TMJ
searchnav-menu
post-thumbnail

Outlook

ചരിത്രബോധം വീണ്ടെടുക്കുമ്പോള്‍

29 Nov 2022   |   1 min Read
എന്‍ പ്രഭാകരന്‍

“വിദേശികളും വൈദേശിക സ്വാധീനങ്ങളും ഇടപെട്ടില്ലായിരുന്നെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ മലയാളികളെപ്പറ്റി പറയാമായിരുന്ന ഒരു സത്യമുണ്ട്: ചരിത്രമില്ലാത്ത ഒരു ജനത സന്തുഷ്ടരാണ്.” മലബാര്‍ മാന്വലിന്റെ ആമുഖത്തില്‍ വില്യം ലോഗന്‍ കുറിച്ചിട്ടതാണ് ഈ വാക്യം. മാന്വല്‍ പുറത്തുവന്നിട്ട് 135 വര്‍ഷം പൂര്‍ത്തിയാവുമ്പോഴും ഈ വാക്യം ഭാഗികമായെങ്കിലും അര്‍ത്ഥപൂര്‍ണമായി നമുക്ക് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്? ഈ കാലയളവിനുള്ളില്‍ കേരളചരിത്രം വലിയൊരു പഠന പഠനമേഖലയായി വികസിച്ചു. എത്രയോ വിദ്യാര്‍ത്ഥികള്‍ ഡിഗ്രി തലത്തിലും പി.ജി തലത്തിലും അതൊരു പേപ്പറായി പഠിച്ചു. ചരിത്രപഠനത്തെ പുഷ്ടിപ്പെടുത്താന്‍ സഹായിച്ച കനപ്പെട്ട സംഭാവനകള്‍ പലതും നല്‍കിയ പ്രഗത്ഭരായ പല ചരിത്രകാരന്മാരും ഇവിടെ ഉണ്ടായി. കേരളചരിത്രസംബന്ധിയായ പുതിയ പുസ്തകങ്ങള്‍ വൈവിധ്യപൂര്‍ണ്ണമായ ഉള്ളടക്കത്തോടെ ഓരോ വര്‍ഷവും ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. പ്രാദേശിക ചരിത്രരചനയും കുറച്ചുകാലമായി വളരെ സജീവമാണ്. ഇത്രയുമെല്ലാമായിട്ടും ചരിത്രം സദാ നമ്മോടൊപ്പമുണ്ടെന്ന തോന്നല്‍ ഇനിയും നമ്മുടെ സാമാന്യബോധത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടില്ല.

 

പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കമായി വന്നിരുന്ന ചരിത്രത്തെ പരിഹസിക്കുക അക്കാലത്തു തന്നെ വിദ്യാര്‍ത്ഥികളും അല്ലാത്തവരും ഒരു പതിവാക്കിയിരുന്നു. ചരിത്രപുരുഷന്മാര്‍, ചരിത്ര സംഭവങ്ങള്‍ എന്നിവയെ സംബന്ധിച്ച് പഴയകാലത്തെ മിക്ക ചരിത്ര പണ്ഡിതന്മാര്‍ക്കുമുണ്ടായിരുന്ന ധാരണ എത്രമേല്‍ അപൂര്‍ണ്ണവും വികലവുമായിരുന്നുവെന്ന് ഇന്നിപ്പോള്‍ എല്ലാവര്‍ക്കും അറിയാം. ചരിത്രത്തെക്കുറിച്ചുള്ള പുതിയ ബോധ്യത്തിന്റെ ആവേശം അടുത്ത കാലത്തുണ്ടായ പല കേരള ചരിത്രഗ്രന്ഥങ്ങളിലും പ്രകടമാണ്. നരവംശശാസ്ത്രം, ഫോക് ലോര്‍ തുടങ്ങിയ മേഖലകളില്‍ ഉണ്ടാവുന്ന അന്വേഷണങ്ങളും കേരള ചരിത്രത്തിന്റെ ഉള്ളടക്കം വിപുലമാക്കുകയും ഈ വിഷയത്തിന് നവോന്മേഷം നല്‍കുകയും ചെയ്യുന്നുണ്ട്.

