TMJ
searchnav-menu
post-thumbnail

Outlook

ലോക വ്യാപാര സംഘടനയും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധിയും

01 Jun 2022   |   1 min Read
Charles George

PHOTO: PIXABAY

164 രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള ലോകവ്യാപാര സംഘടനയുടെ പന്ത്രണ്ടാമത് മന്ത്രിതല സമ്മേളനം ജൂൺ 12 മുതൽ 15 വരെ സംഘടനയുടെ ആസ്ഥാനമായ സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നടക്കുകയാണ്. പതിനൊന്നാം സമ്മേളനം നടന്നത് 2017ൽ അർജന്റീനയുടെ ആസ്ഥാനമായ ബ്യൂണസ് അയേഴ്സിലായിരുന്നു. ഗാട്ട് കരാറിനെത്തുടർന്ന് 1995ലായിരുന്നു ലോകവ്യാപാര സംഘടന രൂപീകൃതമായത്. ഈ രണ്ടു വർഷം കൂടുമ്പോൾ നടക്കേണ്ട സമ്മേളനം കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു തവണ മാറ്റി വെക്കപ്പെടുകയായിരുന്നു. ലോകവ്യാപാരത്തിന്റെ 92 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ രാജ്യങ്ങളൊട്ടാകെ ഇന്നു പ്രതിസന്ധി നേരിടുകയാണ്. 2008ൽ അമേരിക്കയിൽ നിന്നാരംഭിച്ച സാമ്പത്തിക കുഴപ്പം, ജപ്പാനിലെ സുനാമിയെത്തുടർന്ന് ഫുക്കുഷിമ ആണവ നിലയത്തിലെ അപകടം വരുത്തിയ മേഖലയിലെ ഉല്പാദന സ്തംഭനം, 2019 ൽ ചൈനയിലെ വുഹാനിൽ ആരംഭിച്ച കോവിഡിന്റെ വ്യാപനം - ഇതെല്ലാം തെളിയിക്കുന്നത് ഒറ്റപ്പെട്ടതെന്ന് തോന്നിക്കുന്ന പ്രാദേശിക സംഭവ വികാസങ്ങൾ പോലും സാർവ്വദേശീയ തലത്തിൽത്തന്നെ വരുത്തുന്ന പ്രത്യാഘാതങ്ങളെയാണ്.

സമ്മേളന അജണ്ടകളും രാഷ്ട്രകൂട്ടായ്മകളും

ലോകത്തെ വാണിജ്യ-വ്യാപാര മേഖലകളിലെ പുത്തൻ പ്രതിസന്ധികൾ, ഐ.ടി. മേഖലയിലെ പുതിയ സാധ്യതകൾ, കോവിഡ് പ്രതിരോധ മരുന്നുകളുടെ വിപണനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനവും മത്സ്യമേഖലയിലെ സബ്സിഡികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് ഈ സമ്മേളനത്തിലെ പ്രധാന അജണ്ടകൾ. സേവന മേഖലയിലെ 90 ശതമാനം വ്യാപാരവും കൈകാര്യം ചെയ്യുന്ന 65 രാഷ്ട്രങ്ങളുടെ താല്പര്യങ്ങളുമായി ബന്ധപ്പെട്ട് അവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയും, ലിംഗ സമത്വത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് 89 രാഷ്ട്രങ്ങളുടെ പ്രസ്താവനയും, ചെറുകിട സംരംഭങ്ങളുമായി (എം.എസ്.എം.ഇ) ബന്ധപ്പെട്ട് 64 രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവനയും ഇതിനകം പുറത്തുവന്നിട്ടുണ്ട്. മത്സ്യ മേഖലയെ ദോഷകരമായി ബാധിക്കുന്ന സബ്സിഡികൾ നിർത്തലാക്കണമെന്നാവശ്യപ്പെടുന്ന 15 അംഗ രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവനയാണ് ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ, ചിലി, നോർവെ തുടങ്ങി വികസിതവും അവികസിതവുമായ രാജ്യങ്ങൾ ഈ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. മെയ് 16ന് 16 രാജ്യങ്ങളിൽ നിന്നുള്ള 200 സംഘടനകൾ, സംഘടനയുടെ പുതിയ ഡയറക്ടർ ജനറലായ ഗോസി ഒകോമ്പോ ഇവിയേലയെ നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ച് നിവേദനവും നൽകിയിട്ടുണ്ട്. നൈജീരിയക്കാരിയായ ഈ കറുത്ത വംശജയുടെ ആരോഹണത്തെ തടയുന്നതിന് ട്രംപ് ഭരണകൂടം പല തടസ്സങ്ങളും ഉന്നയിച്ചിരുന്നു. ഒരു പിന്നാക്ക രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു മഹതി വികസിത രാജ്യങ്ങളുടെ കൗശലങ്ങളെ എങ്ങിനെയാണ് നേരിടുക എന്നതിനെ സംബന്ധിച്ച് ഇപ്പോഴേ സംശയങ്ങളുയർന്നു കഴിഞ്ഞിരിക്കുകയാണ്.

