TMJ
searchnav-menu
post-thumbnail

Outlook

അതിഭൗതികവാദത്തിനും കേവലപരിസ്ഥിതിവാദത്തിനുമിടയിൽ വയനാടൻ കർഷകരുടെ ജീവിതം

21 Jan 2023   |   1 min Read

ഫർസോൺ പരിധിയിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കി 2022 ജൂൺ 3 ന്റെ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് സുപ്രീംകോടതി വ്യക്തമായ സൂചന നൽകിയിരിക്കുന്നു. മൂന്നംഗ ബെഞ്ചിന്റെ മുൻ ഉത്തരവ് രണ്ടംഗ ബെഞ്ചിന് തിരുത്താൻ കഴിയില്ലെന്ന സാങ്കേതികത്വം മൂലമാണ് കോടതി ഇപ്പോൾ മൂന്നംഗ ബെഞ്ചിന് തന്നെ കേസ് വിട്ടിരിക്കുന്നത്. ബഫർസോൺ വിഷയത്തെ അതിവൈകാരികമാക്കി കത്തിച്ചു നിർത്താൻ ദിവസങ്ങളോളം വെണ്ടയ്ക്ക നിരത്തിയ മുൻനിര പത്രങ്ങളും ചാനലുകളും ഈ ആശ്വാസകരമായ വിധിയെക്കുറിച്ച് മൗനം പാലിക്കുകയാണ്. പരിസ്ഥിതി - കർഷകൻ എന്ന വിപരീത ദ്വന്ദ്വം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന വലതു രാഷ്ട്രീയ വ്യാമോഹത്തിനും ഈ വിധി തിരിച്ചടിയാകും. പക്ഷെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ചർച്ച കേരളീയ സമൂഹത്തിൽ സൃഷ്ടിച്ച ഭിന്നതകളെ അഭിസംബോധന ചെയ്തേ ഉത്തരവാദിത്തമുള്ള ഇടതുപക്ഷ രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാവൂ.

കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തിനിടയിൽ അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യയിലെ കർഷകർ മുന്നോട്ട് പോകുന്നത് . നവലിബറലിസം സൃഷ്ടിച്ച കാർഷിക പ്രതിസന്ധി കോടിക്കണക്കിന് കർഷകരെ കൃഷി ഉപേക്ഷിച്ച് മഹാനഗരങ്ങളിൽ കൂലിവേലക്കാരാകാൻ നിർബന്ധിച്ചിരിക്കുന്നു. കേരളത്തിൽ ലഭിക്കുന്ന തെല്ല് ആശ്വാസപദ്ധതികളെ മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുന്ന മലയോര കർഷകരുടെ ജീവിതം ദുസ്സഹമാക്കുകയാണ് വന്യജീവി ആക്രമണവും വിളനാശവും. അതിനിടയിലാണ് വനാതിർത്തിയിലെ കർഷകരെ ആശങ്കയിലാഴ്ത്തി ബഫർസോൺ പ്രഖ്യാപനം വരുന്നത്. വീടിനു പച്ചപെയ്ൻറ് അടിക്കണം, രാത്രി ലൈറ്റ് ഇടാൻ കഴിയില്ല, യാത്രാ നിരോധനം വരും, ഒരു നിർമാണ പ്രവർത്തനവും നടത്താൻ കഴിയില്ല തുടങ്ങിയ നുണകളുമായി തല്പര കക്ഷികളും രംഗത്തിറങ്ങിയതോടെ കർഷകർ ആശങ്കയുടെ മുൾമുനയിലായി. പരിസ്ഥിതി/വന്യമൃഗങ്ങൾ കർഷകരുടെ ശത്രുവാണെന്ന ധാരണ സൃഷ്ടിക്കാനും  ഇടതുപക്ഷസർക്കാറിന് ഈ വിഷയത്തിൽ ഗൂഢതാൽപര്യങ്ങൾ ഉണ്ടെന്നുള്ള പ്രതീതി പരത്താനും ഒരു വിഭാഗം നിക്ഷിപ്തതാല്പര്യക്കാർക്ക് കഴിഞ്ഞു. പുതിയ സുപ്രീം കോടതി വിധി ഏതായാലും ഈ വൈകാരിക അന്തരീക്ഷത്തെ തണുപ്പിച്ചേക്കും, വൈകാരികതക്കപ്പുറത്ത് വസ്തുനിഷ്ഠമായ ചർച്ചകൾക്ക് ആ അവസരത്തെ ഉപയുക്തമാക്കേണ്ടതുണ്ട്.

representational image | pti

ഒരർത്ഥത്തിൽ ഒരേ വ്യവസ്ഥയുടെ ഇരകളായ രണ്ടു പ്രശ്നങ്ങൾ മുഖത്തോടു മുഖം നിൽക്കുന്ന വൈരുധ്യമാണ് ഇവിടെ കാണാനാകുക. കഴിഞ്ഞ മുപ്പതു വർഷമായി തുടരുന്ന നവലിബറൽ വ്യവസ്ഥയുടെ അക്രമോത്സുക ചൂഷണത്തിന് ഏറ്റവും വിധേയരായ രണ്ടു വിഭാഗങ്ങളാണ് ഇന്ത്യയിലെ കർഷകരും പരിസ്ഥിതിയും. അതുകൊണ്ടുതന്നെ കാർഷിക പ്രശ്നത്തെയും പരിസ്ഥിതി പ്രശ്നത്തെയും പരസ്പര സംഘർഷത്തിലുള്ള ദ്വന്ദ്വമായി അവതരിപ്പിക്കുന്നതിലൂടെ രക്ഷപ്പെടുന്നത് ഈ ചൂഷക വ്യവസ്ഥയാകും.

