സോളാർ വിവാദം അരങ്ങൊഴിയുമ്പോൾ
ആറുപതിറ്റാണ്ടിലധികം നീണ്ട തന്റെ പൊതുജീവിതത്തിൽ ഉമ്മൻചാണ്ടി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ആയിരുന്നു സോളാർ വിവാദം. പ്രതിസന്ധി രാഷ്ട്രീയം മാത്രമായിരുന്നില്ല, വ്യക്തിപരവും തന്റെ കുടുംബത്തെ തന്നെ ബാധിക്കുന്നതുമായിരുന്നു. ചോദ്യം ചെയ്യപ്പെട്ടത് നിലപാടുകളായിരുന്നില്ല, വ്യക്തിപരമായ ശുദ്ധിയും സത്യസന്ധതയുമായിരുന്നു. രാഷ്ട്രീയമായി വലിയ വില കൊടുക്കേണ്ടി വന്നെങ്കിലും ഈ വിവാദം അവസാനിക്കുമ്പോൾ ഊതിക്കാച്ചിയ പൊന്നുപോലെ സ്വന്തം വ്യക്തിശുദ്ധിയും ധാർമികതയും തരിമ്പു പോലും സംശയം അവശിഷിപ്പിക്കാതെ തെളിയിക്കാൻ കഴിഞ്ഞ ഉമ്മൻ ചാണ്ടിയെയാണ് ദൃശ്യമാവുന്നത്.
നേരിയ ഭൂരിപക്ഷം മാത്രമാണ് നിയമസഭയിൽ ഉണ്ടായിരുന്നതെങ്കിലും മുഖ്യമന്ത്രിയും മന്ത്രിസഭയും മികച്ച പ്രതിച്ഛായയിലൂടെ ജനപ്രീതി നേടിയിരുന്ന വേളയിലാണ് സോളാർ വിവാദം ഉയർന്നുവരുന്നത്. ഉമ്മൻചാണ്ടി മന്ത്രിസഭ അധികാരമേറ്റ ശേഷം നടന്ന രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വൻ വിജയം നേടി. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടികൾ വലിയ വിജയങ്ങളായി വിലയിരുത്തപ്പെട്ടു. ടി പി ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകം സിപിഐഎമ്മിന് വലിയ തിരിച്ചടിയായി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സാധാരണ സംഭവിക്കുന്നതിൽ നിന്ന് വിരുദ്ധമായി യഥാർത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആഭ്യന്തര വകുപ്പിന്റെയും സർക്കാരിന്റെയും പ്രതിച്ഛായ വർധിച്ചു. ഇങ്ങനെ സർക്കാരും മുന്നണിയും മികച്ച അഭിപ്രായം നേടുകയും, പ്രതിപക്ഷം, പ്രത്യേകിച്ചും സിപിഐഎം കടുത്ത പ്രതിരോധത്തിലായിരിക്കുകയും ചെയ്തിരുന്ന ഘട്ടത്തിലാണ് സോളാർ വിവാദം പൊട്ടിവീഴുന്നത്.
2013 ജൂൺ മാസത്തിൽ സജ്ജാദ് എന്നൊരാളുടെ പരാതിയിൽ സരിത നായർ അറസ്റ്റ് ചെയ്യപ്പെടുന്നതോടെയാണ് സോളാർ വിവാദത്തിന്റെ ആരംഭം. സരിതാ നായരുടെയും പങ്കാളി ബിജു രാധാകൃഷ്ണന്റെയും ഉടമസ്ഥതയിലുള്ള 'ടീം സോളാർ' എന്ന കമ്പനിയുടെ പേരിൽ സോളാർ പാനൽ നിർമ്മിച്ചുനൽകുന്ന വ്യവസായത്തിൽ പങ്കാളിയാക്കാമെന്ന വാഗ്ദാനത്തിൽ 40 ലക്ഷം രൂപ കബളിപ്പിച്ചു എന്നതായിരുന്നു പരാതി. തുടർന്നുള്ള അന്വേഷണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി, വിവിധ ആളുകളിൽ നിന്നായി ഏതാണ്ട് പത്തുകോടി രൂപയോളം ഇവർ തട്ടിയെടുത്തതായി പരാതികൾ ഉയർന്നു. ഇവരുടെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പേരുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നുവെന്ന് വെളിവായതാണ് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയെ ഈ കേസുമായി ബന്ധപ്പെടുത്തിയത്.
