TMJ
searchnav-menu
post-thumbnail

Outlook

നാളെയെക്കുറിച്ച് ചിന്തിക്കുമോ കോൺഗ്രസ്?

07 Oct 2022   |   1 min Read
ടി ജെ ശ്രീലാൽ

നാളെയെക്കുറിച്ച് ചിന്തിക്കൂ. കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ വോട്ടർമാരോടും പ്രവർത്തകരോടും ആവശ്യപ്പെടുന്നത് ഇതാണ്. അങ്ങനെ ചിന്തിക്കുമോ വോട്ടർമാർ. അവരെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുമോ നേതാക്കൾ. പ്രേരിപ്പിക്കയല്ല പിന്തിരിപ്പിക്കുകയാണ് തൽക്കാലം നേതാക്കൾ ചെയ്യുന്നത്. പക്ഷെ പ്രവർത്തകർ ചിന്തിച്ചു തുടങ്ങിയെന്നാണ് ശശി തരൂർ വിലയിരുത്തുന്നത്.

സാധാരണയിലും കവിഞ്ഞ പ്രസരിപ്പും ആത്മവിശ്വാസവും, വാക്കിലും പ്രവർത്തിയിലും. അങ്ങനെയാണ് കഴിഞ്ഞ ദിവസം ശശി തരൂരിനെ കണ്ടപ്പോൾ തോന്നിയത്. സ്വന്തം സംസ്ഥാനത്തിലെ നേതാക്കൾ പോലും തള്ളി പറഞ്ഞിട്ടും തരൂരിന്റെ ആത്മവിശ്വാസത്തിനോ മത്സരാവേശത്തിനോ ഒരു കുറവും കണ്ടില്ല. രാത്രി പത്തു മണിയോടെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അപ്പോഴും അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശകരുടെ തിരക്ക്. ആശംസ അർപ്പിക്കാൻ എത്തുന്നവരാണ് ഏറെ. ചെറുപ്പക്കാരും മുതിർന്നവരുമുണ്ട്. അദ്ദേഹത്തിന്റെ പുസ്തകവുമായി എത്തി അതിൽ ഓട്ടോഗ്രാഫ് വാങ്ങുന്നു. ഒപ്പം നിന്ന് സെൽഫി എടുക്കുന്നു. ഇതിനിടയിൽ വരുന്ന ഫോൺ കോളുകൾ. ചിലതിന് മറുപടി പറയും. മറ്റു ചിലതിന് ശബ്ദ സന്ദേശം മറുപടിയായി അയക്കും. കൂട്ടത്തിൽ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാൻ എത്തിയ ക്രിസ്തീയ പുരോഹിതനേയും കണ്ടു. തിരുവനന്തപുരത്ത് തരൂർ എത്തുമെന്നറിഞ്ഞ് പത്തനംതിട്ടയിൽ നിന്നെത്തിയതാണ് പുരോഹിതൻ. തിരക്കൊന്ന് കുറഞ്ഞപ്പോൾ തരൂരിന്റെ കൈകൾ ചേർത്ത് പിടിച്ച് അദ്ദേഹത്തിനായി കണ്ണടച്ച് പുരോഹിതൻ പ്രാർത്ഥിച്ചു. അപ്പോഴും മൊബൈൽ ഫോണിൽ ആരൊക്കയോ വിളിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