നവലിബറൽ കാലത്തെ മൂലധനസഞ്ചയത്തിന്റെ പ്രധാനമാർഗ്ഗങ്ങളിലൊന്ന് പൊതുവിഭവങ്ങളുടെ സ്വകാര്യവത്കരണമായിരുന്നു. അരനൂറ്റാണ്ടിലേറെ കാലം കൊണ്ട് ഇന്ത്യൻ ജനത കെട്ടിപ്പടുത്ത പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ചുളുവിലക്ക് ചങ്ങാത്ത മുതലാളിത്തം കൈക്കലാക്കി പകരം തൊഴിലില്ലായ്മ വളർച്ച മാത്രം ജനതക്ക് പകരം നൽകി. ഏറെ ചർച്ചചെയ്യപ്പെട്ടതിനാലും ഈ ലേഖനത്തിന്റെ ചർച്ചാ വിഷയമല്ലാത്തതിനാലും അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. എന്നാൽ പൊതുസമ്പത്തിന്റെ ഈ കോർപ്പറേറ്റ് കൊള്ളയിൽ ഒരു പ്രധാന ഭാഗമായിരുന്നു സർക്കാർ നിയന്ത്രണത്തിലെ ധാതു-ലവണ ഖനന മേഖല പൂർണമായും ചങ്ങാത്ത മുതലാളിത്തത്തിന്റെ ഹിംസാത്മക ചൂഷണത്തിന് വിട്ടുകൊടുത്തത്. അതുവരെ സർക്കാർ നിയന്ത്രണത്തിലും ശക്തമായ ട്രേഡ് യൂണിയൻ ജാഗ്രതയിലും (ഇന്ത്യയിലെ ഏറ്റവും ശക്തമായ ട്രേഡ് യൂണിയൻ സംവിധാനം നിലവിലുണ്ടായിരുന്നത് ഈ പൊതുമേഖലാ സ്ഥാപനങ്ങളിൽ ആയിരുന്നു) നടന്നിരുന്ന ഖനനം അതോടെ ചങ്ങാത്ത മുതലാളിത്തത്തിന്റെ അനിയന്ത്രിത ആർത്തിക്കും ചൂഷണത്തിനും വിധേയമായി. ഈ ഖനന മേഖലകൾ മിക്കതും പരിസ്ഥിതി ലോല-ആദിവാസി മേഖലകളിൽ ആണെന്നത് ഈ ചൂഷണത്തിന്റെ മാനങ്ങൾ വർദ്ധിപ്പിച്ചു. ഒറീസ, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ് തുടങ്ങിയ മേഖലകളിലെല്ലാം ഈ പരിസ്ഥിതി ചൂഷണവും, തദ്ദേശീയരുടെ കുടിയൊഴിപ്പിക്കലുകളും വിപുലമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിതെളിച്ചു.

2022 ജൂൺ 3 ന്റെ സുപ്രീംകോടതി വിധിയിൽ പറയുന്ന ഒരു പ്രധാനകാര്യം പ്രാദേശിക പ്രത്യേകതകളെയും ജനങ്ങളുടെ എതിർപ്പിനെയും പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് ഈ വിധിയിൽ ഇളവ് നേടാനായി കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാം എന്നാണ്, ബോംബെയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനും, ചെന്നൈയിലെ ഗിണ്ടി നാഷണൽ പാർക്കിനും അവയുടെ നഗര സ്വഭാവം പരിഗണിച്ച് ബഫർ സോൺ ഒഴിവാക്കി നൽകുകയും ചെയ്തു വിധി.

ഗുജറാത്ത് മുതൽ കന്യാകുമാരി വരെ 1600 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം ഇന്ത്യൻ കാലാവസ്ഥയെ സംബന്ധിച്ചും പാരിസ്ഥിതികമായും ഏറെ പ്രാധാന്യമുള്ള മലനിരയാണ്. ബോംബെ ഉൾപ്പെടെയുള്ള മഹാനഗരങ്ങളുടെ സാമിപ്യം ഈ നഗരങ്ങളിലെ അപരവത്കരിക്കപ്പെട്ട പുത്തൻ മധ്യവർഗ്ഗത്തിന്റെ വാരാന്ത്യ ലക്ഷ്യങ്ങളാക്കി പശ്ചിമഘട്ടത്തിലെ നിരവധി കേന്ദ്രങ്ങളെ മാറ്റി. ഈ പുത്തൻ ടൂറിസം വ്യവസായവും, വർദ്ധിച്ച പശ്ചാത്തല സൗകര്യ വികസനാവശ്യങ്ങളും ഈ മലനിരകളിലേക്ക് മൂലധന ശ്രദ്ധയെ നയിക്കുന്ന അവസ്ഥയുണ്ടായി. പുതിയ ക്വാറികളും, ടൂറിസം ഹോട്ട് സ്പോട്ടുകളും ഈ മലനിരകളിലാകെ പടർന്നു. ഈ സാഹചര്യത്തിന്റെ മറുപുറം എന്ന നിലക്കാണ് നിരവധി എൻ.ജി.ഓ.കളും, പരിസ്ഥിതി സംഘടനകളും ഈ മേഖലകളിൽ ഉയർന്നു വന്നത്. അവരുടെ കേവല പരിസ്ഥിതിവാദമാകട്ടെ പൂർണമായും മനുഷ്യനെ മാറ്റി നിർത്തുന്നതും, ചിലപ്പോഴൊക്കെ ആഗോള ഫണ്ടിംഗിനെ ലക്ഷ്യമിടുന്നതും ആയിരുന്നു. മേൽസൂചിപ്പിച്ച രണ്ടു വിഭാഗങ്ങളും കണക്കിലെടുക്കാത്ത മറ്റൊരു വിഭാഗം കൂടി ഈ മലനിരകളിൽ ഉണ്ടായിരുന്നു. അവരാണ് അവിടെ ജീവിച്ചിരുന്ന കർഷകരും കർഷകത്തൊഴിലാളികളും ആദിവാസികളുമൊക്കെയായ മനുഷ്യർ. മൂലധന സഞ്ചയത്തിനും, കേവലപരിസ്ഥിതിവാദത്തിനും ഇടയിൽപ്പെട്ടുപോയ ഈ വിഭാഗത്തിന്റെ പ്രശ്നങ്ങൾ മുഖ്യധാരയിൽ എത്തിയതേ ഇല്ല.

ബഫർസോൺ വിധിയുടെ ചരിത്ര പശ്ചാത്തലം

1995 ലാണ് നീലഗിരി വനമേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗോദവർമൻ തിരുമുൽപ്പാട് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഈ ഹര്‍ജിയുടെ പരിഗണനാമേഖല കോടതി സ്വയം വിപുലീകരിച്ചു. രാജ്യത്തെ വന സംരക്ഷണം എന്ന വിശാല വിഷയം പരിഗണിക്കുന്ന കേസായി തിരുമുല്‍പ്പാട് കേസ് മാറി. ജീവിക്കാനുള്ള അവകാശം എന്നത് ആരോഗ്യകരമായ അന്തരീക്ഷവും മലിനീകരണമില്ലാത്ത വായുവും ലഭ്യമാകുക എന്നതുകൂടിയാണെന്ന് വാദിച്ച എം.സി മേത്ത കേസിൽ 2002 ൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഇതോടൊപ്പമാണ് രാജസ്ഥാനിലെ ജമുവ രാംഗഡ് സംരക്ഷിത വനമേഖലക്കകത്ത് നടക്കുന്ന ഖനന പ്രവർത്തനങ്ങൾക്കെതിരായ ഹര്‍ജിയും, ഗോവയിലെ ക്വാറികൾക്കെതിരെ ഗോവാ ഫൗണ്ടേഷൻ എന്ന എൻ.ജി.ഓ ഫയൽ ചെയ്ത കേസും കോടതിയിൽ എത്തുന്നത് ഇങ്ങനെ സമാനമായ വ്യത്യസ്‍ത കേസുകളെ പരിഗണിച്ചു കൊണ്ടാണ് 2022 ലെ ബഫർസോൺ വിധി വരുന്നത്.  2002 ൽ പരിസ്ഥിതി വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ എങ്ങനെ നടപ്പാക്കുന്നു എന്ന് മോണിറ്റർ ചെയ്യാനായി ഒരു കേന്ദ്ര ഉന്നതാധികാര സമിതിയെ രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ കമ്മിറ്റി അതിന്റെ ആദ്യ റിപ്പോര്‍ട്ട് 2003 നവംബറിലും രണ്ടാം റിപ്പോര്‍ട്ട് 2012 സെപ്തംബറിലും സുപ്രീം കോടതിക്കും കേന്ദ്ര സര്‍ക്കാരിനും നല്‍കി. ജയറാം രമേശ് കേന്ദ്ര പരിസ്ഥിതി വനം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രണ്ടാം യു പി എ സർക്കാർ 2011 ഡിസംബർ 9 നാണ് സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും ഒരു ഷോക്ക് അബ്സോർബർ എന്ന നിലക്ക് 10 കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് സോൺ എന്ന മാനദണ്ഡം മുന്നോട്ട് വെച്ചത്. കാടും നാടും തമ്മിലെ ഒരു പരിവർത്തന മേഖല എന്ന നിലക്കാണ് ആ നിർദ്ദേശം അവതരിപ്പിക്കപ്പെട്ടത്. കേരളത്തിലെ അന്നത്തെ യുഡിഎഫ് സർക്കാർ ഈ ബഫർ സോണ്‍ നിർദ്ദേശങ്ങൾ പഠിക്കാനായി ടി എൻ പ്രതാപൻ, വി ഡി സതീശൻ, എൻ ഷംസുദ്ധീൻ എന്നിവർ അധ്യക്ഷരായി മൂന്ന് ഉപസമിതികളെ നിയോഗിച്ചു. ഈ സമിതികള്‍ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും 12 കിലോമീറ്റര്‍ വരെ വീതിയില്‍ ബഫര്‍ സോണ്‍ എന്ന നിര്‍ദ്ദേശമാണ് ശുപാര്‍ശ  ചെയ്തത്. ഈ നിര്‍ദ്ദേശം ഉമ്മന്‍ ചാണ്ടി മന്ത്രിസഭ  2013 മെയ് 8ന് അംഗീകരിക്കുകയും ചെയ്തു.  തുടർന്ന് വന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിൽ 2018 ഉണ്ടായ പ്രളയവും ഉരുൾ പൊട്ടലുകളും പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചുള്ള പൊതുബോധത്തെ ശക്തിപ്പെടുത്തി. ഈ പ്രളയത്തിനുപോലും കാരണം പശ്ചിമഘട്ടത്തിലെ ക്വാറികൾ ആണെന്ന നിലപാടായിരുന്നു കേവല പരിസ്ഥിതിവാദികൾ സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് 2019 ല്‍ കേരളം, പുതുക്കിയ ബഫര്‍ സോണ്‍ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചത്. സംരക്ഷിത വന മേഖലയ്ക്കു ചുറ്റും 0 മുതൽ 1 കിലോമീറ്റര്‍ വരെ  ബഫര്‍സോണ്‍ എന്ന നിര്‍ദ്ദേശമാണ് 2019 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമർപ്പിച്ചത്. പിന്നീടാണ് 2022 ജൂൺ മൂന്നിന് ഇപ്പോൾ ചർച്ചാ വിഷയമായ ബഫർ സോൺ ഉത്തരവും പിന്നീടുള്ള പുനഃപരിശോധനാ തീരുമാനവും സുപ്രീം കോടതിയിൽ നിന്നുണ്ടാകുന്നത്.

representational image

കേരളം വിഭിന്നമാകുന്നതെങ്ങനെ ?

