TMJ
searchnav-menu
post-thumbnail

Outlook

ഗവർണർ ജയിക്കുമോ, ഈ അതിര് വിട്ടുള്ള കളിയിൽ ?

19 Sep 2022   |   1 min Read
ടി ജെ ശ്രീലാൽ

സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധിയുണ്ടാകുന്ന തലത്തിലേക്ക് വളരുകയാണോ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പരസ്യ പോര്? ഓരോ മിനുട്ടിലും അത് മുറുകുകയാണ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലായിട്ടല്ല ഇതിനെ കാണേണ്ടത്. കേന്ദ്രസർക്കാർ നിയമിച്ച ഭരണഘടന പ്രതിനിധിയും സംസ്ഥാനം ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരും തമ്മിലുള്ള പോരാട്ടമായിട്ട് വേണം കാണാൻ. ഈ പോരാട്ടത്തിൽ ആരു ജയിക്കും എന്നതാണ് സാധാരണക്കാരന്റെ മനസിലുള്ള ചോദ്യം. അതിനുത്തരമില്ല. ചില പോരാട്ടങ്ങൾ ഫലത്തിന്റെ അടിസ്ഥാനത്തിൽ വിജയിയെ തീരുമാനിക്കാനുള്ളതല്ല. പ്രത്യേകിച്ച് നിലപാടുകളുടേയും പ്രത്യയശാസ്ത്രത്തിന്റെയും പേരിലുള്ള രാഷ്ട്രീയ പോരാട്ടങ്ങൾ. ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള പോരാട്ടം ആദ്യമായി സംഭവിക്കുന്ന സംസ്ഥാനമല്ല കേരളം. കേന്ദ്രവും സംസ്ഥാനവും രണ്ട് പാർട്ടികൾ ഭരിക്കുന്നിടത്തെല്ലാം അത് തുടർന്നുകൊണ്ടേയിരിക്കും.

കേരളത്തിലെ പോര്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനം തുടങ്ങിയിട്ട് നാളുകളായി. പക്ഷെ കഴിഞ്ഞ ദിവസം വരേയും മുഖ്യമന്ത്രി ഇതിനെതിരെ സ്വരം കടുപ്പിച്ചിരുന്നില്ല. എന്തുകൊണ്ടാണ് വാർത്താസമ്മേളനം വിളിച്ച് ഗവർണർക്കെതിരെ അദ്ദേഹം പറഞ്ഞതിലും കടുത്ത ഭാഷയിൽ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. അത് ഇടത് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ്. ഗവർണറുടെ വിമർശനം മുഖ്യമന്ത്രിക്കെതിരെ നീണ്ടത് കൊണ്ടാണ് അദ്ദേഹം ഇത്ര പരുഷമായി കടന്നാക്രമിച്ചതെന്നാണ് ഒരു വിലയിരുത്തൽ. ഒരുപക്ഷെ അതും കാരണമായിട്ടുണ്ടാകാം. എന്നാൽ വ്യക്തിപരമായ അത്തരം ആക്ഷേപങ്ങൾക്കപ്പുറം നിൽക്കുന്ന രാഷ്ട്രീയ കാരണം ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഗവർണർ മയപ്പെടുമെന്നും സംസ്ഥാന നിയമസഭ പാസാക്കിയ സർവ്വകലാശാല നിയമവും ലോകായുക്ത നിയമവും അദ്ദേഹം ഒപ്പിടുമെന്നും സർക്കാർ ഒരിക്കൽ പോലും കരുതിയിരുന്നില്ല എന്ന് പറയുന്നതാകും ശരി. അത് തിരിച്ചറിഞ്ഞ് തന്നെയാണ് ഈ ബില്ലുകൾ സർക്കാർ സഭയിൽ കൊണ്ട് വന്ന് പാസാക്കിയത്. ഗവർണറുടെ അനുമതി കൂടി ലഭിക്കാതെ ഈ ബില്ലുകൾ നിയമമാകില്ല. അതും വ്യക്തമാണ്. എന്നിട്ടും എന്ത് കൊണ്ട് സർക്കാർ മുന്നോട്ട് പോയി എന്നതിലാണ് ഇപ്പോഴത്തെ ഈ പോരിലെ രാഷ്ട്രീയം.