ഈ തിരക്ക് നിയന്ത്രിക്കാനും കാര്യങ്ങൾ ചിട്ടപ്പെടുത്താനും ഇവന്റ് മാനേജ്മെന്റ് ടീമൊന്നുമില്ല തരൂരിന്റെ വസതിയിൽ. നേരിട്ട് തന്നെയാണ് കാര്യങ്ങൾ നോക്കുന്നത്. (അതായിരുന്നല്ലോ ആദ്യകാലത്ത് ശശി തരൂരിനെക്കുറിച്ച് കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ പറഞ്ഞ് നടന്ന കുറ്റം). തിരക്കൊന്ന് കുറഞ്ഞ് സംസാരിക്കാനിരുന്നപ്പോൾ തരൂരിന്റെ ആദ്യ ചോദ്യം. എന്താണ് പൊതു അഭിപ്രായം. രണ്ട് രീതിയിലുണ്ടെന്ന് മറുപടി നൽകിയപ്പോൾ അങ്ങനെയല്ലേ ഉണ്ടാകൂവെന്ന് ചിരിച്ചു കൊണ്ട് തരൂർ മറുപടി നൽകി. ദേശീയതലത്തിലെ പ്രതികരണങ്ങളെക്കാൾ തരൂരിന് വിഷമം സ്വന്തം സംസ്ഥാനത്തെ പ്രമുഖരുടെ പ്രതികരണത്തിലാണ്. ഇവരുടെ ശ്രമങ്ങളൊന്നും ചെറുപ്പക്കാരുടെ ആവശ്യത്തിന് തടയിടുന്നില്ല. നാളെയെക്കുറിച്ച് ഇപ്പോൾ പാർട്ടിയിൽ ചിന്തിക്കുന്നത് അവർ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞാൽ ഈ ആക്രമണം കൂടുതൽ ശക്തിപ്പെടുമെന്ന് തരൂരും മനസ്സിലാക്കുന്നു. പത്രിക പിൻവലിക്കാനുള്ള അവസരമൊരുക്കാനാണ് ഇപ്പോൾ മയത്തിലുള്ള ആക്രമണം. അത് കഴിഞ്ഞാൽ കൂട്ടത്തോടെയുള്ള ആക്രമണമാകും നേരിടേണ്ടി വരിക. ഈ ആക്രമണങ്ങൾക്ക് മറുപടി പറയാതെ മുൻ നിശ്ചയിച്ച പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നാളെയെക്കുറിച്ച് ചിന്തിക്കുന്നവരാണ് തന്റെ ശക്തി. അവരോട് സംവദിക്കുകയാണ് ലക്ഷ്യം. നേരിട്ടും ഫോണിലൂടേയും പരമാവധി വോട്ടർമാരോട് സംസാരിക്കുക. അവരോട് തന്റെ ആശയങ്ങൾ പങ്കുവയ്ക്കുക. പാർട്ടിയെ ശക്തിപ്പെടുത്താൻ അടിയന്തരമായി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവരിലെത്തിക്കുക. ഇതിനാണ് ശ്രമം. കുറ്റപ്പെടുത്തലുകൾക്കും നുണ പ്രചാരണങ്ങൾക്കും മറുപടി പറയാൻ തീരുമാനിച്ചാൽ ഈ ശ്രമങ്ങൾ പരാജയപ്പെടും. അതാണ് ചിലരുടെ ലക്ഷ്യം. ആ തന്ത്രത്തിൽ വീഴില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് തരൂർ.

എന്താണ് വേണ്ടത്

ആര് കോൺഗ്രസ് പ്രസിഡണ്ടായാലും അടിയന്തരമായി ചെയ്യേണ്ട ചില കാര്യങ്ങളിലേക്കാണ് തരൂർ വിരൽ ചൂണ്ടുന്നത്. പരമപ്രധാനം പാർട്ടിയുടെ ഇപ്പോഴത്തെ പരിമിതികൾ മറികടക്കാനുള്ള നടപടികളാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി കൂടുതൽ ക്ഷീണിച്ചു. അന്ന് 19 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. അത് മറികടക്കണം. അതിനുളള കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കണം. അതിന് പുതിയ തലമുറയെ ഒപ്പം കൂട്ടണം. അവരുടെ സ്വപ്നങ്ങൾ തിരിച്ചറിയണം. അതിനൊപ്പം നിൽക്കണം. ഇതിന് കഴിയുന്ന നേതാവിനെയാണ് കണ്ടെത്തേണ്ടത്. രണ്ടാമതായി വേണ്ടത് സംഘടനയുടെ പരിമിതികൾ മറികടക്കുക എന്നതാണ്. പാർട്ടി ദുർബലമായി കൊണ്ടിരിക്കുകയാണ്. ഭാരത് ജോഡോ യാത്ര പാർട്ടിക്ക് പുതിയ ഉണർവ് നൽകിയിട്ടുണ്ട്. അത് മുന്നോട്ട് കൊണ്ട് പോകണം. പുതിയ നേതൃത്വത്തിന് അതിന് സാധിക്കണം. ഹൈക്കമാന്റ് സംസ്കാരം അവസാനിപ്പിക്കണം. “ഹൈക്കമാന്റല്ല പവർഫുൾ ലോക്കൽ കമാന്റാണ് വേണ്ടത്”. തീരുമാനങ്ങൾ പ്രവർത്തകർക്കു മേൽ അടിച്ചേൽപ്പിക്കുന്ന രീതി പുതിയകാലത്തിന് യോജിച്ചതല്ല. അവർക്ക് പറയാനുള്ളത് കൂടി കേൾക്കണം.