ജനീവയിലെ ലോക വ്യാപാര സംഘടനയുടെ ആസ്ഥാനത്ത് മഞ്ഞിൽ നിർമ്മിച്ച മത്സ്യക്കൂട്ടങ്ങളുടെ ഒരു ശില്പത്തിനു മുന്നിൽ വെച്ചാണ് 2021 മാർച്ച് 1ന് ഇവിയേല സ്ഥാനമേറ്റെടുത്തത്. "ഉരുകിത്തീരുന്ന മത്സ്യങ്ങൾ" എന്നതാണ് ശില്പത്തിന്റെ പേര്. ജൂൺ മാസമാകുമ്പോഴേക്കും ശില്പത്തിന്റെ എത്രശതമാനം അവശേഷിക്കുമെന്ന് ലോകം ആശങ്കയോടെ കാത്തിരിക്കുകയാണ്.

ലോക വ്യാപാര സംഘടനയുടെ പുതിയ ഡയറക്ടർ ജനറലായ ഗോസി ഒകോമ്പോ ഇവിയേല | PHoto: WTO

മത്സ്യമേഖലയുമായി ബന്ധപ്പെട്ട അജണ്ട

ജൂണിൽ ചേരുന്ന സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞവർഷം നവംബർ 30 മുതൽ ഡിസംബർ 3 വരെ ജനീവയിൽ ചേർന്ന മന്ത്രിതല യോഗം മത്സ്യമേഖലയിലെ സബ്സിഡിയുമായി ബന്ധപ്പെട്ട് ഒരു കരട് രേഖ തയ്യാറാക്കിയിട്ടുണ്ട്. അനധികൃതമായ മത്സ്യബന്ധനം തടയുക, വ്യാവസായിക മത്സ്യബന്ധനത്തെ നിരുത്സാഹപ്പെടുത്തുക, അവയ്ക്കുള്ള സബ്സിഡികൾ നിർത്തലാക്കുക എന്നീ കാര്യങ്ങൾ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വികസ്വര, പിന്നാക്ക രാജ്യങ്ങളിലെ പരമ്പരാഗത സമൂഹത്തിന് പ്രത്യേകമായ പരിഗണന നൽകണമെന്നും രേഖ പറയുന്നുണ്ട്. പക്ഷേ ഈ രംഗത്ത് മുന്നാക്കം നിൽക്കുന്ന വികസിത രാജ്യങ്ങൾ തന്നെ തങ്ങൾക്ക് വികസ്വര രാഷ്ട്രങ്ങളുടെ പദവി നൽകണമെന്നാവശ്യപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. സമ്മേളനത്തിന്റെ ഭാവി ദിശയെ തന്നെയാണ് ഇത് നിർണ്ണയിക്കുന്നത്.

