TMJ
searchnav-menu
post-thumbnail

Penpoint

ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ആത്മഭാഷണങ്ങള്‍

22 Apr 2022   |   2 min Read
ബിനീഷ് പണിക്കര്‍

പ്രമുഖ ഇറ്റാലിയന്‍ കവിയും, തത്വചിന്തകനുമായിരുന്ന ജിയാകോമോ ലിയോപാര്‍ഡിയുടെ (1798-1837) കുറിപ്പുകളുടെ സമാഹരമായ സിബാള്‍ഡോണ്‍ എന്ന വിഖ്യാത കൃതിയുടെ അന്തസത്തയെക്കുറിച്ചുള്ള പ്രൗഢമായ ആമുഖമാണ് 'ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ആത്മഭാഷണങ്ങള്‍'. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ഭാഷയില്‍ സമാഹരിക്കപ്പെട്ട സിബാള്‍ഡോണിന്റെ ഇംഗ്ലീഷ് പരിഭാഷ ഒരു നൂറ്റാണ്ടിന് ശേഷം 2013 ലാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്. മലബാര്‍ ജേര്‍ണലില്‍ ആരംഭിക്കുന്ന ‘TMJ-PENPOINT’ എന്ന പുസ്തകനിരൂപണ പംക്തിയില്‍ എഴുത്തുകാരനും, മാധ്യമപ്രവര്‍ത്തകനുമായ ബിനീഷ് പണിക്കര്‍ എഴുതിയ 'ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ആത്മഭാഷണങ്ങള്‍'.

''Two truths men generally never believe: one, that we know nothing. The other, we are nothing. Add the third, which depends a lot on the second: that there is nothing to hope for after death. A great concern (ambition) among men when they are immature is seem to be fully grown, and when they are fully grown, to appear immature.'' (ZIBALDONE 4526,16, September, 1832)

സിബാള്‍ഡോണ്‍ എന്ന നെടുങ്കന്‍ കുറിപ്പ് പുസ്തകത്തിലെ അവസാന പുറം ശൂന്യത എന്ന തത്വചിന്താപരമായ പ്രശ്നത്തിലാണ് ചെന്ന് മുട്ടുന്നത്. നാം ഒന്നും അറിയുന്നില്ലെന്ന തിരിച്ചറിവില്ലാത്തതിന്റെ ശൂന്യത. മരണാനന്തരം ഒന്നും പ്രത്യാശിക്കാനില്ലെന്ന ശൂന്യത. ശ്യൂന്യതയെ ചൊല്ലിയുള്ള വ്യവഹാരവും അത് സംബന്ധിച്ച സംവാദവും ഇരുപതാം നൂറ്റാണ്ടിന്റെ ചിന്തയെ ആഴത്തില്‍ സ്വാധീനിച്ച എക്‌സിസ്റ്റന്‍ഷ്യലിസം അടക്കമുള്ള തത്വചിന്താധാരകളില്‍ നിറഞ്ഞുനില്‍ക്കുന്നതു കാണാം. എക്സിസ്റ്റന്‍ഷ്യലിസ്റ്റുകളുടെ തലമുറയ്ക്കു വഴികാട്ടിയ എഴുത്തുകാരിലും ചിന്തകരിലും പ്രമുഖനായിരുന്നു ഇറ്റാലിയന്‍ കവിയും തത്വചിന്തകനും എഴുത്തുകാരനുമായ ജിയാകോമോ ലിയോപാര്‍ഡി(1798-1837). ജീവിതം ദുരന്തപ്രഹസന (tragic farce) മായിത്തീരുന്നുവെന്ന പ്രമേയത്തെ ഇത്ര ആഴത്തിലും വിപുലമായും പരിശോധിച്ചിട്ടുള്ള മറ്റൊരു എഴുത്തുകാരന്‍ ഉണ്ടാവില്ലെന്ന് ഷോപ്പനോവര്‍ പില്‍ക്കാലത്ത് ലിയോപാര്‍ഡിയെക്കുറിച്ച് വിലയിരുത്തിയിട്ടുമുണ്ട്.

എഴുത്തുകാരുടെ കുറിപ്പ് പുസ്തകങ്ങളും ഡയറികളും അവരുടെ സര്‍ഗാത്മക രചനകള്‍ പോലെയോ അതിലേറെയോ വായിക്കപ്പെടാറുണ്ട്. ആല്‍ബേര്‍ കമ്യുവിന്റെ രണ്ടു വോള്യങ്ങളായി പുറത്തിറങ്ങിയ നോട്ട് ബുക്സ് തന്നെ നല്ല ഉദാഹരണം. കീര്‍ക്കഗാഡിന്റേയും കാഫ്ക്കയുടേയും ഡോസ്‌റ്റോവ്‌സ്‌ക്കിയുടേയും ഒക്കെ കുറിപ്പുപുസ്തകങ്ങളും പ്രസിദ്ധമാണ്. എഴുത്തുകാരുടെ പുറം ലോകവുമായി സംവേദിക്കപ്പെടാതെ പോവുകയും വെളിച്ചം കാണാതെ പോകുകയും ചെയ്ത ചിന്തകള്‍, പൂര്‍ണാര്‍ത്ഥത്തിലുള്ള രചനകളായി തീരാത്തവ, രചനകള്‍ക്കു വേണ്ടി ഉണ്ടാക്കപ്പെട്ട കുറിപ്പുകള്‍, വായിച്ച പുസ്തകങ്ങളുമായുള്ള സംവാദങ്ങള്‍, നോട്ടുകള്‍ തുടങ്ങിയവയാണ് സാധാരണഗതിയിൽ ഇത്തരത്തിലുള്ള കുറിപ്പ് പുസ്തകങ്ങളുടെ ഉള്ളടക്കം. എഴുത്തുകാരുടെ കാലശേഷമാണ് ഈ ഗണത്തില്‍പ്പെട്ട പുസ്തകങ്ങളൊക്കെ വെളിച്ചം കണ്ടിട്ടുള്ളതും. പക്ഷെ ഇത്തരം രചനകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് സിബാള്‍ഡോണ്‍.