സംസ്ഥാനത്ത് ദുർബലരായ ബിജെപിയോട് ഏറ്റുമുട്ടിയിട്ട് കാര്യമില്ല. അതുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ സംസ്ഥാനത്തെ പ്രതിനിധിയോട് തന്നെ നേരിട്ട് കൊമ്പ് കോർത്തത്. ഇതിലൂടെ കേന്ദ്രസർക്കാരിനോട് ഭരണഘടനപരമായ ഏറ്റുമുട്ടലിന് തുടക്കമിടുകയാണ് സംസ്ഥാന സർക്കാരും സിപിഎമ്മും.

സംസ്ഥാന സർക്കാരിനെ മുന്നിൽ നിറുത്തി ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ സിപിഎം പുതിയ പോർമുഖം തുറക്കുകയാണ്. ബംഗാളിൽ മമത ബാനർജി സ്വീകരിച്ച അതേ തന്ത്രം. അതിന് കാരണമൊരുക്കിയതാണ് ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ. പ്രത്യേകിച്ച് സർവ്വകലാശാലകളുടെ ചാൻസിലറായ ഗവർണറുടെ അധികാരം വെട്ടികുറയ്ക്കുന്ന ബില്ല്. സഭ പാസാക്കിയ നിയമങ്ങൾ ഗവർണർ പിടിച്ചു വച്ചാലും ഒപ്പിട്ടാലും സർക്കാരിന് അത് രാഷ്ട്രീയമായി ഗുണം ചെയ്യുന്നതാകും. സംസ്ഥാനത്ത് ദുർബലരായ ബിജെപിയോട് ഏറ്റുമുട്ടിയിട്ട് കാര്യമില്ല. അതുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ സംസ്ഥാനത്തെ പ്രതിനിധിയോട് തന്നെ നേരിട്ട് കൊമ്പ് കോർത്തത്. ഇതിലൂടെ കേന്ദ്രസർക്കാരിനോട് ഭരണഘടനപരമായ ഏറ്റുമുട്ടലിന് തുടക്കമിടുകയാണ് സംസ്ഥാന സർക്കാരും സിപിഎമ്മും.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നത് ഗവർണർ നീട്ടികൊണ്ട് പോകാം. ഒരുപക്ഷെ അടുത്തെങ്ങും അദ്ദേഹം അത് തിരിച്ചയക്കുക പോലും ചെയ്യില്ല. വേണമെങ്കിൽ രാഷ്ട്രപതിക്കും അയക്കാം. ഇങ്ങനെ എത്രനാൾ ഗവർണർ ഈ നടപടി നീട്ടികൊണ്ട് പോകുമോ അത്രയും നാൾ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിനെതിരെയുള്ള ഏറ്റുമുട്ടലും നീട്ടിക്കൊണ്ട് പോകാം. സംസ്ഥാനങ്ങളുടെ അധികാരത്തിൽ ഗവർണറെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കാം. പ്രക്ഷോഭങ്ങൾ നടത്താം. ഈ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംസ്ഥാന വ്യാപകമാക്കി ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കാം. ഭരണവും സമരവും ഒരുമിച്ച്. പക്ഷം പിടിക്കാൻ കഴിയാതെ പ്രതിപക്ഷത്തിന് നോക്കി നിൽക്കേണ്ടി വരും. സിപിഎമ്മിനെ അനുകൂലിക്കാനോ ഗവർണറെ എതിർക്കാനോ കഴിയാത്ത സാഹചര്യത്തിലേക്ക് കോൺഗ്രസിനെ തള്ളിവിടാമെന്ന ബോണസ് കൂടിയുണ്ട് ഈ നീക്കത്തിന്. കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും സംസ്ഥാന സർക്കാരിനേയും സിപിഎമ്മിനേയും വിമർശിച്ച് മാറി നിൽക്കാനാകും. പക്ഷെ സർക്കാരും ഗവർണറും തമ്മിലുള്ള നാടകമാണെന്ന് പരിഹസിച്ച് യുഡിഎഫിലെ ഘടകകക്ഷികൾക്ക് എത്രനാൾ മാറി നിൽക്കാനാകും? പ്രത്യേകിച്ച് മുസ്ലീംലീഗിന്. ഗ്യാൻവ്യാപി പള്ളി തർക്കം പോലുള്ള വിഷയങ്ങൾ ദേശീയതലത്തിൽ ഉയരുമ്പോൾ കേന്ദ്രസർക്കാരിനെതിരെയുള്ള ഇടത് പ്രക്ഷോഭം എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും അവർക്ക്. ഗവർണറുടെ പക്ഷം പിടിച്ച് ബിജെപി സംസ്ഥാനഘടകം രംഗത്ത് വന്നതും ലീഗിന് മേൽ രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിക്കും.

