ഡല്‍ഹിയും ന്യൂഡല്‍ഹിയും പോരടിക്കുമ്പോള്‍
സംസ്ഥാനങ്ങളില്‍ ഭരണം കയ്യാളുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നത് തുടര്‍ക്കഥയാവുകയാണ്. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോഡിയയാണ് ഏറ്റവും പുതിയ ഇര. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടുകൂടി സിസോഡിയയുടെ ഔദ്യോഗിക വസതിയില്‍ ആരംഭിച്ച സിബിഐ റെയ്ഡ് പതിനഞ്ച് മണിക്കൂര്‍ നീണ്ടു. ഔദ്യോഗിക വസതിക്ക് പുറമെ ഏഴ് സംസ്ഥാനങ്ങളിലായി മുപ്പതോളമിടങ്ങളിലും സിബിഐ തിരച്ചില്‍ നടത്തി. സിബിഐ നടപടിയോടെ ആം ആദ്മി-ബിജെപി വാക്‌പോര് കൂടുതല്‍ മുറുകിയിരിക്കുകയാണ്.
ആം ആദ്മി പാര്‍ട്ടിക്കുള്ളിലെ അഴിമതിയാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് കാരണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റ് പാര്‍ട്ടി നേതാക്കളും പറയുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിന്റെ നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് സിബിഐ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എക്സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയാണ് മുഖ്യലക്ഷ്യമെന്ന് വ്യക്തം.
കേസില്‍ സിസോഡിയയുള്‍പ്പടെ പതിനഞ്ചുപേരെയാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ വിവിധ കമ്പനി തലവന്മാരടക്കം എട്ടുപേര്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഞായറാഴ്ച മനീഷ് സിസോഡിയക്കെതിരെയും സര്‍ക്കുലര്‍ പുറത്തിറക്കിയെന്ന വാര്‍ത്ത പരന്നെങ്കിലും സിബിഐ ഇത് നിഷേധിച്ചു. റെയ്ഡുകള്‍ പരാജയപ്പെട്ടശേഷമുള്ള തുടര്‍നാടകമാണിതെന്നും, ഡല്‍ഹിയില്‍ സ്വതന്ത്രനായി നടക്കുന്ന തനിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലർ എന്തിനെന്നും സിസോഡിയ ട്വിറ്ററില്‍ മറുപടി നല്‍കി.
മദ്യ വില്‍പ്പന പൂര്‍ണമായും സര്‍ക്കാര്‍ നിയണന്ത്രണിത്തിലായിരുന്ന പഴയ മദ്യ നയത്തിന് പകരമായി 2021 നവംബര്‍ 17ന് ആണ് പുതിയ നയം നടപ്പിലായത്. പൊതു ലേലത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മദ്യ വില്‍പ്പനയിലേക്ക് കടന്നുവരാമെന്നായി. എന്നാല്‍ കഴിഞ്ഞ മാസം അവസാനത്തോടെ ഈ നയം പിന്‍വലിക്കപ്പെടുകയും ഡല്‍ഹി സര്‍ക്കാര്‍ പഴയ മദ്യ നയത്തിലേക്ക് മടങ്ങുകയും ചെയ്തു. നയം നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടതാണ് കാരണമായി കണക്കാക്കപ്പെടുന്നത്. എന്നാല്‍, പുതിയ മദ്യ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മദ്യ വിതരണ കമ്പനികളും ഡല്‍ഹി സര്‍ക്കാരും ഒത്തുകളിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതുവഴി സര്‍ക്കാര്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടായെന്നും അവര്‍ പറയുന്നു. പുതിയ മദ്യ നയത്തിലൂടെ വരുമാന വര്‍ധനവുണ്ടായെന്നാണ് കോജ്രിവാള്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
സര്‍ക്കാര്‍ മദ്യവില്‍പ്പനശാലകള്‍ കേന്ദ്രീകരിച്ചുള്ള അഴിമതിക്ക് അറുതിവരുത്താനുള്ള നീക്കമായാണ് കെജ്രിവാള്‍ സര്‍ക്കാര്‍ പുതിയ നയത്തെ അവതരിപ്പിച്ചത്. എന്നാല്‍, സര്‍ക്കാര്‍ പ്രതീക്ഷിച്ച നിലയിലുള്ള വിജയം നയത്തിനുണ്ടായില്ല. ബിജെപി നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് ലൈസന്‍സ് ലഭിച്ച പലരും കടകള്‍ തുറക്കാത്തത് ഇതിന് കാരണമാണെന്ന് ആക്ഷേപം സര്‍ക്കാര്‍ ഉന്നയിക്കുകയുണ്ടായി. ഇഡി, സിബിഐ അന്വേഷണ ഭീഷണിമൂലം എക്സൈസ് ഉദ്യോഗസ്ഥര്‍ ലേലം നടത്തുന്നതില്‍നിന്ന് പിന്‍വാങ്ങിയെന്നും ആരോപണമുയര്‍ന്നു.
