ശശി തരൂരിനെ<br>ആർക്കാണ് പേടി?
ശശി തരൂർ ഊതി വീർപ്പിച്ച ഒരു ബലൂൺ മാത്രമെന്നും ഒരു സൂചിമുന തട്ടിയാൽ അത് പൊട്ടിപ്പോകുമെന്നും പറയാതെ പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നാവിൽ ഗുളികൻ കേറിയിരുന്ന ആ സന്ദർഭത്തെ ഇപ്പോൾ ശപിക്കുന്നുണ്ടാവണം. കാരണം, അതിലൂടെ അദ്ദേഹം തരൂരിനെയല്ല, തന്നെത്തന്നെയാണ് കുത്തി പരിക്കേല്പിച്ചത്. അതിന്റെ ആഘാതം സതീശനെയും പാർട്ടിയെയും കുറേക്കാലത്തേക്കു വേട്ടയാടും എന്നും തീർച്ചയാണ്.
കോഴിക്കോട്ടെ ഒരു സാധാരണ സെമിനാർ പരിപാടി അട്ടിമറിച്ചതിൽ തുടങ്ങിയ തരൂർ പ്രശ്‍നം സതീശനും പാർട്ടിയിലെ മറ്റു നേതാക്കളും പ്രതീക്ഷിച്ച പോലെ പെട്ടെന്ന് കെട്ടടങ്ങുകയല്ല, മറിച്ചു കത്തിക്കാളുകയാണ്ചെയ്‌തത്. ഇത് സത്യത്തിൽ അപ്രതീക്ഷിതമായിരുന്നില്ല. പാർട്ടിയിൽ കാലങ്ങളായി അടക്കിവെച്ച പ്രതിഷേധങ്ങൾ, വിയോജിപ്പുകൾ ഇപ്പോൾ ഒരു പുതുതലത്തിലേക്കു പ്രവേശിക്കുകയാണ്. അതിനു ശശി തരൂർ നിമിത്തമായി എന്നു മാത്രമേയുള്ളൂ. ഒരുപക്ഷേ അക്കാര്യം ഏറ്റവുമധികം അറിയേണ്ടയിരുന്നത് സതീശൻ തന്നെയായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ചിന്ത അതിന്റെ ആഴങ്ങളിലേക്ക് കടന്നില്ല എന്നത് അത്ഭുതം തന്നെയാണ്.
എവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം? കോഴിക്കോട്ടെ പരിപാടി ഇന്ത്യയിൽ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തുന്ന ഭീഷണി സംബന്ധിച്ച ഒരു പ്രഭാഷണം എന്ന നിലയിലാണ് സംഘടിപ്പിച്ചത്. തരൂർ വിഷയത്തിൽ സംസാരിക്കാൻ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ഒരാൾ തന്നെയെന്ന് ആരും സമ്മതിക്കുകയും ചെയ്യും. കോഴിക്കോട്ടു മാത്രമല്ല, മലപ്പുറത്തും കണ്ണൂരിലും അദ്ദേഹം പരിപാടികൾ ഏറ്റിരുന്നു. അവയെല്ലാം അടുത്തടുത്ത ദിവസങ്ങളിലാണ് ഏർപ്പാടാക്കിയത്. അതിലൊന്നും ഒരു അസ്വാഭാവികതയും ആർക്കും കാണാനാവില്ല. കൂട്ടത്തിൽ പ്രദേശത്തെ സാംസ്‌കാരിക പ്രമുഖരെയും മത-സാമൂഹിക നേതാക്കളെയും സന്ദർശിക്കാനും അദ്ദേഹം സമയം കണ്ടെത്തി. അതിലെല്ലാം അദ്ദേഹത്തെ അനുഗമിച്ചത് കോഴിക്കോട് എംപിയും പാർട്ടിയുടെ സീനിയർ നേതാവുമായ എം കെ രാഘവനാണ്.