ടി പി വധത്തെ തുടര്‍ന്ന് അന്‍പേ പ്രതിരോധത്തിലായിരുന്ന സിപിഐഎമ്മിനു ലഭിച്ച വജ്രായുധമായിരുന്നു സോളാര്‍ വിവാദം. മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി സമര പരമ്പരകള്‍ അരങ്ങേറി. 2013 ആഗസ്ത് മാസം നടന്ന സെക്രട്ടറിയേറ്റ് ഉപരോധമായിരുന്നു ഇതില്‍ പ്രധാനം. ഉപരോധം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഈ കേസ് സംബന്ധമായ എല്ലാ വിഷയങ്ങളിലും ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഈ ജുഡിഷ്യല്‍ കമ്മീഷന്റെ മുന്‍പാകെ പരാതിക്കാരി നല്‍കിയ കത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കം ആറ് കോൺഗ്രസ്സ് നേതാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതിപ്പെട്ടു. കത്ത് മുഖവിലക്കെടുത്ത കമ്മീഷന്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാമെന്ന് ശുപാര്‍ശ ചെയ്തു. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ആയുധമാക്കി. വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അന്ന് രാവിലെ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അന്വേഷണം പ്രത്യേക സംഘത്തിന് വിട്ടെങ്കിലും ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പീഡനക്കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശവും സുപ്രീം കോടതി ജസ്റ്റിസായിരുന്ന അരിജിത് പസായത്തിൽ നിന്നും സംഘത്തിനു ലഭിച്ചു. ഇതൊക്കെ അവഗണിച്ചും ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് 2018 ഒക്ടോബറില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പക്ഷെ കുറ്റാരോപിതര്‍ക്കെതിരെ ഒരു തെളിവുമില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് 2021 ജനുവരിയില്‍ കേസ് സിബിഐക്ക് കൈമാറി. അങ്ങനെയുണ്ടായ അന്വേഷണത്തിലാണ് ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതിയില്‍ ഒരു തെളിവുമില്ലെന്ന് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാന പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയ കേസ് സിബിഐക്ക് വിട്ടതിന്റെ ദുഷ്ടലാക്കാണ് ഇപ്പോള്‍ ഇടതു മുന്നണിക്ക് വലിയ തിരിച്ചടിയാവുന്നത്. കേരള രാഷ്ട്രീയത്തില്‍ നിലനിന്ന എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ച് രാഷ്ട്രീയ എതിരാളിയെ സ്ത്രീ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന ആരോപണമാണ് ഉയരുന്നത്. നിര്‍ണായകമായ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചാണ് ഇത് സംബന്ധമായ പ്രഖ്യാപനങ്ങളെല്ലാം ഉണ്ടായിട്ടുള്ളതെന്നതിനാല്‍ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമാക്കി എതിരാളികളെ തേജോവധം ചെയ്യാന്‍ രാഷ്ട്രീയ മാന്യതയുടെ എല്ലാ സീമകളും ലംഘിച്ച നീക്കമായി വ്യാഖ്യാനിക്കപ്പെടുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പരാതിക്കാരി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത്. ബാർ ലൈസൻസുകൾ റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് യു ഡി എഫ് നെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിച്ചിരുന്ന അബ്‌കാരി ലോബിയാണ് ഈ നീക്കത്തിന് പിന്നിലെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു.
സോളാർ വിവാദങ്ങൾ മൂലം ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയമായി നഷ്ടപ്പെട്ടതൊന്നും ഇനി തിരികെ ലഭിക്കാൻ പോകുന്നില്ല. പക്ഷെ ഈ കണ്ടെത്തൽ ഉമ്മൻചാണ്ടിക്ക് നൽകുന്ന ധാർമിക വിജയം വളരെ വലുതാണ്. ഈ വിവാദത്തിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹം എടുത്ത നിലപാടുകൾ പൂർണ്ണമായും ശരിയാണെന്ന് സി ബി ഐ യുടെ കണ്ടെത്തലിലൂടെ വ്യക്തമായിരിക്കുന്നു.