അമിത മത്സ്യബന്ധനം

ലോകത്ത് മത്സ്യബന്ധന മേഖല വളരെ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. അമിത ചൂഷണത്തിന് വിധേയമായ മത്സ്യങ്ങൾ 1974ൽ പത്തുശതമാനമായിരുന്നത് 2021ൽ 35 ശതമാനമായി വർധിച്ചിരിക്കുകയാണ്. ഈ തോതിലുള്ള വ്യാവസായിക മത്സ്യബന്ധനം തുടരുകയാണെങ്കിൽ 2048നകം ഭക്ഷ്യയോഗ്യമായ മുഴുവൻ മത്സ്യങ്ങളും ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുമെന്ന് ആറു രാജ്യങ്ങളിൽ നിന്നുള്ള പതിനാല് ഗവേഷകർ ചേർന്ന് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. നിലനിൽക്കാനുള്ള അവസാന അവസരമെങ്കിലും നാം പ്രയോജനപ്പെടുത്തണമെന്ന് മുന്നോറോളം ശാസ്ത്രജ്ഞർ ഒന്നിച്ച് ഒരു പ്രസ്താവനയിലൂടെ മനുഷ്യരാശിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ലോകത്തെ പ്രധാനപ്പെട്ട പതിനഞ്ച് ഫിഷിംഗ് ഗ്രൗണ്ടുകളിൽ പതിമൂന്നും അമിത ചൂഷണത്തിന് വിധേയമാണെന്നും കുറഞ്ഞ അളവിലെങ്കിലും മത്സ്യം അവശേഷിക്കുന്നത് ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമാണെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനം തന്നെ ഒരു നഷ്ടക്കച്ചവടമായി മാറിയ സാഹചര്യത്തിൽ വികസിത രാഷ്ട്രങ്ങൾ വൻതുക സബ്സിഡി നൽകിയാണ് ഈ മേഖലയെ നിലനിർത്തുന്നത്. വികസിത രാജ്യങ്ങൾ ഈ മേഖലയ്ക്ക് നൽകുന്ന 34.5 ബില്യൺ ഡോളർ സബ്സിഡിയിൽ 7.2 ബില്യൺ (56,000 കോടി രൂപ) ഡോളറും എണ്ണ സബ്സിഡിയാണ്. മത്സ്യ കപ്പലുകളുടെ നിർമ്മാണം, തുറമുഖങ്ങളടക്കമുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങൾ എന്നിവയ്ക്കാണ് ബാക്കി തുക. ലോക ഭക്ഷ്യകാർഷിക സംഘടനയുടെ കണക്കു പ്രകാരം നശീകരണ മത്സ്യബന്ധനത്തിന് പ്രതിവർഷം 22 ബില്യൺ ഡോളറാണ് ധനസഹായം നൽകുന്നത്. ലോകവ്യാപാര സംഘടന ഈ ധനസഹായങ്ങളെ "നെഗറ്റീവ് സബ്സിഡി" അഥവാ ഹാംഫുൾ സബ്സിഡി എന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കൻ തീരത്തെ അമ്പത് ശതമാനം മത്സ്യങ്ങളും ഇതിനകം വ്യാവസായിക മത്സ്യബന്ധനത്തെ തുടർന്ന് അമിത ചൂഷണത്തിന് വിധേയമായിരിക്കുന്നു. ശാസ്ത്രസാങ്കേതിക വിദ്യയുടെ അമിത പ്രഹരശേഷി നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുകയാണ്.