Photo: pti

ആര് നേടി?

മുഖ്യമന്ത്രിയും ഗവർണറും പരസ്പരം ഉന്നയിച്ച ആരോപണങ്ങളിൽ തന്നെ ഇതിന് മറുപടിയുണ്ട്. ഈ ഏറ്റുമുട്ടൽ പരസ്യമായതോടെ തന്നെ ഇതിൽ കക്ഷികളായ സർക്കാരും ഗവർണറും വിജയിച്ചു എന്നതാണ് ആരോപണങ്ങൾ തെളിയിക്കുന്നത്. സർക്കാരിനെ വിമർശിക്കുന്നതിലൂടെ ഗവർണർക്ക് എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം, മുന്നിൽ നിൽക്കുന്നത് ഗവർണറാണെങ്കിലും പിന്നിൽ യജമാനൻമാരായി കേന്ദ്രസർക്കാരും ബിജെപി കേന്ദ്രനേതാക്കളുമുണ്ട് എന്ന ആരോപണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്രപ്രതിനിധിയായ ഗവർണര്‍മാർ നടത്തിയെടുത്തത് പോലെ കേരളത്തിലും സംസ്ഥാന സർക്കാരിനെതിരെ ഏറ്റുമുട്ടൽ തുടങ്ങാനും അതിന് മുഖ്യമന്ത്രിയെ തന്നെ രംഗത്തിറക്കാനും ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞു. ഇങ്ങനെ രണ്ട് കൂട്ടർക്കും ജയം അവകാശപ്പെടാം.

ഏങ്ങനെ അവസാനിക്കും?

കാത്തിരുന്ന് കാണേണ്ട കാര്യം എന്നതിനപ്പുറത്തേക്ക് ഇപ്പോൾ ഈ ചോദ്യത്തിന് മറുപടിയില്ല. ചാൻസിലറായ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി കൊണ്ട് വന്ന ആദ്യ സംസ്ഥാനമല്ല കേരളം. മഹാരാഷ്ട്രയും തമിഴ്‌നാടും വൈസ് ചാൻസിലറെ തീരുമാനിക്കാനുള്ള ഗവർണറുടെ അധികാരം എടുത്ത് കളയുന്ന നിയമം പാസാക്കിയ സംസ്ഥാനങ്ങളാണ്. ഒരുപടി കൂടി കടന്ന് ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിയെ സ്ഥാപിച്ചു ബംഗാളിലെ മമത സർക്കാർ. 2021 ഡിസംബറിലാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ വൈസ് ചാൻസിലർമാരെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം റദ്ദാക്കി നിയമം പാസാക്കിയത്. നാല് മാസം കഴിഞ്ഞപ്പോൾ ഗവർണർ ഭഗത് സിങ് കോശിയാരി സംസ്ഥാന നിയമം രാഷ്ട്രപതിക്ക് അയച്ചു. ഏപ്രിൽ മാസത്തിലാണ് തമിഴ്‌നാട് ഈ നിയമം പാസാക്കിയത്. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ രവി തീരുമാനം എടുത്തില്ല എന്ന് മാത്രമല്ല, കഴിഞ്ഞ മാസം മൂന്ന് സർവ്വകലാശാലകളിൽ പുതിയ വൈസ് ചാൻസിലർമാരെ നിയമിക്കുകയും ചെയ്തു. നീറ്റ് പരീക്ഷയ്‌ക്കെതിരെ തമിഴ്‌നാട് നിയമസഭ പാസാക്കിയ നിയമത്തിന്റെയും ഗതി ഇതു തന്നെ. ഫെബ്രുവരി ഒന്നിനാണ് നീറ്റ് പരീക്ഷയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കുന്ന നിയമം തമിഴ്‌നാട് നിയമസഭ പാസാക്കിയത്. ഫെബ്രുവരി 8 ന് ഗവർണർ ബില്ല് തിരിച്ചയച്ചു. സർക്കാർ അത് ഗവർണർക്ക് വീണ്ടും അയച്ചു. ഗവർണർ നിയമം രാഷ്ട്രപതിക്ക് അയച്ചു. ആ നിയമത്തിന്റെ ആയുസ് ഇനി രാഷ്ട്രപതി തീരുമാനിക്കും. ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഗവർണറായിരിക്കുമ്പോഴാണ് കഴിഞ്ഞ ജൂണിൽ പശ്ചിമബംഗാൾ നിയമസഭ മുഖ്യമന്ത്രിയെ ചാൻസിലറാക്കി കൊണ്ട് നിയമ നിർമ്മാണം നടത്തിയത്. എന്നാൽ ജൂലൈയിൽ ഗവർണർ ബില്ല് തിരിച്ചയച്ചു. പിന്നാലെ ചില സർവ്വകലാശാലകളിൽ വൈസ് ചാൻസിലർമാരെ നിയമിച്ച ശേഷം ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി സംസ്ഥാനം വിട്ടു. കേരള നിയമസഭ പാസാക്കിയ സർവ്വകലാശാല ഭേദഗതി നിയമത്തിനും ഈ വഴികളിലൂടെ തന്നെയാകും സഞ്ചരിക്കേണ്ടി വരിക. അതുകൊണ്ടാണ് കാത്തിരുന്നു കാണാമെന്ന് പറഞ്ഞത്.

