TMJ
searchnav-menu
post-thumbnail

Outlook

ആർക്കായിരുന്നു ‘നവോത്ഥാനം’ ?

21 Jan 2023   |   1 min Read
വിനില്‍ പോള്‍

കേരളം ആധുനികമായതിനെക്കുറിച്ചുള്ള ചരിത്ര വ്യവഹാരങ്ങളിൽ നവോത്ഥാനം, ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ എന്നീ പരികല്പനകൾക്ക് ഒരു വിശിഷ്ട പദവിയും താഴെ നിന്നും മുകളിലേക്ക് പടർന്നുകയറിയ സാമൂഹിക പശ്ചാത്തലവുമാണ് സാമ്പ്രദായിക ചരിത്രകാരന്മാർ നൽകുന്നത്. ആധുനിക കേരള ചരിത്രരചനകൾ പരിശോധിച്ചാൽ അപരിഷ്‌കൃതരായ കീഴാള ജാതികളും ആധുനികരായ മേലാള ജാതികളും തമ്മിലുള്ള നീണ്ട ഒരു പോരാട്ടമായിരുന്നു കേരളത്തിൽ നിലനിന്നിരുന്നത് എന്ന് തോന്നിപോകും. കീഴാള ജാതികളും ആധുനികതയും തമ്മിലുള്ള ഏകതാനമായ ഒരു ബന്ധത്തിന്റെ ഭൂതകാലത്തെ കണ്ടെടുക്കാനുള്ള ശ്രമം മാത്രമാണ് നിലവിലെ ചരിത്രകാരന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്. അതായത് അടിയാള ജാതികളെ മുൻനിർത്തികൊണ്ട് ഏകശിലാരൂപത്തിലുള്ള പരിവർത്തനം ചരിത്രമാണ് കേരള പൊതുസമൂഹം ചർച്ച ചെയ്യുന്നത്. അധിനിവേശകാലത്തെ സാമൂഹിക മാറ്റത്തെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലേക്ക് മാത്രമായി ചുരുക്കുന്ന നിലപാടും വീക്ഷണവും വികലമാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. ആധുനിക കേരളം രൂപപ്പെട്ടതിനെക്കുറിച്ചുള്ള ചർച്ചകളിൽ വ്യാപകമായി കടന്നുവരുന്ന മറ്റൊരു സംജ്ഞയാണ് മിഷനറി പ്രസ്ഥാനത്തിന്റ സാമൂഹ്യ ഇടപെടലുകൾ എന്നത്. ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചരണം, അച്ചടിയുടെ ജനകീയത, അടിമത്തം/ ഇതര മനുഷ്യാവകാശ നിയമങ്ങളുടെ പിന്നണി പ്രവർത്തകർ, ആധുനിക വൈദ്യ സഹായത്തെ ജനായത്തമാക്കിയവർ, മുൻകാല അടിമജാതികളുടെ സാമൂഹ്യ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചവർ എന്നിങ്ങനെ വ്യത്യസ്ത സാമൂഹ്യതലങ്ങളെ ചുറ്റിപ്പറ്റിയാണ് കേരള പൊതുസമൂഹം മിഷനറി ആധുനികതയെക്കുറിച്ച് ചർച്ച ചെയ്തത്. എന്നാൽ മിഷനറി പ്രസ്ഥാനത്തിന്റെ ഇടപെടലുകൾ ക്രൈസ്തവ മേഖലയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്നും, ക്രൈസ്തവ സമുദായത്തിന്റെ സ്വത്വ രൂപീകരണത്തിന് അവ എങ്ങനെയെല്ലാമാണ് സഹായിച്ചതെന്നുമുള്ള അന്വേഷണങ്ങൾ ഒന്നും തന്നെ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. മിഷനറി പ്രസ്ഥാനത്തിന്റെ സാമൂഹ്യ ഇടപെടലുകൾ ഏറ്റവും അധികം അനുഭവിച്ചവരും അതിന്റെ സൂചകമായി തീർന്നവരുടെ ചരിത്രത്തെ നാം പലപ്പോഴും ചർച്ച ചെയ്യാറില്ല. ജാതി ശ്രേണിയുടെ കീഴ്ത്തട്ടിൽ ഉൾപ്പെട്ടിരുന്നവരുടെ ക്രിസ്തുമത സ്വീകരണ ചരിത്രത്തെയും അവരുടെ സാമൂഹ്യ അനുഭവങ്ങളെയുമാണ് പൊതുസമൂഹം നിരന്തരമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ അതേ കാലത്ത് ക്രൈസ്തവ സ്വത്വം രൂപപ്പെട്ടുവരുന്നതിനെ സൈദ്ധാന്തികമായോ, സാമൂഹ്യ ചരിത്രപരമായോ വിശകലന വിധേയമാക്കപ്പെടുന്നില്ല എന്നതാണ് നിലവിലെ ചരിത്ര രചനകൾ നേരിടുന്ന ഒരു പോരായ്മ. ഇത്തരം ഒരു ചരിത്രരചനാ പശ്ചാത്തലത്തിൽ അധിനിവേശകാലത്ത് ക്രിസ്തുമതം എങ്ങനെയാണ് ജനാധിപത്യവത്ക്കരിക്കപ്പെട്ടതെന്നും അതിന്റെ ഭാഗമായി എങ്ങനെയാണ് ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ, പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനി എന്ന വിഭാഗത്തിനിടയിൽ നിരവധി ജാതികളുടെ ലയനം സാധ്യമായതെന്നുമുള്ള അന്വേഷണമാണ് ഈ ലേഖനം. മിഷനറി ആധുനികതയുടെ ഭാഗമായുള്ള സാമൂഹ്യ പരിഷ്ക്കരണത്തിന്റെ നേർകാഴ്ചയെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഇനി വരുന്ന ഭാഗങ്ങളിൽ ചർച്ച ചെയ്യുന്നത്.