 

മലബാര്‍ മാന്വൽ | photo : wiki commons

 

അധികാരവികേന്ദ്രീകരണം ലക്ഷ്യമാക്കി കേരളത്തില്‍ ആരംഭിച്ച (1996-97) ജനകീയാസൂത്രണത്തിന്റെ പ്രാരംഭഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും വികസനരേഖകള്‍ തയ്യാറാക്കിയിരുന്നു. അതാത് പഞ്ചായത്തിന്റെ ചരിത്രമായിരുന്നു വികസനരേഖയുടെ ആദ്യ അധ്യായം. ഈ വികസന രേഖകള്‍ പുറത്തുവന്നത് ഒരു ജില്ലയുടെ തന്നെ ചരിത്രം തയ്യാറാക്കുന്നതിലേക്കും പഞ്ചായത്ത് എന്ന അതിര്‍ത്തി കല്‍പ്പിക്കാതെ ഒരു പ്രദേശത്തിന്റെയാകെ ചരിത്രം തയ്യാറാക്കുന്നതിലേക്കും നയിച്ചതിനുള്ള ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഉദാ: വടക്കന്‍ പെരുമ (കാസര്‍കോട് ജില്ലയുടെ ജനപക്ഷ ചരിത്രം) എഡി: ഡോ. സി ബാലന്‍, പയ്യന്നൂര്‍ ചരിത്രവും സമൂഹവും എഡി: ഡോ. ടി പവിത്രന്‍, ജി ഡി നായര്‍.

 

ഇനി പറയാനുള്ളത് സുവനീറുകളുടെ കാര്യമാണ്. ഉത്തരകേരളത്തിലെ പല കാവുകളും പുറത്തിറക്കിയ സുവനീറുകളിലെ പ്രധാന ഉള്ളടക്കം അതാത് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളെയും അവിടെ കെട്ടിയാടിക്കപ്പെടുന്ന തെയ്യങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍ തന്നെയാണ്. അവ പ്രധാനപ്പെട്ടവ തന്നെയെങ്കിലും പ്രാദേശിക ചരിത്രത്തില്‍ താല്പര്യമുള്ള സാധാരണവായനക്കാരും പഠിതാക്കളും കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കുക ആ ലേഖനങ്ങളില്‍ ആനുഷംഗികമായി കടന്നുവരുന്ന ചരിത്ര വസ്തുതകള്‍ക്കും ക്ഷേത്രം നടത്തിപ്പുമായോ ക്ഷേത്രാചാരാങ്ങളുമായോ ബന്ധപ്പെട്ട് കാര്യമായി പലതും ചെയ്ത പ്രായമായവരെയും മരിച്ചുപോയവരെയും കുറിച്ചെഴുതിയ കുറിപ്പുകള്‍ക്കുമായിരിക്കും. ഗ്രന്ഥാലയങ്ങളും പഴയ വിദ്യാലയങ്ങളും ചില സാംസ്കാരിക സ്ഥാപനങ്ങളും സംഘടനകളും ചിലപ്പോള്‍ സ്മരണികകള്‍ പുറത്തിറക്കാറുണ്ട്. വടക്കന്‍ ഗ്രാമീണ ജീവിതത്തിന്റെ ഓര്‍മ്മകളും ആ ജീവിതത്തിന്റെ പല തലങ്ങളുമായി ബന്ധപ്പെട്ട വിചാരങ്ങളും ഏറെക്കുറെ അനൗപചാരികമായി അവതരിപ്പിച്ചിരിക്കുന്ന നല്ല പാരായണ സുഖമുള്ള ചില ലേഖനസമാഹാരങ്ങളും വടക്കന്‍ കേരളത്തില്‍ ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ പ്രചാരലുപ്തവുമായ വാക്കുകളുടേതു മാത്രമായ ചില കൊച്ചു ശബ്ദകോശങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

 

കഴിഞ്ഞ രണ്ടു ദശകക്കാലത്തോളമായി വളരെയേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമാവുന്ന ഒരു മേഖലയാണ് ഫോക്‌ലോർ പഠനത്തിന്റെത്. ഈ പുസ്തകങ്ങളില്‍ നല്ലൊരു പങ്ക് തെയ്യത്തെയും മലബാര്‍ മേഖലയിലെ ജനസംസ്കാരത്തെയും കുറിച്ചുള്ള പഠനങ്ങളാണ്.

