ചിലര്‍ക്ക് മാത്രമായി കളി നിയമങ്ങള്‍ മാറ്റുമ്പോള്‍
കേരളത്തിലെ സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് 2019ല്‍ എം.ജി സര്‍വ്വകലാശാലയില്‍ School of Gandhian Thought and Development Studies വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി സാമൂഹ്യ പ്രവര്‍ത്തക രേഖാ രാജിന് ലഭിച്ച നിയമനം റദ്ദ് ചെയ്ത് കൊണ്ട് കോടതി വിധി വരുന്നത്. അന്ന് രണ്ടാം റാങ്ക് ലഭിച്ച ഉദ്യോഗാര്‍ഥി നിഷ വേലപ്പന്‍ നായര്‍ കൊടുത്ത പരാതിയിന്‍മേലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് ഇറക്കിയത്. കേരളത്തിന്റെ മുഖ്യധാരയില്‍ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തക നേടിയ അനര്‍ഹമായ സ്ഥാനത്തെ കോടതി റദ്ദ് ചെയ്തത് അങ്ങേയറ്റം ഗൗരവമുള്ള വിഷയം ആയിരുന്നിട്ടും കേരളത്തില്‍ അതത്ര ചര്‍ച്ചയായില്ല. എന്തായാലും അങ്ങനെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതിന്റെ രാഷ്ട്രീയത്തെ കുറിച്ച് വിശദീകരിക്കുക എന്നത് ഈ ലേഖനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഞാന്‍ ഇവിടെ വിശകലനത്തിനെടുക്കുന്നത്. ഒന്ന്, എന്തുകൊണ്ടാണ് രേഖാ രാജിന്റെ നിയമനം അനര്‍ഹമായി കോടതി കണക്കാക്കിയത് ? രണ്ട്, ഈ കോടതി വിധിക്ക് ശേഷം കേരളത്തിലെ അക്കാദമിക് –സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പലരും രേഖാ രാജിനെ ന്യായീകരിച്ചു കൊണ്ട് പ്രചരിപ്പിക്കുന്ന വാദങ്ങളിലെ പ്രശ്നമെന്താണ്?
ഇതിലേക്ക് കടക്കുന്നതിനു മുന്‍പ് മറ്റൊരു കാര്യം പറയാം, കേരളത്തിലെ സര്‍വ്വകലാശാലകളിലെ അധ്യാപക നിയമനത്തിന്റെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ മികച്ച അക്കാദമീഷ്യന്‍സിനെ തിരഞ്ഞെടുക്കാന്‍ പൂര്‍ണമായും പര്യാപ്തമാണ് എന്ന അഭിപായം എനിക്കില്ല. അത് നിലവിലുള്ളതില്‍ നിന്നും കുറെയേറെ പരിഷ്കരിച്ചാല്‍ മാത്രമേ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ സര്‍വ്വകലാശാലകളെ ഉയര്‍ത്താനുള്ള നിലവിലെ കേരള ഭരണകൂടത്തിന്റെ ആഗ്രഹവും ആത്മാര്‍ത്ഥമായ ശ്രമവും ഫലത്തിലെത്തുകയുള്ളൂ. പക്ഷേ ആ പരിഷ്ക്കാരം നിയമപരമായ വഴികളിലൂടെ സാധിച്ചെടുക്കേണ്ട ഒന്നാണ്. അല്ലാതെ അവരവര്‍ക്ക് പ്രിയരെന്നും മികച്ചവരെന്നും തോന്നുന്നവര്‍ക്ക് ജയിക്കാന്‍ വേണ്ടി കളി നിയമങ്ങള്‍ മാറ്റുന്നത് പോലെ വഴിവിട്ട രീതിയില്‍ ആകരുത് ഒരിക്കലും.
ഇനി വിഷയത്തിലേക്ക് വരാം, കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ ചോദ്യോത്തര രൂപത്തില്‍ വിശദീകരിക്കാമെന്നു തോന്നുന്നു,
എന്തായിരുന്നു പരാതിക്കാരിയുടെ വാദങ്ങള്‍ ?
യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ഒന്നാം റാങ്ക് ലഭിച്ച രേഖാ രാജിന് ആകെ നൂറില്‍ 49.4 മാര്‍ക്കും പരാതിക്കാരിയായ നിഷ വേലപ്പന് 46.61 മാര്‍ക്കുമാണ് ലഭിച്ചത്. എന്നാല്‍ മാര്‍ക്ക് കണക്കാകുമ്പോള്‍ തനിക്ക് PhD ക്ക് ലഭിക്കേണ്ട അര്‍ഹതപ്പെട്ട മാര്‍ക്കായ 6 മാര്‍ക്കും യു.ജി.സി യുടെ Dr.S. Radhakrishanan Post Doctoral Fellowship ന് അര്‍ഹയായ ഒരാള്‍ എന്ന നിലയില്‍ ലഭിക്കേണ്ട രണ്ട് മാര്‍ക്കും ലഭിച്ചില്ല എന്നതാണ് പരാതിക്കാരിയുടെ ഒന്നാമത്തെ വാദം. ഒന്നാം റാങ്ക് കിട്ടിയ രേഖാ രാജിന്‍റെ പി.എച്ച്.ഡി International Relations എന്ന വിഷയത്തിലാണ്. എന്നാല്‍ യൂണിവേഴ്സിറ്റി അപേക്ഷയ്ക്കായി നടത്തിയ നോട്ടിഫിക്കേഷനില്‍ ഈ വിഷയം ഉണ്ടായിരുന്നില്ല. അതിനാല്‍ രേഖാ രാജിന് പി.എച്ച്.ഡിയ്ക്ക് കൊടുത്ത ആറു മാര്‍ക്ക് അര്‍ഹമായതല്ല എന്നതാണ് പരാതിക്കാരിയുടെ രണ്ടാമത്തെ വാദം. റിസര്‍ച്ച് പബ്ലിക്കേഷന്‍സ് വിഭാഗത്തില്‍ രേഖാ രാജ് സമര്‍പ്പിച്ചവ ഒന്നും UGC അംഗീകരിച്ച ജേര്‍ണലില്‍ നിന്നുള്ളവയല്ലാത്തത് കൊണ്ട് തന്നെ അവര്‍ക്ക് ആ ഇനത്തില്‍ നല്‍കിയ 8 മാര്‍ക്ക് അനര്‍ഹമാണ് എന്നതാണ് പരാതിക്കാരിയുടെ മൂന്നാം വാദം. ഈ മൂന്ന് കാര്യങ്ങളും പരിഗണിച്ചാല്‍ രേഖാ രാജിന് അര്‍ഹമായത് 35.40 (49.4 -14) മാര്‍ക്ക് ആണെന്നും തനിക്ക് സത്യത്തില്‍ 54.61 (46.61+8) മാര്‍ക്കിന് അര്‍ഹത ഉണ്ടെന്നും പരാതിക്കാരി വാദിച്ചു.
കോടതി പരാതിക്കാരിയുടെ ഏതൊക്കെ വാദങ്ങള്‍ അംഗീകരിച്ചു?
പരാതിക്കാരിയുടെ മേല്‍പ്പറഞ്ഞ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചില്ല. ഡിവിഷന്‍ ബെഞ്ച് വിധിയില്‍ പ്രധാനമായും പരിഗണിച്ച ഒരു കാര്യം പരാതിക്കാരിക്ക് Phd യ്ക്ക് നല്‍കേണ്ട 6 മാര്‍ക്കിന് അര്‍ഹത ഉണ്ടോ എന്നതാണ്. (NET പാസ്സാകാത്ത പരാതിക്കാരിയുടെ അടിസ്ഥാന യോഗ്യത PhD ആയതിനാല്‍ അവര്‍ക്ക് അതിന് മാര്‍ക്ക് കൊടുക്കാന്‍ കഴിയില്ല എന്ന വിചിത്രമായ വാദമാണ് യൂണിവേഴ്സിറ്റി പറഞ്ഞത്).