രഹസ്യ ബാലറ്റിലൂടെയാണ് വേട്ടെടുപ്പ് എന്നതാണ് ഔദ്ദ്യോഗിക ബഹുമതികളില്ലാതെ മത്സരിക്കുന്ന തരൂരിനെ പോലുള്ളവരുടെ ആശ്വാസം. അനൗദ്ദ്യോഗികമായി ഔദ്ദ്യോഗിക സ്ഥാനാർത്ഥി പദവിയുള്ള മല്ലികാർജ്ജുന ഖാർഗേയ്ക്ക് ഇതൊരു പ്രതിസന്ധിയല്ല.

ജനാധിപത്യരീതിയിൽക്കൂടി മാത്രമേ പാർട്ടിയെ ശക്തിപ്പെടുത്താനാകൂ. തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളോട് തരൂരിന് പറയാനുള്ളത് രാഹുൽ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും ഈ വാക്കുകൾ തന്നെ. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നേതാക്കൾ തന്നെ പിന്തുണച്ച് നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടിട്ടുണ്ട്. വടക്ക് കിഴക്കുള്ള സംസ്ഥാനങ്ങളിൽ നിന്നും തനിക്ക് പിന്തുണ ലഭിച്ചു. ഈ നേതാക്കളെ വഴിയിൽ തള്ളില്ല. ഏതെങ്കിലും സ്ഥാനത്തിന് വേണ്ടിയല്ല മത്സരിക്കാനിറങ്ങിയത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറില്ല. അന്തിമഫലം എന്തായാലും തന്റെ ദൗത്യത്തിൽ വിജയിച്ചുവെന്നും തരൂർ കരുതുന്നു. ഈ തിരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും അത് പാർട്ടിക്ക് നേട്ടമാണുണ്ടാക്കുക. തിരഞ്ഞെടുപ്പിന് പകരം പതിവ് നോമിനേഷനായിരുന്നുവെങ്കിൽ ഇന്നത്തെ ഈ ഊർജ്ജം പാർട്ടിക്ക് ഉണ്ടാകുമായിരുന്നില്ല. പാർട്ടിയോടുള്ള ജനതാൽപര്യം വർധിച്ചു. സാധാരണ പ്രവർത്തകർ ഉണർന്നു. പാർട്ടിയെ പുനർനിർമിക്കുന്നതിൽ അവരും പങ്കാളികളാകുയാണെന്ന വിശ്വാസം അവരിലുണ്ടായിരിക്കുന്നു. ഇതിനാണ് ശ്രമിച്ചത്. അത് വിജയിച്ചു.