representational image : wiki commons

മിഷനറി വരവിനു മുമ്പുള്ള ക്രിസ്ത്യൻ വിശ്വാസികൾ

ഇന്ത്യയിൽ ക്രിസ്തുമതം എത്തിച്ചേർന്നത് എന്നാണ് എന്നതിനെ സംബന്ധിച്ച് കൃത്യമായ തെളിവുകൾ ഒന്നുമില്ലെങ്കിലും കേരളം ക്രിസ്ത്യാനികളുടെ സാന്നിധ്യമുണ്ടായിരുന്ന ഒരു പ്രദേശം തന്നെയായിരുന്നു. ഈ കാരണത്താൽ കൊളോണിയൽ കാലം മുതലേ ചരിത്രകാരന്മാർ മലബാർ തീരത്തെ ക്രിസ്തുമത ചരിത്രത്തെക്കുറിച്ച് വ്യാപകമായ അന്വേഷണത്തിൽ ഏർപ്പെട്ടിരുന്നു. മാത്രമല്ല മലബാർ തീരത്തെ ക്രിസ്ത്യാനികളെക്കുറിച്ചുള്ള അന്വേഷണത്തിൽ അംബേദ്ക്കർ ഉൾപ്പെടെയുള്ള വലിയ ഒരു നിരയെ തന്നെ കാണാൻ സാധിക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിൽ തോമസ് അപ്പോസ്തലൻ കേരളത്തിൽ വന്നു എന്നതിന് യാതൊരു തെളിവുമില്ലെന്നും രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ തീരദേശ വാസികൾ, സിലോണിലെ മുത്തുച്ചിപ്പി വാരുന്നവർ, മലബാറിലെയും കൊറാമാണ്ടിലെയും കൃഷിക്കാർ എന്നിവരുടെ ഇടയിൽ ക്രിസ്തുമതം പ്രചരിപ്പിച്ചിരുന്നതിന് തെളിവുകൾ ലഭ്യമാണെന്നാണ് അംബേദ്ക്കർ ഉൾപ്പെടുന്ന ചരിത്രകാരന്മാർ പറയുന്നത് (അംബേദ്ക്കർ വാല്യം 10, 2000: 364). കേരളത്തിൽ ആദ്യം ക്രിസ്തുമതം സ്വീകരിച്ചവർ ആരാണെന്നതിനെ സംബന്ധിച്ചു കൃത്യമായ തെളിവുകൾ ഇല്ലെങ്കിലും പതിനാറാം നൂറ്റാണ്ടോടുകൂടി, പ്രത്യേകിച്ച് 1542 ൽ എത്തിയ ഫ്രാൻസിസ് സേവ്യറുടെ വരവിനു ശേഷം കേരള തീരത്തെ ക്രിസ്തുമതം ചലനമുള്ളതായി. അങ്ങനെ ക്രിസ്ത്യൻ വിശ്വാസികളായി തീരദേശ തൊഴിലാളികളും ദളിതരും എത്തിയതോടെ ക്രൈസ്തവ സഭയ്ക്കുള്ളിൽ പതിനാറാം നൂറ്റാണ്ട് മുതൽ ജാതി വേർതിരിവ് രൂക്ഷമായി തുടങ്ങി (Thekkedath, 1988: 23). തോമസ് അപ്പോസ്തലന്റെ് മായാജാലത്തിൽ ആകൃഷ്ടരായി ക്രിസ്തുമതം സ്വീകരിച്ച ബ്രാഹ്മണജാതി പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ തദ്ദേശീയരായ ക്രിസ്ത്യാനികൾ പ്രചരിപ്പിക്കുന്ന കഥകളെ തെളിയിക്കത്തക്ക യാതൊരു തെളിവും കണ്ടെടുക്കാൻ സാധിക്കാത്ത കാരണത്താൽ ചരിത്രകാരന്മാർ ഒന്നടങ്കം പരിപൂർണ്ണമായി ഈ മായാജാല മിത്തിനെ തള്ളിക്കളഞ്ഞിരിക്കുകയാണ്. പിന്നീട് പോർച്ചുഗീസ് അധിനിവേശാനന്തരം ക്രിസ്ത്യൻ വിഭാഗം സജീവമായെങ്കിലും ഹിന്ദു മതത്തിലെ ഒരു ജാതി എന്ന നിലയിൽ തന്നെയാണ് അവർ കേരളത്തിന്റെ സാമൂഹികക്രമത്തിൽ അടയാളപ്പെട്ടിരുന്നത്. ഇതിനു സമമായ ജീവിതവും സാമൂഹിക സ്ഥാനവുമായിരുന്നു മുസ്ലിം വിഭാഗത്തിനും ഉണ്ടായിരുന്നത്. ഹിന്ദു വിശ്വാസപ്രകാരം അശുദ്ധമായ എല്ലാവിധ തൊഴിലിലും കഴിഞ്ഞിരുന്നവരാണ് കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും. മീൻ, കള്ള്, ഗോമാംസം തുടങ്ങിയവ ഭക്ഷിക്കുകയും, തോൽ ഉൾപ്പെടയുള്ള വസ്തുക്കൾ കച്ചവടവും ചെയ്തിരുന്നവരാണ് ഈ രണ്ട് വിഭാഗങ്ങളും. ഹിന്ദു വിശ്വാസക്രമത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ പുലയർ, പറയർ, നായാടികൾ തുടങ്ങിയ ജാതിക്കാരുടെ നിരയിലാണ് അവർക്ക് സ്ഥാനം ലഭിക്കേണ്ടത്. എന്നാൽ മലയാളികൾക്കിടയിലെ അതിസങ്കീർണ്ണമായ ജാതിഘടന സുറിയാനികൾക്കും മുസ്ലിംങ്ങൾക്കും അയിത്തമില്ലാത്ത വിഭാഗമെന്ന സ്ഥാനം നൽകി.

