TMJ
searchnav-menu
post-thumbnail

Outlook

നവ നാസികളോട് ഐക്യപ്പെടുന്ന അമേരിക്ക

05 Dec 2021   |   1 min Read
TMJ News Desk

നാസിസത്തെ മഹത്വവല്‍ക്കരിക്കുന്ന പ്രവണതകളെ ചെറുക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന് എതിരായി വോട്ടു ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടം ജനാധിപത്യത്തിന്റെ കാവല്‍ മാലാഖയായി കൊണ്ടാടപ്പെടുന്നതിന്റെ രഹസ്യം എന്താവും. ഐക്യരാഷ്ട്ര പൊതുസഭയുടെ തീരുമാനങ്ങള്‍ക്കും, പാസ്സാക്കുന്ന പ്രമേയങ്ങള്‍ക്കും പ്രതീകാത്മക മൂല്യത്തിനപ്പുറം വലിയ പ്രസക്തി ഇല്ലെങ്കിലും നാസിസത്തെ മഹത്വവല്‍ക്കരിക്കുന്നതിന് എതിരായി പോരാടണമെന്ന പ്രമേയത്തെ 2005 മുതല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ അമേരിക്ക എതിര്‍ത്ത് വോട്ടു ചെയ്യുന്നതിന്റെ കാരണമെന്താണ്. 'വെള്ളക്കാരന്റെ ഔന്നത്യം, നാസിസം, ഫാസിസം അമേരിക്കന്‍ റിപ്പബ്ലിക്' എന്ന ലേഖനം ഈ വിഷയം വിശകലനം ചെയ്യുന്നു.(1) 'വര്‍ത്തമാന കാലഘട്ടത്തിലെ വംശീയ വെറി, വംശീയ വിവേചനം, അപരജന വിദ്വേഷം മറ്റുള്ള അസഹിഷ്ണുതകള്‍ എന്നിവക്കു നിദാനമായ നാസിസം, നവ-നാസിസം, സമാനമായ മറ്റുള്ള ആശയങ്ങള്‍ എന്നിവക്കെതിരായ പോരാട്ടത്തിനായി' എന്ന പേരില്‍ 2021 നവംബറില്‍ ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തിയത് രണ്ടു രാജ്യങ്ങളാണ്. അമേരിക്കയും, ഉക്രൈനും. പ്രമേയത്തിന് അനുകൂലമായി 130 രാജ്യങ്ങള്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 51 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും ഒഴിഞ്ഞു മാറി. അമേരിക്ക പതിവു പോലെ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഹോളണ്ട് തുടങ്ങി യുറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട ലിബറല്‍ ജനാധിപത്യത്തിന്റെ കാവല്‍ മാലാഖമാരായി സ്വയം വിശേഷിപ്പിക്കുന്ന രാജ്യങ്ങളെല്ലാം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്യുന്നതിനെ ന്യായികരിക്കുന്നതിനായി അമേരിക്ക പ്രധാനമായും രണ്ടു കാരണങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. റഷ്യയുടെ 'വ്യാജ പ്രചരണങ്ങളെ' സാധൂകരിയ്ക്കുവാന്‍ പ്രമേയം സഹായകമാവുമെന്നാണ് ഒരു കാരണം. റഷ്യ അതിന്റെ അയല്‍ രാജ്യങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് പ്രമേയത്തെ ഉപയോഗപ്പെടുത്തുമെന്നും അമേരിക്ക വിശദീകരിയ്ക്കുന്നു. എല്ലാ രൂപത്തിലുമുള്ള വംശീയ വിവേചനവും ഇല്ലാതാക്കണമെന്ന കണ്‍വെന്‍ഷന്റെ 4-ാമത്തെ വകുപ്പും, രാഷ്ട്രീയ, പൗരവകാശങ്ങള്‍ക്കുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ 20-ാം വകുപ്പും മറ്റുള്ള രാജ്യങ്ങള്‍ക്ക് എതിരെ റഷ്യ ഉപയോഗിക്കാനുള്ള സാധ്യതകളെ നിരുത്സാഹപ്പെടുത്തണമെന്നും ന്യായീകരണമായി അമേരിക്ക പറയുന്നു. റഷ്യയുടെ ഭീഷണി കഴിഞ്ഞാല്‍ അമേരിക്ക മുന്നോട്ടു വയ്ക്കുന്ന പ്രധാന ന്യായീകരണം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമാണ്. അഭിപ്രായ, ആവിഷ്‌ക്കാര സ്വാതന്ത്യങ്ങളെ വിലമതിക്കുന്ന രാജ്യമെന്ന നിലയില്‍ നാസി-ഫാസിസ്റ്റ് ആശയങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യം നിഷേധിക്കാനാവില്ലെന്നാണ് അതിന്റെ പൊരുള്‍. കേവലമായ ആശയ പ്രകാശനം എന്ന നിലയിലുള്ള ഈ വാദം ഒരിക്കലും നീതീകരിക്കാനാവില്ലെന്ന് മാനസികരോഗ്യ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന Philippe Gendrault ഉം Wendy C Ong ഉം ചൂണ്ടിക്കാണിക്കുന്നു. വെള്ളക്കാരന്റെ ഔന്നത്യം, കൊളോണിയലിസം, നാസിസം, ഫാസിസം തുടങ്ങിയ ആശയങ്ങള്‍ പിന്തുടരുന്നവര്‍ നടത്തിയ/നടത്തുന്ന ഹീനമായ കുറ്റകൃത്യങ്ങള്‍ നിഷേധിക്കാനാവാത്ത വസ്തുതകളാണ്. അത്തരം ആശയങ്ങള്‍ പിന്തുടരുന്നവരെയും പ്രയോഗത്തില്‍ വരുത്തുന്നവരെയും അവയെ എതിര്‍ക്കുന്നവരെയും ആശയ പ്രകാശനത്തിന്റെ തലത്തില്‍ പോലും സമാനമായി വീക്ഷിക്കുന്ന സമീപനം ശുദ്ധ കാപട്യമാണെന്നും അവര്‍ വെളിപ്പെടുത്തുന്നു.