2022 ജൂൺ 3 ന്റെ സുപ്രീംകോടതി വിധിയിൽ പറയുന്ന ഒരു പ്രധാനകാര്യം പ്രാദേശിക പ്രത്യേകതകളെയും ജനങ്ങളുടെ എതിർപ്പിനെയും പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് ഈ വിധിയിൽ ഇളവ് നേടാനായി കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാം എന്നാണ്, ബോംബെയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനും, ചെന്നൈയിലെ ഗിണ്ടി നാഷണൽ പാർക്കിനും അവയുടെ നഗര സ്വഭാവം പരിഗണിച്ച് ബഫർ സോൺ ഒഴിവാക്കി നൽകുകയും ചെയ്തു വിധി. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ സവിശേഷതകളെ കോടതിയെയും സി ഇ സിയെയും അറിയിക്കാനുള്ള സർവ്വേയ്ക്ക് കേരളം തുടക്കം കുറിച്ചത്. ഉപഗ്രഹ മാപ്പിംഗിനെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉപയോഗിച്ചുള്ള വിപുലമായ സർവ്വേ നടപടികളാണ് കേരളം നടത്തിയത്. എന്നാൽ കേവലമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചില സാമുദായിക സ്‌പോൺസേർഡ് സംഘടനകളും മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളും ഇത് ബഫർസോൺ പ്രഖ്യാപിക്കാനുള്ള സർവ്വേ ആണെന്നും  കേരള സർക്കാരിന് ബഫർസോൺ വിഷയത്തിൽ ഗൂഢതാത്പര്യങ്ങൾ ഉണ്ടെന്നും മാസങ്ങളോളം പ്രചാരണം നടത്തി. സുപ്രീം കോടതി വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചതോടെ ഈ പ്രചാരങ്ങളുടെ തനിനിറം പുറത്തുവന്നിരിക്കുകയാണ്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സാമൂഹിക - രാഷ്ട്രീയ അന്തരീക്ഷമാണ് കേരളത്തിൽ ഉള്ളത്. പരിസ്ഥിതി വിഷയത്തിലും സ്ഥിതി വ്യത്യസ്തമല്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായ ഭൂപ്രകൃതിയാണ് കേരളത്തിന്റേത്. പശ്ചിമഘട്ട മലകളും അതിന്‍റെ പീഠഭൂമിയും ചേര്‍ന്നാല്‍ കേരളത്തിന്‍റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനം ഭൂമിയായി. കേരളത്തിന്റെ കാർഷിക മേഖലയുടെ നട്ടെല്ലാണ് ഈ മേഖല. മംഗള വനം ഒഴികെയുള്ള മുഴുവൻ സംരക്ഷിത വനപ്രദേശങ്ങളും ഈ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വനവിസ്തൃതി ഏതാണ്ട് 30% ആണ് , ദേശീയശരാശരിയേക്കാൾ 7% വരെ കൂടുതലാണിത്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കേരളത്തിലെ വനവിസ്തൃതി യഥാർത്ഥത്തിൽ വർദ്ധിക്കുകയാണ് ചെയ്തത്. മിക്ക വന്യജീവികളുടെയും എണ്ണം വർദ്ധിച്ചു, കാട്ടുപന്നി, കുരങ്ങ്, മാൻ, കടുവ, ആന തുടങ്ങിയ മൃഗങ്ങളുടെ എണ്ണം താങ്ങാൻ കഴിയുന്നതിലും അധികമായി വർദ്ധിച്ചു എന്ന് പഠനങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പമാണ് തലമുറകളായി ഈ ഭൂമിയെ ആശ്രയിച്ചു ജീവിക്കുന്ന കർഷക സമൂഹവും. രാജ്യത്ത് തന്നെ ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം - ചതുരശ്ര കിലോമീറ്ററിൽ ഏതാണ്ട് 900 പേർ. ഈ സവിശേഷതകളുടെ അടിസ്ഥാനത്തിൽ വേണം കേരളത്തിലെ പരിസ്ഥിതിയെക്കുറിച്ചുള്ള ഏത് ചർച്ചയും ആരംഭിക്കാൻ.

പശ്ചിമഘട്ടത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ളയും പരിസ്ഥിതിനാശവും നടക്കുന്നത് കൊളോണിയൽ കാലത്താണ്. പ്ലാന്റേഷൻവൽക്കരണത്തിനും, റെയിൽവേ - കപ്പൽ തുടങ്ങിയ ആവശ്യങ്ങൾക്കുമായാണ് ചരിത്രത്തിലെ ഏറ്റവും വലിയ വനം കൊള്ളകൾ ഈ മേഖലയിൽ നടക്കുന്നത്. അതിനെല്ലാം ഏറെ ശേഷമാണ് ചെറുകിട കർഷകർ ഈ മേഖലകളിലേക്ക് കുടിയേറുന്നത്. എന്നാൽ ഈ ജനതയെ ഒന്നടങ്കം കൈയ്യേറ്റക്കാരും പ്രകൃതി ചൂഷകരുമായി ചിത്രീകരിക്കാനുള്ള ശ്രമം ആദ്യകാലം മുതൽ തന്നെ നടന്നിരുന്നു.