ആല്‍ബേര്‍ കമ്യുവിന്റെ നോട്ട് ബുക്സ് എന്ന പുസ്തകത്തിന്റെ കവർ | photo: wiki common

ഡിവൈന്‍ കോമഡിയിലൂടെ സാഹിത്യത്തില്‍ നിത്യമുദ്ര പതിപ്പിച്ച ഡാന്റേയ്ക്കുശേഷം ഇറ്റാലിയന്‍ സാഹിത്യം ലോകത്തിനു സമ്മാനിച്ച ഉന്നത ശീര്‍ഷനാണ് ലിയോപാര്‍ഡി. അദ്ദേഹം രചിച്ച കാന്റി എന്ന കാവ്യം കഴിഞ്ഞ ഇരുന്നൂറു വര്‍ഷങ്ങളായി പടിഞ്ഞാറന്‍ സാഹിത്യത്തിലെ ഭാവഗാനശാഖയെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന രചനയാണ്. ഫ്രെഡറിക് നീഷേയെയും സാമൂവേല്‍ ബക്കറ്റിനെയും ഷോപ്പനോവറേയും പോലുള്ള തത്വചിന്തകരുടേയും എഴുത്തുകാരുടേയും സ്വത്വം രൂപപ്പെടുത്തിയതില്‍ ഏറ്റവും നിര്‍ണായക സ്വാധീനം വഹിച്ചു ലിയോപാര്‍ഡി. അതേസമയം, ഏതെങ്കിലും ഒരു ചിന്താപദ്ധതിയുടെയോ സാഹിത്യപ്രസ്ഥാനത്തിന്റെയോ പ്രയോക്താവായി തീരുന്നില്ല അദ്ദേഹം.

( ….once found, knowledge did not help you to live. On the contrary, it brought despair. And once learned, it could not be unlearned. )

കലയിലും സാഹിത്യത്തിലും സൗന്ദര്യശാസ്ത്രത്തിലും ഒരു പ്രത്യേക സംക്രമണഘട്ടത്തിലായിരുന്നു ജിയാകോമോ ലിയോപാര്‍ഡിയുടെ ജീവിത കാലം. കോളറിഡ്ജിനേയും വേഡ്സ്വര്‍ത്തിനേയും ഹോള്‍ഡര്‍ലൈനേയും പോലുള്ള കാല്പനികര്‍ മുന്നാലെ നടന്നു. ബോദ്ലയറേയും എമിലി ഡിക്കന്‍സണിനേയും വാള്‍ട്ട് വിറ്റ്മാനേയും പോലുള്ള ഭാവഗീതങ്ങളുടെ രചയിതാക്കള്‍ തൊട്ടുപിന്നാലേയും എത്തി. ഈ രണ്ട് കാലഘട്ടങ്ങളുടേയും നിഴല്‍ ഭൂമി (shadow land) യിലായിരുന്നു ലിയോപാര്‍ഡിയുടെ രചനാകാലം. നെപ്പോളിയന്റെ കാലത്തിനുശേഷമുള്ള യൂറോപ്പ്, റെസ്റ്റോറേഷന്‍ കാലത്തിന്റെ ആഴത്തിലുള്ള അസംതൃപ്തി, വിഷാദാത്മകത, ഭൂതത്തിലോ ഭാവിയിലോ എവിടെയൊക്കെയോ പെട്ടുപോയ ഒരു തലമുറ. വ്യവസായവല്‍ക്കരണാനന്തരം പ്രകൃതിയില്‍ നിന്നും കുതറിത്തെറിക്കുന്ന മനുഷ്യന്‍. ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ലിയോപാര്‍ഡിയെ അലട്ടി. ദിശ കിട്ടാത്ത നാവികന്‍, പല ദിക്കുകളിലേക്കും ഒരേ സമയം സഞ്ചരിക്കാന്‍ വെമ്പുന്നതിലെ പ്രതിസന്ധികളെന്നു നിര്‍വചിച്ചാല്‍ തെറ്റില്ലെന്നു തോന്നുന്നു. സിബാള്‍ഡോണിന്റെ ഉള്‍ത്തലത്തില്‍ ചിതറുന്ന ചിന്തകളില്‍ ഈ ഗതിവേഗം നമുക്ക് കാണാം.

ഒന്നാം ലോകമഹായുദ്ധ കാലത്ത് ട്രെഞ്ചുകളില്‍ കഴിയവെ ഇറ്റാലിയന്‍ സൈനികര്‍ ഏറ്റവും അധികം വായിച്ചിരുന്നത് ലിയോപാര്‍ഡിയുടെ കവിതകളായിരുന്നു. വാള്‍ട്ടര്‍ ബെന്യാമിനെപ്പോലുള്ള മാര്‍ക്സിയന്‍ ചിന്തകരുടെ വരെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഗദ്യരചനകള്‍.

