TMJ
searchnav-menu
post-thumbnail

Outlook

കോടതിക്ക് ഇരയുടെ വസ്ത്രത്തിലെന്ത് കാര്യം?

17 Aug 2022   |   1 min Read
തോമസ് കൊമരിക്കൽ

ഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ലൈംഗികാരോപണക്കേസില്‍ ജാമ്യഹര്‍ജി പരിഗണിച്ചുകൊണ്ട് ഈ മാസം 12നാണ് കോടതി ഉത്തരവിറക്കിയത്. ഒരേസമയം അത്ഭുതവും ആശങ്കയുമുണ്ടാക്കുന്ന വിധമാണ് ഈ ഉത്തരവിലെ കോടതിയുടെ ചില നിരീക്ഷണങ്ങള്‍. ഉത്തരവിന്റെ പത്താം ഖണ്ഡികയില്‍ പരാതിക്കാരി ധരിച്ചിരുന്ന വസ്ത്രത്തേക്കുറിച്ചുള്ള പരാമര്‍ശമാണ് പ്രധാനമായും വിവാദത്തിന് കാരണമായിരിക്കുന്നത്.

ജാമ്യഹര്‍ജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ ചില ഫോട്ടോകള്‍ അടിസ്ഥാനമാക്കി പരാതിക്കാരി ധരിച്ചിരുന്ന വസ്ത്രം ഏതുവിധത്തിലുള്ളതാണെന്ന അന്വേഷണം കോടതി നടത്തുന്നു. ഫോട്ടോകള്‍ അവലോകനം ചെയ്തശേഷം, പരാതിക്കാരി ധരിച്ചിരുന്നത് 'ലൈംഗിക ചോദന ഉണര്‍ത്തുന്ന' (sexually provocative) വസ്ത്രമാണെന്ന അഭിപ്രായം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇതുള്‍പ്പെടെയുള്ള കാരണങ്ങള്‍കൊണ്ട് ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 354എ പ്രകാരമുള്ള കുറ്റാരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഏത് നിയമ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഫോട്ടോയിലുള്ള വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക ചോദനയുടെ കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലേക്ക് കോടതി നീങ്ങിയതെന്ന് വ്യക്തമല്ല. ഓരോ മനുഷ്യന്റെയും ലൈംഗിക താല്‍പ്പര്യങ്ങള്‍ വ്യത്യസ്തമാണെന്നിരിക്കെ കോടതിയുടെ ഈ നിരീക്ഷണം യുക്തിരഹിതമാണെന്നുതന്നെ പറയേണ്ടിവരും. ഇതേ കോടതി സിവിക് ചന്ദ്രന് നല്‍കുന്ന രണ്ടാമത്തെ മുന്‍കൂര്‍ ജാമ്യമാണിത്. മറ്റൊരു ലൈംഗികാതിക്രമക്കേസില്‍ മതിയായ തെളിവുകളില്ലെന്ന കാരണം കാണിച്ചാണ് ജാമ്യമനുവദിച്ചത്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് | PHOTO: PTI

വസ്ത്രത്തിന്റെ കാര്യത്തിലുള്ള കോടതിയുടെ അഭിപ്രായത്തിന് നിയമപരമായ അടിസ്ഥാനമൊന്നുമില്ല. മാത്രമല്ല, വസ്ത്രമേത് ധരിച്ചാലും ശാരീരികമായ അതിര്‍ത്തികള്‍ വെക്കാനും അക്രമിക്കപ്പെടാതിരിക്കാനുമുള്ള ഒരു വ്യക്തിയുടെ അവകാശത്തെ കോടതി മറക്കുകയും ചെയ്യുന്നു. ലൈംഗികാതിക്രമക്കേസുകളില്‍ കീഴ്‌ക്കോടതികളും പോലീസും പാലിക്കേണ്ട മര്യാദകളേക്കുറിച്ച് മേല്‍ക്കോടതികള്‍ പലപ്പോഴായി നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. സുപ്രീം കോടതി ഏറ്റവും ഒടുവിലായി ഈ വിഷയത്തില്‍ ഉത്തരവിറക്കിയത് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ച അതേദിവസമാണെന്നത് രസകരമായ വസ്തുതയാണ്.