കേരളത്തിലെ ക്രിസ്ത്യാനികൾ ഒരുകാലത്തും സുവിശേഷ പ്രചരണം നടത്തിയത്തിന്റെയോ മറ്റ് ജനവിഭാഗത്തിനെ ക്രിസ്ത്യാനിയാക്കിയതിന്റെയോ യാതൊരു തെളിവും നിലവിൽ കണ്ടെടുക്കാനായിട്ടില്ല. ക്രൈസ്തവ വിശ്വാസരീതികൾ പിന്തുടരുകയോ അവ എന്താണെന്ന അറിവോ ഇല്ലാത്ത വിഭാഗമായിരുന്നു ഇവിടെ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾ. ബൈബിൾ ഇല്ല, വിദ്യാഭ്യാസമില്ല, വിദ്യാഭ്യാസമുള്ള പുരോഹിതർ ഇല്ല, പള്ളികൾ വളരെ ദുർലഭം, മന്ത്രവാദം സ്ഥിരമായി ചെയ്യുക, പള്ളികളിൽ തേര് വലിക്കുക, രോഗശാന്തിക്കായി പുണ്യാളനും ഭഗവതിക്കും ഒരുപോലെ നേർച്ച അർപ്പിക്കുക, വീടുകളിൽ സർപ്പക്കാവുകളെ സംരക്ഷിക്കുക തുടങ്ങിയവയായിരുന്നു ഈ ജാതി വിഭാഗത്തിന്റെ ജീവിതക്രമം. അതേപോലെ കച്ചവട സംബന്ധമായ ചില എഴുത്തുകൾ/ രേഖകൾ ക്രിസ്ത്യൻ വിഭാഗത്തിന്റെ ഇടയിൽ നിന്നും ലഭിക്കുന്നത് ഒഴിച്ചാൽ, കൊളോണിയൽ കാലത്തിന് മുമ്പുള്ള ജ്ഞാനവ്യവഹാരവുമായി ബന്ധം പുലർത്തുന്ന, എഴുത്തിലൂടെ ഒരു സാഹിത്യ/ സാഹിത്യേതര സൃഷ്ടിയോ രചിച്ചിട്ടില്ലാത്ത ഒരു വിഭാഗമായിരുന്നു തദ്ദേശീയ ക്രൈസ്തവ കൂട്ടം. കടമറ്റത്ത് കത്തനാർ പോലുള്ള മാന്ത്രികരുടെ കഥകൾ ഒഴികെ മറ്റൊരു ശ്രദ്ധേയനായ വ്യക്തിത്വത്തിനെ പോലും ഈ വിഭാഗത്തിന്റെ ചരിത്രത്തിൽ കാണാൻ സാധിക്കുന്നില്ല. ഇത്തരത്തിൽ സാമൂഹ്യ-സാംസ്‌കാരിക മേഖലയിൽ അടഞ്ഞ വ്യവസ്ഥിതിയുമായി ജീവിച്ച ക്രിസ്ത്യൻ സമുദായത്തിന്റെ ജീവിതത്തിനെ അടിമുടി മാറ്റിമറിയ്ക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ എത്തുന്ന മിഷനറിമാരാണ്.

പള്ളിയിൽ നിന്നും ഈസ്റ്റർ ദിവസത്തെ ആരാധന കഴിഞ്ഞിറങ്ങുന്ന വിശ്വാസികൾ റോഡിലിറങ്ങി ‘പോയിൻ പോയിൻ’ [Go Away] എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് റോഡിലൂടെ നടക്കുമായിരുന്നു. താഴ്ന്ന ജാതി വിഭാഗത്തിനെ റോഡിൽ നിന്നും ആട്ടിയോടിച്ചിരുന്നതിന്റെ സൂചകമെന്നവണ്ണം നടത്തിയിരുന്ന ചടങ്ങായിരുന്നു പിൽക്കാലത്തെ ഈ ജാതികൂവൽ.