അപേക്ഷയ്ക്കായുള്ള നോട്ടിഫിക്കേഷനില്‍ ക്വാളിഫിക്കേഷനായി പറഞ്ഞിരിക്കുന്നത് “As per UGC Regulations 2010 as amended from time to time” എന്നാണ്. UGC യുടെ 2010 ലെ Regulations പ്രകാരം NET ആണ് അടിസ്ഥാന യോഗ്യത. പക്ഷേ NET ഇല്ലെങ്കിലും PhD ഉണ്ടെങ്കില്‍ അവര്‍ക്കും തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് പ്രവേശനം ലഭിക്കും എന്നാണ് അതില്‍ പറയുന്നത്. അങ്ങനെ പ്രവേശനം ലഭിച്ചു കഴിഞ്ഞാല്‍ അതില്‍ കുറച്ചു പേര്‍ക്ക് മാത്രം PhD ക്ക് മാര്‍ക്കും കൊടുക്കുകയും കുറച്ചു പേര്‍ക്ക് മാര്‍ക്ക് കൊടുക്കാതിരികുകയും ചെയ്യുന്നത് ശരിയാണോ എന്ന ന്യായമായ ചോദ്യമാണ് കോടതി ചോദിച്ചത്. (…..Needless to say, candidates holding PhD are exempted from acquiring NET only with a view to create a level playing field for a fair competition without any advantage to either side and once a candidate enters the zone of consideration by availing the benefit of exemption, he/she is entitled to equal treatment in the selection process)
ചിലര്‍ക്ക് വയസ്സില്‍ എന്തെങ്കിലും ഇളവ് നല്‍കുന്നത് level playing field നെ ഏതെങ്കിലും വിധത്തില്‍ ബാധിക്കില്ല എന്ന Jitendra Kumar Singh v. State of U.P., (2010) 3 SCC 119 കേസിലെ വിധിയാണ് കോടതി മേല്‍പ്പറഞ്ഞ വാദത്തിന് ആധാരമായി എടുത്തത്. കാര്യങ്ങള്‍ ലളിതമാണ്, അതായത് തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് പ്രവേശനം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ എല്ലാവര്‍ക്കും അവരുടെ ക്വാളിഫിക്കേഷന് അര്‍ഹമായ മാര്‍ക്ക് കൊടുക്കണം എന്ന യുക്തിപൂര്‍ണ്ണമായ സമീപനമാണ് കോടതി എടുത്തത്. ഇതിന്‍റെ ഭാഗമായി പരാതിക്കാരിക്ക് ആറു മാര്‍ക്ക് അധികം നല്‍കണമെന്ന് കോടതി വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ മാര്‍ക്ക് 52.61 ആയി ഉയര്‍ന്നു.
കോടതി പരിഗണിച്ച മറ്റൊരു വിഷയം രേഖാ രാജിന്റെ റിസര്‍ച്ച് പബ്ലിക്കേഷന്‍സ് സംബന്ധിച്ച പ്രശ്നമാണ്. തനിക്ക് യു.ജി.സി അംഗീകരിച്ച ജേര്‍ണലുകളില്‍ പബ്ലിക്കേഷന്‍സ് ഇല്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പബ്ലിക്കേഷന്‍സിന്റെ നിലവാരം പരിഗണിച്ചാണ് യു.ജി.സി അംഗീകരിച്ച ജേര്‍ണലുകളില്‍ അല്ലാതിരുന്നിട്ടും അവര്‍ക്ക് മാര്‍ക്ക് കൊടുത്തത് എന്നാണ് യൂണിവേഴ്സിറ്റി പറഞ്ഞത്. എന്നാല്‍ രേഖാ രാജിന് മാത്രമായി ഇക്കാര്യം അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല എന്ന ശരിയായ നിലപാട് ആണ് കോടതി കൈക്കൊണ്ടത്. അതോടൊപ്പം അപേക്ഷ സമയത്ത് നല്‍ക്കാത്ത ചില പബ്ലിക്കേഷന്‍സ് രേഖാ രാജ് അഭിമുഖ സമയത്ത് ഹാജരാക്കുകയും ചെയ്തിരുന്നു. ഇതും കൂടി പരിഗണിച്ചാണ് യൂണിവേഴ്സിറ്റി മാര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി പറഞ്ഞത് ഇങ്ങനെയാണ് “….we are of the view that the University is not empowered to relax the said stipulation in favour of one candidate, for such relaxations would certainly affect the right to equality guaranteed to the remaining applicants under Articles 14 and 16 of the Constitution”.
