കാലാവസ്ഥാമാറ്റം ചെറുക്കേണ്ടത് അടിയന്തരാവസ്ഥയാകുമ്പോൾ
യുക്രൈൻ യുദ്ധവും ശ്രീലങ്കയുടെ സാമ്പത്തിക തകർച്ചയും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിനിടയിൽ കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ഇന്റെർഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) ഏറ്റവും പുതിയ റിപ്പോർട്ട് ആരും അറിയാതെ പോയെന്നു തോന്നുന്നു. ഏപ്രിൽ 4ന് പുറത്തിറക്കിയ റിപ്പോർട്ട് കാർബൺ ബഹിർഗമനം ഇപ്പോഴത്തെ നിലയിൽ നിന്നും അടിയന്തിരമായി ഗണ്യമായി കുറക്കേണ്ടതിന്റെ ആവശ്യകത ഉറപ്പിക്കുന്നു. കാർബൺ ബഹിർഗമനം ഇപ്പോഴത്തെ നിലയിൽ തുടരുന്ന പക്ഷം അന്തരീക്ഷ താപം വ്യവസായ യുഗത്തിന് മുൻപുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോൾ 3 ഡിഗ്രിയിൽ അധികം ഉയരുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മനുഷ്യ നിർമ്മിതമായ ആഗോള താപനത്തെ നേരിടുന്നതിനുള്ള പരിഹാര മാർഗ്ഗങ്ങൾ നിർദേശിക്കുന്ന റിപ്പോർട്ട് കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി ഓരോ രാജ്യങ്ങളും ഇപ്പോൾ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ അപര്യാപ്തമാണെന്ന് വ്യക്തമാക്കുന്നു. പുനരുപയോഗ ഊർജ്ജ മേഖലയിൽ നിക്ഷേപം, ഹരിത കെട്ടിട നിർമാണം, ഭൂമിയുടെ ഉത്തരവാദപരമായ ഉപയോഗം എന്നിവ വഴി കാർബൺ ബഹിർഗമനം നിയന്ത്രിക്കാനും അതുവഴി അന്തരീക്ഷതാപം 1.5 ഡിഗ്രിയിൽ അധികം ഉയരാതിരിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാവുമെന്നും അഭിപ്രായപ്പെടുന്നു. എന്നാൽ ശതകോടികളുടെ നിക്ഷേപം അതിനായി വേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് ഭൂമിയുടെ ഉത്തരവാദപരമായ ഉപയോഗം നിശ്ചയിക്കുന്നതിൽ ഗോത്ര ജനതക്കും തദ്ദേശ്ശവാസികൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു.
കാലാവസ്ഥ ദുരന്തത്തിന്റെ അതിവേഗ പാതയിലാണ് നാം എന്ന് ഐപിസിസി റിപ്പോർട്ട് പുറത്തിറക്കുന്ന പത്രസമ്മേളനത്തിൽ സംസാരിച്ച ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. അന്തരീക്ഷ താപം 1.5 ഡിഗ്രിയിൽ അധികം ഉയരാതെ കാക്കണമെന്നുള്ള 2015ലെ ലക്ഷ്യത്തിന്റെ ഇരട്ടിയായി അന്തരീക്ഷ താപം ഉയരുന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ലോകത്തിലെ 65 രാജ്യങ്ങളിൽ നിന്നുള്ള 278 പേർ 18,000 ശാസ്ത്രപഠനങ്ങൾ പരിശോധിച്ചതിന് ശേഷം തയ്യാറാക്കിയ റിപ്പോർട്ട് കാർബൺ ബഹിർഗമനം കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന കാര്യത്തിൽ അടിവരയിടുന്നു. കഴിഞ്ഞ എട്ടു മാസങ്ങൾക്കുള്ളിൽ മൂന്നാമത്തെ റിപ്പോർട്ട് ആണ് ഐപിസിസി പുറത്തിറക്കുന്നത്. ഈ വർഷം അവസാനത്തോടെ ഐപിസിസി അതിന്റെ ആറാമത്തെ അസ്സെസ്സ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് കരുതപ്പെടുന്നു.