അന്വേഷണത്തെ നേരിടാൻ അദ്ദേഹം ഒരു മടിയും കാണിച്ചില്ല. ശിവരാജൻ കമ്മീഷന്റെ മുമ്പാകെ തെളിവെടുപ്പിനായി അദ്ദേഹം മണിക്കൂറുകളോളം ചെലവഴിച്ചു. ക്രൈം ബ്രാഞ്ച് കേസെടുത്തപ്പോൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കണമെന്ന നിർദ്ദേശം അദ്ദേഹം നിരാകരിച്ചു. സർക്കാർ അറസ്റ്റ് ചെയ്യാൻ ധൈര്യപ്പെടുന്നെങ്കിൽ അത് നേരിടാൻ താൻ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എഫ് ഐ ആർ റദ്ദാക്കാൻ കോടതിയെ സമീപിക്കണമെന്ന നിർദ്ദേശവും അദ്ദേഹം സ്വീകരിച്ചില്ല. തനിക്കൊന്നും ഒളിക്കാനില്ലെന്നും ഏത് നിയമനടപടിയെയും നേരിടാൻ താൻ തയ്യാറാണെന്നുമുള്ള ഉമ്മൻ ചാണ്ടിയുടെ നിലപാടാണ് ഇപ്പോൾ സാധൂകരിക്കപ്പെട്ടിരിക്കുന്നത്. സി ബി ഐ അന്വേഷണം ഉമ്മൻചാണ്ടിയെ സംബന്ധിച്ചിടത്തോളം ഉർവശീ ശാപം ഉപകാരം എന്ന നിലയിലായിരുന്നു. ഇനിയൊരിക്കലും ഈ വിഷയത്തിൽ ആർക്കും ഒരു വിരൽ പോലും ചൂണ്ടാൻ കഴിയാത്ത വിധം സമഗ്രമായ അന്വേഷണത്തിന് ശേഷം അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുന്നു. എന്തെങ്കിലും തെളിവുണ്ടായിരുന്നെങ്കില്‍ ബിജെപിയുടെ നിയന്ത്രണത്തിലുള്ള സിബിഐ കോണ്‍ഗ്രസ് നേതാക്കളെ രക്ഷപ്പെടാന്‍ അനുവദിക്കുമായിരുന്നില്ല എന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കും. തന്റെ പൊതുജീവിതത്തില്‍ നേരിട്ട ഏറ്റവും നികൃഷ്ടമായ ഈ ആരോപണത്തിന്റെ കറ തെല്ലും അവശേഷിപ്പിക്കാതെ ഉമ്മന്‍ചാണ്ടിക്ക് തുടരാനാകും.
മറുഭാഗത്ത് സിപിഎമ്മിനും ഇടത് മുന്നണിക്കും സിബിഐയുടെ കണ്ടെത്തല്‍ വലിയ ആഘാതമാണ് നല്‍കിയിരിക്കുന്നത്. സ്വന്തം പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയ ഒരു ആരോപണം സിബിഐയ്ക്ക് കൈമാറുക വഴി ഏറ്റവും അധമമായ രാഷ്ട്രീയവേട്ട നടത്തിയെന്ന ദുഷ്‌പേര് എന്നെന്നേക്കുമായി അവരുടെ മേല്‍ പതിഞ്ഞിരിക്കുന്നു.
സിപിഎം പ്രവര്‍ത്തകര്‍ പ്രതിയായ കേസുകളിലെ സി ബി ഐ അന്വേഷണം ഒഴിവാക്കാന്‍ കോടികള്‍ മുടക്കി സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടത് മുന്നണി സോളാര്‍ കേസ് സിബിഐക്ക് വിട്ടതിലെ ഇരട്ടത്താപ്പ് പുറത്തായതിലെ ജാള്യതയും സിപിഎമ്മിനെ വേട്ടയാടും. കേരള രാഷ്ട്രീയത്തിലെ ഏറ്റവും അശ്ലീലം നിറഞ്ഞ വ്യക്തിഹത്യക്കും കുടുംബവേട്ടക്കും നേതൃത്വം നല്‍കിയ പാര്‍ട്ടിയെന്ന തീരാകളങ്കവും സിപിഎമ്മിന് മേല്‍ എക്കാലവും നിലനില്‍ക്കും. ഉമ്മന്‍ചാണ്ടിയെ ബലാത്സംഗക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച നാണം കെട്ട് പൊതുജനമധ്യത്തില്‍ സിപിഎം വിവസ്ത്രരായി നില്‍ക്കുന്ന കാഴ്ചയോടെയാണ് സോളാര്‍ വിവാദത്തിന് തിരശ്ശീല വീഴുന്നത്.