TMJ
searchnav-menu
post-thumbnail

Outlook

മെഡിസിൻ പഠനം ഹിന്ദിയിലാകുമ്പോൾ!

23 Oct 2022   |   1 min Read
അനിറ്റ് ജോസഫ്‌

PHOTO: WIKI COMMONS

ദേശീയ തലത്തിലുള്ള മത്സര പരീക്ഷകൾ എഴുതുന്നതിനും, മെഡിക്കൽ എഞ്ചിനീയറിംഗ് പോലുള്ള സാങ്കേതിക വിഷയങ്ങൾ പഠിപ്പിക്കുന്നതിനും ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കാര്യ സമിതി ശുപാർശ ചെയ്തിരുന്നു. ഈ വിവാദമായ ശുപാർശ പുറത്തുവന്നു ദിവസങ്ങൾക്കുള്ളിലാണ് മധ്യപ്രദേശിൽ എം ബി ബിഎസ് പഠനത്തിനുള്ള ഹിന്ദി പാഠപുസ്തകങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച പ്രസിദ്ധീകരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഷ ഹിന്ദിയിലാക്കുന്ന മധ്യപ്രദേശ് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. എംബിബിഎസ് കോഴ്‌സുകൾ ഹിന്ദിയിൽ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. സംസ്ഥാനത്തെ ഭോപ്പാൽ ഗാന്ധി മെഡിക്കൽ കോളേജിലാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ മെഡിക്കൽ ബയോ കെമസ്ട്രി, അനാട്ടമി, മെഡിക്കൽ ഫിസിയോളജി എന്നീ ഒന്നാം വർഷ വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ് പുറത്തിറക്കിയത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഹിന്ദിയിൽ എം ബി ബി എസ് പഠനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ എട്ടു ഭാഷകളിൽ കൂടി മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം നല്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും അമിത് ഷാ വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷ വശമില്ലാത്ത കുട്ടികൾക്ക് മെഡിക്കൽ രംഗത്തേയ്ക്ക് കടന്നു വരുന്നതിനും അതിലൂടെ രാജ്യത്തെ മെഡിക്കൽ രംഗം ശക്തിപ്പെടുന്നതിനും ഈ നീക്കം സഹായകരമായിരിക്കുമെന്നും അദ്ദേഹം പരാമർശിച്ചു. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, മലയാളം, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലേയ്ക്കും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 97 ഡോക്ടർമാർ ചേർന്നുള്ള വിദഗ്ധ സമിതി 9 മാസത്തോളമെടുത്താണ് മധ്യപ്രദേശിലെ ഹിന്ദി പാഠപുസ്തകങ്ങൾ തയാറാക്കിയത്.

അമിത് ഷായും ശിവരാജ് സിംഗ് ചൗഹാനും ഹിന്ദി ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കുന്ന ചടങ്ങിൽ | photo : pti

ജെ ഇ ഇ, നീറ്റ്, യു ജി സി പരീക്ഷകൾ 12 ഭാഷകളിൽ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ പുതുതായി തുടക്കമിട്ടിരിക്കുന്ന രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലേയ്ക്കുള്ള പൊതു പ്രവേശനപരീക്ഷയും 13 ഭാഷകളിൽ നടത്തപ്പെട്ടു. ഇതിനൊപ്പമാണ് മെഡിക്കൽ രംഗത്തെ ഈ മാറ്റവും. എഞ്ചിനിയറിംഗ് പോലെ സാങ്കേതിക മേഖലയിലും മാതൃഭാഷകളിൽ അധ്യാപനം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഭരണഘടന രൂപീകരണ വേളയിൽ ആർട്ടിക്കിൾ 343 ൽ ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഭാഷയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എതിർപ്പുകളും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെ അഭിപ്രായവും പരിഗണിച്ച് ഹിന്ദിയോടൊപ്പം ഇംഗ്ലീഷ് ഭാഷയും ഔദ്യോഗികമായി അംഗീകരിച്ചു. ഭരണഘടന പ്രാബല്യത്തിൽ വന്ന് ആദ്യ 15 വർഷത്തേയ്ക്കായിരുന്നു ഈ ആനുകൂല്യം അംഗീകരിച്ചിരുന്നത്. തുടർന്ന് പാർലമെന്റിന്റെ അനുമതിയോടെ മാറ്റങ്ങൾ നടപ്പിലാക്കാമെന്ന തീരുമാനവും കൈക്കൊണ്ടു. പിന്നീട്, 1960 കളിൽ പുരോഗതി പ്രാപിക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലകളിൽ രാജ്യത്തിന് മുന്നേറ്റം നടത്തുന്നതിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസിലാക്കിയ കേന്ദ്ര സർക്കാർ ഹിന്ദിയോടൊപ്പം ഇംഗ്ലീഷും നിലനിർത്താൻ തീരുമാനിച്ചു. മാത്രമല്ല, ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം പ്രധാനമായും ഇംഗ്ലീഷിൽ ആണെന്നുള്ളതും ഈ രണ്ടു മേഖലകളെ ഒന്നിച്ചുനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

