TMJ
searchnav-menu
post-thumbnail

Outlook

ആരുടെ ജ്ഞാന സമൂഹം

16 Apr 2022   |   1 min Read
രാജേഷ്‌ പരമേശ്വരന്‍

കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഇന്ന് ഏറെ ഉയർന്ന് കേൾക്കുന്ന ഒന്നാണ് നോളജ് ഇക്കോണമി അഥവാ ജ്ഞാന സമ്പദ് വ്യവസ്ഥ എന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും അറിവിന്റെ മേഖലയിൽ ഉണ്ടാക്കുന്ന കുതിച്ചുചാട്ടങ്ങളുടെ ചുവടുപിടിച്ച് സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനം സാധ്യമാക്കുക എന്നതാണ് ഈ ചർച്ചകളുടെ കാതൽ. അറിവ് കേന്ദ്രമായ ഒരു സമ്പദ് വ്യവസ്ഥയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ രാഷ്ട്രപുരോഗതിയുടെ കേന്ദ്രം എന്ന ആശയം വലിയ തർക്കങ്ങളില്ലാതെ പൊതുവായ അംഗീകാരം ഉള്ള ഒന്നായാണ് പൊതുമണ്ഡലത്തിൽ അവതരിപ്പിക്കപ്പെടുന്നത്. മനുഷ്യരാശി ഇന്നുവരെ നേടിയ പുരോഗതിയിൽ അറിവിനുള്ള പങ്കിനെ അംഗീകരിക്കുമ്പോൾ തന്നെ നിലവിലുള്ള സാമ്പത്തിക ക്രമത്തിൽ ജ്ഞാന സമ്പദ് വ്യവസ്ഥ ആശയത്തെ പ്രശ്നങ്ങൾ ഇല്ലാത്ത ഒന്നായി കാണുന്നത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ആഗോള സാമ്പത്തിക ക്രമത്തിൽ നവലിബറൽ സാമ്പത്തിക ആശയങ്ങൾക്കുള്ള വലിയ സ്വാധീനം ഉൽപ്പാദനപ്രക്രിയയെ എല്ലാ തരത്തിലും സ്വാധീനിക്കുന്നു എന്നതിനാൽ തന്നെ അറിവ് സമൂഹത്തിൽ എങ്ങനെ നിർമ്മിക്കപ്പെടുന്നു, അതിന്റെ ഗുണഭോക്താക്കൾ എങ്ങനെ നിർണയിക്കപ്പെടുന്നു ഇവയെല്ലാം വളരെ പ്രധാനവുമാണ്. ഈ സാഹചര്യത്തിൽ ജ്ഞാന സമ്പദ് വ്യവസ്ഥ, നാലാം വ്യാവസായിക വിപ്ലവം എന്നിങ്ങനെ വേരുറച്ച് പോയ ചില പദപ്രയോഗങ്ങളെ ആഴത്തിൽ മനസ്സിലാക്കേണ്ട ഒരു ബാധ്യത സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തെ ലക്ഷ്യമിടുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ജ്ഞാനസമ്പദ് വ്യവസ്ഥയും നാലാം വ്യാവസായിക വിപ്ലവവും വിഭാവനം ചെയ്യുന്ന സാമൂഹ്യപുരോഗതിയുടെ വഴികളെ പരിശോധിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിൽ.