പ്രതീക്ഷ രഹസ്യ ബാലറ്റിൽ

9000 ലധികം വരുന്ന ഡെലിഗേറ്റുകളാണ് കോൺഗ്രസ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുക. വോട്ടെടുപ്പിന് മുമ്പ് ഇവരെയെല്ലാം നേരിൽ കണ്ട് വോട്ട് ചോദിക്കുക എളുപ്പമുള്ള കാര്യമല്ല. അതുപോലെ തന്നെ പ്രയാസകരമാണ് ആകെയുള്ള 140 പോളിങ് സ്റ്റേഷനുകളിലും സ്വന്തം ഏജന്റിനെ വയ്ക്കുക എന്നതും. രഹസ്യ ബാലറ്റിലൂടെയാണ് വേട്ടെടുപ്പ് എന്നതാണ് ഔദ്ദ്യോഗിക ബഹുമതികളില്ലാതെ മത്സരിക്കുന്ന തരൂരിനെ പോലുള്ളവരുടെ ആശ്വാസം. അനൗദ്ദ്യോഗികമായി ഔദ്ദ്യോഗിക സ്ഥാനാർത്ഥി പദവിയുള്ള മല്ലികാർജ്ജുന ഖാർഗേയ്ക്ക് ഇതൊരു പ്രതിസന്ധിയല്ല. പിസിസികൾ തന്നെ ഈ ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. കെപിസിസിയിലും ടിഎൻസിസിയിലും തരൂർ എത്തിയപ്പോൾ കണ്ടത് അതിന്റെ ലക്ഷണങ്ങളാണ്. തരൂരിനെ കാണാൻ പിസിസി പ്രസിഡണ്ടുമാർ പോലും തയ്യാറായില്ല. തരൂരിന് പകരം ഖാർഗെയാണ് കഴിഞ്ഞ ദിവസം കെപിസിസിയിൽ എത്തിയിരുന്നതെങ്കിൽ നമ്മൾ കണ്ടത് പോലെയാകുമായിരുന്നോ കാര്യങ്ങൾ. കെപിസിസി പ്രസിഡണ്ട് അടക്കം പാർട്ടി ആസ്ഥാനത്തുണ്ടാകുമായിരുന്നു എന്ന കാര്യത്തിൽ തർക്കമേ വേണ്ട.

ആര് ആർക്ക് വോട്ട് ചെയ്തു എന്നത് മാത്രമല്ല ഏത് സംസ്ഥാനത്ത് നിന്നാണ് ഇതിലൊരു സ്ഥാനാർത്ഥിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് എന്നത് പോലും മനസ്സിലാക്കാൻ സാധിക്കല്ല. പിസിസി ആസ്ഥാനങ്ങളിലും പ്രത്യേകം തയ്യാറാക്കിയ മറ്റ് ബൂത്തുകളിലും രേഖപ്പെടുത്തുന്ന വോട്ടുകൾ എഐസിസി ആസ്ഥാനത്ത് കൊണ്ട് വന്ന് ഒന്നിച്ച് കലർത്തിയാണ് എണ്ണുക. അതുകൊണ്ട് ഏത് സംസ്ഥാനം ആർക്കൊപ്പം നിന്നു എന്ന് കണ്ടുപിടിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് മനഃസാക്ഷി വോട്ടിനായി തരൂർ അഭ്യർത്ഥിക്കുന്നത്. പാർട്ടിയുടെ നല്ല നാളെയെക്കുറിച്ച് ചിന്തിക്കുന്നവർ തനിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്.

ശശി തരൂർ പരാജയപ്പെട്ടാലും അദ്ദേഹം ഉയർത്തി കൊണ്ട് വന്ന വിഷയങ്ങളുടെ പ്രസക്തി നഷ്ടപ്പെടില്ല. അധികാര വികേന്ദ്രീകരണമെന്ന തരൂരിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞ് ഹൈക്കമാന്റ് തിട്ടൂരവുമായി ഇനി കോൺഗ്രസിന് അധികം മുന്നോട്ട് പോകാനാകില്ല.

പത്തൊൻപത് കഴിഞ്ഞാലെന്ത് സംഭവിക്കും.

കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നത് ഈ മാസം 19 നാണ്. അനൗദ്ദ്യോഗിക-ഔദ്ദ്യോഗിക സ്ഥാനാർത്ഥിയായ മല്ലികാർജ്ജുന ഖാർഗെയ്ക്കാണ് നേതാക്കളുടെ പരസ്യ പിന്തുണ ഏറെ. രഹസ്യ ബാലറ്റിലും ചെറുപ്പക്കാരുടെ ആവേശത്തിലുമാണ് തരൂരിന്റെ പ്രതീക്ഷ. ആ പ്രതീക്ഷ അസ്ഥാനത്തായാൽ എന്ത് സംഭവിക്കും. നെഹ്റു കുടുംബത്തിനെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയ്ക്കുണ്ടായത് പോലെയാകുമോ തരൂരിന്റെ ഗതി. അതോ ഇന്നത്തെ പോലെ നെഹ്റു കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്ന സീതാറാം കേസരിക്കെതിരെ മത്സരിച്ച ശരത് പവാറിന്റെ ഗതിയാകുമോ? നരസിംഹറാവുവിന്‌ ശേഷം അന്നത്തെ ഹൈക്കമാന്റിന്റെ ഏതാണ്ട് പൂർണ പിന്തുണയോടെ 96 ലാണ് സീതാറാം കേസരി കോൺഗ്രസ് പ്രസിഡണ്ടാകുന്നത്. 97ൽ തിരഞ്ഞെടുപ്പിലൂടെ പ്രസിഡണ്ടിനെ കണ്ടെത്താൻ തീരുമാനിച്ചതോടെ സീതാറാം കേസരി ഔദ്ദ്യോഗിക സ്ഥാനാർത്ഥിയാകുന്നു. കേസരിക്കെതിരെ ശരത് പവാറും, രാജേഷ് പൈലറ്റും മത്സരിച്ചു. കടുത്ത മത്സരം തന്നെ നടന്നു. ശരത് പവാറും രാജേഷ് പൈലറ്റും സംസ്ഥാനങ്ങൾ കയറിയിറങ്ങി പ്രചാരണം നടത്തി. കേസരി പാർട്ടി ആസ്ഥാനത്തിരുന്ന് ടെലിഫോണിലൂടെ പിസിസി നേതാക്കൾ വഴി കരുക്കൾ നീക്കി. ആമയും മുയലും തമ്മിലുള്ള മത്സരം പോലെ തുടക്കത്തിൽ ഓടിക്കയറിയ പവാർ പക്ഷെ ഫലം വന്നപ്പോൾ തകർന്ന് പോയി. പവാറിന് 882 വോട്ടും പൈലറ്റിന് 354 വോട്ടും ലഭിച്ചു. 6224 വോട്ടുകൾ നേടിയാണ് കേസരി കരുത്ത് തെളിയിച്ചു. ആമ ജയിച്ചു. മുയൽ തോറ്റു. ചരിത്ര വിജയം നേടിയ കേസരിയെ എഐസിസി ആസ്ഥാനത്ത് പൂട്ടിയിട്ട ശേഷം 98ൽ സോണിയഗാന്ധിയെ ആ സ്ഥാനത്ത് അന്നത്തെ നേതാക്കൾ പ്രതിഷ്ഠിച്ചു. 99 ൽ സോണിയ ഗാന്ധിക്കെതിരെ ശബ്ദമുയർത്തി ശരത് പവാർ പാർട്ടി വിട്ടു. 2000 ത്തിലാണ് ജിതേന്ദ്ര പ്രസാദ മത്സരിക്കാനിറങ്ങിയത്. അതും സോണിയഗാന്ധിക്കെതിരെ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും ജിതേന്ദ്ര പ്രസാദ പാടുപെട്ടപ്പോൾ പത്ത് ജൻപഥിൽ പന്തലിട്ടായിരുന്നു സോണിയ ഗാന്ധിക്ക് വേണ്ടി പത്രികകൾ തയ്യാറാക്കപ്പെട്ടത്. ഇന്നത്തെ അതേ ചില നാടകങ്ങളും ആരോപണങ്ങളും അന്നുമുണ്ടായി. വോട്ടർ പട്ടിക ലഭിച്ചില്ല ജിതേന്ദ്ര പ്രസാദയ്ക്ക്. സോണിയ ഗാന്ധിക്കെതിരെ മത്സരിച്ചതിനായിരുന്നു അന്ന് എഐസിസിയുടെ അമർഷം. മത്സരഫലം പുറത്ത് വന്ന ശേഷം ജിതേന്ദ്ര പ്രസാദയ്ക്ക് എഐസിസി ആസ്ഥാനത്തേക്ക് കടക്കാൻ പോലും കഴിഞ്ഞില്ല. ഡൽഹി രാഷ്ട്രീയം അവസാനിപ്പിച്ച് ഉത്തർപ്രദേശിലേക്ക് മടങ്ങേണ്ടി വന്നു അദ്ദേഹത്തിന്.