സാമൂഹിക-വിശ്വാസ ജീവിതത്തിൽ ഹിന്ദു ആചാരക്രമങ്ങളെ അനുകരിച്ചിരുന്ന വിഭാഗമായിരുന്നു ഇവിടത്തെ ക്രൈസ്തവർ. വീട്ടിലും പള്ളിയിലും രണ്ടു പ്രാവശ്യം മാമോദീസ മുക്കുക, പെൺകുട്ടികളെ രണ്ടാം തരക്കാരായി മാമോദീസ മുക്കുക, നേർച്ചയ്ക്ക് മദ്യം വിളമ്പുക തുടങ്ങിയ അനാചാരങ്ങളുടെ നീണ്ട പട്ടിക തന്നെ 1877 ലെ കൊച്ചികോട്ട പള്ളി കല്പനകളിൽ നിരോധിക്കുന്നതായി കാണാൻ കഴിയുന്നുണ്ട്. പ്രദേശിക മേഖലകളിൽ നിരവധി ക്രൈസ്തവ വിരുദ്ധ ആചാരങ്ങളാണ് സുറിയാനി ക്രിസ്ത്യാനി വിഭാഗം ചെയ്തുകൂട്ടിരിയിരുന്നത്. വടക്കൻ തിരുവിതാംകൂറിലെ കോലഞ്ചേരിയിലെ പള്ളിയിലെ വലിയ പെരുന്നാൾ മിഥുനം 29 നു പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മയ്ക്കാണ് നടത്തുക. പെരുന്നാൾ ദിവസം സഭാ വിശ്വാസികൾ പരിശുദ്ധ ശ്ലീഹന്മാർക്ക് ചാരായ നേർച്ചയാണ് നടത്തിയിരുന്നത്. അതിനായി പ്രത്യേക ഉപഷാപ്പുകൾ എക്സൈസ് വകുപ്പിൽ നിന്നും അനുവദിച്ചിരുന്നു. വിശ്വാസികൾ ചാരായം വാങ്ങി പള്ളിനടയിൽ കൊണ്ടുപോയി അർപ്പിക്കുകയും, അത് കഴിഞ്ഞു കുരിശു വരച്ചു പ്രാർത്ഥിച്ചു ചാരായം എടുത്തുകുടിക്കും, ചിലർ വീട്ടിലുള്ളവർക്കും പതിവായിരുന്നു. പത്തൊൻപതാം നൂറ്റാണ്ട് മുതൽ കേരളത്തിൽ പ്രവർത്തിക്കാൻ എത്തിയ മിഷനറി പ്രവർത്തകരുടെ എഴുത്തുകളിൽ വ്യാപകമായി ഇത്തരം ക്രൈസ്തവരുടെ ജീവിതത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. തോമസ് നോർട്ടൻ, ജോസഫ് പീറ്റ് തുടങ്ങിയ ആദ്യകാല ചർച്ച് മിഷനറി പ്രവർത്തകർ വ്യാപകമായി ഹൈന്ദവ ആചാരത്തിൽ ജീവിച്ചിരുന്ന ക്രിസ്ത്യൻ വിശ്വാസികളെ കുറിച്ച് എഴുതുന്നുണ്ട്. ലണ്ടൻ മിഷനിലെ ശ്രദ്ധേയനായ മിഷനറി സാമുവേൽ മറ്റീർ ആധികാരികമായി നിരവധി പഠനങ്ങൾ ഈ വിഷയത്തിൽ നടത്തിയിട്ടുണ്ട്. വേറിട്ട വിവാഹ-മരണ ചടങ്ങുകൾ, മറ്റ് ഇതര ആചാരങ്ങൾ തുടങ്ങിയവ എല്ലാം വളരെ വിശദമായി മറ്റീർ രേഖപ്പെടുത്തിയിട്ടുണ്ട്. റിച്ചാർഡ്, വൈറ്റ്ഹൗസ്, കോളിൻസ് തുടങ്ങിയരുടെ പുസ്തകങ്ങളും ഇത്തരം കാഴ്ചകൾ നമ്മെ കാട്ടിത്തരുന്ന പുസ്തകങ്ങളാണ്.

കേരളത്തിലെ ക്രൈസ്തവരുടെ ആചാരങ്ങളെ സാമൂഹിക ശാസ്ത്രം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികൾ പരമ്പരാഗതമായി നിരവധി ജാതികൾക്കിടയിൽ ഒരു ജാതിയായി തിരിച്ചറിയപ്പെടുകയും, ജാതി ശ്രേണിയിൽ അതിന് അംഗീകൃത സ്ഥാനമുണ്ടായിരുന്നു എന്നത് ഡങ്കൻ ബി ഫോറസ്റ്റർ പോലുള്ള സാമൂഹ്യ ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്. അതേപോലെ സി ജെ ഫുള്ളറിൽ തുടങ്ങി സനൽ മോഹനിൽ എത്തിനിൽക്കുന്ന അക്കാദമിക പണ്ഡിതർ ക്രൈസ്തവരുടെ ജാതി ആചാരങ്ങളെക്കുറിച്ചും അവയുടെ സാമൂഹ്യശാസ്ത്ര വിശകലനങ്ങളും നടത്തിയിട്ടുണ്ട്. പ്രശസ്ത സോഷ്യോളജിസ്റ്റ് സൂസൻ വിശ്വനാഥന്റെ The Christians of Kerala: History, Belief and Ritual Among the Yakoba (1993) എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ കോട്ടയത്തെ യാക്കോബായ ക്രിസ്ത്യാനികളുടെ ഒരു ആചാരത്തെ സൂചിപ്പിക്കുന്നുണ്ട്. പള്ളിയിൽ നിന്നും ഈസ്റ്റർ ദിവസത്തെ ആരാധന കഴിഞ്ഞിറങ്ങുന്ന വിശ്വാസികൾ റോഡിലിറങ്ങി ‘പോയിൻ പോയിൻ’ [Go Away] എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് റോഡിലൂടെ നടക്കുമായിരുന്നു. താഴ്ന്ന ജാതി വിഭാഗത്തിനെ റോഡിൽ നിന്നും ആട്ടിയോടിച്ചിരുന്നതിന്റെ സൂചകമെന്നവണ്ണം നടത്തിയിരുന്ന ചടങ്ങായിരുന്നു പിൽക്കാലത്തെ ഈ ജാതികൂവൽ. അതേപോലെതന്നെ ജോസഫ് താരമംഗലം Caste and Christians in India (1996) എന്ന പഠനത്തിൽ സുറിയാനി ക്രിസ്ത്യാനി സ്ത്രീകൾ പ്രസവം കഴിഞ്ഞു നാല്പത് ദിവസം കഴിഞ്ഞതിനു ശേഷമാണ് പള്ളിയിൽ വരികയുള്ളു, മാത്രമല്ല ആർത്തവ കാലത്ത് പള്ളിയിൽ വരാറേയില്ല എന്നും പറയുന്നു. 1816 ൽ മധ്യകേരളത്തിൽ പ്രവർത്തിക്കാൻ എത്തിയ ചർച്ച് മിഷൻ സൊസൈറ്റി തദ്ദേശീയ ക്രിസ്ത്യാനികളെ ഹൈന്ദവ ആചാരത്തിൽ നിന്നും മോചിപ്പിക്കണം എന്ന ലക്ഷ്യവുമായാണ് പ്രവർത്തിക്കാൻ വന്നത്. എന്തുതന്നെയായാലും ബ്രിട്ടിഷ് മിഷനറി പ്രസ്ഥാനങ്ങളുടെ കടന്നുവരവും ബൈബിൾ പരിഭാഷയുമാണ് ക്രിസ്തുമതത്തിന്റെ പുറംവഴിയെ സഞ്ചരിച്ചവരെ ക്രിസ്ത്യാനികളാക്കി മാറ്റിയത്.