രാഘവൻ തന്നെ ആരോപിക്കുന്നത് പരിപാടിയുടെ തലേന്ന് ഒരു മുന്നറിയിപ്പുമില്ലാതെ യൂത്ത് കോൺഗ്രസ്സ് ജില്ലാനേതൃത്വം പരിപാടിയിൽ നിന്ന് പിൻവാങ്ങുകയാണെന്ന് അറിയിക്കുകയായിരുന്നു എന്നാണ്. പാർട്ടി നേതൃത്വത്തിൽ നിന്നുള്ള സമ്മർദ്ദമാണ് അതിനു കാരണമായി അവർ പറഞ്ഞത്. എന്നാൽ പാർട്ടി ജില്ലാനേതൃത്വമാകട്ടെ, മുകളിൽ നിന്നുള്ള സമ്മർദ്ദം കാരണം തങ്ങൾ പിൻവാങ്ങി എന്നുമാത്രമാണ് പറയുന്നത്. ആരാണ് ഇങ്ങനെ സമ്മർദ്ദം പ്രയോഗിച്ചത്, എന്താണ് അതിനുള്ള അവരുടെ ന്യായീകരണം എന്നൊന്നും പാർട്ടി ജില്ലാനേതൃത്വം ഒരിക്കലും വ്യക്തമാക്കുകയുണ്ടായില്ല. അതിനാൽ അതിലൊരു ഗൂഢാലോചനയുണ്ട് എന്ന നിലാപാടെടുത്ത രാഘവനും കൂട്ടരും വിഷയത്തിൽ ആരാണ് കളിച്ചത് എന്ന കാര്യം അന്വേഷണ വിഷയമാക്കണം എന്ന് ദേശീയ നേതൃത്വത്തോട് തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. അനുനയത്തിനായി പിന്നീട് ജില്ലാ നേതാക്കൾ രാഘവനെ ചെന്നുകണ്ടെങ്കിലും അദ്ദേഹം തന്റെ ആവശ്യത്തിൽ നിന്നും പിന്നോട്ടില്ല എന്ന സമീപനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.
ആരാണ് പരിപാടി അട്ടിമറിക്കാൻ കരുനീക്കിയത് എന്ന കാര്യത്തിൽ ഔപചാരികമായി ഒരു ഉത്തരം ലഭ്യമല്ലെങ്കിലും കേൾക്കുന്ന പേരുകൾ ഡൽഹിയിലെയും തിരുവനന്തപുരത്തെയും പ്രമുഖരുടേതാണ്. ഇന്ത്യയുടെ തെക്കേ മൂലയിൽ കോഴിക്കോട്ടു ഹിന്ദുത്വ വർഗീയതക്കെതിരെ ആരെങ്കിലും ഒരു പ്രഭാഷണം നടത്തിയാൽ അതിൽ അവരൊക്കെ എന്തിനു വ്യാകുലപ്പെടണം? അതൊരു ഉത്തരം കിട്ടാത്ത ചോദ്യമാണ്. ബിജെപിയുടെ പ്രാദേശിക നേതാക്കൾക്ക് പോലുമില്ലാത്ത ഭീതി തരൂരിന്റെ പ്രഭാഷണം എന്ന് കേൾക്കുമ്പോൾ ഇവർക്കെന്തിന്?