photo: wiki commons

ഗവർണറും അധികാരവും

ഭരണഘടന പദവിയാണെങ്കിലും അളവില്ലാത്ത അധികാരങ്ങളൊന്നും ഗവർണർക്കില്ല. ഗവർണർക്കെന്ന് മാത്രമല്ല രാഷ്ട്രപതിക്ക് പോലും അത്തരം അധികാരങ്ങളില്ല. കുറ്റവാളികൾക്ക് മാപ്പ് നൽകുന്നതും വൈസ് ചാൻസിലർമാരെ നിയമിക്കുന്നതുമടക്കം അധികാരമുളള കാര്യങ്ങളിൽ പോലും ഗവർണർമാർക്ക് സ്വന്തം നിലയ്ക്ക് നടപടി സ്വീകരിക്കാനാകില്ല. സംസ്ഥാന സർക്കാരുകളുടെ ശുപാർശ പരിഗണിക്കണം. അത് മറികടന്ന് ഗവർണർ തീരുമാനം എടുത്താൽ അദ്ദേഹം ആശ്രയിച്ച സാഹചര്യങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാം. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടോ, നീതി തത്വങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളടക്കം പരിശോധിക്കപ്പെടും. വരുതിയിൽ നിൽക്കാത്ത സംസ്ഥാന സർക്കാരുകളെ ഗവർണറുടെ റിപ്പോർട്ടിന്റെ ബലത്തിൽ പിരിച്ചു വിട്ടിരുന്ന രാഷ്ട്രീയം അവസാനിച്ചത് പോലും ഇത്തരത്തിൽ കോടതിയിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ്.

1989ൽ കർണാടകയിലെ എസ്.ആർ ബൊമ്മെ സർക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. അഞ്ച് വർഷം കഴിഞ്ഞ് സുപ്രീംകോടതി ചരിത്രത്തിൽ ഇടംപിടിച്ച വിധിയിലൂടെ ഈ നടപടി അസാധുവാക്കി. ഇതോടെയാണ് ഗവർണർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചട്ടം 356ന്റെ ദുരുപയോഗം ഇല്ലാതെയായത്. ഗവർണർമാർ അടിയറവ് പറഞ്ഞ സംഭവങ്ങൾ വേറെയുമുണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിൽ സ്ത്രീകൾക്ക് നേരെ അതിക്രമം വർധിക്കുന്നത് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് ഗവർണർ ഭഗത് സിങ് കോശിയാരി നിർദ്ദേശിച്ചു. പ്രതിപക്ഷത്തുള്ള ബിജെപിയുടെ ആവശ്യപ്രകാരമാണ് ഗവർണർ ഈ നിർദ്ദേശം സർക്കാരിന് നൽകിയത്. ഇതിന് ഇക്കാര്യം ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെടാനായിരുന്നു മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മറുപടി. ഉദ്ദവ് താക്കറെ നിയമസഭ കൗൺസിൽ അംഗമാകുന്നത് തടയാൻ അഞ്ച് മാസം വരെ നിയമസഭ കൗൺസിൽ തിരഞ്ഞെടുപ്പ് നീട്ടിയ ഗവർണർക്ക് കോടതി ഇടപെടൽ ഉണ്ടാകുമെന്ന ഘട്ടം വന്നപ്പോൾ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാർശ ചെയ്യേണ്ടി വന്നതും മറക്കാറായിട്ടില്ല.

