TMJ
searchnav-menu
post-thumbnail

Outlook

ആഴങ്ങൾ അന്യമാകുമ്പോൾ

07 Nov 2022   |   1 min Read
എന്‍ പ്രഭാകരന്‍

ചിന്തയുടെ ആഴക്കുറവും അഹംബോധത്തിന്റെ അഭാവവും വ്യക്തികൾ പ്രകടിപ്പിക്കുന്നത് മുഖ്യമായും നേരത്തെ വ്യക്തമാക്കിയതുപോലെ നിലപാടുകളിലെ നിരുത്തരവാദിത്വം വഴി തന്നെയാണ്. ഒന്നുരണ്ട് ഉദാഹരണങ്ങൾ വഴി ഇതിന് കൂടുതൽ വ്യക്തത വരുത്താം. ഫേസ്ബുക്ക് പുതിയ തലമുറ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒരു മാധ്യമമാണ്. ഫേസ്ബുക്കില്‍ എഴുതുമ്പോഴും അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോഴും പലപ്പോഴും വളരെ അലസമായാണ് അത് നിർവഹിക്കപ്പെടുന്നത്. ഒരാളെഴുതിയ കുറിപ്പിന് കമന്റ് ചെയ്യുമ്പോഴും, ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ചുള്ള ഒരു നിലപാടായിരിക്കും ആ കുറിപ്പിൽ ആവിഷ്‌കൃതമായിട്ടുണ്ടാവുക, അതിനെ ലൈക്ക് ചെയ്യുന്ന അതേ ആൾ തന്നെ അതിനുനേരെ വിപരീതമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു കുറിപ്പിനെയും ലൈക്ക് ചെയ്യും. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന കുറിപ്പിനും ഒരു കാരണവശാലും അനുവദിക്കരുത്, അത് വിശ്വാസികളെ ചോദ്യം ചെയ്യലാണ് എന്ന് വാദിക്കുന്ന കുറിപ്പിനും ഒരേ ആൾ തന്നെ ലൈക്ക് രേഖപ്പെടുത്തിക്കളയും. അതുപോലെ ഒരാളുടെ അഭിപ്രായത്തോട് പ്രതികരിക്കുമ്പോൾ വിശേഷിച്ച് ഒന്നും ഉദ്ദേശിക്കാതെ വെറുതെ അപ്പോഴത്തെ ആവേശം അല്ലെങ്കിൽ വാശി തീർക്കുന്നതിനുവേണ്ടി അല്ലെങ്കിൽ വെറുപ്പ് പ്രകടിപ്പിക്കുന്നതിന് വേണ്ടി തെറിവിളിക്കുന്ന മട്ടില്‍ തീര്‍ത്തും നിഷേധാത്മകമായ ഒരു കമന്റ് ഇട്ടേക്കും. തന്റെ കമന്റിലെ ശരിതെറ്റുകളെപ്പറ്റി കമന്റ് ചെയ്യുന്ന ആൾ ആലോചിക്കുകയേ ഇല്ല. ആ കമന്റിലൂടെ തനിക്ക് കൈവരുന്ന താല്‍ക്കാലിക സംതൃപ്തി മാത്രമായിരിക്കും അയാളുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ധാരാളം അനുഭവങ്ങൾ ഫേസ്ബുക്കിൽ എന്തെങ്കിലും എഴുതിയശേഷം അതിനുള്ള കമന്റുകള്‍ വായിക്കേണ്ടി വന്നവര്‍ക്ക് ഉണ്ടായിട്ടുണ്ടാവും.

ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ചോദിച്ചാൽ ആ മാധ്യമത്തെത്തന്നെ കുറെയധികം ആളുകൾ അങ്ങനെയാണ് സമീപിക്കുന്നത് എന്ന ഉത്തരം മാത്രമേ നല്‍കാനാവൂ. സാംസ്കാരിക പ്രശ്നങ്ങളിലോ സാഹിത്യസംബന്ധിയായ പ്രശ്നങ്ങളിലോ പ്രതികരിക്കുമ്പോള്‍ മാത്രമല്ല രാഷ്ട്രീയകാര്യങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോഴും ഇതേ രീതിയുടെ പ്രയോഗം നമുക്ക് കാണാം. ഫേസ്ബുക്കിൽ മാത്രമല്ല പുറത്തും. പുറത്താവുമ്പോള്‍ അതില്‍ നിരുത്തരവാദപരവും ധിക്കാരപൂര്‍ണവുമായ സമീപനത്തേക്കാളേറെ സമര്‍ത്ഥവും ഒപ്പം അര്‍ത്ഥശൂന്യവുമായ ഒഴിഞ്ഞുമാറലാണ് കൂടുതലായും കാണുക. കേരളാ ഗവർണർ വൈസ്ചാൻസലർമാരെ പുറത്താക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങുന്നതായി കാണുമ്പോൾ വളരെ ആവേശത്തോടെ അതിനെ എതിർത്ത് അഭിപ്രായം പറയുന്നവർ തന്നെ സർവകലാശാലകളിലെ വിവിധ കോഴ്‌സുകളിലെ സിലബസും അധ്യാപനരീതികളും മാറ്റേണ്ടതുണ്ട്, അക്കാര്യത്തിൽ മൂർത്തമായ നിർദേശങ്ങൾ വിദ്യാർത്ഥി സമൂഹത്തിൽ നിന്നും തന്നെ ഉയർന്നുവരേണ്ടതുണ്ട് എന്നു പറഞ്ഞാലും ഒരു വിഷയവും സമഗ്രതയിൽ പഠിക്കേണ്ടതില്ല എന്ന സമീപനത്തിലേയ്ക്കാണ് ഉന്നത വിദ്യാഭ്യാസം നീങ്ങിക്കൊണ്ടിരിക്കുന്നത്. മാനവിക വിഷയങ്ങളുടെയും സാഹിത്യത്തിന്റെയും അവസ്ഥ കോളജ്/ യൂണിവേഴ്‌സിറ്റി തല ങ്ങളിൽ നാൾക്കുനാൾ അരക്ഷിതമായിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി മാറ്റാനുള്ള കർമ്മപദ്ധതികൾ വിദ്യാർത്ഥി സമൂഹവും അധ്യാപകരും ചേർന്ന് മുന്നോട്ട് വയ്ക്കണം എന്നു പറഞ്ഞാലും അതിനോട് പ്രതികരിക്കാതെ മൗനത്തിലേയ്ക്ക് പിൻവലിഞ്ഞുകളയും.

ആധുനികോത്തരനായി സ്വയം നിർവചിച്ചുകഴിഞ്ഞ ഒരാൾക്ക് ഏതു പ്രശ്‌നത്തിന്റെയും അപ്പപ്പോൾ പ്രത്യക്ഷമാകുന്ന തലത്തിന് അപ്പുറത്തേയ്ക്ക് സഞ്ചരിക്കാൻ കഴിയില്ല. എസ്.എസ്. എൽ.സി ക്ലാസിൽ എത്തുമ്പോഴും കുട്ടികൾ അക്ഷരമറിയാത്തവരായി തുടരുകയാണ് എന്ന പ്രശ്‌നം ഉന്നയിക്കപ്പെട്ടു കഴിഞ്ഞാൽ അത് പരിഹരിക്കാനുള്ള വഴിയെന്ന നിലയിൽ പത്താം ക്ലാസ് പഠനം ആരംഭിക്കുന്ന ആദ്യത്തെ രണ്ടാഴ്ചക്കാലം രണ്ട് മണിക്കൂർ വീതം അക്ഷരം പഠിപ്പിക്കാൻ ചെലവഴിക്കണം എന്ന നിർദേശവുമായി അയാൾ വരും.