വളരെ വിപുലമായിരുന്നു ലിയോപാര്‍ഡിയുടെ സര്‍ഗപ്രപഞ്ചം. വിമര്‍ശനം, കവിത, ഭാഷ വിജഞാനീയം, തത്വചിന്ത, നരവംശശാസ്ത്രം… അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ള വിഷയങ്ങളുടെ വൈപുല്യം അത്ഭുതകരമാണ്. അവ നല്‍കുന്ന ഉള്‍ക്കാഴ്ചയും ദൂരക്കാഴ്ചയും എടുത്തുപറയേണ്ടതുമാണ്. കാവ്യരചനയിലെ പ്രതിഭാശേഷിയെ ഒട്ടും തന്നെ പിന്നിലാക്കുന്നതായിരുന്നില്ല ഗദ്യരചനയില്‍ അദ്ദേഹം കാഴ്ചവെച്ച കൈയടക്കം. പരിഭാഷകർക്ക് പിടി തരാത്തതായിരുന്നു ആ കവിതകളുടെ ശയ്യാഗുണം. കാവ്യഗുണത്തേയും അതിവര്‍ത്തിച്ചുനിന്നു ഈ കവിതകള്‍ പകര്‍ന്നുവെച്ച ശൂന്യതാവാദം. ഒന്നാം ലോകമഹായുദ്ധ കാലത്ത് ട്രെഞ്ചുകളില്‍ കഴിയവെ ഇറ്റാലിയന്‍ സൈനികര്‍ ഏറ്റവും അധികം വായിച്ചിരുന്നത് ലിയോപാര്‍ഡിയുടെ കവിതകളായിരുന്നു. വാള്‍ട്ടര്‍ ബെന്യാമിനെപ്പോലുള്ള മാര്‍ക്സിയന്‍ ചിന്തകരുടെ വരെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഗദ്യരചനകള്‍. ഇതൊക്കെയെങ്കിലും ആ പ്രതിഭ ജീവിച്ചിരുന്ന കാലത്ത് ഒട്ടും തിരിച്ചറിയപ്പെടാതെ പോയി. 39ാമത്തെ വയസ്സില്‍ നേപ്പിള്‍സ്സില്‍ പ്രായേണ അജ്ഞാതനായി മരിക്കുകയായിരുന്നു ലിയോപ്പാര്‍ഡി. അദ്ദേഹത്തെ തേടി കാലം പിന്നാലെ എത്തിയെന്നതും ചരിത്രം.

ചിന്തകളുടേയും കുറിപ്പുകളുടേയും സങ്കലനം

സിബാള്‍ഡോണ്‍ എന്നത് ഇറ്റാലിയന്‍ ഭാഷയിലെ നാട്ടുപ്രയോഗമാണ്. ഒരു കൂട്ടം കാര്യങ്ങളെന്നോ പലവകയെന്നോ ഒക്കെ അര്‍ഥം പറയാം. കുറിപ്പ് പുസ്തകം എന്നും സാന്ദര്‍ഭിക ചിന്തകളുടേയും കുറിപ്പുകളുടേയും സങ്കലനം എന്നും വിശദീകരിച്ചു കാണുന്നു. സിബാള്‍ഡോണ്‍ എന്ന വാക്ക് ലോകമെങ്ങുമുള്ള വായനക്കാര്‍ക്കിടയില്‍ പരക്കുന്നത് ലിയോപാര്‍ഡിയുടെ 4526 പുറങ്ങളുള്ള ഈ കുറിപ്പ് പുസ്തകത്തിലൂടെയാണ്. പൈശാചികമായ കുറിപ്പ് പുസ്തകം (monstrous diary) എന്നാണ് ബ്രിയാന്‍ പാട്രിക് എഹ (Brian Patrich Eha) യെപ്പോലുള്ളവര്‍ ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. അത്രമേല്‍ വ്യതിരിക്തങ്ങളായ വിഷയങ്ങളെ ചുറ്റിത്തിരിയുന്നു ഈ ബൃഹദ്ഗ്രന്ഥത്തിലെ കുറിപ്പുകള്‍. മനുഷ്യാവസ്ഥയെക്കുറിച്ചും അവരുടെ ഭൂതകാലത്തെക്കുറിച്ചുമുള്ള സാമൂഹികശാസ്ത്രപരവും മനഃശാസ്ത്രപരവുമായ ഉള്‍ക്കാഴ്ച തരുന്നവ. വ്യക്തിതലത്തിലും സാമൂഹിക തലത്തിലും അസ്തിത്വപരമായ ശൂന്യതയെ എപ്രകാരം കാലാകാലങ്ങളില്‍ പ്രതിരോധിച്ചു മനുഷ്യാവസ്ഥ മുന്നോട്ടുപോയി എന്നതും ജീവിതത്തെ ഇനിയും മുന്നോട്ടുകൊണ്ടു പോകുന്നതെന്തെന്നും ഈ കുറിപ്പ് പുസ്തകം വിശദമായി പരിശോധിക്കുന്നു.