മത്സ്യമേഖലയിലെ തകർച്ച

കാര്യങ്ങൾ ഈ രീതിയിലാണ് പോകുന്നതെങ്കിൽ യൂറോപ്പിലെ കടലുകളിലുള്ള 136 ഇനം (സ്റ്റോക്ക്) മത്സ്യങ്ങളിൽ എട്ട് ശതമാനം മാത്രമേ 2023 ൽ അവശേഷിക്കൂ എന്ന് യൂറോപ്യൻ യൂണിയനിലെ ഫിഷറീസ് കമ്മീഷണറായിരുന്ന മരിയ ദെമനാക്കി പറയുന്നു. യൂറോപ്യൻ വിപണിയിലെ പ്രധാന മത്സ്യങ്ങളായ പാറ്റഗോണിയൻ ടൂത്ത്ഫിഷ്, ഹാലി ബട്ട്, ജൂലിംഗ്, അറ്റ്ലാന്റിക് സർജിയൺ, സേബിൾ ഫിഷ്, ബ്ലുവിറ്റിംഗ് തുടങ്ങിയ മത്സ്യ ഇനങ്ങളൊക്കെ വലിയ തകർച്ചയെയാണ് നേരിടുന്നത്. പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ മെഡിറ്ററേനിൻ കടൽ, കിഴക്കൻ ചൈനക്കടൽ എന്നിവയെ "കടലിലെ മരുഭൂമികൾ' എന്നു വിളിക്കുന്ന പതനത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ദക്ഷിണാഫ്രിക്കൻ തീരത്തെ അമ്പത് ശതമാനം മത്സ്യങ്ങളും ഇതിനകം വ്യാവസായിക മത്സ്യബന്ധനത്തെ തുടർന്ന് അമിത ചൂഷണത്തിന് വിധേയമായിരിക്കുന്നു. ശാസ്ത്രസാങ്കേതിക വിദ്യയുടെ അമിത പ്രഹരശേഷി നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുകയാണ്.

14,000 ടൺ കേവു ഭാരവും 140 മീറ്റർ നീളവുമുള്ള അറ്റലാന്റിക് ഡോൺ, ലോകത്തെ ഏറ്റവും വലിയ മത്സ്യകപ്പലായ റഷ്യയുടെ ലഫായത് തുടങ്ങിയ കപ്പലുകളെ തങ്ങളുടെ രാജ്യാതിർത്തിയിൽ പ്രവേശിപ്പിക്കാൻ ഒരു രാജ്യവും തയ്യാറല്ല. ബ്രിട്ടന്റെ കൊർണേലിയസ് ഡാലിക്, വെറോനിക്ക തുടങ്ങിയ കപ്പലുകൾക്ക് പ്രതിദിനം 2000 ടൺ മത്സ്യം പിടിച്ചു സൂക്ഷിക്കാനുള്ള കഴിവുമുണ്ട്. യൂറോപ്പിലാസകലം ചുറ്റി സഞ്ചരിച്ച് മത്സ്യം പിടിച്ച് കപ്പലിൽ വെച്ചുതന്നെ സംസ്കരിക്കുന്ന 39 ഫാക്ടറി വെസലുകളുമുണ്ട്. സ്വന്തം കടലുകൾ ശൂന്യമാകുമ്പോൾ മറ്റു രാജ്യങ്ങളിലോ ഭൂഖണ്ഡങ്ങളിലോ കടന്നുകയറി മത്സ്യബന്ധനം നടത്തുന്നതും ഇവരുടെ പതിവാണ്. ഗ്രീൻലാന്റ് ഹാലിബട്ടിന്റെ തകർച്ചയെ തുടർന്ന് കാനഡ അവിടെ മത്സ്യബന്ധനം നിരോധിച്ചപ്പോൾ പെയിന്റെ എസ്തായി എന്ന കപ്പൽ അവിടെ കടന്നുകയറി മത്സ്യബന്ധനം നടത്തുകയും കാനഡ ഗൺ ബോട്ടുകളെ ഉപയോഗിച്ച് അത് പിടിച്ചെടുക്കുകയുണ്ടായി. എൻറിക്ക ലെക്സി സംഭവത്തിനു മുമ്പ് സാർവ്വദേശിയതലത്തിൽ തന്നെ വിവാദമാവുകയും വലിയ വ്യവഹാരങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്ത സംഭവമാണിത്.