painting : Pawel Kuczynski

ഗവർണറുടെ നടപടികൾക്കെതിരെ വളരെ ആവേശത്തോടെ, വീറോടെ പ്രതികരിക്കുന്ന ആളുകളുടെ രാഷ്ട്രീയ നിലപാടിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഇവിടെ അതല്ല വിഷയം. അതേ ആളുകള്‍ തന്നെ അത്രയുമോ അതില്‍ കൂടുതലോ ഗൗരവപൂർണമായ മറ്റൊരു പ്രശ്‌നത്തിലെത്തുമ്പോൾ പ്രകടിപ്പിക്കുന്നത് കടുത്ത അലംഭാവവും ആലസ്യവുമാണ്. അപ്പപ്പോഴത്തെ കാര്യങ്ങൾക്ക് അപ്പുറത്തേയ്ക്ക്, അതായത് നാളെയിലേയ്ക്ക്, നീങ്ങുന്ന കാര്യങ്ങളിലേയ്ക്ക് എത്തിച്ചേരേണ്ടത് തങ്ങളുടെ ബാധ്യതയല്ല എന്ന് യുവജനങ്ങൾക്ക് തോന്നുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആധുനികോത്തരതയുടെ ദർശനം അറിഞ്ഞോ അറിയാതെയോ സ്വീകരിച്ചുകഴിഞ്ഞ ആളുകൾ തങ്ങൾ വർത്തമാനത്തിൽ മാത്രം ജീവിക്കേണ്ടവരാണെന്ന തീർപ്പിൽ എത്തിച്ചേരും. എന്നു മാത്രമല്ല അവർക്ക് ഒരു ഉദ്ഗ്രഥിത സ്വത്വം തന്നെ ഇല്ലാതാവുകയും ചെയ്യും. ആന്തരിക വ്യക്തിത്വം ഇങ്ങനെ ശിഥിലമായിക്കഴിഞ്ഞ ആളുകൾക്ക്, എന്നെന്നേക്കുമായി ശകലീകരിക്കപ്പെട്ട് അനന്തമായ വർത്തമാനത്തിൽ മാത്രം ജീവിക്കുന്നവർക്ക്, ഒരു കാര്യത്തിലും ഗൗരവം പുലർത്തുക സാധ്യമല്ല. സൂചിതത്തിന്റേതിനെക്കാൾ സൂചകത്തിന്റെ സംസ്‌കാരമാണ് ആധുനികോത്തരത എന്ന് ഫ്രഡിക് ജെയിംസൺ പറയുന്ന കാര്യം തന്നെയാണ് ഇത്. അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം ആധുനികോത്തരതയുടെ സംസ്‌കാരം ഉപരിതലത്തിൽ ഒതുങ്ങുന്നു, അത് ആഴങ്ങൾ അപരിതമായ ഒന്നാണ് എന്നാണ്.