സിബാള്‍ഡോണ്‍ ഒരു പുസ്തകമല്ല. ഒരു നെടുങ്കന്‍ നിഗൂഢ കൈയെഴുത്തുകളുടെ കൂടാണ്. കുട്ടിത്തം നിറഞ്ഞ കൈപ്പടയില്‍ ഒരു വൃത്തിയുമില്ലാതെ വലിച്ചുവാരി എഴുതിയിരിക്കുന്ന കടലാസുകളുടെ പാരാവാരം.അദ്ദേഹത്തിന്റെ വീട്ടിലെ തകരപ്പെട്ടിയില്‍ നിന്നും കണ്ടെടുക്കപ്പെട്ട കുറിപ്പു പുസ്തകത്തിലെ ആദ്യ പുറം തന്നെ വല്ലാതെ വൃത്തിഹീനമായിരുന്നു. വാരിവലിച്ച് ക്ലേശിച്ചെഴുതപ്പെട്ട ആ പുറത്തില്‍ കാവ്യാത്മകമായ ചില ദൃശ്യങ്ങളും പുരാവൃത്തങ്ങളും ഒക്കെ കുറിച്ച് വെച്ചിരുന്നു. ഒരു തരത്തിലും പിടിതരാത്ത ഘടനയായിരുന്നു കുറിപ്പുകളുടേത്. അവയുടെ വൈപുല്യവും വൈവിധ്യവും ഒരു പക്ഷെ, ഇന്നുവരെ എഴുതപ്പെട്ട കുറിപ്പ് പുസ്തകങ്ങളില്‍ എവിടേയും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവില്ല.

അസ്തിത്വത്തെ കുറിച്ചുള്ള ദുരന്ത ദുശ്ശങ്കകള്‍ തീവ്രമാക്കിയ പ്രതിഭയുടെ നിത്യശോഭയാണ് ലിയോപാര്‍ഡിയെന്ന് അദ്ദേഹത്തിന്റെ പരിഭാഷകരായ ജെയിംസ് തോംസണ്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. പ്രകൃതി, മനുഷ്യന്‍, വികാസ ചരിത്രം, യുക്തിയുടെ സഞ്ചാരവും വിശ്വാസങ്ങളും, മിത്തും യാഥാര്‍ഥ്യവും എന്നുവേണ്ട ഭൂമിക്കു കീഴിലുള്ള സമസ്ത കാര്യങ്ങളെ കുറിച്ചും തത്വചിന്താപരമായി ആഴത്തില്‍ നടത്തുന്ന പര്യാലോചനകളാണ് പുസ്തകത്തിലെ കുറിപ്പുകള്‍ ഓരോന്നും. സാഹിത്യം, സംഗീതം, നരവംശശാസ്ത്രം, മനോവിജ്ഞാനീയം, ചരിത്രം, ഭാഷാശാസ്ത്രം, തത്വചിന്ത, രാഷ്ട്രതന്ത്രശാസ്ത്രം, സൗന്ദര്യശാസ്ത്രം, ഭൗതികവാദം, ആശയവാദം എന്നുവേണ്ട സിബാള്‍ഡോണ്‍ പരിശോധിക്കാത്തവിഷയങ്ങള്‍ കുറയും. പലതും ദീര്‍ഘദീര്‍ഘങ്ങളായി വികസിക്കുന്നു. ചിലപ്പോള്‍ ചില വാക്കുകളെ കുറിച്ചുള്ള ചിന്തകള്‍ പോലും അദ്ദേഹത്തെ സുദീര്‍ഘങ്ങളായ വിചാരങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നു. മറ്റു ചിലപ്പോള്‍ മനുഷ്യാവസ്ഥയെ കുറിച്ചുള്ള പര്യാലോചനകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നതായി കാണാം. എല്ലാത്തിനേയും സമ്യക്കായും സമഗ്രമായും പരിശോധിക്കാന്‍ ശ്രമിക്കുകയാണ് ലിയോപാര്‍ഡി. പക്ഷെ, എത്തിനില്‍ക്കുന്നതാകട്ടെ, ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും സജ്ജമല്ലാാത്ത ശൂന്യതാവാദത്തിലും.

എഡി 400ല്‍ ജീവിച്ചിരുന്ന ലാറ്റിന്‍ എഴുത്തുകാരനായ അവിയാനസിന്റെ അന്യാപദേശക കഥയും കുറച്ച് കാവ്യോദ്ധരണികളുമായിട്ടാണ് സിബാള്‍ഡോണ്‍ തുടങ്ങുന്നത്. 1817 ജൂലൈയിലോ ഓഗസ്റ്റിലോ ആണ് ആദ്യകുറിപ്പ് എഴുതിയത്. ആദ്യഭാഗത്ത് തന്നെ 1820ല്‍ നടത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ കാണാം. കുറെ എഴുതി കഴിയുമ്പോള്‍ താന്‍ മറ്റെന്തോ ആണ് എഴുതാന്‍ കരുതിയതെന്ന തിരിച്ചറിവില്‍ മുന്‍പെഴുതിയ ഭാഗത്ത് വീണ്ടും എത്തി തിരുത്തലുകള്‍ വരുത്തിപ്പോരുന്നതായി സിബാള്‍ഡോണിന്റെ പ്രധാന എഡിറ്ററായ ഫ്രാങ്കോ ഡി ഇന്റിനോ ആമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1817ല്‍ തുടങ്ങിയ രചന 1832 ഡിസംബര്‍ നാലിന് പൂര്‍ത്തിയായി. 16 വര്‍ഷങ്ങള്‍. പക്ഷെ ശ്രദ്ധേയമായ സംഗതി 3197 പേജുകള്‍ വെറും രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹം പൂര്‍ത്തിയാക്കിയെന്നതാണ്. 1821 മുതല്‍ 1823 വരെ. 1823ല്‍ തന്റെ 25ാം വയസ്സില്‍ പുസ്‌തകത്തിന്റെ 4006 പുറങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. കടുകട്ടിയായ തത്വചിന്തയും ഭാഷാശാസ്ത്രവും അടക്കം ആ വയസ്സില്‍ കൈകാര്യം ചെയ്ത വിഷയങ്ങളുടെ ആഴം അദ്ദേഹത്തിന്റെ പാണ്ഡിത്യം എത്രമാത്രമായിരുന്നുവെന്ന് വിളിച്ചറിയിക്കുന്നു. മെല്ലെയായിരുന്നു എഴുത്ത് തുടങ്ങിയത്. പിന്നെ കത്തി കയറി. അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ വീണ്ടും വേഗം കുറഞ്ഞു.