 

കോവിഡ് കാലം ഒരുപാടു പേരെ, വിശേഷിച്ചും ശ്വാസകോശരോഗങ്ങളും മറ്റ് പലവിധ രോഗങ്ങളുമുള്ളവരെയും വൃദ്ധജനങ്ങളെയും വാര്‍ധക്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങുന്നവരെയും കുട്ടികളെയുമെല്ലാം മാസങ്ങളോളം വീട്ടിനകത്തു തന്നെ ഇരിക്കാന്‍ നിര്‍ബന്ധിതരാക്കി. ഈ 'വീട്ടുതടങ്കല്‍' പലരെയും ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറേ പേര്‍ സാമാന്യം വലിയ ആത്മകഥകള്‍ തന്നെ എഴുതി. മറ്റു ചിലര്‍ ഓര്‍മ്മകളും ഓര്‍മ്മകളെ ചുറ്റിപ്പറ്റിയുള്ള ലഘുലേഖനങ്ങളും എഴുതി. ഇവയെല്ലാം പ്രാദേശിക ചരിത്രത്തിലേക്ക് മുതല്‍ക്കൂട്ടുന്ന അനേകം വിവരങ്ങളുടെ ശേഖരം കൂടിയായിരുന്നു. സാധാരണഗതിയില്‍ അടുത്ത തലമുറ ഓര്‍മ്മിക്കാനിടയില്ലാത്ത പല വ്യക്തികളുടെയും ഗ്രാമജീവിത യാഥാര്‍ത്ഥ്യങ്ങളുടെയും ജീവസ്സുറ്റ ചിത്രങ്ങള്‍ കൂടി ഈ ആത്മകഥകളിലും ലഘുലേഖനസമാഹാരങ്ങളിലും ഉണ്ട്. മുകളില്‍ പറഞ്ഞ ഏതാണ്ട് എല്ലാ വിഭാഗങ്ങളിലും പെട്ട രചനകള്‍ക്കുള്ള ചില ഉദാഹരണങ്ങള്‍ മാത്രം താഴെ ചേര്‍ക്കാം:

 

1. കാലാങ്ങാ (ശ്രീപാലായി പാലാ കൊഴുവല്‍ ഭഗവതി ക്ഷേത്രം സോവനീര്‍ 2011) എഡി: അംബികാസുതന്‍ മാങ്ങാട്,
2. കന്നിക്കൊയ്ത്ത് (ഉദിനൂര്‍ വിളകൊയ്ത്ത് സമരം അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയത് 2002) എഡി: വാസു ചോറോട്
3. തൃപ്പടി (വെങ്ങര ശ്രീ. മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം സ്മരണിക 2009) എഡി: വി വി തമ്പാന്‍
4. ഉറവ (തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാലയ ചരിത്ര രേഖ, 2006)
5. പയങ്ങോട് (മാടായി, പഴയങ്ങാടി, ചെറുകുന്ന് ദേശങ്ങളോട് അടുത്തു നില്‍ക്കുന്ന വട്ടക്കോടിന്റെയും പരിസരപ്രദേശങ്ങളുടെയും ചരിത്രം-2014) എഡി: ബാലകൃഷ്ണന്‍, 6. അങ്കം (കൈരളി ആര്‍ട്സ് ക്ലബ്ബ് പൊള്ളപ്പൊയില്‍ കൊടക്കാട് വക പ്രസിദ്ധീകരണം, 2004) എഡി: ഇ പി രാജഗോപാലന്‍
7. അപ്പക്കൂട് (Bakers Association,Kerala,2008) എഡി: പി എം ശങ്കരന്‍
8. ജീവനരേഖ (ചന്ദ്രഗിരിപ്പുഴയുടെ ചരിത്രവര്‍ത്തമാനങ്ങള്‍, 2012) എഡി: ജി ബി വത്സന്‍
9. Dr.Herman Gundert centenary Souvenir: എഡി: പാട്യം വിശ്വനാഥ്
10. ശ്രീജ്ഞാനോദയയോഗം ശതാബ്ദി ചരിത്ര സ്മരണിക (2005) എഡി: ചമ്പാടന്‍ വിജയന്‍
11. ഓര്‍മ്മയുടെ തണ്ണീര്‍ പന്തലുകള്‍: പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്
12. പേരുകള്‍, പെരുമാറ്റങ്ങള്‍ : ഇ പി രാജഗോപാലന്‍
13. അമ്മയുടെ ഓര്‍മ്മപ്പുസ്തകം: മാധവന്‍ പുറച്ചേരി.