ഔദ്യോഗിക ഭാഷ നിയമം 1963 ലെ ഭാഗം 4 പ്രകാരം പ്രാബല്യത്തിൽ വന്നതാണ് ഔദ്യോഗിക ഭാഷാ സമിതി. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക തലങ്ങളിൽ ഹിന്ദി ഭാഷയുടെ ഉപയോഗം എത്രമാത്രം പുരോഗതി പ്രാപിച്ചുവെന്ന പഠനം നടത്തി രാഷ്ട്രപതിക്ക് റിപ്പോർട്ട് നല്കുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം. സമിതിയുടെ കണ്ടെത്തലുകളിൽ ഏതൊക്കെ ഭാഗങ്ങൾ സ്വീകരിക്കണമെന്നുള്ളത് രാഷ്ട്രപതിക്ക് തീരുമാനിക്കാനാകും. എന്നിരുന്നാലും സമിതിയിലെ പഠനങ്ങൾ പൂർണ്ണമായും തള്ളിക്കളയാതെ പ്രാബല്യത്തിലാക്കാനുള്ള ബാധ്യത ഗവൺമെന്റിൽ നിക്ഷിപ്തമാണ്. എന്നാൽ ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്നതിലൂടെ രാജ്യത്ത് ഉണ്ടാകാൻ സാധ്യതയുള്ള ഭിന്നിപ്പുകളും നിയമനിർമാണം നടത്തുന്നവർ മുൻകൂട്ടി മനസിലാക്കേണ്ടത് ആവശ്യമാണ്. മാത്രമല്ല, ഒരു ഭാഷയ്ക്ക് മാത്രമായി ഔദ്യോഗിക പദവി ലഭിക്കുന്നത് മറ്റ് ഭാഷകളുടെ നിലനിൽപ്പിന് ദോഷകരമാവുക വഴി ഇന്ത്യയെപ്പോലൊരു രാജ്യത്തിന്റെ ബഹുഭാഷാ സംസ്‌കാരത്തെ ബാധിക്കുമെന്നാണ് പ്രധാനപ്പെട്ട ഒരു വിമർശനം.

പകുതിയിലധികം ജനങ്ങളും മറ്റു ഭാഷകളിൽ ആശയവിനിമയം നടത്തുമ്പോൾ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നതിലെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു. ദേശീയതലത്തിൽ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ജനങ്ങൾ തൊഴിലിടങ്ങളിലും വിദ്യാഭ്യാസത്തിലും പുറകോട്ട് പോകാനുള്ള സാധ്യത ഏറെയാണ്.

2011 ലെ സെൻസസ് പ്രകാരം 43.63% മാത്രമാണ് ഹിന്ദി മാതൃഭാഷയായി രാജ്യത്ത് സംസാരിക്കുന്നവർ. പകുതിയിലധികം ജനങ്ങളും മറ്റു ഭാഷകളിൽ ആശയവിനിമയം നടത്തുമ്പോൾ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നതിലെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു. ദേശീയതലത്തിൽ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ജനങ്ങൾ തൊഴിലിടങ്ങളിലും വിദ്യാഭ്യാസത്തിലും പുറകോട്ട് പോകാനുള്ള സാധ്യത ഏറെയാണ്. ഈ പ്രവണത മുന്നിൽക്കണ്ടുകൊണ്ട് ഭരണഘടനാ നിർമ്മാതാക്കൾ ഹിന്ദിയിതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് തുല്യ അവസരം നല്കിക്കൊണ്ടുള്ള ആർട്ടിക്കിൾ 344(3) ഭാഗം ഉൾപ്പെടുത്തി. എന്നാൽ പുതുക്കിയ നിയമങ്ങളിലൂടെ ഭരണഘടന നല്കുന്ന സംരക്ഷണം എത്രത്തോളം പ്രാവർത്തികമാകുമെന്നുള്ളത് സംശയകരമാണ്.