ലിയോപാര്‍ഡിയുടെ ചുരുക്കം ചില ചങ്ങാതിമാര്‍ക്കല്ലാതെ ആര്‍ക്കും സിബാള്‍ഡോണിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. അദ്ദേഹം മരിച്ചതിനുശേഷം അര നൂറ്റാണ്ടോളം ആരാലും ശ്രദ്ധിക്കപ്പെടാതെ പഴയ തകരപ്പെട്ടിയില്‍ ആ കൈയെഴുത്ത് പ്രതികള്‍ കിടന്നു.

ലിയോപാര്‍ഡിയുടെ ചുരുക്കം ചില ചങ്ങാതിമാര്‍ക്കല്ലാതെ ആര്‍ക്കും സിബാള്‍ഡോണിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. അദ്ദേഹം മരിച്ചതിനുശേഷം അര നൂറ്റാണ്ടോളം ആരാലും ശ്രദ്ധിക്കപ്പെടാതെ പഴയ തകരപ്പെട്ടിയില്‍ ആ കൈയെഴുത്ത് പ്രതികള്‍ കിടന്നു. കണ്ടവര്‍ക്കു തന്നെ എന്താണ് അതിനുള്ളിലുള്ളതെന്ന് മനസ്സിലായതുമില്ല. പ്രസാധകനും എഡിറ്ററുമായ ഗിയൂസ് കാര്‍ഡിയൂസി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സിബാള്‍ഡോണിന്റെ ഇറ്റാലിയന്‍ പതിപ്പ് പുറത്തിറക്കി. കുറച്ച് നിരുപകരും ചിന്തകരുമൊക്കെ അതെക്കുറിച്ച് എഴുതുകയും ചര്‍ച്ചചെയ്യുകയും ചെയ്തതിനപ്പുറം അക്കാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മരിക്കുന്നവേളയില്‍ ജിയാപാര്‍ഡി വെറും നിരാശാബാധിതനായ കാല്പനിക കവിമാത്രമായിരുന്നു-വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോയ ഒരാള്‍.

നല്ല വായനക്കാരന് ഉത്തമമായ അഭ്യാസമാണ് ഈ പുസ്തകത്തിന്റെ വായന. റെക്കാന്റി, ഫ്ളോറന്‍സ്, റോം, നേപ്പിള്‍സ് എന്നിവിടങ്ങളില്‍ താമസിച്ചാണ് ലിയോപാര്‍ഡി സിബാള്‍ഡോണിന്റെ രചന പൂര്‍ത്തിയാക്കിയത്. റെക്കാന്റിയിലെ തന്റെ വീട്ടിലെ ലൈബ്രറിയിലിരുന്നായിരുന്നു രചനയുടെ ഏറിയ പങ്കും നടത്തിയിരുന്നത്. ഭാവിയിലേക്ക് നോക്കി നടത്തിയ ആത്മഭാഷണങ്ങളുടെ രൂപത്തിലായിരുന്നു രചന. ഫ്ളോറന്‍സില്‍ വച്ച് 1832 ഡിസംബര്‍ നാലിനു കുറിച്ച അവസാന കുറിപ്പിലെ അവസാന വാചകം വരെ ശ്രദ്ധേയം: ''Man is stupefied to see in his own case that the general rule is shown to be true.''

ജീവിതവും പ്രതിജീവിതവും

കൗണ്ട് ജിയാകോമോ ടാല്‍ഡെഗാര്‍ഡോ ഫ്രാന്‍സെസ്‌കോ ഡി സെയില്‍സ് സവേരിയോ പിയേട്രോ ലിയോപാര്‍ഡി എന്നു മുഴുപ്പേരുള്ള ജിയോകോമോ ലിയോപാര്‍ഡി പ്രഭുകുടുംബത്തില്‍, അഭിജാതമായ ചുറ്റുപാടുകളിലാണ് ജനിച്ചുവളര്‍ന്നത്. കൗണ്ട് മൊണാള്‍ഡോ ലിയോപാര്‍ഡിയുടേയും മാര്‍ച്ചിയോണസ് അഡെലൈഡ് ആന്റീസിയുടേയും മൂന്നു മക്കളില്‍ മൂത്തയാള്‍. കാര്‍ലോ എന്ന സഹോദരനും പയോളിന എന്ന സഹോദരിയും. പ്രഭുകുടുംബത്തിലെ തരക്കേടുകള്‍ അവിടേയും സമൃദ്ധമായിരുന്നു. കൗണ്ട് മൊണാള്‍ഡോ സങ്കീര്‍ണ്ണമായ വ്യക്തിത്വത്തിനുടമയായിരുന്നു. സമത്വാദര്‍ശങ്ങള്‍ ആവേശിച്ചിരുന്ന ഒരു പൊളിറ്റിക്കല്‍ റിയാക്ഷണറി. ഒപ്പം നല്ല ചൂതാട്ടക്കാരനും. പതിനായിരത്തില്‍ പരം പുസ്തകങ്ങള്‍ ആ വീട്ടിലുണ്ടായിരുന്നു. വായനയും ചൂതാട്ടവുമായിരുന്നു ജീവിതചര്യ. ചൂതാട്ടംവഴി നഷ്ടപ്പെടുത്തുന്ന പണത്തെ ചൊല്ലി ഭാര്യ അദ്ദേഹത്തോട് നിരന്തരം കലഹിച്ചു. കുടുത്ത മതവിശ്വാസിയും കണിശക്കാരിയായിരുന്നു ജിയാകോമോയുടെ മാതാവ്.