അറിവ് കേന്ദ്രസ്ഥാനം വഹിക്കുന്ന ഒരു പുതിയ സമൂഹം രൂപപ്പെട്ട് വരുന്നു എന്നും ആ സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നത് നോളജ് വർക്കർ എന്നറിയപ്പെടുന്ന പുതിയ സ്കില്ലുകൾ സ്വായത്തമാക്കിയ തൊഴിലാളിയും ആയിരിക്കുമെന്നും വിഭാവനം ചെയ്യുന്ന ഒരു പുതിയ ലോകത്തിന്റെ ചിത്രം നമുക്ക് ചുറ്റിലും ഉണ്ട്. ഇത്തരം ഒരു സമൂഹവും സമ്പദ് വ്യവസ്ഥയും എത്രത്തോളം ഇൻക്ലൂസീവ് ആണ് എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. പുതിയ ഇന്നൊവേഷനുകളിലൂടെ സാങ്കേതികവിദ്യ നടത്തുന്ന കുതിച്ചുചാട്ടത്തെ നാലാം വ്യാവസായിക വിപ്ലവം എന്ന് പരക്കെ പരാമർശിക്കാറുണ്ട്. എന്നാൽ ഇത് ഒരു വിപ്ലവകരമായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾക്ക് വഴി തെളിക്കാനുള്ള സാധ്യത എത്രത്തോളം ഉണ്ട് എന്നതും ചർച്ച ചെയ്യപ്പേടേണ്ട ഒന്നാണ്. ജ്ഞാന സമൂഹത്തിലെ തൊഴിൽ മേഖലയിലെ മാറ്റങ്ങളും സമൂഹത്തിൽ എന്ത് തരം മാറ്റങ്ങൾ കൊണ്ടു വരുന്നു എന്നത് പൂർണമായും നമ്മൾ മനസ്സിലാക്കിയിട്ടില്ലാത്ത ഒന്നാണെന്ന് പറയേണ്ടി വരും. പ്ലാറ്റ്ഫോം ഇക്കോണമി/ഗിഗ് ഇക്കോണമി/ഷെയറിങ് ഇക്കോണമി എന്നീ പേരുകളിൽ അറിയപ്പെടുന്ന പുതിയ തൊഴിൽ വിപണി ഉയർത്തുന്ന സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ആണ് മറ്റൊന്ന്. ജ്ഞാന സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു വികസന കാഴ്ചപ്പാട് രൂപം നൽകുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടാനുള്ള അന്വേഷണം പ്രസക്തമാകുന്നുണ്ട്. പ്രത്യേകിച്ച് നമ്മുടെ ലക്ഷ്യം പൊതുവിൽ സൃഷ്ടിക്കപ്പെടുന്ന വികസന പൊതുബോധത്തിനു ഒരു മറുപുറം തേടുക എന്നതാണെങ്കിൽ.

ജ്ഞാനസമൂഹം, ജ്ഞാന സമ്പദ് വ്യവസ്ഥ

ഉൽപ്പാദന പ്രക്രിയയിൽ സാങ്കേതികവിദ്യ, സാങ്കേതികവിദ്യ സാധ്യമാക്കുന്ന മറ്റ് സാധ്യതകൾ , ശാസ്ത്രത്തിന്റെ ഉപയോഗം എന്നിവയുടെ വലിയ സാന്നിധ്യവും സ്വാധീനവും ജ്ഞാനസമ്പദ് വ്യവസ്ഥയെ വ്യത്യസ്തമാക്കുന്നു. ഉൽപ്പന്നങ്ങളിലും സാങ്കേതിക വിദ്യയിലും നിരന്തരം വരുന്ന മാറ്റങ്ങൾ കൂടാതെ ഉൽപ്പാദന രീതികളിലും ഉല്പാദന ബന്ധങ്ങളിലും ഇത് നിരന്തരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. പ്രകടമായ മറ്റൊരു മാറ്റം എന്തെന്നാൽ ഇതിന്റെ സ്വയം നവീകരണ സാധ്യതകളാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന , അതിന്റെ ഉപയോഗത്താൽ മാറുന്ന ഒരു ഉൽപ്പാദന രീതി എന്നതിനുമപ്പുറം ഒരു ഉൽപ്പാദന മാതൃക എന്ന നിലയിൽ ഉരുത്തിരിയാനാണ് ജ്ഞാനസമ്പദ് വ്യവസ്ഥ ശ്രമിക്കുന്നത്. ഉൽപ്പാദന പ്രക്രിയയിൽ തൊഴിലാളികൾക്ക് നൽകുന്ന സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും ഇതിന്റെ ഒരു പ്രത്യേകതയാണ് . ഇത്തരം രീതികൾ ഇന്ന് വ്യാപകമായി നിലവിൽ ഉള്ള ഒന്നാണെന്ന് കരുതരുത്. ജ്ഞാന സമ്പദ് വ്യവസ്ഥയുടെ രീതികൾ നോളജ് ഇൻഡസ്ട്രീസ് എന്നറിയപ്പെടുന്ന വിവര സാങ്കേതിക വിദ്യയുടെയും സമാനമായ മറ്റ് മേഖലകളുടെയും മാത്രം പ്രത്യേകതകൾ ആയാണ് ഇന്ന് നിലനിൽക്കുന്നത്. ഈ ഉൽപ്പാദന രീതികളിലും മൂലധനത്തിന്റെയും ഉടമകളുടെയും അധികാരവും സ്വാധീനവും മാറുന്നില്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച് വ്യക്തിയും വ്യക്തി ഉൾപ്പെടുന്ന ചെറിയ ടീമുകളും കൂടുതൽ സ്വതന്ത്രമായി ഉൽപ്പാദന പ്രക്രിയയിൽ ഇടപെടുന്നു എന്ന് മാത്രം. അധികാരത്തിന്റെ സമവാക്യങ്ങളെ സ്പർശിക്കാതെ നടക്കുന്ന ഇത്തരം "ശാക്തീകരണ പ്രക്രിയകൾ" ജ്ഞാന സമ്പദ് വ്യവസ്ഥയുടെ വലിയ പ്രത്യേകതകളിൽ ഒന്നാണ്. ഇത് തൊഴിൽ ബന്ധങ്ങളിൽ മാത്രമല്ല, തൊഴിലാളികൾ തമ്മിലുള്ള ബന്ധങ്ങളിലും അവരുടെ സംഘടനാ രൂപങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഐടി/ഐടി അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഉപയോഗിക്കുന്ന അജൈൽ ഡെവലപ്മെന്റ് മാതൃകൾ ഇത്തരം മാറ്റങ്ങൾക്ക് ഉദാഹരണമായി കാണാം. എന്നാൽ ഉൽപ്പാദനത്തിന്റെ സമസ്ത മേഖലകളിലും ഇത്തരം മാറ്റങ്ങൾ കടന്നു വരുമോ, അവ തൊഴിൽ സ്ഥലത്തെ വലിയ രീതിയിൽ ജനാധിപത്യവത്കരിക്കുമോ എന്നത് ചോദ്യങ്ങൾ ആയി അവശേഷിക്കുന്നു. തൊഴിൽ ഉടമ, മൂലധനം എന്നിവയുമായുള്ള കൊടുക്കൽ വാങ്ങലുകൾ ഇന്ന് ജ്ഞാനോൽപ്പാദന വ്യവസ്ഥക്ക് പുറത്ത് എങ്ങനെയാണൊ അത്തരത്തിൽ തുടരുമോ, അതോ ഗുണപരമായ മാറ്റങ്ങൾക്ക് കാരണമാകുമോ എന്നത് രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങളെ കുറിച്ച് കൂടി ആശ്രയിച്ച് നിലകൊള്ളുന്നു എന്ന് കാണാം.