അറ്റലാന്റിക് ഡോൺ | photo: flickr

സെനഗലൈസേഷൻ

ഫിഷറീസ് പാർട്ണർഷിപ്പ് എന്നറിയപ്പെടുന്ന കരാറുകളിലൂടെ (എഫ്.പി.എ.) ആഫ്രിക്കയിലെ തീരക്കടലുകളും കൊള്ളയടിക്കുന്നത് ചൂഷണത്തിന്റെ മറ്റൊരു രൂപമാണ്. സ്പെയിനിലെ കപ്പൽ കമ്പനികൾ 2006നും 2012നുമിടയിൽ 14.2 കോടി യൂറോ സെനഗൽ എന്ന രാജ്യത്തിന് ലൈസൻസ് ഫീസ് നൽകി അവിടെ പ്രവർത്തനമാരംഭിച്ചു. ഇതിൽ 12.8 കോടി രൂപയും സ്പാനിഷ് സർക്കാർ സബ്സിഡിയായി നൽകിയതാണ്. പ്രതിവർഷം 2.35 ലക്ഷം ടൺ വീതം മത്സ്യം സെനഗലിന്റെ തീരത്തുനിന്നും 36 സ്പാനിഷ് ട്രോളറുകൾ പിടിച്ചെടുത്തു. സെനഗലിലെ പിറോഗസ് എന്ന നാടൻ ബോട്ടു കളുടെ മത്സ്യോല്പാദനം നേർപകുതിയായി കുറഞ്ഞു. സംസ്കരണ ശാലകളിലെ 60 ശതമാനം തൊഴിലാളികളേയും പിരിച്ചുവിട്ടു. ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നതു പോലെ ആക്രി വിലയ്ക്ക് നാടൻ ബോട്ടുകൾ അവിടെ തൂക്കിവില്ക്കുകയുണ്ടായി. പ്രതിഷേധങ്ങളെ തുടർന്ന് സെനഗൽ കരാർ റദ്ദാക്കി. തൊട്ടടുത്ത രാജ്യങ്ങളായ മൗരിട്ടാനിയ, മൊറോക്കോ, സിയറ ലിയോൺ, കേപർദ തുടങ്ങിയ തീരങ്ങളിലും സംഭവിക്കുന്നതും ഇതുതന്നെയാണ്. അവിടെത്തന്നെയുള്ള നൈജീരിയയുടെ പ്രതിനിധി അധ്യക്ഷയായ ശേഷം നടക്കുന്ന ആദ്യ സമ്മേളനം എന്ന പ്രത്യേകതയും സി-12-നുണ്ട്.

ധനിക-ദരിദ്ര രാജ്യ ഭേദമന്യേ ഈ ദുരന്തയാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ ലോകവ്യാപാര സംഘടനയിലെ അംഗരാജ്യങ്ങൾക്കൊന്നും ഇനിയുമാവില്ല. 2001 ലെ ദോഹ സമ്മേളനത്തിൽത്തന്നെ ഇതു സംബന്ധമായ നിലപാടുകൾ മുന്നോട്ടുവെയ്ക്കപ്പെടുകയും പെരുമാറ്റച്ചട്ടം ഉണ്ടാക്കുകയും ചെയ്തതാണ്. അന്ന് അമിതചൂഷണത്തിന് വിധേയമായ മത്സ്യങ്ങൾ 21 ശതമാനമായത് 20 വർഷം കൂടി കഴിഞ്ഞപ്പോൾ 34.5 ശതമാനമായി വർധിച്ചെന്നുമാത്രം!! കൂടുതൽ മത്സ്യം കൂടുതൽ പ്രോട്ടീൻ, കൂടുതൽ ലാഭം എന്ന മുതലാളിത്തത്തിന്റെ ദുര മൂത്ത നയങ്ങളാണ് ഈ വിപത്തിനുകാരണം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇക്കാലത്തിനിടയിൽ ടോക്യോ, പാരീസ് ഉച്ചകോടികളും, കഴിഞ്ഞ ഒക്ടോബർ 31 മുതൽ നവംബർ 13 വരെ ഗ്ലാസ്ഗോയിൽ നടന്ന 26ാമത് ഐക്യരാഷ്ട കാലാവസ്ഥമാറ്റ സമ്മേളനങ്ങളും (സി.ഒ.പി.26) വരെ, വിപൽകരമായ ഈ വിഷയം ചർച്ചയായി. ഐക്യരാഷ്ട്ര സംഘടന തന്നെ 2015ലെ സമ്മേളനവുമായി ബന്ധപ്പെട്ട് "സുസ്ഥിര വികസന ലക്ഷ്യം' പ്രഖ്യാപിക്കുകയുണ്ടായി. ഇതിലെ 16ാം പ്രമാണരേഖ സമുദ്രത്തിലെ ജീവികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. 16.4 പ്രകാരം ഈ രംഗത്തെ സബ്സിഡികൾ നിയന്ത്രിക്കേണ്ടതാണ്. 2017 ൽ ബ്യൂണസ് അയേഴ്സിൽ ചേർന്ന ലോകവ്യാപാര സംഘടനയുടെ 11ാം സമ്മേളനം 2020 നകം ഈ പ്രമാണ രേഖ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തതുമാണ്. വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ!