 

 

സോഷ്യല്‍ മീഡിയയില്‍ പുതുതലമുറ നല്ല താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നു വ്യക്തമായതോടെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ സാമാന്യം നല്ല പരിചയമുള്ള പലരും ചേര്‍ന്ന് താന്താങ്ങളുടെ പ്രദേശത്തെപ്പറ്റി തയ്യാറാക്കിയ മികച്ച വെബ്സൈറ്റുകള്‍ കഴിഞ്ഞ പത്തിരുപത് കൊല്ലത്തിനകമാണ് യാഥാര്‍ത്ഥ്യമായിത്തീര്‍ന്നത്. madaippara.com പോലുള്ള ഇത്തരം വെബ്സൈറ്റുകളും Payyannur Diaries, Payyannur Today, Iritty Koottam പോലുള്ള കൂട്ടായ്മകളുടെ ഫേസ്ബുക്ക് പോസ്റ്റുകളും പ്രാദേശിക ചരിത്രരചനയ്ക്ക് നല്ല പോലെ സഹായകമാവുന്ന ആധാര രേഖകള്‍ തന്നെയാണ്.

 

വിഷ്ണുഭാരതീയന്റെ 'അടിമകള്‍ എങ്ങനെ ഉടമകളായി', എ കെ ജിയുടെ 'എന്റെ ജീവിതകഥ' തുടങ്ങി എല്ലാവരുടെയും ശ്രദ്ധയില്‍ നേരത്തേ വന്നു കഴിഞ്ഞ ആത്മകഥകള്‍ ഉത്തരകേരളത്തിന്റെ ചരിത്ര രചനയ്ക്ക് എത്രയധികം പ്രയോജനപ്പെടുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. ഇങ്ങനെയുള്ള ആത്മകഥകള്‍ക്കു പുറമെ വിപുലമായ ജനശ്രദ്ധയില്‍ വന്നിട്ടില്ലാത്ത കൊടക്കാട്ട് കണ്ണന്‍ പെരുവണ്ണാന്റെ 'ചിലമ്പിട്ട ഓര്‍മകള്‍' ഡോ. എം വി വിഷ്ണുനമ്പൂതിരിയുടെ 'ഓര്‍ച്ച' എന്നിവ പോലുള്ള അനേകം ആത്മകഥകള്‍ വേറെയുമുണ്ട്.

 

കഴിഞ്ഞ രണ്ടു ദശകക്കാലത്തോളമായി വളരെയേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമാവുന്ന ഒരു മേഖലയാണ് ഫോക്‌ലോർ പഠനത്തിന്റെത്. ഈ പുസ്തകങ്ങളില്‍ നല്ലൊരു പങ്ക് തെയ്യത്തെയും മലബാര്‍ മേഖലയിലെ ജനസംസ്കാരത്തെയും കുറിച്ചുള്ള പഠനങ്ങളാണ്. ഇവയ്ക്ക് പുറമേ സാധാരണയായി ചരിത്രകാരന്മാര്‍ വേണ്ടത്ര ശ്രദ്ധിക്കാത്ത ഇടങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും വിവരണാത്മക സ്വഭാവമുള്ളവയും അതേ സമയം അന്വേഷിച്ചു കണ്ടെത്തിയ ഒരുപാട് പുതിയ വസ്തുതകള്‍ക്ക് ഇടം നല്‍കിയവയുമായ പുസ്തകങ്ങളും വേറെയുണ്ട്. 1986 ല്‍ തന്നെ പുറത്തുവന്ന 'ആണ്ടലാട്ടിന്റെ രേഖയില്ലാത്ത ചരിത്രം' എന്ന പുസ്തകത്തെ തീര്‍ച്ചയായും ആദ്യം ഓര്‍മ്മിക്കണം. വാമൊഴി ചരിത്രം, പ്രാദേശിക ചരിത്രം, ചരിത്രത്തില്‍ ഇടം കിട്ടാത്തവരുടെ ചരിത്രം എന്നീ ആശയങ്ങള്‍ക്ക് വേണ്ടത്ര പ്രചാരം കൈവന്നിട്ടില്ലാത്ത കാലത്താണ് ആണ്ടലാട്ട് ആ പുസ്തകം എഴുതിയത്. കഴിഞ്ഞ നൂറ്റാണ്ടില്‍ പുതിയൊരു രാഷ്ട്രീയ ബോധവും വര്‍ഗ്ഗബോധവും ആര്‍ജിച്ച ഉത്തരകേരളത്തിലെ പാവപ്പെട്ട മനുഷ്യര്‍ നടത്തിയ ആദ്യകാല പോരാട്ടങ്ങളുടെ ചരിത്രമാണ് രേഖയില്ലാത്ത ചരിത്രം. “ …It is history so painstakingly retrieved with honesty and dedication which professional historians might find difficult to match” എന്നാണ് ഈ പുസ്തകത്തെക്കുറിച്ച് കെ എന്‍ പണിക്കര്‍ എഴുതിയത്.

 

ഉത്തര കേരളത്തിന്റെ ചരിത്രം ഇങ്ങനെ കഥകളായും നോവലുകളായും ഫോക്‌ലോർ പഠനങ്ങളായും സ്മരണികകളായും ചരിത്രഗ്രന്ഥങ്ങളായിത്തന്നെയും തുടരെത്തുടരെ മുന്നിലെത്തുന്നുണ്ടെങ്കിലും മുതിര്‍ന്നവരില്‍ തീരെ ചെറുതല്ലാത്ത ഒരു വിഭാഗവും പുതുതലമുറയില്‍ നന്നേ ചെറിയ ഒരു വിഭാഗവും മാത്രമേ ചരിത്രബോധം സൂക്ഷിക്കാന്‍ താല്പര്യപ്പെടുന്നവരായി ഉള്ളൂ എന്നതാണ് വസ്തുത.

 

അത്യുത്തരകേരളത്തിന്റെ ചരിത്രവും ഇവിടത്തെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സംസ്കാരവുമായി ബന്ധപ്പെട്ട പഠനങ്ങളും കാവുകളെക്കുറിച്ചുള്ള പഠനങ്ങളുമെല്ലാം ചേര്‍ന്ന് 'രേഖയില്ലാത്ത ചരിത്ര'ത്തിനു ശേഷം പുറത്തുവന്ന നൂറുകണക്കിന് പുസ്തകങ്ങളുണ്ട്. കെ ബാലകൃഷ്ണന്റെ കാസര്‍കോടന്‍ ഗ്രാമങ്ങളിലൂടെ, ഏഴിമല, കണ്ണൂര്‍ക്കോട്ട, കണ്ണൂര്‍, കാസർഗോഡ് ജില്ലകളുടെ പലഭാഗത്തായി നടന്ന ചരിത്രപ്രസിദ്ധമായ സമരങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സ്വരൂപിക്കാന്‍ സഹായിക്കുന്ന കരിവെള്ളൂര്‍: കരിവെള്ളൂര്‍ മുരളി, കയ്യൂര്‍: ഡോ. സി ബാലന്‍, കാവുമ്പായി: എ പത്മനാഭന്‍, മുനയന്‍കുന്ന്: ഡോ.ജിനേഷ് കുമാര്‍ എരമം, പാടിക്കുന്ന്: കെ ബാലകൃഷ്ണന്‍ തുടങ്ങിയ പുസ്തകങ്ങളും ഓരോ ജീവനും വിലപ്പെട്ടതാണ്: എം എ റഹ്മാന്‍, ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങള്‍: ഇ ഉണ്ണികൃഷ്ണന്‍, ഉത്തരകേരളത്തിലെ യോഗിസമുദായം: ഡോ. പി കെ ഭാഗ്യലക്ഷ്മി, മുക്കുവരും തീരദേശസംസ്കൃതിയും: ഡോ. കെ പത്മനാഭന്‍, തലശ്ശേരിയുടെ നവോത്ഥാനചരിത്രം: ഡോ. ബി പാര്‍വ്വതി, തിരസ്കൃതര്‍: ഡയസ് ഹ്യൂബര്‍ട്ട്: (ചിറയ്ക്കല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെയും ചിറയ്ക്കല്‍ ദളിത് ക്രൈസ്തവരെയും കുറിച്ചുള്ള പഠനം) തുടങ്ങിയവയും അവയില്‍ ചിലതുമാത്രം.