തോറ്റാൽ മാത്രമല്ല ഈ ഗതി. ഹൈക്കമാന്റ് നേതാക്കളുടെ പിന്തുണയില്ലെങ്കിൽ ജയിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും സാക്ഷാൽ സുഭാഷ് ചന്ദ്ര ബോസിന് പോലും പിടിച്ചു നിൽക്കാനായില്ല. 1939 ൽ ഗാന്ധിജിയേയും നെഹ്റുവിനേയും വെല്ലുവിളിച്ച് സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ചു. പ്രവർത്തക സമിതി പോലും പുനഃസംഘടിപ്പിക്കാൻ കഴിയാതെ ഒരു വർഷം കഴിഞ്ഞ് അദ്ദേഹത്തിന് രാജിവച്ചൊഴിയേണ്ടി വന്നു. 50 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ഉത്തർപ്രദേശ് ഗാന്ധിയെന്നറിയപ്പെടുന്ന പുരുഷോത്തം ദാസ് ടാണ്ഠണിന്റെ ഗതിയും ഏതാണ്ട് ഇത് തന്നെയായിരുന്നു.നെഹ്റുവിന്റെ സ്ഥാനാർത്ഥി ആചാര്യ കൃപലാനിക്കെതിരെയായിരുന്നു പുരുഷോത്തം ദാസിന്റെ വിജയം. ഒരു വർഷത്തിനപ്പുറം നെഹ്റുവിനോട് പടവെട്ടി അദ്ദേഹത്തിനും രാജിവെച്ച് ഒഴിയേണ്ടി വന്നു. പ്രധാനമന്ത്രിയായിരുന്ന നെഹ്റു അതോടെ കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനവും ഏറ്റെടുത്തു.

Shashi Tharoor and t j Sreelal

ഇതിൽ ആരുടെ ഗതിയാകും തരൂരിന് നേരിടേണ്ടി വരിക. തരൂർ പിടിക്കുന്ന വോട്ടിന്റെ കണക്കനുസരിച്ചാകും ആ വിധി. ന്യായീകരണം കൊണ്ട് മറികടക്കാനാകാത്ത വോട്ട് ഈ തെരഞ്ഞെടുപ്പിൽ തരൂർ നേടിയാൽ കോൺഗ്രസ് പ്രവർത്തകരുടെ ആ വിധി ഹൈക്കമാന്റിനും ഒപ്പം നിൽക്കുന്നവർക്കും അംഗീകരിക്കേണ്ടി വരും. തരൂരിന്റെ ശ്രമവും അതിന് തന്നെ. പാർട്ടിയെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള തരൂരിന്റെ നിർദ്ദേശങ്ങൾക്കുള്ള അംഗീകാരമാകും ആ വോട്ട്. അത് കണ്ടില്ലെന്ന് നടിക്കാനോ ആ അംഗീകാരം ലഭിച്ച തരൂരിനെ തളളികളയാനോ അത്ര എളുപ്പം സാധിക്കില്ല. ആ സ്ഥിതി വന്നാൽ തരൂരിനെ സംഘടനാതലത്തിൽ സ്വീകരിക്കേണ്ടി വരും. അദ്ദേഹത്തിന് പുതിയ പ്രസിഡണ്ടിനൊപ്പം സ്ഥാനം നൽകേണ്ടി വരും. പാർട്ടിയുടെ പരമോന്നത സമിതികളിൽ ഉൾപ്പെടുത്തേണ്ടി വരും. അദ്ദേഹത്തിന്റെ നിലപാടുകളും നിർദ്ദേശങ്ങളും കേൾക്കേണ്ടി വരും. ആ നില വന്നാൽ ഇപ്പോഴത്തെ പല നേതാക്കൾക്കും അതുൾക്കൊള്ളാൻ ബുദ്ധിമുട്ടാകും. പ്രത്യേകിച്ച് തരൂരിനെ ഏറ്റവും അധികം വിമർശിക്കുന്ന കേരളത്തിലെ നേതാക്കൾക്ക്. അതൊഴിവാക്കാൻ കൂടിയല്ലെ ഇപ്പോഴേ ചില നേതാക്കൾ ഖാർഗെയ്ക്കൊപ്പം നടക്കുന്നതും ഖാർഗെയ്ക്ക് വേണ്ടി പറയുന്നതും. രാഹുലിനൊപ്പം നടക്കുന്നവർക്ക് തൽക്കാലം ഖാർഗയ്ക്ക് വേണ്ടി പരസ്യമായി ഇറങ്ങാൻ സാധിക്കില്ല. എഐസിസി നിലപാട് തടസമാകും. ആ അവസരം കൂടി മുതലെടുക്കുക എന്ന ഉദ്ദേശവും ഖാർഗെയ്ക്കൊപ്പം നടക്കാൻ തിടുക്കം കാണിക്കുന്ന നേതാക്കൾക്കുണ്ട്.

ശശി തരൂർ പരാജയപ്പെട്ടാലും അദ്ദേഹം ഉയർത്തി കൊണ്ട് വന്ന വിഷയങ്ങളുടെ പ്രസക്തി നഷ്ടപ്പെടില്ല. അധികാര വികേന്ദ്രീകരണമെന്ന തരൂരിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞ് ഹൈക്കമാന്റ് തിട്ടൂരവുമായി ഇനി കോൺഗ്രസിന് അധികം മുന്നോട്ട് പോകാനാകില്ല. ചെറുപ്പക്കാരെങ്കിലും അതിനെ ചോദ്യം ചെയ്യും. അതിനുള്ള ആത്മവിശ്വാസവും ധൈര്യവുമാണ് ഈ പോരാട്ടത്തിലൂടെ തരൂർ പകർന്ന് നൽകിയിരിക്കുന്നത്. ജിതേന്ദ്ര പ്രസാദയെ പോലെ തരൂരിനെ ഡൽഹിയിൽ നിന്ന് പുറത്താക്കാനാകില്ല. അങ്ങനെയുണ്ടായാൽ ശശി തരൂർ കോൺഗ്രസ് പ്രസിഡണ്ടാകുന്നതിനെക്കാൾ വലിയ വാർത്തയാകും അത്തരം ശിക്ഷണ നടപടികൾ. ജിതേന്ദ്രപ്രസാദയെ പോലെ നാട്ടിൽ പോയി ഒളിക്കേണ്ട ഗതികേട് തരൂരിനും വരില്ല. ഇപ്പോൾ തന്നെ തരൂരിനെ ലക്ഷ്യമിട്ട് പാർട്ടികൾ വട്ടം പറക്കുന്നുണ്ട്. ഡൽഹിയും പഞ്ചാബും പിടിച്ചവരാണ് ഒരു ഭാഗത്തെങ്കിൽ നിലവിലെ തട്ടകം തന്നെ തളികയിൽ നീട്ടി സിന്ദാബാദ് വിളിക്കാൻ തയ്യാറെടുത്ത് നിൽക്കുന്നവർ മറുഭാഗത്തുണ്ട്. ഏത് വേണമെന്ന് തരൂരിന് തീരുമാനിക്കാം. പാർട്ടിയെ രക്ഷിക്കാൻ ജനാധിപത്യത്തിലൂടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനിറങ്ങിയിട്ട് ഉള്ളതും ഉത്തരത്തിലിരുന്നതും പോയ അവസ്ഥയിലാകും കോൺഗ്രസും പുതിയ പ്രസിഡണ്ടും.

Leave a comment