പശ്ചിമഘട്ട മേഖലയിലെ മനുഷ്യരെ പരിഗണിക്കാതെയുള്ള ഏത് പരിസ്ഥിതി ചർച്ചയും പ്രഹസനമായിരിക്കും. കാർഷിക മേഖലയെ ആശ്രയിച്ചു നിലകൊള്ളുന്ന മഹാഭൂരിപക്ഷത്തെ അപരസ്ഥാനത്ത് നിർത്തി കർഷകർ - പ്രകൃതി എന്ന വിപരീത ദ്വന്ദം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഏതുകോണിൽ നിന്നുണ്ടായാലും അത് ചരിത്രവിരുദ്ധവും അപഹാസ്യവുമാണ്. പശ്ചിമഘട്ടത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ളയും പരിസ്ഥിതിനാശവും നടക്കുന്നത് കൊളോണിയൽ കാലത്താണ്. പ്ലാന്റേഷൻവൽക്കരണത്തിനും, റെയിൽവേ - കപ്പൽ തുടങ്ങിയ ആവശ്യങ്ങൾക്കുമായാണ് ചരിത്രത്തിലെ ഏറ്റവും വലിയ വനം കൊള്ളകൾ ഈ മേഖലയിൽ നടക്കുന്നത്. അതിനെല്ലാം ഏറെ ശേഷമാണ് ചെറുകിട കർഷകർ ഈ മേഖലകളിലേക്ക് കുടിയേറുന്നത്. എന്നാൽ ഈ ജനതയെ ഒന്നടങ്കം കൈയ്യേറ്റക്കാരും പ്രകൃതി ചൂഷകരുമായി ചിത്രീകരിക്കാനുള്ള ശ്രമം ആദ്യകാലം മുതൽ തന്നെ നടന്നിരുന്നു. അതിൽ വലിയ പങ്കുവഹിച്ച ഒരു വിഭാഗം വനം വകുപ്പാണ്. കൊളോണിയൽ കാലം മുതൽ തന്നെ വനം വകുപ്പ് തദ്ദേശീയ ജനതയെ ശത്രുപക്ഷത്ത് നിർത്തുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഇന്ത്യയിൽ വനം വകുപ്പിന്റെ സ്ഥാപനം നടക്കുന്നത് വനം സംരക്ഷിക്കാനല്ല മറിച്ച് കൊളോണിയൽ വനചൂഷണത്തിനുള്ള നിർവ്വാഹകർ എന്ന നിലക്കാണ്. സ്വാതന്ത്ര്യാനന്തരം വനസംരക്ഷണം ലക്ഷ്യമായി മാറിയെങ്കിലും അവരുടെ കൊളോണിയൽ സ്വഭാവത്തിന് കാര്യമായ മാറ്റമുണ്ടായില്ല. ചെറുകിട കർഷകരെ ശത്രുപക്ഷത്ത് നിർത്തിയും ചിലപ്പോഴൊക്കെ അവരെ കുടിയൊഴിപ്പിച്ചും വേലികെട്ടി സംരക്ഷിക്കേണ്ട ഒന്നാണ് പരിസ്ഥിതി എന്ന ധാരണയാണ് പലപ്പോഴും വനം വകുപ്പ് മുന്നോട്ട് വെച്ചത്. പരിസ്ഥിതി എന്നാൽ വനം മാത്രമാണെന്ന കേവലയുക്തിയിൽ നിന്നാണ് ഇത്തരമൊരു മനോഭാവം ഉണ്ടാകുന്നത്.

ഇതേ ചിന്തയാണ് കേരളത്തിലെ അധീശ പരിസ്ഥിതി ബോധവും മുന്നോട്ട് വെക്കുന്നത്. മനുഷ്യനെ ഒരൊറ്റ സാമൂഹിക വിഭാഗമായി കാണുകയും പ്രകൃതിയെയും മനുഷ്യനെയും പരസ്പരം അപര സ്ഥാനത്ത് നിർത്തി ലളിത ജീവിതം കൊണ്ടും, ഗാന്ധിയൻ ധാർമ്മികതകൊണ്ടും വ്യവസ്ഥയെ പരിഷ്കരിച്ചും പ്രകൃതിയോടിണങ്ങി ജീവിച്ചും (?)  പരിസ്ഥിതി പ്രശ്നം പരിഹരിക്കാമെന്നുള്ള ചിന്തക്ക് കേരളത്തിൽ വലിയ സ്വീകാര്യതയുണ്ട്. ഇത്തരം വാദങ്ങളിൽ അടിസ്ഥാനപരമായ ഒരു പ്രശ്നമുണ്ട്. മനുഷ്യൻ എന്നത് മറ്റു ജീവജാലങ്ങളെ പോലുള്ള ഒരു ജീവി മാത്രമാണെന്നും അതിനാൽ എല്ലാ മനുഷ്യരും ചയാപചയ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതിയിൽ ഒരേ തരം ആഘാതമാണ് സൃഷ്ടിക്കുന്നതെന്നുമുള്ള വിലയിരുത്തലാണ് ഈ ചിന്തയുടെ പിന്നിൽ. പ്രകൃതിയിൽ ബോധപൂർവ്വം ഇടപെടുകയും ആ ഇടപെടലിന്റെ ഭാഗമായി പ്രകൃതിയെ മാറ്റിമറിക്കുകയും സ്വയം മാറുകയും ചെയ്യുന്ന ഏക ജീവിവർഗ്ഗമാണ് മനുഷ്യൻ. ഈ ഇടപെടലിന്റെ ഭാഗമായി ഉണ്ടാകുന്ന ഉല്പാദന പ്രക്രിയ വ്യത്യസ്ഥമായ ഉല്പാദന ബന്ധങ്ങൾ മനുഷ്യർക്കിടയിൽ സൃഷ്ടിക്കുന്നു. സ്വന്തം അധ്വാനശക്തി മാത്രം കൈമുതലായ മഹാഭൂരിപക്ഷവും അവരുടെ അധ്വാന ശക്തിയെ ലാഭ കേന്ദ്രീകരണത്തിനായി ചൂഷണം ചെയ്യുന്ന ഒരു ചെറു ന്യൂനപക്ഷവും തമ്മിലെ സംഘർഷമാണ് മുതലാളിത്ത സാമൂഹിക വ്യവസ്ഥയിൽ നടക്കുന്നത്. മുതലാളിത്ത സാമൂഹിക വ്യവസ്ഥയുടെ ഏറ്റവും അക്രമോത്സുക രൂപങ്ങളിലൊന്നായ നവലിബറൽ നയങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള തൊഴിലാളി വർഗ്ഗത്തിന്റെ വരുമാനം നിശ്ചലാവസ്ഥയിലാണ് ( Stagnant), തൊഴിൽ സമയമാകട്ടെ കൂടുകയും ചെയ്തിരിക്കുന്നു. അത്തരമൊരു ജനവിഭാഗവും അതിവേഗം സമ്പന്നരായിക്കൊണ്ടിരിക്കുന്ന മറുവിഭാഗവും ഒരേ നിലയിലാണ് പരിസ്ഥിതി ആഘാതമേല്പിക്കുന്നതെന്ന വാദം വസ്തുനിഷ്ഠമായി ശരിയാകില്ല.