മദ്യ നയം പ്രഖ്യാപിച്ച നാള്‍ മുതല്‍ ബിജെപി എതിര്‍പ്പുമായി രംഗത്തുണ്ട്. മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജ്ലാലിന്റെ കാലത്താണ് നയം നടപ്പിലാവുന്നത്. ബെയ്ജ്ലാൽ നയത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അനുമതി നല്‍കുകയായിരുന്നു. പുതിയ നയത്തിലൂടെ മദ്യ വില്‍പനയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയിലേക്ക് കടന്നുവരാന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് നയം പ്രതീക്ഷിച്ചത്ര വിജയം നേടിയില്ല. ഇതേത്തുടര്‍ന്ന് ആം ആദ്മിക്കെതിരായ രാഷ്ട്രീയായുധുമായി ബിജെപി മദ്യനയത്തെ മാറ്റിയെടുത്തു. ലൈസന്‍സ് നല്‍കുന്നതില്‍ ആം ആദ്മി നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്നും, സ്വന്തക്കാര്‍ക്ക് മുന്‍ഗണന നല്‍കിയെന്നും അക്ഷേപമുന്നയിച്ച് ബിജെപി നേതാക്കള്‍ രംഗത്തുവന്നു. എന്നാല്‍ നയം നടപ്പിലായ നാള്‍ മുതലുള്ള ബിജെപിയുടെ അന്യായമായ ഇടപെടലുകള്‍ക്ക് നേരെ കൈചൂണ്ടുകയാണ് ആം ആദ്മി പാര്‍ട്ടി. പുതിയ മദ്യക്കടകള്‍ തുറക്കാന്‍ ശ്രമിച്ച സ്വകാര്യ സ്ഥാപനങ്ങളെ പ്രാദേശിക ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി പിന്മാറ്റിയെന്ന് ജൂലൈ 30ന് നയം പിന്‍വലിച്ചുകൊണ്ട് പത്രസമ്മേളനം നടത്തവേ സിസോഡിയ ആരോപണമുന്നയിച്ചിരുന്നു. ബിജെപി സിബിഐ, ഇഡി അന്വേഷണ ഭീഷണിയും ഉയര്‍ത്തിയതോടെ വില്‍പ്പന കരാര്‍ നേടിയവര്‍ ഭയന്നെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ലേലനടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്നും സിസോഡിയ കൂട്ടിച്ചേര്‍ത്തു.
നയത്തിനെതിരായ ബിജെപിയുടെ ആരോപണങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് നിലവിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന സിബിഐ അന്വേഷണത്തിനുള്ള നിര്‍ദേശം പുറപ്പെടുവിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രത്യേക അധികാരങ്ങളുള്ള പദവിയാണ് ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടേത്. മുന്‍പ് ആ സ്ഥാനത്തിരുന്ന അനില്‍ ബെയ്ജ്ലാലിന്റെ കാലത്ത് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായുള്ള തുറന്ന അധികാരപ്പോരിന് രാജ്യം സാക്ഷ്യം വഹിച്ചു. മാത്രമല്ല അധികാര തര്‍ക്കം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തുകയും ചെയ്തു. ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയും ലെഫ്റ്റനന്റ് ഗവര്‍ണറുടെയും അധികാര പരിധികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള 2018 ജൂലൈ നാലിലെ സുപ്രീം കോടതി വിധിയിലാണ് അത് അവസാനിച്ചത്. സ്വന്തം ഇഷ്ടപ്രകാരമുള്ള തീരുമാനങ്ങളെടുക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാവില്ലെന്നും മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി വിധിച്ചു. എന്നാല്‍ വിധിയെ മറികടക്കാനായി നിയഭേദഗതിയുടെ വഴി തേടുകയാണ് കേന്ദ്ര സര്‍ക്കാരിപ്പോള്‍. വ്യക്തിപരമായ കാരണങ്ങള്‍മൂലം അനില്‍ ബെയ്ജ്‌ലാല്‍ രാജിവെച്ചതോടെ മെയ് 26ാണ് വിനയ് കുമാര്‍ സക്സേന അധികാരമേല്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെയുള്ള ദ്രോഹ നടപടികള്‍ സക്‌സേനയും തുടരുകയാണ്.
