യുക്രൈൻ പ്രതിസന്ധി യുദ്ധമായി മാറുമോ ?
'പുലി വരുന്നേ, പുലി വരുന്നേ' എന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്ന നിലയില്‍ യുക്രൈന്‍ പ്രതിസന്ധി മാറിയെന്ന വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമാവുമോ? റഷ്യന്‍ വംശജര്‍ ഭൂരിപക്ഷമുള്ള കിഴക്കന്‍ യുക്രൈനിലെ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ എന്നവകാശപ്പെടുന്ന ഡോണ്‍ടെസ്‌ക്, ലുഹാന്‍സ്‌ക് മേഖലകളെ അംഗീകരിക്കാനുള്ള റഷ്യന്‍ തീരുമാനം ഈയൊരു ചോദ്യം അനിവാര്യമാക്കുന്നു. അമേരിക്കയും, റഷ്യയും, യൂറോപ്പും, ചൈനയുമെല്ലാം ചേരുന്ന വന്‍ശക്തി രാഷ്ട്രീയത്തിന്റെ ഒളിഞ്ഞും, തെളിഞ്ഞുമുളള കുഴമറിച്ചിലുകളുടെ വേദിയായി യുക്രൈന്‍ മാറിയതോടെ എന്താണ് സംഭവിക്കുന്നതെന്ന വിലയിരുത്തല്‍ അങ്ങേയറ്റം ദുഷ്‌ക്കരമാവുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും, റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമീര്‍ പുച്ചിനും തമ്മില്‍ ഒരു കൂടിക്കാഴ്ചക്കു സമ്മതിച്ചുവെന്ന വാര്‍ത്ത വന്നതോടെ സംഘര്‍ഷം സമാധാനപരമായ നിലയില്‍ അവസാനിക്കുമെന്ന സൂചന പരന്നിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ചുളള വാര്‍ത്തകളുടെ ചൂടാറുന്നതിന് മുമ്പ് തന്നെ റഷ്യ വിഘടിത സ്വതന്ത്ര റിപ്പബ്ലിക്കുകളെ അംഗീകരിച്ചുവെന്ന വാര്‍ത്ത ഇപ്പോഴത്തെ പ്രതിസന്ധിയെ രൂക്ഷമാക്കിയിരിക്കുകയാണ്.
വിഘടിത റിപ്പബ്ലിക്കുകള്‍
2014 ല്‍ അമേരിക്കന്‍-പാശ്ചാത്യ അനുകൂല ഭരണകൂടം യുക്രൈനില്‍ അധികാരമേറ്റതോടെ 18 ദശലക്ഷം റഷ്യന്‍ വംശജര്‍ പ്രധാനമായും പാര്‍ക്കുന്ന ഡോണ്‍ബാസ് മേഖലയെന്നു പൊതുവെ അറിയപ്പെടുന്ന പ്രദേശത്തെ ഡോണ്‍ടെസക്, ലുഹാന്‍സ്‌ക് സ്വതന്ത്ര റിപ്പബ്ലിക്കുകളായി സ്വയം പ്രഖ്യാപിച്ചു. ഈയൊരു തീരുമാനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് റഷ്യ ഔദ്യോഗിക നിലപാട്. എന്നാല്‍ അനൗപചാരികമായി വിഘടിത റിപ്പബ്ലിക്കുകളെ റഷ്യ തീറ്റിപ്പോറ്റുന്നുവെന്നാണ് യുക്രൈന്റയും, പാശ്ചാത്യ രാജ്യങ്ങളുടെയും അധിക്ഷേപം. കഴിഞ്ഞ 8 വര്‍ഷത്തോളമായി മേഖലയില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ 15,000 പേര്‍ കൊല്ലപ്പെട്ടുവെന്നു കണക്കാക്കപ്പെടുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി 2014-15 ലെ മിന്‍സ്‌ക് കരാറുകള്‍ നടപ്പിലാക്കണമെന്നാണ് റഷ്യയുടെ പ്രഖ്യാപിത നിലപാട്. ഡോണ്‍ബാസിനെ സ്വയം ഭരണാധികാരമുള്ള മേഖലയായി പ്രഖ്യാപിക്കുന്ന തരത്തില്‍ യുക്രൈന്‍ ഭരണഘടനയില്‍ മാറ്റം വരുത്തണമെന്ന കരാറിലെ പ്രധാന നിര്‍ദ്ദേശം ഇതുവരെ നടപ്പിലായിട്ടില്ല. വിഘടിത റിപ്പബ്ലിക്കുകളെ റഷ്യ ഔപചാരികമായി അംഗീകരിക്കണമെന്ന് ഡോണ്‍ബാസ് മേഖലയിലെ ഭൂരിപക്ഷം ജനങ്ങളും 2014 മുതല്‍ ആവശ്യപ്പെടുന്നുവെങ്കിലും കഴിഞ്ഞ 8 വര്‍ഷമായി റഷ്യ അത്തരം സമ്മര്‍ദ്ദങ്ങളെ ചെറുക്കുകയായിരുന്നു. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഇഷ്ടക്കേടിനെ കരുതിയാണ് അത്തരമൊരു സമീപനം റഷ്യ സ്വീകരിച്ചതെന്നു കരുതപ്പെടുന്നു. ഇത്രയും കാലം പിടിച്ചു നിന്ന റഷ്യ ഇപ്പോള്‍ മറിച്ചൊരു സമീപനം സ്വീകരിച്ചതിന്റെ പ്രേരണയെന്താവും.
കാലഹരണപ്പെട്ട മിന്‍സ്‌ക് കരാറുകള്‍
വിഘടിത റിപ്പബ്ലിക്കുകളെ അംഗീകരിച്ചതോടെ മിന്‍സ്‌ക് കരാറുകള്‍ ഫലത്തില്‍ കാലഹരണപ്പെട്ടുവെന്നാണ് പാശ്ചാത്യ ശക്തികളുടെ വാദം. റഷ്യയുടെ ആക്രമണോത്സുകമായ നയമാണ് അതിന്റെ കാരണമെന്നും അവര്‍ ആരോപിക്കുന്നു. റഷ്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടമ്പടികള്‍ ലംഘിക്കുന്ന റഷ്യയെ ശിക്ഷിക്കുന്നതിനുള്ള വഴിയാണെന്നും അവര്‍ പറയുന്നു. റഷ്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ എന്താവും? വിഘടിത റിപ്പബ്ലിക്കുകളെ അംഗീകരിച്ചതിനാല്‍ മാത്രം യുക്രൈനില്‍ അധിനിവേശം നടത്തിയതായി പറയാനാവില്ലെന്ന പഴുതുപയോഗപ്പെടുത്തി റഷ്യയുടെ വിലപേശല്‍ ശേഷി നിലനിര്‍ത്താനാവുമെന്നാണ് പുച്ചിന്റെ കണക്കുക്കൂട്ടലെന്നു നിലയിരുത്തപ്പെടുന്നു. വിഘടിത റിപ്പബ്ലിക്കുകളില്‍ 2014 മുതലുള്ള റഷ്യന്‍ സൈനിക സാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാവും പുച്ചിന്‍ തന്റെ വാദം ഉന്നയിക്കുക. ബൈഡനുമായുള്ള കൂടിക്കാഴ്ച നടക്കാനിടയുണ്ടെങ്കില്‍ തങ്ങളുടെ വിലപേശല്‍ ശക്തി പ്രകടിപ്പിക്കാനുള്ള തന്ത്രമായും ഇപ്പോഴത്തെ റഷ്യന്‍ തീരുമാനത്തെ വിലയിരുത്തപ്പെടുന്നു. സമയബന്ധിതമായി മിന്‍സ്‌ക് കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്ന പക്ഷം തീരുമാനം പുനപരിശോധിക്കുന്നതിനുള്ള സന്നദ്ധത ചര്‍ച്ചകളില്‍ പുച്ചിന് അവതരിപ്പിക്കാവുന്നതേയുളളു. യൂറോപ്പിനെ യുദ്ധത്തിന്റെ മുള്‍മുനയില്‍ എത്തിച്ച ഈ സംഭവവികാസങ്ങള്‍ ഏതു രീതിയില്‍ ഉരുത്തിരിയുമെന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യത കൈവന്നിട്ടില്ല.
