പ്രണോയ്, രാധികാ റോയിമാര്‍ പടിയിറങ്ങുമ്പോള്‍…<br>മാധ്യമ മേഖലയെ വിഴുങ്ങുന്ന പരിവാരഭരണം
ഇന്ത്യന്‍ മാധ്യമരംഗം പൂര്‍ണമായും കേന്ദ്രഭരണകൂടത്തിന് അടിപ്പെടുകയാണ്. ഇതിന്റെ ഒടുവിലത്തെ തെളിവായിട്ട് വേണം എന്‍ഡിടിവിയില്‍ നിന്ന് പ്രണോയ്, രാധികാ റോയിമാര്‍ക്ക് പടിയിറങ്ങേണ്ടി വന്ന സാഹചര്യത്തെ കാണാന്‍. ദേശീയ മാധ്യമങ്ങളില്‍ ഒറ്റപ്പെട്ട് നിന്ന ശബ്ദമായിരുന്നു എന്‍ഡിടിവി. ഒരു കാലത്തും ഒരു കക്ഷിക്കും വഴങ്ങാതെ ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ പല ഏടുകളും സൃഷ്ടിച്ച മാധ്യമസ്ഥാപനമായിരുന്നു അത്. ഇന്ത്യന്‍ മാധ്യമ മേഖലയെക്കുറിച്ച് സാര്‍വ്വദേശീയ രംഗങ്ങളില്‍ മതിപ്പ് സൃഷ്ടിക്കാനുതകുന്ന ഒരു ധാരയുടെ പ്രധാന വക്താക്കളും ആയിരുന്നു അവര്‍. അങ്ങനെയൊരു മാധ്യമത്തെയാണ് ഇപ്പോഴത്തെ നടപടികളിലൂടെ കേന്ദസര്‍ക്കാര്‍ ഇത്തരമൊരു ദയനീയാവസ്ഥയിലെത്തിച്ചിരിക്കുന്നത്.
തങ്ങള്‍ക്ക് വഴങ്ങാതെ ഒരു മാധ്യമസ്ഥാപനവും നില്‍ക്കരുത് എന്ന ആര്‍ എസ് എസ് നിലപാടുകളുടെ പരിണതഫലം ആയിത്തന്നെ വേണം എന്‍ഡിടിവിക്ക് ഉണ്ടായ ദുര്യോഗത്തെയും കാണാന്‍. ഇത്ര പ്രധാനപ്പെട്ട ഒരു സ്ഥാപനം അദാനിക്ക് അടിയറ വെക്കപ്പെടുന്നതിന്റെ പിന്നിലെ ശക്തി ആര്‍എസ്എസും, അവരുടെ സര്‍ക്കാരും തന്നെയാണ്. ഇന്ത്യന്‍ മാധ്യമരംഗം ഇത്രത്തോളം ഒരു പാര്‍ട്ടിക്ക് കീഴ്‌പ്പെട്ട സാഹചര്യം സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷക്കാലത്തിനിടയില്‍ വേറെ ഉണ്ടായിട്ടില്ല.
രണ്ട് തരത്തിലുള്ള ഭീഷണിയാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് മേലുള്ളത്. ഒന്ന് ബാഹ്യമായിട്ടുള്ള ഭീഷണി, രണ്ട് ആഭ്യന്തരമായിട്ടുള്ളത്. സര്‍ക്കാരും സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളും മാധ്യമങ്ങളുടെ ദൈനംദിന വാര്‍ത്തകള്‍ക്ക് മേല്‍ നടത്തുന്നതാണ് ബാഹ്യഭീഷണി. ഇന്ത്യയിലെ ഏറ്റവും ശക്തമായ മാധ്യമസ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് പോലും ഈ ഭീഷണി നേരിടേണ്ടി വന്നു. കോവിഡ് കാലത്ത് ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതിന്റെ രണ്ടേ രണ്ട് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് ദൈനിക് ഭാസ്‌കറിന്റെ ഓഫീസ് റെയ്ഡ് ചെയ്യപ്പെട്ടത്. നൂറുകണക്കിന് മൃതദേഹങ്ങളാണ് അക്കാലത്ത് ഗംഗയിലൂടെ ഒഴുകി നടന്നത് . അത്ര വലിയ ദുരന്തവും വീഴ്ചയും ഉണ്ടായിട്ട് പോലും ആ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനോ, ചര്‍ച്ച നടത്താനോ ഒരു മാധ്യമങ്ങളും തയ്യാറാകാത്ത കാലത്താണ് രണ്ട് ചിത്രമെങ്കില്‍ അത് പ്രസിദ്ധീകരിച്ച് മാധ്യമധാര്‍മ്മികത ഉയര്‍ത്തിക്കാട്ടുക എന്ന 'സാഹസികത'യ്ക്ക് ദൈനിക് ഭാസ്‌കര്‍ തയ്യാറായത്. അതിന്റെ പേരിലായിരുന്നു ഭീഷണിയും റെയ്ഡും. സര്‍ക്കാര്‍ പ്രചാരണത്തിന് പുറത്ത്, വിമര്‍ശനാത്മകമായ ഒരു വാര്‍ത്ത പോലും ടൈംസ് ഓഫ് ഇന്ത്യയില്‍ ഇപ്പോള്‍ അങ്ങനെ വരാറില്ല. ഈ സര്‍ക്കാര്‍ പക്ഷപാതിത്വം എഡിറ്റോറിയല്‍ ലേഖനങ്ങളില്‍ കൂടെ ഉറപ്പ് വരുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുടെ തിട്ടൂരത്തിന് വഴങ്ങാതിരുന്നപ്പോഴാണ് റെയ്ഡും ഭീഷണിയും അവിടെയുമെത്തിയത്.