കേരളം പോലെ മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കുന്നതിൽ ഊന്നൽ നൽകുന്ന, സാർവത്രിക വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഭാവി പുരോഗതിക്ക് സമൂഹത്തെ സജ്ജമാക്കും എന്ന അടിസ്ഥാന വികസന നയത്തിൽ ശ്രദ്ധ വെക്കുന്ന ഒരു സമൂഹത്തിൽ വലിയ മാറ്റങ്ങൾ ആയിരിക്കും ജ്ഞാന സമ്പദ് വ്യവസ്ഥ കൊണ്ടുവരുന്നത്. അതിന്റെ കാരണങ്ങളിൽ ഒന്ന് മുകളിൽ പറഞ്ഞ ഉൽപ്പാദന മാതൃകകളും അത് വഴി ഉരുത്തിരിയുന്ന തൊഴിൽ ബന്ധങ്ങളും കൂടിയാണ്. ഇത്തരം ഒരു മാറ്റത്തെ എങ്ങനെ ആയിരിക്കും ഒരു സമൂഹം എന്ന നിലയിൽ രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവും ആയ മേഖലകളിൽ കേരളത്തെ ബാധിക്കുക എന്നതിനെ സംബന്ധിക്കുന്ന ബോധപൂർവ്വമായ ഒരു പഠനം ആവശ്യമാണ്, പ്രത്യേകിച്ച് നമ്മുടെ മൊത്തത്തിൽ ഉള്ള വികസന പരിപ്രേക്ഷ്യം ജ്ഞാന വ്യവസ്ഥിതിയിൽ അധിഷ്ഠിതമായ ഒന്നിലേക്ക് മാറുന്നു എന്ന സൂചനകൾ ലഭ്യമാകുമ്പോൾ. നവലിബറൽ സാമ്പത്തിക ക്രമത്തിൽ നിന്ന് വേറിട്ട് നിൽക്കാനുള്ള സാധ്യതകൾ പരിമിതമാണ് എന്ന തിരിച്ചറിവാണ്. ഇപ്പോൾ നമ്മുടെ വികസന ചർച്ചകളിൽ വലിയ തോതിൽ സ്വാധീനിക്കുന്നത് എന്ന് കാണാം. എന്നാൽ ഈ തിരിച്ചറിവിനൊപ്പം തന്നെ കേരളം ഇന്ന് വരെ നേടിയ സാമൂഹ്യ പുരോഗതിയുടെ തുടർച്ച സാധ്യമാണോ എന്ന ചോദ്യങ്ങൾ കൂടി ഉയരേണ്ടതുണ്ട്. ഈ സാമൂഹ്യ പുരോഗതിയിലും ചർച്ചയാക്കപ്പെട്ട കേരള മോഡലിലും അവഗണിക്കപ്പെട്ട് പോയ വിഭാഗങ്ങൾക്ക് മാറുന്ന വികസന മാതൃകകളിൽ എന്ത് തരം സ്ഥാനം ലഭ്യമാക്കാൻ കഴിയും എന്നതും പ്രസക്തമാണ്.

