന്നതിലുമധികം ഉത്തരവാദിത്തങ്ങളാണോ ചട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് സംശയം തോന്നുക സ്വാഭാവികമാണ്. ഭീമമായ ചെലവും മനുഷ്യ സഹായവും ആവശ്യമായ നടപടികളാണ് ചട്ടം മുന്നോട്ടുവെക്കുന്നത്. പട്ടികളെ പിടിക്കുന്നതും, സംരക്ഷിക്കുന്നതും, കുത്തിവെക്കുന്നതും, വന്ധ്യംകരണ സര്‍ജറി നടത്തേണ്ടതും തദ്ദേശ സ്ഥാപനങ്ങള്‍തന്നെ. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ എത്രത്തോളം പ്രായോഗികമാണെന്നത് സംശയമാണ്. ഇക്കാര്യത്തില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ച്ചയോടെ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ തെരുവുനായകളുടെ വന്ധ്യംകരണവും കുത്തിവെപ്പും പാടെ നിന്നുപോയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാവാത്തതോ, അതോ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണോ ഇതിന് കാരണമെന്നും തിരക്കേണ്ടതായിവരും.
മോണിട്ടറിംഗ് കമ്മിറ്റി, പട്ടിപിടുത്ത സ്‌ക്വാഡുകള്‍ എന്നിവ രൂപീകരിക്കുക, പട്ടികളെ സംരക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സംവിധാനങ്ങളൊരുക്കുക എന്നിവയെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. എല്ലാ തെരുവുനായകളെയും പിടിക്കാനും ചട്ടം അനുവദിക്കുന്നില്ല. നായകളെക്കുറിച്ച് പരാതി ലഭിച്ചാല്‍ മാത്രമേ അവയെ പിടിക്കാനും വന്ധ്യംകരണം നടത്താനും അനുവാദമുള്ളൂ. പേ ബാധിച്ചുവെന്ന് സംശയിക്കപ്പെടുന്ന നായയെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കുകയും, ചികില്‍സ ഉറപ്പാക്കുകയും വേണമെന്നും ചട്ടം നിഷ്‌കര്‍ഷിക്കുന്നു.
വികസിത രാജ്യങ്ങള്‍ക്ക് സമാനമായി, തെരുവുനായകളെ പിടിച്ചുകൊണ്ടുപോയി ആരെങ്കിലും ദത്തെടുക്കുന്നതുവരെ അവയെ സംരക്ഷിക്കുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമാണോ എന്ന് വിശദമായി പഠിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളടക്കം നായകളുടെ ആക്രമണത്തിന് ഇരയാവുകയും മരണപ്പെടുകയും ചെയ്യുമ്പോള്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മയക്കം തുടരാനാവില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇപ്പോള്‍ നേരിടുന്ന 'പോളിസി പരാലിസിസിന്' ഉടന്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് പൊലിയുന്ന ഓരോ മനുഷ്യജീവനും.