സിറിയൻ ക്രിസ്ത്യാനി പെൺകുട്ടികൾ | photo : wiki commons

ക്രൈസ്തവാന്തസ്സിലേക്കുള്ള പ്രവേശനവും ജാതി സംയോജനവും

മിഷനറി പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത് മനുഷ്യൻ എന്ന നിലയിലേയ്ക്കും ആധുനിക വിദ്യാഭ്യാസ മേഖലയിലേക്കും പ്രവേശിച്ച കേരളത്തിലെ ആദ്യവിഭാഗം തദ്ദേശീയ ക്രിസ്ത്യാനികൾ ആയിരുന്നു എന്നതാണ്. പ്രത്യേകിച്ച് തദ്ദേശീയ ക്രിസ്ത്യാനികളെ ആംഗ്ലിക്കൻ ആക്കുക എന്ന ലക്ഷ്യവുമായി കേരളത്തിൽ എത്തിച്ചേർന്ന ചർച്ച് മിഷനറിമാരുടെ ചരിത്രം പരിശോധിച്ചാൽ അപരിഷ്‌കൃതാവസ്ഥയിൽ നിന്നും പരിഷ്‌കൃതമായ കൊളോണിയൽ ഇടങ്ങളിലേക്ക് ചേക്കേറുന്ന നിരവധി തദ്ദേശീയ ക്രിസ്ത്യാനികളെ കാണാൻ സാധിക്കുന്നുണ്ട്. മിഷനറി പ്രവർത്തകരുടെ ഇടപെടലുകൾ മൂലം ഹൈന്ദവ ആചാരങ്ങളിലും, സർക്കാർ വകയായ ഊഴിയ വേലയിലും കഴിഞ്ഞിരുന്ന ഇവിടത്തെ ക്രിസ്ത്യാനികളെ അതിൽ നിന്നും മോചിപ്പിക്കുകയും, ആധുനിക വ്യവസ്ഥിതികളുമായി അവരെ കണ്ണി ചേർക്കുകയും ചെയ്തു. ബൈബിളിന്റെ പരിഭാഷയും, മിഷനറി മേൽനോട്ടത്തിലുള്ള സ്‌കൂളുകളുടെ ആരംഭവവുമാണ് ഈ സമൂഹത്തിന്റെ സാമൂഹ്യ ജീവിതത്തെ അടിമുടി മാറ്റി തീർത്തത്. തദ്ദേശീയ ക്രിസ്ത്യൻ സമൂഹത്തിനെ ആംഗ്ലിക്കൻ ആക്കുക എന്ന ലക്ഷ്യവുമായി എത്തിച്ചേർന്ന മിഷനറിമാർക്ക് അവരുടെ ഇടയിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല എന്ന കാരണത്താൽ പിന്നീട് 1836 ൽ മാവേലിക്കര പടിയോലയോടു കൂടി മിഷനറിമാർ പുതിയ ഒരു മേഖലയിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു. സുറിയാനി ക്രിസ്ത്യനികൾക്കിടയിൽ പ്രവർത്തിക്കുന്ന കാലത്ത് ആലപ്പുഴയിൽ തോമസ് നോർട്ടൻ 1816 ൽ ഒരു പള്ളി സ്ഥാപിക്കുന്നത് ഒഴികെ മറ്റൊരു പള്ളിയും ചർച്ച് മിഷനറിമാർ സുറിയാനി മിഷൻ പ്രവർത്തനകാലത്ത് സ്ഥാപിക്കുന്നതായി നാം കാണുന്നില്ല. മാത്രമല്ല സുറിയാനി ക്രിസ്ത്യനികളുടെ ഇടയിലെ പ്രവർത്തനം പൂർണ്ണമായി പരാജയമായിരുന്നു എന്ന കാരണത്താൽ മാവേലിക്കര പടിയോലയ്ക്ക് ശേഷമാണ് മിഷനറിമാർക്ക് മറ്റ് പള്ളികൾ സ്ഥാപിക്കുവാൻ കഴിഞ്ഞത്. ഇത്തരത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യഭാഗം മുതലാണ് കേരളത്തിൽ ചർച്ച് മിഷൻ പള്ളികൾ വ്യാപകമായി സ്ഥാപിതമാകാൻ തുടങ്ങുന്നത്. മിഷനറി പ്രവർത്തകരുടെ മാതൃകയെ പിൻപറ്റി തദ്ദേശീയ ക്രിസ്ത്യൻ സംഘങ്ങളും വ്യാപകമായി ക്രൈസ്തവ സഭകൾ ആരംഭിക്കുവാൻ തുടങ്ങി. സർവ്വോപരി മിഷനറി പ്രസ്ഥാനത്തിന്റെ പ്രവർത്തനന്തരമുണ്ടായ ഏറ്റവും വലിയ മാറ്റം എന്നത് ക്രിസ്ത്യൻ സഭകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും, ക്രിസ്ത്യൻ ജാതി സംയോജനവുമാണ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽപോലും കേരളത്തിൽ ക്രിസ്ത്യൻ പള്ളികളുടെ എണ്ണം നന്നേ കുറവായിരുന്നു. ഇരുന്നൂറ് വർഷത്തിന് മുകളിൽ പഴക്കം പറയാൻ സാധിക്കുന്ന അമ്പത് ക്രിസ്ത്യൻ പള്ളികൾ പോലും കേരളത്തിലില്ല എന്നതാണ് യാഥാർഥ്യം. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോട്ടയത്തിന് തെക്ക് തിരുവല്ല വരെയും വടക്ക് കണ്ടനാട് വരെയും ഒറ്റ സുറിയാനി ക്രിസ്ത്യൻ പള്ളി ഇല്ലായിരുന്നു എന്നാണ് ആദ്യകാല സഭാ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരുപക്ഷെ കോട്ടയത്തിന്റെ ഏത് ദിക്കിലേക്ക് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാലും അവിടെയെല്ലാം ഒരു ക്രൈസ്തവ സഭ കാണാൻ സാധിക്കുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം മുതൽ കാണാൻ സാധിക്കുന്ന ഒന്നാണ് ക്രൈസ്തവ സഭകളുടെ ദൃശ്യത. ക്രൈസ്തവ സഭകളുടെ വ്യാപകമായ സ്ഥാപനം എന്നത് കേവലമായ മിഷനറി പ്രസ്ഥാന പദ്ധതി മാത്രമല്ലായിരുന്നു. മറിച്ച്, തദ്ദേശീയ ക്രിസ്ത്യൻ പ്രസ്ഥാനങ്ങളും വ്യത്യസ്തങ്ങളായ നിരവധി ജാതി വിഭാഗങ്ങളും കൂടി കലരുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് പള്ളികളുടെ എണ്ണം ക്രമാധീതമായി വർധിച്ചത്. അതായത് ഇന്നും നാം കാണുന്ന മധ്യകേരളത്തിൽ ക്രിസ്ത്യൻ സഭകളുടെ ദൃശ്യതയ്ക് പിന്നിൽ മിഷനറി പ്രവർത്തകരും, അവരെ മാതൃകയാക്കിയ മറ്റൊരു വിഭാഗം തദ്ദേശീയ ക്രിസ്ത്യാനികളുമാണ്.

സാമൂഹ്യമാറ്റങ്ങളെ ചരിത്രവത്ക്കരിക്കുന്ന രീതിയേയും നിലവിലെ ചരിത്ര ബോധത്തെയും ജാതി അടിസ്ഥാനത്തിൽ പ്രശ്നവത്ക്കരിക്കുന്ന ഇടത്തിൽ മാത്രമേ കേരളത്തിന്റെ ബഹുമുഖങ്ങളായ ചരിത്രങ്ങൾ വെളിപ്പെട്ടുവരികയുള്ളു. ഈ വെളിപ്പെടലാകട്ടെ എല്ലാവരും കൊളോണിയൽ കാലത്ത് പരിഷ്ക്കരിക്കപ്പെട്ട, ആധുനികതയിലേയ്ക്ക് ഒരേപോലെ പ്രവേശിച്ച മനുഷ്യരാണ് എന്ന തിരിച്ചറിവിലേയ്ക്ക് നമ്മെ എത്തിക്കുകയും ചെയ്യുന്നു.