വികസിത രാജ്യങ്ങൾ മത്സ്യസബ്സിഡിയായി 3,400 കോടി ഡോളർ നൽകുമ്പോൾ വിശാലമായ കടലോരവും മത്സ്യതൊഴിലാളികളുമുള്ള ഇന്ത്യയുടെ സബ്സിഡി കേവലം പത്തുകോടി ഡോളർ മാത്രമാണ്.! 30,000 രൂപ പ്രതിശീർഷവരുമാനമുള്ള പിന്നാക്ക രാജ്യങ്ങളെയും 6 ലക്ഷം രൂപ വരുമാനമുള്ള വികസിത രാജ്യങ്ങളേയും തുല്യരീതിയിൽ കണക്കിലെടുക്കുന്നത് അനീതിയാണെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പ്രസ്താവിച്ചിട്ടുമുണ്ട്.

മത്സ്യം കൊണ്ട് സമ്പന്നമാണ് തീരസമുദ്രങ്ങളെങ്കിലും തീരവാസികൾ എല്ലായിടത്തും പട്ടിണിപ്പാവങ്ങൾ തന്നെയാണ്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇന്ത്യയിൽ മേഖലയുമായി ബന്ധപ്പെട്ട് 40 ലക്ഷം പേരാണ് ഉപജീവനം തേടുന്നത്. രാജ്യത്ത് നിലവിൽ 3.25 ലക്ഷം യാനങ്ങളാണ് കടലിൽ പ്രവർത്തിക്കുന്നത്. ഇവയിലൊന്നും തന്നെ വ്യാവസായിക മത്സ്യബന്ധനത്തിലേർപ്പെടുന്നുമില്ല. ലോക ഭക്ഷ്യ-കാർഷിക സ്ഥാപനത്തിന്റെ മാനദണ്ഡപ്രകാരം ഇവയെല്ലാം തന്നെ ചെറുകിട, പരമ്പരാഗത മത്സ്യബന്ധന ഗണത്തിൽപ്പെടുന്നവയുമാണ്. അന്താരാഷ്ട്ര കടലുകളിലും ആഴക്കടലിലും മുപ്പത് ദിവസം പ്രവർത്തിക്കുന്ന തുത്തൂർ മത്സ്യത്തൊഴിലാളികളുടെ ഒരൊറ്റ ബോട്ടിനുപോലും 25 മീറ്ററിനുമേൽ നീളവുമില്ല. 90 ശതമാനം മത്സ്യത്തൊഴിലാളികളും ദാരിദ്ര്യരേഖയ്ക്ക് കീഴിലുമാണ്. ഈ സമൂഹത്തിന്റെ പൊതുവായ വികാസത്തിന് സബ്സിഡികൾ അവശ്യം വേണ്ട ഘടകവുമാണ്. അതുകൊണ്ട് പിന്നാക്ക രാജ്യങ്ങൾക്കുള്ള "സവിശേഷവും വ്യതിരിക്തവുമായ പരിഗണന' (എസ്.ഡി.റ്റി) ഇന്ത്യയ്ക്കു വേണമെന്നതാണ് ഇന്ത്യയുടെ എക്കാലത്തേയും നിലപാട്. വികസിത രാജ്യങ്ങൾ മത്സ്യസബ്സിഡിയായി 3,400 കോടി ഡോളർ നൽകുമ്പോൾ വിശാലമായ കടലോരവും മത്സ്യതൊഴിലാളികളുമുള്ള ഇന്ത്യയുടെ സബ്സിഡി കേവലം പത്തുകോടി ഡോളർ മാത്രമാണ്.! 30,000 രൂപ പ്രതിശീർഷവരുമാനമുള്ള പിന്നാക്ക രാജ്യങ്ങളെയും 6 ലക്ഷം രൂപ വരുമാനമുള്ള വികസിത രാജ്യങ്ങളേയും തുല്യരീതിയിൽ കണക്കിലെടുക്കുന്നത് അനീതിയാണെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പ്രസ്താവിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ വ്യാപാര സംഘടനാ മേധാവിയോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഇതര രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഒരു സമ്മർദ്ദ ഗ്രൂപ്പ് രൂപീകരിക്കുകയാണ് ഈ വിഷയത്തിൽ നാം ചെയ്യേണ്ടത്.