ഇന്ത്യയിലെ ഒട്ടുമിക്ക വന്‍കിട മാധ്യമസ്ഥാപനങ്ങളുടെയും ഉടമസ്ഥര്‍ രാജ്യത്തെ വന്‍ കോര്‍പ്പറേറ്റുകളാണ്. അവര്‍ക്ക് മേല്‍ ഇത്തരം റെയ്ഡുകളുടെയും ഭീഷണികളുടെയും സമ്മര്‍ദ്ദം എല്ലായ്‌പ്പോഴുമുണ്ട് എന്നത് കൊണ്ട് സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കാന്‍ മാനേജ്‌മെന്റുകള്‍ അനുവദിക്കാറില്ല. ഏതെങ്കിലും തരത്തിൽ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം അനുവദിച്ചാല്‍, ആ മാധ്യമ മുതലാളിമാരുടെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ റെയ്ഡ് നടത്തുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ രീതി. കോവിഡ് സമയത്ത്, 'കേന്ദ്രസര്‍ക്കാരിനെ കാണാനില്ല' എന്ന ഫോട്ടോ വെച്ച് ഔട്ട്ലുക്ക് മാസിക കവര്‍പേജ് അടിച്ചു. അതിലൂടെ അവര്‍ അവരുടെ എഡിറ്റോറിയല്‍ നിലപാട് ധീരമായി പ്രകടിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ രഹേജാ ഗ്രൂപ്പാണ് ഔട്ട്ലുക്കിന്റെ ഉടമസ്ഥര്‍. കേന്ദ്രസര്‍ക്കാര്‍ രഹേജാ ഗ്രൂപ്പിന് മേല്‍ വന്‍ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഒടുവില്‍, ഈ മാധ്യമധീരത കാട്ടിയ എഡിറ്ററെ തെറിപ്പിച്ച ശേഷമാണ് കേന്ദ്രം അടങ്ങിയത്. ഇത്തരത്തില്‍, മുമ്പൊരു കാലഘട്ടത്തിലും അനുഭവിക്കാത്ത തരം പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ മാധ്യമരംഗം കടന്ന് പോകുന്നത്.
ഞങ്ങള്‍ക്കൊപ്പമല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ എതിരാളികളാണ് എന്ന അമേരിക്കന്‍ സര്‍ക്കാരുകളുടെ നയമാണ് മാധ്യമങ്ങളോട് നരേന്ദ്രമോദി സര്‍ക്കാരിന്. നേരിയ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നവരെ പോലും വിട്ടുകളയാതെ ഉപദ്രവിക്കുക എന്നതാണ് രീതി. ഈ അമേരിക്കന്‍ നയങ്ങളുടെ പിന്തുടര്‍ച്ച ശക്തമായി തന്നെ കേന്ദ്രം തുടരുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിട്ട് തന്നെ വേണം എന്‍ഡിടിവി സംഭവങ്ങളെ കാണാന്‍. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന അദാനി ഗ്രൂപ്പിനെ കൊണ്ട് ഏറ്റെടുപ്പിച്ച്, ഇവരിരുവരെയും താഴെയിറക്കിയതിലൂടെ വലിയ മെസേജാണ് കേന്ദ്രം നല്‍കുന്നത്. വിമര്‍ശം ചെറുതായി വന്നാല്‍ പോലും തങ്ങളെന്താണ് മാധ്യമങ്ങളോട് ചെയ്യുക എന്ന കൃത്യമായ മെസേജാണത്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മാധ്യമങ്ങള്‍ക്ക് ഒരു രക്ഷയുമുണ്ടാകില്ല എന്ന കൃത്യമായ സന്ദേശം.
ഈ ആപല്‍ക്കരമായ പ്രവണതകളെകുറിച്ച്, മാധ്യമമേഖല ഇപ്പോള്‍ നേരിടുന്ന ഈ അപകടത്തെക്കുറിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ട വിധത്തില്‍ ആലോചിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. അത്തരക്കാര്‍ക്ക് കൂടെ കൂടുതല്‍ വ്യക്തത ഉണ്ടാകാന്‍ ഈ എന്‍ഡിടിവി സംഭവം ഉപകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.