representational,image : flickr

2015ലെ ഓക്സ്ഫാം റിപ്പോർട്ട് പ്രകാരം ഹരിത വാതക ഉത്സർജ്ജനത്തിന്റെ 50% ത്തിനും കാരണം ജനസംഖ്യയുടെ 10% വരുന്ന അതിസമ്പന്നവർഗ്ഗമാണ്. ലോക ജനസംഖ്യയുടെ 50% പേരാകട്ടെ സംഭാവന ചെയ്യുന്നത് ആകെ കാർബൺ ഉത്സർജ്ജനത്തിന്റെ 10% മാത്രമാണ്. ഒരു ശരാശരി അമേരിക്കൻ പൗരന്റെ വാർഷിക ഗാർഹിക വൈദ്യുതി ഉപഭോഗം 4517 യൂണിറ്റാണെങ്കിൽ ഇന്ത്യയിലത് 131 യൂണിറ്റും ചൈനയിൽ 433 യൂണിറ്റും മാത്രമാണ്. കഴിഞ്ഞ 30 വർഷങ്ങൾക്കിടയിലുണ്ടായ ഹരിത ഗൃഹ ഉത്സർജനത്തിന്റെ 71% വും സംഭാവന ചെയ്തത് വെറും 100 കോർപ്പറേറ്റ് കമ്പനികളാണ്. ഇവിടെയാണ് മുൻപേ സൂചിപ്പിച്ച കേരളത്തിൽ അധീശാധിപത്യമുള്ള ”മനുഷ്യ കേന്ദ്രീകൃത” മധ്യ വർഗ്ഗപരിസ്ഥിതി ബോധത്തിന്റെ പരിമിതി വ്യക്തമാകുന്നത്. അതായത് മനുഷ്യരെല്ലാം ഒരു പോലെയല്ല പരിസ്ഥിതി നാശത്തിന് കാരണമാകുന്നതെങ്കിൽ എല്ലാ മനുഷ്യരെയും പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ ഒരു അനീതിയുണ്ട്. ഇനി ഇതൊരു കൂട്ടായ ഉത്തരവാദിത്തത്തിന്റെ പ്രശ്നമാണെന്ന് ധരിച്ചാൽ പോലും മഹാ ഭൂരിപക്ഷത്തിന്റെ ജീവിത ശൈലി മാറ്റങ്ങൾ കൊണ്ടോ, ഉപഭോഗ ശീലത്തിലെ മാറ്റം കൊണ്ടോ പരിഹരിക്കാവുന്ന ഒന്നുമല്ല ആഗോള പരിസ്ഥിതി പ്രശ്നം, അത് വ്യവസ്ഥാപരമാണ് അതിന് ഘടനാപരമായ മാറ്റങ്ങൾ വേണം. അതായത് അടിസ്ഥാനപരമായി പരിസ്ഥിതിപ്രശ്നം എന്നത് ഒരു വർഗ്ഗപ്രശ്നമാണ്.