എന്തായാലും പത്തൊൻപതാം നൂറ്റാണ്ടോടുകൂടി കേരളത്തിലെ ക്രിസ്തുമതത്തിൽ നിരവധിയായ അയിത്ത ജാതികൾ അംഗങ്ങളായി എത്തിയെങ്കിലും കേരളത്തിൽ ക്രിസ്തുമതം ഒരു പ്രത്യേക രീതിയിലാണ് ശ്രേണീവത്ക്കരണം നടത്തിയത്. നിരവധി ജാതികൾ സുറിയാനി - ലത്തീൻ ക്രിസ്ത്യാനിയായി ലയിച്ച കാരണത്താൽ ബ്രിട്ടീഷ് കാലം മുതൽ സുറിയാനി ക്രിസ്ത്യാനികൾ, ലത്തീൻ കത്തോലിക്കർ എന്നീ വിഭാഗങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങി. ബ്രിട്ടീഷ് കാലത്തെ സെൻസസ് രേഖകളിലും, മിഷനറി പ്രസ്ഥാനങ്ങളുടെ രേഖകളിലും ക്രിസ്ത്യാനികളുടെ ജനസംഖ്യാ വർദ്ധനവ് പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഔദ്യോഗിക കൊളോണിയൽ രേഖകളിൽ സഭകളുടെ പേരോട് കൂടിയാണ് ക്രിസ്ത്യാനികളുടെ ജനസംഖ്യയും ഇതര സാമൂഹിക അവസ്ഥകളും അടയാളപ്പെടുത്തപ്പെട്ടത്. റോമോ സിറിയൻസ്, മാർത്തോമാ സിറിയൻസ്, റോമൻ കാത്തലിക്സ് തുടങ്ങിയ പേരുകളിലാണ് ബ്രിട്ടീഷ് സർക്കാർ ക്രിസ്ത്യൻ വിഭാഗങ്ങളുടെ ജനസംഖ്യ വെളിപ്പെടുത്തിയിരുന്നത്.

പട്ടിക- 1 അവലംബം- Census of India1941:139; 1931:288;1921:38; 1911:22

സുറിയാനി, ദളിതർ, നാടാർ മറ്റ് പിന്നാക്കർ തുടങ്ങി എല്ലാവരും ഉൾപ്പെട്ടിരിക്കുന്ന സെൻസസ് രേഖയാണിത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തുടങ്ങി സ്വാതന്ത്ര്യം ലഭിക്കുന്ന സമയം വരെയായിരുന്നു കേരളത്തിലെ ക്രിസ്തുമത പരിവർത്തനകാലം. അയിത്ത ജാതിയിൽ നിന്നും നിരവധിയാളുകളെ ക്രിസ്തുമതത്തിലേക്ക് പ്രവേശിപ്പിച്ചു. ക്രിസ്തുമതത്തിനെ ജനാധിപത്യവത്ക്കരിച്ചത് ബ്രിട്ടീഷ് മിഷനറി പ്രസ്ഥാനമാണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ അംഗംങ്ങളായത് കത്തോലിക്കാ-പൗരസ്ത്യ സഭകളിലായിരുന്നു. സെൻസസ് രേഖകളിൽ കാണാൻ സാധിക്കുന്നത് ജനസംഖ്യയ്ക്ക് ആനുപാതികമായതിലും വേഗത്തിലാണ് കത്തോലിക്കാ സഭകളിലെ അംഗങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നത് എന്നാണ്. 200 വർഷത്തിന് മുകളിൽ പഴക്കമുള്ള വളരെ കുറച്ചു സഭകൾ മാത്രമായിരുന്നു കത്തോലിക്കാ സഭകൾക്ക് നിലവിൽ കേരളത്തിൽ ഉണ്ടായിരുന്നത്, എന്നാൽ ഇരുപതാം നൂറ്റാണ്ട് ആകുന്നതോടു കൂടി പിന്നാക്ക-അയിത്ത ജാതികളുടെ എണ്ണം ക്രമാതീതമായി പെരുകിയതിനാൽ സഭകളുടെ എണ്ണവും പതിന്മടങ്ങു വർദ്ധിച്ചു. നിരവധി ജാതികൾ സഭയിൽ അംഗങ്ങളായി എത്തിയതും, ജാതി സംയോജനം നടക്കുന്നതുമെല്ലാം വ്യക്തമാക്കി തരുന്ന ഒന്നാണ് മുകളിൽ ചേർത്തിരിക്കുന്ന ജനസംഖ്യാ കണക്ക്. ഇതോടൊപ്പം വിദ്യാഭ്യാസവും - ആരോഗ്യവും ഒരു കച്ചവട ചരക്കായ സമയത്ത് തദ്ദേശീയ ക്രിസ്ത്യൻ നേതൃത്വം ആ രംഗത്തേക്ക് പ്രവേശിക്കുകയും നിരവധി സ്‌കൂളുകളും ആശുപത്രികളും വ്യാപകമായി ആരംഭിക്കുകയും മിഷനറി പ്രസ്ഥാനത്തിനെ പിന്നിലാക്കുകയും ചെയ്‌തു. 1933 ൽ തിരുവിതാംകൂറിൽ ഉണ്ടായിരുന്ന പ്രൈമറി, മിഡിൽ സ്‌കൂളുകളുടെ എണ്ണം നോക്കിയാൽ ഇത് വ്യക്തമാകും. കത്തോലിക്കർക്ക് 425 സ്‌കൂളുകളും ലണ്ടൻ മിഷനു 315 സ്‌കൂളുകളും, ചർച്ച് മിഷനറിമാർക്കു 250 സ്‌കൂളുകളും, മാർത്തോമാ സഭയ്ക്കു 159 സ്കുളുകളുമാണ് ഉണ്ടായിരുന്നത് (Kooiman 1996: 157). കേവലം മുപ്പത്, നാൽപ്പത് വർഷങ്ങൾ കൊണ്ടാണ് കത്തോലിക്കാ പള്ളികൂടങ്ങൾ ഇത്രയും വർദ്ധിച്ചത്.