നാലാം വ്യാവസായിക വിപ്ലവം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ബിഗ് ഡാറ്റ, ഡാറ്റ സയൻസ് തുടങ്ങിയ പദങ്ങൾ ഇന്ന് ഏവർക്കും സുപരിചിതമാണ്. ഇവയുടെ സഹായത്താൽ സാധ്യമാകുന്ന ഒരു നാലാം വ്യാവസായിക വിപ്ലവവും ജ്ഞാന സമ്പദ് വ്യവസ്ഥക്കൊപ്പം തന്നെ ഉയർന്ന് കേൾക്കുന്ന ഒന്നാണ്. അറിവ് നയിക്കുന്ന പുരോഗതിയിലെ അടുത്ത ചുവടുവെയ്പായും മറ്റൊരു വ്യാവസായിക വിപ്ലവത്തിന്റെ ചാലക ശക്തികളായും ഈ നവീന സാങ്കേതിക വിദ്യകൾ എടുത്തുകാട്ടപ്പെടുന്നുണ്ട്. തൊഴിൽ മേഖലയെ വലിയ രീതിയിൽ ഇവ മാറ്റിമറിക്കുമെന്നത് ഉറപ്പാണ്. ഉൽപ്പാദന പ്രക്രിയ എല്ലാ കാലത്തും സാങ്കേതിക വിദ്യയുടെ സഹായത്താൽ കൂടുതൽ ലാഭകരമാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അത്തരം ഒരു ശ്രമത്തിൽ വലിയ പങ്ക് വഹിക്കാൻ കഴിവുള്ള മാറ്റങ്ങൾ ആണ് ഇവ എന്നതിൽ തർക്കമൊന്നുമില്ല. ആഗോളവൽക്കരണ കാലത്ത് ഏറ്റവും വിലകുറഞ്ഞ, എന്നാൽ അവശ്യ സ്കില്ലുകൾ ആവശ്യത്തിനുള്ള തൊഴിൽ വിപണികൾ തേടി സഞ്ചരിക്കുന്ന കോർപ്പറേഷനുകൾക്ക് ഓട്ടോമേഷൻ ഒരു വലിയ സഹായമായിരിക്കും. എത്രത്തോളം ഓട്ടോമേഷൻ ഏതെല്ലാം മേഖലകളിൽ ചെയ്യുന്നു എന്നത് പൂർണമായും ലാഭനഷ്ടസാധ്യതകളെ ആശ്രയിച്ചായിരിക്കും. എന്നാൽ ഈ മാറ്റങ്ങൾ ഒരു വിപ്ലവത്തിന്റെ സ്വഭാവം കൈവരിക്കാൻ ശേഷിയുള്ള മാറ്റങ്ങൾ ആണോ?