 

മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍പ്പെടുന്ന പുസ്തകങ്ങള്‍ക്കു പുറമെ ഫോക്‌ലോറിനെ പുതിയ ജീവിത സാഹചര്യങ്ങളോടു ചേര്‍ത്ത് സര്‍ഗാത്മകമായി പുനരാവിഷ്കരിക്കുകയും പ്രകൃതിയെ മനുഷ്യന്റെ വൈകാരികജീവിതത്തിലെ പങ്കാളിയാക്കി മാറ്റുകയും ജനജീവിതത്തിന്റെ വിവിധ തലങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വടക്കന്‍ മനസ്സിന്റെ രീതികളെയും താല്പര്യങ്ങളെയും അന്തര്‍ധാരയായി സ്വീകരിച്ച് ആഖ്യാനം ചെയ്യുകയും ചെയ്ത അനേകം നോവലുകളും ചെറുകഥകളും നാടകങ്ങളുമുണ്ട്. ഉദാ: മരക്കാപ്പിലെ തെയ്യങ്ങള്‍, എന്‍മകജെ: അംബികാസുതന്‍ മാങ്ങാട്, മഴയില്‍നിന്ന് മഴയിലേക്ക്: കെ പി ഗോപാലന്‍, തീയ്യക്കുഞ്ഞിന്റെ ചൂട്ട്: സി അമ്പുരാജ്, കുളെ: വി എം മൃദുല്‍, എന്‍ ശശിധരനും ഇ പി രാജഗോപാലനും ചേര്‍ന്നെഴുതിയ 'കേളു', എന്‍ ശശിധരന്റെ ജീവചരിത്രം, നാട്ടിലെ പാട്ട് എന്നീ നാടകങ്ങള്‍, സമീപ കാലത്ത് കേരളത്തിലെ വായനാസമൂഹം ഉത്സാഹപൂര്‍വ്വം കൊണ്ടാടിയ ആര്‍ രാജശ്രീയുടെ നോവല്‍ 'കല്യാണിയെന്നും ദാക്ഷായണി എന്നും പേരായ രണ്ടു സ്ത്രീകളുടെ കത'. ഇത്തരത്തിലുള്ള സര്‍ഗാത്മക രചനകളെയും വേണ്ടത്ര വിവേചനബുദ്ധിയോടും വിശകലനശേഷിയോടും സമീപിക്കുന്ന പക്ഷം വസ്തുതകള്‍ക്ക് കൂടുതല്‍ ബലം നല്‍കും വിധം ചരിത്രരചനയില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

 

 

ഉത്തര കേരളത്തിന്റെ ചരിത്രം ഇങ്ങനെ കഥകളായും നോവലുകളായും ഫോക്‌ലോർ പഠനങ്ങളായും സ്മരണികകളായും ചരിത്രഗ്രന്ഥങ്ങളായിത്തന്നെയും തുടരെത്തുടരെ മുന്നിലെത്തുന്നുണ്ടെങ്കിലും മുതിര്‍ന്നവരില്‍ തീരെ ചെറുതല്ലാത്ത ഒരു വിഭാഗവും പുതുതലമുറയില്‍ നന്നേ ചെറിയ ഒരു വിഭാഗവും മാത്രമേ ചരിത്രബോധം സൂക്ഷിക്കാന്‍ താല്പര്യപ്പെടുന്നവരായി ഉള്ളൂ എന്നതാണ് വസ്തുത. 'എന്തുകൊണ്ടിങ്ങനെ?' എന്ന ചോദ്യത്തിന് ഉത്തരം തെരഞ്ഞുള്ള അന്വേഷണം നമ്മെ കൊണ്ടുചെന്നെത്തിക്കുക നമ്മുടെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തിനു സംഭവിച്ച മാറ്റത്തില്‍ത്തന്നെയാണ്. കുറച്ചുകാലമായി രാഷ്ട്രീയം എന്നതിന് സംഘടനാ സംവിധാനം ശക്തിപ്പെടുത്തല്‍, അടുത്ത തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് ഉറപ്പാക്കാനുള്ള അടവുകളും തന്ത്രങ്ങളും മെനഞ്ഞ് പരീക്ഷിച്ചു നോക്കല്‍ എന്നൊക്കെയാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അര്‍ത്ഥം കല്‍പ്പിക്കുന്നത്. ഇതു കാരണം രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്രം എന്നു കൂടി അര്‍ത്ഥമുണ്ടെന്ന കാര്യം അനുയായികള്‍ മിക്കവാറും മറന്നുപോയമട്ടാണ്. പാര്‍ട്ടിക്കൂറിന് അണുപോലും ഇളക്കം തട്ടാതിരിക്കുമ്പോഴും അവര്‍ യഥാര്‍ത്ഥത്തില്‍ അരാഷ്ട്രീയരായി മാറി എന്നതാണ് അതിന്റെ ഫലം. ഇത്, കേരളത്തിലുടനീളം സംഭവിച്ചിരിക്കുന്ന കാര്യമാണ്. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം അണികള്‍ക്ക് ലഭിക്കാത്തിടത്തോളം ഇതിന് മാറ്റം വരില്ല. ജനങ്ങളുടെ ജീവിതബോധത്തിലും താല്‍പര്യങ്ങളിലും ആധുനികോത്തരകാലം ഗണ്യമായ അളവില്‍ മാറ്റം വരുത്തിയിരിക്കെ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുക എളുപ്പമല്ലതാനും.