ക്രിമിനല്‍ നടപടിക്രമം വകുപ്പ് 327 പ്രകാരം ബലാല്‍സംഗക്കേസുകളില്‍ മാത്രമേ ഇന്‍ ക്യാമറ (in camera) വിചാരണ പാടുള്ളൂ. അടച്ചിട്ട കോടതിമുറിയില്‍, പൊതുജനങ്ങളെ ഒഴിവാക്കി കേസുമായി ബന്ധമുള്ളവര്‍ മാത്രം വിചാരണാ വേളയില്‍ പ്രവേശിക്കുന്നു. എന്നാല്‍ പന്ത്രണ്ടാം തീയ്യതിയിലെ ഉത്തരവിലൂടെ ലൈംഗികാതിക്രമം നേരിടുന്ന എല്ലാവരും ഈ ആനുകൂല്യത്തിന് അര്‍ഹരാണെന്ന് കോടതി വ്യക്തമാക്കുന്നു. മാത്രമല്ല, ഇരയാകുന്നവരുടെ വിചാരണാ സമയത്ത് ചോദ്യങ്ങളുന്നയിക്കുമ്പോള്‍ മാന്യതയോടെയും മാനസികാവസ്ഥ പരിഗണിച്ചും വേണമെന്നും ഉത്തരവിലുണ്ട്. ഇരകള്‍ക്കുണ്ടാവുന്ന മനോവ്യഥയും അവര്‍ക്ക് സമൂഹത്തില്‍നിന്ന് നേരിടേണ്ടിവരുന്ന പരിഹാസങ്ങളും പരിഗണിച്ചാണ് കോടതിയുടെ പുരോഗമനപരമായ ഉത്തരവ്. ഇത്തരം കേസുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് കോടതികള്‍ക്കുമേല്‍ വലിയ ഉത്തരവാദിത്തമുണ്ടെന്ന കാര്യവും പ്രത്യേകം പരാമർശിക്കുന്നു. വിചാരണാ നടപടികളില്‍ ഇരയ്ക്ക് സഹായകമായ പല മാറ്റങ്ങളും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിക്കുകയും ചെയ്തു.

കുട്ടികള്‍, സ്ത്രീകള്‍, ലൈംഗീക ന്യൂനപക്ഷങ്ങള്‍ തുടങ്ങി സാമൂഹ്യമായ ബലഹീനതകളുള്ളവരുടെ കാര്യത്തില്‍ അതുംകടന്നുണ്ടാവുന്ന പരിഹാസങ്ങളും അകറ്റിനിര്‍ത്തലുകളും ഇക്കാലത്ത് ഏറെ ചര്‍ച്ചയാവുന്നുണ്ട്. ലൈംഗീക അതിക്രമങ്ങള്‍പോലുള്ള കുറ്റങ്ങള്‍ക്ക് ഇരയാകുന്ന മനുഷ്യര്‍, ശാരീരികമായി ആഘാതമേല്‍ക്കുന്നതോടൊപ്പം ഇത്തരം പല അടരുകളുള്ള തിക്താനുഭവങ്ങള്‍ക്ക് വിധേയരായിക്കൊണ്ടേയിരിക്കുന്നു.

എന്നാല്‍ ഇതേ ദിവസംതന്നെ രാജ്യത്തിന്റെ മറ്റൊരുകോണില്‍, ഇരയെ സോഷ്യല്‍ ഓഡിറ്റിങ്ങിലേക്ക് തള്ളിവിടുന്ന നിരീക്ഷണത്തിലൂടെയുടെയുള്ള നിയമപരമായ പിന്നോട്ടുപോക്ക് തികച്ചും ദൗര്‍ഭാഗ്യകരമാണ്. കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശത്തിനെതിരെയുള്ള നടപടികള്‍ക്കായി ഹൈക്കോടതി രജിസ്റ്റ്രാറെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യുവ എഴുത്തുകാരിയായ പരാതിക്കാരി.