അവിടെയാണ് പ്രശ്‍നം. പാർട്ടിയിൽ തരൂർ സമാന്തര പ്രവർത്തനം നടത്തുന്നു എന്നാണ് ഔദ്യോഗിക വക്താക്കൾ ആരോപിച്ചു കേട്ടത്. പക്ഷേ ഇന്നലെവരെ ഗ്രൂപ്പിനപ്പുറം കോൺഗ്രസ് വികാരം തൊട്ടു തെറിപ്പിച്ചിട്ടു പോലുമില്ല എന്ന നിലയിൽ പ്രവർത്തിച്ച കൂട്ടരാണ് ഇപ്പോൾ തരൂരിൽ സമാന്തര പ്രവർത്തനം കാണുന്നത്. ഇന്നലെവരെ കോൺഗ്രസ്സിൽ ഒരു നാലണ മെമ്പർഷിപ്പ് കിട്ടാൻ ഗ്രൂപ്പ് മാനേജർമാരുടെ കാരുണ്യം വേണം. എന്തെങ്കിലും ഉയർന്ന പദവികളിൽ കേറിപ്പറ്റണമെങ്കിൽ ഇരു ഗ്രൂപ്പുകളിൽ ഒന്നിന്റെ സംവരണ പട്ടികയിൽ ഇടം പിടിക്കണം. അവരെ ചോദ്യം ചെയ്താൽ കെപിസിസി അധ്യക്ഷന് പോലും രക്ഷയില്ല എന്ന് സ്വന്തം അനുഭവത്തിലൂടെ ബോധ്യമായ അധ്യക്ഷന്മാർ ഒന്നും രണ്ടുമല്ല. സുധീരനും മുല്ലപ്പള്ളിയും അത്തരം പൊള്ളുന്ന അനുഭവങ്ങളെപ്പറ്റി തുറന്നു പറഞ്ഞു കൊണ്ട് തന്നെയാണ് സ്ഥാനം വിട്ടത്.
അത്തരമൊരു ഗതികെട്ട അവസ്ഥയിൽ പാർട്ടിയിലെ സാധാരണ പ്രവർത്തകർ എത്രമാത്രം നിരാശരും കുപിതരുമായിരുന്നു എന്ന് കഴിഞ്ഞ കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച കൂടിയാലോചനകളുടെ നേരത്തു പാർട്ടിയിലെ ഉന്നതർക്കും ബോധ്യമായതാണ്. ചാണ്ടി-ചെന്നിത്തല ഗ്രൂപ്പുകൾക്ക് സ്വീകാര്യൻ ആയിരുന്നില്ല കെ സുധാകരൻ. പക്ഷേ ഇരു ഗ്രൂപ്പുകളിലെയും യുവനേതാക്കൾ പോലും ഇത്തവണ അക്കളിക്കു കൂട്ടുനിൽക്കാൻ വിസമ്മതിച്ചു. സതീശൻ ചെന്നിത്തലയെ വിട്ടതും സിദ്ദിഖ് ഉമ്മൻ ചാണ്ടിയെ മറന്നതും ഒക്കെ സമീപ ചരിത്രം. കാരണം ഇനിയും ഗ്രൂപ്പ് കളിച്ചു നടന്നാൽ തങ്ങളുടെ സ്വന്തം ഭാവിയാണ് കുളത്തിലാവുക എന്ന തിരിച്ചറിവ് അവർക്കൊക്കെ ഉണ്ടായിരുന്നു. എന്നാൽ ശശി തരൂർ പാർട്ടിയിൽ പുതിയൊരു ശക്തികേന്ദ്രമായി ഉയർന്നുവരും എന്ന് അവരാരും പ്രതീക്ഷിച്ചില്ല എന്നാണ് കരുതേണ്ടത്. എഐസിസി അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുപ്പ് എന്ന് പാർട്ടി നിശ്ചയിച്ചപ്പോൾ ഇതൊക്കെ എത്ര കണ്ടതാണ് എന്നാണ് പലരും കരുതിയത്. കാര്യങ്ങൾ അങ്ങനെയൊക്കെയാണു നീങ്ങിയതും. പക്ഷേ ശശി തരൂർ മത്സരരംഗത്തു വന്നു. എല്ലാ എതിർപ്പും മറികടന്നു പത്തു ശതമാനം വോട്ടും പിടിച്ചു. ഒരു പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പിൽ തരൂരിനെപ്പോലെ പൂർണമായും കയ്യാലപ്പുറത്തിരിക്കുന്ന ഒരു കക്ഷി ഇത്രയും വോട്ടുപിടിക്കും എന്നാരാണ് കരുതുക? എന്നാൽ അതാണ് ഇന്നത്തെ കോൺഗ്രസ്സിന്റെ അവസ്ഥ. മഹാഭൂരിപക്ഷം പ്രവർത്തകരും ഒരു മാറ്റത്തിനായി കാതോർക്കുന്നു.