 

ചരിത്രവസ്തുതകളും തങ്ങളുടെ സംസ്കാരത്തെക്കുറിച്ചുള്ള ആധികാരികമായ വിശകലനങ്ങളും എത്രയധികം കയ്യില്‍ വന്നുചേര്‍ന്നാലും ചരിത്രബോധം ജനങ്ങളുടെ ധൈഷണികവും വൈകാരികവുമായ ഒരാവശ്യമായിത്തീരണമെങ്കില്‍ ഉയര്‍ന്ന രാഷ്ട്രീയബോധം സജീവമായി നിലനില്‍ക്കുന്ന ഒരു പൊതുജീവിത പരിസരം വേണം. അത് ഇല്ലാതായിക്കഴിഞ്ഞാല്‍ ചരിത്ര പഠിതാക്കളും ഗവേഷകരും ഫോക്‌ലോറിസ്റ്റുകളും സംസ്കാരപഠനത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും കഴിഞ്ഞാല്‍ വളരെ കുറച്ചാളുകള്‍ മാത്രമേ ചരിത്രത്തില്‍ ആഴമേറിയ താല്‍പര്യം വെച്ചുപുലര്‍ത്തുകയുള്ളൂ. കഴിഞ്ഞ മൂന്നുനാല് ദശകക്കാലത്തിനുള്ളില്‍ ഇവിടെ ഉണ്ടായ ചെറുതും വലുതുമായ ചരിത്രഗ്രന്ഥങ്ങളും ഫോക്‌ലോർ പഠനങ്ങളും സംസ്കാരവിശകലനങ്ങളുമൊന്നും ഒരു ഫലവും ചെയ്തില്ല എന്നല്ല സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ ഒരഭിപ്രായം എനിക്കില്ല. പല നിലയില്‍, പല തലങ്ങളില്‍ ഉത്തരകേരളത്തിലെ ജനങ്ങള്‍ സ്വന്തം പ്രദേശവുമായി ബന്ധപ്പെടുന്ന ചരിത്രവസ്തുകളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായിട്ടുണ്ട്. ഇവിടെ നിന്നുണ്ടാകുന്ന കഥകളും നോവലുകളും നാടകങ്ങളും സിനിമകളുമെല്ലാം അത് സംശയാതീതമായി തെളിയിക്കുന്നുണ്ട്. 'രേഖപ്പെടുത്താന്‍ മാത്രം ചരിത്രമില്ലാത്ത ഒരു ജനത'യാണ് തങ്ങളെന്ന് ഇക്കാലത്ത് വടക്കന്‍മാര്‍ കരുതുന്നതേയില്ല. പക്ഷേ, ചരിത്രത്തോടും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന മറ്റു പഠനമേഖലകളോടും തോന്നുന്ന ആഭിമുഖ്യത്തിന് ആഴവും പരപ്പും നല്‍കാന്‍, തങ്ങള്‍ക്ക് ലഭ്യമായിക്കഴിഞ്ഞ ചരിത്ര വസ്തുതകളെ മാനസ്സികജീവിതത്തിന്റെ ഭാഗമാക്കി അതിനെ ചരിത്രബോധമാക്കി പരിവര്‍ത്തിപ്പിക്കാന്‍ പുതിയകാല ജീവിതത്തിന്റെ ഭൗതികവും ധൈഷണികവും രാഷ്ട്രീയവുമായ പരിസരങ്ങള്‍ അവരില്‍ മഹാഭൂരിപക്ഷത്തെയും അനുവദിക്കുന്നില്ല; അതു തന്നെയാണ് പ്രശ്നം.

 

 

 

 

 

 

 

 

Leave a comment
RELATED