അതായത് രേഖാ രാജിന് മാത്രം ഇത്തരത്തില്‍ ഇളവുകള്‍ കൊടുക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 , 16 എന്നിവയുടെ ലംഘനമാണെന്നുമാണ് കോടതി പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കും തുല്യ അവസരത്തിനുമുള്ള അവകാശങ്ങളും അട്ടിമറിച്ചാണ് യൂണിവേഴ്സിറ്റി രേഖാ രാജിന് നിയമനം നല്‍കിയത് എന്ന് വ്യക്തം. അതുകൊണ്ട് അവര്‍ക്ക് ആ ഇനത്തില്‍ നല്‍കിയ 8 മാര്‍ക്കില്‍ നിന്നും അഞ്ചു മാര്‍ക്ക് കുറക്കാന്‍ കോടതി തീരുമാനിച്ചു. അങ്ങനെ അവരുടെ മാര്‍ക്ക് 44.4 ആയി കുറഞ്ഞു. ഇവിടെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം, പബ്ലിക്കേഷന്‍സ് വിഷയത്തില്‍ രേഖാ രാജിന് കിട്ടിയ മാര്‍ക്ക് കുറച്ചില്ലെങ്കില്‍ പോലും PhD യ്ക്ക് തനിക്ക് അര്‍ഹതപ്പെട്ട 6 മാര്‍ക്ക് കിട്ടുന്നതോടെ പരാതിക്കാരി ഒന്നാം സ്ഥാനക്കാരിയായി എന്നതാണ്. ആ മാര്‍ക്കാണെങ്കില്‍ ഒരു തരത്തിലും പരാതിക്കാരിക്ക് നിഷേധിക്കാവുന്ന ഒന്നല്ല.
പരാതിക്കാരിയെ അവഹേളിക്കുന്നത് ശരിയാണോ?
കോടതി വിധിക്ക് ശേഷം അതിനെ വിമര്‍ശിച്ചു രേഖാ രാജിന് ഐക്യദാര്‍ഢ്യം അറിയിച്ചു കൊണ്ട് രേഷ്മ ഭരദ്വാജും, ദിലീപ് രാജും ഇറക്കിയ പ്രസ്താവനയില്‍ പരാതിക്കാരിയുടെ അക്കാദമിക് ക്രെഡന്‍ഷ്യലിനെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു അവഹേളിക്കാന്‍ നടത്തിയ ശ്രമം അക്കാദമിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും ഒട്ടും പ്രതീക്ഷിച്ച ഒന്നല്ല. പലരും ഷെയര്‍ ചെയ്ത, ഇപ്പോഴും ഷെയര്‍ ചെയ്യുന്ന ആ പ്രസ്താവനയില്‍ എഴാമതായി ഇങ്ങനെ പറയുന്നു,
“7. പരാതിക്കാരി ഒറ്റയ്ക്ക് രചിച്ച ഒരു പ്രബന്ധം പോലുമില്ല. എല്ലാത്തിലും ഗൈഡ് ആണ് ഒന്നാം ഓതർ. അവർക്ക് രണ്ടു പോസ്റ്റ് ഡോക്ക് ഉണ്ട്. രണ്ടും ഇതേ ഗെയ്‌ഡിന്റെ കീഴിൽ, അതേ ഡിപ്പാർട്മെന്റിൽ ആണ്. ജോയിന്റ് ആയി രചിച്ച പ്രബന്ധങ്ങളിൽ 60 : 40 എന്ന അനുപാതത്തിൽ വേണം മാർക്ക് നൽകാൻ എന്നാണ് യു. ജി.സി. നിബന്ധന. എന്നാൽ പരാതിക്കാരിക്ക് ഈ അഭിമുഖത്തിൽ മുഴുവൻ മാർക്കും നൽകിയിട്ടുണ്ട്.”