സംസ്ഥാന സർക്കാരുകൾ അതിരുകടക്കാതിരിക്കാൻ ഗവർണർ പദവി പോലെ ഒരു ഭരണഘടന സ്ഥാനം വേണ്ടത് തന്നെയാണ്. പക്ഷെ അവർക്ക് കോളോണിയൽ നിയമത്തിലെ അധികാരങ്ങൾ വേണോ എന്ന് പരിശോധിക്കപ്പെടണം. ഗവർണറും സംസ്ഥാന സർക്കാരും ഒന്നിച്ച് പോകണമെങ്കിൽ ഗവർണർമാരെ നിയമിക്കുന്നതിൽ സംസ്ഥാനങ്ങൾക്കും നിർണായക പങ്ക് വേണം.

ഡൽഹി ലഫ്റ്റനന്റ് ഗവർണറായിരുന്ന അനിൽ ബൈജലിന്റെ ഇടപെടൽ കേജ്‌രിവാൾ സർക്കാർ 2016ൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്ത് വിജയം നേടിയിരുന്നു. ലഫ്റ്റനന്റ് ഗവർണർ ഫയലുകൾ വിളിച്ചു വരുത്തുന്നതും ഭരണത്തിൽ ഇടപെടുന്നതും സ്ഥിരം നടപടിയാക്കിയപ്പോഴാണ് കേജ്‌രിവാൾ കോടതിയെ സമീപിച്ചത്. ലഫ്റ്റനന്റ് ഗവർണറുടെ നടപടിയെ ഡൽഹി ഹൈക്കോടതി ശരിവച്ചതോടെ കേജ്‌രിവാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ലഫ്റ്റനന്റ് ഗവർണറുടെ മൂക്ക് ചെത്തി മൂലയ്ക്കിരുത്തുന്ന വിധിയായിരുന്നു സുപ്രീംകോടതിയിൽ നിന്നുണ്ടായത്. കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന ക്രമസമാധനം പോലുള്ള വിഷയങ്ങളിലൊഴിച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരപരിധിയിൽ കടന്നുകയറാൻ ലഫ്റ്റനന്റ് ഗവർണർക്ക് അധികാരവുമില്ലെന്ന് കോടതി വെട്ടിതുറന്ന് പറഞ്ഞു. ലഫ്റ്റനന്റ് ഗവർണർക്ക് സ്വതന്ത്ര അധികാരങ്ങളില്ലെന്നും അവർ ഭരണം തടസപ്പെടുത്തി അരാജകത്വത്തിന് വഴിയൊരുക്കുന്നവരാകരുതെന്നും വിധി വായിക്കുന്നതിനിടെ അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വ്യക്തമാക്കുകയും ചെയ്തിരുന്നു. പൊതു താൽപര്യ ഹർജിയിലൂടെ പോലും ചോദ്യം ചെയ്യപ്പെടാവുന്ന അധികാരം മാത്രമേ ഗവർണർമാർക്കുള്ളുവെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കോടതി വ്യവഹാരങ്ങൾ.

എന്ന് അവസാനിക്കും?

കേന്ദ്രസർക്കാർ നിയമിക്കുന്ന ഗവർണർമാരും സംസ്ഥാന സർക്കാരുകളുമായുള്ള ഏറ്റുമുട്ടൽ എന്ന് അവസാനിക്കും. അല്ലെങ്കിൽ എന്നെങ്കിലും അവസാനിക്കുമോ? ഗവർണർമാരുടെ നിയമനം രാഷ്ട്രീയമായി തുടരുന്നിടത്തോളം ഈ ഏറ്റുമുട്ടൽ അവസാനിക്കില്ല. ആ കാരണം കൊണ്ട് മാത്രം ഗവർണർ പദവി വേണ്ടെന്ന് വയ്ക്കുന്നതും ഉചിതമാകില്ല. സംസ്ഥാന സർക്കാരുകൾ അതിരുകടക്കാതിരിക്കാൻ ഗവർണർ പദവി പോലെ ഒരു ഭരണഘടന സ്ഥാനം വേണ്ടത് തന്നെയാണ്. പക്ഷെ അവർക്ക് കോളോണിയൽ നിയമത്തിലെ അധികാരങ്ങൾ വേണോ എന്ന് പരിശോധിക്കപ്പെടണം. ഗവർണറും സംസ്ഥാന സർക്കാരും ഒന്നിച്ച് പോകണമെങ്കിൽ ഗവർണർമാരെ നിയമിക്കുന്നതിൽ സംസ്ഥാനങ്ങൾക്കും നിർണായക പങ്ക് വേണം. പ്രധാനമന്ത്രിയും പാർലമെന്റിലെ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും സുപ്രീംകോടതിയും ഉൾപ്പെടുന്ന ഒരു സമിതിക്ക് വിടണം ആ നിയമനം.

Leave a comment