ഇന്ത്യയുടെ ബ്ലൂ ഇക്കോണമി നയം

എന്നാൽ കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയുടെ ബ്ലൂ ഇക്കോണമി നയരേഖയും, ഇപ്പോൾ അവതരിപ്പിക്കാൻ പോകുന്ന കേന്ദ്ര ഫിഷറി ബില്ലും ഈ രംഗത്തെ നമ്മുടെ നയത്തിൽ കരിനിഴൽ വീഴ്ത്തുന്നതാണ്. ആഴക്കടലിലെ മത്സ്യ സമ്പത്ത് പിടിച്ചെടുക്കുന്നതിനും, ധാതുസമ്പത്തുകൾ ചൂഷണം ചെയ്യുന്നതിനും കുത്തകകൾക്ക് അനുവാദവും പ്രോത്സാഹനവും നൽകുന്ന നയവും നടപടികളും ആശങ്കയുണർത്തുന്നതുമാണ്. മേഖലയിൽ കർക്കശമായ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും നടപ്പാക്കുന്നതിനു പകരം മേഖലയെ കുത്തകകൾക്ക് തീറെഴുതുന്ന നയത്തിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭവുമാരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വ്യാവസായിക മത്സ്യബന്ധനത്തിലേർപ്പെടുന്ന വികസിത രാജ്യങ്ങൾ തന്നെ തങ്ങൾക്ക് വികസ്വര രാഷ്ട്ര' ത്തിന്റെ പരിഗണന വേണമെന്ന് ഇപ്പോഴേ ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുകയുമാണ്. ഉത്സവപ്പറമ്പിലെ മോഷ്ടാവുതന്നെ കള്ളൻ കള്ളൻ എന്നു മറ്റുള്ളവരോടൊപ്പം വിളിച്ചുകൂവി ഓടുന്ന ചിത്രമാണിത് കാഴ്ചവെയ്ക്കുന്നത്. ഇത്തരമൊരവസ്ഥയിൽ 12ാം മന്ത്രിതല സമ്മേളനം നിരർത്ഥകമാകാനുള്ള സാധ്യതയുമേറെയാണ്. കുത്തകകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ബ്രിറ്റൺവുഡ് ഇരട്ടകളോടൊപ്പം രൂപീകൃതമായ ഗാട്ടിന്റെ തുടർച്ചയായ ലോക വ്യാപാര സംഘടനയുടെ ലക്ഷ്യവും മറ്റൊന്നല്ല തന്നെ.

Leave a comment