കുട്ടികളെ മൂവരേയും പഠിപ്പിക്കാന്‍ പാതിരിമാരായ അധ്യാപകര്‍ വീട്ടിലെത്തും. പരീക്ഷ നടത്താന്‍ പരീക്ഷകനും. അതായിരുന്നു സാഹചര്യം. മക്കളെ ഉത്തമ കത്തോലിക്ക വിശ്വാസികളായി വളര്‍ത്താനായി എല്ലാ സാഹചര്യങ്ങളും രക്ഷിതാക്കള്‍ ഒരുക്കി, വിശേഷിച്ചും അമ്മ. ജിയാകോമോയെ പാതിരിയാക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. 12ാമത്തെ വയസ്സില്‍ ജിയാകോമോയുടെ മുടി പാതിരിമാരുടെ മട്ടില്‍ വെട്ടിച്ചു. പാതിരിമാരുടെ ളോഹ കണക്കെയുള്ള വസ്ത്രം തുന്നിച്ചുകൊടുത്തു. മകനെ ദൈവശാസ്ത്രത്തില്‍ പ്രാവീണ്യനാക്കണമെന്നതായിരുന്നു പിതാവിന്റെയും ഇംഗിതം. പഠിക്കാനുള്ള അന്തരീക്ഷം ആ പ്രഭുകുടുംബത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ജീവത്തല്ലാത്ത എന്തൊക്കെയോ അവിടെ നിറഞ്ഞുനിന്നു. വ്യക്തിജീവിതങ്ങളെ വ്യസനങ്ങള്‍ സമ്പന്നമാക്കി. സ്നേഹത്തിന്റെ കരുതലിനായി കുട്ടികള്‍ക്ക് ഇച്ഛിക്കാനേ ആവുമായിരുന്നുള്ളു.

ജിയോകോമോ ലിയോപാര്‍ഡി | Photo: wiki common

തന്റെ ഉള്ളിലെ ശൂന്യസ്ഥലങ്ങളുടെ അര്‍ത്ഥം തേടി ജിയാകോമോ പിതാവിന്റെ ലൈബ്രറിയില്‍ വാസമുറപ്പിച്ചു. അദ്ദേഹത്തിന്റെ ലോകം അതായി ചുരുങ്ങി. പുസ്തകങ്ങള്‍ക്കിടയിലിരുന്ന് കൗമാരകാലത്തിലേ ലിയോപാര്‍ഡിയ്ക്ക് കൂനുപിടിച്ചു. ഏഴു വര്‍ഷങ്ങള്‍ നീണ്ട ഭ്രാന്തവും നിരന്തരവുമായ പഠനം അദ്ദേഹത്തിന്റെ കാഴ്ചശക്തിയെ ദുര്‍ബലമാക്കി. ആസ്തമ, ഉദരരോഗങ്ങള്‍…വ്യാധികള്‍ ഒന്നൊന്നായി വന്നുകൊണ്ടേയിരുന്നു. പുസ്തകങ്ങള്‍ക്കിടയില്‍ അടയിരിക്കുന്ന കുട്ടിയെ വീട്ടുകാര്‍ വല്ലാതെ ശകാരിച്ചു. ജ്ഞാനഭാരങ്ങളുടെ പിന്നാലെ പായുന്നതിലെ അര്‍ത്ഥശൂന്യതയെക്കുറിച്ചും ജിയാകോമോ തിരിച്ചറിയുന്നുണ്ട്. ജീവിതം കൈവിട്ട് പാറിപ്പോകുന്നതുപോലെ. ആ തിരിച്ചറിവ് അദ്ദേഹം തന്നെ അടയാളപ്പെടുത്തുന്നുണ്ട് സിബാള്‍ഡോണില്‍:

''To a young man who, in love with his studies, said that you learn a hundred pages a day about how to live, and the practical knowledge of men, so-and-so answered 'but the book' (but this book) 'has 15 or 20 million pages.'

ബാഹ്യലോകം അന്യവല്‍ക്കരണം നല്‍കിയ അന്തഃസംഘര്‍ഷം വളരെ ചെറുപ്പത്തിലേ ജിയാകോമോയെ ബാധിച്ചു. അതേസമയം, വിവാഹം കഴിച്ചു കുടുംബ ജീവിതം പുലര്‍ത്താന്‍ ജിയാകോമോയ്ക്ക ആവില്ലെന്ന തിരിച്ചറിവില്‍ ഇളയ സഹോദരനെ സ്വത്തുക്കളുടെ അവകാശിയായി മാതാപിതാക്കള്‍ പ്രഖ്യാപിച്ചു. തന്റെ ജന്മാവകാശം കൂടി നഷ്ടമായതോടെ അദ്ദേഹം കൂടുതല്‍ ദുഖിതനായി. ജിയാകോമോയ്ക്ക് ആവശ്യമായ പരിഗണനയോ പണമോ നല്‍കാനൊന്നും അവര്‍ തയ്യാറായിരുന്നില്ല.