ഒരു വ്യക്തി അക്രമിക്കപ്പെടുമ്പോള്‍ ശരീരത്തില്‍ മാത്രമല്ല പരിക്കുകളുണ്ടാവുന്നത്. ശരീരവും മനസും ഒരുപോലെ വേദനയേല്‍ക്കുന്നു. കുട്ടികള്‍, സ്ത്രീകള്‍, ലൈംഗീക ന്യൂനപക്ഷങ്ങള്‍ തുടങ്ങി സാമൂഹ്യമായ ബലഹീനതകളുള്ളവരുടെ കാര്യത്തില്‍ അതുംകടന്നുണ്ടാവുന്ന പരിഹാസങ്ങളും അകറ്റിനിര്‍ത്തലുകളും ഇക്കാലത്ത് ഏറെ ചര്‍ച്ചയാവുന്നുണ്ട്. ലൈംഗീക അതിക്രമങ്ങള്‍പോലുള്ള കുറ്റങ്ങള്‍ക്ക് ഇരയാകുന്ന മനുഷ്യര്‍, ശാരീരികമായി ആഘാതമേല്‍ക്കുന്നതോടൊപ്പം ഇത്തരം പല അടരുകളുള്ള തിക്താനുഭവങ്ങള്‍ക്ക് വിധേയരായിക്കൊണ്ടേയിരിക്കുന്നു. യാഥാസ്ഥിതിക സമൂഹത്തിന്റെ സ്ത്രീ-ലൈംഗീക ന്യൂനപക്ഷ വിരുദ്ധ മുന്‍ധാരണകളും തമാശകളും അക്രമിക്കപ്പെടുന്നവരെ വലിയ വൈകാരികഗര്‍ത്തങ്ങളിലേക്ക് തള്ളിവിടാന്‍പോന്നവയുമാണ്.

ടി പദ്മനാഭന്‍: photo: wiki commons

കോഴിക്കോട് നടന്ന ഒരു പുസ്തകപ്രകാശന വേളയില്‍ എഴുത്തുകാരന്‍ ടി പദ്മനാഭന്‍ നടത്തിയ തികച്ചും സ്ത്രീവിരുദ്ധമായ പരാമര്‍ശം. ഉത്തമ സാഹിത്യത്തേക്കാള്‍ അശ്ലീലത്തിനാണ് ഇപ്പോള്‍ വിപണിയുള്ളതെന്നും അത് സ്ത്രീകള്‍ എഴുതുന്നതാണെങ്കില്‍ ചൂടപ്പംപോലെ പല പതിപ്പുകള്‍ വിറ്റഴിയുമെന്നും അദ്ദേഹം പ്രസംഗിച്ചു. അവിടെയും നിര്‍ത്താതെ, ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായ കന്യാസ്ത്രീകളെയും ലക്ഷ്യം വെക്കുകയുണ്ടായി.

ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയായവര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പലവിധം മാനഹാനികരമായ പ്രചരണങ്ങള്‍ക്ക് വിധേയരാകുന്നത് പതിവാണ്. അവരുടെ വ്യക്തിത്വത്തെ ഇകഴ്ത്തിക്കാട്ടുന്നതിനുള്ള കൂട്ടായ സൈബര്‍ ആക്രമണങ്ങളും പലകുറി ആവർത്തിക്കുന്നു. അക്രമിക്കപ്പെട്ട നടിക്കും, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ആരോപണമുന്നയിച്ച കന്യാസ്ത്രീക്കും നേരിടേണ്ടിവന്ന തുടര്‍ച്ചയായ പ്രത്യക്ഷ-പരോക്ഷ ആക്രമണങ്ങള്‍ വലിയ രീതിയില്‍ കേരളീയ സമൂഹം ചര്‍ച്ചചെയ്തവയാണ്. അക്രമത്തിന്റെ ഇരകള്‍ക്ക് ചുറ്റുമായി ഈ വിധം വിഷമയമായ സാമൂഹ്യ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് ചുരുക്കം. അതോടൊപ്പം ഇരകള്‍ തങ്ങള്‍ക്ക് സഹായമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളും അരക്ഷിതാവസ്ഥയുണ്ടാക്കുമ്പോള്‍ എന്തുപറയണം?