ഇത് വായിക്കുന്ന ഒരാള്‍ കരുതും സ്വന്തമായി ഒരു പ്രബന്ധം പോലും ഇല്ലാത്ത ആളാണ് പരാതിക്കാരി എന്ന്. പരാതിക്കാരിയെ നേരിട്ട് പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലയില്‍ ഗൂഗിളില്‍ തിരയുമ്പോള്‍ തന്നെ യു.ജി.സി അംഗീകരിച്ച ജേര്‍ണലുകളില്‍ പരാതിക്കാരി ഒന്നാം ഓതര്‍ ആയും ഒറ്റയ്ക്കും രണ്ടും മൂന്നും പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ ദിലീപ് രാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പിന്നീട് മേല്‍പ്പറഞ്ഞ ലേഖനം മലയാളത്തില്‍ ഏറെ പ്രചാരമുള്ള ഒരു വെബ് മാസികയുടെ പോര്‍ട്ടലില്‍ കാര്യമായ മാറ്റമില്ലാതെ പ്രസിദ്ധീകരിച്ചപ്പോഴും ആ തെറ്റ് പൂര്‍ണമായും തിരുത്താന്‍ അക്കൂട്ടര്‍ തയ്യാറായില്ല.
പിന്നീടുള്ള അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടത് പരാതിക്കാരിക്ക് ആവശ്യത്തിലധികം പബ്ലിക്കേഷന്‍സ് ഉണ്ട് എന്ന് തന്നെയാണ്. ആ വിവരം ചുവടെ
ആഗസ്ത് 29 ന് ദിലീപ് രാജ് എഴുതിയ രണ്ടാമത്തെ വിശദീകരണ കുറിപ്പില്‍ പറയുന്ന മറ്റൊരു കാര്യം,
"…..പ്രധാനപ്പെട്ട വാദം സെലക്ഷൻ കമ്മിറ്റി എന്തെങ്കിലും പക്ഷപാതിത്വം കാണിച്ചെന്ന് പരാതിക്കാരിയുൾപ്പെടെ ആരും പറഞ്ഞിട്ടില്ലെന്നതാണ്. എന്നാൽ രേഖയ്ക്കെതിരെ പ്രചരണം നടത്തുന്നവർ അങ്ങനെയാണ് പറയുന്നത്. അതിന്റെ ലക്ഷ്യം ഇപ്പോൾ നടന്നു വരുന്ന യൂണിവേഴ്‌സിറ്റി നിയമന വിവാദങ്ങളുടെ കൂട്ടത്തിൽ ഈ വിഷയവും ഒഴുക്കൻ മട്ടിൽ ഉൾപ്പെടുത്തുക എന്നതാണ്. അവിടെയൊക്കെ സെലക്ഷൻ കമ്മിറ്റികൾ നടത്തിയ പക്ഷപാതിത്വം ആണല്ലോ ചർച്ചാവിഷയം…."
അഭിമുഖം നടത്തിയ പ്രമുഖര്‍ ഉള്‍പ്പെട്ട പാനലിനെ ഞാന്‍ എന്തായാലും സംശയിക്കുന്നില്ല. മറ്റ് സ്കില്‍ കുറഞ്ഞവര്‍ക്ക് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടാനുള്ള സാധ്യതയും ഉണ്ട്. പക്ഷേ അഭിമുഖത്തില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ലഭിച്ച മാര്‍ക്ക് നോക്കിയാല്‍ “ഇപ്പോൾ നടന്നു വരുന്ന യൂണിവേഴ്‌സിറ്റി നിയമന വിവാദങ്ങളുടെ കൂട്ടത്തിൽ” അല്ല അതിനെക്കാള്‍ വിവാദത്തിനുള്ള സാധ്യത രേഖാ രാജിന്റെ നിയമനത്തിലുണ്ട്.