നമുക്ക് പശ്ചിമഘട്ടത്തിലേക്ക് തിരിച്ചുവരാം. കഴിഞ്ഞ മുപ്പതുവർഷമായി നവലിബറൽ നയങ്ങളുടെ ആഘാതം ഏറ്റവുമധികം അനുഭവിച്ച ജനതയാണ് ഈ മേഖലയിലെ കർഷകരും കർഷകത്തൊഴിലാളികളും. രൂക്ഷമായ വിലത്തകർച്ചയും രോഗങ്ങളും കർഷകരെ വലിയ കടക്കെണിയിൽ പെടുത്തിയിരിക്കുന്നു. 2001-06 കാലത്ത് മാത്രം 500 ലേറെ കർഷകരാണ് വയനാട്ടിൽ മാത്രം ആത്മഹത്യ ചെയ്തത്. മിക്ക കുടുംബങ്ങളിലെയും ചെറുപ്പക്കാർ നാട് വിട്ട് മഹാനഗരങ്ങളിലേക്കോ വിദേശത്തേക്കോ കുടിയേറുന്നു. ഇങ്ങനെ ദുരിതമനുഭവിക്കുന്ന ജനതയുടെ മുന്നിലേക്കാണ് വന്യമൃഗശല്യം രൂക്ഷമായി എത്തുന്നത്. കുരങ്ങുശല്യമില്ലാത്ത ഒരു പഞ്ചായത്തുപോലും വയനാട്ടിൽ ഇല്ല. വിളകൾ മുഴുവൻ കുരങ്ങും , ആനയും , പന്നിയും കൊണ്ടുപോകുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് മാനന്തവാടിയിൽ തോമസ് എന്ന കർഷകനെ കടുവ കൊന്നത്. ലോകത്തിനു മാതൃകയായ ശുചിത്വ നഗരമായി സുൽത്താൻ ബത്തേരിയെ വികസിപ്പിച്ച മുൻ നഗരസഭാ ചെയർമാൻ സി കെ സഹദേവൻ പന്നിയുടെ ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലാണ്. ഒരു മെഡിക്കൽ കോളേജിനുള്ള ഭൂമി പോലും പരിസ്ഥിതി ലോലമല്ലാതെ കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് വയനാടൻ ജനത. അത്തരമൊരു ഘട്ടത്തിൽ ബഫർസോൺ പോലൊരു പ്രഖ്യാപനം സ്വാഭാവികമായും മലയോരജനതയെ ആശങ്കപ്പെടുത്തും അവർ പ്രതികരിക്കും. ആ പ്രതികരണത്തെ വൈകാരികമായി ആളിക്കത്തിക്കാനും മുതലെടുക്കാനും ശ്രമിക്കുന്ന മറ്റൊരു കൂട്ടരാകട്ടെ പ്രശ്നപരിഹാരമല്ല മറിച്ച് മുതലെടുപ്പ് മാത്രമാണ് ലക്ഷ്യമിടുന്നതും.

കടുവയുടെ എണ്ണം കേരളത്തിലെ കാടുകൾക്ക് താങ്ങാനാവാത്ത വിധം വർദ്ധിച്ചിരിക്കുന്നു , അവയെ വിസ്തൃതികൂടിയ അന്യസംസ്ഥാന സംരക്ഷണകേന്ദ്രങ്ങളിലേക്ക് വിന്യസിക്കുന്നതും ആലോചിക്കേണ്ടതുണ്ട്. വനംവകുപ്പ് ഇത്രയേറെ സംരക്ഷിച്ചിട്ടും നമ്മുടെ അടികാടുകളിൽ മുഴുവൻ ഇൻവേസീവ് കളകൾ പെരുകിയിരിക്കുന്നു. മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ ഇതും ഒരു കാരണമാണ്.

അതേ സമയം വൻകിട റിസോർട്ട് - ടൂറിസം  വ്യവസായ മേഖലകളിൽ നടക്കുന്ന പരിസ്ഥിതി ചൂഷണങ്ങളെ ഇവിടെ പരിഗണിക്കപ്പെടുന്നുമില്ല. അവർ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നത്തിന്റെയും ഇരകളാക്കപ്പെടുന്നത് ഈ കർഷക ജനതയാണ്. ബഫർസോൺ, കസ്തൂരിരംഗൻ റിപ്പോർട്ട്, വന്യമൃഗശല്യം, രാത്രിയാത്രാ നിരോധനം തുടങ്ങിയ പ്രതിസന്ധികൾ കാരണം വനസാമീപ്യമുള്ള വലിയൊരുവിഭാഗം കർഷകർ കിട്ടുന്ന വിലക്ക് കൃഷിഭൂമി വിറ്റ് നഗരങ്ങളിലേക്ക് കുടിയേറുകയാണ് , ഈ ഭൂമി വാങ്ങിക്കൂട്ടുന്നതാകട്ടെ ടൂറിസം മേഖലയിലെ നിക്ഷേപകരും, ഒരു നിക്ഷേപം എന്ന നിലയിൽ വയനാട്ടിൽ ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്ന സമ്പന്നരുമാണ്.

ഇവിടെ അടിസ്ഥാനപരമായി മാറ്റം വരേണ്ടത് നമ്മുടെ പരിസ്ഥിതി പോളിസികളിലാണ്. തദ്ദേശീയ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും അവരെ ശത്രുപക്ഷത്ത് നിർത്തിയും വനം വകുപ്പിനോ, എൻ ജി ഓ കൾക്കോ, വിദഗ്ദർക്കോ മാത്രം നടത്താവുന്ന ഒന്നല്ല പരിസ്ഥിതി സംരക്ഷണം, അതിന്റെ ഭാരം ചുമക്കേണ്ടത് ഈ മേഖലയിലെ ജനങ്ങൾ മാത്രവുമല്ല. പാരിസ്ഥിതിക ലോല പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക് ഈ സംരക്ഷണപ്രവർത്തനത്തിൽ വലിയ പങ്കുണ്ട്, അവരുടെ സമൂഹിക ചലനത്തെയും, വികസനസാധ്യതകളെയും ചുരുക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാകേണ്ടതുണ്ട്, മഹാനഗരങ്ങളിലെയും മറ്റു പ്രദേശങ്ങളിലെയും പരിസ്ഥിതി മലിനീകരണത്തിന്റെയും  കാർബൺ എമിഷന്റെയും ബാധ്യത ഏൽക്കേണ്ടി വരുന്നവർ എന്ന നിലക്ക് ഈ ജനസമൂഹത്തിന്റെ നഷ്ടങ്ങളെ തുല്യമായി നികത്താനുള്ള ബാധ്യത എല്ലാ വിഭാഗങ്ങൾക്കുമുണ്ട്. പ്രാദേശിക ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ കൂടെ പങ്കാളിത്തത്തോടെ നടക്കേണ്ട ഒന്നാണ്  പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ. മനുഷ്യസ്പർശമേൽക്കാതെ പരിപാവനമായി സംരക്ഷിക്കേണ്ട ഒന്നാണ് പരിസ്ഥിതിയെന്ന കാല്പനികവാദം അബദ്ധജടിലമാണെന്ന് നാം തിരിച്ചറിയണം. ശാസ്ത്രീയമായും കൃത്യമായ ആസൂത്രണത്തോടെയും നടപ്പാക്കാൻ കഴിയേണ്ട ഒന്നാണ് പരിസ്ഥിതി സംരക്ഷണം. ഉദാഹരണത്തിന് ഏതെങ്കിലും ഒരു പ്രത്യേക ജീവിവർഗ്ഗം അനിയന്ത്രിതമായി പെരുകിയാൽ അത് പരിസ്ഥിതിക്ക് ആഘാതമാണ് ഏൽപ്പിക്കുക, അതിനെ സ്വയം നിയന്ത്രിക്കാനുള്ള ശേഷിയൊന്നും പ്രകൃതിക്കുണ്ടാകില്ല. കാട്ടുപന്നി , കുരങ്ങ് തുടങ്ങിയ മൃഗങ്ങൾ അനിയന്ത്രിതമായി പെരുകി ആവാസവ്യവസ്ഥയ്ക്കും സമൂഹത്തിനും ആഘാതമേല്പിക്കുന്ന അവസ്ഥയാണിന്ന്. അവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കള്ളിംഗ് നടത്തുക എന്നത് ലോകമെമ്പാടുമുള്ള കീഴ്വഴക്കമാണ്‌. പക്ഷെ നമ്മുടെ പരിപാവന കാല്പനിക പരിസ്ഥിതി ചിന്തയിൽ അത് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണിന്ന്.