സാഹിത്യ ലോകത്തുതന്നെ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതായ മറ്റൊരു കാര്യവുമുണ്ടായി. കോഴിക്കോട് നടന്ന ഒരു പുസ്തകപ്രകാശന വേളയില്‍ എഴുത്തുകാരന്‍ ടി പദ്മനാഭന്‍ നടത്തിയ തികച്ചും സ്ത്രീവിരുദ്ധമായ പരാമര്‍ശം. ഉത്തമ സാഹിത്യത്തേക്കാള്‍ അശ്ലീലത്തിനാണ് ഇപ്പോള്‍ വിപണിയുള്ളതെന്നും അത് സ്ത്രീകള്‍ എഴുതുന്നതാണെങ്കില്‍ ചൂടപ്പംപോലെ പല പതിപ്പുകള്‍ വിറ്റഴിയുമെന്നും അദ്ദേഹം പ്രസംഗിച്ചു. അവിടെയും നിര്‍ത്താതെ, ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായ കന്യാസ്ത്രീകളെയും ലക്ഷ്യം വെക്കുകയുണ്ടായി. അശ്ലീലം കന്യാസ്ത്രീകളെഴുതുമ്പോള്‍ പുസ്തകത്തിന്റെ വിപണിമൂല്യം വര്‍ധിക്കുമെന്നാണ് എഴുത്തുകാരന്‍ പറഞ്ഞത്. ഇതിനെതിരെ എഴുത്തുകാരുള്‍പ്പടെ അനേകര്‍ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. പലരും ടി പദ്മനാഭന്‍ മാപ്പ് പറയണമെന്ന ആവശ്യവുമുന്നയിക്കുന്നുണ്ട്. സാഹിത്യലോകത്ത് ബഹുമാനിക്കപ്പെടുന്നവരില്‍ നിന്ന് ഉണ്ടാവുന്ന ഇത്തരം നിരുത്തരവാദപരമായ സ്ത്രീവിരുദ്ധ അഭിപ്രായങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായതുപോലെതന്നെ അങ്ങേയറ്റം മോശമായതും സമൂഹത്തെ പിന്നോട്ടുവലിക്കുന്നതുമാണ്. ഇപ്പോള്‍ത്തന്നെ ശക്തമായി നില്‍ക്കുന്ന പുരുഷപക്ഷ വീക്ഷണങ്ങളെ ബലപ്പെടുത്താന്‍മാത്രം ഉപകരിക്കുന്നവയാണ് ഇവ. അതോടൊപ്പം ലൈംഗികാതിക്രമത്തിന്റെ ഇരകളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. പരാതി ഉന്നയിക്കുന്നതുതന്നെ ഏറെ മനോവ്യഥയുണ്ടാക്കുന്ന പ്രക്രിയയാണെന്നിരിക്കെ, അവരുടെ വസ്ത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന കോടതിയും, തുറന്ന് പറയുന്നവരെ പരഹസിക്കുന്ന എഴുത്തുകാരനും സാമൂഹത്തിന്റെ പിന്നോട്ടുപോക്കിന് കുടപിടിക്കുകയാണ് ചെയ്യുന്നത്.

ഇരകള്‍ സുരക്ഷയും സ്വകാര്യതയും പ്രതീക്ഷിക്കുന്ന ഇടമാണ് കോടതി. പുരുഷാധിപത്യത്തെ ചെറുക്കുന്നതിനുള്ള ശക്തമായ പുരോഗമന നിലപാടുകള്‍ സാഹിത്യലോകത്തുനിന്നും പ്രതീക്ഷിക്കുന്നു. സമൂഹ്യ പരിഷ്‌കരണത്തില്‍ പങ്കുചേരാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ നിലവിലുള്ള തിന്മകളെ ബലപ്പെടുത്താതിരിക്കാനുള്ള സുബോധമെങ്കിലും ഈ മേഖലകളിലുള്ളവര്‍ക്കുണ്ടാവണം.

Leave a comment