21.11.2019 നു യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖ പ്രകാരം ഒന്നാം റാങ്ക് കിട്ടിയ രേഖാ രാജിന് Domain Knowledge & Teaching Skill എന്ന ഇനത്തില്‍ കിട്ടിയത് 2 മാർക്കാണ്. അവര്‍ക്ക് അഭിമുഖത്തിൽ 20 ൽ 18 മാർക്ക് കിട്ടിയിട്ടുമുണ്ട്. അതെ സമയം നാലാം റാങ്ക് കിട്ടിയ രാജു ജോണ്‍ എന്നയാള്‍ക്ക് Domain Knowledge & Teaching Skill 10 മാര്‍ക്ക് കിട്ടിയപ്പോള്‍ അഭിമുഖത്തില്‍ കിട്ടിയത് വെറും 4 മാര്‍ക്കാണ്. ഒറ്റ നോട്ടത്തില്‍ വേണമെങ്കില്‍ ആര്‍ക്കും സംശയം തോന്നാവുന്ന വിവരമാണിത്.
സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ രേഖാ രാജിന്റെ Interview Skill കൂടുതല്‍ ആകാനും കൂടുതല്‍ മാര്‍ക്ക് കിട്ടാനുള്ള സാധ്യതയുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. പരാതിക്കാരിക്കും അഭിമുഖത്തില്‍ 18 മാര്‍ക്ക് കിട്ടിയിട്ടുണ്ട്. രണ്ടിനെയും ഞാന്‍ സംശയിക്കുന്നില്ല. പക്ഷേ ഇപ്പോൾ നടന്നു വരുന്ന യൂണിവേഴ്‌സിറ്റി നിയമന വിവാദങ്ങളുടെ കൂട്ടത്തിലും ഇത് സാധ്യമാണ് എന്ന് ദിലീപ് രാജും സംഘവും മനസ്സിലാക്കണം.
കോടതി വിധിയില്‍ ജാതി വിഷയമായി വന്നിട്ടുണ്ടോ ?
സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന സമുദായത്തില്‍ നിന്നുള്ള ഒരാള്‍ ജനറല്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ കോടതിക്ക് നീരസമുണ്ട് എന്ന് രേഖാ രാജ് അനുകൂലികള്‍ വാദിക്കും പോലെയുള്ള ഒന്നും വിധി പ്രസ്താവനയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. വിധി പ്രസ്താവനയുടെ തുടക്കത്തില്‍ കേസിന് ആസ്പദമായ നിയമനത്തിന്റെ വസ്തുതാപരമായ വിവരങ്ങള്‍ പറയുക മാത്രമാണ് കോടതി ചെയ്തത്. ജനറല്‍ തസ്തികകളില്‍ ആയാലും, സംവരണ തസ്തികകളില്‍ ആയാലും ചട്ടപ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് കോടതി പരിശോധിച്ചതും അതില്ല എന്ന് കണ്ടത് കൊണ്ടാണ് രേഖാ രാജിന്റെ നിയമനം റദ്ദാക്കിയത്. ഈ വിധി പ്രസ്താവനയില്‍ പ്രവര്‍ത്തിച്ചത് ജാതി ആണെന്ന് ആരോപിച്ചു ചട്ടങ്ങള്‍ ലംഘിച്ചു രേഖാ രാജ് നേടിയെടുത്ത അനര്‍ഹമായ മാര്‍ക്കിനെ പാസ്സാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് നീതിബോധമുള്ള ആര്‍ക്കും കഴിയുന്ന ഒന്നല്ല.
“സാമൂഹ്യ നീതി നിലനിൽക്കാൻ രേഖാ രാജിനെ പോലെ ഒരാൾ യൂണിവേഴ്‌സിറ്റിയിൽ നിലനിൽക്കണം" എന്നും “രേഖാ രാജ് ആക്റ്റിവിസ്റ്റ് കൂടി ആണ്. അത്തരക്കാരെ യൂണിവേഴ്‌സിറ്റിയിൽ അധ്യാപകരായി നിയമിക്കുന്നത് നല്ലതാണ്” എന്നും വാദിക്കുന്ന പല പ്രമുഖരെയും കണ്ടു.