ഇന്റർനെറ്റും അനുബന്ധ സാങ്കേതികവിദ്യകളും കൊണ്ടുവന്ന മൂന്നാം വ്യാവസായിക വിപ്ലവത്തിന്റെ തുടർച്ചയായാണ് ഈ പുതിയ മാറ്റങ്ങൾ. എന്നാൽ ഇന്റർനെറ്റ് കൊണ്ടുവന്ന മാറ്റങ്ങളുടെ തുടർച്ചക്ക് അപ്പുറം ഈ പുതിയ മുന്നേറ്റങ്ങൾ വളരെ വ്യക്തമായ ഒരു വ്യാവസായിക വിപ്ലവം ആണോ എന്നത് തർക്കവിഷയമാണ്. വ്യാവസായിക വിപ്ലവങ്ങൾ സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ മാത്രമല്ല. ചരിത്രപരമയി നോക്കിയാൽ അവക്ക് ദീർഘകാലം നീണ്ട് നിൽക്കുന്ന ഒരു സാമൂഹ്യ സാമ്പത്തിക മാറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ഒന്നാം വ്യാവസായിക വിപ്ലവം തൊഴിൽ പ്രക്രിയ, തൊഴിൽ ബന്ധങ്ങൾ ഇവയെ എല്ലാം ഗണ്യമായ രീതിയിൽ മാറ്റിമറിച്ചു. ഈ മാറ്റങ്ങൾ കൊണ്ടുവന്ന സാംസ്കാരികവും സാമൂഹ്യവും ആയ മാറ്റങ്ങൾ സമൂഹത്തിൽ പ്രകടമായ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. മൂന്നാം വ്യാവസായിക വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്റർനെറ്റ് സാങ്കേതികവിദ്യകളുടെമേൽ കൂടുതലായി നടന്ന മാറ്റങ്ങൾ എന്നതിനപ്പുറം നാലാം വ്യാവസായിക വിപ്ലവം എന്ന് വേറിട്ട് പേരെടുത്ത് വിളിക്കാൻ മാത്രം വ്യത്യസ്തമാണോ ഇവ എന്ന ചോദ്യമുണ്ട്. മറ്റൊന്ന് ഓട്ടോമേഷനും പ്ലാറ്റ്ഫോം തൊഴിലിടങ്ങളും വരുത്തുന്ന മാറ്റങ്ങൾ ആണ്. ഇവ സാധ്യമാക്കുന്ന സാങ്കേതികവിദ്യ ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ പുരോഗതിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് എന്ന് കാണാം. തൊഴിലിടങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ നിലവിലുള്ള രീതികളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒന്നാണോ എന്നത് കൂടുതൽ വിശകലനം ആവശ്യമുള്ള കാര്യമായി തോന്നുന്നു. ഈ മാറ്റങ്ങൾ ദീർഘകാലം നീണ്ട് നിൽക്കുന്ന ഒരു സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കമിടുമോ അതോ മുതലാളിത്ത പുരോഗതിയിലെ ഒരു ഘട്ടം മാത്രമായി കടന്നുപോകുമോ എന്നത് ഇനിയും തീർച്ചയാക്കപ്പെട്ട ഒന്നായി തോന്നുന്നില്ല.

ഇതിനര്‍ത്ഥം ഈ സാങ്കേതിക വിദ്യകളിൽ പുതുമ ഇല്ല എന്നല്ല, എങ്കിലും നാലാം വ്യാവസായിക വിപ്ലവം എന്ന പേരുചേർത്ത് വിളിക്കാൻ ഉതകുന്ന മാറ്റങ്ങൾ സമൂഹത്തിന്റെ സമസ്ത മേഖലകളിലും അനുഭവപ്പെടുമോ എന്ന ചോദ്യം ഇനിയും വ്യക്തമല്ല എന്ന് മാത്രം. വികസിത ലോകത്തെ ചുരുക്കം ചില കോർപ്പറേഷനുകൾ ആഗോള സമ്പദ് വ്യവസ്ഥയുടെ ചലനങ്ങളിൽ നിർണായകമായ സ്വാധീനമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യത്തെ തൊഴിൽ വിപണികൾ വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് സ്വയം ക്രമപ്പെടുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം തൊഴിൽ വിപണികൾ മെർക്കന്റയിൽ ക്യാപ്പിറ്റലിസത്തെ അനുസ്മരിപ്പിക്കുന്ന ഉൽപ്പാദന പ്രക്രിയകളിൽ ആണ് ഏർപ്പെടുന്നത്. ഇത് വിശദമായ വിലയിരുത്തൽ വേണ്ട ഒന്നാണ്. തൊഴിൽ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്ത് വരുത്തുന്ന മാറ്റങ്ങളും സൂക്ഷ്മപഠനത്തിനു വിധേയമാക്കണം. അറിവ് ചരക്കുവൽക്കരിക്കപ്പെടുന്ന ഒരു സമ്പദ് വ്യവസ്ഥയിൽ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗതിവിഗതികൾ, വിദ്യാഭ്യാസം നൽകപ്പെടുന്ന രീതി, ഇതിൽ സ്വകാര്യമേഖല വഹിക്കുന്ന പങ്കും സ്വാധീനവും ഇവയെല്ലാം തന്നെ കേരളത്തിന്റെ ജ്ഞാന സമ്പദ് വ്യവസ്ഥ സംബന്ധിച്ച ചർച്ചകളിൽ ആഴത്തിൽ വിശകലനം ചെയ്യേണ്ട ഒന്നാണ്.