representational image | wiki commons

എന്നാൽ പള്ളികളുടെ എണ്ണത്തിലെ വർദ്ധനവ് ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഒരു പ്രത്യേക മേൽകീഴ് ക്രമത്തിന്റെ നിർമ്മിതിക്ക് കാരണമായി തീർന്നു. അതിന്റെ ഭാഗമായി നാടാർ, മുക്കുവർ, ദളിത് ജാതിയിലെ ചുരുക്കം (പുലയ, പറയ, കുറവ, ഐനവ, ചെറുമ) ജാതികൾ ഒഴികെ കേരളത്തിലെ ഏതൊരു ജാതിയ്ക്കും സുറിയാനി ക്രിസ്ത്യാനിയുമായി സംയോജനം സാധ്യമാക്കി തീർത്തു. ഒരേസമയം ചില താഴ്ന്ന ജാതികൾ സ്വീകരിക്കപ്പെടുകയും, ഒരു വിഭാഗത്തിനെ മറ്റൊരു സ്വത്വത്തിൽ നിലനിർത്തുന്നതുമായ കാഴ്ചയാണ് നാം കാണുന്നത്. വടക്കൻ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘമായ ബാസൽ മിഷനറിമാർക്ക് വ്യത്യസ്തങ്ങളായ ജാതികളെ സംയോജിപ്പിക്കാനും ഒരു വിശ്വാസ കൂട്ടായ്മയെ നിർമ്മിച്ചെടുക്കാനും സാധിച്ചെങ്കിലും മധ്യകേരളത്തിലെ മിഷനറി പ്രസ്ഥാനത്തിന് ഐക്യപ്പെട്ട ഒരു വിശ്വാസക്കൂട്ടായ്മയെ നിർമ്മിക്കുവാൻ സാധിച്ചില്ല. അവർക്ക് സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ഒരു പ്രത്യേക സംയോജനം മാത്രമാണ് സാധ്യമായത്.

ആധുനിക കേരള ചരിത്ര രചനകളിലും, പൊതുബോധങ്ങളിലും നവോത്ഥാനത്തെ സംബന്ധിച്ചു വ്യാപകമായി ഇടംപിടിക്കുന്നത് വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളാണ്. മാത്രമല്ല ദളിത്-ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യ ജീവിതത്തിൽ ഉണ്ടായ മാറ്റമാണ് കേരളാ 'നവോത്ഥാനം' എന്നതാണ് കേരളത്തിന്റെ പൊതുബോധം. എന്നാൽ മിഷനറി പ്രസ്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്ക്കരണത്തിന്റെയും ചരിത്രത്തിൽ ഏറ്റവും ദൃശ്യമായി നിൽക്കുന്ന ക്രിസ്ത്യൻ മതപരിഷ്ക്കരണത്തിനെയും, അവരുടെ സാമൂഹ്യ ഉയർച്ചയേയും കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ഇവിടെ ഉന്നയിക്കപ്പെടുന്ന അടിസ്ഥാന ചോദ്യം. മിഷനറി പ്രവർത്തകരുടെ ഇടപെടൽ മൂലം ക്രിസ്ത്യൻ വിഭാഗത്തിന്റെ ഇടയിലുണ്ടായ സാമൂഹ്യ പരിഷ്ക്കരണങ്ങളും, ജാതിസംയോജനങ്ങളും അന്വേഷിക്കുന്ന നിമിഷങ്ങളിൽ മാത്രമേ ആധുനിക ചരിത്രരചന കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടുകയുള്ളു എന്ന തിരിച്ചറിവാണ് നാം ഏവർക്കും വേണ്ടത്. അപരിഷ്‌കൃതാവസ്ഥയിൽ നിന്നും മനുഷ്യൻ എന്ന അന്തസ്സിലേയ്ക്ക് പ്രവേശിച്ചവർ ആരെല്ലാമെന്നതാണ് തിരിച്ചറിയേണ്ടത്. സാമൂഹ്യമാറ്റങ്ങളെ ചരിത്രവത്ക്കരിക്കുന്ന രീതിയേയും നിലവിലെ ചരിത്ര ബോധത്തെയും ജാതി അടിസ്ഥാനത്തിൽ പ്രശ്നവത്ക്കരിക്കുന്ന ഇടത്തിൽ മാത്രമേ കേരളത്തിന്റെ ബഹുമുഖങ്ങളായ ചരിത്രങ്ങൾ വെളിപ്പെട്ടുവരികയുള്ളു. ഈ വെളിപ്പെടലാകട്ടെ എല്ലാവരും കൊളോണിയൽ കാലത്ത് പരിഷ്ക്കരിക്കപ്പെട്ട, ആധുനികതയിലേയ്ക്ക് ഒരേപോലെ പ്രവേശിച്ച മനുഷ്യരാണ് എന്ന തിരിച്ചറിവിലേയ്ക്ക് നമ്മെ എത്തിക്കുകയും ചെയ്യുന്നു. അതായത് ഈ ഭൂതകാല തിരിച്ചറിവാണ് എല്ലാവരും തുല്യരാണ്/ സമന്മാരാണ് എന്നതിനെ ഉറപ്പിയ്ക്കുകയുള്ളു. കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന്റെ ചരിത്രത്തെ അതിശയോക്തികളിൽ നിന്നും വീണ്ടെടുക്കണെമെങ്കിൽ ഇത്തരം ചരിത്ര രചനകളിലൂടെ മാത്രമേ സാധ്യമാകു എന്ന കാരണത്താലാണ് ഇത്തരം ഒരു ചർച്ച ഇവിടെ നടത്തിയത്.

Leave a comment