യൗവ്വനം കൈമോശം വരികയാണെന്ന തിരിച്ചറിവും പേറി വീണ്ടും പുസ്തകങ്ങളുടെ ലോകത്ത് കൂടുതല്‍ അഭിരമിക്കാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. ജീവിതം ക്ഷണികമാണെന്നും വായിച്ചും പഠിച്ചും ഇരിക്കെ മിഴി ചിമ്മുന്ന വേഗത്തില്‍ അത് കൈവിട്ടുപോകുമെന്നുമുള്ള അറിവ് ജിയാകോമോയെ നിരന്തരം അസ്വസ്ഥനാക്കി. ഇത്തരം അസ്വസ്ഥതകള്‍ക്കിടയില്‍ ജീവിതത്തെ പ്രതിജീവിതം കൊണ്ട് - opposing life with counterlife- നേരിടാന്‍ ശ്രമിച്ച് അദ്ദേഹം പരാജിതനാകുകയായിരുന്നു. ആത്മനിര്‍മ്മിതമായ പ്രപഞ്ചവും അതിലെ ശൂന്യതയുമായി കലഹിച്ച് നിരന്തരം അദ്ദേഹം തോറ്റുകൊണ്ടേയിരുന്നു. ഈ പരാജയത്തെ തന്റെ പാണ്ഡിത്യം കൊണ്ടു വിശദീകരിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തെ കൂടുതല്‍ വേദനാനിര്‍ഭരമാക്കി. അധികരിച്ചുള്ള ചിന്ത തന്നെ കുരിശിലേറ്റുകയാണ് സത്യത്തില്‍ ചെയ്യുന്നതെന്ന് തിരിച്ചറിയുമ്പോഴും( 'Thought, can crucify … a person.' ) അദ്ദേഹം നിസ്സഹായനായിരുന്നു.

പതിനാലാം വയസ്സില്‍ ലിയോപാര്‍ഡി ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നു. ഹീബ്രുവും ഗ്രീക്കും അടക്കമുള്ള ഭാഷകള്‍ പിന്നീട് സ്വന്തം നിലയില്‍ പഠിച്ചു. പഠിച്ച ഭാഷകളിലേക്ക് തര്‍ജ്ജമകള്‍ നടത്തി. പതിനേഴാം വയസ്സില്‍ ആദ്യ പ്രധാന രചന പുറത്തുവന്നു- പൗരാണികരുടെ പ്രസിദ്ധമായ പിഴവുകളെ കുറിച്ച് ഒരു ഉപന്യാസം (Essay on the Popular Errors of the Ancients ). ലോകം മുഴുവന്‍ പിഴവുകളെ കൊണ്ടുനിറഞ്ഞിരിക്കുകയാണെന്നും മനുഷ്യരുടെ പ്രഥമ ദൗത്യം സത്യത്തെ കണ്ടെത്തുകയാണെന്നും അതില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. അധിക ചിന്തയില്‍ അഭിരമിക്കാനും ജ്ഞാനാര്‍ജ്ജനത്തിനും ഉള്ള ത്വര തന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നതായി പലപ്പോഴും തോന്നിത്തുടങ്ങിയതോടെ ജിയാകോമോ കവിതയിലേക്കും രാഷ്ട്രവിജ്ഞാനീയത്തിലേയ്ക്കും തിരിഞ്ഞു.

പക്ഷെ അതിനിടയില്‍ പണ്ഡിതനായ പിതാവും ജിയാകോമോയും തമ്മില്‍ ബുദ്ധിപരമായ മാത്സര്യം ഉടലെടുത്തു. ഇരുവരും അന്യോന്യം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. കര്‍ത്തവ്യങ്ങളെ കുറിച്ച് മാത്രം സദാ ഓര്‍മ്മിപ്പിയ്ക്കുന്നയാളായിരുന്ന അമ്മ. മക്കള്‍ പാപത്തിന്റെ വഴിയിലകപ്പെടുമെന്നും അതുവഴി അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം നഷ്ടമാകുമെന്നും നിരന്തരം ശങ്കിച്ചുകൊണ്ടിരുന്നു അവര്‍. ഒരുവ്യക്തി യുക്തി പ്രയോഗിക്കാന്‍ പ്രാപ്തനാകുന്നതുവരെയേ ക്രൈസ്തവ വിശ്വാസം നല്‍കുന്ന സമാശ്വാസം നിലനില്‍ക്കുകയുള്ളുവെന്നു ജിയാകോമോ വിശ്വസിച്ചു. യുക്തിപരമായി പരിശോധിച്ചാല്‍ ക്രൈസ്തവത കേവലം മാര്‍ഗ്ഗഭ്രംശമോ ദുരന്തമോ മാത്രമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

നേരിട്ട്, അനുഭവങ്ങളുമായി ബന്ധപ്പെടുത്തി സത്യത്തെ മനസ്സിലാക്കി കഴിഞ്ഞകാലമത്രയും മനുഷ്യര്‍ സന്തുഷ്ടരായിരുന്നുവെന്നാണ് ജിയാകോമോ കരുതുന്നത്. എന്നാല്‍ കേവലമായ അതിഭൗതിക ചിന്തകളില്‍ അഭിരമിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്.