ആധുനികോത്തരനായി സ്വയം നിർവചിച്ചുകഴിഞ്ഞ ഒരാൾക്ക് ഏതു പ്രശ്‌നത്തിന്റെയും അപ്പപ്പോൾ പ്രത്യക്ഷമാകുന്ന തലത്തിന് അപ്പുറത്തേയ്ക്ക് സഞ്ചരിക്കാൻ കഴിയില്ല. എസ്.എസ്. എൽ.സി ക്ലാസിൽ എത്തുമ്പോഴും കുട്ടികൾ അക്ഷരമറിയാത്തവരായി തുടരുകയാണ് എന്ന പ്രശ്‌നം ഉന്നയിക്കപ്പെട്ടു കഴിഞ്ഞാൽ അത് പരിഹരിക്കാനുള്ള വഴിയെന്ന നിലയിൽ പത്താം ക്ലാസ് പഠനം ആരംഭിക്കുന്ന ആദ്യത്തെ രണ്ടാഴ്ചക്കാലം രണ്ട് മണിക്കൂർ വീതം അക്ഷരം പഠിപ്പിക്കാൻ ചെലവഴിക്കണം എന്ന നിർദേശവുമായി അയാൾ വരും. അതിനപ്പുറം കടന്ന് ആ പ്രശ്‌നം എന്തുകൊണ്ട് ഉണ്ടായി, നിലവിലുള്ള ബോധനരീതിക്കു തന്നെ കാര്യമായ എന്തെങ്കിലും തകരാറുണ്ടോ? , മാതൃഭാഷയിൽ അക്ഷരം എഴുതാനറിയാത്ത വിദ്യാർത്ഥികൾ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ഒൻപത് വർഷക്കാലം എങ്ങനെ പിന്നിട്ടു? എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനോ വിദ്യാഭ്യാസത്തിന്റെ ദർശനത്തെയോ രാഷ്ട്രീയത്തെയോ കുറിച്ച് ചർച്ച ചെയ്യാനോ അയാള്‍ തയ്യാറാവുകയില്ല. പ്രശ്‌നങ്ങൾ അവയുടെ സമഗ്രതയിൽ അല്ല ഗ്രഹിക്കേണ്ടത്, സമഗ്രത എന്നതു തന്നെ തെറ്റായ ആശയമാണ് എന്ന നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ല്യോട്ടാർഡ് പറഞ്ഞ ‘incredulity towards meta narratives’ ആണ് ആധുനികോത്തരത ദർശനത്തിന്റെ കാതൽ. ‘മനുഷ്യ ചരിത്രത്തിന്റെ സമഗ്ര വിശകലനത്തിനുതകുന്ന, ലോകത്തിൽ എല്ലായിടത്തുമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളുടെ വിശദീകരണം സാധ്യമാക്കുന്ന, പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കാനാവുന്ന ഒരു ദർശനവും ലോകത്തിലില്ല. ഇന്നുവരെയുണ്ടായിരുന്ന ദർശനങ്ങളെക്കുറിച്ച് വലിയ തെറ്റിദ്ധാരണകൾ സൂക്ഷിക്കുകയായിരുന്നു നാം’ എന്നാണ് ആധുനികോത്തരർ പറയുന്നത്. ശകലീകരിക്കപ്പെട്ടതും ഘരാവസ്ഥയിലെത്തിച്ചേരാത്തതും അനേകം കാഴ്ചപ്പാടുകളെ അനുവദിക്കുന്നതും വിപരീതദിശയില്‍ നിന്നുള്ള അനേകം കാഴ്ചപ്പാടുകൾക്ക് തുല്യപ്രാധാന്യം കൽപ്പിക്കുന്നതും ആയ സമീപനമാണ് പ്രശ്‌നങ്ങളുടെ നേരെ കൈക്കൊള്ളേണ്ടതെന്നുള്ള നിലപാടിൽ ഒരാളെത്തിച്ചേരുന്നതോടെ അയാളെ സംബന്ധിച്ചിടത്തോളം ഉറപ്പുള്ളതെല്ലാം അനാവശ്യമായി തീരുന്നു. ആഴം എന്നത് പരിഹാസ്യമായിത്തീരുന്നു. ഇതാണ് ആധുനികോത്തരതയുടെ കാലത്ത് സംഭവിക്കുന്നത്. ഇതിനെത്തന്നെയാണ് ആധുനികോത്തരത സൂചിതത്തിന്റെ അല്ല സൂചകത്തിന്റെ കാലമാണ് എന്നു പറയുമ്പോൾ ഫ്രഡറിക് ജെയിംസൺ അർത്ഥമാക്കിയത്.