കേരള മോഡൽ കൊണ്ടുവന്ന മാറ്റങ്ങളിൽ വലിയ പങ്ക് വഹിച്ച ഇടത് പ്രസ്ഥാനങ്ങളിൽ ഒന്നാണ് ഇന്ന് കേരളത്തിൽ അധികാരത്തിൽ ഉള്ളത്. മാറിയ സാഹചര്യങ്ങളിൽ ഒരു സംസ്ഥാന ഭരണകൂടം അതിന്റെ ഫെഡറൽ സംവിധാനത്തിലുള്ള പരിമിതികൾക്ക് അകത്ത് നിന്നുകൊണ്ട് മാത്രമേ വികസന കാഴ്ചപ്പാടുകൾക്ക് രൂപം നൽകുകയുള്ളൂ.

പ്ലാറ്റ്ഫോം ഇക്കോണമി / ഗിഗ് ഇക്കോണമി

പ്ലാറ്റ്ഫോം, ഗിഗ് , ഷെയറിങ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒരു തൊഴിൽ വിപണി 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഇത്തരം ഒരു തൊഴിൽ വിപണി രൂപപ്പെട്ടതിനെ വിവിധ ഘടകങ്ങൾ സ്വാധീനിച്ചതായി ചരിത്രപരമായി വിശകലനം ചെയ്താൽ കാണാം. സ്റ്റേറ്റ് - മാർക്കറ്റ് ബന്ധങ്ങളിൽ മാർക്കറ്റിനു അനുകൂലമായി ഉണ്ടായ മാറ്റങ്ങൾ അതിനൊപ്പം തന്നെ ട്രേഡ് യൂണിയനുകളുടെ സ്വാധീനം വലിയ തോതിൽ ഇല്ലായ്മ ചെയ്തു. ജ്ഞാന സമ്പദ് വ്യവസ്ഥയിലെ ഉൽപ്പാദന മാതൃകയെ കുറിച്ച് പരാമര്‍ശിക്കുമ്പോൾ ഇത്തരം മാറ്റങ്ങൾ സൂചിപ്പിച്ചിരുന്നു. വലിയ തോതിൽ ഇന്റർനെറ്റ് സാങ്കേതിക വിദ്യയുടെ വളർച്ച ഉണ്ടായതും പ്ലാറ്റ്ഫോം ലേബർ എന്ന ആശയം ഇന്ത്യ ചൈന പോലുള്ള വലിയ സമ്പദ് വ്യവസ്ഥകളിലും വേരുപിടിച്ചു. കോവിഡ് മഹാമാരിക്കാലം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇത്തരം സർവീസ് ഡെലിവറി സംവിധാനങ്ങൾ കൂടുതൽ പ്രചാരത്തിലാക്കി. എന്നാൽ പാൻഡമിക് കാലം ഇത്തരം സംവിധാനങ്ങളിൽ സാമൂഹ്യ സുരക്ഷയുടെ അഭാവം എന്ന ഘടകത്തെ വലിയ രീതിയിൽ വെളിച്ചത്ത് കൊണ്ടുവന്നു. സാമൂഹ്യസുരക്ഷയുടെ അഭാവം മാത്രമല്ല ഈ മേഖലയെ നേരിടുന്ന പ്രശ്നം. മാർക്കറ്റ് സമ്പദ് വ്യവസ്ഥയെ പൊതുജന ക്ഷേമപരമായി നിലനിർത്താൻ സ്റ്റേറ്റ് നടത്തുന്ന ഇടപെടലുകൾ ആണല്ലോ റെഗുലേഷൻ അഥവാ നിയന്ത്രണങ്ങൾ. നവലിബറൽ ആശയങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ പരമാവധി ഇളവു ചെയ്യുക എന്നതിനാണ് പ്രാധാന്യം. ഇത്തരം റെഗുലേറ്ററി സംവിധാനങ്ങളെ മറികടക്കാൻ ഉള്ള വലിയ സാധ്യതകൾ പ്ലാറ്റ്ഫോം ഇക്കോണമിയിൽ ഉണ്ട്. തൊഴിലാളിയെ പാർട്ണര്‍ എന്ന കരാറിലേക്ക് മാറ്റുക വഴി നിലവിലുള്ള തൊഴിലാളി - തൊഴിലുടമ ബന്ധത്തെ മാറ്റുക മാത്രമല്ല ചെയ്തത്, നിലവിലുള്ള തൊഴിൽ റെഗുലേറ്ററി സംവിധാനങ്ങളുടെ പരിധിയിൽ വരാത്ത ഒരു തൊഴിൽ വിപണി സൃഷ്ടിക്കാനും അതിനായി. പ്ലാറ്റ്ഫോം തൊഴിൽ വരുത്തുന്ന മാറ്റങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. ഈ മാറ്റം ഒരു സമഗ്രമായ മാറ്റമാണോ അതിനു പണ്ട് നിലവിലിരുന്ന തൊഴിൽ സമ്പ്രദായങ്ങളുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മെർക്കന്റയിൽ ക്യാപ്പിറ്റലിസത്തിന്റെ കാലത്ത് നിലനിന്നിരുന്ന 'putting out' സമ്പ്രദായത്തിനു സമാനമാണ് ഈ തൊഴിൽ രീതി എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് തൊഴിൽ അളക്കാൻ ഉള്ള സാധ്യതകൾ തൊഴിലിടങ്ങളിലും തൊഴിലാളികളുടെ മേലും വലിയ രീതിയിൽ ഉള്ള നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. ഒരു അൽഗോരിതം ഉപയോഗിച്ച് നിർണയിക്കപ്പെടുന്ന വേതനം, തൊഴിലാളിയുടെ വിലയിരുത്തൽ ഇവ തൊഴിൽ ബന്ധങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെ കൂടുതൽ അറിയേണ്ടതുണ്ട്.