representational image: flickr

കടുവയുടെ എണ്ണം കേരളത്തിലെ കാടുകൾക്ക് താങ്ങാനാവാത്ത വിധം വർദ്ധിച്ചിരിക്കുന്നു , അവയെ വിസ്തൃതികൂടിയ അന്യസംസ്ഥാന സംരക്ഷണകേന്ദ്രങ്ങളിലേക്ക് വിന്യസിക്കുന്നതും ആലോചിക്കേണ്ടതുണ്ട്. വനംവകുപ്പ് ഇത്രയേറെ സംരക്ഷിച്ചിട്ടും നമ്മുടെ അടികാടുകളിൽ മുഴുവൻ ഇൻവേസീവ് കളകൾ പെരുകിയിരിക്കുന്നു. മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ ഇതും ഒരു കാരണമാണ്. തൊഴിലുറപ്പ് പദ്ധതികൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി ഈ അക്രമകാരികളായ കളകളെ ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ കാടുകളുടെ അഞ്ചിലൊന്നോളം യൂക്കാലിപ്റ്റസ് , തേക്ക് തുടങ്ങിയ തോട്ടങ്ങളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വനവിസ്തൃതിയുടെ കണക്ക് പെരുപ്പിക്കാനല്ലാതെ മറ്റൊരു ഗുണവും ഈ തോട്ടങ്ങൾ തരുന്നില്ല. അവയെ ഘട്ടം ഘട്ടമായി വനവത്കരിച്ച് മൃഗങ്ങൾക്കാവശ്യമായ ആവാസവ്യവസ്ഥ ഒരുക്കുകയാകും ഉചിതം. വയനാട്ടിലെ തദ്ദേശീയ ജനങ്ങളുടെ ജീവൽപ്രധാന ആവശ്യങ്ങൾക്ക് പോലും വനം വകുപ്പ് തടസ്സം നിൽക്കുന്ന അവസ്ഥയാണിന്നുള്ളത്. വനാതിർത്തിയിൽ ആദിവാസി കോളനികളിലേക്കുള്ള റോഡ് നിർമാണം പോലും നടക്കാത്ത അവസ്ഥ. മറ്റൊരു ഉദാഹരണമാണ് വയനാടൻ ചുരത്തിന്റേത്, എല്ലാ ദിവസവും മണിക്കൂറുകളോളം ചുരത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി വേണം വയനാട്ടുകാർക്ക് പുറംലോകത്തെത്താൻ. ചുരത്തിലെ ഗതാഗതക്കുരുക്ക് ഓരോ മണിക്കൂറും പുറംതള്ളുന്ന കാർബൺ എമിഷനേക്കാൾ തുലോം തുച്ഛമാകും ചുരം വീതികൂട്ടുമ്പോഴുണ്ടാകുന്ന പരിസ്ഥിതി നാശം. ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് തടസം നിൽക്കുന്ന ഒന്നാണ് പരിസ്ഥിതി സംരക്ഷണം എന്ന അവസ്ഥ എല്ലാത്തരം സംരക്ഷണ പ്രവർത്തനങ്ങളെയും അപകടപ്പെടുത്തുകയെ ഉള്ളൂ. മനുഷ്യനെ മാറ്റിനിർത്തി പരിസ്ഥിതിയെ സംരക്ഷിക്കാം എന്ന് കരുതുന്നത് അങ്ങേയറ്റം അപകടകരമായ ചിന്തയാണ്. മനുഷ്യനും പ്രകൃതിയും കൂടിച്ചേരുന്നതാണ് പരിസ്ഥിതി. ആ പരിസ്ഥിതിയുടെ സംരക്ഷണമാകട്ടെ അവന്റെ നിലനിൽപ്പിന്റെ തന്നെ ഭാഗവുമാണ്. അത്തരമൊരു വൈരുദ്ധ്യാത്മക പരിസ്ഥിതിബോധത്തിനു മാത്രമേ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് പരിസ്ഥിതിയേയും മനുഷ്യനേയും രക്ഷിക്കാനാകൂ.

Leave a comment