" We were fine just as we were … But we have sought out the good, as a thing divided from our own essence, distinct from our own natural and original intellective capacity, as a thing consisting of abstractions, and of universal forms.''

സ്നേഹത്തിന്റേയും കരുതലിന്റേയും അഭാവം ജിയാകോമോയെ നന്നെ ചെറുപ്പം മുതല്‍ തന്നെ അലട്ടിയിരുന്നു. സ്നേഹത്തിനായുള്ള ഈ വിശപ്പായിരുന്നു കവിതയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുപോയത്. ദീര്‍ഘമായ കവനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കൗമാരത്തിന്റെ അവസാന ഘട്ടത്തില്‍ തന്നെ ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളില്‍ രചനകള്‍ വെളിച്ചം കണ്ടു. വലുതാകും തോറും ജയിലറപോലെയുള്ള വീട്ടിലെ ജീവിതം ലിയോപാര്‍ഡിയെ വല്ലാത്ത ഉള്‍നോക്കിയും ഏകാകിയുമാക്കി. കവിതയിലേക്കും രോഗാതുരമായ തരത്തിലുള്ള കാല്പനികതയിലേക്കുമൊക്കെ അദ്ദേഹം സഞ്ചരിച്ചു. ഇന്ദ്രീയ സുഖങ്ങളില്‍ വല്ലാതെ അഭിരമിക്കുന്ന മനസ്സായിരുന്നു ജിയാപാര്‍ഡിയുടേത്. 25 ഓളം പ്രണയിനികള്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതം തന്നെ മറ്റൊരു ലേഖനത്തിന് വിഷയമാണ്.

ദ ഫസ്റ്റ് കാന്റി, ദ കന്‍സോണി, ഓപ്പറേറ്റോ മൊറാലി തുടങ്ങിയ നിരവധി കവനങ്ങള്‍, ലിയോപാര്‍ഡിയന്‍ പോയറ്റിക്സ് അടക്കമുള്ള ഗദ്യരചനകള്‍ ഒക്കെ നടത്തി. മറ്റു പല പ്രഖ്യാത കാല്പനികരേയും പോലെ ക്ഷണഭംഗുരമായിരുന്നു ജീവിതം. നാട്ടിലെങ്ങും കോളറ പടര്‍ന്നിരുന്ന കാലത്ത്, 39 വയസ്സു തികയാന്‍ രണ്ടാഴ്ചകള്‍ ബാക്കി നില്‍ക്കെ 1837 ജൂണ്‍ 14ന് അദ്ദേഹം മരണമടഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ഭാഷയില്‍ പുറത്തിറങ്ങിയ സിബാള്‍ഡോണിന് മറ്റൊരു ഭാഷാന്തരം ഉണ്ടായത് 2004ല്‍ മാത്രമാണ്. ഒരു നൂറ്റാണ്ടിനുശേഷം. ഫ്രഞ്ച് ഭാഷാന്തരം. ഇറ്റാലിയന്‍ ഭാഷാ പരിസരം സൃഷ്ടിച്ച സങ്കീര്‍ണ്ണതകളും ഈ പുസ്തകത്തിന്റെ തന്നെ സവിശേഷതകളും കൂടുതല്‍ തര്‍ജ്ജമകള്‍ വൈകിപ്പിക്കാന്‍ നിമിത്തമായെന്ന് പറയാം. ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങാന്‍ 2013വരെ കാത്തിരിക്കേണ്ടിയും വന്നു.

വളരെ ശ്രമകരമായ ദൗത്യമാണ് തര്‍ജ്ജമാകാരന്മാര്‍ക്കും എഡിറ്റര്‍മാര്‍ക്കുണ്ടായിരുന്നതെന്ന് പുസ്തകം വായിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇംഗ്ലീഷ് എഡീഷന്റെ എഡിറ്റോറിയല്‍ ഇന്‍ഡെക്സും ടിപ്പിണികളും ചേര്‍ന്നാല്‍ തന്നെ 500ല്‍ പരം പുറങ്ങള്‍ വരും. ഒരു രചന എത്രമാത്രം സര്‍ഗാത്മകമായി എഡിറ്റ് ചെയ്യാമെന്നതിന്റെ മികച്ച ഉദാഹരണം കൂടി ആകുന്നു സിബാള്‍ഡോണ്‍. ഭാവി കാലത്തിലേക്ക് ഒരുക്കപ്പെട്ട രചന. ബോദ്ലയെറിന്റെ രചനകളെക്കുറിച്ച് വാള്‍ട്ടര്‍ ബന്യാമിന്‍ ഇങ്ങനെ പറഞ്ഞത് സിബാള്‍ഡോണിന്റെ കാര്യത്തിലും സത്യമാകുന്നു. അതുകൊണ്ടാണ് നൂറ്റാണ്ടുകള്‍ക്കുശേഷവും ഈ കൃതി നമ്മോട് ജീവത്തായി സംവദിക്കുന്നത്.

അവലംബം:

  1. ZIBALDONE, The notebooks of Leopardi, Edited by Michael Caser and Franco D'Intino, Penguine Boosk
  2. The great disillusionist- Tim Parks, https://aeon.co/essays/why-read-the-nihilistic-work-of-giacomo-leopardi-today
  3. The Book of Twenty Million Pages: Leopardi and Zibaldone-Brian Patrich Eha, www.theamericanreader.com

Leave a comment