ഇത് പാർട്ടിയിലെ പ്രവർത്തകരുടെ മാത്രം കാര്യമല്ല. മുന്നണിയിൽ കൂടെ നിന്നവരുടെ അവസ്ഥയും ഇതുതന്നെ. അവർക്കിടയിലുമുണ്ട് കടുത്ത അസ്വസ്ഥത. പണ്ടൊരിക്കൽ ആശാൻ വണ്ടിനോട് പറഞ്ഞപോലെ കോൺഗ്രസ്സ് നാടിൻറെ വിളക്കു കെടുത്തുക മാത്രമല്ല, സ്വന്തം ജീവൻ കളയുകയും ചെയ്യുകയാണ്. അല്ലെങ്കിൽ ഇത്രയും സമരാധ്യമായ ഒരു മതേതര, ദേശീയ പാർട്ടിയിൽ നിന്ന് മുങ്ങുന്ന കപ്പലിൽ നിന്ന് എലികൾ ചാടുന്ന പോലെ നേതാക്കൾ കൂടൊഴിയേണ്ട വല്ല കാര്യവുമുണ്ടോ? തീർത്തും അരക്ഷിതവും അസ്വസ്ഥത നിറഞ്ഞതുമായ ഒരു അന്തരീക്ഷം ഇന്ന് പാർട്ടിയിൽ മാത്രമല്ല, മുന്നണിയിലും നിലനിൽക്കുന്നു.
എന്നാൽ അതു തിരിച്ചറിഞ്ഞുള്ള നീക്കങ്ങളൊന്നും കോൺഗ്രസ്സ് നേതൃത്വം കൈക്കൊള്ളുന്നില്ല. മലബാറിൽ മുസ്ലിം ലീഗ് അവരുടെ സഖ്യകക്ഷിയാണ് കാലങ്ങളായി. രാഹുൽ ഗാന്ധിയ്ക്ക് ഉത്തരേന്ത്യയിൽ ഒരിടത്തും ജയിക്കാൻ ഒരു വഴിയും ഇല്ലെന്നു വന്നപ്പോൾ ലീഗാണ് വയനാട്ടിൽ അദ്ദേഹത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തു ഒരു ചരിത്ര വിജയം നേടിക്കൊടുത്തത്. അതിനു അവർ കേൾക്കേണ്ടി വന്ന പഴി ചെറുതല്ല. ലീഗ് യോഗങ്ങളിൽ പാകിസ്ഥാൻ കൊടിയാണ് പിടിച്ചത് എന്നടക്കം പലരും ആരോപിച്ചു. യോഗി ആദിത്യനാഥിനെപ്പോലുള്ള കൂട്ടർക്ക് അതും അതിനപ്പുറവും പറയാം. പക്ഷേ സ്വന്തം മണ്ഡലത്തിന് തൊട്ടുള്ള വേങ്ങരയിലെ ഒരു മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉത്തർ പ്രദേശിൽ ജയിലിൽ ആയപ്പോൾ ഒരു നിവേദനവുമായി കുടുംബം സമീപിച്ചപ്പോൾ അവരെ കാണുന്നതിൽ നിന്നും നേതാവിനെ ആരാണ് തടഞ്ഞത്? എന്തുകൊണ്ട് നിവേദനവുമായി കടുംബം വീണ്ടും പിറ്റേന്ന് കൽപ്പറ്റയിൽ പോകേണ്ടിവന്നു? ഇതൊന്നും ആരും കണ്ടില്ലെന്നും കേട്ടില്ലെന്നും നേതാക്കൾ നടിക്കരുത്. ഇത്തരം ഭീതികൾ ആ പാർട്ടിയെ എവിടെയാണ് എത്തിക്കുക?