painting : orey SWTKO

ഈ അവസ്ഥ, വസ്തുക്കളെ, അനുഭവങ്ങളെ, ആശയങ്ങളെ അവയുടെ ഉപരിതലം നോക്കി മാത്രം മനസ്സിലാക്കുന്ന അവസ്ഥ അല്ലെങ്കിൽ മനോഭാവം കുറച്ച് മുമ്പേ തന്നെ രൂപപ്പെട്ടു തുടങ്ങിയതാണ്. 1947 ൽ സംസ്‌കാര വ്യവസായത്തെക്കുറിച്ച് പറയുമ്പോൾ ഫ്രാങ്ക്ഫർട്ട് സ്‌കൂൾ ചിന്തകനായ അഡോർണോ ഈ കാര്യം പറയുന്നുണ്ട്. വസ്തുക്കളുടെ ഉപയോഗിതാമൂല്യം അവഗണിക്കപ്പെടുകയും വിനിമയ മൂല്യം (എക്‌സ്‌ചേഞ്ച് വാല്യു) കൂടുകയും ചെയ്യുമ്പോൾ ഫെറ്റിസൈസേഷൻ സംഭവിക്കുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം അർത്ഥമാക്കിയതും ഇതു തന്നെയാണ്. അതായത്, ഒരു വസ്തു എന്താണ്? ഒരാശയം എന്താണ്? ഒരു സംസാകാരിക അനുഭവം എന്താണ് എന്ന് ആഴത്തിൽ ഗ്രഹിക്കാൻ ശ്രമിക്കുന്നതിന് പകരം അതിനു മേലുള്ള ഭ്രമം പ്രധാനമായിത്തീരുമ്പോൾ, ആ ഭ്രമം അതിനെ മനസ്സിലാക്കാനുള്ള ആഗ്രഹത്തെ മറികടക്കുമ്പോൾ ആണ് ഫെറ്റിസൈസേഷൻ സംഭവിക്കുന്നത്. ഈ ഭ്രമം ഒരിക്കലും അനുഭവത്തിന്റെ, ആശയത്തിന്റെ കാതലിൽ എത്തിച്ചേരാൻ സഹായിക്കുകയില്ല. ഇത്തരമൊരു പരിണാമം 1940 കളിൽ തന്നെ നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞതാണ്. ഈ പരിണാമത്തിന് കുറെക്കൂടി ആക്കം കൂടുകയാണ് പിൽക്കാലത്ത് സംഭവിച്ചത്. അത് അമേരിക്കയിലും യൂറോപ്പിലുമൊക്കെ സംഭവിച്ചുകഴിഞ്ഞ്, കുറച്ച് കഴിഞ്ഞപ്പോൾ നമ്മുടെ നാട്ടിലും സംഭവിച്ചു തുടങ്ങി. അതിന്റെ ആദ്യഘട്ടം നമ്മൾ പിന്നിട്ടു കഴിഞ്ഞു. അതുകൊണ്ട് നമ്മളിങ്ങനെ കേവല ഭ്രമത്തിന്റെ കാലത്താണ് ജീവിക്കുന്നതെന്ന കാര്യം പോലും യുവജനങ്ങൾ ഓർക്കാതായിട്ടുണ്ട്. അവരൊരു പുസ്തകത്തെയോ ഒരാശയത്തെയോ ഒരു ചലച്ചിത്രത്തെയോ സമീപിക്കുമ്പോൾ അതിനെ സ്വന്തം നിലയിൽ ഗ്രഹിക്കാൻ ശ്രമിക്കുന്നതിനു പകരം അത് അതിനകം കൈവരിച്ചു കഴിഞ്ഞ ചിഹ്നമൂല്യത്തെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ആ മൂല്യം അതിന്റെ യഥാർത്ഥ മൂല്യം ആകണമെന്നില്ല, അതിന്റെ യഥാർത്ഥ മൂല്യവുമായി പൊരുത്തപ്പെടണമെന്നില്ല എന്ന് വിമർശനബുദ്ധിയോടെ, വിശകലനശേഷിയോടെ ആലോചിക്കാൻ അവർ തയ്യാറാവുകയില്ല. ഇങ്ങനെയൊരു അവസ്ഥയിലെത്തിക്കഴിഞ്ഞാൽ വായനയും സാഹിത്യപഠനവും മാധ്യമവിമർശനവും ചരിത്രപഠനവും ഒക്കെ വിശേഷിച്ചൊന്നും ഉത്പാദിപ്പിക്കാത്ത, പുതുതായി ഒന്നും ആരെയും ബോധ്യപ്പെടുത്താന്‍ കെല്‍പ്പില്ലാത്ത ഒരവസ്ഥയിലെത്തി ജീർണിച്ച് പോകും. ഈ ജീർണത കേരള സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

Leave a comment