മുതലാളിത്ത ആധുനികതയുടെ ഗുണങ്ങൾ അസന്തുലിതമായി വിതരണം ചെയ്യപ്പെട്ട ഇന്ത്യൻ സമൂഹത്തിലേക്ക് ഈ പുതിയ തൊഴിൽ രൂപം കടന്നുവരുമ്പോൾ തൊഴിൽ ബന്ധങ്ങൾ, തൊഴിലാളി യൂണിയനുകൾ, സ്റ്റേറ്റ് എന്നിവ എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രസക്തമാണ്. ഇന്ത്യൻ ക്ഷേമ രാഷ്ട്ര സങ്കൽപ്പത്തിൽ ഇത്തരം ഒരു തൊഴിൽ മാതൃക ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമോ എന്ന് അനുമാനിക്കേണ്ടത് വെറും ശുഭാപ്തി വിശ്വാസത്തിന്റെ പേരിൽ മാത്രമാകരുതല്ലോ. ഇത്തരം മാറ്റങ്ങളോട് പ്രതികരിക്കാനുള്ള സ്റ്റേറ്റിന്റെ കഴിവ് എത്രത്തോളം ഉണ്ടായിരിക്കും എന്നത് കണ്ടറിയേണ്ടതാണ്. ഉദാരവൽക്കരണ കാലം സ്റ്റേറ്റിന്റെ വലിയ തോതിൽ ഉള്ള പിന്മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. അത് മാറുന്ന സാമ്പത്തിക സാഹചര്യങ്ങളിൽ ജനോപകാരപ്രദമാവുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. ആധുനിക മുതലാളിത്ത രാജ്യങ്ങളിലെ ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങൾക്ക് സമാനമായ ഒരു സമീപനം സ്വീകരിക്കാൻ ഉള്ള ശ്രമം കേരളത്തിൽ നടന്നിട്ടുള്ളതായി കാണാം, അതിന്റെ പോരായ്മകൾ നിലനിൽക്കുമ്പോൾ തന്നെ. എന്നാൽ ഇതിന്റെ തുടർച്ച ഉണ്ടാകാനുള്ള സാധ്യതകൾ ഇത്തരം ഒരു തൊഴിൽ വിപണിയിൽ എത്രത്തോളം പ്രായോഗികമാണ് എന്നത് ഗൗരവമായി പഠിച്ചേ മതിയാവൂ.