റെയ്ഡുകളെയും അന്വേഷണത്തെയും ആം ആദ്മി വൃത്തങ്ങള്‍ ആത്മവിശ്വാസത്തോടെ സ്വാഗതം ചെയ്തിട്ടുണ്ട്. ഏതുതരം അന്വേഷണത്തോടും തങ്ങള്‍ സഹകരിക്കുമെന്നും ഏജന്‍സികള്‍ ഒന്നുംതന്നെ കണ്ടുപിടിക്കാന്‍ പോകുന്നില്ലെന്നും അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രസ്താവനകളിറക്കി. കഴിഞ്ഞ വെള്ളിയാഴ്ച പ്രമുഖ അമേരിക്കന്‍ പത്രമായ ദി ന്യൂയോര്‍ക്ക് ടൈംസ് മുന്‍പേജില്‍ ഡെല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയേക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ അസംതൃപ്തരായ ബിജെപിയുടെ പ്രതിനിധികളായാണ് സിബിഐ എത്തിയിരിക്കുന്നതെന്ന് പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. ആം ആദ്മിയുടെ കോട്ടയും ശക്തികേന്ദ്രവുമായ ഡല്‍ഹിയില്‍ അവരെ തളച്ചുനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മുഖേന ആയിരം ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതിലും സിബിഐ അന്വേഷണം തുടങ്ങാനിരിക്കുകയാണ്. മുന്‍ ഗവര്‍ണര്‍ ബെയ്ജ്‌ലാല്‍ നിയോഗിച്ച അന്വേഷണ സമിതി, ബസുകളുടെ അറ്റകുറ്റപ്പണി കരാറില്‍ നടപടിക്രമ പാളിച്ചകള്‍ കണ്ടെത്തിയെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആം ആദ്മി മന്ത്രിമാരെ കേന്ദ്ര ഏജന്‍സികള്‍ ആദ്യമായല്ല ലക്ഷ്യംവെക്കുന്നത്. മുന്‍ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ കള്ളപ്പണക്കേസ് ആരോപിക്കപ്പെട്ട് ജയിലിലാണ്. മെയ് 30 നാണ് ഇഡി ജെയ്നിനെ അറസ്റ്റുചെയ്യുന്നത്. മദ്യനയത്തില്‍ ജൂലൈ 22ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ സിബിഐ അന്വേഷണം നിര്‍ദേശിച്ചതുമുതല്‍ ആം ആദ്മി വൃത്തങ്ങള്‍ സിസോഡിയയുടെ അറസ്റ്റും പ്രതീക്ഷിക്കുന്നുണ്ട്. സിസോഡിയയെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നട്ക്കുന്നതായി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. നിലവില്‍ ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള ആം ആദ്മിയുടെ വര്‍ധിക്കുന്ന സ്വാധീനം നാളുകളായി ബിജെപി നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്. വരുന്ന നവംബര്‍ മാസത്തില്‍ പഞ്ചാബിന്റെ അയല്‍ സംസ്ഥാനമായ ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. അവിടെ പരാജയം മണക്കുന്നതാണ് ബിജെപി ത്ങ്ങളെ തുടര്‍ച്ചയായി വേട്ടയാടുന്നതിനുള്ള കാരണമെന്നും ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു.