TMJ
searchnav-menu
post-thumbnail

Outlook

യൂറോപ്പിലേക്കുള്ള ഗ്യാസ് പൈപ്പ്ലൈന്‍ റഷ്യ അടയ്ക്കുമോ ?

31 Mar 2022   |   1 min Read
കെ പി സേതുനാഥ്

യൂറോപ്പിനുളള പ്രകൃതിവാതക വിതരണം റഷ്യ നാളെ മുതല്‍ (ഏപ്രില്‍ 1-മുതല്‍) നിര്‍ത്തലാക്കുമോയെന്ന ചോദ്യം അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയില്‍ കുറച്ചു ദിവസങ്ങളായി തങ്ങി നല്‍ക്കുന്നു. റഷ്യ കയറ്റുമതി ചെയ്യുന്ന പെട്രോളിയം എണ്ണക്കും, പ്രകൃതി വാതകത്തിനുമുള്ള വില ഏപ്രില്‍ 1- മുതല്‍ റഷ്യന്‍ കറന്‍സിയായ റൂബിളില്‍ വേണമെന്ന റഷ്യന്‍ തീരുമാനമാണ് ഈ ചോദ്യത്തിന്റെ അടിസ്ഥാനം. റഷ്യക്ക് ഹിതകരമല്ലാത്തതും, ശത്രുതാപരവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രാജ്യങ്ങള്‍ക്കാണ് ഈ തീരുമാനം ബാധകം. മാര്‍ച്ച് 31-കഴിഞ്ഞാല്‍ വില റൂബിളില്‍ തരണമെന്ന തീരുമാനത്തില്‍ റഷ്യ ഉറച്ചു നിന്നാല്‍ യൂറോപ്പ് കടുത്ത പ്രതിസന്ധിയിലാകും. റഷ്യയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞയാഴ്ച തീരുമാനമെടുത്തുവെങ്കിലും റഷ്യ കടുത്ത നടപടികള്‍ സ്വീകരിക്കാതിരിക്കുവാന്‍ യൂറോപ്പിലെ മുന്‍നിര രാജ്യങ്ങള്‍ ബദ്ധശ്രദ്ധരാണ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമാന്വേല്‍ മാക്രോണും, ജര്‍മന്‍ ചാന്‍സലര്‍ ഒലാ ഷോള്‍സും റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമീര്‍ പുടിനുമായി ഇക്കാര്യത്തില്‍ ചൊവ്വാഴ്ചയും, ബുധനാഴ്ചയും നടത്തിയ ടെലിഫോണ്‍ സംഭാഷണം വിഷയത്തിന്റെ അടിയന്തര സ്വഭാവം വ്യക്തമാക്കുന്നു. ഇറ്റലി പ്രധാനമന്ത്രിയും പുടിനുമായി സംസാരിച്ചിരുന്നു. യൂറോപ്പിനാവശ്യമുള്ള പ്രകൃതി വാതകത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്ന റഷ്യ തങ്ങളുടെ വാതകക്കുഴലുകള്‍ പൂട്ടിയാല്‍ യൂറോപ്പിലെ സാമൂഹ്യ-സാമ്പത്തിക ജീവിതം വഴിയാധാരമാകും. ലോകത്തിലെ ഇന്ധനവില ഇതുവരെ കാണാത്ത ഉയരങ്ങളിലെത്തും. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 200 ഡോളര്‍ ആകുമെന്ന് കണക്കുക്കൂട്ടുന്ന ഊഹക്കച്ചവടക്കാരും കുറവല്ല. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് എണ്ണയുടെയും, വാതകത്തിന്റെയും വില റൂബിളില്‍ തരണമെന്ന ആവശ്യം റഷ്യ മുന്നോട്ടു വയ്ക്കുന്നത്.

യുക്രൈനിലെ അധിനിവേശത്തിനെ തുടര്‍ന്ന് റഷ്യക്കെതിരായി പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള റഷ്യയുടെ മറുമരുന്നാണ് റൂബിളില്‍ വില നല്‍കണമെന്ന തീരുമാനം. ഉപരോധത്തിന്റെ ഭാഗമായി ബാങ്ക് ഓഫ് റഷ്യയുടെ വിദേശ നാണയ ശേഖരം മരവിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് പെട്രോളിയം എണ്ണയുടെയും, വാതകത്തിന്റെയും വില റൂബിളില്‍ ഈടാക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടതെന്ന റഷ്യയുടെ വാദം എളുപ്പം തള്ളിക്കളയാവുന്നതല്ല. യൂറോയിലും, ഡോളറിലുമായിരുന്നു എണ്ണ-പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ സാധാരണഗതിയില്‍ വില നല്‍കിയിരുന്നത്. വിദേശ നാണയ ശേഖരം മരവിപ്പിച്ചുവെങ്കിലും പെട്രോളിയം ഉല്‍പ്പന്നങ്ങളെയും, പ്രകൃതി വാതകത്തെയും ഉപരോധത്തിന്റെ പരിധിയില്‍ നിന്നും ഒഴിച്ചു നിര്‍ത്തിയതു വഴി റഷ്യയില്‍ നിന്നുളള ഈ ഉല്‍പ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കാമെന്നതായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ കണക്കൂകൂട്ടല്‍. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇന്ധന ആശ്രിതത്വം തിരിച്ചറിഞ്ഞ റഷ്യ റൂബിളില്‍ വില നല്‍കണമെന്ന തീരുമാനത്തോടെ ഈ കണക്കുകൂട്ടലിനെ തെറ്റിക്കുകയായിരുന്നു. യൂറോപ്യന്‍ നേതാക്കളുമായുള്ള സംഭാഷണത്തില്‍ പുടിന്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശം യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വാതകത്തിന്റെ വില യൂറോയിലോ ഡോളറിലോ റഷ്യയുടെ Gazprombank-ന് നല്‍കുക. Gazprombank മുന്‍കൂട്ടി നിശ്ചയിച്ച നിരക്കില്‍ അത് റൂബിളിലേക്ക് കണ്‍വേര്‍ട്ട് ചെയ്യും. റൂബിളിലേക്കുള്ള കൈമാറ്റത്തെ പറ്റി റഷ്യന്‍ പ്രസിഡണ്ട് മുന്നോട്ടു വച്ച പ്രക്രിയയുമായി യോജിപ്പില്ലെന്നും അത് സംബന്ധിച്ച വിവരം എഴുതി തയ്യാറാക്കണമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളിലെയും വിദഗ്ധരെ അതിന് ചുമതലപ്പെടുത്തിയിരിക്കുകയാണ്.

യൂറോപ്പിലേക്കുള്ള വാതക വിതരണം റഷ്യ ഒറ്റയടിക്ക് നിര്‍ത്തലാക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മുകളില്‍ വിവരിച്ച സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അതേ സമയം ഇന്ധനത്തെ മുന്‍നിര്‍ത്തി വില പേശാനുള്ള തങ്ങളുടെ ശേഷി ഒട്ടും കുറച്ചു കാണേണ്ടതില്ലെന്നും വ്യക്തമായ സന്ദേശം റഷ്യ നല്‍കുന്നു. എണ്ണ-പ്രകൃതി വാതകത്തിന് പുറമെ റഷ്യയോട് സൗഹൃദകരമല്ലാത്ത സമീപനം സ്വീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നും ധാന്യങ്ങളുടെ കയറ്റുമതി വിലയും റൂബിളില്‍ തരണമെന്ന ആവശ്യം സജീവ പരിഗണനയിലാണെന്ന് റഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇന്ധനാവശ്യത്തിനായി റഷ്യയെ അമിതമായി ആശ്രയിക്കുന്ന സ്ഥിതിവിശേഷം 2030-ഓടെ അവസാനിപ്പിക്കുമെന്നും ഇക്കൊല്ലം തന്നെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി മൂന്നില്‍ രണ്ടായി കുറയ്ക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അവകാശപ്പെടുന്നുവെങ്കിലും അതത്ര എളുപ്പമായിരിക്കില്ലെന്നു കണക്കാക്കപ്പെടുന്നു. ഉപഭോഗം നിയന്ത്രിക്കുകയും എല്‍എന്‍ജി ഇറക്കുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ് ഒരു പോംവഴി. ഖത്തറും, അമേരിക്കയുമടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് മറ്റൊരു മാര്‍ഗ്ഗം. എന്നാല്‍ റഷ്യക്കാര്‍ നല്‍കുന്നതില്‍ നിന്നും വളരെ ഉയര്‍ന്ന വില അതിന് നല്‍കേണ്ടി വരും. യൂറോപ്പ് എല്‍എന്‍ജി വിപണയില്‍ ഇറങ്ങുന്നതോടെ അതിന്റെ വില ഗണ്യമായി ഉയരുമെന്നും അത് സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും കരുതപ്പെടുന്നു. റഷ്യയില്‍ നിന്നും ദിവസവും 200 മില്യണ്‍ മുതല്‍ 800 മില്യണ്‍ യൂറോക്കുളള വാതകമാണ് യൂറോപ്പ് വാങ്ങുന്നത്. അത്രയും ഭീമമായ വരുമാനം ഉപേക്ഷിക്കുവാന്‍ റഷ്യക്ക് കഴിയില്ലെന്നും അതുകൊണ്ടു കടുത്ത തീരുമാനങ്ങള്‍ റഷ്യ കൈക്കൊള്ളില്ലെന്നും കരുതപ്പെടുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ-വാതക വിതരണം യൂറോപ്പില്‍ ദീര്‍ഘകാലം തടസ്സപ്പെടുന്ന പക്ഷം ആഗോളതലത്തില്‍ കനത്ത ഊര്‍ജ്ജ പ്രതിസന്ധിയുണ്ടാവുമെന്ന് കണക്കാക്കപ്പെടുന്നു. പ്രകൃതി വാതകം ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യവും അസംസ്‌കൃത എണ്ണയുടെ കാര്യത്തില്‍ സൗദി അറേബ്യ കഴിഞ്ഞാല്‍ കയറ്റുമതിയില്‍ രണ്ടാം സ്ഥാനവുമുള്ള റഷ്യയില്‍ നിന്നുള്ള വിതരണം വിപണിയില്‍ നിന്നും പെട്ടെന്നു അപ്രത്യക്ഷമായാല്‍ പകരം സപ്ലൈ എവിടെ നിന്നാണെന്ന വിഷയം പെട്ടെന്നു പരിഹരിക്കാവുന്നതല്ല. തന്ത്രപരമായി സുപ്രധാനങ്ങളെന്നു കരുതപ്പെടുന്ന എണ്ണ -പ്രകൃതി വാതകം പോലുള്ള വിഭവങ്ങള്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെ രൂപവും, ഭാവവും രൂപപ്പെടുത്തുന്നതില്‍ ഇപ്പോഴും നിര്‍ണ്ണായക പങ്ക് വഹിക്കുന്നുവെന്ന് റൂബിളില്‍ വില നല്‍കണമെന്ന റഷ്യയുടെ ആവശ്യം വെളിപ്പെടുത്തുന്നു.

യുക്രൈന്‍ അധിനിവേശം അവസാന ഘട്ടത്തിലെത്തിയെന്നു അനുമാനത്തെ ഏതാണ്ട് ശരിവെക്കുന്നതരത്തിലുള്ള സൂചനകളാണ് തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകള്‍ നല്‍കുന്നത്. ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ചുള്ള ഉത്ക്കണ്ഠകളെ ശമിപ്പിക്കുവാന്‍ സഹായിക്കുന്നതാണ് പ്രസ്തുത സൂചനകള്‍. എന്നാല്‍ പ്രത്യക്ഷത്തിലുള്ള യുദ്ധം അവസാനിക്കുന്നതോടെ യുക്രൈന്‍ അധിനിവേശം സൃഷ്ടിച്ച പ്രതിസന്ധികള്‍ അവസാനിക്കുമെന്നു കരുതാനാവില്ല. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ അന്താരാഷ്ട്ര നിയമത്തില്‍ എമിററ്റസ് പ്രൊഫസറായ റിച്ചാര്‍ഡ് ഫ്രാങ്കിന്റെ അഭിപ്രായത്തില്‍ യുക്രൈന്‍ യുദ്ധത്തെ രണ്ടു തലങ്ങളില്‍ വീക്ഷിക്കണം. റഷ്യ സൈനികമായി യുക്രൈനില്‍ പ്രത്യക്ഷത്തില്‍ നടത്തിയ അധിനിവേശം ഒരു തലം. അമേരിക്കയും റഷ്യയും തമ്മിലുള്ള ശാക്തിക മത്സരത്തിന്റെ ഭാഗമായ അദൃശ്യയുദ്ധമാണ് രണ്ടാമത്തെ തലം. പ്രത്യക്ഷത്തിലുള്ള യുദ്ധം അവസാനിക്കുമെങ്കിലും രണ്ടാമതു പറഞ്ഞ അദൃശ്യ യുദ്ധം കൂടുതല്‍ രൂക്ഷതയോടെ വരും ദിവസങ്ങളില്‍ ദൃശ്യമാകുന്നതിനുള്ള സാധ്യതകളാണ് ആഗോളതലത്തിലെ പ്രധാന വ്യാകുലത. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമായിരുന്നു റഷ്യന്‍ അധിനിവേശമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ റഷ്യയെ അധിനിവേശത്തിലേക്കു നയിച്ച സംഭവപരമ്പരകളും സാഹചര്യങ്ങളും അതുപോലെ നിലനില്‍ക്കുന്നതാണ് അപ്രത്യക്ഷ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നതിനുള്ള കാരണം. പുതിയ ശീതയുദ്ധമെന്ന പേരില്‍ അറിയപ്പെടുന്ന വര്‍ത്തമാന കാലത്തെ ഭൗമരാഷ്ട്രീയത്തിന്റെ അതിരുകള്‍ വ്യക്തമായി തെളിഞ്ഞുവെന്നതാണ് യുക്രൈന്‍ യുദ്ധത്തിന്റെ അടിയന്തിര പ്രാധാന്യം.

ആഗോളതലത്തില്‍ രാഷ്ട്രീയ-സാമ്പത്തിക-സൈനിക മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ശാക്തിക ചേരികളുടെ പുനക്രമീകരണമാണ് പഴയതു പോലെ പുതിയ ശീതയുദ്ധത്തിന്റെയും ഗതിവിഗതികളെ നിര്‍ണ്ണയിക്കുക. അമേരിക്കയും യൂറോപ്പും ജപ്പാനും ചേര്‍ന്ന പാശ്ചാത്യ സഖ്യം ഒരു ഭാഗത്തും റഷ്യ-ചൈന സഖ്യം മറുഭാഗത്തുമെന്ന നിലയില്‍ ആഗോളതലത്തിലെ ഭൗമരാഷ്ട്രീയത്തിന്റെ അക്ഷാംശവും രേഖാംശവും രൂപപ്പെടുന്നതിന്റെ വിവരണങ്ങള്‍ ഇപ്പോള്‍ വേണ്ടത്ര ലഭ്യമാണ്. ശാക്തിക ചേരികള്‍ തങ്ങളുടെ നീതീകരണത്തിനായി മെനയുന്ന യുക്തികള്‍ അതേ പോലെ പിന്‍പറ്റുന്ന രീതിശാസ്ത്രത്തിന്റെ കാര്യത്തില്‍ പുതിയ ശീതയുദ്ധ കാലത്തിലും മാറ്റമൊന്നുമില്ലെന്നു മാത്രമല്ല ഇന്‍ഫര്‍മേഷന്‍ തന്നെ ആയുധമാവുന്ന (weaponisation of information) സ്ഥിതിവിശേഷം കൂടി ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്നു. യുക്രൈന്‍ യുദ്ധത്തെ പറ്റിയുള്ള വാര്‍ത്തകളിലും, വീക്ഷണങ്ങളിലും നിറഞ്ഞു നിന്ന വ്യാഖ്യാനങ്ങള്‍ അതിന്റെ വ്യക്തമായ തെളിവുകളായിരുന്നു. യുക്രൈന്‍ യുദ്ധത്തെ പറ്റി മാത്രമല്ല പുതിയ ശീതയുദ്ധത്തിന്റെ നാള്‍വഴികളെ പറ്റി നാം സ്വരൂപിക്കുന്ന അല്ലെങ്കില്‍ എത്തിപ്പെടുന്ന വീക്ഷണങ്ങളും, അഭിപ്രായങ്ങളും, പരിപ്രേക്ഷ്യങ്ങളും അതാത് ശാക്തിക ചേരികളുടെ നീതീകരണത്തിനായി നിരന്തരം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന യുക്തികളുടെ കറ പുരണ്ടതായിരിക്കുമെന്ന കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായിരിക്കുന്നു. പ്രകടമായ രാഷ്ട്രീയ-സാമ്പത്തിക-സൈനിക പക്ഷപാതങ്ങള്‍ പേറുന്ന ആഗോള ഇന്‍ഫര്‍മേഷന്‍ ശൃംഖലകള്‍ നല്‍കുന്ന വിവരങ്ങളുടെ ഏകപക്ഷീയതകളെ ഒട്ടും അവഗണിക്കാവുന്നതല്ല. ഇന്‍ഫര്‍മേഷന്‍ ശൃംഖലകളുടെ മേഖലയില്‍ അസാധാരണമായ കുത്തകാധിപത്യം പുലര്‍ത്തുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ ഉള്ളടക്കത്തിലെ പ്രകടമായ പക്ഷപാതവും ബോധപൂര്‍വ്വമായ നുണപ്രചാരണവും മറികടന്നു വേണം ലോകഗതിയെ പറ്റിയുള്ള നിഗമനങ്ങള്‍ രൂപപ്പെടുത്താനാവുകയെന്ന് റഷ്യയുടെ 'റൂബിള്‍ നീക്കം' ഓര്‍മ്മപ്പെടുത്തുന്നു. സാമ്പത്തിക ഉപരോധം റഷ്യയെ അതിവേഗം പാപ്പരാക്കുമെന്ന വീക്ഷണങ്ങള്‍ അതിശയോക്തി നിറഞ്ഞതായിരുന്നുവെന്നും ഇപ്പോള്‍ വ്യക്തമാവുന്നു.

Leave a comment