യുദ്ധ ഭീഷണി
ഇപ്പോഴത്തെ കൊമ്പുകോര്‍ക്കല്‍ യുദ്ധത്തില്‍ കലാശിക്കരുതെന്ന് യൂറോപ്പിലെ പ്രധാന ശക്തികളായ ജര്‍മ്മനിയും, ഫ്രാന്‍സും ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു പരിധിക്കപ്പുറം അമേരിക്കന്‍ നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും എത്രത്തോളം കഴിയുമെന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്. രണ്ടാം ലോക യുദ്ധ ശേഷം അമേരിക്കയുടെ കാര്‍മികത്വത്തില്‍ രൂപമെടുത്ത യൂറോപ്പിലെ സുരക്ഷ ആര്‍ക്കിടെക്ച്ചറിന്റെ അലകും പിടിയും മാറുന്ന വിഷയമാണത്. എളുപ്പത്തില്‍ ഉത്തരം പറയാനാവില്ല. യുക്രൈന്‍ പ്രതിസന്ധി യുദ്ധമായി മാറിയാലും ഇല്ലെങ്കിലും വന്‍ശക്തികള്‍ തമ്മിലുള്ള ശാക്തിക ചേരികള്‍ തമ്മിലുള്ള ബല തന്ത്രത്തില്‍ പ്രത്യക്ഷമായും പരോക്ഷമായുമുള്ള മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ വെളിപ്പെടുന്നതാണ്.
ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍
അമേരിക്ക പ്രഖ്യാപിച്ചിട്ടുളള സാമ്പത്തിക ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യയുടെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉപരോധത്തെ അതിജീവിക്കുവാന്‍ റഷ്യക്കു കഴിയുമോ? സാമ്പത്തിക ഉപരോധം പുതിയ കാര്യമല്ലെന്നും 2014 മുതല്‍ ഉപരോധത്തിന്റെ തിക്തഫലങ്ങള്‍ റഷ്യ അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാലും നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉപരോധത്തിന്റെ പരിധിയില്‍ റഷ്യന്‍ ബാങ്കുകളെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് റഷ്യയുടെ ആഗോളവാണിജ്യത്തെ സാരമായി ബാധിക്കുമെന്നു കരുതേണ്ടിയിരിക്കുന്നു. റഷ്യയുടെ വരുമാനത്തിന്റെ 40 ശതമാനവും പ്രദാനം ചെയ്യുന്ന എണ്ണ-പ്രകൃതി വാതക കയറ്റുമതിയില്‍ നിന്നുളള വരുമാനം കൈകാര്യം ചെയ്യുന്നതില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ബാങ്കുകളെ കരിമ്പട്ടികയില്‍ പെടുത്തുന്ന പക്ഷം നേരിടേണ്ടി വരും. ഇറാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഉദാഹരണം. റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയെ ഉപരോധത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് യൂറോപ്പിലെ സാധാരണ ജനജീവിതത്തില്‍ കാര്യമായ പ്രതിസന്ധികള്‍ക്കിടയാക്കും.
ഡോളറിന്റെ ആശ്രിതത്വത്തില്‍ നിന്നും റഷ്യന്‍ സമ്പദ്ഘടനയെ വിച്ഛേദിക്കുന്നതിനുള്ള നടപടികള്‍ കുറച്ചുകാലമായി പുച്ചിന്‍ കൈക്കൊള്ളുന്നതിന്റെ ഗുണഫലങ്ങള്‍ ഉപരോധത്തിന്റെ കാഠിന്യം കുറയ്ക്കുവാന്‍ സഹായിക്കുമെന്നു കരുതപ്പെടുന്നു. ഏകദേശം 640 ബില്യണ്‍ ഡോളറിന്റെ റഷ്യയുടെ വിദേശ നാണയ ശേഖരത്തില്‍ ഡോളര്‍ 16 ശതമാനം മാത്രമാണ്. യൂറോ 30 ശതമാനവും, സ്വര്‍ണ്ണം 22 ശതമാനം, ചൈനീസ് കറന്‍സിയായ റെമനമ്പി 13 ശതമാനവുമാണ്. ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ വിദേശ നാണയ ശേഖരമാണ് ആഗോള ശാക്തിക ബന്ധങ്ങളുടെ കാര്യത്തില്‍ ഉറപ്പോടെ ഇടപെടുന്നതിനുള്ള ആത്മവിശ്വാസം പുച്ചിന് നല്‍കുന്നതെന്ന് ആദം ടൂസിനെ പോലുള്ള സാമ്പത്തിക പണ്ഡിതര്‍ വിലയിരുത്തുന്നു.