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. കേന്ദ്ര ഭരണത്തിന്റെ ശ്രമം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തു. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ന്യായമായ ഭയവും അതൃപ്തിയും കേന്ദ്രം പരിഗണിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ബഹുഭാഷാ സംസ്‌കാരം ജനാധിപത്യത്തിന്റെ ഉജ്വലമാതൃകയാണ്. എല്ലാ ഭാഷകളിലും സംസാരിക്കുന്നവർക്കും തുല്യ അവസരം കിട്ടണമെന്നും എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നും അദ്ദേഹം കത്തിൽ വിശദമാക്കി. ഇതിനെത്തുടർന്ന് പ്രമുഖ തമിഴ് നടൻ കമലഹാസനും ഈ നീക്കത്തിനെതിരെ പ്രതികരിച്ചിരുന്നു. ഹിന്ദി ഭാഷയ്‌ക്കെതിരല്ലെന്നും എന്നാൽ രാജ്യത്ത് ഏതൊരു ഭാഷയും അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾ തങ്ങളുടെ മാതൃഭാഷയിൽ പ്രാവീണ്യം തെളിയിക്കണമെന്നും അതിനു ശേഷം, മറ്റൊരു ഭാഷ പഠിക്കണമെന്നുള്ളത് തികച്ചും വ്യക്തിപരമാണെന്നും അടിച്ചേൽപ്പിക്കുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടി.

representational image | wiki commons

ഹിന്ദി ഭാഷ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് കത്തയച്ചു. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ കേന്ദ്ര സമിതി മുന്നോട്ട് വച്ചതിനെത്തുടർന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രതികരിച്ചത്. ഹിന്ദി നമ്മുടെ 22 രാഷ്ട്രഭാഷകളിലൊന്ന് മാത്രമാണ്. എന്നാൽ ഹിന്ദി ഏക അധ്യയന ഭാഷയാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നുള്ളതായിരുന്നു കത്തിലെ മുഖ്യ പരാമർശം. കേരളത്തിലെ സ്‌കൂളുകളിൽ ത്രിഭാഷ പദ്ധതി നടപ്പിലാക്കിക്കൊണ്ട് മാതൃഭാഷയായ മലയാളവും ആഗോളഭാഷയായ ഇംഗ്ലീഷിനുമൊപ്പം രാജ്യത്തെ ഭാഷയിലൊന്നായ ഹിന്ദിയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.

ഒരു രാജ്യം ഒരു ഭാഷ ഒരു മതം എന്നതിലൂടെ ബഹുസ്വരതയെ നിഷേധിക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്റെ ഹിന്ദി പ്രേമത്തിൽ തെളിയുന്നതെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. മെഡിസിൻ പോലെയുള്ള ഒരു വിഷയം ഹിന്ദിയിൽ പഠിക്കുന്നവർ നേരിടാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളെ പറ്റി മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും ഉൽക്കണ്ഠാകുലരാണ്. മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട വിജ്ഞാനം ടെക്സ്റ്റ്‌ ബുക്കുകളുടെ തലത്തിൽ മാത്രം ഒതുങ്ങുന്നതല്ല. സവിശേഷ വിഷയങ്ങളിൽ പ്രാവീണ്യം നിലനിർത്തുന്ന നിരവധി അക്കാദമിക ജേർണലുകൾ പഠനത്തിൽ കാര്യമായ പങ്കു വഹിക്കുന്നു. ഹിന്ദി ഭാഷയിൽ പഠിക്കുന്ന കുട്ടികൾ ഇക്കാര്യത്തിൽ പിന്നോട്ട് പോവുന്നതിനുള്ള സാദ്ധ്യതകൾ ഗൗരവമായ പരിഗണന അർഹിക്കുന്നുണ്ട്. ഹിന്ദിയിതര സംസ്ഥാനങ്ങളിലും വിദേശത്തും ഡോക്ടർമാരായി സേവനം അനുഷ്ഠിക്കുന്നതിനും ഉപരി പഠനത്തിനും ഹിന്ദി ഭാഷയിലുള്ള പാഠപുസ്തകങ്ങൾ എന്തെല്ലാം വിലങ്ങുതടികൾ സൃഷ്ടിക്കുമെന്ന കാര്യത്തിലും ആശങ്കകൾ ബാക്കിയാണ്.

Leave a comment