There is no alternative

'ലോകാവസാനം നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കും എന്നാൽ മുതലാളിത്തത്തിന്റെ അവസാനം സങ്കൽപ്പിക്കുക സാധ്യമല്ല' എന്ന തരത്തിലുള്ള യാഥാർത്ഥ്യ ബോധത്തിന്റെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. രാഷ്ട്രീയത്തിൽ ഇടത് വലത് ഭേദമില്ലാതെ മുതലാളിത്ത വ്യവസ്ഥയുടെ ചോദ്യം ചെയ്യപ്പെടാൻ ആവാത്ത മേധാവിത്വത്തെ അംഗീകരിക്കുന്ന ഒരു പ്രവണത ഇന്ന് സാർവത്രികവുമാണ്. ഇത്തരം ഒരു കാലഘട്ടത്തിലാണ് മുൻ കാലങ്ങളിൽ വലിയ രീതിയിൽ ചർച്ചയാക്കപ്പെട്ട കേരള മോഡൽ ഒരു തുടർച്ചയെ തേടുന്നത്. കേരള മോഡൽ കൊണ്ടുവന്ന മാറ്റങ്ങളിൽ വലിയ പങ്ക് വഹിച്ച ഇടത് പ്രസ്ഥാനങ്ങളിൽ ഒന്നാണ് ഇന്ന് കേരളത്തിൽ അധികാരത്തിൽ ഉള്ളത്. മാറിയ സാഹചര്യങ്ങളിൽ ഒരു സംസ്ഥാന ഭരണകൂടം അതിന്റെ ഫെഡറൽ സംവിധാനത്തിലുള്ള പരിമിതികൾക്ക് അകത്ത് നിന്നുകൊണ്ട് മാത്രമേ വികസന കാഴ്ചപ്പാടുകൾക്ക് രൂപം നൽകുകയുള്ളൂ. അതിനാൽ തന്നെ മുതലാളിത്തത്തിന്റെ അവസാനം ഇന്നത്തെ ഭരണകൂടങ്ങൾക്ക് കാണാവുന്നതിലും അപ്പുറമാണ്. എന്നാൽ രാഷ്ട്രീയ പാർട്ടികളും സിവിൽ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പുരോഗമന പ്രസ്ഥാനങ്ങളും നിലവിലുള്ള വ്യവസ്ഥിതിയുടെ പ്രശ്നങ്ങളെ മറികടക്കാൻ കഴിയുന്ന ഘടനാപരമായ മാറ്റങ്ങളെ ചർച്ച ചെയ്യേണ്ടതും വിഭാവനം ചെയ്യേണ്ടതും നയപരിപാടികളെ സ്വാധീനിക്കാൻ ശ്രമിക്കേണ്ടതുമുണ്ട്. അതിനു നിർമ്മിതമായ ചില നരേറ്റീവുകളെ അതിനപ്പുറം കാണാനുള്ള ബോധപൂർവമായ ശ്രമവും ആവശ്യമാണ്. അത്തരത്തിൽ ഉള്ള ചില ചിന്തകളെ പ്രാഥമികമായി മുന്നോട്ട് വെക്കുക എന്ന ശ്രമമാണു ഈ ലേഖനം നടത്തുന്നത്. ജ്ഞാന സമ്പദ് വ്യവസ്ഥയും ജ്ഞാന സമൂഹവും എല്ലാം തന്നെ നിയോക്ലാസ്സിക്കൽ വീക്ഷണങ്ങളിൽ നിന്ന് അടർത്തിയെടുത്ത് നോക്കിക്കാണേണ്ടതുണ്ട്. അതിന് ചെയ്യേണ്ടത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും ആധുനികതയുടെ സാധ്യതകളുടെയും പൂർണമായ നിരാകരണമല്ല, മറിച്ച് വിവിധ തലങ്ങളിൽ അതിനെ വിമർശനാത്മകമായി കാണാൻ ഉള്ള ആത്മാർത്ഥമായ ശ്രമമാണ്. സാമൂഹ്യനീതീയിൽ അധിഷ്ഠിതമായ ലോകവീക്ഷണത്തെ മുന്നിൽ കാണുന്ന കൂട്ടായ്മകൾക്ക് അത്തരം ഒരു വീക്ഷണം സൃഷ്ടിക്കുന്നതിൽ നിന്ന് മാറി നിൽക്കാനാവില്ല. മുകളിൽ പറഞ്ഞ ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കുള്ള ഗഹനമായ അന്വേഷണങ്ങൾ അത്തരം ഒരു വീക്ഷണത്തെ വളർത്തിയെടുക്കാൻ നമ്മെ സഹായിച്ചേക്കാം.

Leave a comment