2010 മായി താരതമ്യം ചെയ്യുമ്പോൾ 2019 ലെ ബഹിർഗമനം 12 ശതമാനവും 1990നെ അപേക്ഷിച്ചു നോക്കുമ്പോൾ 50 ശതമാനവും കൂടിയതായി ഈ റിപ്പോർട്ട് തയ്യാറാക്കിയ സഹാദ്ധ്യക്ഷൻ ജിം സ്കെയ് പറയുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി എല്ലാ മേഖലകളിലും അടിയന്തിരമായി വളരെ ആഴത്തിലുള്ള കുറവുകൾ വരുത്താതെ അന്തരീക്ഷ താപം 1.5 ഡിഗ്രിയിൽ അധികം ഉയരാതെ സൂക്ഷിക്കുകയെന്ന ലക്ഷ്യം അസാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കാർബൺ ബഹിർഗമനം 2025ൽ പാരമ്യത്തിലെത്തിയ ശേഷം 2030ൽ 43 ശതമാനം കുറയ്ക്കണമെന്നും 2050ഓടെ നെറ്റ് സീറോ ബഹിർഗമനം എന്ന ലക്ഷ്യത്തിൽ എത്തണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി നിരവധി നിർദേശങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. കാറ്റിലും, സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഊർജ്ജമാണ് ഫോസിൽ ഇന്ധനങ്ങൾക്കു പകരമുള്ള പ്രധാന ഊർജ്ജ സ്രോതസ്സായി കണക്കാക്കപ്പെടുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങളും സാധ്യതകളിൽ പെടുന്നു, ഉദാഹരണങ്ങൾ നടത്തവും സൈക്ലിങ്ങും. കാലാവസ്ഥ സൗഹൃദപരമായ കെട്ടിട നിർമാണവും, നഗരാസൂത്രണവും മാറ്റങ്ങൾ അനിവാര്യമായ മേഖലകളാണ്. കാർഷികവൃത്തിയും വന സംരക്ഷണവുമടക്കമുള്ള ഭൂവിനിയോഗം കാലാവസ്ഥ മാറ്റത്തിന്റെ തിക്ത ഫലങ്ങൾ പരിഹരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നതായി റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. ഗോത്ര ജനതയുടെയും തദ്ദേശ വാസികളുടെയും പങ്കാളിത്തം ഭൂവിനിയോഗം നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കേണ്ടതിന്റെ ആവശ്യം ഐപിസിസി ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോഴത്തെ സ്ഥിതിവിശേഷം നേരിടുന്നതിൽ സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നുമുള്ളവരുടെ പങ്കാളിത്തം അനിവാര്യതയിൽ ഊന്നുന്ന ഐപിസിസി ശത കോടികളുടെ നിക്ഷേപം അതിന് ആവശ്യമായി വരുമെന്നും വിലയിരുത്തുന്നു. വളരെ വ്യക്തവും സുതാര്യവുമായ റിപ്പോർട്ടാണ് മുന്നോട്ടു വച്ചിട്ടുള്ളതെന്നും അതിലെ നിർദേശങ്ങൾ അടിയന്തിരമായി നടപ്പിലാക്കുവാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട ഭരണാധികാരികൾ കൈക്കൊള്ളണമെന്നും ഐപിസിസിക്കു വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയവർ അഭിപ്രായപ്പെടുന്നു. നിർദേശങ്ങൾ നടപ്പിലാക്കുവാൻ വൈകുംതോറും ചെലവ് കൂടുകയും ഫലപ്രാപ്തി കുറയുകയും ചെയ്യുമെന്ന് അവർ ഭയപ്പെടുന്നു. കാലാവസ്ഥ മാറ്റം വരുത്താനിടയുള്ള ദുരന്തം മനുഷ്യരാശിക്ക് താങ്ങാനാവുന്നതിനേക്കാൾ ഭീകരമായിരിക്കുമെന്നു വ്യക്തമാണെങ്കിലും ഇപ്പോഴും യുദ്ധങ്ങളിലും വെട്ടിപിടുത്തങ്ങളിലും വ്യാപരിക്കുന്ന ഭരണാധികാരികൾ ഐപിസിസി നൽകുന്ന മുന്നറിയിപ്പുകൾ എത്രത്തോളം ഗൗരവമായി പരിഗണിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.