അവരുടെ ആരുടെയെങ്കിലും ഉദ്ദേശശുദ്ധിയെ ഞാന്‍ എന്തായാലും സംശയിക്കുന്നില്ല. കാരണം കേരളത്തിലെ അധ്യാപന ജോലിയിൽ പിന്നോക്ക സമുദായത്തിന്റെ പ്രാതിനിധ്യം കുറവാണ് എന്നത് വസ്തുതയാണ്. പ്രത്യേകിച്ചും സംവരണ നിയമങ്ങൾ പാലിക്കാതെ നിയമനം നടത്തുന്ന എയ്ഡഡ് കോളേജുകൾ ധാരാളമുള്ള കേരളത്തിൽ. അതുകൊണ്ട് തന്നെ പിന്നോക്ക സമുദായത്തിലുള്ള ഒരാൾക്ക് യൂണിവേഴ്‌സിറ്റിയിൽ അധ്യാപന ജോലി കിട്ടുമെങ്കിൽ അത് നല്ലത് തന്നെ. പ്രായോഗിക പരിജ്ഞാനം ഉള്ളവർക്ക് അക്കാദമിക്സിലെ നിയമനത്തിൽ എന്തെങ്കിലും മേൽകൈ കൊടുക്കണോ എന്നത് തർക്ക വിഷയമാണ്. വാദത്തിനു വേണ്ടി അതും അംഗീകരിക്കാം.
അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്, അങ്ങനെയാണ് സർവ്വകലാശാല ആദ്യമേ തീരുമാനിച്ചിരുന്നെങ്കില്‍ അക്കാര്യം തുറന്നു പറഞ്ഞു അതങ്ങ് നടപ്പിലാക്കിയാൽ മതിയായിരുന്നല്ലോ. കുറെയേറെ ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിന് വിളിച്ചു, അവരുടെ സമയവും അധ്വാനവും മെനക്കെടുത്തി ഇങ്ങനെ ചട്ടം ലംഘിച്ചു നിയമനം വാങ്ങേണ്ട കാര്യമുണ്ടായിരുന്നോ ?
ഇപ്പോള്‍ രേഖാ രാജിനെ അനുകൂലിക്കുന്നവര്‍ സാംസ്കാരിക-ബുദ്ധിജീവി നായകരെ ഇറക്കി ചെയ്യുന്നത് പണി ഒരുതരത്തിലുള്ള സാംസ്‌കാരിക ഗുണ്ടായിസമാണ്. കേരളത്തിന് അകത്തും, പുറത്തുമുള്ള മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുകയോ കഴിവ് തെളിയിക്കുകയോ ചെയ്തത് കൊണ്ടൊന്നും ഒരു കാര്യവുമില്ല , തങ്ങളുടെ അനുയായികള്‍ക്കും, സംഘാംഗങ്ങള്‍ക്കും മാത്രമേ സര്‍വ്വകലാശാല അധ്യാപക നിയമനങ്ങള്‍ ലഭിക്കാന്‍ പാടുള്ളൂ എന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് കാര്യങ്ങള്‍ കേരളത്തില്‍ പലയിടത്തും നടക്കുന്നത്. ഒട്ടുമേ അതിശയോക്തി ഇല്ലാതെ പറയട്ടെ, അതിനായി മാധ്യമ പിന്തുണയോടെ കേരളത്തിലെ സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ചു ഒരു സാംസ്‌കാരിക-ബുദ്ധിജീവി മാഫിയ സംഘമുണ്ട്. നേരത്തെ തങ്ങള്‍ക്ക് അപ്രിയയായ ഒരാള്‍ക്ക് നിയമനം ലഭിക്കുമെന്നായപ്പോള്‍ ഇക്കൂട്ടരില്‍ ചിലര്‍ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തുക പോലുമുണ്ടായി. കേരളം വിജ്ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് ചുവട് വയ്ക്കാന്‍ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പ് വരുത്തുക എന്നത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. അതുകൊണ്ട് കേരളത്തിലെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചുള്ള ഈ ഉപജാപക സംഘത്തിന്റെ വേരുകള്‍ അറുക്കുക തന്നെ വേണം. അതിനുള്ള തുടക്കമാണ് ഇപ്പോഴത്തെ കോടതി വിധിയിലൂടെ കൈവന്നിരിക്കുന്നത്. അത് കേരളം പാഴാക്കരുത്.