മുസ്ലിം ലീഗും മുസ്ലിം സമുദായവും കോൺഗ്രസ്സിന്റെ ഇത്തരം മൃദുഹിന്ദുത്വ നയങ്ങളിൽ അസ്വസ്ഥരാണ്. അതിനു ചുക്കാൻ പിടിക്കുന്നത് ആരാണെന്നും അവർക്കറിയാം. അതിനാലാണ് ശശി തരൂർ പാണക്കാട് തങ്ങളെ കാണാൻ വന്നപ്പോൾ അവർ രാജകീയ സ്വീകരണം ഒരുക്കിയത്. തരൂർ മറ്റെന്തെല്ലാം പരിമിതികൾ ഉള്ളയാളാണെങ്കിലും അദ്ദേഹം തികഞ്ഞ മതേതരവാദിയാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. അദ്ദേഹം സ്വന്തം കരിയർ മാത്രം നോക്കിനടക്കുന്ന ആളാണ് എന്ന പ്രചാരണം ചിലർ ഇപ്പോൾ നടത്തുണ്ട്. പക്ഷേ ഒരു പതിറ്റാണ്ടിലേറെക്കാലമായി അദ്ദേഹം ലോക് സഭയിലുണ്ട്. എന്തുകൊണ്ട് മോദിയുടെ പക്ഷത്തേക്ക് അദ്ദേഹം ഇതുവരെ നീങ്ങിയില്ല? കാരണം മറ്റു പല കോൺഗ്രസ്സുകാരെക്കാൾ കോൺഗ്രസ്സ് ചരിത്രം തരൂരിനു നന്നായറിയാം എന്നതു തന്നെയാവണം. നെഹ്‌റു കുടുംബത്തിലെ പുതുതലമുറയിലെ പലരേക്കാളും അദ്ദേഹം കൂടുതൽ നെഹ്രുവിയനും ആണെന്നും വരാം.
എന്തായാലും മലബാറിൽ തുടങ്ങിയ തരൂർ അശ്വമേധം ഇപ്പോൾ തെക്കോട്ടും നീങ്ങിയിരിക്കുകയാണ്. കത്തോലിക്ക സഭാ നേതാക്കളും കേരളാ കോൺഗ്രസ്സ് നേതാക്കളും തരൂരിനെ സ്വീകരിക്കാനായി മത്സരിക്കുന്നുണ്ട്. നായർ സർവ്വീസ് സൊസൈറ്റിയും ഇന്നിപ്പോൾ തരൂരിനെ ഒരു വെറും ഡൽഹി നായരായല്ല കാണുന്നത്. അദ്ദേഹം ഒരുപക്ഷേ ഭാവിയിലെ ഒരു പ്രധാന നേതാവ് ആയേക്കും എന്ന തോന്നൽ അവർക്കിടയിലും പ്രസരിക്കുകയാണ്. അതായത്, മലബാറിൽ ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഒരു സാധാരണ പരിപാടി കുത്തിയിളക്കി ഒരു മഹാകലാപമായി വികസിപ്പിച്ചെടുത്തത് കോൺഗ്രസ്സിലെ തന്നെ അമിത ബുദ്ധിരാക്ഷസന്മാരാണ്. അവരുടെ കുത്തും ചവിട്ടും പല തവണ ഏറ്റിട്ടുള്ള പ്രവർത്തകരും നേതാക്കളും ഇന്നാട്ടിൽ തന്നെയുണ്ട്. ഇപ്പോൾ തരൂർ അവർക്കൊരു പുതുവഴി തുറന്നു കൊടുക്കുന്നുണ്ട്. ശ്വാസംമുട്ടി നിന്ന കൂട്ടർക്ക് അത് ശുദ്ധവായു നൽകുന്നു. കോൺഗ്രസ്സ് പാർട്ടിയിൽ ഒരുപക്ഷേ ആഭ്യന്തര ജനാധിപത്യത്തിന്റെ തിരിച്ചുവരവിനും തരൂർ വിപ്ലവം തിരികൊളുത്തിയേക്കാം.