 

അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉന്നതങ്ങളില്‍ മാത്രമല്ല രാഷ്ട്രീയ സംവിധാനം മുഴുവന്‍ വെള്ളക്കാരന്റെ ഔന്നത്യമെന്ന തത്വത്തില്‍ അഭിരമിക്കുന്നതിനാലാണ് ഐക്യരാഷ്ട്ര പൊതുസഭയിലെ പ്രമേയം അമേരിക്കയുടെ നിരന്തരമായ എതിര്‍പ്പിന് വിധേയമാവുന്നതെന്ന് Gendrault ഉം, Ong ഉം വിലയിരുത്തുന്നു. നാസിസവും, ഫാസിസവും അതിന്റെ സ്വാഭാവികമായ തുടര്‍ച്ചകളാണ്. 'ഒരു കാര്യം നാം വ്യക്തമായി മനസ്സിലാക്കണം. നാസിസത്തെയും, നവ-നാസിസത്തെയും ചേര്‍ത്തു പിടിക്കുന്നതും, വര്‍ത്തമാന കാലഘട്ടത്തിലെ വര്‍ണ്ണവെറിക്കും, വംശീയ വിവേചനങ്ങള്‍ക്കും, അപരജന വിദ്വേഷങ്ങള്‍ക്കും ഊര്‍ജ്ജം പകരുന്ന നാനാ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതും അമേരിക്കയില്‍ നിയമാനുസൃതമായ അവകാശമായിരിക്കുന്നു. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിലും നിലനിന്ന വെള്ളക്കാരന്റെ ഔന്നത്യം ഇപ്പോള്‍ മറച്ചു പിടിക്കേണ്ടതില്ല. അത് ഒരു അവകാശമായി ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നു' Gendrault ഉം Ong ഉം അഭിപ്രായപ്പെടുന്നു. വെള്ളക്കാരന്റെ ഔന്നത്യമെന്ന നയം അമേരിക്ക നിരന്തരം ഉപയോഗിക്കുന്നതാണെന്നും ഇരുവരും വ്യക്തമാക്കുന്നു. അമേരിക്കയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും മറ്റു രാജ്യങ്ങളില്‍ ഇടപെടുന്നതിനും ഈ വീക്ഷണം രണ്ടാം ലോകയുദ്ധത്തിന് ശേഷവും അമേരിക്ക
പലപ്പോഴും ഉപയോഗപ്പെടുത്തുന്നതായും അവര്‍ വിലയിരുത്തുന്നു. പഴയതും, പുതിയതുമായ നാസിസവും, ഫാസിസവും, വിവിധ ബ്രാന്‍ഡിങ്ങിലുള്ള വെള്ളക്കാരന്റെ ഔന്നത്യവും അമേരിക്കയുടെ ആഭ്യന്തര വിദേശ നയങ്ങളുടെ അവിഭാജ്യഘടകമായി തുടരുന്നതിന്റെ തെളിവാണ് നാസിസത്തിന്റെ മഹത്വവല്‍ക്കരണത്തിന് എതിരായി പോരാടണമെന്ന പ്രമേയത്തെ അമേരിക്ക നിരന്തരം എതിര്‍ക്കുന്നതില്‍ നിന്നും വ്യക്തമാവുന്നു. വംശീയ ഔന്നത്യത്തെ പറ്റിയുള്ള എല്ലാത്തരം വീക്ഷണങ്ങളും നാസിസവും മനുഷ്യാവകാശങ്ങളുടെ നേര്‍ വിപരീതമാണെന്ന ബോധ്യമുള്ളവരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് അമേരിക്കയുടെ നടപടി. വോട്ടിംഗില്‍ നിന്നും വിട്ടുനിന്ന രാജ്യങ്ങളുടെ നടപടിയും ഒരിക്കലും നീതീകരിക്കാനാവില്ല. അമേരിക്കയിലും, യൂറോപ്പിലും നവ-നാസികളും, ഫാസിസ്റ്റുകളും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെയും മറ്റുള്ള പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളുടെയും നടപടി കൂടുതല്‍ ഗൗരവമായ പരിഗണന ആവശ്യപ്പെടുന്നു. നാസിസത്തെ മഹത്വവല്‍ക്കരിക്കുന്നതിന് എതിരെ പോരാടണമെന്ന പ്രമേയത്തെ അമേരിക്ക എതിര്‍ക്കുന്നതും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒഴിഞ്ഞു മാറുന്നതും മുഖ്യധാരയിലെ മാധ്യമങ്ങളില്‍ വാര്‍ത്തയായി പോലും ഇടം പിടിക്കാതെ പോകുന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കീഴാള ജനങ്ങളുടെ രാഷ്ട്രീയ അവകാശങ്ങളും, അഭിലാഷങ്ങളും മുഖ്യധാരയിലെ മാധ്യമ അജന്‍ഡയുടെ പരിഗണന വിഷയമായി വരാറില്ലെന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ എല്ലാത്തരം വംശീയവെറികള്‍ക്കും വിവേചനങ്ങള്‍ക്കും എതിരായ മനുഷ്യാവകാശങ്ങള്‍ക്കായുള്ള സമരങ്ങളുടെ പ്രസക്തി ഇനിയും അവസാനിച്ചിട്ടില്ലെന്നു വ്യക്തമാകും.

 

1: ബ്ലാക് അജന്‍ഡ റിപോര്‍ട്ട്: Philippe Gendrault, Wendy C Ong.
December 1, 2021

 

 

 

 

 

 

Leave a comment